പെഗസസ് സംഭവം മുതലാളിത്ത ഗൂഢപദ്ധതി വെളിവാക്കുന്നു

download-2.jpg
Share

17 അന്തർദ്ദേശീയ മാദ്ധ്യമ സംഘടനകളുടെ ഒരു കൂട്ടുകെട്ട്, 2021 ജൂലൈ 19ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി ചോർന്ന്കിട്ടിയ കുറെ ഫോൺ നമ്പറുകളെക്കുറിച്ച് നടത്തിയ ഒരു അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെ യാണ് പെഗസസ് ഇടപാട് വെളിച്ചത്തായത്. പാരീസ് കേന്ദ്രമാക്കി ഫോർബിഡൻ സ്റ്റോറീസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയും ആംനസ്റ്റി ഇന്റർനാഷണലും ചേർന്ന്, അവർക്ക് ലഭിച്ച വിവരങ്ങൾ മേൽപ്പറഞ്ഞ മാദ്ധ്യമ കൂട്ടുകെട്ടിന് കൈമാറുകയായിരുന്നു.

ചാരപ്പണി നടത്തുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയർ ആണ് പെഗസസ്. എൻഎസ്ഒ എന്ന പേരിലുള്ള ഒരു ഇസ്രായേലി കമ്പനിയാണ് ഇത് നിർമ്മിച്ചത്. അവരുമായി കരാറിലേർപ്പെടുന്ന രാജ്യങ്ങളിലെ ഗവണ്മെന്റുകൾക്കുമാത്രമാണ് ഇത് കൈമാറുന്നത്. വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണുകളുംമറ്റും ഹാക്ക് ചെയ്ത് അവരെ നിരീക്ഷിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തലായിരുന്നു ഇത്. നാൽപത് രാജ്യങ്ങളിലായി 60 ഇടപാടുകാരുണ്ടെന്ന് ഇവർ സമ്മതിക്കുന്നു. ഈ ഇടപാട് നടത്താത്ത ഗവണ്മെന്റുകൾ സംശുദ്ധരാണെന്നൊന്നും ഇതിനർത്ഥമില്ല. സാങ്കേതികമായി വികാസം നേടിയ പല രാജ്യങ്ങളും രഹസ്യവിവരങ്ങൾ ചോർത്തുന്നതിനായി ഇത്തരം സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നുണ്ട്. അമേരിക്കയ്ക്ക് ഇതിനായി ഒരു പ്രത്യേക സംവിധാനം തന്നെയുണ്ട്. അവിടുത്തെ ദേശീയ സുരക്ഷാ ഏജൻസി നടത്തുന്ന ആഭ്യന്തര നിരീക്ഷണം ഭരണഘടനാവിരുദ്ധമാണെന്ന് ഒരു കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.


മുതലാളിത്ത സാമ്രാജ്യത്വ രാജ്യങ്ങൾ വളരെക്കാലമായി ഇത്തരം ചാരപ്പണികൾ നടത്തുന്നു


2011ൽ എൻഎസ്ഒ പെഗസസ് ആരംഭിച്ചതോടെ പല ഗവണ്മെന്റുകളും രഹസ്യ നിരീക്ഷണത്തിനായി അവരുമായി ബന്ധം സ്ഥാപിച്ചു. യൂറോപ്യൻ ശക്തികൾ ഭീകരവാദികളെ നേരിടുന്നതിനായി പെഗസസിനെ ഉപയോഗപ്പെടുത്തിയിരുന്നു. മെക്‌സിക്കോ, ഗുണ്ടാസംഘങ്ങൾക്കും കള്ളക്കടത്തുകാർക്കും എതിരെ മാത്രമല്ല മാദ്ധ്യമ പ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും എതിരെയും ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചിരുന്നു. യുഎഇ ഒരു പൗരാവകാശ പ്രവർത്തകന്റെ ഫോൺ ഹാക്ക് ചെയ്യുന്നതിന് പെഗസസ് ഉപയോഗപ്പെടുത്തി. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവർക്കെതിരെ സൗദി അറേബ്യ ഇത് ഉപയോഗിച്ചു. 2018 ൽ സൗദി അറേബ്യ അരുംകൊല ചെയ്ത ഒരു വിമത കോളമിസ്റ്റിന്റെമേൽ രഹസ്യ നിരീക്ഷണം നടത്തുന്നതിനും ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചിട്ടുണ്ട്. അതായത്, ഭീകരരെ നേരിടുന്നതിനും സുരക്ഷാകാര്യങ്ങൾക്കും മാത്രമല്ല ഇത് ഉപയോഗിച്ചിരുന്നത് എന്നർത്ഥം. നല്ലൊരു പങ്കും രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെയാണ് ഇത് പ്രയോഗിക്കപ്പെട്ടത്.
ഹാക്കിംഗ് സാമഗ്രികൾക്കുവേണ്ടിയുള്ള അമേരിക്കൻ ഗവണ്മെന്റിന്റെ അഭിനിവേശം തിരിച്ചറിഞ്ഞതോടെ സമാന സ്വഭാവമുള്ള കമ്പനികൾ അവിടെയും പ്രവർത്തനം തുടങ്ങി. അമേരിക്കയിലെ പ്രതിരോധ വ്യവസായഭീമനായ റേത്തിയോണുമായി, സൈബർ ആക്രമണ സാമഗ്രി നിർമ്മിക്കുന്ന ബോൾഡെൻഡ് എന്ന കമ്പനി 2021 ജനുവരിയിൽ കരാറുണ്ടാക്കി. സെൽഫോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ ആക്രമിക്കാൻ ഉതകുന്ന സോഫ്റ്റ്‌വെയർ ഈ കമ്പനി വിവിധ അമേരിക്കൻ ഡിപ്പാർട്ടുമെന്റുകൾക്കായി നിർമ്മിച്ചു നൽകിയിരുന്നതായി ദ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കൻ ചാരസംഘടനയായ എഫ്ബിഐ പെഗസസ് വാങ്ങിയതിന്റെയും പരീക്ഷിച്ചു നോക്കിയതിന്റെയും വിശദാംശങ്ങൾവരെ പുറത്തുവന്നിട്ടുണ്ട്. അമേരിക്കൻ ഫോൺ നമ്പരുകൾ പെഗസസ് ഹാക്ക് ചെയ്താൽ അത് തിരിച്ചറിയാനാകാത്ത വിധമാണ് സംവിധാനം ചെയ്തിട്ടുള്ളത് എന്നതിനാൽ എഫ്ബിഐ ലെ ഉദ്യോഗസ്ഥർ വിദേശ സിം കാർഡുകളുപയോഗിക്കുന്ന ഫോണുകൾ പരിശീലനത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്നു. പെഗസസിന്റെ ഈ വകഭേദം ‘സീറോ ക്ലിക്ക്’ എന്നാണറിയപ്പെടുന്നത്. കുഴപ്പംപിടിച്ച ഒരു ലിങ്കിലോ അറ്റാച്ച്‌മെന്റിലോ ക്ലിക്ക് ചെയ്യാതെതന്നെ ഹാക്ക് ചെയ്യപ്പെടും എന്നതാണ് ഇതിന്റെ സവിശേഷത. സർവ്വറുകളുടെ ഒരു ശൃംഖലയുമായി ബന്ധം സ്ഥാപിച്ച് പെഗസസ് ഫോൺ ചോർത്തിക്കൊണ്ടിരിക്കും. നിമിഷങ്ങൾക്കുള്ളിൽ ഫോണിലെ വിവരങ്ങളെല്ലാം പെഗസസിന്റെ കമ്പ്യൂട്ടറുകളിലെത്തും. ഫോണിന്റെ ലൊക്കേഷൻ മനസിലാക്കാനും അതിന്റെ ക്യാമറയും മൈക്രോഫോണും നിയന്ത്രിക്കാനും ഈ സോഫ്റ്റ്‌വെയറിന് കഴിയും. എഫ്ബിഐക്ക് ലോകത്തെവിടെയും ചാരനിരീക്ഷണം നടത്തുന്നതിന് ഇവ്വിധം ഫോണുകളെ കരുവാക്കാൻ കഴിയും. മർദ്ദക ഭരണകൂടങ്ങളുടെ ഒത്താശയോടെ ഈ ചാരപ്രവൃത്തി പുഷ്ടിപ്പെടുന്നു. ഇസ്രായേൽ ഇത്തരം ചാര നിരീക്ഷണ സംവിധാനങ്ങളുടെ ഒരു കേന്ദ്രമായി മാറിയിട്ടുണ്ട്. ഫോൺ ഹാക്ക് ചെയ്യുക, ആളെ തിരിച്ചറിയുക തുടങ്ങി പല കാര്യങ്ങളിലും ഈ കമ്പനികൾ നിങ്ങളെ സഹായിക്കും. അതുകൊണ്ടുതന്നെ എൻഎസ്ഒയുടെ കച്ചവടം ഓരോ വർഷവും ഇരട്ടിച്ചുകൊണ്ടിരിക്കുന്നു. ഇത് നിക്ഷേപകരെ വല്ലാതെ ആകർഷിക്കുന്നുമുണ്ട്. 2014ൽ അമേരിക്ക കേന്ദ്രമാക്കിയുള്ള ഫ്രാൻസിസ്‌കോ പാർട്‌ണേഴ്‌സ് എന്ന കമ്പനി 130 മില്യൻ ഡോളറിന് എൻഎസ്ഒയുടെ 70 ശതമാനം ഓഹരികൾ സ്വന്തമാക്കി. സർക്കിൾസ് എന്ന് പേരുള്ള സമാനമായ മറ്റൊരു കമ്പനിയെക്കൂടി അവർ അതിനോട് കൂട്ടിച്ചേർക്കുകയും ചെയ്തു. പെഗസസ് എന്ന ചാര സോഫ്റ്റ്‌വെയറിലൂടെ ഇസ്രായേൽ എങ്ങനെയാണ് പല രാജ്യങ്ങളുമായും നയതന്ത്ര ബന്ധം സ്ഥാപിച്ചതെന്ന് ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണവിഭാഗം വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്. അമേരിക്കയും ഇത് വാങ്ങിയിരുന്നെങ്കിലും ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.


അമേരിക്കൻ നിരോധനം എൻഎസ്ഒയുടെ ഭാവിക്കുമേൽ സംശയങ്ങളുയർത്തിയിട്ടുണ്ട്. അത് അമേരിക്കൻ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നു എന്നതുകൊണ്ടുമാത്രമല്ല, അമേരിക്കയുടെ കരിമ്പട്ടികയിൽ വരുന്നതുവഴി ഇടപാടുകളെ പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ടുകൂടിയാണ്. ”സ്രാവുകൾ ചോര മണത്തുതുടങ്ങി” എന്നാണ് ഒരു ഇസ്രായേലി വ്യവസായപ്രമുഖൻ അഭിപ്രായപ്പെട്ടത്. എൻഎസ്ഒയെ വിഴുങ്ങാൻ പല അമേരിക്കൻ കമ്പനികളും താൽപര്യം കാണിക്കുന്നുണ്ട്. പുതിയ ഉടമസ്ഥർ അമേരിക്കൻ നിബന്ധനകൾ പാലിക്കുകയും സിഐഎ, എഫ്ബിഐ തുടങ്ങിയ ഏജൻസികളുമായുള്ള ഇടപാടുകൾ പുനഃസ്ഥാപിക്കുകയും ചെയ്‌തേക്കാം. എന്തായാലും കൂടുതൽ ദുർനിമിത്തങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ എന്നുവേണം കരുതാൻ.


ചാരസോഫ്റ്റ്‌വെയർ സ്വന്തമാക്കാൻ ബിജെപി ഗവണ്മെന്റും


ബിജെപി ഗവണ്മെന്റ് ഈ സോഫ്റ്റ്‌വെയർ വാങ്ങി എന്നത് ഈ രാജ്യത്തെ ഞെട്ടിച്ചുകളഞ്ഞു. മാദ്ധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ, വ്യവസായികൾ, സാമൂഹ്യപ്രവർത്തകർ, മന്ത്രിമാർ, സുപ്രീംകോടതി ജഡ്ജിമാർ, എന്തിന് സിബിഐ മേധാവി ഉൾപ്പെടെ മുന്നൂറിലേറെപ്പേരുടെ സ്വകാര്യതയിലേയ്ക്കാണ് ഇതുവഴി സർക്കാർ കടന്നുകയറ്റം നടത്തിയത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി 17 മാദ്ധ്യമ സംഘടനകളും ആംനസ്റ്റി ഇന്റർനാഷണലും ചേർന്നാണ് ഈ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് എന്നതുകൊണ്ടുതന്നെ ഇന്ത്യാഗവണ്മെന്റിന് ഈ സോഫ്റ്റ്‌വെയർ വാങ്ങി എന്നകാര്യം തള്ളിക്കളയാൻ കഴിഞ്ഞില്ല. സ്വകാര്യതയെയും സുരക്ഷയെയും സംബന്ധിച്ച മാനദണ്ഡങ്ങളൊക്കെ കാറ്റിൽപറത്തി വ്യക്തികളിൽനിന്ന് അനധികൃതമായി വിവരങ്ങൾ ചോർത്തുന്നതിനാണ് ഗവണ്മെന്റ് ഈ നീചമായ മാർഗ്ഗം അവലംബിച്ചത്. ”വസ്തുതകളുടെ പിൻബലമില്ലാത്തത്, മുൻവിധിയോടെയുള്ള നിഗമനങ്ങൾ” എന്നൊക്കെ പറഞ്ഞ് ഇത് നിഷേധിക്കാൻ ബിജെപി ഗവണ്മെന്റ് അഴകൊഴമ്പനും പരിഹാസ്യവുമായ ചില വാദങ്ങളൊക്കെ തുടക്കത്തിൽ നിരത്തിയിരുന്നു. തുടർന്ന് നടത്തിയ ഔദ്യോഗിക പ്രസ്താവനയിൽ, ”ചില പ്രത്യേക വ്യക്തികളുടെ മേൽ നിരീക്ഷണം നടത്തിയതായുള്ള ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതും സത്യത്തിന് നിരക്കാത്തതുമാണ്” എന്നാണ് അഭിപ്രായപ്പെട്ടത്. ദേശീയ സുരക്ഷ, പൊതുസുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ തുടങ്ങിയ കാര്യങ്ങളിലൊക്കെ, കേന്ദ്ര-സംസ്ഥാന ഏജൻസികൾക്ക് ഇലക്‌ട്രോണിക് ആശയവിനിമയത്തിൽ നിയമപരമായിത്തന്നെ ഇടപെടാനും പരിശോധിക്കുവാനുമുള്ള സുസ്ഥാപിതമായ ക്രമീകരണങ്ങൾ ഇന്ത്യയിൽ നിലവിലുണ്ട്. 1885ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ടിന്റെ വകുപ്പ് 5(2) അടിയന്തര സാഹചര്യങ്ങളിൽ ടെലിഗ്രാഫ് സംവിധാനത്തിന്റെ നിയന്ത്രണമേറ്റെടുക്കാനും പരിശോധന നടത്താനും ഗവണ്മെന്റിന് അധികാരമുണ്ടെന്ന് വ്യക്തമാക്കുന്നു.

2000ലെ വിവരസാങ്കേതികവിദ്യ(ഭേദഗതി) നിയമത്തിലെ 60-ാം വകുപ്പനുസരിച്ച് ഏത് കമ്പ്യൂട്ടറിലെയും ഏത് വിവരവും പരിശോധിക്കാൻ ഗവണ്മെന്റിന് അധികാരമുണ്ട്. എന്നാൽ വ്യക്തികളുടെമേൽ ചാരവൃത്തി നടത്താൻ ഈ രണ്ട് നിയമങ്ങളും അനിയന്ത്രിതമായ അധികാരം നൽകുന്നില്ല. വിവരസംരക്ഷണ നിയമത്തെക്കുറിച്ച് പരിശോധിക്കാൻ നിയുക്തമായ ശ്രീകൃഷ്ണ കമ്മിറ്റിപോലും സ്വകാര്യതയ്ക്കുള്ള അവകാശം എന്ന മൗലികാവകാശം വെട്ടിച്ചുരുക്കുന്നതിൽ ഗവണ്മെന്റിനുള്ള ഉൽസാഹത്തിൽ ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. ചാര സോഫ്റ്റ്‌വെയറിന്റെ സാന്നിദ്ധ്യമുള്ള സ്മാർട്ട് ഫോണുകളുടെ സാങ്കേതിക പരിശോധന ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രശസ്തമായ സിറ്റിസൺസ് ലാബിൽ നടത്തുകയും ചെയ്തു. ”ലിസ്റ്റിൽ ഒരു ഫോൺ നമ്പർ ഉണ്ട് എന്നതുകൊണ്ടുമാത്രം ആ ഫോണിൽ ചാരവൃത്തി നടന്നു എന്ന് കരുതാനാവില്ല” എന്ന വാദവുമായി ഗവണ്മെന്റ് തുടർന്നും സ്വയം ന്യായീകരിക്കുകയാണ്. ”യുക്തിപരമായി നോക്കുമ്പോൾ ഈ വിവാദത്തിൽ കഴമ്പില്ലെന്ന് വ്യക്തമാണ്” എന്നാണ് കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ് 2021 ജൂലൈ 20ന് പാർലമെന്റിൽ പറഞ്ഞത്. 2021 ആഗസ്റ്റിൽ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞത്, ”പ്രതിരോധ മന്ത്രാലയം എൻഎസ്ജി ടെക്‌നോളജീസുമായി ഒരു ഇടപാടും നടത്തിയിട്ടില്ല” എന്നത്രെ. എന്നാൽ, ഇത് പ്രതിരോധ മന്ത്രാലയത്തിന്റെ മാത്രം കാര്യമാണെന്നും ആഭ്യന്തര മന്ത്രാലയമടക്കം മറ്റു മന്ത്രാലയങ്ങളെ ഇവ്വിധം ഒഴിവാക്കിയിട്ടില്ലെന്നും ഈ മറുപടി പരിശോധിച്ചാൽ വ്യക്തമാകും. പെഗസസുമായി ഇടപാട് നടത്തിയിരിക്കാൻ സാദ്ധ്യതയുള്ള സിബി ഐ, ഇഡി എന്നീ അന്വേഷണ ഏജൻസികളെക്കുറിച്ചും പരാമർശിക്കുന്നില്ല.
ഈ അസംബന്ധത്തിന്റെ കൊടുമുടിയിൽ നിൽക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആണ്. പെഗസസ് ഈ കഥകളൊക്കെ പ്രചരിപ്പിക്കാൻ തുടങ്ങുന്നത് 2021 ജൂലൈ 18നാണെന്നും, പാർലമെന്റിന്റെ മൺസൂൺ സമ്മേളനം പിറ്റേന്നാണ് തുടങ്ങുന്നതെന്നും, ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാനുള്ള മോദി ഗവണ്മെന്റിന്റെ മഹത്തായ പദ്ധതികളൊക്കെ അന്നാണ് പ്രഖ്യാപിക്കുന്നതെന്നും മനസിലാക്കിയാണ് ആ ദിവസംതന്നെ തെരഞ്ഞെടുത്തതെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. ജൂലൈ 19ന് പാർലമെന്റ് സമ്മേളനം നടത്താൻ ജൂൺ അവസാനമാണ് തീരുമാനിക്കുന്നത് എന്നതുകൊണ്ടുതന്നെ ഈ അവകാശവാദം എത്രത്തോളം അപഹാസ്യമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ചോർന്ന വിവരങ്ങൾ ഇന്ത്യയെ മാത്രം ബാധിക്കുന്നതല്ലെന്നും, ഫ്രാൻസ്, മൊറോക്കോ, മെക്‌സിക്കോ, യുഎഇ എന്നീ രാജ്യങ്ങളെക്കൂടി ബാധിക്കുന്നതാണെന്നും ഉള്ളതുകൊണ്ടുതന്നെ, പെഗസസ് മോദിയെമാത്രം ലക്ഷ്യംവച്ചുള്ളതാണെന്ന വാദവും പൊളിയുകയാണ്.


സുപ്രീംകോടതി സ്വതന്ത്ര അന്വേഷണത്തിന്
ഉത്തരവിടുന്നു


ഗവണ്മെന്റിന്റെ വാദം ദുർബലമായിരുന്നു. ഇന്ത്യയുടെ വിവരസാങ്കേതികവിദ്യാനിയമപ്രകാരം പെഗസസ് ചെയ്തത് ഹാക്കിംഗ് എന്ന് ക്രിമിനൽ കുറ്റമാണ്. ഈ നിയമപ്രകാരം നിയമപരമായ അനുമതി ഹാക്കിംഗിന് നൽകാനാകില്ല. അതുകൊണ്ടാണ് പെഗസസ് ഉപയോഗിച്ചുവെന്ന് സമ്മതിക്കാൻ കേന്ദ്രഗവണ്മെന്റിന് കഴിയാത്തത്. അങ്ങനെവന്നാൽ ഗവണ്മെന്റുതന്നെ നിയമം ലംഘിച്ചുവെന്നുവരും. അതുകൊണ്ടുതന്നെ മാദ്ധ്യമപ്രവർത്തകരെയും പ്രതിപക്ഷ പാർട്ടി നേതാക്കളെയും സ്വന്തം മന്ത്രിമാരെയും രഹസ്യ നിരീക്ഷണം നടത്തി എന്നും സമ്മതിക്കാനാവില്ല.


മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ എൻ.റാമും ശശികുമാറും ചേർന്ന് സുപ്രീംകോടതിയിൽ ഈ വിഷയത്തിൽ ഒരു കേസ് ഫയൽ ചെയ്തു. സിറ്റിംഗ് ജഡ്ജിയോ മുൻ ജഡ്ജിയോ നയിക്കുന്ന ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. സൈന്യം നടത്തുന്നതുപോലുള്ള ചാരപ്പണിയാണ് ഗവണ്മെന്റ് നടത്തിയത് എന്നവർ വാദിച്ചു. ”നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ നിർണ്ണായക ഘടകങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനും ആക്രമിക്കാനും അതിൽ നുഴഞ്ഞുകയറാനുമുള്ള ശ്രമമാണ് നടന്നതെന്നും ഇത് മൗലികാവകാശങ്ങളുടെ തന്നെ ലംഘനമാണെന്നും” അവർ സമർത്ഥിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി ഒരു റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ”ഒഴുക്കൻമട്ടിലുള്ള ഒരു നിഷേധമാണ് ഗവണ്മെന്റിൽനിന്ന് ഉണ്ടായതെന്നും ഇത് പര്യാപ്തമല്ലെന്നും” കോടതി നിരീക്ഷിച്ചു. വ്യക്തത വരുത്താൻ ”മതിയായ അവസരം” ഗവണ്മെന്റിന് നൽകിയിട്ടും അതിന് കഴിഞ്ഞില്ലെന്നും രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചു. ഒരു വിദഗ്ദ്ധസമിതിയെ പരിശോധിക്കാൻ നിയോഗിക്കണമെന്ന ഗവണ്മെന്റിന്റെ ആവശ്യവും കോടതി നിരാകരിച്ചു. അത് ”പക്ഷപാതരഹിതമായിരിക്കുക എന്ന നീതിന്യായ തത്വത്തിന്” നിരക്കുന്നതാകില്ല എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ”നിങ്ങൾക്ക് ഒരു രഹസ്യം സൂക്ഷിക്കണമെങ്കിൽ അത് നിങ്ങളിൽനിന്നുകൂടി മറച്ചുവയ്‌ക്കേണ്ടതുണ്ട്” എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ വിധി പ്രസ്താവിച്ചത്.


ചാര സോഫ്റ്റ്‌വെയറുകൾക്ക് ആഗോള നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഐക്യരാഷ്ട്ര സഭയുടെ
മനുഷ്യാവകാശ വിദഗ്ദ്ധർ


ചാര സോഫ്റ്റ്‌വെയറുകളുടെ വിൽപനയിലും കൈമാറ്റത്തിലും ആഗോള നിരോധനമേർപ്പെടുത്തണമെന്ന് യുഎൻ മനുഷ്യാവകാശ വിദഗ്ദ്ധർ ഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു. പെഗസസ് വെളിപ്പെടുത്തൽ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു എന്നവർ ചൂണ്ടിക്കാണിച്ചു. ”മനുഷ്യാവകാശങ്ങൾക്ക് പ്രവേശനമില്ലാത്ത മേഖലകൾപോലെ നിരീക്ഷണ സാങ്കേതികവിദ്യകളും വ്യാപാരരംഗവുമൊക്കെ പ്രവർത്തിക്കാൻ അനുവദിക്കുന്നത് അപകടകരവും നിരുത്തരവാദപരവുമാണെന്ന്” അവർ നിരീക്ഷിച്ചു. ”മനുഷ്യാവകാശ പ്രവർത്തകരെയും മാദ്ധ്യമ പ്രവർത്തകരെയും രാഷ്ട്രീയ പ്രതിയോഗികളെയു മൊക്കെ ഗൂഢമായി നിരീക്ഷിക്കാനും വിരട്ടാനും നിശബ്ദരാക്കാനുമൊക്കെ അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്” എന്നും കോടതി പരാമർശിച്ചു. ”ഇത്തരം ചെയ്തികൾ അഭിപ്രായം പ്രകടിപ്പിക്കുന്നതിനും സ്വകാര്യതയ്ക്കുമുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും അനേകം വ്യക്തികളുടെ ജീവൻ അപായപ്പെടുത്തിയേക്കാവുന്നതും മാദ്ധ്യമ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്നതും സ്വാതന്ത്ര്യം, സമാധാനം, സുരക്ഷ, അന്താരാഷ്ട്ര സഹകരണം എന്നിവയ്‌ക്കൊക്കെ തുരങ്കം വയ്ക്കുന്നതുമായിരിക്കുമെന്നും” അവർ കൂട്ടിച്ചേർത്തു. വളരെ പ്രമുഖരായ, അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകരെപ്പോലും ഈ വെളിപ്പെടുത്തൽ അസ്വസ്ഥമാക്കിയിട്ടുണ്ട് എന്നാണിത് സൂചിപ്പിക്കുന്നത്.


ഇന്ത്യ പെഗസസ് സ്വന്തമാക്കിയെന്ന് ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട്


പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റായ അഗതാ ക്രിസ്റ്റി പറഞ്ഞത് ”കുറ്റകൃത്യങ്ങൾ ഞെട്ടിപ്പിക്കുംവിധം കാര്യങ്ങൾ വെളിപ്പെടുത്തും”എന്നാണ്. ”നിങ്ങളുടെ സമ്പ്രദായങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ നിങ്ങളുടെ അഭിരുചിയും ശീലങ്ങളും മനോഭാവവും മനസ്സുമൊക്കെ നിങ്ങളുടെ പ്രവൃത്തി പുറത്തുകൊണ്ടുവരും.” പ്രശസ്ത പത്രമായ ന്യൂയോർക്ക് ടൈംസ് 2022 ജനുവരി 28ന് ഇപ്രകാരം എഴുതി: ”2017 ജൂലൈയിൽ നരേന്ദ്രമോദി ഇസ്രയേൽ സന്ദർശിച്ചു. ഹിന്ദു ദേശീയതയുടെ തേരിലേറി അധികാരത്തിലെത്തിയ മോദി ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ്. ‘പലസ്തീനോട് പ്രതിബദ്ധത പുലർത്തുന്ന നയ’മാണ് പതിറ്റാണ്ടുകളായി ഇന്ത്യ സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇസ്രയേലുമായി ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നുമില്ല. മോദിയുടെ സന്ദർശനം വളരെ സൗഹാർദ്ദപരമായിരുന്നു. കടൽത്തീരത്ത് നെതന്യാഹുവുമൊത്ത് നടത്തിയ ഉല്ലാസ സവാരിമുതൽ എല്ലാം ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തതായിരുന്നു. ആ ഊഷ്മളതയ്ക്ക് കാരണമുണ്ട്. ആയുധശക്തിയും ഇന്റലിജൻസ് സംവിധാനവും മെച്ചപ്പെടുത്തുന്നതിനായി രണ്ട് ബില്യൻ ഡോളറിന്റെ കരാറിലാണ് – പെഗസസ് ഇടപാട് ഉൾപ്പെടെ – ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. മാസങ്ങൾക്കുശേഷം നെതന്യാഹു അപൂർവ്വമായൊരു ഔദ്യോഗിക സന്ദർശനം ഇന്ത്യയിൽ നടത്തി. 2019 ജൂണിൽ ഐക്യരാഷ്ട്ര സഭയുടെ ഇക്കണോമിക് അൻഡ് സോഷ്യൽ കൗൺസിലിൽ ഇന്ത്യ ഇസ്രയേലിന് അനുകൂലമായി വോട്ട് ചെയ്തു. ആദ്യമായി ഒരു പലസ്തീൻ മനുഷ്യാവകാശ സംഘടനയ്ക്ക് നിരീക്ഷകാംഗത്വം നൽകുന്നതിനെതിരെയായിരുന്നു ഇന്ത്യ നിലപാടെടുത്തത്”.
ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നപ്പോൾ വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും മൗനം പാലിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണ് എന്നുപറഞ്ഞാണ് ബിജെപി നേതൃത്വം ഒഴിഞ്ഞുമാറുന്നത്. ഇപ്പോൾ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിക്ക,് കുറ്റവാളിയെ കണ്ടെത്താനും ഏതെങ്കിലും ഗവണ്മെന്റ് ഏജൻസി ഈ ചാര സോഫ്റ്റ്‌വെയർ കരസ്ഥമാക്കിയിട്ടുണ്ടെങ്കിൽ നിയമപരമായ പ്രക്രിയ പിന്തുടർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും അധികാരം നൽകിയിരിക്കുകയാണ്. കമ്മിറ്റി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഗവണ്മെന്റാകട്ടെ, പലതും വെളിച്ചത്ത് കൊണ്ടുവരാൻ സാദ്ധ്യതയുള്ള ഈ റിപ്പോർട്ടിന്റെ ആധികാരികത ഇതുവരെ ചോദ്യം ചെയ്തിട്ടുമില്ല.


വെളിപ്പെടുത്തലിന്റെ കാതൽ


എന്തുകൊണ്ടാണ് ആഗോളതലത്തിൽത്തന്നെ ഭരണത്തിന്റെ ഉന്നതങ്ങളിലിരിക്കുന്ന ബൂർഷ്വാ നേതാക്കൾക്ക് ഇവ്വിധം ആധുനിക സാങ്കേതിക വികാസങ്ങളെ ദുരുപയോഗം ചെയ്യേണ്ടിവരുന്നത്. ഭാവിയിൽ എതിർപ്പുയർത്താൻ സാദ്ധ്യതയുള്ളവരോ അധികാര വടംവലിയിൽ മൽസരക്കാരായി വരാൻ സാദ്ധ്യതയുള്ളവരോ ആയ വ്യക്തികളുടെ ചലനങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്നതുപോലുള്ള ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ ഇവരെ പ്രേരിപ്പിക്കു ന്നതെന്താണ്? ‘സ്വന്തം’ ആളുകളുടെ കാര്യത്തിൽപോലും ഇത്തരത്തിൽ വഴിവിട്ടൊരു ജാഗ്രത പുലർത്തേണ്ടിവരുന്നതെ ന്തുകൊണ്ട്? ഇതൊക്കെ മോദിയെപ്പോലെ ഏതെങ്കിലുമൊക്കെ നേതാക്കളുടെ ഏകാധിപത്യ പ്രവണതയുമായി ബന്ധപ്പെട്ട കാര്യമെന്നാണ് കരുതുന്നതെങ്കിൽ അടിസ്ഥാനവസ്തുത അവർക്ക് ഗ്രഹിക്കാനാവില്ല. ഇത്തരം കുറ്റവാസനകളുടെ വേര് കണ്ടെത്താൻ കഴിയണം. പൈശാചിക കൃത്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മോദി ഉൾപ്പെടെയുള്ള നേതാക്കളും ഒരു വ്യവസ്ഥിതിയുടെ സേവകരാണെന്നോർക്കണം. ആ വ്യവസ്ഥയാകട്ടെ സംസ്‌കാരസമ്പന്നവും ന്യായയുക്തവുമായ എല്ലാറ്റിനെയും ഞെരിച്ചമർത്തുകയും അന്തരീക്ഷത്തിലാകെ ജീർണ്ണത പടർത്തുകയും വിഷം വമിക്കുകയും ചെയ്യുന്നതരത്തിൽ അധഃപതിച്ചുകഴിഞ്ഞിരിക്കുന്നു. സ്വന്തം നിഴലിനെപ്പോലും ഇക്കൂട്ടർക്ക് വിശ്വാസമില്ലാതായിരിക്കുന്നു. മുതലാളിത്ത പ്രതിസന്ധി മൂർച്ഛിക്കുംതോറും സ്വന്തം പതനത്തെക്കുറിച്ച് ഇവർ കൂടുതൽ വേവലാതിപ്പെടുകയും അങ്ങേയറ്റം അഴിമതി നിറഞ്ഞതും പിന്തിരിപ്പനുമായ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. മരണാസന്നമായ വ്യവസ്ഥിതിയുടെ ആയുസ്സ് നീട്ടിയെടുക്കാൻ മുതലാളിത്ത-സാമ്രാജ്യത്വ ഭരണാധികാരികളും അവരുടെ രാഷ്ട്രീയ ഏജന്റുമാരും എല്ലാ ഹീനമാർഗ്ഗങ്ങളും അവലംബിക്കും, എല്ലാ അടിച്ചമർത്തൽ നടപടികളും കൈക്കൊള്ളും. ജനങ്ങളുടെ എതിർപ്പ് ഉയർന്നുവരാതിരിക്കാനും പ്രതിഷേധസ്വരങ്ങളെ അമർച്ച ചെയ്യാനും എല്ലാ തരംതാഴ്ന്ന അടവുകളും പയറ്റും. ഇതിനായി ആധുനിക സാങ്കേതികവിദ്യയെപ്പോലും ദുരുപയോഗം ചെയ്യുന്നത് പതിവായിരിക്കുന്നു. നമ്മുടെ രാജ്യത്ത് ഈ ഹീനപ്രവൃത്തികൾക്ക് കാർമികത്വം വഹിക്കാൻ ഭരമേൽപിക്കപ്പെട്ടിരിക്കുന്നത് ഇന്ത്യൻ മുതലാളിവർഗ്ഗത്തിന്റെ ഏറ്റവും വിശ്വസ്ത രാഷ്ട്രീയ രൂപമായ ബിജെപിയാണ്. അതുകൊണ്ടുതന്നെ, പാർട്ടിയിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുടെയും രാഷ്ട്രീയ പ്രതിയോഗികളുടെയുംമേലുള്ള ചാരപ്പണിയും, സ്വകാര്യതയും സ്വതന്ത്രമായി ജീവിക്കാനുമുള്ള അവകാശവുംപോലും കവർന്നെടുക്കുന്ന നടപടികളും, ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുന്നതിനായി അങ്ങേയറ്റം ക്രൂരവും മനുഷ്യത്വരഹിതവുമായ മാർഗ്ഗങ്ങൾ അവലംബിക്കലുമൊക്കെ അപകടകരമാംവിധം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
ബിജെപി ഗവണ്മെന്റ്, ഏതൊരു മുതലാളിത്ത സ്വേച്ഛാധിപത്യ ഗവണ്മെന്റിനെയുംപോലെതന്നെ, വ്യക്തികളെ ഉന്നംവച്ച് ചാരവൃത്തി നടത്തുന്നതിനായി ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്നതെ ങ്ങനെയെന്ന് ഇപ്പോൾ വെളിവായിക്കൊണ്ടിരിക്കുന്നു.

ഏകാധിപതികളും ഫാസിസ്റ്റുകളുമൊക്കെ മുമ്പും ഇത്തരം ചാര നിരീക്ഷണങ്ങൾ നടത്തിയതായി ചരിത്രത്തിൽ കാണാം. ജർമ്മനി 1933ൽ സെൻസസ് നടത്തിയപ്പോൾ വംശീയമായി ജനങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ഐബിഎം കാർഡ് സോർട്ടിംഗ് മെഷീൻ ഉപയോഗിച്ചിരുന്നു. ഇതിലെ വംശീയമായി തിരിച്ചറിയുന്നതിനുള്ള സംവിധാനം ഉപയോഗപ്പെടുത്തി ഐബിഎംന്റെ സാങ്കേതിക സഹായത്തോടെ ജൂതരെ കണ്ടെത്തി കൂട്ടക്കൊല ചെയ്യാൻ വംശവെറിയൻ നാസി ഭരണകൂടത്തിന് സാധിച്ചു. ഇന്ന് ചാരവൃത്തിക്കുള്ള സംവിധാനങ്ങളുടെ സാങ്കേതികവിദ്യ വളരെ വികാസം പ്രാപിച്ചിരിക്കുന്നു. ഏറ്റവും സൂക്ഷ്മതയോടുകൂടി വ്യക്തികളുടെ ഫോണും മറ്റും, അവ ഓഫാക്കി വച്ചിരുന്നാൽകൂടി, ചോർത്തിയെടുക്കാൻ കഴിയും. ഇത് സ്വകാര്യതയ്ക്കുള്ള അവകാശത്തിനുമേലുള്ള നഗ്നമായ കടന്നുകയറ്റമാണ്. മുതലാളിവർഗ്ഗം അതിന്റെ ആവീർഭാവ കാലത്ത് രൂപംനൽകിയ അടിസ്ഥാന ജനാധിപത്യ തത്വങ്ങൾക്കുമേലുള്ള ആക്രമണമാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി മറ്റെല്ലാറ്റിനും മേലെയാണെന്ന് പറഞ്ഞുകൊണ്ട് ഈ ആരോപണവും കണക്കിലെടുക്കേണ്ടതില്ലെന്ന വാദം ദുരുദ്ദേശ്യപരമായി ഗവണ്മെന്റ് ഉന്നയിക്കുമ്പോഴും അത് വകവച്ചുകൊടുക്കാൻ നീതിന്യായ വ്യവസ്ഥ തയ്യാറായിട്ടില്ല. എന്നാൽ, മാപ്പർഹിക്കാത്ത ഇത്തരമൊരു കുറ്റകൃത്യത്തിന്റെ പേരിൽ മോദിയെയും ബിജെപി ഗവണ്മെന്റിനെയും യഥാർത്ഥത്തിൽ പ്രതിക്കൂട്ടിൽ നിർത്തണമെങ്കിൽ, അധികാരത്തിലിരുന്നുകൊണ്ട് ഇവരെല്ലാം സേവിക്കുന്ന ജീർണ്ണമായ മുതലാളിത്ത വ്യവസ്ഥതന്നെയാണ് യഥാർത്ഥ കുറ്റവാളി എന്ന സത്യം തിരിച്ചറിയാൻ നമുക്ക് കഴിയേണ്ടതുണ്ട്.

Share this post

scroll to top