ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കെട്ടുകാഴ്ചകളുടെ ഭാഗമായാണ് തൃശൂരില്‍ തേക്കിന്‍കാട് മൈതാനത്ത് സ്ത്രീകളെ അണിനിരത്തി സ്ത്രീശക്തി സംഗമം നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേദി ഒരുക്കിയതും. 11കോടി കുടിവെള്ള കണക്ഷന്, 12കോടി ശൗചാലയങ്ങള്‍, 10കോടി പാചകവാതകകണക്ഷന്‍ അങ്ങനെ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് മോദിസര്‍ക്കാര്‍ സ്ത്രീകള്‍ക്കുവേണ്ടി(?) നടപ്പിലാക്കിയ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ മോദി, മോദിയുടെ ഗ്യാരണ്ടി എന്ന് പന്ത്രണ്ടുതവണ ആവര്‍ത്തിച്ചും കാണികളെക്കൊണ്ടു പറയിച്ചും പതിവുപോലെ തന്റെ അല്പത്വം വെളിവാക്കി. രാഷ്ട്രീയ അശ്ലീലതയുടെ ആഭാസക്കാഴ്ചയൊരുക്കി.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മലിനമല്ലാത്ത കുടിവെള്ളത്തിന്റെയും പ്രാഥമിക കൃത്യങ്ങള്‍ക്കായുള്ള സൗകര്യങ്ങളുടെയും കണക്ക് അവതരിപ്പിക്കുന്നതില്‍ നമ്മുടെ ഭരണാധികാരിക്ക് തെല്ലും നാണക്കേട് തോന്നുന്നില്ല. രാജ്യം അഞ്ചാം സാമ്പത്തികശക്തിയായത്രേ. പക്ഷേ പ്രാഥമികൃത്യങ്ങള്‍ വെളിയിടങ്ങളില്‍ നിര്‍വ്വഹിക്കേണ്ടിവരുന്ന ആദിമപ്രാകൃതത്തിലാണ് കോടിക്കണക്കിന് ജനങ്ങളിപ്പോഴും. ‘വെളിയിട വിസര്‍ജ്ജന വിമുക്ത ഭാരതത്തി’നു വേണ്ടിയും ഒരു പദ്ധതി പ്രഖ്യാപിക്കേണ്ടിവരുന്ന നാണം കെട്ട അവസ്ഥ ലോകത്ത് മറ്റേതെങ്കിലും രാജ്യത്തിനുണ്ടാകുമോ? കക്കൂസില്ലാത്ത കുടുംബങ്ങളുടെ എണ്ണത്തില്‍ ഏറ്റവും മുമ്പിലുള്ള സംസ്ഥാനങ്ങളില്‍ മോദി മൂന്നുപതിറ്റാണ്ട് ഭരിച്ച ഗുജറാത്തുമുണ്ട്. ശൗചാലയ യോജനക്കുശേഷവും ഈ സ്ഥിതിതന്നെയാണ് ഇവിടങ്ങളില്‍ തുടരുന്നത്. വസ്തുതയും സ്ഥിതിവിവരവും ആര്‍ക്കുവേണം? ജനങ്ങളെ പ്രചാരണത്തിന്റെ കുറ്റിയില്‍കെട്ടി കറക്കുക എന്നതുമാത്രമാണല്ലോ ലക്ഷ്യം.
പ്രധാനമന്ത്രി ഉജ്വലയോജന പദ്ധതിപ്രകാരമുള്ള പാചകവാതകകണക്ഷനാണ് മറ്റൊരു നേട്ടമായി ചിത്രീകരിക്കുന്നത്. പാചകവാതക കണക്ഷനും കക്കൂസുമൊക്കെ സ്ത്രീകള്‍ക്കു മാത്രമുള്ള സഹായമാകുന്നതിന്റെ യുക്തി സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല. എന്താണ് യഥാര്‍ത്ഥത്തില്‍ ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്? സൗജന്യമായി ഗുണഭോക്താക്കള്‍ക്ക് സ്റ്റൗവും ആദ്യസിലിണ്ടറും നല്‍കുകയും പിന്നീട് റീഫില്‍ ചെയ്യുന്ന സിലിണ്ടറുകള്‍ വിപണിവില കൊടുത്തുവാങ്ങുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി (സൗജന്യമാണെന്ന് പറയുമ്പോഴും ഡെപ്പോസിറ്റ് വാങ്ങുന്നതിന്റെ നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു എന്നതു മറ്റൊരു കാര്യം). യഥാര്‍ത്ഥത്തില്‍ സൗജന്യമായി വാതക കണക്ഷന് നല്കി കോടിക്കണക്കിന് പുതിയ ഉപഭോക്താക്കളെ സൃഷ്ടിച്ച് എല്‍പിജി വിപണി കൊഴുപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2015-16ല്‍ പ്രതിമാസം 9 കിലോഗ്രാം ആയിരുന്ന എല്‍പിജിയുടെ ഉപയോഗം 2017ല്‍ 8 കിലോഗ്രാമായി ചുരുങ്ങിയതായി 2018ലെ ഇക്കണോമിക് പൊളിറ്റിക്കല്‍ വീക്കിയിലിയുടെ വിശകലനം ചൂണ്ടിക്കാണിച്ചി രുന്നു. അതിരൂക്ഷമായ വിലവര്‍ദ്ധനവ് നിമിത്തം, ഉപഭോഗം കുറയുന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടു. 2014ല്‍ സബ്സിഡിയുള്ള ഒരു പാചക വാതക സിലിണ്ടറിന് 414 രൂപയായിരുന്നു വെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. നിരന്തരം വര്‍ദ്ധിപ്പിച്ച് പത്തുവര്‍ഷത്തിനുള്ളില്‍ പ്രസ്തുത വിലയാണ് ഇന്ന് 1000 രൂപയ്ക്കും മുകളിലായിരിക്കുന്നത്.
ലോകവിപണിയില്‍ ക്രൂഡ് ഓയിലിനു വില ഇടിയുന്ന അതേ കാലത്ത് രാജ്യത്ത് ഒരു സിലിണ്ടറിനു 600 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായി എന്നു സാരം! പുതിയ ഉപഭോക്താക്കളെ സൃഷ്ടിച്ച് അവരില്‍നിന്നും ഈ 600 രൂപയുടെ കൊള്ള ഓരോ റീഫില്ലിംഗിനും നടത്താമെന്നതാണ് ഉജ്വല്‍ യോജന തുറന്നുകൊടുത്ത സാധ്യത. അംബാനി, ജിയോ എന്ന മൊബൈല്‍ കമ്പിനി ലോഞ്ച് ചെയ്തപ്പോള്‍, സൗജന്യമായി സിം നല്കി ലക്ഷക്കണക്കിന് ഉപഭോക്താക്കളെ സൃഷ്ടിച്ചതിനോട് സമാനമായ ഒരു വിപണി തന്ത്രമാണ് പ്രധാനമന്തിയുടെ ഉജ്വല്‍ യോജന. ഈ കൊള്ളയെയാണ് സ്ത്രീകള്‍ക്കു നല്കുന്ന വലിയ ഔദാര്യമായി രാജ്യം മുഴുവന്‍ പ്രചരിപ്പിക്കുന്നത്. തീര്‍ത്തും അന്യായമായ ഇന്ധനവിലവര്‍ദ്ധനവിലൂടെ രാജ്യത്തെ ജനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്ത ലക്ഷക്കണക്കിന് കോടി രൂപയുടെ പരമതുഛമായ ഒരംശം മാത്രമാണ് ഉജ്വല്‍ യോജനക്കുവേണ്ടി ചെലവഴിച്ചിട്ടുള്ളത്. അതാകട്ടെ വലിയൊരു കൊള്ളക്ക് വഴി തുറന്നുകൊടുക്കുകയും ചെയ്തു. മാത്രവുമല്ല, സൗജന്യ ഗ്യാസ് കണക്ഷന്റെ പേരില്‍ ഗിവ് ഇറ്റ് അപ് ക്യാമ്പയിനിലൂടെ ഒരുകോടിക്ക് മുകളില്‍ ആളുകളില്‍നിന്ന് സബ്സിഡി തിരികെയെടുക്കുയും ചെയ്തു.
ഉജ്വല്‍ യോജനയില്‍ ചേര്‍ന്ന, മൂന്നുമാസത്തിലൊരിക്കല്‍ റീഫില്‍ ചെയ്യാത്ത നിഷ്ക്രിയ ഉപഭോക്താക്കളുടെ എണ്ണം മൂന്നുകോടിക്ക് മേലെയാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എല്‍പിജിയുടെ വിലവര്‍ദ്ധനവ്, പ്രതിദിനം 131 രൂപ എന്ന തുച്ഛമായ വരുമാനുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകളെ ഗ്യാസ് ഉപയോഗത്തില്‍നിന്നും പിന്നോട്ടടിക്കുന്നു. പദ്ധതിയുടെ തുടര്പ്രയോജനം ഉറപ്പാക്കാന്‍ കഴിയാത്തവിധം പരമദയനീയമാണ് ഉജ്വല്‍ പദ്ധതിയില്‍ ചേര്‍ന്നവരുടെ സാമ്പത്തികസ്ഥിതി എന്നതിനാല്‍, മൂന്നുകോടി ജനങ്ങളുടെ ജീവിതത്തില്‍ പദ്ധതി ഒരു മാറ്റവും സൃഷ്ടിച്ചില്ല എന്നാണ് ഇത് തെളിയിക്കുന്നത്. പെരുമ്പറ മുഴക്കി പ്രചരിപ്പിക്കപ്പെടുന്ന ഉജ്വല്‍ യോജനയുടെ യഥാര്‍ത്ഥ സ്ഥിതി ഇതാണ്.
ജനങ്ങള്‍ക്കേവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യവും കുടിവെള്ളവും മനുഷ്യോചിതമായ ജീവിതത്തിന്റെ സൗകര്യങ്ങളും ഉറപ്പാക്കുകയെന്നത് ഒരു ഭരണാധികാരിയുടെയും ഔദാര്യമല്ല. ജനങ്ങളുടെ അവകാശമാണ്. സ്വന്തം കീശയില്‍ നിന്ന് ജനങ്ങള്‍ക്ക് സഹായം നല്കുന്നവരെന്ന പ്രഭാവലയത്തോടെയാണ് ഈ ജനാധിപത്യദൈവങ്ങള് അവതരിക്കുന്നത്. ഔദാര്യം നല്കുന്ന ഭരണാധികാരികളും അവ കൈപ്പറ്റുന്ന പ്രജകളുമെന്ന നിലയിലെത്തിയിരിക്കുന്നു രാജ്യത്തെ ജനാധിപത്യം. ഔദാര്യം പറ്റുന്നവര്‍ ഭരണാധികാരികളോട് വിധേയപ്പെട്ടുനില്ക്കണമല്ലോ. പ്രചാരണത്തിന്റെ അര്‍ത്ഥം അതുതന്നെയാണ്. ഏഴുപതിറ്റാണ്ടുകളായി ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന് പരിമിതമായ ജീവിതസൗകര്യങ്ങള്പോലും ഇന്നും അപ്രാപ്യമായിരിക്കുന്നതുകൊണ്ടാണ് ഇപ്പോഴും അവ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി നിലനില്‍ക്കുന്നത്. ഓരോ തെരഞ്ഞെടുപ്പ് വേളയിലും ഇത് പ്രഖ്യാപിക്കാന്‍ ഭരണാധികാരികള്‍ക്ക് യാതൊരു ലജ്ജയുമില്ല.
സ്ത്രീകളുടെ ഉന്നമനത്തിന് ഉതകി എന്ന നിലയിലുള്ള ഈ പ്രഖ്യാപനങ്ങളുടെ വെളിച്ചത്തില്‍ മോദിഭരണത്തില്‍ സ്ത്രീകളുടെ യഥാര്‍ത്ഥ സ്ഥിതിയെന്താണെന്ന് പരിശോധിച്ചാലേ ബേഠി ബച്ചാവോ, ബേഠി പഠാവോ പോലെയുള്ള മുദ്രാവാക്യങ്ങള്‍ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായിരുന്നുവെന്ന് വ്യക്തമാകൂ. ഇന്ത്യയില്‍ അനുദിനം പിന്നോട്ടടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീകളുടെ സാമൂഹ്യപദവിയും ഗുജറാത്ത് കലാപവും ഗുസ്തിതാരങ്ങളുടെ സമരവും ഉന്നാവോയും ഹത്രാസും കത്വയുമൊക്കെ അവഗണിക്കാനോ മറക്കാനോ ജനാധിപത്യവിശ്വാസികള്‍ക്ക് സാധിക്കുമോ.
ഗുജറാത്ത് കലാപത്തില്‍ വെന്തമര്ന്ന സ്ത്രീത്വം
മോദിയുടെ ഗ്യാരണ്ടി നാം വായിച്ചുതീര്ക്കുകയോ കേട്ടുതീര്ക്കുകയോ ചെയ്യുന്നതിനുമുമ്പാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്. ബില്‍ക്കിസ് ബാനു കേസിലെ പതിനൊന്നു പ്രതികളുടെ ജീവപര്യന്തം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ആര്‍എസ്എസിന്റെയും യഥാര്‍ത്ഥ മുഖം വെളിവാക്കിയ ഗുജറാത്ത് കലാപത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ബില്‍ക്കിസ് ബാനു. ഗുജറാത്ത് കലാപകാലത്ത് താനടക്കം കലാപത്തിനിരയായ സ്ത്രീകള്‍ കടന്നുപോയ പീഡനപര്‍വം ജനങ്ങളോട് വിളിച്ചുപറയാന്‍ അവര്‍ പാതിജീവനോടെ തിരികെയെത്തി. ഗര്‍ഭണിയും ഇരുപത്തൊന്നുകാരിയുമായ ബില്‍ക്കീസ് ബാനുവിനെ സംഘം ചേര്‍ന്ന് ക്രൂരമായി ബലാത്ക്കാരം ചെയ്യുകയും ബാനുവിന്റെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ബില്‍ക്കിസ് ബാനുവിന്റെ മൂന്നുവയസ്സുള്ള കുട്ടിയെ തറയില്‍ അടിച്ച് കൊലപ്പെടുത്തുകയും ചെയ്തവരില്‍ സമീപവാസികളും പരിചയക്കാരുമുണ്ടായിരുന്നു. ബോധം മടങ്ങി വരുമ്പോള്‍ മൃതദേഹങ്ങളുടെ കൂമ്പാരത്തിനു നടുവില്‍ കിടക്കുകയായിരുന്ന അവര്‍, ഒറ്റക്കാണ് പോലീസ് സ്റ്റേഷനില്‍ പോയതും തന്നെ ആക്രമിച്ചവരുടെ പേരുവിവരങ്ങള്‍ പറഞ്ഞതും. എന്നാല്‍ കേസെടുക്കാതെ പോലീസ് അവരെ ഓടിച്ചുവിട്ടു. അവിടംമുതല്‍ ബില്‍ക്കിസ് ബാനു ആരംഭിച്ച പോരാട്ടം ഇന്ന് മോദിക്കും പരിവാരങ്ങള്‍ക്കും വെല്ലുവിളിയുയര്‍ത്തുന്നു.
ഔദ്യോഗിക കണക്കനുസരിച്ചുപോലും കലാപത്തില്‍ കൊല്ലപ്പെട്ടത് മുന്‍എംപി അടക്കം രണ്ടായിരത്തിലേറെ പേര്. ആസൂത്രകനും പ്രായോജകനും ഗുണഭോക്താവുമെല്ലാം മോദി-അമിത് ഷാ കമ്പനിയും ബിജെപിയും ആണെന്ന് രാജ്യത്തെ മാധ്യമങ്ങളും ഒട്ടനവധി വ്യക്തിത്വങ്ങളും ചൂണ്ടിക്കാട്ടി. രാജ്യധര്‍മ്മം പാലിക്കാന്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞത് വാജ്പേയി തന്നെയായിരുന്നു. എന്നാല്‍ മോദി ചൊല്ലും ചെലവും കൊടുക്കുന്ന അന്വേഷണകമ്മീഷനുകളില് പലതും മോദിയുടെ നിരപരാധിത്വം ആവര്‍ത്തിച്ചുറപ്പിച്ചു. കോടതികളും കേന്ദ്രഭരണാധികാരത്തോടൊപ്പം നിന്നു. ഈ സാഹചര്യത്തിലും അസാധാരണമായ ഇച്ഛാശക്തിയോടെ രണ്ടുപതിറ്റാണ്ടിലേറെയായി പൊരുതുന്ന ബില്‍ക്കിസ് ബാനു രാജ്യത്തെ മുഴുവന്‍ സ്ത്രീകള്‍ക്കുമാത്രമല്ല എല്ലാ മനുഷ്യസ്നേഹികള്‍ക്കും ഉജ്വമായ മാതൃകയാണ്. അവരെ പിന്തുണച്ച ജനാധിപത്യമനസ്സുകള്‍ക്ക് ആശ്വാസമേകുന്നതാണ് സുപ്രീംകോടതിയുടെ വിധി.
ബില്‍ക്കിസ് ബാനു മാത്രമല്ല, സകിയ ജഫ്രിയും ബെസ്റ്റ് ബേക്കറി കേസിലെ കുടുംബത്തില്‍ അവശേഷിക്കുന്ന ഒരേയൊരു പെണ്‍കുട്ടിയും എന്തിന് കലാപത്തിന്റെ ഇരകള്‍ക്കൊപ്പം അസാമാന്യ ധീരതയോടെ പൊരുതിനിന്ന ടീസ്ത സെറ്റ്ല്വാദുപോലും ഗുജറാത്ത് കലാപത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ്. സകിയ ജഫ്രിയുടെ പോരാട്ടത്തോടപ്പം നിലകൊണ്ടതിന്റെ പേരിലാണ് ടീസ്ത സെറ്റില്‍വാദിന് ശിക്ഷ വിധിച്ചത്. ഇവരൊക്കെ ജീവനോടെ ഇരിക്കുന്നു എന്നതുകൊണ്ടാണ് കലാപകാലത്തെ മജ്ജമരവിപ്പിക്കുന്ന സംഭവങ്ങള്‍ കുറച്ചെങ്കിലും പുറംലോകത്തെത്തിയത്. മരിച്ചുപോയവര്‍ക്ക് കൊടുംക്രൂരതകളുടെ എന്തെന്തുകഥകളാവും പറയാനുണ്ടാവുക. കലാപത്തിലെ ജീവനോടെയിരിക്കുന്ന നിരവധിയാളുകള്‍ വീടും കിടപ്പാടവും ബന്ധുക്കളും നഷ്ടപ്പെട്ട് ഇന്നും അഭയാര്ത്ഥിക്യാമ്പുകളില് കഴിയുന്നു. കലാപത്തിന് നേതൃത്വം നല്കിയവരില് പ്രധാനിയായിരുന്ന മായ കോട്നാനി എന്ന മോദി മന്ത്രിസഭയിലെ വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയും ബില്‍ക്കിസ് ബാനുകേസിലെ പ്രതികള്‍ ഉന്നതകുലജാതരായതിനാല്‍ ബലാത്ക്കാരം ചെയ്തിരിക്കാന്‍ സാധ്യതയില്ല എന്ന് പ്രസ്താവിക്കുന്ന എംഎല്‍എയും ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയെത്തുടര്‍ന്ന് ജയില്‍വിമോചിതരായി പുറത്തുവന്ന പ്രതികള്‍ക്ക് കുങ്കുമം ചാര്‍ത്തിയും മധുരപലഹാരം നല്‍കിയും സ്വീകരിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടവും തങ്ങളോട് ചേര്ന്നുനില്ക്കുന്നവരെപ്പോലും അപമാനവീകരിച്ച് ജീര്‍ണതയിലേയ്ക്ക് തള്ളിവിടാന്‍ പോന്ന പ്രത്യയശാസ്ത്രമാണ് ബിജെപി ആര്‍എസ്എസ് പരിവാരങ്ങള്‍ പേറുന്നത് എന്നതാണ് വ്യക്തമാക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഗുജറാത്ത് കലാപത്തെയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെയും മോദിയുടെ ഉറപ്പും ഉജ്വലയോജനയുംകൊണ്ട് മറക്കാന്‍ ജനാധിപത്യവിശ്വാസികള്ക്കാവില്ല.
അപമാനിതരായ ഗുസ്തിതാരങ്ങള്‍ മോദികാലത്തെ സ്ത്രീസമൂഹത്തിന്റെ നേര്‍ചിത്രം
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു കറുത്തദിനമായിരുന്നു 2023 ഡിസംബര്‍ 21. 2016 റിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ വെങ്കലമെഡല്‍ ജേതാവായ സാക്ഷി മാലിക്, ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍വച്ച്, ലോകത്തെയാകെ സാക്ഷിനിര്‍ത്തി, കണ്ണീരോടെ ബൂട്ടഴിച്ച് താന്‍ സ്പോര്‍ട്സ് ജീവിതം അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിച്ചത് അന്നാണ്. പദ്മശ്രീ പുരസ്കാരം തിരികെ നല്കി ടോക്യോ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടിയ ബജ്റംഗ് പൂനിയയും ജക്കാര്‍ത്ത ഏഷ്യന്‍ ഗയിംസില് സ്വര്‍ണം നേടിയ വിനീഷ് ഫോഗട്ടും. പന്ത്രണ്ടുവര്ഷത്തോളം ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായിരുന്ന ബിജെപി നേതാവ് ബ്രിജ്ഭൂഷണ് സിംഗിനെതിരെ, ലൈംഗിക പീഡനം ആരോപിച്ച്, ഇരുപത് വനിതാതാരങ്ങള്‍ നല്കിയ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പോയവര്‍ഷം ജനുവരിയിലും ഏപ്രിലിലും സാക്ഷിമാലിക്കിന്റെയും ബജ്റംഗ് പൂനിയയുടെയും വിനീഷ് ഫോഗട്ടിന്റെയും നേതൃത്വത്തില്‍ ഡല്‍ഹിയിലെ തെരുവുകളില്‍ കായികതാരങ്ങള്‍ സത്യാഗ്രഹം നടത്തിയത്. ബ്രിജ് ഭൂഷണെതിരെ നടപടിയുണ്ടായില്ല എന്നുമാത്രമല്ല, റെസ്റ്റിലിംഗ് ഫെഡറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിര്ണായകസ്ഥാനത്തെല്ലാം ബ്രിജ് ഭൂഷന്റെ ബിനാമികളെ പ്രതിഷ്ഠിച്ചു. കായികതാരങ്ങളെ ഇത്തരമൊരു നിലപാടെടുക്കാന്‍ നിര്‍ബന്ധിതരാക്കിയ സാഹചര്യമിതാണ്. രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാത്ത നരേന്ദ്ര മോദി എന്തു ഗ്യാരണ്ടിയാണ് 70 കോടി സ്ത്രീകള്ക്കുനല്കുന്നത്. നാഴികക്ക് നാല്‍പ്പതുവട്ടവും മോദി ആവര്‍ത്തിക്കുന്ന ‘എന്റെ സഹോദരിമാര്‍’ എന്ന ഗണത്തില്‍, ഗുസ്തിതാരങ്ങളെ കാണാന്‍ അദ്ദേഹം തയ്യാറായില്ല.
ഉത്തരപ്രദേശിലെ ഗോണ്ടയിലും സമീപത്തെ ആറുജില്ലകളിലും വലിയ സ്വാധീനവും ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ശേഷിയുമുള്ള മുന്‍ എംപിയെക്കാള്‍ വലുതായിരുന്നില്ല ബിജെപിനേതൃത്വത്തിന് അപമാനിതരായ കായികതാരങ്ങള്‍ക്കുവേണ്ടി സഹതാരങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിലെ നീതിയും ധര്‍മ്മവും. അമ്പതോളം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉടമ, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ നാല്‍പ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതി, രണ്ട് പോക്സോ കേസുകളില്‍ പ്രതി, ബാബ്റി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതി, ഇതൊക്കെയാണ് ബിജെ പി എംപി ബ്രിജ്ഭൂഷന്റെ ചരിത്രം. അണ്ടര്‍-15 ഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനെത്തിയ താരത്തെ വേദിയില്‍വച്ച് കരണത്തടിച്ച ചരിത്രവും ഇദ്ദേഹത്തിനുണ്ട്. അങ്ങനെയുള്ള ബ്രിജ്ഭൂഷണനു, സ്ത്രീകളെ അപമാനിക്കാനും വേട്ടയാടാനുമുള്ള ഗ്യാരണ്ടിയാണ് നരേന്ദ്രമോദി നല്‍കുന്നത്. മോദിക്കാലത്തെ സ്ത്രീനീതിയുടെ നേര്‍ക്കാഴ്ചകളില്‍ മറ്റൊന്ന്.
സ്ത്രീനീതി കടങ്കഥയാകുന്ന ഉത്തര്‍പ്രദേശ്
നരേന്ദ്രമോദിയുടെ മാനസപുത്രന് യോഗി ആദിത്യനാഥ് വാണരുളുന്ന യുപി, യോഗിയും പരിവാരങ്ങളും ഉദ്ഘോഷിക്കുന്ന രാമരാജ്യത്തിന്റെ ഉത്തമ ഉദാഹരണവുമായ ഉത്തര്‍പ്രദേശ് സ്ത്രീകളുടെ പട്ടടയായിമാറിയിരിക്കുന്നു. 2017 ജൂണിലാണ് ഉത്തരപ്രദേശിലെ ഉന്നാവോയില്‍ പതിനേഴുവയസ്സുള്ള പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതായി റിപ്പോര്‍ട്ടുവന്നത്. ആരോപിതരുടെ പട്ടികയില്‍ ഉന്നാവോ എംഎല്‍എയും ബിജെപി നേതാവുമായ കുല്‍ദീപ് സിംഗ് സെംഗാറുമുണ്ടായിരുന്നു. ജോലിയന്വേഷിച്ച് എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ എംഎല്‍എ ബലാത്ക്കാരം ചെയ്തു. പണിയന്വേഷിച്ച് വീണ്ടും മറ്റൊരു സ്ഥലത്തേയ്ക്ക് പോകവേ, കൂട്ടിക്കൊണ്ടുപോയ ആളുകള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റുചെയ്തു, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അദ്ദേഹം കൊല്ലപ്പെട്ടു. എംഎല്‍എയുടെ പങ്ക് ഇതിലും തെളിയിക്കപ്പെട്ടു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കോടതിയിലേയ്ക്ക് പോകുന്നവഴി പെണ്‍കുട്ടിയും വക്കീലും കുടുംബാംഗങ്ങളും യാത്ര ചെയ്തിരുന്ന വാഹനത്തില്‍ ട്രക്ക് ഇടിച്ച് പെണ്‍കുട്ടിയുടെ അടുത്ത രണ്ടുബന്ധുക്കള്‍ കൊല്ലപ്പെട്ടു, പെണ്‍കുട്ടിക്കും വക്കീലിനും ഗുരുതരമായി പരിക്കേറ്റു. കേവലം പതിനേഴുവയസ്സുള്ള പെണ്‍കുട്ടി, ക്രൂരമായ ബലാത്ക്കാരത്തിനിരയാക്കപ്പെട്ടതിനുശേഷം അനുഭവിക്കേണ്ടിവന്ന യാതനകളാണിത്. ഉന്നാവോയുടെ നീറ്റല്‍ മോദിയുടെ ഗ്യാരണ്ടി പ്രഖ്യാപനത്തിലുണ്ടാവില്ല, പക്ഷേ, ഇന്ത്യയിലെ സ്ത്രീസമൂഹത്തിന് മറക്കാനും പൊറുക്കാനുമാവില്ലത്.
2020 സെപ്റ്റംബറിലാണ് ഉത്തരപ്രദേശിലെ ഹത്രാസില്‍ പത്തൊമ്പത് വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ സമ്മതമില്ലാതെ, അവരെ വീട്ടുതടവിലാക്കി, പോലീസാണ് ശവസംസ്കാരം നടത്തിയത്. പെട്രോള്‍ ഉപയോഗിച്ചാണ് ചിതയൊരുക്കിയത് എന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. ഹത്രാസിലേയ്ക്കുള്ള റോഡുകളില്‍ പോലീസ് ബന്ധവസ്സേര്പ്പെടുത്തി ആരെയും ആ പ്രദേശത്തേയ്ക്ക് കടത്തിവിടാതെയും വാര്‍ത്ത റിപ്പോര്‍ട്ടുചെയ്യാന്‍ പോയ പത്രപ്രവര്‍ത്തകരെ ജാമ്യമില്ലാതെ തുറുങ്കിലടച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസും അന്വേഷണ ഉദ്യോഗസ്ഥരും പ്രതികള്‍ക്കനുകൂലമായി നിലപാടെടുത്തു. ബിജെപി പരസ്യമായി പ്രതികള്‍ക്കുവേണ്ടി രംഗത്തുവന്നു. സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു.
2020 സെപ്റ്റംബറില്ത്തന്നെയാണ് ഉത്തരപ്രദേശിലെ ബല്രാംപൂറില് ഇരുപത്തിരണ്ട് വയസ്സുള്ള കോളജ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതും ആശുപത്രിയിലേയ്ക്കുള്ള മധ്യേ മരണമടഞ്ഞതും. 2021ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് യുപിയിലാണ്. പശുവിനെ തീറ്റാനും പ്രാഥമിക ആവശ്യങ്ങള്‍ക്കും വെളിയിടങ്ങളില്‍ പോകുന്ന കുട്ടികള്‍ ബലാത്ക്കാരത്തിനിരയാക്കപ്പെടുന്നതും കൊന്നുകെട്ടിത്തൂക്കപ്പെടുന്നതും യുപിയിലെ നിത്യവാര്‍ത്തകളാണ്. സംഭവങ്ങള്‍ പലതും വാര്‍ത്തയാകുന്നില്ല, വാര്‍ത്തയാകുന്നതില്‍ പലതും കേസാകുന്നില്ല, കേസാകുന്നതിലാകട്ടെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നുമില്ല ഇതാണ് സ്ഥിതി.
2018 ജനുവരിയിലാണ് ജമ്മുകാശ്മീരിലെ കത്വ എന്ന ഗ്രാമത്തില്‍ ആസിഫാ ബാനു എന്ന എട്ടുവയസ്സുള്ള നാടോടി ബാലികയുടെ മൃതദേഹം പ്രദേശത്തെ അമ്പലത്തിലെ വിഗ്രഹത്തിനുപുറകില് നിന്ന് കണ്ടെടുത്തത്. പെണ്‍കുട്ടി ക്രൂരമായ ബലാത്ക്കാരത്തിന് ഇരയാക്കപ്പെട്ടിരുന്നുവെന്നും മൃതദേഹത്തില്‍ ഉറക്കഗുളികയുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലായത് അമ്പലത്തിലെ പ്രധാനപൂജാരിയും മകനും മരുമകനുമുള്പ്പെടെ ബന്ധുക്കളും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ഏതാനും പോലീസുകാരും. മുസ്ലീംവിഭാഗത്തില്‍പ്പെട്ട നാടോടികളെ പ്രദേശത്തുനിന്നും ഭയപ്പെടുത്തി ഓടിക്കുകയായിരുന്നുവത്രേ ലക്ഷ്യം. അവിടെയും പ്രതികള്‍ക്കുവേണ്ടി ബിജെപി നേതൃത്വം പരസ്യമായി രംഗത്തിറങ്ങി.
2017 സെപ്റ്റംബറിലാണ് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കര്‍ണാടകയിലെ വസതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. നരേന്ദ്രമോദിയുടെ തീവ്രഹിന്ദു നിലപാടുകളുടെ ശക്തമായ വിമര്‍ശകയായിരുന്നു അവര്‍. ഗൗരി ലങ്കേഷ് പത്രിക എന്ന പ്രസിദ്ധീകരണത്തില്‍ ബിജെപി നേതാക്കളുടെ അഴിമതിയടക്കം ചൂണ്ടിക്കാട്ടി സ്ഥിരമായി ലേഖനങ്ങളും എഴുതിപ്പോന്നു. ഗോവിന്ദ് പന്‍സാരയുടെയും ധബോല്‍ക്കറുടെയും വഴിതന്നെയാണ് അവര്‍ക്കായും ഹിന്ദുതീവ്രവാദികള്‍ ഒരുക്കിയത്.
ഇന്ത്യയാകമാനം സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു
നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ദേശീയ തലത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ 81 ശതമാനമാണ് വര്‍ദ്ധിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്ക്കുംനേരെയുള്ള അതിക്രമങ്ങള്‍ മോദിക്കാലത്ത് കണക്കറ്റ് പെരുകുകയാണ്. ഓരോ മണിക്കൂറിലും രാജ്യത്ത് 51 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു എന്നാണ് നാഷണല്‍ ക്രൈംറിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2021നെ അപേക്ഷിച്ച് 2022ല്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ നാലുശതമാനം വര്‍ദ്ധനവും കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ 8.7ശതമാനം വര്‍ദ്ധനവും വയോധികര്ക്കുനേരെയുള്ള അതിക്രമങ്ങളില്‍ 9.3 ശതമാനം വര്‍ദ്ധനവും ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ പതിനാലുശതമാനം വര്‍ദ്ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശൈശവവിവാഹവും മാതൃമരണനിരക്കും ശിശുമരണനിരക്കും വര്‍ദ്ധിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ കാണാതാകുന്ന സംസ്ഥാനം ഗുജറാത്താണ്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ, വിശേഷിച്ചും പെണ്‍കുട്ടികളുടെ മരണനിരക്ക് വര്‍ദ്ധിക്കുന്നു എന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. മരണത്തിന്റെ പ്രധാന കാരണം, പോഷകാഹാരക്കുറവാണ്. ഈ പ്രായത്തിലുള്ള ആണ്‍കുട്ടികളുടെ മരണനിരക്കിനെക്കാള്‍ എട്ടുശതമാനം കൂടുതലാണിത്. ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ നേരിടുന്ന പോഷകാഹാരക്കുറവ്, സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍പെണ്‍ വിവേചനം, വിവേചനത്തെ സാധൂകരിക്കുന്ന സാംസ്കാരികകാഴ്ചപ്പാടുകള്, സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ ഇവയെല്ലാം പെണ്‍കുട്ടികളുടെ അകാലമരണത്തിന് ആക്കം വര്‍ദ്ധിപ്പിക്കുന്നു. പെണ്‍ഭ്രൂണഹത്യയും പെണ്‍ശിശുഹത്യയും വര്‍ദ്ധിക്കുന്നു. സെക്സ് റേഷ്യോ അറ്റ് ബര്‍ത്ത് കണക്കാക്കിയാല്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 2.5ദശലക്ഷത്തോളം കുഞ്ഞുങ്ങള്‍ പിറക്കാതെ പോകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതൊക്കെയാണ് നരേന്ദ്രമോദിയുടെ ഭരണകാലത്ത് സ്ത്രീകളുടെ സാമൂഹ്യ പദവി.
മാന്യവും അന്തസ്സാര്‍ന്നതുമായ ജീവിതം എല്ലാ സ്ത്രീകളുടെയും അവകാശമാണ്. അത് ആരും ഔദാര്യമായി വച്ചുനീട്ടില്ല, പൊരുതി വാങ്ങേണ്ടതാണ്. എല്ലാത്തരം വിവേചനങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ രംഗത്തുവരാന്‍ സ്ത്രീസമൂഹത്തിന് സാധിക്കണം.