വൈദ്യുതി നിയമ ഭേദഗതി ബിൽ 2022: സാധാരണക്കാരന് വൈദ്യുതി കിട്ടാക്കനിയാകും

electricity-amendment-bill-2022-new-image-final.jpg
Share

വൈദ്യുതി മേഖലയുടെ സമ്പൂര്‍ണ്ണ സ്വകാര്യവത്ക്കരണം ലക്ഷ്യംവെച്ചുകൊണ്ട്, 2022 ആഗസ്റ്റ് 8ന് പാര്‍ലമെന്റില്‍ ‘വൈദ്യുതി നിയമ ഭേദഗതി 2022’ എന്ന പേരില്‍ ഒരു ബില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ജീവനക്കാരുടെയും, കര്‍ഷകരുടേയും മറ്റും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണെങ്കിലും അടുത്ത ശീതകാല സമ്മേളനത്തില്‍ വീണ്ടും കൊണ്ടുവരുവാനുള്ള അണിയറ നാടകങ്ങളുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.

ഐതിഹാസികമായ കർഷക സമരത്തിന്റെ ഒത്തുതീർപ്പുകളിൽ ഒന്ന്, കർഷകരോടും, സംഘടനകളോടും കൂടിയാലോചി ച്ചതിനു ശേഷമേ വൈദ്യുതി ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയുള്ളൂ എന്നതായിരുന്നു. എന്നാൽ അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ‘വൈദ്യുതി നിയമ ഭേദഗതി 2022’ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇരുസഭകളിലും ഭൂരിപക്ഷം ഉള്ളതിനാൽ ഏത് നിയമവും നിർമിക്കാൻ നിലവിൽ ബിജെപി സർക്കാരിന് കഴിയും. പക്ഷെ ഉത്തർപ്രദേശിൽ കഴിഞ്ഞ വർഷം സ്വകാര്യവത്ക്കരണ നടപടികളുമായി മുന്നോട്ട് പോയ യോഗി സർക്കാരിന് ജീവനക്കാരുടേയും -പൊതുജനങ്ങളുടേയും കനത്ത പ്രതിഷേധത്തെ തുടർന്ന് ആ നടപടികൾ നിർത്തിവയ്ക്കേണ്ടി വന്നു. അത്തരം ഒരു പ്രതിഷേധത്തെ കേന്ദ്ര സർക്കാരും നന്നായി ഭയക്കുന്നു എന്നത് വ്യക്തമാണ്.
രണ്ട് പതിറ്റാണ്ട് മുൻപ്, കടുത്ത എതിർപ്പുകളെ വകവയ്ക്കാതെയാണ് വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വൈദ്യുതി നിയമം 2003, പാർലമെന്റിൽ പാസാക്കിയെടുത്തത്. ആ നിയമത്തിൽ ഭേദഗതി വരുത്താൻവേണ്ടി കഴിഞ്ഞ 8 വർഷത്തിനുള്ളിൽ 5 തവണ ശ്രമം നടത്തി. കോവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചു നിന്നപ്പോൾ പോലും കേന്ദ്ര സർക്കാർ ഭേദഗതി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്ന് പിൻമാറേണ്ടിവന്നു.


വൈദ്യുതി നിയമം 2003


1995 മുതൽ ഒഡീഷ, ഹരിയാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, കർണ്ണാടക, രാജസ്ഥാൻ, ഡൽഹി, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ പാസാക്കിയ വൈദ്യുതി നിയമങ്ങളുടെ ചുവട് പിടിച്ചുകൊണ്ട് നിർമ്മിച്ച കേന്ദ്ര നിയമമാണ് വൈദ്യുതി നിയമം 2003. വൈദ്യുതി മേഖലയെ മെച്ചപ്പെടുത്തുക, അതിവേഗം വികസനം ഉറപ്പ് വരുത്തുക, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട വൈദ്യുതി കുറഞ്ഞ വിലക്ക് നൽകുക തുടങ്ങിയ മധുരലക്ഷ്യങ്ങളാണ് പ്രചരിപ്പിച്ചതെങ്കിലും, ഊർജ്ജ മേഖലയുടെ സ്വകാര്യവത്ക്കരണത്തിനുള്ള അടിത്തറ ഒരുക്കലായിരുന്നു ഈ നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യം. ആഗോളവത്ക്കരണത്തിന്റെ നയങ്ങൾക്കനുസരിച്ച് സേവനമേഖലകളെ ഒന്നൊന്നായി പരുവപ്പെടുത്തുകയായിരുന്നു ഭരണാധികാരികൾ. വൈദ്യുതി ബിൽ 2003 നിയമമായതോടെ എല്ലാ സംസ്ഥാനങ്ങളിലും കമ്പനി ആക്ട് പ്രകാരം വൈദ്യുതി മേഖലയെ പുനഃസംഘടിപ്പിക്കേണ്ടി വന്നു. നിയമത്തിന്റെ പിൻബലത്തിൽ ഡീ ലൈസൻസിംങ്ങ് വന്നതോടെ വൈദ്യുതി ഉല്പാദന മേഖലയിൽ വൻ തോതിലുള്ള സ്വകാര്യ നിക്ഷേപം അനുവദിക്കപ്പെട്ടു. ഉല്പാദനം വർദ്ധിച്ചെങ്കിലും ഉപഭോഗം കാര്യമായി വർദ്ധിച്ചില്ല. ഇതു മൂലം പല താപനിലയങ്ങളും അടച്ചിടുകയോ, ഉല്പാദനം വെട്ടി ചുരുക്കുകയോ വേണ്ടിവന്നു. പൊതുമേഖല ബാങ്കുകളിൽ നിന്നും വായ്പയെടുത്ത സ്വകാര്യ കമ്പനികൾ തിരിച്ചടവുകൾ മുടക്കിയതോടെ 2 ലക്ഷം കോടി രൂപയോളം കിട്ടാക്കടമായി മാറിയിരിക്കുകയാണ്. സേവനത്തിൽ നിന്നും കച്ചവടത്തിലേക്ക് കാര്യങ്ങൾ നീങ്ങി തുടങ്ങിയതോടെ, എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ചാർജ്ജും മറ്റു സേവനങ്ങളുടെ ചാർജ്ജുകളും വർദ്ധിക്കാൻ തുടങ്ങി.


ഡീ ലൈസൻസിംങ്ങ് വിതരണ മേഖലയിലും

2022ലെ ഭേദഗതിയിൽ വരുന്ന പ്രധാന നിർദ്ദേശം, വൈദ്യുതി വിതരണരംഗത്ത് ആർക്കും കടന്നു വരാവുന്ന വിധത്തിലുള്ള സൗകര്യമൊരുക്കാനായി ഡീ ലൈസൻസിങ്ങ് നടപ്പാക്കണം എന്നതാണ് (Section 42 ൽ 4(A), 4(B)). ഇത് വിതരണരംഗത്തേക്ക് സ്വകാര്യ കുത്തക കമ്പനികൾക്ക് പാതയൊരുക്കുന്നതിനുവേണ്ടിയാണ്. കോടിക്കണക്കിന് രൂപ പൊതുഖജനാവിൽ നിന്ന് മുതൽ മുടക്കി ജനറേറ്റിംഗ് സ്റ്റേഷനുകൾ, സബ്സ്റ്റേഷനുകൾ, വിതരണ ലൈനുകൾ, കേബിളുകൾ, ഓഫീസ് സംവിധാനങ്ങൾ എന്നിവ പൊതുജനങ്ങളുടെ പിൻതുണയോടെ സ്ഥാപിച്ച് പരിപാലിച്ചുകൊണ്ടാണ് നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി വിതരണം നടക്കുന്നത്. ഡീ ലൈസൻസിങ്ങ് വഴി വിതരണ രംഗത്തേക്ക് സ്വകാര്യ കമ്പനികൾ വന്നാൽ അവർ ഒരു രൂപ പോലും വിതരണ ശൃംഖല സ്ഥാപിക്കുവാൻ ചെലവാക്കുകയില്ല. പൊതുഖജനാവിൽ നിന്നും നിർമ്മിച്ചവയെല്ലാം, ജനങ്ങൾ വിട്ടുകൊടുത്ത ഭൂമിയിൽ സ്ഥാപിച്ച കമ്പിയും കാലുമുൾപ്പെടെ സ്വകാര്യ കമ്പനികൾക്കും അവകാശപ്പെട്ടതായി മാറും. ഏകദേശം 15 സ്ക്വയർ കിലോമീറ്റർ വിസ്തീർണ്ണമുള്ള, 25,000 ഉപഭോക്താക്കളുള്ള കേരളത്തിലെ ഒരു ഡിസ്ട്രിബ്യൂഷൻ സെക്ഷനിൽ 60 കിലോമീറ്റര്‍ നീളത്തിൽ HTലൈനുകളും, 300 കിലോമീറ്റര്‍ നീളത്തിൽ LT ലൈനുകളും 150ൽ അധികം ട്രാൻസ്‌ഫോർമറുകളും ഉണ്ട്. ഇത്തരം സംവിധാനങ്ങൾ നിർമിക്കുന്നതിനോ, പരിപാലിക്കുന്നതിനോ യാതൊരു ബാധ്യതയും സ്വകാര്യ കമ്പനികൾക്ക് ഉണ്ടാവില്ല. വിതരണ ശൃംഖല സ്ഥാപിക്കുന്നതു പോലെ ചെലവേറിയ കാര്യമാണ്, പരിപാലിച്ച് നിലനിർത്തുക എന്നത്. പ്രകൃതിക്ഷോഭം മൂലം ആയിരക്കണക്കിന് പോസ്റ്റുകളും (കാലുകൾ) അനുബന്ധ സാധനങ്ങളും ഓരോ വർഷവും പുതുക്കി സ്ഥാപിക്കേണ്ട തായിട്ടുണ്ട്. ഈ ഉത്തരവാദിത്വങ്ങളിൽ നിന്നെല്ലാം സ്വകാര്യ കമ്പനികളെ രക്ഷപ്പെടുത്തി, ലാഭം കൊള്ളയടിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് പുതിയ നിയമ ഭേദഗതി.


സബ്‌സിഡികൾ പൂർണ്ണമായും ഇല്ലാതാകും


വിതരണരംഗം സർക്കാർ ഏജൻസികളോ, കമ്പനികളോ നിയന്ത്രിക്കുന്നതുകൊണ്ടാണ് ക്രോസ് സബ്സിഡിയും മറ്റു ചില സൗജന്യങ്ങളും സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. എന്നാൽ വിതരണരംഗം കുത്തകകൾക്കായി തുറന്നിടുമ്പോൾ സബ്സിഡികളും, സേവനങ്ങളും നൽകുന്നതിൽ നിന്നും അവരെ ഒഴിവാക്കി കൊടുക്കുന്നു. ക്രോസ് സബ്സിഡി കൺസ്യൂമർക്ക് നേരിട്ട് നൽകുന്നതിനു വേണ്ടി സബ്സിഡി ബാലൻസിംങ്ങ് ഫണ്ട് ഉണ്ടാക്കണമെന്നാണ് പറയുന്നത് (സെക്ഷൻ 60 A(2) Amment bill 2022). പാചക വാതക സബ്സിഡി ബാങ്കിലൂടെ നേരിട്ട് നൽകുമെന്ന് പറഞ്ഞ് ബിജെപി നടത്തിയ പ്രചാരണവും, ഇന്ന് ഒരു രൂപ പോലും സബ്സിഡിയായി ലഭിക്കുന്നില്ലായെന്നും നമുക്ക് ഏവർക്കും അറിയാവുന്നതാണ്. പുതിയ നിയമം പാസായാൽ വൈദ്യുതി രംഗത്തും അതുതന്നെ സംഭവിക്കും. സബ്സിഡി ഇല്ലാതായാൽ മുഴുവൻ ഉപഭോക്താക്കൾക്കും ഒരേ നിരക്കിൽ കൂടിയ തുക നൽകേണ്ടി വരും. നിലവിൽ ചെറുകിട ഉപഭോക്താക്കൾക്ക് ക്രോസ് സബ്സിഡിയും സർക്കാർ സബ്സിഡിയും ഉള്ളതുകൊണ്ടാണ് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്നത്. വലിയ ഉപഭോക്താക്കളിൽ(HT, EHTകൺസ്യൂമേർസ്) നിന്നും യൂണിറ്റിന് കൂടിയ നിരക്ക് വാങ്ങി പാവപ്പെട്ടവർക്കും, കർഷകരും നൽകുന്ന ഏർപ്പാടാണ് ക്രോസ് സബ്സിഡി എന്ന് പറയുന്നത്. അങ്ങിനെ ചെയ്യണമെങ്കിൽ ഒരു വിതരണ കമ്പനിക്ക് ഈ രണ്ട് വിഭാഗം ഉപഭോക്താക്കളും ഉണ്ടായിരിക്കണം. പക്ഷെ സ്വകാര്യ കമ്പനികൾ വിതരണ രംഗത്തേക്ക് വന്നാൽ വ്യവസായ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ, വലിയ മാളുകൾ തുടങ്ങിയവരുടെ വിതരണം മാത്രമേ ഏറ്റെടുക്കുകയുള്ളൂ. താരതമ്യേന വരുമാനം കുറഞ്ഞ കർഷകർ, സർക്കാർ സ്ഥാപനങ്ങൾ, ദരിദ്ര ജനവിഭാഗങ്ങൾ തുടങ്ങിയവർക്ക് വൈദ്യുതി നൽകേണ്ട ബാധ്യത കെഎസ്ഇബി പോലുള്ള സ്ഥാപനങ്ങൾക്കായി മാറും. വലിയ ഉപഭോക്താക്കൾ ഇല്ലാതാകുന്നതോടെ ഇത്തരം പൊതുമേഖല സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാവുകയും രംഗം വിടുകയും ചെയ്യേണ്ടി വരും. ഇതു വഴി സാധാരണ മനുഷ്യർക്ക് വൈദ്യുതി അപ്രാപ്യമാവും എന്നതാണ് ആത്യന്തിക ഫലം.


ഇന്ത്യയുടെ കാർഷികരംഗം തകർന്നടിയും കുത്തകകൾ കൈയടക്കും


ഗവൺമെന്റുകൾ കൊണ്ടുവരുന്ന മുഴുവൻ പരിഷ്ക്കാരങ്ങളേയും സംശയ ദൃഷ്ടിയോടുകൂടി മാത്രമേ നോക്കുവാൻ പാടുള്ളൂ എന്ന്, ഇക്കാലമത്രയുമുള്ള അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നതാണ് എല്ലാ ഗവൺമെന്റുകളുടെയും നയം.കേന്ദ്രത്തിൽ ‘ഈസ് ഓഫ് ഡൂയിംങ്ങ് ബിസിനസ് ‘ എന്നാണെങ്കിൽ കേരളത്തിൽ അത് ‘റെസ്പോൺസിബിൾ ഇൻഡസ്ട്രി, റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് ‘(കൊച്ചിയിൽ കില ട്രേഡ് യൂണിയൻ നേതാക്കൾക്കു വേണ്ടി നടത്തിയ പരിശീലന പരിപാടിയിൽ പി.രാജീവ് നടത്തിയ കേരളത്തിന്റെ വ്യവസായ നയത്തെക്കുറിച്ചുള്ള പ്രസംഗത്തിൽ നിന്ന്) എന്നാണ്. രണ്ടും ഒന്നു തന്നെ. വൈദ്യുതി നിയമ ഭേദഗതി, ഊർജ്ജ മേഖലയുടെ സ്വകാര്യവത്ക്കരണം മാത്രമല്ല ലക്ഷ്യമിടുന്നത്. അത് ചെറുകിട വ്യവസായ മേഖല, ചെറുകിട കച്ചവട രംഗം, കാർഷിക മേഖല എന്നിവയെല്ലാം തകർത്ത് അവിടെയെല്ലാം സ്വകാര്യ നിക്ഷേപത്തിന് പാതയൊരുക്കാനും ലക്ഷ്യമിടുന്നു.
കർഷകസമരത്തിനു മുൻപിൽ മുട്ട് കുത്തിയ ബിജെപി സർക്കാർ, വൈദ്യുതി വിതരണരംഗം സ്വകാര്യവത്ക്കരിക്കുന്നതിലൂടെ കാർഷിക മേഖലയിലേക്ക് കുത്തകകളുടെ പ്രവേശനം എളുപ്പമാക്കും. ജലസേചനത്തിനും, മറ്റും നൽകുന്ന സബ്സിഡികൾ ഇല്ലാതെ ഇൻഡ്യൻ കർഷകന് പിടിച്ചു നിൽക്കാനാവില്ല. ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാരുടേയും, ചെറുകിട വ്യവസായ യൂണിറ്റുകളുടേയും അവസ്ഥയും ഇതു തന്നെയായിരിക്കും.


ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെയും തകർക്കും


കൺകറന്റ് (കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്ക് അവകാശമുള്ളത്) ലിസ്റ്റിലുള്ള വൈദ്യുതി മേഖലയുടെ മുഴുവൻ നിയന്ത്രണവും കേന്ദ്ര ഗവൺമെന്റ് കൈയടക്കുന്നതാണ് പുതിയ നിയമ ഭേദഗതി. 2003ലെ നിയമം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന മിനിമം അവകാശങ്ങൾപോലും കവർന്നെടുക്കുകയാണ് പുതിയ നിയമം വഴി കേന്ദ്ര സർക്കാർ ചെയ്യുന്നത്.സംസ്ഥാന റഗുലേറ്ററി കമ്മീഷനുകൾ നോക്കുകുത്തിയായി മാറും. 1948ല്‍ സ്വതന്ത്ര ഭാരതത്തിലെ ആദ്യ വൈദ്യുതി നിയമം രൂപീകരിച്ചു കൊണ്ട് ഭരണഘടനാ ശില്പികൾ പറഞ്ഞ, ജനാനുകൂല അഭിപ്രായങ്ങളെല്ലാം കാറ്റിൽ പറത്തുന്നതാണ് പുതിയ ഭേദഗതി.


വൈദ്യുതി ചാർജ്ജ് കുത്തനെ കൂടും

പുതിയ നിയമ ഭേദഗതിയിൽ(Section-62) വർഷാവർഷം താരിഫ് പുതുക്കി നിശ്ചയിക്കാമെന്ന് പ്രത്യേകം പറയുന്നു. അങ്ങിനെ സംഭവിച്ചാൽ പെട്രോൾ-ഡീസൽ വില വർദ്ധനവ് പോലെ പ്രതിദിനം വൈദ്യുതി ചാർജ്ജ് വർദ്ധിക്കുന്നതിലേക്ക് കാര്യങ്ങൾ വരും. വൈദ്യുതി ഇല്ലാതെ ഒരു നിമിഷംപോലും ജീവിക്കാൻ കഴിയാത്ത ഈ ആധുനിക കാലത്ത്, ഏറ്റവും കുറഞ്ഞ നിരക്കിലോ, കഴിയുമെങ്കിൽ സൗജന്യമായോ വൈദ്യുതി നൽകുകയാണ് ഗവൺമെന്റുകൾ ചെയ്യേണ്ടത്.
എന്നാൽ സാധാരണ പൗരന്മാർക്ക് കിട്ടിക്കൊണ്ടിരുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും കവർന്നെടുത്ത്, കുത്തകകൾക്ക് കൂടുതൽ കൂടുതൽ ലാഭമടിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്ന ഭരണാധികാരികൾക്കെതിരെ ജനരോഷം ആളിക്കത്തേണ്ടതുണ്ട്. അതിനാല്‍ കക്ഷിരാഷ്ടീയത്തിനും ജാതി-മത ചിന്തകൾക്കുമതീതമായി കർഷകരും തൊഴിലാളികളും സമരകമ്മിറ്റികളിൽ അണിനിരന്ന് വീറോടൂ കൂടി സമര പോരാട്ടങ്ങൾ വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.

Share this post

scroll to top