പാ ശ്ചാത്യ സാമ്രാജ്യത്വ ചേരിയുടെയും നാറ്റോയുടെയും പിന്തുണയുള്ള യുക്രൈനും സാമ്രാജ്യത്വ റഷ്യയും തമ്മിലുള്ള സായുധ പോരാട്ടം ഒന്നര വര്‍ഷത്തിലേറെയായി തുടരുകയാണ്. അത് ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ അപഹരിക്കുകയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. മധ്യപൂര്‍വ്വേഷ്യയിലാകട്ടെ മറ്റൊരു യുദ്ധം നടക്കുകയാണ്. രണ്ട് യുദ്ധങ്ങളുടെയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമാണെന്നു മാത്രം.
കിഴക്കൻ യൂറോപ്പിൽ സ്വന്തം സ്വാധീനമേഖല വളർത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ആധിപത്യ അഭിലാഷം പിന്തുടരുന്നതിനായി റഷ്യയാണ് അടിസ്ഥാനപരമായി യുക്രൈനെതിരെ ആക്രമണാത്മക യുദ്ധം ആരംഭിച്ചത്. നിലവിലെ യുക്രൈന്‍ ഭരണകൂടം അതിന്റെ പാശ്ചാത്യ അനുകൂല, സാമ്രാജ്യത്വ-നാറ്റോ അനുകൂല ചായ്‍വ് പ്രകടിപ്പിച്ചതിന് ശേഷമായിരുന്നു ഇത്. ആ യുദ്ധം വാസ്തവത്തിൽ ഒരു വശത്ത് റഷ്യൻ സാമ്രാജ്യത്വവും മറുവശത്ത് യൂറോപ്യൻ യൂണിയനും യുഎസ് സാമ്രാജ്യത്വവും തമ്മില്‍ വർദ്ധിച്ചുവരുന്ന വൈരുദ്ധ്യത്തിന്റെ പ്രതിഫലനമാണ്. ഇത് വിപണി പിടിച്ചെടുക്കുന്നതിലും സ്വാധീന മേഖലകൾ വിപുലീകരിക്കുന്നതിലും കേന്ദ്രീകരിച്ചിരിക്കുന്നു. എന്നാൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട യുദ്ധം, ഹമാസെന്ന ആക്രമണോത്സുക ഇസ്ലാമിക പലസ്തീൻ സംഘടനയും സയണിസ്റ്റ് ഇസ്രയേൽ ഭരണകൂടവും തമ്മിലാണ്. ഇസ്രയേൽ അടിമുടി ആയുധധാരികളാണ്. അവർ മനുഷ്യരാശിയുടെ ഏറ്റവും കടുത്ത ശത്രുവായ യുഎസ് സാമ്രാജ്യത്വത്തിന്റെയും അതിന്റെ യൂറോപ്യൻ സഖ്യകക്ഷികളുടെയും എല്ലാ പിന്തുണയും ആസ്വദിക്കുകയാണ്. ഇത് സാമ്രാജ്യത്വ യുദ്ധതന്ത്രങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നു.
‘ഭീകരവാദി’യായ ഹമാസ് ഇസ്രയേലിനെതിരെ ആദ്യം ആക്രമണം അഴിച്ചുവിടുകയും ഇസ്രയേല്‍ തിരിച്ചടിക്കുകയും ചെയ്തുവെന്ന് പ്രചരിപ്പിക്കാൻ പടിഞ്ഞാറൻ സാമ്രാജ്യത്വ സംഘവും ഇന്ത്യയെപ്പോലുള്ള അതിന്റെ ജൂനിയർ പങ്കാളികളും കുത്തക നിയന്ത്രിത മാധ്യമങ്ങളും പൂർണ്ണമായി ശ്രമിച്ചതിനാലാണ് ഈ പ്രാരംഭ പരാമർശം ആവശ്യമായി വന്നത്. സൈനികമായി മാത്രമല്ല, സാമ്പത്തികമായും ഇസ്രയേല്‍ പ്രഖ്യാപിച്ച സമ്പൂർണ യുദ്ധം, കുറ്റവാളിയായ ‘ഭീകര’ ഹമാസിനെതിരായ സ്വയം പ്രതിരോധത്തിനുള്ള അവരുടെ പോരാട്ടമാണത്രേ! സയണിസ്റ്റ് ഇസ്രയേൽ ആസൂത്രിതമായി തട്ടിയെടുത്ത തങ്ങളുടെ മാതൃരാജ്യത്തെ നിയമപരമായി ആവശ്യപ്പെടുന്ന, അധിനിവേശത്തില്‍നിന്നും സ്വാതന്ത്ര്യം തേടുന്ന മുഴുവൻ പലസ്തീൻ ജനതയ്ക്കെതിരെയും സയണിസ്റ്റ് ഇസ്രയേൽ അതിന്റെ തുടർച്ചയായ ആക്രമണവും അധിനിവേശവും ത്വരിതപ്പെടുത്തിയിരിക്കുന്നു എന്നതാണ് വസ്തുത. പലസ്തീനിലെ പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരത്തോളം ആളുകൾ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. യുഎൻ സെക്യൂരിറ്റി കൗൺസിലിലെ ഇസ്രയേലിന്റെ പ്രതിനിധി പോലും തന്റെ രാജ്യത്തിന് സ്വന്തം സംരക്ഷണത്തിനായി ഹമാസിനെ തുടച്ചുനീക്കണമെന്ന് ഊന്നിപ്പറഞ്ഞു. യുഎസ് സാമ്രാജ്യത്വവും അതിന്റെ ദ്വാരപാലകരായ സയണിസ്റ്റ് ഇസ്രയേലും തങ്ങളുടെ സാമ്രാജ്യത്വ അജണ്ടയെ പ്രതിരോധിക്കുന്നതിനും യുദ്ധങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മൃഗീയ കൂട്ടക്കൊലകൾ തുടരാന്‍ ശ്രമിക്കുന്നത് എങ്ങനെയെന്ന് ഇത് കാണിക്കുന്നു.
ചരിത്രത്തിന്റെ ഹ്രസ്വവിവരണം
നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് കൂടുതൽ വിശദമായി ചർച്ച ചെയ്യുന്നതിനു മുമ്പ്, പലസ്തീനിൽ ഇസ്രയേല്‍ ദീർഘകാലമായി നടത്തുന്ന ആക്രമണത്തെക്കുറിച്ച് ഒരു ഹ്രസ്വവിവരണം ആവശ്യമാണ്. പ്രൊലിറ്റേറിയന്‍ ഇറയുടെ മുന്‍ലക്കത്തില്‍ ഞങ്ങള്‍ സൂചിപ്പിച്ചതുപോലെ, നൂറ്റാണ്ടുകളായി പലസ്തീൻ അറബികളുടെ ആവാസകേന്ദ്രമായിരുന്നു. വളരെക്കാലം ഇത് തുർക്കി ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒരിക്കൽ അവിടെ താമസിച്ചിരുന്ന ജൂതവംശജരാകട്ടെ, റോമൻ സാമ്രാജ്യത്തിനെതിരായ അവരുടെ അവസാന സായുധ കലാപം തോൽവിയിൽ അവസാനിച്ചതിന് ശേഷം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ചിതറിപ്പോയി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പലസ്തീൻ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. പലസ്തീനില്‍ ജൂതവംശജരുടെ ഒരു “സ്വന്തം രാജ്യം” സ്പോൺസർ ചെയ്യുന്നതിനുള്ള ബാൽഫോർ പ്രഖ്യാപനത്തിൽ ബ്രിട്ടീഷ് സർക്കാർ അവരുടെ ഉദ്ദേശ്യങ്ങൾ പ്രഖ്യാപിച്ചു. അപ്പോഴേക്കും യൂറോപ്യൻ ജൂതന്മാർക്കിടയിൽ ഒരു സയണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനം വികസിക്കുകയും ‘പലസ്തീനിൽ ഒരു ജൂത രാഷ്ട്രം’ എന്ന ആവശ്യം ഉയർന്നു വരികയും ചെയ്തു. 1917 നവംബർ 2ന്, ബ്രിട്ടന്റെ അന്നത്തെ വിദേശകാര്യ സെക്രട്ടറി ആർതർ ബാൽഫോർ, ബ്രിട്ടീഷ് ജൂതസമൂഹത്തിലെ പ്രമുഖനായ ലയണൽ വാൾട്ടർ റോത്ത്സ്ചൈൽഡിന് ഒരു കത്ത് എഴുതി, അതിൽ ജൂതന്മാർക്ക് പലസ്തീനിൽ ഒരു “ദേശീയ ഭവനം” സ്പോൺസർ ചെയ്യാനുള്ള ആശയം ഉണ്ടായിരുന്നു. എന്നാൽ അമേരിക്കൻ സാമ്രാജ്യത്വവാദികള്‍ ഈ മേഖലയിലേക്ക് നുഴഞ്ഞുകയറാൻ തുടങ്ങിയതോടെ ബ്രിട്ടീഷ് സാമ്രാജ്യത്വവാദികളും സയണിസ്റ്റുകളും തമ്മിലുള്ള ബന്ധം വൈകാതെ വഷളായി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, നാസി ഫാസിസ്റ്റുകളുടെ അടുത്തുനിന്നും ഭീകരമായ പീഡനവും ഉന്മൂലനവും അനുഭവിച്ച യഹൂദ ജനതയോട് ലോകമെമ്പാടും സഹതാപം ഉയർന്നപ്പോൾ, യുഎസ് സാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങളിലൂടെയാണ് 1947 നവംബർ 29ന് ജനറൽ അസംബ്ലി പ്രമേയം 181-ൽ പലസ്തീൻ ഭൂമിയെ ജൂത, അറബ് രാജ്യങ്ങളായി വിഭജിക്കാൻ ഐക്യരാഷ്ട്രസഭ വോട്ട് ചെയ്തത്. ഒടുവിൽ, 1948 മെയ് 15ന് സയണിസ്റ്റുകൾ ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കുകയും ലക്ഷക്കണക്കിന് പലസ്തീനികളെ അവരുടെ വീടുകളില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പുതുതായി രൂപീകരിച്ച ഇസ്രയേൽ രാഷ്ട്രത്തിൽനിന്ന് പലായനം ചെയ്ത അറബ് വംശജർ നാളിതുവരെ അയൽപക്കത്തുള്ള അറബ് രാജ്യങ്ങളിലെ ദയനീയമായ അഭയാർത്ഥി ക്യാമ്പുകളിൽ ജീവിതം തള്ളിനീക്കാന്‍ നിർബന്ധിതരായി. പലസ്തീന് വിഭജിച്ച് ഒരു ജൂത രാഷ്ട്രം രൂപീകരിക്കുന്നതിനെ അറബ് രാജ്യങ്ങൾ ശക്തമായി എതിർത്തു. 1948ൽ അറബ് രാജ്യങ്ങളും സയണിസ്റ്റ് ഇസ്രയേലും തമ്മിൽ ഒരു ഹ്രസ്വയുദ്ധം പൊട്ടിപ്പുറപ്പെട്ടു, തുടർന്ന് മറ്റ് യുദ്ധങ്ങളിലൂടെയും അമേരിക്കയുടെ മൗന പിന്തുണയോടെയും ഇസ്രയേൽ ഭരണകൂടം പുതിയ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും പലസ്തീൻ മുഴുവനായും കൈവശപ്പെടുത്തുകയും ചെയ്തു.
1897ൽ തന്നെ ഒരു വിഭാഗം ജൂതന്മാർക്കിടയിൽ മുളപൊട്ടിയ സയണിസ്റ്റ് പ്രസ്ഥാനത്തെ മഹാനായ ലെനിൻ വിശേഷിപ്പിച്ചത്, സാമൂഹികമായി പിന്തിരിപ്പനും ജൂതന്മാർക്കിടയിലെ വർഗവിഭജനം മറച്ചുവെയ്ക്കുന്ന പിന്നോക്ക ശക്തിയുമായ, ഒരു പ്രതിലോമപരമായ തീവ്ര ദേശീയവികാരത്തിലധിഷ്ഠിതമായ ബൂർഷ്വാ ദേശീയ പ്രവണതയായിട്ടാണ്. പിന്നീട്, 1947ൽ, മഹാനായ സ്റ്റാലിൻ നയിച്ച സോവിയറ്റ് യൂണിയൻ, നാസികളുടെ കൈകളാൽ കുടിയിറക്കപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരുമായ ജൂതന്മാരുടെ അവസ്ഥയോട് അനുഭാവം പുലർത്തുന്നുണ്ടെങ്കിലും ഒരു ജൂത-അറബ് ദ്വിദേശീയതാ രാഷ്ട്രത്തിന്റെ രൂപീകരണത്തെ പിന്തുണയ്ക്കുന്നതായി ഐക്യരാഷ്ട്ര സംഘടനയില്‍ പ്രസ്താവിച്ചു. എന്നാൽ ഇത് അസാധ്യമാണെന്ന് തെളിഞ്ഞാൽ, ആ നിർബന്ധിത സാഹചര്യത്തിൽ, സോവിയറ്റ് യൂണിയൻ വിഭജനത്തെ പിന്തുണയ്ക്കുകയും ഇസ്രയേലിനെയും പലസ്തീനെയും രണ്ട് സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളായി അംഗീകരിക്കുകയും ചെയ്യും. ഒടുവിൽ, യുഎൻ പ്രമേയം ഭൂരിപക്ഷ വോട്ടുകൾക്ക് രണ്ട് പ്രത്യേക രാഷ്ട്രങ്ങളുടെ രൂപീകരണത്തെ അംഗീകരിച്ചു.
സയണിസ്റ്റ് ഇസ്രയേൽ രാഷ്ട്രം സാമ്രാജ്യത്വ കുതന്ത്രങ്ങളുടെ ഉൽപ്പന്നമാണ്, സാമ്രാജ്യത്വവാദികൾ, പ്രത്യേകിച്ച് യുഎസ്, സൈനികമായും ഭൗതികമായും രാഷ്ട്രീയമായും ഇസ്രയേലിനെ ഉദാരമായി പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു. എണ്ണ സമ്പന്നമായ മിഡിൽ ഈസ്റ്റിൽ ഇസ്രയേലിനെ തങ്ങളുടെ ദ്വാരപാലകരായി സ്ഥാപിക്കാൻ അമേരിക്ക ആഗ്രഹിച്ചു. ആ സഹായത്തോടും പിന്തുണയോടും കൂടി, ഇസ്രയേൽ അത്യാധുനികവും മാരകവുമായ ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിച്ച് സായുധരായി. ലോകത്തെ ഏറ്റവും മാരകമായ യുദ്ധക്കൊതിയുള്ള ശക്തിയായി അവർ വളർന്നു. അവരുടെ അപാരമായ ചാരശൃംഖലയും അട്ടിമറികള്‍ക്കുള്ള ശേഷിയും പ്രഹരശക്തിയും, പലസ്തീനികളുടെ മാത്രമല്ല മിഡിൽ ഈസ്റ്റിലെ എല്ലാ അറബ് രാജ്യങ്ങളുടെയും നിലനിൽപ്പിന് യഥാർത്ഥത്തില്‍ ഭീഷണിയാണ്.
വീടുകളില്‍ നിന്നും ഉപജീവനമാർഗത്തിൽ നിന്നും വേരോടെ പിഴുതെറിയപ്പെട്ട പലസ്തീനിലെ അറബികൾ ഭയാനകമായ ദാരിദ്ര്യത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ദയനീയമായ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെട്ടു. സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും അതിജീവിക്കാനുള്ള അവരുടെ തീവ്രമായ ശ്രമങ്ങളിലൂടെ, ആത്യന്തികമായി, 1964ൽ രൂപീകരിച്ച യാസർ അറാഫത്ത് നേതാവായ പലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പിഎൽഒ) നേതൃത്വത്തിൽ അവർ സംഘടിത പോരാട്ടം കെട്ടിപ്പടുത്തു. യുദ്ധമായി ആരംഭിച്ച അവരുടെ ചെറുത്തുനിൽപ്പ് താമസിയാതെ തങ്ങളുടെ സ്വതന്ത്ര പരമാധികാര പലസ്തീനിയൻ രാഷ്ട്രത്തിനും, അഭയാർത്ഥികൾക്ക് അവരുടെ നാട്ടിലേക്ക് മടങ്ങാനുള്ള അവകാശത്തിനും വേണ്ടിയുള്ള പോരാട്ടമായി രൂപാന്തരപ്പെട്ടു. എന്നാൽ പലസ്തീൻ വിമോചന പ്രസ്ഥാനത്തിന് കാര്യമായ പുരോഗതി കൈവരിക്കാനായില്ല. കൃത്യമായ സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങള്‍ മൂലം വിവിധ അറബ് രാഷ്ട്രങ്ങൾ തമ്മിലുണ്ടാകുന്ന അനൈക്യത്താൽ വർഷങ്ങളായി അത് തട്ടിയും തടഞ്ഞും ദുർബലമായി മുന്നോട്ടു പോകുന്നു. ഇസ്രയേലിന്റെ ഇടയ്ക്കിടെയുള്ള സായുധ ആക്രമണങ്ങൾ നിർബാധം തുടർന്നു. സാമ്രാജ്യത്വ പിന്തുണയും സജ്ജീകരണവുമുള്ള ഇസ്രയേലിന്റെ ആധുനിക സൈന്യം എത്ര ശക്തമായിരുന്നു എന്നറിയണമെങ്കില്‍, 1967-ൽ പിഎൽഒയ്ക്കും വിവിധ അറബ് സൈന്യങ്ങൾക്കും എതിരായ വെറും ആറ് ദിവസത്തെ യുദ്ധത്തിൽ, ഇസ്രയേലിന് ഗാസ മുനമ്പും വെസ്റ്റ് ബാങ്കും ഗോലാൻ കുന്നുകളും സീനായും പിടിച്ചെടുക്കാൻ കഴിഞ്ഞത് ഓർത്താല്‍ മതി. അത്തരത്തിലുള്ള ശക്തനായ ഒരു ശത്രുവിനും അതിന്റെ സാമ്രാജ്യത്വ പിന്തുണക്കാർക്കും എതിരെയാണ്, പലസ്തീൻ ജനതയെ അവരുടെ സാമ്രാജ്യത്വ വിരുദ്ധ ചെറുത്തുനിൽപ്പിന്, അവരുടെ ന്യായമായ ലക്ഷ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ അറാഫത്ത് നയിച്ചത്. എന്നിരുന്നാലും, ഇസ്രയേലിന്റെ തെമ്മാടിത്തരത്തിനെതിരെ ലോകജനതയുടെ അഭിപ്രായം ഉയരുന്നത്, ഇടയ്ക്കിടെ ഇസ്രയേലിനെയും അവരുടെ ഉപദേഷ്ടാവായ യുഎസ് സാമ്രാജ്യത്വത്തെയും വിട്ടുവീഴ്ചകൾക്ക് നിർബന്ധിതരാക്കി. അങ്ങനെ ഇസ്രയേലിന്, 1967-ലെ യുദ്ധത്തിൽ പിടിച്ചടക്കിയ ചില പ്രദേശങ്ങൾ ഈജിപ്തിന് തിരികെ നൽകേണ്ടിയും വന്നു. അക്കാലത്ത്, അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പൂർണ്ണമായും താറുമാറായിരുന്നില്ല. സിറിയ, ജോർദാൻ, ഇറാഖ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ യാസർ അറാഫത്തിന്റെ നേതൃത്വത്തിലുള്ള മതേതര ഇടതുപക്ഷ സംഘടനയായ പിഎൽഒയോട് ഉറച്ച ഐക്യദാർഢ്യം പ്രകടിപ്പിച്ചു. തന്മൂലം അത്തരം ആക്രമണങ്ങളെ തടയുന്നതിൽ ഒരു പരിധി വരെ വിജയിച്ചു. പലസ്തീൻ ജനതയുടെ ന്യായമായ പോരാട്ടത്തിന്റെ ജീവനുള്ള ചിഹ്നമായിരുന്നു അറാഫത്ത്. എല്ലാം നഷ്ടപ്പെട്ട പലസ്തീൻ ജനതയ്ക്ക് സ്വന്തം ജന്മദേശത്ത് അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാനുള്ള അഭിലാഷങ്ങളുടെ പ്രതീകമായി അദ്ദേഹം മാറി. 50 വർഷത്തിലേറെയായി പോരാട്ടം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സാമ്രാജ്യത്വത്തിനെതിരായും സയണിസ്റ്റ് ഭീകരതയ്ക്ക് എതിരായുമുള്ള പോരാട്ടത്തിന് അദ്ദേഹം പ്രചോദനമായി. അത് ഉയർച്ചകളും താഴ്ച്ചകളുമുള്ള യുദ്ധമായിരുന്നു. അതില്‍ വിജയങ്ങളും പരാജയങ്ങളുമുണ്ടായി, പക്ഷേ, പ്രതീക്ഷ നഷ്ടപ്പെട്ടില്ല. അതിനാൽ, സയണിസ്റ്റ് ഇസ്രയേൽ ഭരണാധികാരികളുടെയും യുഎസ് സാമ്രാജ്യത്വത്തിന്റെയും മാംസത്തില്‍ തറച്ച മുള്ളായിരുന്നു അറാഫത്ത്. അദ്ദേഹത്തെ ഉന്മൂലനം ചെയ്യാനും അവർ ശ്രമിച്ചു. പക്ഷേ, ക്രൂഷ്ചെവൈറ്റ് റിവിഷനിസ്റ്റുകൾ സ്വീകരിച്ച മാർക്സിസ്റ്റ് വിരുദ്ധ നിലപാടുകള്‍ കാരണം, അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിസ്സംഗമാവുകയായിരുന്നു, വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ലക്ഷ്യം നഷ്ടപ്പെടുകയും ചിലർ വിഘടിക്കുകയും ചെയ്തു. 1993ൽ പലസ്തീൻ സ്വാതന്ത്ര്യസമര സേനാനികളുടെ ആദ്യ ഇൻറ്റിഫാദയ്ക്ക് (സായുധ പ്രക്ഷോഭം) ശേഷം, പിഎല്‍ഒയും ഇസ്രയേലും തമ്മില്‍ ഓസ്ലോ കരാറിലൂടെ സമാധാന ഉടമ്പടിയില്‍ എത്തിയെന്നതും ഇവിടെ പരാമർശിക്കേണ്ടതുണ്ട്. പലസ്തീൻ അതോറിറ്റി(പിഎ) രൂപീകരണത്തിലൂടെ വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും പലസ്തീനികൾക്കുള്ള പരിമിതമായ സ്വയംഭരണത്തിന് ഉടമ്പടി കാരണമായി. 1999 മെയ് മാസത്തോടെ ഇസ്രയേൽ-പലസ്തീൻ സംഘർഷം പരിഹരിക്കുക എന്നതായിരുന്നു കരാറുകളുടെ ലക്ഷ്യം എങ്കിലും, പലസ്തീന്‍ ഭുമികയില്‍ അന്തർലീനമായിരുന്ന പതിറ്റാണ്ടുകൾ നീണ്ട ശത്രുതയില്‍ നിന്നുണ്ടാകുന്ന സങ്കീർണ്ണതകൾ ആത്യന്തികമായി പ്രക്രിയയെ പാളം തെറ്റിക്കുകയും ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങൾ 21-ാം നൂറ്റാണ്ടിൽ പുകയാൻ അവശേഷിപ്പിക്കുകയും ചെയ്തു. സമാധാന ഉടമ്പടി എന്നും പേരിട്ടിരിക്കുന്ന ഓസ്ലോ ഉടമ്പടിയെ മാനിച്ചുകൊണ്ട്, പിഎല്‍ഒ ഇസ്രയേലിനെതിരെ സായുധ പ്രതിരോധം ആരംഭിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയും പലസ്തീൻ ഭരണകൂടത്തെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. എന്നിരുന്നാലും, സയണിസ്റ്റ് ഇസ്രയേൽ ഭരണാധികാരികൾ ഉടമ്പടിയുടെ നഗ്നമായ ലംഘനം നടത്തി ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും സയണിസ്റ്റ് സെറ്റിൽമെന്റുകൾ പ്രോത്സാഹിപ്പിക്കുകയും പലസ്തീനിയൻ ജനതയെ പലവിധത്തിലും ദ്രോഹിക്കുകയും അങ്ങനെ യുദ്ധ സംഘർഷത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഇത് പിഎൽഒയെയും പലസ്തീൻ ജനതയെയും ക്രമേണ ദുർബലപ്പെടുത്തി. പ്രത്യേകിച്ചും യുവാക്കൾ, അവർക്ക് സ്വാതന്ത്ര്യത്തിനോ തൊഴിലിനോ പോലും പ്രതീക്ഷ നൽകാത്ത സമാധാന പ്രക്രിയയിൽ കൂടുതൽ നിരാശരായി വളർന്നു. അതേ സമയം, പലസ്തീനികൾ അവരുടെ ഭൂമിയായി കണ്ടിരുന്നയിടങ്ങളില്‍ പുതിയ ജൂത വാസസ്ഥലങ്ങൾ നിർമ്മിക്കുന്നത് തടസ്സമില്ലാതെ നടന്നു. അങ്ങനെ, അവർ ഇടതുപക്ഷത്തെക്കുറിച്ച് നിരാശരാകുകയും തങ്ങളുടെ മാതൃരാജ്യത്തിന്റെ ആവശ്യം നേടിയെടുക്കാൻ ഇസ്ലാമിക തീവ്രവാദത്തിലേക്ക് മാറുകയും ചെയ്തു. സോവിയറ്റ് യൂണിയനിലെ സോഷ്യലിസത്തിന്റെ തകർച്ചയ്ക്ക് ശേഷം, സാമ്രാജ്യത്വ വിരുദ്ധ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സ്ഥാനം കൂടുതൽ ക്ഷയിച്ചു. അത് ഏറെക്കുറെ പിഎൽഒയുടെ തകർച്ചയിലേക്കും നയിച്ചു. ഈ പശ്ചാത്തലത്തിലാണ് ഹമാസ് രംഗത്ത് വന്നത്. പലസ്തീനിയൻ യുവാക്കൾക്കും ഇടതുപക്ഷത്തിൽ വിശ്വാസം നഷ്ടപ്പെടുകയും ഹമാസിന്റെ ലൈൻ സ്വീകരിക്കാൻ പ്രേരണയുണ്ടാവുകയും ചെയ്തു. ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റ് എന്നാണ് ഹമാസിന്റെ പൂർണ്ണരൂപം. അറബി ഭാഷയില്‍ “തീക്ഷ്ണത” എന്നാണ് ഇത് അർത്ഥമാക്കുന്നത്. 1989ൽ ഹമാസിന്റെ നേതാവ് അഹ്മദ് യാസിനെ ഇസ്രയേൽ തടവിലാക്കിയെങ്കിലും, ഇസ്രയേൽ സുരക്ഷയ്ക്ക് താരതമ്യേന ചെറിയ ഭീഷണിയായി അത് കണക്കാക്കപ്പെട്ടിരുന്നതിനാൽ ഗ്രൂപ്പിന്റെ വ്യാപനത്തിന് നേരെ അവർ കണ്ണടച്ചു. അറഫാത്തിന്റെ നേതൃത്വത്തിലുള്ള പിഎൽഒ ഉയർത്തുന്ന ഭീഷണിയിലാണ് ഇസ്രയേൽ നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2004 നവംബർ 11ന് അറാഫത്ത് അന്തരിച്ചു. ഇസ്രയേൽ വിഷം കൊടുത്ത് കൊന്നുവെന്ന് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടർ പോലും ആരോപണങ്ങൾ ഉന്നയിച്ചുവെങ്കിലും ഒടുവിൽ ഒന്നും സ്ഥാപിക്കാനായില്ല. എന്നാൽ ഗാസയിലെ പലസ്തീനികൾ ഒരിക്കലും പൂർണ്ണ സ്വയംഭരണം നേടിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഇസ്രയേലാകട്ടെ, ഗാസയുടെ ബാഹ്യ ചുറ്റളവ് (ഈജിപ്ത് നിയന്ത്രിക്കുന്ന ഗാസയുടെ തെക്കൻ അതിർത്തി ഒഴികെ), അതിന്റെ തുറമുഖങ്ങൾ, വ്യോമ ഇടം, ആളുകളുടെയും ചരക്കുകളുടെയും കടന്നുപോകൽ എന്നിവ നിയന്ത്രിക്കുന്നത് തുടർന്നു.
ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും തിരഞ്ഞെടുപ്പിൽ ഹമാസ് വിജയിച്ചിരുന്നു
2006ൽ വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും താമസിക്കുന്ന പലസ്തീനികളുടെ മുക്കാൽ ഭാഗവും 132 അംഗ ലെജിസ്ലേറ്റീവ് കൗൺസിലിനെ തിരഞ്ഞെടുത്തത് നിർണായക വഴിത്തിരിവായി. ഹമാസുമായി ബന്ധമുള്ള സ്ഥാനാർത്ഥികൾ പകുതിയിലധികം സീറ്റുകളിലും വിജയിച്ചു. ഇസ്രയേലുമായി ചർച്ച നടത്തുമെന്ന് ഹമാസ് പറഞ്ഞെങ്കിലും 10 വർഷത്തെ വെടിനിർത്തൽ വേണമെന്നാണ് അവർ ആവശ്യപ്പെട്ടത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും സമ്മർദത്തിന് വഴങ്ങി പലസ്തീൻ അതോറിറ്റി(പിഎ) ഹമാസിന്റെ വിജയം നിരസിച്ചു. മഹ്മൂദ് അബ്ബാസിനോട് വിശ്വസ്തരായ സൈനികരെ പുറത്താക്കി 2007ൽ ഗാസയുടെ ചുമതല ഏറ്റെടുത്തുകൊണ്ട് ഹമാസും സഖ്യകക്ഷികളായ ഇസ്ലാമിക തീവ്രവാദികളും പ്രതികരിച്ചു. ഏതാണ്ട് തീവ്രവാദ രീതിയിലുള്ള ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങളും ഭീഷണികളും ഹമാസിന്റെ ഉയർച്ചയ്ക്ക് ആക്കം കൂട്ടി. ഇപ്പോൾ ഹമാസ് ഇസ്രയേലിന്റെ രാഷ്ട്രപദവി അംഗീകരിക്കുന്നില്ലെങ്കിലും 1967-ലെ അതിർത്തി അനുസരിച്ചുള്ള പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു. “നിലവിലുള്ള സമ്മർദങ്ങൾ എന്തുതന്നെയായാലും എത്ര കാലം അധിനിവേശം നടത്തിയാലും പലസ്തീൻ മാതൃഭൂമിയുടെ ഒരിഞ്ച് പോലും ഞങ്ങൾ വിട്ടുകൊടുക്കില്ല,” എന്നാണ് 2017 ൽ പലസ്തീൻ ഗ്രൂപ്പിന്റെ പ്രവാസി നേതാവ് ഖാലിദ് മെഷാൽ പറഞ്ഞത്.
ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്
കഴിഞ്ഞ ഒക്ടോബർ 7ന് ഹമാസ് ഗറില്ലകൾ ഇസ്രയേലിലേക്ക് വന്‍തോതില്‍ റോക്കറ്റുകൾ തൊടുത്തുവിടുകയും തോക്കുധാരികളെ തെക്കൻ ഇസ്രയേലി പ്രദേശത്തേക്ക് അയക്കുകയും ചെയ്തത് ഇസ്രയേൽ അധികാരികളെ അമ്പരപ്പിച്ചു എന്നത് സത്യമാണ്. ഇസ്രയേലി കുടിയേറ്റക്കാരുടെ വ്യാപകമായ അധിനിവേശം, അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ-അഖ്സ മസ്ജിദ് വളപ്പിലെ വർധിപ്പിച്ച സംഘർഷം, കൊല്ലപ്പെടുന്ന പലസ്തീനികളുടെ എണ്ണത്തിലെ അഭൂതപൂർവ്വമായ വർധന എന്നിവയ്ക്ക് പിന്നാലെയാണ് ഹമാസിന്റെ ഈ പ്രവർത്തനം. അമേരിക്കയുടെ പിന്തുണയോടെ ജറുസലേമിനെ ഇസ്രയേൽ ബലമായി പിടിച്ചെടുക്കുകയും ഏകപക്ഷീയമായി ഇസ്രയേൽ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തതും വ്യക്തമായ യുദ്ധ പ്രകോപനമായിരുന്നു. പതിറ്റാണ്ടുകളായി പലസ്തീനികൾ നേരിടുന്ന അതിക്രമങ്ങൾക്ക് മറുപടിയായാണ് തങ്ങളുടെ സൈനിക നടപടിയെന്ന് ഹമാസ് വക്താവ് ഖാലിദ് ഖദോമി പറഞ്ഞു. “പലസ്തീൻ ജനതയ്ക്കും അൽ-അഖ്സ മസ്ജിദ് പോലുള്ള നമ്മുടെ പുണ്യസ്ഥലങ്ങൾക്കും എതിരായ ഗാസയിലെ അതിക്രമങ്ങൾ അന്താരാഷ്ട്ര സമൂഹം ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” ഈ കാര്യങ്ങളാണ് ഈ യുദ്ധം ആരംഭിക്കുന്നതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിലെ സിവിലിയൻ ജനങ്ങൾക്കെതിരെ ഹമാസ് നടത്തുന്ന ആക്രമണങ്ങളെ പിന്തുണയ്ക്കാൻ ആർക്കും കഴിയില്ലെങ്കിലും, അതിന്റെ പ്രതികാരമായി ഇസ്രയേൽ ചെയ്യുന്നത് പലസ്തീൻ ജനതയ്ക്കെതിരായ വംശഹത്യക്ക് തുല്യമായ ഏറ്റവും നിഷ്ഠൂരമായ ശിക്ഷയാണ്.
പലസ്തീൻ തെരഞ്ഞെടുപ്പിൽ ജനാധിപത്യപരമായി ഹമാസ് അധികാരത്തിൽ വന്ന് ഒരു വർഷത്തിന് ശേഷം, 2007 മുതൽ ഇസ്രയേൽ ഗാസയിൽ കരയിലും കടലിലും ആകാശത്തും ഉപരോധം തുടരുന്നു എന്നത് പരാമർശിക്കേണ്ടതാണ്. അതിർത്തി നിയന്ത്രണങ്ങൾ കൂടാതെ, ഇസ്രയേൽ ഭരണകൂടം ഗാസയില്‍ വീടുകൾ തകർത്തു, കർഫ്യൂ ഏർപ്പെടുത്തി, റോഡ് തടസ്സങ്ങൾ സൃഷ്ടിച്ചു, വ്യക്തിഗത സ്വത്ത് കണ്ടുകെട്ടി, കൃഷിഭൂമിയും ജലവിതരണ സംവിധാനങ്ങളും നശിപ്പിച്ചു. മാത്രമല്ല, ഹമാസിന്റെ നേതാക്കളെയും പ്രവർത്തകരെയും വധിക്കാൻ സയണിസ്റ്റ് ഇസ്രയേൽ ഭരണകൂടത്തിന്റെ തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ട്. അവരുടെ 16 വർഷത്തെ ഉപരോധത്തിന്റെ ഫലങ്ങൾ 45 ശതമാനത്തിലധികം തൊഴിലില്ലായ്മ നിരക്ക് സൃഷ്ടിച്ചു – ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഗാസയിലെ താമസക്കാർക്ക് ഇതുവരെ ലഭ്യമായിരുന്ന പ്രതിദിനം 13 മണിക്കൂർ വൈദ്യുതിയും ഇപ്പോൾ പിൻവലിച്ചു.
ഇസ്രയേൽ വളരെക്കാലമായി പലസ്തീന്റെ വലിയ പ്രദേശം അനധികൃതമായി കൈവശപ്പെടുത്തുകയും പലസ്തീൻ ജനതയ്ക്കെതിരായ സൈനിക ആക്രമണം തുടരുകയും ചെയ്യുന്നു. സാമ്പത്തിക ഉപരോധം അടിച്ചേല്‍പ്പിക്കുകയും ജനങ്ങളെ ചെറുതും കുടുസ്സുമായ ഗെട്ടോ പോലുള്ള സ്ഥലങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ട് ഏറ്റവും കിരാതമായ തരം വർണ്ണവിവേചന ഭരണം നടപ്പാക്കി സയണിസ്റ്റ് സെറ്റിൽമെന്റുകൾ തടസ്സമില്ലാതെ വ്യാപിപ്പിച്ചു. അങ്ങനെയുള്ള ഇസ്രയേൽ, ഹമാസ് അതിന്റെ ചെറുത്തുനിൽപ്പ് യുദ്ധം ആരംഭിച്ചയുടനെ തന്നെ, ഇപ്പോൾ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ പലസ്തീൻ എൻക്ലേവ് ആക്രമിച്ചുകൊണ്ട്, കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കാൻ തുടങ്ങി. അതിന്റെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ ആക്രമണങ്ങളിൽ ഒന്നായി മാറുന്നു ഇത്. ഭക്ഷണമോ വെള്ളമോ പാർപ്പിടമോ ഇല്ലാത്ത തെക്കൻ ഭാഗത്തേക്ക് രണ്ട് ദശലക്ഷത്തിലധികം ആളുകളോട് പലായനം ചെയ്യാൻ അവർ ഉത്തരവിട്ടു. തുടർന്ന് വീടുകൾക്കും അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾക്കും നേരെ ഇസ്രയേൽ നടത്തിയ നിരന്തര വ്യോമാക്രമണങ്ങളും ഷെല്ലാക്രമണവും ഗാസയിലെ അഭയാർത്ഥി ക്യാമ്പായ ജബാലിയയിൽ വ്യാപകമായ നാശം വരുത്തി. അവിടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതും അതു കാണുന്ന ബന്ധുക്കളുടെ ദുഃഖവിലാപവും മനുഷ്യത്വമുള്ള ആരുടെയും കരളലിയിക്കുന്ന കാഴ്ച്ചയായിരുന്നു. ഇതിനകം തന്നെ ഉപരോധത്തിൻ കീഴിൽ സ്ഥിതിഗതികൾ ഭയാനകമായ തെക്കൻ ഗാസ മുനമ്പിലേക്ക്, വടക്കൻ ഗാസയിൽ നിന്നുള്ള 10 ലക്ഷത്തിലധികം പലസ്തീനികളെ തള്ളിവിട്ടുകൊണ്ട്, പോകാൻ ഒരിടവുമില്ലാതെ അവരെ അവിടെ പൂട്ടിയിട്ടു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനും ജുഡീഷ്യൽ സ്വയംഭരണം ഇല്ലാതാക്കാന്‍ ശ്രമിച്ചതിനും സ്വന്തം രാജ്യത്ത് ദീർഘകാലമായി വൻ ജനകീയ പ്രതിഷേധം നേരിടുന്നയാളാണ് ഇസ്രയേലിലെ ഏറ്റവും അഴിമതിക്കാരനും ഫാസിസ്റ്റുമായ സ്വേച്ഛാധിപത്യ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. “ആദ്യ ഘട്ട” പ്രതികാരത്തിന് ശേഷം വലിയ തോതിലുള്ള “ആക്രമണങ്ങൾ” ഉണ്ടാകുമെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രിയാകട്ടെ യാതൊരു മടിയുമില്ലാതെ പറഞ്ഞത്: “ഞാൻ ഗാസ മുനമ്പിൽ സമ്പൂർണ ഉപരോധത്തിന് ഉത്തരവിട്ടു. വൈദ്യുതിയില്ല, ഭക്ഷണമില്ല, ഇന്ധനമില്ല, മരുന്നുമില്ല, എല്ലാം അടഞ്ഞുകിടക്കും. ഞങ്ങൾ മനുഷ്യ മൃഗങ്ങളോട് യുദ്ധം ചെയ്യുന്നു, അതിനനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കുന്നു… 1943ലെ വാർസോ ഗെട്ടോ പോലെ (ആയിരക്കണക്കിന് നിരപരാധികളായ ജൂത സിവിലിയന്മാരെ നാസികൾ നിഷ്കരുണം കൊന്നൊടുക്കിയ ഇടം)” , അത് “ഗാസ ഗെട്ടോ” ആയിരിക്കും.” അതായത്, ഒരിക്കൽ 60 ലക്ഷം നിരപരാധികളായ ജൂതന്മാരെ കൂട്ടക്കൊലചെയ്ത നാസികളും ഇപ്പോൾ നിരപരാധികളായ പലസ്തീൻ ജനതയോട് സയണിസ്റ്റുകളും ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. തങ്ങള്‍ തടവിലാക്കിയ രണ്ട് ഇസ്രയേൽ പൗരന്മാരെ ഒരു പ്രാരംഭനടപടിയെന്നോണം ഹമാസ് മോചിപ്പിക്കുകയും, ഗാസയിൽ വെടിനിർത്തലിനുള്ള ഉടമ്പടിക്കായി ഇസ്രയേലുമായി സാധ്യമായ എല്ലാ രാഷ്ട്രീയ ചർച്ചകൾക്കും സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ അത് നിരസിക്കുന്നതായി അറിയിച്ചുകൊണ്ട് കഴിഞ്ഞ ഒക്ടോബർ 23ന് യുഎസ് ആവർത്തിച്ചത്, ഇത്തരമൊരു നടപടി പലസ്തീൻ ഗ്രൂപ്പായ ഹമാസിന് ഇസ്രയേലിനെതിരായ കൂടുതൽ ആക്രമണങ്ങൾക്ക് തയ്യാറെടുക്കാനുള്ള അവസരം നൽകുമെന്നാണ്.
യുദ്ധവിരുദ്ധരും സമാധാനപ്രിയരുമായ ലോകജനതയുടെ ചുമതല
അമേരിക്കൻ സാമ്രാജ്യത്വവും സയണിസ്റ്റ് ഇസ്രയേലും അവരുടെ സഖ്യകക്ഷികളും ആക്രമണത്തെ ഭീകരവാദമായി ചിത്രീകരിക്കുന്നത് എത്ര ഉച്ചത്തിൽ ആണെങ്കിലും, ഹമാസിന്റെ ഇസ്രയേൽ ആക്രമണം, പീഡിപ്പിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന പലസ്തീനികളുടെ ചെറുത്തുനിൽപ്പിന്റെ ഭാഗമായാണ് കാണേണ്ടത്. പലസ്തീൻ ജനത 75 വർഷത്തിലേറെയായി നിയമവിരുദ്ധമായി കീഴടക്കപ്പെട്ടിരിക്കുന്നുവെന്നും അവരുടെ മാതൃരാജ്യത്തെ ബാഹ്യ അധിനിവേശത്തിൽനിന്ന് മോചിപ്പിക്കാനുള്ള എല്ലാ അവകാശങ്ങളും അവർക്കുമുണ്ടെന്നും ഓർക്കേണ്ടതുണ്ട്. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ ഒരു തരത്തിലും ആക്രമണ യുദ്ധമായി കണക്കാക്കാനാവില്ല. എന്നാൽ ഇസ്രയേലിനെ പോലെയുള്ള ശക്തമായ ഒരു സൈനിക രാഷ്ട്രത്തിന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രത്യാക്രമണം വംശഹത്യയോ വംശീയ ഉന്മൂലനമോ, അല്ലെങ്കിൽ ഒരു ദേശീയതയെ മുഴുവൻ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുകയോ മാത്രമാണ്. അനധികൃത അധിനിവേശക്കാരായ, വർണ്ണവിവേചനത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രം നടത്തുന്ന, പലസ്തീനെ ലോകത്തിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കാനുള്ള ശ്രമമാണിത്. ഭൂമിയിലെ ഏറ്റവും മനുഷ്യത്വരഹിതമായ തുറസ്സായ തടവറ സമ്പ്രദായമാണ് അവർ നടപ്പിലാക്കിയത്. അവരുടെ പ്രധാനമന്ത്രി തന്നെ അതിനെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നു. ആപ്പിളിലോ ഗൂഗിളിലോ മറ്റേതെങ്കിലും ഡിജിറ്റൽ മാപ്പിലോ ലോഗിൻ ചെയ്ത് “പലസ്തീൻ” എന്ന് ടൈപ്പ് ചെയ്താൽ ആരും അത് കണ്ടെത്തുകയില്ല. ഒരാൾക്ക് ഇസ്രയേലിനെ മാത്രമേ കണ്ടെത്താനാകൂ. ഭാഗ്യമുണ്ടെങ്കിൽ, അത് ഒരു സ്വതന്ത്ര രാഷ്ട്രമാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കാതിരിക്കാൻ ഇസ്രയേലിനുള്ളിൽ “പലസ്തീനിയൻ പ്രദേശങ്ങൾ” എന്ന് വിളിക്കപ്പെടുന്ന ചില പൊട്ടുകളിലേക്ക് നയിക്കപ്പെടാം. ശക്തമായ സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിയും നിലനിന്നിരുന്നെങ്കിൽ, വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് ഇത്തരമൊരു പൈശാചിക യുദ്ധം അഴിച്ചുവിടാൻ സാമ്രാജ്യത്വ യുദ്ധമോഹികൾ ഒരിക്കലും ധൈര്യപ്പെടില്ല എന്നതാണ് ഇവിടെ ഓർമ്മിക്കേണ്ടത്. ഒരു ഏകധ്രുവലോകത്താണ് അവർ തങ്ങളുടെ മാരകമായ ദൗത്യവുമായി അനിയന്ത്രിതമായി മുന്നോട്ടുപോകുന്നത്.
സാമ്രാജ്യത്വ ഇന്ത്യയാണ് ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ആദ്യം പ്രഖ്യാപിച്ച രാഷ്ട്രം. യുഎസ് സാമ്രാജ്യത്വത്തിലേക്ക് ചാഞ്ഞുകൊണ്ട് ഒരു ആഗോള മഹാശക്തിയായി സ്വയം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ അഭിലാഷമാണ് ഈ നടപിക്കുപിന്നില്‍. എന്നാൽ അതേ സമയം, ഭരിക്കുന്ന ഇന്ത്യന്‍ കുത്തകകൾക്ക് മധ്യപൂർവ്വേഷ്യയില്‍ വലിയ വാണിജ്യ പങ്കാളിത്തമുള്ളതിനാൽ, അവരുടെ വർഗ താൽപ്പര്യത്തിന് വിധേയരായ ബിജെപി സർക്കാരിന് പലസ്തീനെ പിന്തുണയ്ക്കുന്ന എല്ലാ അറബ് രാജ്യങ്ങളെയും എതിർക്കാൻ കഴിയില്ല. അതിനാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ, സർക്കാർ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചു. എന്നാല്‍ അതില്‍ ഇസ്രയേലിനെ വിമര്‍ശിക്കാന്‍ ഇന്ത്യ തയ്യാറായില്ല, പകരം “അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കാനുള്ള ബാധ്യത”യെക്കുറിച്ച് മാത്രം സംസാരിച്ചു. പലസ്തീന്റെ പ്രായോഗിക രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകതയെ പരാമർശിച്ചും, യുദ്ധത്തിൽ തകർന്നയിടങ്ങളിലേക്ക് സഹായങ്ങൾ അയച്ചും പലസ്തീനിന് ഒപ്പമാണെന്ന് വരുത്തുകയും ചെയ്തു. ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണങ്ങള്‍ക്കൊപ്പം ഗാസ മുനമ്പിലെ വിപുലീകരിച്ച കരയുദ്ധത്തിന്റെ പ്രഖ്യാപനം വന്നിട്ടും, കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം പതിനായിരത്തിന് അടുത്തെത്തിയിട്ടും, മനുഷ്യത്വപരമായ വെടിനിർത്തലിനായുള്ള യുഎൻ ജനറൽ അസംബ്ലി അംഗീകരിച്ച പ്രമേയത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. അക്രമം ഉടൻ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തെ പിന്തുണക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. അങ്ങനെ, ഇന്ത്യ ഫലത്തിൽ ഇസ്രയേലിന്റെയും യുഎസിന്റെയും യുദ്ധമുറകളും യുദ്ധക്കുറ്റങ്ങളും അംഗീകരിക്കുകയും ഇന്ത്യൻ ജനതയുടെ മഹത്തായ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തിനെതിരെ വ്യക്തമായി പ്രവർത്തിക്കുകയും ചെയ്തു.
ഇസ്രയേൽ പോലെയുള്ള ഒരു ക്രിമിനൽ രാഷ്ട്രം ക്രൂരമായ ഈ കുറ്റകൃത്യം തുടരുമ്പോള്‍ ലോകമെമ്പാടുമുള്ള യുദ്ധവിരുദ്ധ -സമാധാന പ്രേമികളായ ജനങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരായി തുടരാൻ കഴിയുമോ? തീർച്ചയായും ഇല്ല. യൂറോപ്പിലെയും മധ്യപൂർവ്വേഷ്യയിലെയും അമേരിക്കയിലെയും ഏഷ്യയിലെയും വിവിധ രാജ്യങ്ങളിൽ പലസ്തീനെ പിന്തുണച്ചും ഇസ്രയേൽ നേതൃത്വത്തിലുള്ള കൂട്ടക്കൊലയെ അപലപിച്ചും അനവധി റാലികൾ ഉയർന്നുവരുന്നത് സന്തോഷകരമാണ്. എന്നാൽ ഇടയ്ക്കിടെ നടക്കുന്ന ഈ പ്രക്ഷോഭങ്ങൾക്ക് സംഘടിത രൂപം നൽകി വിപ്ലവ നേതൃത്വത്തിൻ കീഴിൽ ഏകോപിപ്പിച്ച് ശരിയായ പാതയിലൂടെ നയിച്ചെങ്കിലെ അത് ഫലപ്രാപ്തിയിലെത്തുകയുള്ളു. ഒരു കാലത്ത് സാമ്രാജ്യത്വ യുദ്ധ തന്ത്രങ്ങൾക്കെതിരെയുള്ള തടയണയായി നിലകൊണ്ട ശക്തമായ സോഷ്യലിസ്റ്റ് ക്യാമ്പിന്റെ അഭാവത്തിൽ, ലോകമെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധരും യുദ്ധവിരുദ്ധരും സമാധാനപ്രിയരുമായ ഏവരുടെയും യോജിച്ച പ്രവർത്തനത്തിന് മാത്രമേ സാമ്രാജ്യത്വ യുദ്ധത്തെ തടയാൻ കഴിയൂ. യുഎസ് പിന്തുണയുള്ള ഇസ്രയേൽ നടത്തുന്ന ക്രൂരമായ കുറ്റകൃത്യത്തിനെതിരെ ഉറച്ച ശബ്ദം ഉയരണം; മാതൃരാജ്യത്തിനുവേണ്ടി നീതിപൂർവ്വം പോരാടുന്ന പലസ്തീനികളോട് ഐക്യദാർഢ്യത്തിൽ നിലകൊള്ളണം. ബലമായി പിടിച്ചടക്കിയ പലസ്തീൻ പ്രദേശങ്ങൾ ഉടൻ മോചിപ്പിക്കാനും പലസ്തീൻ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ അംഗീകരിക്കാനും ഇസ്രയേലിനെ നിർബന്ധിതമാക്കാന്‍ ഈ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന് കഴിയണം.