ബീഹാർ തെരഞ്ഞെടുപ്പ് വിലയിരുത്തുമ്പോൾ

1602739950-9648.jpg
Share

ബീഹാർ തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു സഖ്യം നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നു. ഇത് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. വിദഗ്ദ്ധരും തെരഞ്ഞെടുപ്പ് സർവേകളുമെല്ലാം മഹാസഖ്യം വിജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. ആർജെഡി, കോൺഗ്രസ്, ഇടതുപക്ഷമെന്നവകാശപ്പെടുന്ന സിപിഐ, സിപിഐ(എം), സിപിഐ(എംഎൽ) ലിബറേഷൻ എന്നിവരടങ്ങുന്നതായിരുന്നു ഈ സഖ്യം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻപോയ മാദ്ധ്യമ പ്രവർത്തകരെല്ലാം ശക്തമായ സർക്കാർവിരുദ്ധ വികാരം, വിശേഷിച്ച് മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരായ വികാരം നിലനിൽക്കുന്നതായാണ് രേഖപ്പെടുത്തിയത്. ഇത് ആർജെഡി സഖ്യത്തിന് ഗുണകരമാകുമെന്ന് പറഞ്ഞിരുന്നെങ്കിലും അങ്ങനെയല്ല സംഭവിച്ചത്. എവിടെയാണ് തെറ്റിയതെന്ന പരിശോധനയിലാണവർ. എന്നുമാത്രമല്ല, ഭരണവിരുദ്ധ വികാരം മുഖ്യമന്ത്രിയുടെ പാർട്ടിയെ ബാധിച്ചപ്പോൾ അതിന്റെ കറ ഘടകകക്ഷിയായ ബിജെപിയുടെമേൽ പതിഞ്ഞതുമില്ല. അവർക്ക് ജെഡിയുവിനേക്കാൾ 31 സീറ്റ് അധികം ലഭിച്ചു. കോവിഡ് മഹാമാരി പടർന്നതിനുശേഷം ആദ്യമായി നടക്കുന്ന ഈ തെരഞ്ഞെടുപ്പ് പല കാരണങ്ങളാലും കണ്ണ് തുറപ്പിക്കുന്ന ഒന്നായിരുന്നു. നേരായി ചിന്തിക്കുന്നവരും ജനാധിപത്യബോധമുള്ളവരുമായ ജനങ്ങൾ, രാജ്യത്തിന്ന് നിലനിൽക്കുന്ന സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തിൽ ഈ തെരഞ്ഞെടുപ്പ് ഫലം യുക്തിപൂർവ്വം വിലയിരുത്തേണ്ടതുണ്ട്.

ജനങ്ങളുടെ പ്രശ്‌നങ്ങൾ പിന്നിലേയ്ക്ക് തള്ളപ്പെട്ടു

ബീഹാറിലും രാജ്യത്തെവിടെയുമുള്ള അദ്ധ്വാനിച്ചുജീവിക്കുന്ന ജനങ്ങൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മുതലാളിത്ത ചൂഷണത്തിൽപ്പെട്ടുഴലുന്ന സ്ഥിതിയാണിന്നുള്ളത്. വൻ വിലക്കയറ്റം, തൊഴിലില്ലായ്മ, വരുമാനത്തിലെ ഇടിവ്, കർഷകർക്ക് പ്രതിഫലദായകമായ വില ലഭിക്കായ്ക, ജീവിതത്തിലെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയുടെ പ്രശ്‌നങ്ങൾ, മിനിമം വിദ്യാഭ്യാസവും ആരോഗ്യപരിപാലനവുംപോലും ലഭ്യമല്ലാത്ത സ്ഥിതി തുടങ്ങിയവയൊക്കെ ഒരുപിടി സമ്പന്നരൊഴികെ ബാക്കി മുഴുവനാളുകളെയും ദുരിതത്തിലാ ഴ്ത്തിയിരിക്കുകയാണ്. മുതലാളിത്തവ്യവസ്ഥയുടെ സഹജമായ പ്രതിസന്ധി സൃഷ്ടിക്കുന്ന മുഴുവൻ പ്രശ്‌നങ്ങളുടെയും ഭാരം ദരിദ്രരായ ജനങ്ങളുടെ ചുമലിലേയ്ക്ക് ഇറക്കിവയ്ക്കപ്പെടുകയാണ്. എല്ലാ വകഭേദങ്ങളിലുംപെട്ട ബൂർഷ്വാ ഗവണ്മെന്റുകൾ ഭരണമുതലാളിവർഗ്ഗത്തെ സേവിക്കാനുള്ള തത്രപ്പാടിൽ, ചെപ്പടിവിദ്യകളുടെയും മോഹനവാഗ്ദാനങ്ങളുടെയും മറപറ്റി ജനവിരുദ്ധമായ നയങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഇത് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതമയമാക്കുന്നു. ജനങ്ങളെ പാപ്പരാക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ആഗമനം ബൂർഷ്വാ സാമ്പത്തിക വിശാരദന്മാർക്കുപോലും മറച്ചുവയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ യാഥാർത്ഥ്യം വെളിപ്പെടുത്തുന്ന കണക്കുകളൊക്കെ കേന്ദ്രഗവണ്മെന്റ് മൂടിവച്ചിരി ക്കുകയാണ്. സമ്പദ്ഘടനയുടെ തിരിച്ചുവരവിനെക്കുറിച്ച് പൊള്ളയായ ശുഭാപ്തിവിശ്വാസം വിളമ്പുന്നതല്ലാതെ ഭരണകക്ഷി നേതാക്കൾക്കും മന്ത്രിമാർക്കും ജനങ്ങൾക്ക് മറ്റൊന്നും നൽകാനില്ല. ജനങ്ങളിൽ അസംതൃപ്തി വളരുന്നത് ഭീതിയോടെയാണവർ വീക്ഷിക്കുന്നത്. ഒരു ശരിയായ വിപ്ലവ പാർട്ടിയാൽ നയിക്കപ്പെട്ടാൽ ഈ അസംതൃപ്തി മുതലാളിത്തവിരുദ്ധ സമരത്തിന്റെ രൂപമെടുക്കുമെന്നും അവർ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ വർഗ്ഗീയവും ജാതീയവും വംശീയവും പ്രാദേശികവുമൊക്കെ യായ സങ്കുചിതത്വങ്ങൾ വളർത്തി ചൂഷിതജനതയുടെ ഐക്യം തകർക്കുന്നതിൽ അവർ വ്യാപൃതരായിരിക്കുന്നു. പിരിമുറുക്കവും സ്പർദ്ധയും സംശയവുമൊക്കെ ഊട്ടിവളർത്തി സാമൂഹ്യ അന്തരീക്ഷം മലീമസമാക്കാനും ജനങ്ങളിൽ സങ്കുചിതമായ ധ്രുവീകരണം സൃഷ്ടിക്കാനും വർഗ്ഗീയ കലാപങ്ങൾപോലും സൃഷ്ടിച്ചെടുക്കാനും അവർ എല്ലാ ശ്രമങ്ങളും നടത്തുന്നു. സംസ്ഥാനത്തെ സവിശേഷമായ പ്രശ്‌നങ്ങൾക്കൊപ്പം ഈ വ്യാധികളുമൊക്കെ ബീഹാറിൽ ദൃശ്യമാണ്.

കുറെക്കാലമായി ബീഹാറിൽ ഒരു പുതിയ വ്യവസായവും ആരംഭിച്ചിട്ടില്ല. പ്രകൃതി ദുരന്തം എന്നതിനേക്കാൾ മനുഷ്യന്റെതന്നെ സൃഷ്ടിയായ വെള്ളപ്പൊക്കവും വരൾച്ചയുമൊക്കെ തികഞ്ഞ അനാസ്ഥയോടെയാണ് ഗവണ്മെന്റ് കൈകാര്യം ചെയ്തിട്ടുള്ളത്. കൊള്ളയും കൊലയും സ്ത്രീപീഡനങ്ങളു മൊക്കെ പെരുകിക്കൊണ്ടിരിക്കുന്നു. ഭരണത്തിലിരിക്കുന്നവർക്ക് വിടുപണി ചെയ്യുന്നവർക്കുമാത്രമാണ് സർക്കാരിൽനിന്നുള്ള ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നത്. നോട്ടുനിരോധനം, ജിഎസ്ടി, തൊഴിലാളിദ്രോഹ-കർഷകദ്രോഹ നയങ്ങൾ തുടങ്ങി കേന്ദ്ര സർക്കാരിന്റെ ആഘാതങ്ങൾ വേറെയും. അവശേഷിച്ച ജനാധിപത്യാവകാശങ്ങളും തൊഴിൽ സുരക്ഷയുംപോലും കവർന്നെടുക്കുന്ന നയങ്ങളാണിവ. സ്ഥാപിത താല്പര്യക്കാർക്ക് കരിഞ്ചന്തയും പൂഴ്ത്തിവയ്പും വിലയിലെ കൃത്രിമവുമൊക്കെ നടത്തുന്നതിന് നിയമസാധുതയും ഇവ നൽകുന്നു.

അഴിമതി, കുറ്റകൃത്യങ്ങൾ, വർഗീയത എന്നിവയിൽനിന്നും മുക്തമായ ഒരു ഭരണമാണ് 2005ൽ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നത്. 15 വർഷംകൊണ്ട് ഇവയൊക്കെ പെരുകുകയാണ് ഉണ്ടായത്. ഉദാഹരണത്തിന്, ബീഹാറിലെ മുസഫർപൂർ ജില്ലയിലെ ഒരു അഭയകേന്ദ്രത്തിൽ അന്തേവാസികളായ പെൺകുട്ടികളെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ച കേസിൽ ഭരണകക്ഷി എംഎൽഎ ബ്രജേഷ് താക്കൂർ അടക്കം 19 പേരെയാണ് കോടതി ശിക്ഷിച്ചത്. 2018ൽ നടന്ന ഈ സംഭവത്തിൽ നിരവധി പ്രമുഖർ ഉൾപ്പെട്ടിരുന്നു. ജെഡിയു മന്ത്രിയുടെ ഭർത്താവും ഇതിൽ ഉൾപ്പെട്ടതോടെ മന്ത്രിക്ക് രാജി വയ്‌ക്കേണ്ടിവന്നു. സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ ബ്രജേഷ് താക്കൂർ നടത്തിക്കൊണ്ടിരുന്ന ഒരു സന്നദ്ധ സംഘടനയുടെ ഉടമസ്ഥതയിലായിരുന്നു ഈ അഭയകേന്ദ്രം. ഈ വിഷയത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും രണ്ട് ഉദ്യോഗസ്ഥ പ്രമാണികൾക്കുമെതിരെ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ദേശീയശ്രദ്ധ പിടിച്ചുപറ്റിയ സംഭവങ്ങളായിരുന്നു ഇവ. അതുപോലെതന്നെ, മദ്യനിരോധനത്തിന്റെ പേരിൽ മുഖ്യമന്ത്രി ഊറ്റം കൊണ്ടിരുന്നെങ്കിലും നിയമവിരുദ്ധമായി മദ്യം സുലഭമായിരുന്നു. ഗവണ്മെന്റിന്റെ ഒത്താശയില്ലാതെ ഇത് സാദ്ധ്യമാവില്ല എന്ന് വ്യക്തമാണ്. 2015 ൽ ബിജെപി നിതീഷ്‌കുമാറിനെതിരെ 100 കോടി രൂപയുടെ അഴിമതി ആരോപിച്ചിരുന്നു. അന്ന് ആർജെഡിയുമായി സഖ്യത്തിലായിരുന്നു നിതീഷ്‌കുമാർ. സർക്കാർ ആശുപത്രികൾക്ക് മരുന്ന് വിതരണം ചെയ്തതിലെ ക്രമക്കേടിൽ അന്വേഷണവും ബിജെപി ആവശ്യപ്പെട്ടിരുന്നു. (ഇന്ത്യ.കോം 5-8-2015) അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് എന്ന സംഘടനയുടെ പഠനമനുസരിച്ച് 2015ൽ മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ ബിജെപിക്കാരായിരുന്നു. (ദ ഹിന്ദു, 4-10-2015) ജീവിക്കാൻവേണ്ടി അങ്ങേയറ്റം ക്ലേശിക്കേണ്ടിവരുന്ന ജനങ്ങൾ സംസ്ഥാനത്തെ അഴിമതിയിൽ ഏറെ രോഷാകുലരായിരുന്നു.
ഇതിനിടയിലാണ് കോവിഡ് 19 മഹാമാരി വരുന്നത്. ഇതിന്റെ അപകടം യഥാസമയം മനസ്സിലാക്കുന്നതിലും അതിന്റെ വ്യാപനം തടയുന്നതിനായി ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിലും ഗവണ്മെന്റ് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. യാതൊരു മുന്നൊരുക്കവുമില്ലാതെ പൊടുന്നനെ ഏർപ്പെടുത്തിയ ലോക്ഡൗൺ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഇരട്ടിപ്പിക്കുകയും ചെയ്തു. വളരെ ദുർബലമായ ഒരു ആരോഗ്യ പരിപാലന-ചികിത്സ സംവിധാനമാണ് സംസ്ഥാനത്തുള്ളത്. സാമ്പത്തിക പ്രവർത്തനങ്ങൾ നിലയ്ക്കുകയും ജനജീവിതത്തിലെ സാധാരണ നില താറുമാറാകുകയും ചെയ്തതോടെ ജനജീവിതം ഒരു ദുഃസ്വപ്‌നം പോലെയായി. രാജ്യത്തെവിടെയുമെന്നപോലെ ബീഹാറിലും പകർച്ചവ്യാധിയുടെ ഭീകരതയും ജീവിതത്തിന്റെ താളംതെറ്റലും നടമാടി. ജീവിക്കാൻവേണ്ടി അന്യസംസ്ഥാനങ്ങളിൽപോയി പണിയെടുക്കുന്ന അനേകായിരം പ്രവാസി തൊഴിലാളികൾ ബീഹാറിലുണ്ടെന്നറിയാമല്ലോ. പൊടുന്നനെയുള്ള ലോക്ഡൗൺമൂലം ഉള്ള തൊഴിൽകൂടി നഷ്ടമായതോടെ ഇവർ തീർത്തും പാപ്പരായി. കേറിക്കിടക്കാൻ കൂരയോ വരുമാനമോ ഇല്ലാതെ തെരുവിലലയുന്ന സ്ഥിതിയിലായി. മറ്റൊരു പോംവഴിയുമില്ലാതായപ്പോൾ കുട്ടികളെയുമെടുത്ത് തലയിൽ ഭാണ്ഡവും ചുമന്ന് കൊടുംവെയിലിൽ നൂറുകണക്കിന് കിലോമീറ്ററുകൾ നടന്ന് ജന്മനാടുകൾ ലക്ഷ്യംവച്ച് ഇവർ പലായനം തുടങ്ങി. ആഹാരവും കുടിവെള്ളവും കിട്ടാതെ പലരും വഴിയിൽ മരിച്ചുവീണു. മാദ്ധ്യമപ്രവർത്തകർക്കുമുന്നിൽ അവരുടെ രോഷം അണപൊട്ടി.

കപടവും കൃത്രിമവുമായ വിഷയങ്ങൾ
ചർച്ചയ്‌ക്കെടുക്കുന്ന തെരഞ്ഞെടുപ്പുകൾ

പ്രചാരണത്തിന്റെ തുടക്കത്തിൽ എല്ലാവരും കരുതിയത് ജനങ്ങളിലുള്ള ശക്തമായ സർക്കാർവിരുദ്ധ വികാരംമൂലം ബിജെപി-ജെഡിയു സഖ്യത്തിന് അധികാരം നഷ്ടപ്പെടുമെന്നാണ്. മാദ്ധ്യമങ്ങളും തെരഞ്ഞെടുപ്പ് സർവേകളുമൊക്കെ ഇത് ശരിവച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മഹാസഖ്യം ഉയർത്തിക്കാട്ടിയ തേജസ്വി യാദവ് തൊഴിലില്ലായ്മ, ഗവണ്മെന്റ് ആശുപത്രികളുടെ ശോച്യാവസ്ഥ തുടങ്ങിയവയൊക്കെ ചർച്ചയ്‌ക്കെടുക്കുകയും അധികാരത്തിലെത്തിയാൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. വിഷയാധിഷ്ഠിത തെരഞ്ഞെടുപ്പ് എന്ന കാഴ്ചപ്പാട് അവതരിപ്പിക്കുകയും താനുൾപ്പെടുന്ന ചെറുപ്പക്കാരുടെ ടീം ബീഹാറിന്റെ പഴമയിൽനിന്നുള്ള മോചനം സാദ്ധ്യമാക്കുമെന്ന പ്രതീക്ഷയുണർത്തുകയും ചെയ്തു. യുവാക്കളിലും നല്ലൊരു വിഭാഗമാളുകളിലും ഇത് സ്വാധീനം ചെലുത്തിയതായി തേജസ്വിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളിലെ പങ്കാളിത്തം വ്യക്തമാക്കിയിരുന്നു. എന്നുമാത്രമല്ല സാധാരണക്കാരനെതിരായ കേന്ദ്രത്തിലെ ബിജെപി ഭരണത്തോടുള്ള എതിർപ്പും അവർ പ്രകടിപ്പിച്ചിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ പഴയപടിതന്നെ ജാതി സമവാക്യങ്ങളും ന്യൂനപക്ഷ ചായ്‌വുമൊക്കെയായി മുഖ്യ ചർച്ചാവിഷയങ്ങൾ. തെരഞ്ഞെടുപ്പ് വിശകലനങ്ങളിലും വാർത്തകളിലുമൊക്കെ ആര് എത്ര യാദവ വോട്ടുകൾ, എത്ര കുർമി വോട്ടുകൾ, എത്ര ദലിത് വോട്ടുകൾ, എത്ര ന്യൂനപക്ഷ വോട്ടുകൾ പിടിക്കും എന്നതായി പ്രധാന ചർച്ച. ബൂർഷ്വാ പാർട്ടികളും ജാതിയെയും മതത്തെയും അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകളിൽ മുഴുകി. കുത്തകകളുടെ നിയന്ത്രണത്തിലുള്ള മാദ്ധ്യമങ്ങളും ക്രമേണ ജനങ്ങളുടെ വിഷയങ്ങൾ തിരസ്‌കരിച്ച് ഈ വോട്ടുബാങ്ക് രാഷ്ട്രീയത്തെ ഒരു യാഥാർത്ഥ്യമായി അവതരിപ്പിച്ചുകൊണ്ട് ചർച്ച തുടങ്ങി. പൊടുന്നനെ ഒരുദിവസം മുഖ്യമന്ത്രിയായി വൈകാതെതന്നെ സ്ഥാനമൊഴിയേണ്ടിവന്ന ജിതൻ റാം മാഞ്ചി എത്ര ദലിത വോട്ടുകൾ സ്വാധീനത്തിലാക്കും, അടുത്തിടെ അന്തരിച്ച റാം വിലാസ് പസ്വാന്റെ മകൻ ചിരാഗ് പസ്വാൻ നിതീഷ്‌കുമാറിന് എത്രത്തോളം തലവേദന സൃഷ്ടിക്കും, ആർജെഡിയുടെ യാദവ് വോട്ടുബാങ്ക് സുരക്ഷിതമാണോ, ആർജെഡിക്കും കോൺഗ്രസ്സിനും ലഭിച്ചിരുന്ന മുസ്ലീം വോട്ടുകൾ ഇക്കുറി ഒവൈസിയുടെ മജിലിസ് പാർട്ടി കരസ്ഥമാക്കുമോ എന്നൊക്കെയായി ചർച്ചകൾ. ജർമൻ നാടോടിക്കഥയിലെ നായകനെപ്പോലെ അധികാരത്തിന്റെ ഇടനാഴികളിൽ വിരാജിക്കുന്നവരൊക്കെ സ്വന്തം ജാതിയിലോ സമുദായത്തിലോ ഉള്ളവരെ ആകർഷിച്ച് വോട്ടുബാങ്ക് സൃഷ്ടിക്കാൻ കെല്പുള്ളവരായിരിക്കണം എന്ന സ്ഥാപിത താല്പര്യമാണിവിടെ അരക്കിട്ടുറപ്പിക്കുന്നത്.

ജാതിയുടെയും വർഗ്ഗത്തിന്റെയും പ്രശ്‌നം

ഇന്ത്യൻ സമൂഹം ജാതിയുടെ പേരിൽ തട്ടുകളാക്കി തിരിക്കപ്പെട്ടതാണ്. കൃത്യമായ ചില സാമൂഹ്യ-രാഷ്ട്രീയ കാരണങ്ങളാൽ ഇത് ഇനിയും ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടില്ല എന്നതും അതുകൊണ്ടുതന്നെ കാലഹരണപ്പെട്ടതും അന്ധവിശ്വാസജടിലവുമായ ചിന്തകളുടെയും ആശയങ്ങളുടെയും സ്വാധീനവലയത്തിൽനിന്ന് ഇന്നും മുക്തമാക്കപ്പെട്ടിട്ടില്ല എന്നതും ഒരു വസ്തുതയാണ്. ഇവിടെ ഭൂവുടമകളും വ്യവസായ മുതലാളിമാരുമൊക്കെ ഉയർന്ന ജാതിയിൽപ്പെട്ടവരായിരിക്കുകയും വർഗപരമായ ചൂഷണവും ജാതിപരമായ അടിച്ചമർത്തലും കെട്ടുപിണഞ്ഞുകിടക്കുകയും ചെയ്യുന്നു. എന്നാൽ മുതലാളിത്ത ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പുറമേയ്ക്ക് ജാതിയുടെ പേരിലുള്ള സംഘർഷമെന്ന നിലയിൽ പ്രത്യക്ഷപ്പെടുന്നവയടക്കം മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന എല്ലാ ചൂഷണവും അടിച്ചമർത്തലും മുതലാളിവർഗ്ഗ ചൂഷണവും അടിച്ചമർത്തലും എന്നനിലയിൽ വേണം നമ്മൾ മനസ്സിലാക്കേണ്ടത്. അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങൾ ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞില്ലെങ്കിൽ, ജാതിപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ സംഘടിക്കുന്നതിൽ അവർ വ്യാമോഹം വച്ചുപുലർത്തുകയും അതിന്റെയടിസ്ഥാനത്തിലുള്ള ധ്രുവീകരണങ്ങൾക്ക് വിധേയമാകുകയും ചെയ്യും. മതന്യൂനപക്ഷങ്ങളുടെ കാര്യവും ഇതുപോലെതന്നെ. ജാതിയോ മതമോ എന്തായാലും തൊഴിലാളികളും കർഷകരുമൊക്കെ ഒരുപോലെ മുതലാളിത്ത ചൂഷണത്തിന് ഇരയാകുന്നു എന്ന സത്യം അവരിൽനിന്ന് മറച്ചുപിടിച്ചിരിക്കുന്നു. ബ്രാഹ്മണനായ ഒരു മുതലാളി ബ്രാഹ്മണനായ തൊഴിലാളിയെ താഴ്ന്ന ജാതിയിലേതെന്ന് കരുതുന്ന ഒരു തൊഴിലാളിയെക്കാൾ അല്പമെങ്കിലും കുറഞ്ഞ അളവിലാണോ ചൂഷണം ചെയ്യുക. അതുപോലെതന്നെയാണ് ഒരു മുസ്ലീം ജോതീദാർ ഒരു മുസ്ലീം കർഷകനെ ചൂഷണം ചെയ്യുന്നതും. എല്ലാ ജാതിയിലും മതത്തിലും പെട്ടവരില്ലേ പ്രവാസി തൊഴിലാളികളിൽ? അവരുടെ പണിസ്ഥലങ്ങളിൽ ജാതിയുടെയോ മതത്തിന്റെയോ പേരിൽ എന്തെങ്കിലും ഇളവുകളോ ആനുകൂല്യങ്ങളോ അവർക്ക് ലഭിക്കുന്നുണ്ടോ? എല്ലാവരും ഒരുപോലെ കഷ്ടപ്പെടുകയല്ലേ? അതിനാൽ പോരാട്ടം ചൂഷകരായ മുതലാളിവർഗവും തൊഴിലാളികളും കർഷകരും ഇടത്തരക്കാരും ഉൾപ്പെടെയുള്ള അദ്ധ്വാനിച്ചു ജീവിക്കുന്നവരും തമ്മിലാണ്. മുതലാളിത്തത്തെ വിപ്ലവത്തിലൂടെ നീക്കംചെയ്ത് വർഗവിഭജിതമായ മുതലാളിത്ത സമൂഹത്തെ പരിവർത്തനപ്പെടുത്തുന്നതിലൂടെയേ ജാതിപരമായ അടിച്ചമർത്തലും അവസാനിപ്പിക്കാനാകൂ.

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള
വിഭജനം നിലനിർത്താൻ വർഗ താല്പര്യാർത്ഥം ഭരണ
മുതലാളിവർഗ്ഗം ശ്രമിക്കുന്നു

ജാതി-മത വിഭജനം നിലനിർത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ മുതലാളിവർഗ്ഗം എല്ലാ തന്ത്രങ്ങളും പയറ്റുന്നു. ജാതി സങ്കുചിതത്വത്തിന്റെയും വർഗീയ വിദ്വേഷത്തിന്റെയും രൂപത്തിലാണ് ഈ വിഭജനം നിലനിർത്തുക. നിലനിൽക്കുന്ന ബൂർഷ്വാസംവിധാനത്തെ, ശരിയായ ദിശയിലും ശരിയായ നേതൃത്വത്തിൻകീഴിലും വർഗ സമരങ്ങൾ വളർത്തി വികസിപ്പിച്ച് വിപ്ലവകരമായി നീക്കം ചെയ്യാനുള്ള പ്രക്രിയയെ തടയുന്നതിനുവേണ്ടിയാണ് ഈ തന്ത്രങ്ങൾ മെനയുന്നത്. അതുകൊണ്ട്, ഭരണവർഗത്തിന്റെ പിന്തുണയും പ്രചാരവും ലഭിക്കുന്ന, അധികാരമോഹികളായ രാഷ്ട്രീയ പാർട്ടികൾ ജാതി-വർഗീയ രാഷ്ട്രീയം അനുവർത്തിക്കുന്നു, പ്രത്യേകിച്ചും ബീഹാർ അടക്കമുള്ള വിശാലമായ വടക്കേ ഇന്ത്യയിൽ. മതിയായ വർഗബോധത്തിന്റെയും രാഷ്ട്രീയ വീക്ഷണത്തിന്റെയും അഭാവത്തിൽ, പണിയെടുത്തുജീവിക്കുന്ന സാധാരണക്കാർ ഇത്തരം ജാതി-വർഗീയ കാഴ്ചപ്പാടുകളാൽ സ്വാധീനിക്കപ്പെടുകയും അതിനനുസൃതമായ നിലപാട് സ്വീകരിക്കുകയും ചെയ്യും. ഇത്തരം സങ്കുചിതമായ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്നതി നായി മുതലാളിവർഗം പല ജാതി-വർഗീയ പാർട്ടികൾക്കും രൂപം നൽകുന്നു. തങ്ങളുടെ ജാതിക്കും മതത്തിനും എതിരാണ് ഭരണംനടത്തുന്നവർ എന്ന് ദരിദ്ര ജനവിഭാഗങ്ങൾ കരുതുകയാണെങ്കിൽ, അവരുടെ ജാതിയിൽനിന്നോ മതത്തിൽനിന്നോ തന്നെയുള്ള ചില ആളുകളെ അവരുടെ നേതാക്കൾ എന്നനിലയിൽ വളർത്തിയെടുത്ത്, സ്വന്തം വർഗതാല്പര്യം സംരക്ഷിക്കുന്ന തന്ത്രവും മുതലാളിവർഗം പയറ്റും. ഈ നേതാക്കൾ മുതലാളിവർഗത്തിന്റെ ഒരു അനുബന്ധം എന്നനിലയിൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചുകൊണ്ട് അവരെ സേവിക്കുകയും അതേസമയം സ്വന്തം ജാതിയുടെ, സമുദായത്തിന്റെ രക്ഷകരായി നടിക്കുകയും ചെയ്യും, പ്രത്യേകിച്ചും പാർലമെന്ററി അധികാരത്തിൽ പങ്കുപറ്റാൻ അവസരമൊരുങ്ങുന്ന തെരഞ്ഞെടുപ്പ് വേളയിലും മറ്റും. ഇത്തരം നേതാക്കളെ നിരീക്ഷിച്ചാൽ അവർക്ക് അധികാരത്തിലും സ്ഥാനമാനങ്ങളിലും മാത്രമാണ് താല്പര്യമുള്ളത് എന്ന് നമുക്ക് മനസ്സിലാക്കാം. അവർക്ക് ഒരു തത്വവും ആദർശവുമില്ല. സ്വന്തം ജാതിയിലെ പാവങ്ങളുടെ ദൈന്യസ്ഥിതിയൊന്നും അവരെ സ്പർശിക്കുന്നതേ യില്ല. ഇവർക്ക് അധികാരത്തിൽ പങ്കുപറ്റാൻ അവസരം ലഭിക്കുമ്പോഴാകട്ടെ, കോൺഗ്രസും ബിജെപിയുമടക്കമുള്ള ഏതൊരു ബൂർഷ്വാ പാർടിയെയുംപോലെ എല്ലാ മുതലാളിത്ത ജീർണതകൾക്കും ഇവർ ഇരയാകുന്നു. അഴിമതിയും ധനമോഹവും സ്വജനപക്ഷപാതവും അവസരവാദവുമെല്ലാം അതിവേഗം ഇവരെ കീഴടക്കുന്നു. ഇന്ന് ബീഹാറിൽ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ മാരിൽ 68 ശതമാനവും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. 2015ൽ ഇത് 58 ശതമാനമായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കുമേലുള്ള അതിക്രമം തുടങ്ങിയ കൊടും പാതകങ്ങളുടെ ഗണത്തിൽ പെടുന്ന കേസുകളിൽ പ്രതികളായിട്ടുള്ളവരുടെ എണ്ണവും 40 ശതമാനത്തിൽനിന്ന് 51 ശതമാനമായി ഉയർന്നു. സത്യപ്രതിജ്ഞ ചെയ്ത് മൂന്നുദിവസത്തി നുള്ളിൽ വിദ്യാഭ്യാസ മന്ത്രി മേവലാൽ ചൗധരിക്ക് രാജി വയ്‌ക്കേണ്ടിവന്നു. കാർഷിക സർവകലാശാലയിലെ വൈസ്ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട അഴിമതികേസിലാണ് രാജി. അഴിമതി എത്ര ആഴത്തിൽ വേരോടിയിരിക്കുന്നു എന്ന് നോക്കുക. അതുപോലെതന്നെ പ്രാധാന്യത്തോടെ കാണേണ്ട മറ്റൊരു വിഷയം, ബീഹാർപോലെ ഒരു ദരിദ്ര സംസ്ഥാനത്ത് എംഎൽഎമാരിൽ 81 ശതമാനവും ശതകോടീശ്വരന്മാരാണ് എന്നതാണ്.

അവസരവാദ ബൂർഷ്വാരാഷ്ട്രീയം

അവസരവാദത്തിന് അതിരില്ല. അധികാരത്തിനും സ്ഥാനമാനങ്ങൾക്കുംവേണ്ടി പാർട്ടിയും മുന്നണിയും മാറുന്നതിന് ഈ ജാതി-മത രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾക്ക് യാതൊരു മടിയുമില്ല. കുറെ നാൾമുമ്പ് ആർജെഡി-ജെഡിയു സഖ്യമായിരുന്നു. തുടർന്ന് ജെഡിയു ഈ സഖ്യം വിട്ട് അന്നുവരെ വർഗീയപാർട്ടി എന്ന് വിളിച്ചിരുന്ന ബിജെപിയോടൊപ്പം ചേർന്നു. ജിതൻ റാം മഞ്ചി എന്ന വിമത ജെഡിയു നേതാവ് ഹിന്ദുസ്ഥാനി അവാമി മോർച്ച എന്നൊരു പാർട്ടിയുണ്ടാക്കി എൻഡിഎയുമായി ചേർന്ന് കുറച്ചുനാൾ മുഖ്യമന്ത്രിയായി. ഇദ്ദേഹം താഴ്ന്ന ജാതിയുടെ നേതാവാണ് എന്നാണ് അവകാശപ്പെടുന്നത്. ആർജെഡിയും ജെഡിയുവും താഴ്ന്ന ജാതിക്കാരുടെ പാർട്ടികളെന്ന് അവകാശപ്പെടുന്നവരാണ്. ഇവർ മതന്യൂനപക്ഷങ്ങളുടെ പിന്തുണയും അവകാശപ്പെടുന്നു. റാംവിലാസ് പസ്വാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര യുപിഎ സർക്കാരിൽ അംഗമായിരുന്നു. തുടർന്ന് എൻഡിഎ അധികാരത്തിലെത്തിയപ്പോഴും മന്ത്രിസഭയിൽ അദ്ദേഹമുണ്ട്. അദ്ദേഹത്തിന്റെ മകൻ ചിരാഗ് ബിജെപിയോടൊപ്പവും ജെഡിയുവിന് എതിരും ആയിരുന്നു. യുപിയിൽ മായാവതി കയ്യാളുന്നത് കടുത്ത സവർണവിരുദ്ധ രാഷ്ട്രീയമാണ്. എന്നാൽ സവർണ-ബ്രാഹ്മണ വിഭാഗത്തിന്റെ പിന്തുണയുള്ള ബിജെപിയുടെ സഹായത്തോടെ അധികാരത്തിലെത്താൻ അവർക്ക് ഒരു മടിയുമുണ്ടായില്ല. കസേര കിട്ടുമെന്നായപ്പോൾ അവരുടെ ദലിത് രാഷ്ട്രീയമൊക്കെ അപ്രത്യക്ഷമായി. അതുകൊണ്ട് ആര് ആരുടെകൂടെ, ആർക്കെതിര് എന്നൊന്നും പെട്ടെന്ന് പിടികിട്ടില്ല. ജാതിരാഷ്ട്രീയത്തിൽത്തന്നെ കൂടുതൽ മോശപ്പെട്ട ഒരു കളിയാണ് ജെഡിയു കളിച്ചത്. അവർ ദലിതരെത്തന്നെ രണ്ടായി വിഭജിച്ച് മഹാദലിത് എന്നൊരു വിഭാഗത്തെ സൃഷ്ടിച്ച് 20 പട്ടിക ജാതികളെ കൂട്ടിയോജിപ്പിച്ചു. അതുപയോഗിച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി. ബിജെപിയാകട്ടെ സവർണ വിഭാഗത്തിന്റെ പാർട്ടിയായാണ് അറിയപ്പെടുന്നത്. വളരെ ശ്രദ്ധാപൂർവ്വം അവർ വളർത്തിയെടുത്ത വോട്ടുബാങ്കാണ് അത്. അതിനെ കൂടുതൽ വിപുലപ്പെടുത്താനായി താഴ്ന്ന ജാതികൾക്കിടയിലെ മേൽപ്പറഞ്ഞ കൃത്രിമ വിഭജനത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവരും ഉപയോഗപ്പെടുത്തി. സമ്പന്ന വിഭാഗത്തിൽനിന്നുള്ള രാഷ്ട്രീയ നേതാവായ അസദുദീൻ ഒവൈസി ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതായിരുന്നു മറ്റൊരു കാര്യം. ഭരണ വർഗത്തിന്റെ പിന്തുണ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് വ്യക്തമായിരുന്നു. ബിജെപി ഈ നീക്കത്തെ സ്വാഗതം ചെയ്തു. കാരണം, ആർജെഡിയുടെ മുസ്ലീം പിന്തുണയിൽ ഇത് വിള്ളലുണ്ടാക്കുമെന്ന് അവർ കണക്കുകൂട്ടി. ഇങ്ങനെയാണ് പല വകഭേദങ്ങളിലുള്ള ജാതി-വർഗീയ ഘടകങ്ങൾ ബീഹാർ തെരഞ്ഞെടുപ്പിൽ മേൽകൈ നേടിയത്.

ഇതിനുപുറമെ പണത്തിന്റെ ഒഴുക്കുമുണ്ടായി. വൻകിട കുത്തകകളുടെ നിർലോഭമായ പിന്തുണയുള്ള ബിജെപി ഇക്കാര്യത്തിൽ മറ്റെല്ലാവരെക്കാളും മുമ്പിലായിരുന്നു. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ ചർച്ചയായാൽ അത് തിരിച്ചടിയാകും എന്നുള്ളതുകൊണ്ട് അത് ഒരുതരത്തിലും ചർച്ച ചെയ്യപ്പെടാതിരിക്കാൻ ബിജെപി പ്രത്യേകം ശ്രദ്ധ പുലർത്തി. പണവും കയ്യൂക്കും മാദ്ധ്യമ പിന്തുണയുമൊക്കെ തെരഞ്ഞടുപ്പ് വിജയത്തിനായി അവർ വേണ്ടുവോളം ഉപയോഗിക്കാറുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങളെല്ലാം മൂടിവച്ച് കേന്ദ്രസർക്കാരിന്റെ ”നേട്ടങ്ങൾ” അവതരിപ്പിച്ചുകൊണ്ടും ഭരണവർഗവും അതിനെ സേവിക്കുന്ന മാദ്ധ്യമങ്ങളും കെട്ടിയെഴുന്നള്ളിക്കുന്ന പ്രധാനമന്ത്രിയുടെ മേന്മകൾ വാഴ്ത്തിക്കൊണ്ടുമാണ് അവർ പ്രചാരണം നടത്തിയത്. 370-ാം വകുപ്പ് റദ്ദാക്കിയത്, പുൽവാമ സർജിക്കൽ സ്‌ട്രൈക്ക്, നോട്ടുനിരോധനം, ജിഎസ്ടി, രാമക്ഷേത്ര നിർമാണം, ഹൈവേ പദ്ധതി തുടങ്ങിയ നേട്ടങ്ങളൊക്കെ അവതരിപ്പിക്കാനായി പ്രധാനമന്ത്രിതന്നെ നിരവധി റാലികളിൽ പ്രസംഗിച്ചു. ഇവയൊക്കെ കടുത്ത കുത്തകാനുകൂല നടപടികളായിരുന്നു എന്ന് നമുക്കറിയാം. ബീഹാറിലെ ജനങ്ങൾക്ക് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന വാഗ്ദാനവും അദ്ദേഹം നൽകി. ഏതൊരു പരിഷ്‌കൃത ഗവണ്മെന്റും അങ്ങനെയല്ലേ ചെയ്യേണ്ടത് എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു. രാമക്ഷേത്രനിർമാണം, 370-ാം വകുപ്പ് റദ്ദാക്കൽ, ഇന്ത്യാ-പാക് അതിർത്തിയിലെ സംഘർഷങ്ങൾ തുടങ്ങിയവയൊക്കെ ചർച്ചചെയ്ത് ഹിന്ദു വർഗീയവികാരം ഇളക്കാനും അവർ മറന്നില്ല.

അടുത്തിടെയായി ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ പ്രകടമായി കാണുന്ന ഒരു കാര്യമുണ്ട്. തെരഞ്ഞെടുപ്പിലൂടെ ഭരിക്കുന്നവർ മാറുന്നതേയുള്ളു, തങ്ങളുടെ അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടാകുന്നില്ല എന്ന വസ്തുതയുമായി സാധാരണ ജനങ്ങൾ പൊരുത്തപ്പെട്ടിരിക്കുന്നു എന്നതാണത്. അത് ജയിച്ചാലും തോറ്റാലും അവർക്ക് വിഷയമല്ല. ഇലക്ഷൻ വാഗ്ദാനങ്ങളൊക്കെ വെറും തട്ടിപ്പാണെന്ന് ഒരിക്കൽ അമിത്ഷാതന്നെ സ്വകാര്യമായി പറഞ്ഞിട്ടുള്ളതാണ്. എന്നാൽ തെരഞ്ഞെടുപ്പിനുമുമ്പ് പാർലമെന്ററി പാർടികൾ ധാരാളം പണവുമായെത്തും. വിരുന്നുകൾ നൽകും. അത് സ്വീകരിച്ച് അവർക്ക് വോട്ടുചെയ്യുക എന്നതാണ് ചെയ്യുന്നത്. പാറ്റ്‌ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചന്ദ്രഗുപ്ത പ്രബന്ധൻ സൻസ്ഥാൻ എന്ന സംഘടന ബീഹാറിലെ 11 ജില്ലകളിലായി 25 മണ്ഡലങ്ങളിൽ ഒരു സർവേ നടത്തി. അതിൽ കണ്ടെത്തിയത് 20 ശതമാനംപേരും പണമോ മദ്യമോ ഒക്കെ കൈപ്പറ്റി വോട്ടുചെയ്യുന്നവരാണ് എന്നത്രെ. കോർപ്പറേറ്റുകൾ അകമഴിഞ്ഞ് സഹായിക്കുന്ന ബിജെപിയാണ് ആർഎസ്എസ് പ്രവർത്തകരിലൂടെ വോട്ട് വിലയ്‌ക്കെടുക്കുന്നതിൽ മുന്നിൽ. ബിജെപിയുടെ തെരഞ്ഞെടുപ്പ് നേട്ടങ്ങളിലെ തുരുപ്പുചീട്ടായ ‘മോദി മാജിക്’ നുപിന്നിലുള്ള രഹസ്യമിതാണ്. അതോടൊപ്പം സർക്കാർവിരുദ്ധ വികാരം ജെഡിയുവിനെതിരെ മാത്രം തിരിച്ചുവിടുകയെന്ന കൗശലവും അവർ പ്രയോഗിച്ചു. അങ്ങനെ സംസ്ഥാനത്ത് ശക്തമായ സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞു. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. മഹാസഖ്യത്തിന്റെ ആക്രമണങ്ങളെല്ലാം ജെഡിയുവിൽ കേന്ദ്രീകരിച്ചപ്പോൾ ബിജെപി എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട്, എല്ലാ ഹീനതന്ത്രങ്ങളും പയറ്റിക്കൊണ്ട്, പണച്ചാക്കുകളുടെ പിന്തുണയോടെ നേട്ടം കൊയ്തു.

മഹാസഖ്യത്തിലെ ഇടതുപക്ഷ കക്ഷികൾ

സിപിഐ, സിപിഐ(എം), സിപിഐ(എംഎൽ)ലിബറേഷൻ എന്നീ ഇടതെന്നറിയപ്പെടുന്ന ഘടകകക്ഷികൾക്ക് 16 സീറ്റുകൾ കിട്ടി. ലിബറേഷന് മാത്രം 12 സീറ്റുകൾ. ഇടതുപോരാട്ടത്തിന്റെ തിളങ്ങുന്ന വിജയമെന്ന് പലരും ഇതിനെ വാഴ്ത്തി. എന്നാൽ ചില സുപ്രധാന കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. സിപിഐ(എം)ഉം കൂട്ടരും ബൂർഷ്വാ വോട്ടുരാഷ്ട്രീയത്തിൽ മാത്രമാണ് അഭയം കണ്ടെത്തുന്നത് എന്നതാണ് സ്ഥിതി. കോൺഗ്രസ് അടക്കമുള്ള ഏതൊരു ബൂർഷ്വാ പാർടിയുമായും ജാതിയുടെയും പ്രാദേശിക വാദത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർടികളുമായിപ്പോലും കൈകോർത്ത് ഏതാനും സീറ്റുകൾ തരപ്പെടുത്തുക എന്ന അവസരവാദ നിലപാടാണ് അവർക്കിപ്പോഴുള്ളത്. ഇന്നുവരെ മുതലാളിവർഗത്തിന്റെ വിശ്വസ്ത രാഷ്ട്രീയ സംഘടനയായിരുന്ന കോൺഗ്രസിനെ അവർ ജനാധിപത്യ-മതേതര കക്ഷിയായി വാഴ്ത്തുന്നു. ബാബറി മസ്ജിദിന്റെ പൂട്ട് തുറന്നതും പല വർഗീയ കലാപങ്ങളും ആസൂത്രണം ചെയ്തതും അടിയന്തരാവസ്ഥ അടിച്ചേൽപിച്ചതും നിരവധി കരിനിയമങ്ങൾ ആവിഷ്‌കരിച്ചതും ആഗോളീകരണ നയങ്ങൾക്ക് തുടക്കം കുറിച്ചതുമൊക്കെ കോൺഗ്രസ് ആണെന്ന കാര്യം ജനങ്ങൾ മറക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. 2017ൽ ലല്ലുപ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ അതിനെ സ്വാഗതം ചെയ്തുവെങ്കിലും ഇന്ന് അഴിമതിക്കെതിരെ പൊരുതാൻ അതേ ആർജെഡിയോട് ചങ്ങാത്തം കൂടാൻ അവർക്കൊരു മടിയുമില്ല. ഒരു രാജ്യസഭാസീറ്റിനുവേണ്ടി സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വീട്ടുപടിക്കൽ പോയകാര്യം ആർക്കാണറിയാത്തത്! (ഇക്കണോമിക് ടൈംസ്, 17-6-2013) നക്‌സലൈറ്റുകളിൽനിന്ന് പുറത്തുവന്ന ഒരു ഗ്രൂപ്പായ സിപിഐ(എംഎൽ) ലിബറേഷനും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. അവർ ഒരുകാലത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. പാർലമെന്റിനെ പന്നിക്കൂടെന്നും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവരെ ബൂർഷ്വാ- ഭൂപ്രഭുവർഗത്തിന്റെ പിണിയാളുകളെന്നുമാണ് അന്നവർ വിശേഷിപ്പിച്ചത്.

മഹാനായ മാവോസെതുങ്ങിന്റെ വാക്കുകൾ അന്നവർ ചെവിക്കൊള്ളാൻ തയ്യാറായില്ല. മാവോ പറഞ്ഞു: ”ചില സഖാക്കൾ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ സാഹചര്യങ്ങൾ അവഗണിച്ചുകൊണ്ട് വിപ്ലവപരമായ വീണ്ടുവിചാരമില്ലായ്മ എന്ന വ്യാധിക്ക് ഇരയാകുന്നു. ജനങ്ങൾക്കിടയിൽ സൂക്ഷ്മവും വിപുലവുമായ പ്രവർത്തനങ്ങൾ നടത്താൻ അവർ മിനക്കെടില്ല. പകരം, ഒരു മിഥ്യാബോധത്തിന്റെ മായിക വലയത്തിലപ്പെട്ട് എപ്പോഴും വലിയ കാര്യങ്ങൾ മാത്രം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. ഇത് ഒരുതരം അട്ടിമറി സിദ്ധാന്തത്തിന്റെ അവശേഷിപ്പാണ്. (അതായത് ഒരു സംഘം ആളുകളെ മാത്രം ആശ്രയിച്ച് നിരവധി പ്രാദേശിക വിപ്ലവങ്ങൾ നടത്താൻ ശ്രമിക്കൽ). (തെരഞ്ഞെടുത്ത കൃതികൾ, വോള്യം 2, പേജ് 107) ”മുതലാളിത്ത രാജ്യങ്ങളിൽ തൊഴിലാളിവർഗ പാർടിയുടെ ദൗത്യം തൊഴിലാളികളെ ആശയപരമായി സജ്ജരാക്കുകയും ദീർഘകാലത്തെ നിയമവിധേയ സമരങ്ങളിലൂടെ കരുത്താർജിക്കുകയും മുതലാളിത്തത്തെ തൂത്തെറിയാനുള്ള അന്തിമ പോരാട്ടത്തിന് തയ്യാറെടുക്കുകയുമാണ്…. ബൂർഷ്വാസി യഥാർത്ഥത്തിൽ നിസ്സഹായാവസ്ഥയിലാകുന്നതുവരെ വിപ്ലവമോ യുദ്ധമോ ആരംഭിക്കരുത്…. അതിന് സമയം പക്വമാകുമ്പോഴാകട്ടെ ആദ്യ ചുവടുവയ്പ് നഗരങ്ങൾ പിടിച്ചെടുക്കാനും തുടർന്ന് ഗ്രാമങ്ങളിലേയ്ക്ക് മുന്നേറാനുമായിരിക്കണം, മറിച്ചാകരുത്.” (യുദ്ധത്തിന്റെയും തന്ത്രത്തിന്റെയും പ്രശ്‌നങ്ങൾ, തെരഞ്ഞെടുത്ത കൃതികൾ, വോള്യം 2, പേജ് 219)
പിന്നീട് സിപിഐ(എംഎൽ) ലിബറേഷൻ കുട്ടിക്കരണം മറിഞ്ഞ് പാർലമെന്ററി വോട്ട് രാഷ്ട്രീയത്തിൽ കടന്നുകയറി. തെരഞ്ഞെടുപ്പ് ലാക്കാക്കി ബൂർഷ്വാ ചേരിയിൽ പുതിയ ചങ്ങാതിമാരെയും കണ്ടെത്തി. ഏതാനും വർഷംമുമ്പ് അവർ പറഞ്ഞു: ”ഇന്ത്യൻ രാഷ്ട്രീയം കുംഭകോണങ്ങൾ നിറഞ്ഞതായിരിക്കുന്നു. കാലിത്തീറ്റ കുംഭകോണം ഇവർ മാതൃകയാക്കുകയാണ്. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുംഭകോണങ്ങൾ 1980കളിലെ ബോഫോഴ്‌സ് കുംഭകോണത്തെയും 1990കളിലെ കാലിത്തീറ്റ കുംഭകോണത്തെയും അപേക്ഷിച്ച് ഏറെ ഭീമമായതാണ്. ഇവിടെ ജനങ്ങളുടെ ഇടപെടൽ അനിവാര്യമായിരിക്കുന്നു. 2ജി സ്‌പെക്ട്രം, കൽക്കരി കുംഭകോണം പോലുള്ളവ പൊതുഖജനാവിന് വളരെ വലിയ നഷ്ടമാണ് വരുത്തിവച്ചിട്ടുള്ളത്. കാലിത്തീറ്റ കുംഭകോണത്തിന്റെ പേരിൽ ജഗന്നാഥ് മിശ്രയെയും ലാലുപ്രസാദിനെയും പ്രതിക്കൂട്ടിൽ നിർത്താമെങ്കിൽ, വമ്പൻ അഴിമതികൾ മുഖമുദ്രയാക്കിയ യുപിഎ ഭരണത്തിന് നേതൃത്വം നൽകിയ മൻമോഹൻസിംഗിന് ആ അഴിമതികളുടെ ഉത്തരവാദിത്തം കൈയൊഴിയാനാകില്ല…ആർജെഡി, ജെഡിയു, കോൺഗ്രസ്സ്, ബിജെപി നേതാക്കളൊക്കെ ഒരേ അഴിമതിക്ലബ്ബിലെ അംഗങ്ങളാണെന്ന് വിളിച്ചോതുന്നു എന്ന വലിയ രാഷ്ട്രീയ പ്രാധാന്യം കൂടെയുണ്ട് കാലിത്തീറ്റ കുംഭകോണകഥയ്ക്ക്.”

ഈ തെരഞ്ഞെടുപ്പിന് മുമ്പ് ആർജെഡിയും സിപിഐ(എംഎൽ) ലിബറേഷനും ശത്രുതാപരമായ നിലപാടിലായിരുന്നു. എന്നാൽ ഇപ്പോൾ സിപിഐ(എംഎൽ) ലിബറേഷൻ മറുകണ്ടം ചാടി കോൺഗസ്സ്, ആർജെഡി, സിപിഐ, സിപിഐ(എം) എന്നിവരുടെ ഉറ്റചങ്ങാതി ആയി മാറിയിരിക്കുന്നു. എന്നുമാത്രമല്ല, ”ജാതി എന്നാൽ വർഗ്ഗംതന്നെ” എന്നുപറഞ്ഞുകൊണ്ട് ജാതിശ്രേണി നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ വർഗ്ഗസമരത്തെ സംബന്ധിച്ച് വളരെ തെറ്റായ ധാരണ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ലളിതവത്കൃതമായ ഈ ആശയം പേറുന്നതിലൂടെ ജാതിപാർട്ടികളുമായി ചങ്ങാത്തം കൂടുന്നതിനും ഇടതുപക്ഷ മുദ്രാവാക്യങ്ങളുടെ മറപറ്റി ജാതിരാഷ്ട്രീയം കളിക്കുന്നതിനും ന്യായീകരണം കണ്ടെത്തുകയാണ് അവർ.

സാഹചര്യം ആവശ്യപ്പെടുന്നത് എന്ത്

ബിജെപി ഫാസിസ്റ്റ് ദൃംഷ്ട്രകൾ പുറത്തെടുക്കുകയാണ്. കോൺഗ്രസ്സാകട്ടെ കുത്തഴിഞ്ഞ് കിടക്കുന്നു. പ്രാദേശിക പാർട്ടികൾക്ക് ഒരു യോജിച്ച നിലപാടിലെത്താൻ കഴിയുന്നുമില്ല. ഈ സാഹചര്യത്തിൽ, ഇടതുപക്ഷ ശക്തികളെയാകെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു യഥാർത്ഥ ഇടതുപക്ഷ ബദൽ പടുത്തുയർത്തുകയാണ് അടിയന്തരാവശ്യകത. അതൊരു തെരഞ്ഞെടുപ്പ് കൂട്ടുകെട്ടല്ല. യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി വർഗ്ഗ-ബഹുജന സമരങ്ങൾ വളർത്തിയെടുക്കാനും ശക്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള ഉറച്ച ഐക്യമാണ്. മഹാനായ ലെനിൻ പറഞ്ഞത്, വർഗ്ഗ-ബഹുജന സമരങ്ങളുടെ മൂശയിലൂടെയാണ് ഇടതുപക്ഷീയത കരുത്താർജ്ജിക്കുന്നത് എന്നത്രെ! അത്തരമൊരു സമരം വികസിച്ചുവരുമ്പോൾ അതിന്റെ ഭാഗമായി, ഇടതുപക്ഷ തത്വങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിലും മത്സരിക്കാം. മഹാനായ ലെനിന്റെയും മഹാനായ മാവോയുടെയും പാഠങ്ങൾ പിന്തുടർന്നുകൊണ്ട് എസ്‌യുസിഐ(സി)യുടെ സ്ഥാപക ജനറൽസെക്രട്ടറിയും സമുന്നത മാർക്‌സിസ്റ്റ് ചിന്തകനുമായ സഖാവ് ശിബ്ദാസ് ഘോഷ് ഈ വിഷയം വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ”സമരം നടത്തുന്ന രീതിയും അതിന്റെ അടവുകളും, മുതലാളിവർഗ്ഗവും തൊഴിലാളിവർഗ്ഗവും പിന്തുടരുന്ന സംഘടനാതത്വങ്ങൾ, തെരഞ്ഞെടുപ്പ് സംബന്ധിച്ച കാഴ്ചപ്പാട്, വിജയം കൈവരിക്കാനായി കൈക്കൊള്ളുന്ന നിലപാടുകൾ അല്ലെങ്കിൽ പരാജയത്തോടുള്ള സമീപനം എന്നിവയൊക്കെ നിർണ്ണയിക്കുന്നത് വിപ്ലവപ്രസ്ഥാനം ഏത് ഘട്ടത്തിലാണെന്നതും രാജ്യത്തെ ജനങ്ങളുടെ ബോധനിലവാരവും കണക്കിലെടുത്തുകൊണ്ടാകണം.

എവ്വിധവും കൂടുതൽ സീറ്റുകൾ നേടി അധികാരക്കസേര തരപ്പെടുത്തുക എന്നതായിരിക്കും ബൂർഷ്വാ പാർട്ടികളുടെ ലക്ഷ്യം…നേരെമറിച്ച് തൊഴിലാളിവർഗ്ഗപ്പാർട്ടി തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്, വിപ്ലവലക്ഷ്യബോധത്തോടെയും ജനങ്ങളോടൊപ്പം നിലകൊള്ളുകയെന്ന ആവശ്യകതയുടെ സമ്മർദ്ദത്താലും ബഹുജനവിപ്ലവ രാഷ്ട്രീയ ലൈൻ പിന്തുടർന്നുകൊണ്ടും ആയിരിക്കും. അവരും സീറ്റുകൾ നേടാൻ പരമാവധി ശ്രമിക്കും. എന്നാൽ എവ്വിധവും സീറ്റുകൾ നേടുക എന്നതാവില്ല ലക്ഷ്യം. ഒരു ബഹുജന വിപ്ലവലൈൻ പിന്തുടർന്നുകൊണ്ട് എങ്ങനെ തെരഞ്ഞെടുപ്പ് പോരാട്ടം നടത്താം എന്ന് ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതിലായിരിക്കും ഒരു വിപ്ലവപാർട്ടി ശ്രദ്ധയൂന്നുക. അതിലൂടെ കൂടുതൽ സീറ്റുകൾ നേടാനായാൽ വളരെ നല്ലത്. ഒരു സീറ്റും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.” (തൊഴിലാളി പ്രക്ഷോഭത്തിൽ ഐക്യം കാത്തുസൂക്ഷിക്കുന്നതിനെയും വിപ്ലവനേതൃത്വം സ്ഥാപിച്ചെടുക്കുന്ന തിനെയും സംബന്ധിച്ച്, തെരഞ്ഞെടുത്ത കൃതികൾ, വാല്യം 4)
ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഉൾക്കാഴ്ചയോടെ വിശകലനം ചെയ്യുമ്പോൾ തൊഴിലാളിവർഗ്ഗത്തിന്റെ മഹാന്മാരായ ആചാര്യന്മാരുടെ സുപ്രധാനമായ ചില പാഠങ്ങൾ ഞങ്ങൾ ഓർമ്മിപ്പിക്കുകയാണ്. എന്തുകൊണ്ടെന്നാൽ ശരിയായ ഇടതുപക്ഷ രാഷ്ട്രീയവും അതിന്റെ പ്രാധാന്യവും ജനങ്ങൾക്ക് വ്യക്തമാക്കിക്കൊടുക്കുകയും മതിയായ രാഷ്ട്രീയ അവബോധം പകർന്നുനൽകുകയുംവേണം. ദുരിതം അനുഭവിക്കുന്ന ജനലക്ഷങ്ങൾ പാർലമെന്ററി വ്യാമോഹത്തിൽ കുടുങ്ങിപ്പോകാതെ വിമോചനത്തിലേയ്ക്കുള്ള ശരിയായ പാതയിലൂടെ മുന്നേറുന്നു എന്ന് ഉറപ്പാക്കുകയുംവേണം. ഈ കാഴ്ചപ്പാടോടെ ഇടതുപക്ഷ പാർട്ടികളോട്, കോൺഗ്രസ്സ്-ആർജെഡി ചങ്ങാത്തം ഉപേക്ഷിച്ച് മുന്നോട്ടുവരാനും തെരഞ്ഞെടുപ്പിനെ ഒരു ഇടതുപക്ഷ ബദൽ എന്ന നിലയിൽ അഭിമുഖീകരിക്കാനായി ഇടതുപക്ഷ ശക്തികളുടെ സമരൈക്യം കെട്ടിപ്പടുക്കാനും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ആവർത്തിച്ച് അഭ്യർത്ഥിക്കുകയുണ്ടായി. എന്നാൽ ഈ അഭ്യർത്ഥന തള്ളിക്കളഞ്ഞ് സിപിഐ, സിപിഐ(എം), സിപിഐ(എംഎൽ)ലിബറേഷൻ പാർട്ടികൾ ബൂർഷ്വാ പാർലമെന്ററിസത്തിന്റെ അവസരവാദ നിലപാട് സ്വീകരിച്ചുകൊണ്ട് ജീർണ്ണമായ ഈ വ്യവസ്ഥയുടെ ഭാഗമായി മാറിയിരിക്കുകയാണ്. അതിനാൽ യഥാർത്ഥ ഇടതുപക്ഷീയതയുടെ കൊടിക്കൂറ ഉയർത്തിപ്പിടിച്ചുകൊണ്ട് സ്വന്തം നിലയിൽ തെരഞ്ഞെടുപ്പിനെ നേരിടുവാൻ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) തീരുമാനിച്ചു. എന്നാൽ ഈ പാർട്ടികളോട് ഇടതുപക്ഷ സമരൈക്യം ഊട്ടിയുറപ്പിക്കാനും ജനതാൽപര്യം ഉയർത്തിപ്പിടിക്കാനും ഉതകുന്ന നിലപാടെടുക്കാൻ ഒരിക്കൽക്കൂടി ഞങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

Share this post

scroll to top