പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌,ജനതാൽപര്യത്തോട് അചഞ്ചലമായ കൂറും സ്വഭാവഭദ്രതയും കറകളഞ്ഞ മതേതര നിലപാടുമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യുക

Share

ജനജീവിതത്തിന്റെ അസാധാരണമായ പ്രതിസന്ധി ചർച്ചാ വിഷയമേ ആകാത്ത മറ്റൊരു തെരഞ്ഞെടുപ്പ് പ്രചാരണം കൂടി സംസ്ഥാനം ദർശിക്കുകയാണ്. മഹാവ്യാധി മൂലം പണിയും വരുമാനവും നഷ്ടപ്പെട്ട്, നാളെയെക്കുറിച്ച് പ്രതീക്ഷ പുലർത്താൻ പോലും ഇടയില്ലാത്ത വിധമാണ് ജനങ്ങളെ പിടിമുറുക്കിയിട്ടുള്ള അരക്ഷിതാവസ്ഥ. പഞ്ചായത്തധികാരത്തിന്റെ ചെറുകഷണങ്ങൾക്കായി കടിപിടി കൂടുന്ന വ്യവസ്ഥാപിത മുന്നണികൾക്ക് ഇതൊന്നും പരിഗണനാ വിഷയമേ അല്ല. സാധാരണ മനുഷ്യജീവിതത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങളൊന്നും ചർച്ച ചെയ്യാൻ പോലും തയ്യാറാകാത്ത ഇക്കൂട്ടർക്ക് എങ്ങിനെയാണ് നമ്മുടെ യാതനകളുടെ പരിഹാരത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുക? ധനശക്തികൾക്ക് ലാഭവും ആസ്തിയും പെരുപ്പിക്കാൻ വേണ്ടി പഞ്ചായത്ത് തലം മുതൽ സംസ്ഥാന – ദേശീയതലം വരെ നടത്തുന്ന ഭരണനടപടികളെയാണ് ഇവർ വികസനമെന്നു വിളിക്കുന്നത്. സാധാരണക്കാരന്റെയും കൂലിപ്പണിക്കാരന്റെയും ജീവിത വിഷമങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല. അതിനാൽ വികസനത്തിന്റെ പേരിൽ വോട്ടു ചോദിക്കുന്ന കാപട്യത്തെ ജനങ്ങൾ പരാജയപ്പെടുത്തണം. സംസ്ഥാനത്തെ വ്യവസ്ഥാപിത മുന്നണികളെല്ലാം സ്വകാര്യ മൂലധനത്തിന്റെ നടത്തിപ്പുകാരെന്ന നിലയിൽ പ്രതിനിധാനം ചെയ്യുന്നത് ഈ വികസന രാഷ്ട്രീയത്തെയാണെന്ന് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി.വേണുഗോപാൽ ഒരു പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
ഏതാനും സീററിനുവേണ്ടി നെറിവുകേടിന്റെയും അവസരവാദത്തിന്റെയും ഏതറ്റം വരെയും പോകാൻ കച്ചമുറുക്കിയിട്ടുള്ള കക്ഷികളുടെ നാലാംകിട മൽസരത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. രാഷ്ട്രീയ സദാചാരമോ ആദർശമോ ജനാധിപത്യമൂല്യങ്ങളോ ഇക്കൂട്ടരെ അലോസരപ്പെടുത്തുന്നില്ല. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ കോഴ മാണിയെ പരാജയപ്പെടുത്താൻ വോട്ട് അഭ്യർത്ഥിച്ച ഇടതുമുന്നണി, ഈ തെരഞ്ഞെടുപ്പിൽ ചുമക്കുന്നത് അതേ മാണിയുടെ പാർട്ടിയെയാണ്. ഏതാനും പഞ്ചായത്തു വാർഡിലെ സീറ്റിനു വേണ്ടി നാലര വർഷം മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങാനും സ്വന്തം അണികളെ അപമാനിക്കാനും ഒരു മടിയുമില്ലാത്ത ഇടതു മുന്നണി അധികാരാർത്തിയുടെയും അവസരവാദത്തിന്റെയും ആൾരൂപമായി മാറിക്കഴിഞ്ഞിരിക്കുന്നു. കോൺഗ്രസ്സിന്റെ നേതാക്കളാകട്ടെ അവരവരുടെ സ്വാധീനമേഖലയിൽ മുന്നണിക്കു പുറത്തുള്ള കക്ഷികളുമായി ചേർന്ന് സ്വന്തം നിലയിൽ മുന്നണികൾ രൂപീകരിക്കുന്നു. പരിമിതമായ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ ലഭിക്കുന്ന അധികാരത്തെച്ചൊല്ലി പോലും നാണംകെട്ട തമ്മിലടിയും ഗ്രൂപ്പുകലാപവുമാണ് ബിജെപിയിൽ കാണുന്നത്. അഴിമതിയുടെ വാതായനങ്ങളിലുടെ സ്വന്തം ആസ്തി വർദ്ധിപ്പിക്കാനുള്ള ആർത്തിയുടെ ദുരമൂത്ത കലാപമാണ് നാം ഈ പ്രസ്ഥാനങ്ങളിലെല്ലാം കാണുന്നത്. ഇവരിൽ ആരു തന്നെയും ജനങ്ങളുടെ താൽപ്പര്യത്തെ കണികമാത്രപോലും പ്രതിനിധാനം ചെയ്യുന്നില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന്റെ വിജയം എന്തുതന്നെയായാലും ജീവിതത്തിന്റെ അന്തമില്ലാത്ത ചുമടുകൾ ഇറക്കി വയ്ക്കാനും മനുഷ്യോചിതമായി ജീവിക്കാനും ജനാധിപത്യം അനുവദിക്കുന്ന അവകാശമായ ജനകീയ സമരത്തിന്റെ മാർഗ്ഗം മാത്രമേ ജനങ്ങളുടെ മുമ്പിലുള്ളൂ. ദില്ലിയിൽ നമ്മുടെ കർഷക സഹോദരങ്ങൾ നിശ്ചയദാർഢ്യത്തോടെ അത് കാട്ടിത്തരികയാണ്. പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തെ നാം പ്രാണനുതുല്യം മുറുകെപ്പിടിക്കണം. ജീവിത ദുരിതങ്ങൾ വർദ്ധിപ്പിക്കുന്ന മുതലാളിത്ത നയങ്ങൾക്കെതിരെ ഗ്രാമതലം മുതൽ ജനങ്ങളുടെ സമരസമിതികൾക്ക് രുപം നൽകിക്കൊണ്ട് ഈ സമരരാഷ്ട്രീയത്തെ ശക്തിപ്പെടുത്തണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വേളയെ അതിനായി വിനിയോഗിക്കുക. ജനസമരത്തിന്റെ വേദിയിൽ സത്യസന്ധതയും സമർപ്പണവും കാട്ടിയിട്ടുള്ള സ്ഥാനാർത്ഥികൾ വിജയിച്ചുവരുന്നത് ജനസമരങ്ങളുടെ രാഷ്ട്രീയത്തിന് കരുത്തു നൽകും. നാടിന്റെ നന്മകളെയും ജനങ്ങളുടെ വിലപ്പെട്ട ഐക്യത്തെയും തകർക്കുന്ന വർഗ്ഗീയ ശക്തികൾ പരാജയപ്പെടണം. അതിനാൽ ജനതാൽപ്പര്യത്തോട് അചഞ്ചലമായ കൂറും കറ കളഞ്ഞ മതേതര നിലപാടുമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യണമെന്ന് വി.വേണുഗോപാൽ അഭ്യർത്ഥിച്ചു.

Share this post

scroll to top