തായ്ലൻഡിൽ ജനരോഷം അണപൊട്ടിയൊഴുകുന്നു

Share

2020 ഒക്ടോബർ പകുതി മുതൽ സർക്കാർ വിരുദ്ധ പ്രകടനങ്ങളുടെ ഒരു പുതിയ തരംഗം തായ്‌ലൻഡിൽ അലയടിക്കുകയാണ്. നിരോധനം ലംഘിച്ച് പതിനായിരക്കണക്കിന് യുവാക്കൾ, കൂടുതലും വിദ്യാർത്ഥികൾ, സർക്കാർ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി തെരുവിലാണ്. പ്രധാനമന്ത്രി ജനറൽ പ്രയൂത്ത് ചാൻ-ഒ-ച ഉടൻ രാജിവയ്ക്കണമെന്നും, രാജവാഴ്ചയിലധിഷ്ഠിതമായ ഭരണസംവിധാനത്തിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി പ്രയൂത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ചതിന് പ്രതിപക്ഷത്തെ കോടതി വിലക്കിയതോടെയാണ് കഴിഞ്ഞ വർഷം പ്രതിഷേധം ആരംഭിച്ചത്. തായ് യുവാക്കൾ അന്നുമുതൽ സർക്കാരിന്റെ അടിച്ചമർത്തലിനെതിരെ നിരന്തരം പ്രതിഷേധിച്ചു വരികയാണ്.

രാഷ്ട്രീയ അശാന്തിയുടെയും പ്രതിഷേധത്തിന്റെയും നീണ്ട ചരിത്രമുണ്ട് തായ്‌ലൻഡിന്. അടുത്ത കാലത്തായി തായ്‌ലൻഡിൽ സർക്കാരിനോടുള്ള അസംതൃപ്തി വർദ്ധിച്ചിട്ടുണ്ടെങ്കിലും, നിലവിലുള്ള പ്രതിഷേധത്തിന്റെ കാരണം, 2020 ഫെബ്രുവരിയിൽ കോടതി ഉത്തരവ് പ്രകാരം ജനാധിപത്യാനുകൂലിയായ ഫ്യൂച്ചർ ഫോർവേഡ് പാർട്ടി പിരിച്ചുവിട്ടതാണ്. കോവിഡ് 19 നിയന്ത്രണങ്ങളിൽ, ഈ വർഷം ആദ്യം കുറച്ച് കാലത്തേക്ക് നിർത്തിവച്ചിരുന്നു എങ്കിലും ജൂലൈ പകുതിയോടെ ഒരു പ്രമുഖ ജനാധിപത്യ പ്രവർത്തകനെ കാണാതായപ്പോൾ സമരം പുനരാരംഭിച്ചു. ജനാധിപത്യ പ്രവർത്തകന്റെ തിരോധാനം തായ് അധികൃതർ ആസൂത്രണം ചെയ്തതായി കരുതപ്പെടുന്നു. അതിനുശേഷം, കാര്യങ്ങൾ വീണ്ടും ശക്തിയാർജ്ജിച്ചു. ഇത്തവണ ഹൈസ്‌കൂൾ വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കുചേർന്നു. തായ്‌ലൻഡിലെ പ്രതിഷേധം ജനാധിപത്യ പരിഷ്‌കാരങ്ങളെക്കുറിച്ച് മാത്രമല്ല. വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളുടെ പരിഷ്‌ക്കരണം, പ്രവർത്തകരെ സ്വേച്ഛാപരമായി അറസ്റ്റ് ചെയ്യാനുള്ള കരിനിയമങ്ങളുടെ അഴിച്ചുപണി തുടങ്ങിയ ആവശ്യങ്ങളും അവർ ഉയർത്തുന്നു. രാജകുടുംബത്തിന്റെ ആഡംഭരസമൃദ്ധമായ ജീവിതശൈലിക്ക് നികുതിദായകർ നൽകുന്ന പണം നിയന്ത്രിക്കാൻ അവർ ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ രാജാവ് വാജിരലോങ്കോൺ 40 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികരായ രാജാക്കന്മാരിൽ ഒരാളാണ്. മറുവശത്ത് സാധാരണക്കാരുടെ അവസ്ഥ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. തായ്‌ലൻഡിലെ തൊഴിലില്ലായ്മാനിരക്ക് 2020 ഓഗസ്റ്റിൽ കഴിഞ്ഞ വർഷം ഇതേ മാസത്തിലെ ഒരു ശതമാനത്തിൽ നിന്ന് 1.9 ശതമാനമായി ഉയർന്നു.

തായ്‌ലൻഡിലെ ഭരണരീതി

ഭരണഘടനാപരമായ രാജവാഴ്ചയോടൊപ്പം പാർലമെന്ററി ജനാധിപത്യവും കൂടിച്ചേർന്നതാണ് തായ്‌ലൻഡിലെ രാഷ്ട്രീയ വ്യവസ്ഥ. അനേകം സൈനിക അട്ടിമറികളും സ്വേച്ഛാധിപത്യ കാലഘട്ടങ്ങളും തായ്‌ലൻഡിലുണ്ടായിട്ടുണ്ട്. കഴിഞ്ഞ 100 വർഷത്തിലുണ്ടായ 22 അട്ടിമറിയിലൂടെ, ഇക്കാര്യത്തിൽ, ഒന്നാമതാണ് തായ്‌ലൻഡിന്റെ സ്ഥാനം. 1932ൽ, സയാമീസ് വിപ്ലവത്തിനുശേഷം, കേവല രാജവാഴ്ചയ്ക്ക് പകരം ഒരു ഭരണഘടനാപരമായ രാജവാഴ്ച ഭരണം സ്ഥാപിച്ചു. രാജാവിനുണ്ടായിരുന്ന അധികാരത്തെ പരിമിതിപ്പെടുത്തി. പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ നിയമങ്ങളാകുന്നതിന് മുമ്പ് രാജാവിന്റെ അനുമതി നേടണം എന്നുണ്ടെങ്കിലും, രാജാവിന് നിയമ നിർമ്മാണത്തിനുള്ള അധികാരം റദ്ദാക്കി. രാജാവിന്റെ പങ്ക് പ്രതീകാത്മകവും ആചാരപരവുമായിരിക്കണം. എന്നാൽ രാജാവ് ഇന്നും രാഷ്ട്രത്തലവൻ മാത്രമല്ല, ബുദ്ധമതത്തിന്റെ വിശ്വാസിയും സംരക്ഷകനും കൂടിയാണ്. കർശനമായ ലിസ്-മജസ്റ്റെ (രാജാവിനോട് തെറ്റ് ചെയ്യുക) നിയമപ്രകാരം, തായ് പൗരന്മാർക്ക് അദ്ദേഹത്തെയോ രാജകുടുംബത്തെയോ വിമർശിക്കാൻ അനുവദമില്ല. ഈ നിയമം ലംഘിച്ചാൽ 15 വർഷംവരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ഏതെങ്കിലും കാരണങ്ങളാൽ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സൈനിക നീക്കത്തിലൂടെ അട്ടിമറിക്കുന്ന തായ്‌ലൻഡിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് എല്ലായ്‌പ്പോഴും രാജവാഴ്ചയുടെ പിന്തുണ ലഭിക്കുന്നു. ”ഞാൻ നിങ്ങളുടെ പുറം ചൊറിയാം, നിങ്ങൾ എന്റെ പുറം ചൊറിയുക” ഇതാണ് രാജവാഴ്ചയും സൈന്യവും തമ്മിലുള്ള പരസ്പര ബന്ധം.

ഏറ്റവും അവസാനമായി, 2006ലെ അട്ടിമറിയോടെയാണ് സ്വേച്ഛാധിപത്യഭരണം ആരംഭിച്ചത്. പതിവുപോലെ സൈന്യത്തിന് അതിന്റെ ഭരണം മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. അങ്ങനെ 2007ൽ പൊതുതെരഞ്ഞെടുപ്പ് നടത്തുകയും പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തു. 2010 ൽ വീണ്ടും ജനകീയ പ്രക്ഷോഭം ആളിക്കത്തി. ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കണമെന്നും, അസമത്വം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്, സ്ത്രീകളും, കുട്ടികളും, വയോധികരും ഉൾപ്പെടെ ആയിരക്കണക്കിന് പ്രതിഷേധക്കാർ തലസ്ഥാനമായ ബാങ്കോക്കിന്റെ തെരുവുകളിൽ അണിനിരന്നു. ജനാധിപത്യവിരുദ്ധവും അടിച്ചമർത്തുന്നതുമായ ഭരണത്തിന് പേരുകേട്ട, ദരിദ്രരുടെയോ സാധാരണക്കാരുടെയോ പ്രശ്‌നങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ലാത്ത, അന്നത്തെ പ്രധാനമന്ത്രി അഭിസിത് വെജ്ജജീവയെ നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

2014ന് ശേഷം

മാസങ്ങൾ നീണ്ട രാഷ്ട്രീയ കോലാഹലങ്ങൾക്ക് ശേഷം 2014ൽ അട്ടിമറിയിലൂടെ തായ്‌ലൻഡിന്റെ സൈന്യം അധികാരം പിടിച്ചെടുത്തു. ഗവൺമെന്റിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചുകൊണ്ട്, ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും, രാഷ്ട്രീയ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനുമായി ഭരണഘടന സസ്പെൻഡ് ചെയ്തു. അതിനുശേഷം ഗവൺമെന്റിനെ നയിച്ചിരുന്നത് സൈനിക മേധാവിയായ പ്രയൂത്ത് ചാൻ-ഒ-ച ആയിരുന്നു. 2014ലെ അട്ടിമറിക്കുശേഷം, സൈന്യത്തിന് അനുകൂലമായി നിയമങ്ങൾ മാറ്റുകയും, ഗവൺമെന്റിന്റെ എതിരാളികൾക്ക് പല വിധേനയുള്ള പീഡനം, അടിച്ചമർത്തൽ, പ്രോസിക്യൂഷൻ എന്നിവ നേരിടേണ്ടിവന്നു. തായ്‌ലൻഡിലെ നിരീക്ഷണ സമിതിയായ ഐലോയുടെ നിയമസംബന്ധിയായ ഡാറ്റാബേസ് പ്രകാരം, 2014ലെ അട്ടിമറിക്കും 2018ന്റെ തുടക്കത്തിനും ഇടയിൽ, കുറഞ്ഞത് 98 ലിസ്-മജസ്റ്റെ ചാർജുകൾ ഫയൽ ചെയ്തിട്ടുണ്ട്. രാജ്യദ്രോഹം, കമ്പ്യൂട്ടർ കുറ്റകൃത്യങ്ങൾ തുടങ്ങിയ മറ്റ് നിയമങ്ങൾ ഉപയോഗിച്ച് മറ്റനവധി ആൾക്കാർക്കെതിരെ നിരവധി കേസുകൾ ചുമത്തി.
2014 മാർച്ചിൽ സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം 2019 മാർച്ചിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നു. നിരവധി യുവാക്കളും, കന്നി വോട്ടർമാരും, വർഷങ്ങളായുള്ള സൈനിക ഭരണത്തിന് ശേഷം മാറ്റത്തിനുള്ള ഒരു അവസരമായി ഇതിനെ കണ്ടു. എന്നാൽ സൈന്യം അതിന്റെ രാഷ്ട്രീയ പങ്ക് ഉറപ്പിക്കുവാൻ നടപടികളെടുത്തിരുന്നു. തിരഞ്ഞെടുപ്പിൽ പ്രയൂത്ത് ചാൻ-ഒ-ച വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു. ഇതാകട്ടെ, ജനങ്ങളുടെ ഉള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന അമർഷത്തെ പുറത്തു ചാടിച്ചു. ഇതുവരെ, തായ് പത്രങ്ങൾ രാജവാഴ്ചയെ നിസ്സാരമായി വിമർശിക്കുന്ന എന്തും സെൻസർ ചെയ്തിരുന്നു. എന്നാൽ അടുത്ത കാലത്തായി സോഷ്യൽ മീഡിയയുടെ വളർച്ചയും സ്മാർട്ട് ഫോൺ ഉപയോഗവും ഈ സെൻസർഷിപ്പിന്റെ ഫലപ്രാപ്തി ഇല്ലാതാക്കി. തായ്‌ലൻഡിന്റെ മുഖ്യധാരാ മാധ്യമങ്ങളെ അവഗണിച്ചുകൊണ്ട് നിരവധി ട്വിറ്റർ ഉപയോക്താക്കൾക്കും ഫേസ്ബുക്ക് ഗ്രൂപ്പുകൾക്കും രാജവാഴ്ചയെ വിമർശിക്കുന്ന വിവരങ്ങൾ പതിവായി പ്രചരിപ്പിക്കാൻ കഴിയുന്നു. പ്രതിഷേധിച്ച തായ് ജനത ‘ദൈവമില്ല, രാജാക്കന്മാരില്ല, മനുഷ്യൻ മാത്രം’ എന്നെഴുതിയ ബാനറുകൾ ഉയർത്തി. തായ്‌ലൻഡിലെ ട്വിറ്ററിൽ, ‘എന്തുകൊണ്ട് ഞങ്ങൾക്ക് ഒരു രാജാവിനെ ആവശ്യമുണ്ട്’ പോലുള്ള ഹാഷ്ടാഗുകളും വളരെയധികം പ്രചരിക്കുന്നു. ഇത് സ്വേച്ഛാധിപത്യ ആജ്ഞകളുടെ ധിക്കാരമാണെന്ന് വ്യക്തം.

യുഎസിൽനിന്ന് ചൈനയിലേക്ക് വിശ്വസ്തത മാറ്റുന്ന തായ്
ഭരണാധികാരികൾ

മറ്റൊരു സംഭവവികാസം ഇവിടെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. മുമ്പ് തായ് ഭരണാധികാരികൾ യുഎസ് സാമ്രാജ്യത്വത്തിന്റെ അടുത്ത സഖ്യകക്ഷികളായിരുന്നു. പതിറ്റാണ്ടുകളായി, യുഎസ്എയുമായുള്ള ബന്ധം തായ് താൽപ്പര്യങ്ങൾക്കനുസൃതമായിരുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ ചൈനീസ്, വിയറ്റ്‌നാമീസ് സ്വാധീനത്തിനെതിരായ ഒരു കോട്ടയായി തങ്ങളുടെ ബന്ധത്തെ അവർ കണ്ടു. തായ്‌ലൻഡിൽ യുഎസ് സാമ്രാജ്യത്വ ഭരണാധികാരികളുടെ താൽപര്യത്തിന്റെ ഒരു പ്രധാന കാരണം, ഇതുവരെ ഇന്തോ-പസഫിക്കിലെ യുഎസ് സൈന്യത്തിന്റെ ഒരു പ്രധാന ലോജിസ്റ്റിക് കേന്ദ്രമായിരുന്ന ഉട്ടാപാവോ എയർബേസ് ആയിരുന്നു. എന്നാൽ 2014ലെ അട്ടിമറിക്കുശേഷം യുഎസ് ആയുധത്തിനുള്ള ധനസഹായം 4.7 മില്യൺ ഡോളർ വെട്ടിക്കുറച്ചു. പ്രതിവിപ്ലവത്തിനുശേഷം സാമ്രാജ്യത്വശക്തിയായ ചൈന, ഈ സന്ദർഭം മുതലെടുത്ത് മുന്നോട്ടുവന്നു. വ്യവസ്ഥകളില്ലാതെയും, കുറഞ്ഞ നിരക്കിലും പ്രധാന ആയുധ സംവിധാനങ്ങളുടെ ഒരു നിര ചൈന വാഗ്ദാനം ചെയ്തു. 2018ൽ തായ് ഭരണാധികാരികൾ 10 വർഷത്തെ സൈനിക നവീകരണ പരിപാടി ആരംഭിച്ചു. അതിലേക്ക് ആധുനിക ആയുധങ്ങളും പീരങ്കികളും നൽകുന്നതിൽ ചൈന പ്രധാന പങ്കുവഹിച്ചു. അതോടൊപ്പം ചൈനീസ് സൈനികാവശ്യങ്ങൾക്കുവേണ്ടി വടക്കുകിഴക്കൻ തായ്ലൻഡിൽ ആയുധ നിർമ്മാണത്തിനും റിപ്പയറിനുമുള്ള സൗകര്യങ്ങൾ സ്ഥാപിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.

2019ൽ, മെക്കോംഗ് നദി തായ് ഭക്ഷ്യസുരക്ഷയെ ഭീഷണിപ്പെടുത്തുന്ന വിധത്തിൽ ഏറ്റവും താഴ്ന്ന നിലയിലായിരുന്നപ്പോൾ, ചൈന ഇടയ്ക്കിടെ വെള്ളം പുറത്തുവിടുക മാത്രമല്ല 13 ഡാമുകളുടെ നിർമ്മാണം തുടരുകയും ചെയ്തു. പകരമായി, തായ് ഭരണാധികാരികൾ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്, ബെൽറ്റ് ആൻഡ് റോഡ് തുടങ്ങിയ പുതിയ ചൈനീസ് സാമ്പത്തിക സംരംഭങ്ങളിൽ പങ്കുചേരുന്നതിനൊപ്പം, ഈ പ്രദേശത്തിൽ കൂടുതൽ ചൈനീസ് സൈനിക സാന്നിധ്യം നേടുന്നതിനും തിടുക്കം കാട്ടി. സൈനിക പിന്തുണയുള്ള തായ് ഭരണാധികാരികൾ ഇപ്പോൾ ചൈനയുമായി കൂടുതൽ അടുത്ത ബന്ധം പുലർത്തുന്നു. ചൈനയെ തങ്ങളുടെ ഏറ്റവും വലിയ സാമ്പത്തിക പങ്കാളിയായും, തായ്ലൻഡിൽ ജനാധിപത്യം ആവശ്യപ്പെടുന്ന ശക്തികൾക്കെതിരായ പോരാട്ടത്തിൽ സഖ്യകക്ഷിയായും കാണുന്നു. അതിനാൽ, അവർ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അതൃപ്തിക്ക് പാത്രമായി. ഇക്കാരണത്താലാണ് സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ട്രംപ് തായ് സർക്കാരിനെ വിമർശിച്ചത്. ഭരണഘടനാപരമായ രാജവാഴ്ചയുടെ കീഴിൽ രാജ്യം ഭരിക്കുന്ന ബൂർഷ്വാ ഭരണാധികാരികൾ, തങ്ങളുടെ കൂറ്, ഒരു സാമ്രാജ്യത്വശക്തിയിൽ നിന്ന് മറ്റൊന്നിലേക്ക് ഇടയ്ക്കിടെ മാറ്റിക്കൊണ്ട് അവരുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നു.

എന്നാൽ, അധ്വാനിക്കുന്ന തായ് ജനതയുടെ സാമ്പത്തിക രാഷ്ട്രീയ-സാമൂഹിക ദുരിതങ്ങൾ ഓരോ ദിവസം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ അവർ ന്യായമായും ഇതിനൊരു പരിഹാരംം ആവശ്യപ്പെടുന്നു. അവർ ജൂൺ 24ന്, തായ്‌ലൻഡിന്റെ സമ്പൂർണ്ണ രാജവാഴ്ചയെ അട്ടിമറിച്ച 1932ലെ സയാമീസ് വിപ്ലവത്തിന്റെ വാർഷികം ആചരിച്ചുകൊണ്ട് പ്രകടനങ്ങൾ നടത്തി. കേവല രാജവാഴ്ചയെ അട്ടിമറിക്കുകയും ഭരണഘടനാപരമായ രാജവാഴ്ച സ്ഥാപിക്കുന്ന തിൽ വിജയിക്കുകയും അതുവഴി ഭരണവ്യവസ്ഥയെ ജനാധിപത്യത്തിന്റെ ചില രീതികളിലേക്ക് മാറ്റുകയും ചെയ്ത രക്തരഹിതമായ ഒരു വിപ്ലവം ആയിരുന്നു സയാമീസ് വിപ്ലവം. ഈ ആചരണം അടിച്ചമർത്തപ്പെട്ട തായ് പൗരന്മാരുടെ മാനസികാവസ്ഥയെയും അഭിലാഷത്തെയും സൂചിപ്പിക്കുന്നു.

തായ്‌ലൻഡിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിരിച്ചുവിടൽ

വർദ്ധിച്ചുവരുന്ന ജനങ്ങളുടെ പ്രതിഷേധം സംഘടിപ്പിക്കാനും ഏകീകരിക്കാനും ശരിയായ പാതയിലൂടെ നയിക്കാനും ശരിയായ വിപ്ലവ നേതൃത്വം ഉണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല. ഇപ്പോൾ നമുക്കുള്ള അറിവനുസരിച്ച് തായ്‌ലൻഡിൽ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ല. 1927ൽ റഷ്യൻ വിപ്ലവത്തിൽ നിന്നും ചൈനയിലെ വിപ്ലവ പോരാട്ടങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചില പുരോഗമന പ്രവർത്തകർ 1942 ഡിസംബർ 1ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് തായ്‌ലൻഡ് (സിപിടി) (തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സയാം എന്നറിയപ്പെട്ടു) ഔദ്യോ ഗികമായി സ്ഥാപിച്ചു. 1960 കളിൽ, സിപിടി അംഗത്വം വർദ്ധിച്ചു തുടങ്ങി, 1970 കളുടെ തുടക്കത്തിൽ വിയറ്റ്‌നാമിന് ശേഷം തെക്കുകിഴക്കൻ ഏഷ്യയിലെ രണ്ടാമത്തെ വലിയ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു ഇത്. 1965 ൽ അന്നത്തെ തായ് സർക്കാരിനെതിരെ പാർട്ടി ഒരു ഗറില്ലാ യുദ്ധം ആരംഭിച്ചു. ചൈനീസ് വിപ്ലവത്തിന്റെ തന്ത്രം പാർട്ടി അന്ധമായി പകർത്തി, ഗ്രാമപ്രദേശങ്ങളിൽ നിന്ന് മുന്നോട്ട് നീങ്ങുകയും അധികാരം പിടിച്ചെടുക്കാൻ നഗരങ്ങളെ വളയുകയും ചെയ്യുക എന്ന നയം പ്രഖ്യാപിച്ചു. സൃഷ്ടിപരമായ ശാസ്ത്രമായ മാർക്‌സിസം-ലെനിനിസത്തെ, ഒരു രാജ്യത്തെ നിലവിലുള്ള ഭൗതിക സാഹചര്യത്തിന് അനുയോജ്യമായ രീതിയിൽ മൂർത്തവൽക്കരിച്ചുകൊണ്ട് മാത്രമേ വിപ്ലവത്തിന്റെ തന്ത്രം മെനയുവാൻ സാധിക്കുകയുള്ളൂ എന്ന സത്യത്തിൽ നിന്ന് വ്യതിചലിച്ച് യാന്ത്രിക ധാരണയുടെ അടിസ്ഥാനത്തിൽ വിപ്ലവത്തിന്റെ തന്ത്രം രൂപപ്പെടുത്തുമ്പോൾ സംഭവിക്കാവുന്ന അനിവാര്യമായ അനന്തരഫലങ്ങൾ സംഭവിച്ചു. നിരവധി ആഭ്യന്തര പാർട്ടി തർക്കങ്ങൾ, സോവിയറ്റ് യൂണിയനിൽ ക്രൂഷ്‌ചേവൈറ്റ് നേതൃത്വം റിവിഷനിസ്റ്റ് നിലപാട് പിന്തുടർന്നതിനെത്തുടർന്ന് അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ ഭിന്നിപ്പ് എന്നിവ മൂലം ധാരാളം പാർട്ടി പ്രവർത്തകർ തായ് സർക്കാരിന്റെ കലാപവിരുദ്ധ നയങ്ങൾക്ക് കീഴടങ്ങി പൊതുമാപ്പ് തേടി. 1990കളിൽ സോവിയറ്റ് യൂണിയനിലും മറ്റ് രാജ്യങ്ങളിലും സോഷ്യലിസം തകർന്നതിനെത്തുടർന്ന്, രാഷ്ട്രീയ രംഗത്ത് നിന്ന് സി.പി.ടി അപ്രത്യക്ഷമായി.

ശരിയായ വിപ്ലവ നേതൃത്വത്തിന് മാത്രമേ ശരിയായ ദിശ
കാണിച്ചുതരാൻ കഴിയൂ

2010ൽ ജനാധിപത്യ പുനഃസ്ഥാപനത്തിനും, അസമത്വം നിർമ്മാർജ്ജനം ചെയ്യാനും, പ്രധാനമന്ത്രി അഭിഷിത് വെജ്ജാജിവയെ പുറത്താക്കാനും ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് പ്രക്ഷോഭകർ, കൂടുതലും സ്ത്രീകളും, കുട്ടികളും, വയോധികരും ഉൾപ്പെടെയുള്ള നഗരവാസികളും ഗ്രാമീണരുമായ സാധാരണ ജനങ്ങൾ തലസ്ഥാനമായ ബാങ്കോക്കിന്റെ തെരുവുകളിൽ അണിനിരന്ന ജനകീയ പ്രതിഷേധങ്ങളാൽ രാജ്യം ആടിയുലഞ്ഞപ്പോൾ, 2010 ജൂലൈ 1ലെ ‘പ്രോലിട്ടേറിയൻ ഇറ’ യിൽ ഞങ്ങൾ നടത്തിയ വിശകലനത്തിൽ ഇങ്ങനെ പറയുന്നു: ”തായ്‌ലൻഡിലെ ഇപ്പോഴത്തെ ജനകീയ പ്രസ്ഥാനം കരുത്തുറ്റതും വീറുറ്റതും, സമരോത്സുകതയുള്ളതും, അവരുടെ നീതിപൂർവകവും അടിയന്തിരവുമായ ആവശ്യങ്ങൾ നേടിയെടുക്കാൻ സഹായകമായതും, അതോടൊപ്പം മുതലാളിത്തത്തെ അധികാരത്തിൽ നിന്ന് മാറ്റേണ്ട ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ പ്രാപ്തമായതും ആകുന്നു. എന്നാൽ,
വ്യവസ്ഥിതിക്കുള്ളിൽ അധികാരവും, സമ്പത്തും മാത്രം മോഹിച്ചു നടന്ന വ്യക്തികൾ നേതൃത്വം നൽകിയതിനാൽ അവരുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം ദാരുണമായ നിരർത്ഥകതയിൽ അവസാനിച്ചു. അതിനാൽ, ആ രാജ്യത്തെ സ്വാതന്ത്ര്യദാഹികളായ സാധാരണ ജനങ്ങളുടെ എണ്ണമറ്റ മൃതദേഹങ്ങൾ നേതാക്കളാൽ ഉപേക്ഷിക്കപ്പെട്ട്, വിജനമായ തെരുവുകളിൽ അവശേഷിച്ചു. അതോടൊപ്പം തന്നെ, തായ്‌ലൻഡ് ജനകീയ പ്രസ്ഥാനം അവിസ്മരണീയമാംവിധം ഉപേക്ഷിച്ച പാഠം, എല്ലാ സാധ്യതകളും നിലനിൽക്കെതന്നെ ആവശ്യമുള്ള ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല എന്നതിന്റെ കാരണം നയിക്കാനുള്ള ശരിയായ വിപ്ലവ നേതൃത്വം ഉണ്ടായിരുന്നില്ല എന്നതാണ്. അതേ വിശകലനം ഇപ്പോഴത്തെ സാഹചര്യത്തിലും വളരെ ശരിയാണ്. തായ് ജനത ഈ സത്യം ഉൾക്കൊള്ളുകയും ആവശ്യമായ എല്ലാ കടമകളും നിറവേറ്റിക്കൊണ്ട് മണ്ണിൽ ശരിയായ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ മുൻകൈയെടുത്തുകൊണ്ട് അവരുടെ മുന്നേറ്റത്തെ അതിന്റെ യുക്തിസഹമായ പര്യവസാനത്തിലേക്ക് കൊണ്ടുപോകാൻ ഉതകുന്ന ഒരു അമരക്കാരനെ കണ്ടുപിടിക്കേണ്ട ആവശ്യകതയുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ, മാർക്സിസം-ലെനിനിസത്തെക്കുറിച്ച് ഏറ്റവും വികസിതവും സമൃദ്ധവുമായ ധാരണ എസ്‌യുസിഐ(സി) സ്ഥാപക ജനറൽ സെക്രട്ടറി സഖാവ് ശിബ്ദാസ് ഘോഷിന്റെ ചിന്തകളിലാണ് കുടികൊള്ളുന്നത്. അദ്ദേഹം, മഹാന്മാരായ മാർക്‌സ്-ഏംഗൽസ്-ലെനിൻ-സ്റ്റാലിൻ-മാവോ സെതൂങ്ങിന്റെ യോഗ്യനായ പിൻഗാമിയും, മികച്ച മാർക്‌സിസ്റ്റ് ചിന്തകനും ആണ്. അതിനാൽ, ആവശ്യമായ എല്ലാ കടമകളും നിറവേറ്റുന്ന ഒരു ശരിയായ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുക എന്നത് മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്തകളെ അടിസ്ഥാനമാക്കിയായിരിക്കണം.

ഉറവിടം:
ഡിപ്ലോമാറ്റ് 04.07.11,
ഫ്രണ്ട്‌ലൈൻ 07.03.14,
warontherocks.com 02.01.20,
dw.com 24.06.20,
ബിബിസി 22.05.14, 24.05.14, 01.08.20,
സ്റ്റേറ്റ്‌സ്‌മാൻ 06.03.14, 01.06.14, 09.11.14, 10.08.20,
യാഹൂ വാർത്ത 16.10.20,
ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് 31.10.20

Share this post

scroll to top