മതപരിവര്‍ത്തനത്തിനെതിരെയുള്ള അലഹബാദ് ഹൈക്കോടതി വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Love-Jihad_0.png
Share

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ദമ്പതികൾ സമർപ്പിച്ച റിട്ട് ഹർജി തള്ളിക്കൊണ്ട് പുറപ്പെടുവിച്ച വിധിയിൽ, വിവാഹത്തിനുവേണ്ടി മാത്രമായി നടത്തുന്ന മതപരിവർത്തനം അംഗീകരിക്കാനാകില്ല എന്നാണ് അലഹബാദ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ‘മതവികാരത്താൽ പ്രചോദിതമല്ലാത്തതും’, ‘മറ്റെന്തെങ്കിലും അവകാശവാദങ്ങൾ സ്ഥാപിച്ചെടുക്കുന്ന തിനുമായി’ നടത്തുന്ന മതപരിവർത്തനങ്ങൾ സത്യസന്ധമായ ഉദ്ദേശ്യത്തോടു കൂടിയവയാകില്ല എന്നും കോടതി തുടർന്നു നിരീക്ഷിക്കുന്നു (scroll.in, 30.10.2020).

വിവാഹത്തിനു വേണ്ടി ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്തിയ മുസ്ലിം വനിത, നിയമപരമായ സംരക്ഷണത്തിനായി നീതിന്യായ സംവിധാനത്തിന്റെ വാതിലിൽ മുട്ടിയപ്പോൾ ലഭിച്ച വിധിന്യായമാണിത്. നിർബന്ധിതമായോ മറ്റെന്തെങ്കിലും ഭൗതികനേട്ടങ്ങൾക്കായോ അല്ലാതെ, സ്വമേധയാ നടത്തുന്ന മതപരിവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്നതിനായി പുറപ്പെടുവിച്ച താണ് ഈ വിധി എന്നു വിശ്വസിക്കപ്പെടുന്നു. പക്ഷേ, മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ഈ സാഹചര്യത്തിൽ ഉയർന്നുവരികയാണ്. അവ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നതിനുള്ള അവകാശത്തെ ഹനിക്കുന്ന കുറ്റകൃത്യങ്ങൾ

വിവാഹത്തിനു വേണ്ടിയോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ആകട്ടെ, ഒരു വ്യക്തിയെ നിർബന്ധിച്ചു മതപരിവർത്തനം നടത്തിക്കുന്നത് ഒരു കുറ്റം തന്നെയാണെന്നത് ശരിയായി ചിന്തിക്കുന്ന ആരും അംഗീകരിക്കുന്ന വസ്തുതയാണ്. അതേ പോലെ തന്നെ, സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുവാനുള്ള ഒരാളുടെ അവകാശത്തെ തടയുന്നത്, അത് എന്തു കാരണം പറഞ്ഞുമായിക്കൊള്ളട്ടെ, വ്യക്തിസ്വാതന്ത്ര്യത്തിനു മേലേയുള്ള കടന്നുകയറ്റം തന്നെയാണ്. പക്ഷേ ജനാധിപത്യ ഇന്ത്യയിൽ, ശിക്ഷാഭീതി ഒട്ടുമില്ലാതെ, അത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നു. അധികാരം കൈയാളുന്നവരും, പിന്തിരിപ്പൻ വിഭാഗീയചിന്തകളിൽ മുങ്ങിക്കിടക്കുന്നവരും തന്നിഷ്ടത്തോടെ ഇത്തരം അവകാശങ്ങൾ നിഷേധിക്കുന്നു. വിവിധ മതവിഭാഗങ്ങളിൽ പെട്ടവർ തമ്മിലുള്ള വിവാഹങ്ങൾ മാത്രമല്ല, വിവിധ ജാതികളിൽ നിന്നുള്ളവർക്കിടയിലും, ഒരേ ഗോത്രത്തിൽ പെടുന്നവർക്കിടയിലും നടക്കുന്ന വിവാഹങ്ങൾ പോലും, മാപ്പർഹിക്കാത്ത കടുത്ത കുറ്റമായി കണക്കാക്കുന്നത് നാം പലപ്പോഴും കാണുന്നു. ഇത്തരം വിവാഹബന്ധത്തിലേർപ്പെടുന്നവരെ ബലമായി വേർപിരിക്കുന്നതും, ആ പെൺകുട്ടിയേയും പുരുഷനേയും വിവരണാതീതമായ മനുഷ്യത്വരഹിത പീഡനങ്ങൾക്കു വിധേയരാക്കുന്നതും, ചിലപ്പോൾ കൊന്നുകളയുന്നതും നമ്മൾ കേട്ടറിയുന്നു. സ്വയംപ്രഖ്യാപിത ഗ്രാമമുഖ്യന്മാരും ഖാപ് പഞ്ചായത്തുകളും പരസ്യമായി തന്നെ ഇത്തരം പീഡനങ്ങൾക്കുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നു. ‘ദുരഭിമാനക്കൊല’ എന്ന വാക്കു തന്നെ ഈ സാമൂഹിക അനീതിയുടെ പശ്ചാത്തലത്തിൽ രൂപം കൊണ്ടിരിക്കുകയാണ്.
ഇതിനൊക്കെ പുറമേ, തങ്ങളുടെ കണ്ണിൽ വിവാഹം എന്നല്ല മതത്തിനു പുറത്ത് എന്തെങ്കിലും ബന്ധത്തിലേർപ്പെടുന്ന ഒരു വ്യക്തിയെ, ഏതുവിധേനയും ശിക്ഷിക്കുവാനുള്ള ലൈസൻസ് തങ്ങൾക്കുണ്ടെന്ന തരത്തിൽ, അങ്ങേയറ്റം പിന്തിരിപ്പന്മാരായ മതമൗലികവാദികളും മതഭ്രാന്തന്മാരും വർഗ്ഗീയവാദികളും ധിക്കാരത്തോടെ പ്രവർത്തിക്കുന്നു. വിവിധ മതങ്ങളിൽ പെട്ടവർ തമ്മിലുള്ള വിവാഹങ്ങളിൽ മാത്രമല്ല, വിവിധ ജാതികളിൽ പെട്ടവർ തമ്മിലും, ഒരേ ജാതിയിലും പല ജാതിയിലും പെട്ട ഗോത്രങ്ങളിൽ പെടുന്നവർ തമ്മിലും ഒക്കെയുള്ള വിവാഹങ്ങളിലും, പ്രണയബന്ധങ്ങളിലും, ദുരഭിമാനക്കൊലകൾ നടക്കുന്നു. മറ്റു രാജ്യങ്ങളിൽ ഇസ്ലാം മതമൗലികവാദികൾ ചെയ്യുന്നതു പോലെ, നമ്മുടെ രാജ്യത്ത് ഹിന്ദുത്വശക്തികളുടെ പരിലാളനത്തിൽ ഇതെല്ലാം നിത്യസംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ‘ലൗ ജിഹാദ്’ എന്ന പദം തന്നെ ഹിന്ദുത്വവാദികൾ രൂപപ്പെടുത്തിയിരിക്കുകയാണ്. ഹിന്ദുമതത്തിൽ പെട്ട ഒരാളിൽ പ്രണയം കണ്ടെത്തുന്ന ഒരു മുസ്ലിം പുരുഷനോ പെൺകുട്ടിക്കോ അവർ ശിക്ഷ വിധിക്കുന്നു, മതപരിവർത്തനം എന്ന ആരോപണം ഉയർത്തുന്നു. പക്ഷേ അതേ ആളുകൾ തന്നെ, ‘ഘർ വാപസി’ (വീട്ടിലേക്കു മടങ്ങുക) എന്ന പേരിൽ ഇസ്ലാം മതത്തിൽ നിന്നും ഹിന്ദുമതത്തിലേക്ക് ബലം പ്രയോഗിച്ച് മതപരിവർത്തനം നടത്തുന്നതിനു സ്തുതി പാടുന്നു. ഏറ്റവും നിർഭാഗ്യകരമായ കാര്യം എന്തെന്നാൽ, ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്ന ഈ പിന്തിരിപ്പൻ ശക്തികൾക്ക് അധികാരകേന്ദ്രങ്ങളുടെ പിന്തുണ ഉണ്ടാകുന്നു എന്നതാണ്. സ്വയംപ്രഖ്യാപിത ‘ഖാപ് പഞ്ചായത്തുകളെ‘ നിശിതമായി വിമർശിച്ചു കൊണ്ട്, അവർക്ക് എങ്ങനെയാണ് നിയമപാലകരാകാൻ കഴിയുക എന്ന് സുപ്രീം കോടതി തന്നെ ചോദിച്ചത് നേരത്തേ നമ്മൾ കണ്ടതാണ്. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹത്തിൽ, മാതാപിതാക്കളുടേതാകട്ടെ, രാഷ്ട്രത്തിന്റെതാകട്ടെ, മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ഉണ്ടാകരുത് എന്നും കോടതി വിധിച്ചിരുന്നു. (ഇന്ത്യ ടുഡേ, 05.02.18). എന്നാൽ പരമോന്നത കോടതിയുടെ ഈ വിധിപോലും തെറ്റു ചെയ്യുന്നവരെ പിന്തിരിപ്പിക്കുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ, തങ്ങളുടെ ജാതിക്കു വെളിയിൽ കല്ല്യാണം കഴിച്ചതിന്റെ ശിക്ഷയായി യുവദമ്പതികളെ ചാണകവും മൂത്രവും തീറ്റിക്കാനാണ് ഒരു ഖാപ് പഞ്ചായത്ത് വിധിച്ചത്. (മിറർനൗ ന്യൂസ് 09.02.20)

ദുരഭിമാനക്കൊലയും
ലൗ ജിഹാദ് തടയുവാനെന്ന പേരിലുള്ള വേട്ടയാടലും

ദുരഭിമാനക്കൊലയും, ‘ലൗ ജിഹാദിന്റെ’ പേരിലുള്ള കൊലപാതകവും നിർബാധം തുടരുകയാണ്. ഇപ്പോൾ തന്നെ, അലഹബാദ് ഹൈക്കോടതിയുടെ വിധിയുടെ അന്തസത്തയെ വളച്ചൊടിച്ചു കൊണ്ട്, എല്ലാ ഹിന്ദു-മുസ്ലിം വിവാഹങ്ങളേയും ലൗ ജിഹാദായി കണ്ട് കേസെടുക്കണമെന്ന രീതിയിൽ, ആർഎസ്എസ്-ബിജെപി-സംഘപരിവാർ ഹിന്ദുത്വ ശക്തികൾ തങ്ങളുടെ മുസ്ലിം വിരുദ്ധ വർഗ്ഗീയവെറിയുടെ അജണ്ട കൂടുതൽ തീക്ഷ്ണമായി മുന്നോട്ടു വെക്കുന്നു. ഓഗസ്റ്റ് 28ന്, ഉത്തർപ്രദേശിന്റെ ബിജെപി മുഖ്യമന്ത്രി, ലൗ ജിഹാദിന് അന്ത്യം വരുത്തുവാനുള്ള പ്രവർത്തനപദ്ധതി തയ്യാറാക്കുവാൻ ആഭ്യന്തരവകുപ്പിനു നിർദ്ദേശം നൽകുകയുണ്ടായി. (ദ വയർ 14.09.20). അടുത്തിടെ പ്രശസ്ത ജുവലറി ശൃംഖലയായ തനിഷ്‌കിന്റെ ഗുജറാത്തിലെ ഷോറൂമുകൾ ആൾക്കൂട്ട ആക്രമണത്തിനു വിധേയമാവുകയുണ്ടായി. സാമുദായിക ഐക്യം വളർത്തുന്ന രീതിയിൽ ഒരു ഹിന്ദു-മുസ്ലിം വിവാഹം തങ്ങളുടെ പരസ്യത്തിൽ ചിത്രീകരിച്ചു എന്നതായിരുന്നു അവർ ചെയ്ത ഗുരുതരമായ കുറ്റം! അതിശക്തമായ വർഗ്ഗീയ ആക്രമണങ്ങളുടെ മൂർദ്ധന്യത്തിൽ അവർക്ക് ആ പരസ്യം തന്നെ പിൻവലിക്കേണ്ടി വന്നു. ചില ചലച്ചിത്രങ്ങളെ ചുറ്റിപ്പറ്റിയും സമാനമായ വർഗ്ഗീയരോഷം ദൃശ്യമായിട്ടുണ്ട്. ഹിന്ദുത്വയുടെ സിദ്ധാന്തങ്ങൾക്കെതിരേ നിലകൊള്ളുന്ന എന്തിനേയും നിയമവിരുദ്ധവും ദേശവിരുദ്ധവും ദേശദ്രോഹപരവുമൊക്കെയായി ചിത്രീകരിക്കുന്നു.

സാഹചര്യം ഇതായിരിക്കെ, സർക്കാർ അധികാരം കൈയാളുന്ന ബിജെപിയുടെ നേതാക്കൾ, ലൗ ജിഹാദ്, ദുരഭിമാനക്കൊല, ഘർവാപസി, തുടങ്ങിയവയിലൊ ക്കെ തങ്ങളുടെ വർഗ്ഗീയ-മൗലികവാദ ഉദ്ദേശ്യത്തോടു കൂടിയ സ്വയംപ്രഖ്യാപിത ധർമ്മബോധം പ്രദർശിപ്പിക്കുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ഹരിയാനയിലേയും അസ്സാമിലേയും അദ്ദേഹത്തിന്റെ കൂട്ടാളികളായ മുഖ്യമന്ത്രിമാരും, പ്രഖ്യാപിച്ചിരിക്കുന്നത്, ലൗ ജിഹാദ് തടയുന്നതിനുള്ള നിയമങ്ങൾ നിർമ്മിക്കുമെന്നാണ്. തങ്ങളുടെ സംസ്ഥാനങ്ങളിൽ വഞ്ചനയിലൂടെയുള്ള വിവാഹങ്ങൾ അവസാനിപ്പിക്കുമെന്ന് ഈ നേതാക്കൾ അവകാശപ്പെടുന്നു. ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കുന്നതിനായി മുസ്ലിം പയ്യന്മാർ മനഃപൂർവ്വം തങ്ങളുടെ മതം മറച്ചുവെക്കുന്നതായി ഇവർ ആരോപിക്കുന്നു.
‘ലൗ ജിഹാദിന് മരണശിക്ഷ നൽകുകയെന്നതാണ്’ ഒരു കാവി സംഘടനയായ ‘അഖാര പരിഷദ്’ പുറപ്പെടുവിച്ച ഭീഷണമായ മുറവിളി. ഇപ്പോൾ, കോടതിവിധിയെ വളച്ചൊടിച്ച് വ്യാഖ്യാനിച്ചു കൊണ്ട് യുപി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്, – ‘ലൗ ജിഹാദ് നിർത്തുന്നതിനായുള്ള കടുത്ത നിയമനിർമ്മാണം തങ്ങൾ നടത്തുമെന്നാണ്. സ്വന്തം സ്വത്വത്തെ മറച്ചുവെച്ചുകൊണ്ട് ഞങ്ങളുടെ സഹോദരിമാരുടെ അഭിമാനം കൊണ്ടു കളിക്കുന്നവർക്ക് ഞാൻ മുന്നറിയിപ്പു നൽകുകയാണ്. നിങ്ങൾ നിങ്ങളുടെ വഴികൾ തിരുത്തിയില്ലെങ്കിൽ നിങ്ങളുടെ രാമനാമ സത്യയാത്ര ആരംഭിക്കുന്നതാണ്.’ (scroll.in 31.10.20) ഇദ്ദേഹം പറഞ്ഞ ഈ യാത്ര ഹൈന്ദവ ശവസംസ്‌ക്കാരവുമായി ബന്ധപ്പെട്ടതാണ്. അതായത്, അഹിന്ദുക്കളായ യുവാക്കൾക്ക്, വിശേഷിച്ചും മുസ്ലിം യുവാക്കൾക്കെതിരെ മുഖ്യമന്ത്രി സ്വയം വധഭീഷണി മുഴക്കിയിരിക്കുകയാണ്.

അധികാരകേന്ദ്രീകൃത ലോബികൾ പാരമ്പര്യം എന്നു പറഞ്ഞു സ്തുതിക്കുന്ന ദുരാചാരങ്ങൾ പലപ്പോഴും ഹിന്ദു യുവാക്കളേയും വെറുതേ വിടാറില്ല. ദക്ഷിണ ബീഹാറിലെ ഗയ ജില്ലയിൽ, തന്നേക്കാൾ 10 വയസ്സിനു മുതിർന്ന, വിധവയായ തന്റെ സഹോദരഭാര്യയെ നിർബന്ധിച്ചു വിവാഹം ചെയ്യിച്ച 15 വയസ്സുകാരനായ കുട്ടി, രണ്ടു മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തിരുന്നു. (ഹിന്ദുസ്ഥാൻ ടൈംസ് 13.12.17) ഈ പറയുന്ന പാരമ്പര്യത്തിനു വേണ്ടി ജീവിക്കുന്നതിന്റെ ശാപം ഇതാണ്. ഈ ഭീഷണിപ്പെടുത്തിയതു പോലെയുള്ള ലൗ ജിഹാദ് വിരുദ്ധ നിയമനിർമ്മാണം നടപ്പിൽ വരുമ്പോൾ, അത് വിവിധ സമുദായങ്ങൾക്കിടയിലുള്ള എന്തുതരത്തിലുമുള്ള സാമൂഹികമായ കൊടുക്കൽവാങ്ങലുകളേയും കൂട്ടായ്മയേയും കുറ്റകരമാക്കുകയല്ലേ? ഏതാനും ദിവസങ്ങൾക്കു മുമ്പാണ് യുപിയിലെ ഗോവധനിരോധനനിയമം ദുരുപയോഗം ചെയ്യുകയാണെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചത്. (ഇന്ത്യൻ എക്‌സ്പ്രസ് 27.10.20) വിവാഹത്തിനു വേണ്ടിയുള്ള മതപരിവർത്തനത്തെ സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ അടുത്തിടെയുള്ള വിധിയും സമാനമായി ദുരുപയോഗം ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്? അധികാരക്കസേരകളിൽ ഇരിക്കുന്നവർ ചില സാമൂഹികവ്യവഹാരങ്ങളെ അടിച്ചമർത്താനോ കുറ്റകരമാക്കാനോ ശ്രമിക്കുന്നു. അപ്പോൾ ഇത്തരം നിയമനിർമ്മാണങ്ങൾ സാമൂഹികജീവിതത്തിനു തന്നെ കടുത്ത ആപത്ത് സൃഷ്ടിക്കുകയല്ലേ? ഒരു ജനാധിപത്യത്തിൽ, സാമൂഹികജീവിതത്തിലെ സ്വതന്ത്രമായ ഇടപെടലുകൾക്കും, സാമൂഹികബന്ധങ്ങൾക്കും, വിവിധസമുദായങ്ങൾക്കിടയിലെ സൗഹാർദ്ദത്തിനും, രാഷ്ട്രത്തിന്റെ അധികാരമുപയോഗിച്ച് എന്തെങ്കിലും അപായം വരുത്താൻ പാടുള്ളതാണോ? 1935-ലെ ജർമ്മനിയിൽ, ഹിറ്റ്‌ലർ ചെയ്തതിനോട് ഭയാനകമായ സാമ്യം ഇവിടെ നമുക്കു കാണാം. “സെപ്റ്റംബറിൽ, ന്യൂറംബർഗിൽ നടന്ന പാർട്ടി റാലിയിൽ ഫ്യൂറർ സംബന്ധിച്ചു… ഒരു പ്രത്യേക സമ്മേളനത്തിനായി ന്യൂറംബർഗിൽ റെയ്ച്ച്‌സ്റ്റാഗ് വിളിച്ചുകൂട്ടി, ജൂതർക്കെതിരേയുള്ള ന്യൂറംബർഗ് നിയമങ്ങൾ അതിന്റെ ഏകകണ്ഠമായ അംഗീകാരത്തിനായി അവതരിപ്പിച്ചു. ഇതിലൂടെ ഒന്നാമതായി, ജൂതരായ ജർമ്മൻകാർക്ക് അവരുടെ പൗരത്വം നിഷേധിച്ചു. രണ്ടാമതായി, ജർമ്മൻ രക്തവും ജർമ്മൻ അഭിമാനവും സംരക്ഷിക്കാനുള്ള നിയമത്തിലൂടെ ജർമ്മൻകാരും ജൂതരും തമ്മിലുള്ള വിവാഹബന്ധവും, ജൂതർ ജർമ്മൻകാരെ വേലക്കാരായി നിർത്തുന്നതും നിരോധിച്ചു. ഈ നിയമങ്ങളിലൂടെ, ജർമ്മനിക്ക് തന്റെ സ്വാതന്ത്ര്യം നേടിയെടുക്കാൻ സഹായിച്ച പ്രസ്ഥാനത്തോടുള്ള (അതിന്റെ ചിഹ്നമായ സ്വസ്തിക അപ്പോൾ ജർമ്മൻ ദേശീയ ചിഹ്നമാക്കിയിരുന്നു) കടപ്പാട് വീട്ടുകയാണെന്ന് ഹിറ്റ്‌ലർ പ്രഖ്യാപിച്ചു.” (അലൻ ബുള്ളോക്ക് എഴുതിയ, ഹിറ്റ്‌ലർ, നിഷ്ഠുരവാഴ്ച്ചയുടെ പഠനം എന്ന പുസ്തകം, പുറം 339)

സ്ത്രീകളാണ് ഏറ്റവും വലിയ ഇരകൾ

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമെന്തെന്നാൽ, ദുരഭിമാനക്കൊല, ലൗ ജിഹാദ് തുടങ്ങിയ പിന്തിരിപ്പൻ പ്രയോഗങ്ങളുടെ പേരിൽ ഏറ്റവും ക്രൂരമായി ഇരയാക്കുന്നതും, കൂടുതൽ സാമൂഹിക ഒറ്റപ്പെടലും അടിച്ചമർത്തലും അനുഭവിക്കുന്നതും സ്ത്രീകളാണ്. ‘ഞങ്ങളുടെ സഹോദരിമാരുടെ അഭിമാനം വെച്ചു കളിക്കരുത്’ എന്നാണ് യുപി മുഖ്യമന്ത്രി മുന്നറിയിപ്പു നൽകിയത്. ഇത് സ്ത്രീകളുടെ അഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കുവാനുള്ള ആത്മാർത്ഥത കൊണ്ടു അദ്ദേഹം പറഞ്ഞതല്ല എന്നത് വളരെ വ്യക്തമാണ്. ഹിന്ദു സ്ത്രീകളുടെ മാനം കെടുത്തുവാനും, മതം വിട്ട് വിവാഹം കഴിക്കുന്നതിനായി പരിവർത്തനം നടത്തുവാൻ നിർബന്ധിക്കുന്നതും മുസ്ലിം യുവാക്കൾ മാത്രമാണെന്ന തരത്തിൽ, മുസ്ലിംവിരുദ്ധ വിഷം തുപ്പുന്നതു മാത്രമാണ്. അതുകൊണ്ട്, ഇദ്ദേഹത്തിനോ, മറ്റേതൊരു ആർഎസ്എസ്-ബിജെപി നേതാവിനോ യഥാർത്ഥത്തിൽ സഹോദരിമാരുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നതിൽ എന്തെങ്കിലും താത്പര്യം ഉണ്ടോ?
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്ത് സ്ത്രീകൾക്കെതിരേ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് യുപിയിൽ ആണെന്നത് ഈ മുഖ്യമന്ത്രിക്കു നിഷേധിക്കാൻ പറ്റുമോ? (ഇന്ത്യൻ എക്‌സ്‌പ്രെസ് 30.09.20) ഇന്ത്യയിൽ പ്രതിലക്ഷം ജനസംഖ്യക്ക് രജിസ്റ്റർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് ബിജെപി ഭരണത്തിനു കീഴിൽ ഉയർന്നുകൊണ്ടേയിരിക്കുന്നു എന്നത് നിഷേധിക്കാൻ പറ്റുമോ? (എക്കണോമിക് ടൈംസ് 30.09.20) ദളിതരുൾപ്പടെയുള്ള പാർശ്വവൽകൃത വിഭാഗങ്ങൾക്കെതിരേ നടക്കുന്ന, ദുരഭിമാനക്കൊല യടക്കമുള്ള വിദ്വേഷകുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ, തുടർച്ചയായ മൂന്നാം വർഷവും യുപി മുന്നിട്ടു നിൽക്കുന്നില്ലേ? (ഫസ്റ്റ് പോസ്റ്റ് 06.03.19) ബിജെപി എംഎൽഎ ആയിരുന്ന കുൽദീപ് സിങ്ങ് സെംഗാറിനെ ബലാൽസംഗക്കേസിൽ ജയിലിലടച്ചില്ലേ? അടുത്തിടെ തന്നെ ഹത്രാസിലും ബൽറാംപൂരിലും നടന്ന കൂട്ടബലാൽസംഗ ക്കേസുകൾക്കു ശേഷം, വീണ്ടും സമാനമായ രീതിയിൽ അത്തരം കേസ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലേ? പ്രയാഗ്‌രാജിൽ ഒരു വനിതയെ ബലാൽസംഗം ചെയ്തു എന്ന ആരോപണത്തിൽ ഒരു ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തില്ലേ? (ഇന്ത്യ ടുഡേ 04.10.20) അപ്പോൾ യുപി മുഖ്യമന്ത്രി പറയുന്നതു പോലെ സഹോദരിമാരുടെ മാനം കൊണ്ടു കളിക്കുകയെന്നത് ബിജെപി ഭരണം നിലനിൽക്കുന്ന മുതലാളിത്ത ഇന്ത്യയിൽ ഇന്ന് നിത്യസംഭവമായി മാറിയിരിക്കുന്നു.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും, രാജ്യത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള വിവിധ പ്രദേശങ്ങളിലും വധുവാക്കാൻ സ്ത്രീകളെ കടത്തുന്നത് ഒരു വളരുന്ന വ്യാപാരം തന്നെയാണ്.

ചിലയിടങ്ങളിൽ പ്രായം ചെന്ന പുരുഷന്മാർക്ക് വിവാഹം ചെയ്യുന്നതിനായി പെൺകുട്ടികളെ പണം കൊടുത്തു വാങ്ങുന്ന രീതിയുണ്ട്. 2016ലെ ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 33,855 സ്ത്രീകളേയാണ് വിവാഹത്തിനായി തട്ടിക്കൊണ്ടുപോയിട്ടുള്ളത്. ഇതിൽ പകുതിയും 18 വയസ്സിൽ താഴെയുള്ളവരായിരുന്നു. ‘എംപവർ പീപ്പിൾ’ എന്ന സംഘടന, 2014-ൽ വീടുവീടാന്തരം കയറിനടത്തിയ ഒരു സർവ്വേ പ്രകാരം, ഉത്തരേന്ത്യയിലെ 85 ഗ്രാമങ്ങളിലായി 1,352 സ്ത്രീകളാണ് തങ്ങളെ ഇങ്ങനെ വാങ്ങിയവരുമൊത്ത് കഴിയുന്നത്. 2013ൽ യുഎൻ ഓഫീസ് ഓൺ ഡ്രഗ് ആൻഡ് ക്രൈം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, നിർബന്ധിത വിവാഹത്തിനായി കടത്തുന്ന സ്ത്രീകളെ ചൂഷണം ചെയ്യുകയും, അടിസ്ഥാന അവകാശങ്ങൾ കൂടി നിഷേധിക്കുകയും വീട്ടുജോലിക്കാരാക്കി മാറ്റുകയും കാലക്രമേണ ഉപേക്ഷിക്കുകയുമാണ് ഉണ്ടാകുന്നത്. ഇതിൽ പല സ്ത്രീകളേയും അവരുടെ ഉടമസ്ഥരുടെ താത്പര്യപ്രകാരം വീണ്ടും വിൽക്കുന്നു. ആയിരക്കണക്കിന് സ്ത്രീകളേയും പെൺകുട്ടികളേയും ഇങ്ങനെ അവരുടെ കുടുംബങ്ങളിൽ നിന്നകറ്റി, വാങ്ങുകയും വിൽക്കുകയും ചെയ്ത്, വീട്ടുവേലക്കാരായും ലൈംഗിക അടിമകളായും കുരുക്കിയിടുന്നു. (ഗ്ലോബൽ പോസ്റ്റ് 19.11.12, ദ ഗാർഡിയൻ 07.03.18) ഞങ്ങൾ ഈ കാര്യം പരാമർശിച്ചത്, ലൗ ജിഹാദ്, ദുരഭിമാനക്കൊല തുടങ്ങിയവ സ്ത്രീകളുടെ ആത്മാഭിമാനത്തിന്റേയും സമത്വത്തിന്റേയും സമാനമായ ലംഘനം തന്നെയാണെന്നതു കൊണ്ടാണ്. ഇത്തരം ക്രൂരപ്രയോഗങ്ങളൊക്കെയും, പുരുഷമേധാവിത്വമുള്ള സമൂഹത്തിലെ ബന്ധങ്ങളിൽ, സ്ത്രീകളെ നിസ്സഹായരും അബലകളുമായി കണക്കാക്കുന്നു. ഇത്തരം നീചമായ കുറ്റകൃത്യങ്ങൾ തടയാൻ സർക്കാരോ ഭരണകൂടമോ, നിലവിലുള്ള ശിക്ഷാനിയമങ്ങൾ പോലും മതിയാംവണ്ണം ഉപയോഗിക്കുന്നില്ല. സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിനു പകരം, യുപിയിലേയും ഹരിയാനയിലേയും ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകൾ അവരുടെ മനോരഥത്തിലുള്ള കുറ്റകൃത്യമായ ലൗ ജിഹാദ് പോലെയുള്ളവ തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നു. ലിംഗനീതിയുടെ വശം അവഗണിച്ചുകൊണ്ട്, വിഭാഗീയമായ മതവ്യത്യാസത്തിന്റെ വശത്തിൽ മാത്രം ശ്രദ്ധയൂന്നുന്നു. ഇത് ലൗ ജിഹാദ് എന്ന പേരിൽ പുരുഷന്മാർക്കെതിരേ വൈരനിര്യാതനം നടത്തുക മാത്രമല്ല, സ്ത്രീകളേയും ദണ്ഡിപ്പിക്കുന്നതാണ്.

സാമൂഹികവിഭജനം വഷളാക്കുവാനുള്ള ശ്രമങ്ങൾ ചെറുത്തു തോൽപ്പിക്കണം

എന്തു കാരണത്തിന്റെ പേരിലാണെങ്കിലും ആരു നടത്തുന്ന നിർബന്ധിത മതപരിവർത്തനവും അപലപിക്കേണ്ടതാണെന്നത് ന്യായമായ വസ്തുതയാണ്. നേരത്തേ പറഞ്ഞതു പോലെ പ്രായപൂർത്തിയായ ഏതൊരു പൗരനും തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ വിവാഹം ചെയ്യുവാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട്. ഇതിൽ ആർക്കും ഇടപെടാനാകില്ല. നമ്മുടെ നവോത്ഥാന പ്രസ്ഥാനത്തിലെ അതികായന്മാരും ഇത് ഉയർത്തിപ്പിടിച്ചിരുന്നു. സമൂഹത്തിന്റെ പുരോഗതിയുടെ പാതയിൽ തടസ്സമായി നിൽക്കുന്ന അറുപഴഞ്ചൻ ജന്മിത്തകാല രീതികളും ആചാരങ്ങളും അനുശാസനങ്ങളും ഇല്ലാതാക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. ആർഎസ്എസ്- ബിജെ പി – സംഘപരിവാർ ശക്തികൾ ലൗ ജിഹാദിനെതിരേ നടത്തുന്ന യുദ്ധവും, ദുരഭിമാനക്കൊല കൾക്ക് അനുകൂലമായി എടുക്കുന്ന നിലപാടുകളും വർഗ്ഗീയ-ജാതീയ ചേരിതിരിവുകളെ ആളിക്കത്തിക്കാൻ സഹായിക്കുന്നവയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. മതിയായ രാഷ്ട്രീയ ബോധത്തിന്റെ അഭാവത്തിൽ, ഇത്തരം കരുതിക്കൂട്ടിയുണ്ടാക്കുന്ന വിഭജനങ്ങൾ തീക്ഷ്ണമാക്കുമ്പോൾ ജാതിയുടേയും മതത്തിന്റെയും പേരിൽ ജനങ്ങൾക്കിടയിലുള്ള ധ്രുവീകരണവും വർധിക്കും. സാമൂഹികാന്തരീക്ഷത്തിൽ ഇങ്ങനെ എല്ലാതരത്തിലുമുള്ള, മതഭ്രാന്തു നിറഞ്ഞതും പിന്തിരിപ്പനുമായ രീതികൾ വർധിക്കുമ്പോൾ, സാധാരണക്കാരായ അധ്വാനിക്കുന്ന ജനങ്ങൾക്കിടയിൽ മതിയായ സാമൂഹിക-രാഷ്ട്രീയ അവബോധം ഉണരുന്നതിനുള്ള സാധ്യത അത്രയും കുറയും. രണ്ടാമതായി, ഏതൊരു രാജ്യത്തും, ഭൂരിപക്ഷ മൗലികവാദത്തിന്റെയും വർഗ്ഗീയതയുടേയും പ്രചാരകർ, ഇങ്ങനെ കൃത്രിമമായി സൃഷ്ടിക്കുന്ന ധ്രുവീകരണത്തിൽ നിന്നാണ് നേട്ടമുണ്ടാക്കുന്നത്. മതവും മൗലികവാദവും ഒന്നല്ല.

സങ്കുചിതമായ വിഭാഗീയ രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുയോ ദുരുപയോഗിക്കുകയോ ചെയ്യുമ്പോഴാണ് അതിനെ മൗലികവാദം എന്നു വിളിക്കുന്നത്. അപ്പോൾ ഇന്ത്യയിൽ, അന്തരീക്ഷത്തിൽ വർഗ്ഗീയ പിരിമുറുക്കവും മതപരമായ വിഭജനവും രൂക്ഷമാകുമ്പോൾ, കൊടിയ വർഗ്ഗീയത പുലർത്തുന്ന ആർഎസ്എസ്സിന്റെയും ബിജെപിയുടേയും നിലപാടിനാണ് നേട്ടമുണ്ടാവുക. പിന്തിരിപ്പനും പഴഞ്ചനുമായ എല്ലാത്തരം ചിന്തകളും ആചാരങ്ങളും നിലനിർത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമാണ് ആർഎസ്എസ്-ബിജെപി-സംഘപരിവാർ ശക്തികൾ ലക്ഷ്യം വെക്കുന്നത്. ഒപ്പം, വർഗ്ഗീയത – മൗലികവാദം – ജാതീയത എന്നിവയുൾപ്പടെ എല്ലാത്തരം വിഭാഗീയചിന്തകളും ആളിക്കത്തിക്കുന്നു. കാരണം, അവരുടെ യജമാനരും, രക്ഷകർത്താക്കളുമായ, ഭരിക്കുന്ന ചൂഷകരായ കുത്തകകൾക്ക്, മരണാസന്നമായി ദുഷിച്ച പിന്തിരിപ്പൻ മുതലാളിത്ത സംവിധാനത്തിന് അധികജീവൻ നീട്ടിനൽകുവാനായി ഈ വിഭാഗീയചിന്ത ആവശ്യമുണ്ട്. അതുകൊണ്ട്, ജനാധിപത്യവിശ്വാസികളായ എല്ലാ ജനങ്ങളും മുന്നോട്ടു വന്ന്, ഇത്തരം അപകടകരമായ വിഭാഗീയ ഫാസിസ്റ്റ് അജണ്ടയ്‌ക്കെതിരേ കാര്യക്ഷമമായ, ഒറ്റക്കെട്ടായ, പ്രതിരോധം തീർക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

Share this post

scroll to top