പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന, പരിസ്ഥിതിയെ തകർക്കുന്ന കെ റെയിൽ പദ്ധതി കേരളത്തെ കാത്തിരിക്കുന്നത് വൻദുരന്തം

No-KRail.jpg
Share

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, പാലക്കാട് തുടങ്ങി കേരളത്തിലെ പതിനൊന്ന് ജില്ലകളെ പ്രത്യക്ഷമായും അവശേഷിക്കുന്ന ജില്ലകളെ പരോക്ഷമായും ബാധിക്കുന്നതും കേരളത്തെ കീറിമുറിക്കുന്നതുമായ ഒരു വമ്പൻ പദ്ധതി വികസനത്തിന്റെ മറയിൽ ജനങ്ങൾക്കുമീതെ വന്നുപതിച്ചിരിക്കുകയാണ്. അതാണ് സിൽവർലൈൻ, കെ റെയിൽ എന്നൊക്കെ അറിയപ്പെടുന്ന സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ. 3000ലധികം ഏക്കർ ഭൂമി അക്വയർ ചെയ്തുകൊണ്ടും 20,000 ത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും 63,000 കോടി രൂപ ചെലവഴിച്ചുകൊണ്ടും നടത്തുന്ന, പരിസ്ഥിതിയുടെ സമ്പൂർണ തകർച്ച ഉറപ്പാക്കുന്നതും ജനങ്ങളെ കടുത്ത സാമ്പത്തിക ബാധ്യതയിലേയ്ക്ക് തള്ളിവിടുന്നതുമായ ഈ പദ്ധതി ആരുടെ താൽപര്യാർത്ഥമാണ്?

ഇത്തരമൊരു റെയിൽ കോറിഡോർ നിർമ്മിക്കണമെന്ന് ആരാണ് ആവശ്യപ്പെട്ടിട്ടുള്ളത്? അതിനുവേണ്ടി സർക്കാർ നടത്തിയിട്ടുള്ള പഠനത്തിന്റെ അടിസ്ഥാനമെന്താണ്? പദ്ധതി നടത്തിപ്പിനാവശ്യമായ ഭൂമിയേറ്റടുക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി അതിദ്രുതം മുന്നോട്ടുനീങ്ങുമ്പോൾ ഈ ചോദ്യങ്ങൾക്ക് സുതാര്യവും വ്യക്തവുമായ ഉത്തരം സംസ്ഥാനസർക്കാരിന്റെ പക്കൽ ഇല്ല. വസ്തുതകൾ മറച്ചുവെച്ചുകൊണ്ട് അതീവരഹസ്യമായും നിഗൂഢമായും മുന്നേറുന്ന പദ്ധതിക്കെതിരെ സംസ്ഥാനമെമ്പാടും ജനകീയ പ്രതിഷേധം അനുദിനം ശക്തിപ്രാപിച്ചുവരികയാണ്.


എന്താണ് കെ റെയിൽ അഥവാ സെമി ഹൈസ്പീഡ് കോറിഡോർ?


കേന്ദ്ര റെയിൽവേ മന്ത്രലായവുമായി ചേർന്ന് സംസ്ഥാന സർക്കാർ രൂപവൽക്കരിച്ച കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ കീഴിലാണ് ഈ അർദ്ധ അതിവേഗ റെയിൽപാത പദ്ധതി ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. നമ്മുടെ രാജ്യത്ത് നിലവിലുള്ള റെയിൽവേ ഇൻഫ്രാസ്ട്രക്ചർ അടിസ്ഥാനപ്പെടുത്തി വികസിപ്പിക്കുന്ന റെയിൽപാതയല്ല മറിച്ച്, ഒറ്റപ്പെട്ട സമാന്തര പാതയാണ് കെ റെയിൽ വിഭാവനം ചെയ്യുന്നത്. കേരളത്തിന്റെ റെയിൽപാതയ്ക്ക് സമാന്തരമായോ, അല്ലാതെയോ ഒരു പുതിയ റെയിൽ അലൈൻമെന്റ് നിർമ്മിച്ച,് വ്യത്യസ്തമായ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് വൻലാഭം കൊയ്യാനാണ് പ്ലാൻ. നിലവിലുള്ള റെയിൽവേയുമായി ഇതിന് യാതൊരു ബന്ധവുമില്ല.
കാസർകോട് മുതൽ തിരുവനന്തപുരം ൃ കൊച്ചുവേളി വരെ 529.45 കിലോമിറ്റർ നീളത്തിലാണ് ഈ’സിൽവർ ലൈൻ’ റെയിൽവേ വരാൻ പോകുന്നത്. നാല് മണിക്കൂർകൊണ്ട് കാസർകോഡുനിന്നും തിരുവനന്തപുരത്ത് എത്തിച്ചേരാനാവുന്ന വിധത്തിലാണ് ട്രാഫിക്ക് മാനേജ്‌മെന്റ് സിസ്റ്റം. 11 ജില്ലകളിലായി പതിനൊന്ന് സ്റ്റോപ്പുകൾ. തിരുവനന്തപുരം മുതൽ തിരൂർവരെ നിലവിലുള്ള റെയിൽപാതയിൽ നിന്ന് വ്യത്യസ്തമായ വഴികളിലൂടെയും തിരൂർ മുതൽ കാസർകോടുവരെ റെയിൽപ്പാതയ്ക്ക് സമാന്തരമായിട്ടുമാണ് ഇത് കടന്നുപോവുക. ഓരോ അഞ്ഞൂറ് മീറ്റർ ഇടവിട്ടും അടിപ്പാതകൾ നിർമ്മിക്കുമെന്നും കേരളത്തിന്റെ യാത്ര അതിവേഗമാക്കാൻ കഴിയുമെന്നും ഗവൺമെന്റ് അവകാശപ്പെടുന്നു.

നിലവിലെ റെയിൽപ്പാതയ്ക്ക് സമാന്തരമായി 40 ശതമാനവും റെയിൽപാതയോട് ബന്ധമില്ലാതെ 60 ശതമാനം സ്ഥലത്ത് കെ. റെയിൽ നിർമ്മിക്കുമെന്നും പ്രോ ജക്ടിനുവേണ്ടി പൊളിക്കുന്ന ആകെ കെട്ടിടങ്ങൾ (കടകൾ, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, വീടുകൾ എന്നിവയെല്ലാം കൂടി) 9314 മാത്രമാണെന്നും ഡിപിആർ പറയുന്നു. യഥാർത്ഥ കണക്കുകൾ അതിന്റെ പതിന്മടങ്ങ് വരും. അതുകൊണ്ട് തന്നെ, വിശദപഠന റിപ്പോർട്ട് പൂർണ്ണമായി പുറത്തുവിടാൻ കെ റെയിൽ പദ്ധതിയുടെ വക്താക്കൾ ഭയപ്പെടുന്നു.
കേരളംപോലെ, ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്ത് ഈ വൻകിട പദ്ധതി നടപ്പിലാക്കണമെങ്കിൽ വൻതോതിൽ കുടിയൊഴിപ്പിക്കൽ വേണ്ടിവരും. നിർമ്മാണത്തിന് വൻതോതിൽ കുന്നുകൾ ഇടിയ്‌ക്കേണ്ടിവരും, വയലുകൾ നികത്തേണ്ടിവരും, നദികളും പുഴകളും കായലുകളും ജലാശയങ്ങളും മണ്ണിട്ടുമൂടേണ്ടിവരും. ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങളാണ് ഇതിലൂടെയെല്ലാം സൃഷ്ടിക്കപ്പെടുക. ഇവകളെക്കുറിച്ചൊന്നും വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ പഠനം നടന്നിട്ടില്ല.

സാധ്യതാപഠനവും (ഫീസിബിലിറ്റി സ്റ്റഡി)
പാരിസ്ഥിതിക പഠനവും


പദ്ധതിയുടെ സാധ്യതാ പഠനത്തിന് കേരള സർക്കാർ കണ്ടെത്തിയത് ഫ്രാൻസിലെ സിസ്ട്ര എന്ന ഏജൻസിയെയാണ്. സിസ്ട്ര നൽകിയ സാധ്യതാപഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ റെയിൽ പ്രോജക്ടിന് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. അവരാകട്ടെ, ആകാശസർവ്വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. എന്തിനാണ് വിദേശ ഏജൻസിയെ സംസ്ഥാന സർക്കാർ സാധ്യതാപഠനത്തിന് നിയോഗിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നുമാത്രമല്ല, 2019 മാർച്ച് മാസം ആദ്യം തയ്യാറാക്കി സമർപ്പിച്ച ഒന്നാംപഠന റിപ്പോർട്ട് (പ്രീ-ഫീസിബിലിറ്റി സ്റ്റഡി)പ്രകാരം നിലവിലുള്ള റെയിൽപാതയുമായി സംയോജിക്കുന്ന വിധത്തിലുള്ള ബ്രോഡ്‌ഗേജ് റെയിൽവേ ലൈനാണ് പ്രയോഗികം എന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, കേരളാ റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ സമ്മർദ്ദത്തെത്തുടർന്ന് മെയ് മാസം തന്നെ മറ്റൊരു റിപ്പോർട്ട് നൽകി. അതുപ്രകാരമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ട സ്റ്റാൻഡേർഡ് ഗേജ് ലൈൻ നിർമ്മിക്കാൻ കഴിയുമെന്ന് സിസ്ട്ര റിപ്പോർട്ട് നൽകിയിരിക്കുന്നത്.
പദ്ധതിയുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠിയ്ക്കാൻ കെആർഡിസി നിയോഗിച്ചത് സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്‌മെന്റിനെയാണ്. അതിനായി, ‘ഗൂഗിൾ എർത്ത് ഡേറ്റ’തന്നെയാണ് പ്രധാനമായും അവലംബമാക്കപ്പെട്ടത്. അതുകൊണ്ടുതന്നെ യഥാർത്ഥ ചിത്രം വെളിവാക്കുന്നതല്ല ഈ ഇ.ഐ.എ പഠനം. ഗൂഗിൾ എർത്ത് മാപ്പിൽ കണ്ടെത്തിയതനുസരിച്ച് 101.74 കിലോമീറ്റർ നീളത്തിൽ മരംമുറി വേണ്ടിവരും. 292.73 കിലോമീറ്റർ നീളത്തിൽ മണൽതിട്ട നിർമ്മിക്കണം. അതിനാവശ്യമായ മണൽ എങ്ങനെ കണ്ടെത്തുമെന്ന് പറയുന്നില്ല. എന്തായാലും, ഇത്രയും ദൂരത്തിൽ പാർശ്വങ്ങളിൽ മണൽതിട്ടകളോ അണകളോ നിർമ്മിക്കണമെങ്കിൽ കിഴക്കൻ മലനിരകൾ വൻതോതിൽ ഇടിച്ചുനിരത്തേണ്ടിവരും. നദിക്കരകളിൽ നിന്ന് വൻതോതിൽ മണലുകൾ വേണ്ടിവരും. സ്വാഭാവികമായും, ഇത് ഭൂമിയുടെ തറനിരപ്പിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നുറപ്പാണ്. നീരൊഴുക്ക് തടയപ്പെടും. നിരവധി നദികളും ജലാശയങ്ങളുമൊക്കെ മലിനമാക്കപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യും.

കൃഷിഭൂമിയുടെ കൂറെ ഭാഗങ്ങളിലൂടെ കെ റെയിൽ കടന്നുപോകുമ്പോൾ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തെറ്റുമെന്ന് റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. എന്നാൽ, പശ്ചിമഘട്ടത്തെ കെ റെയിൽ ബാധിക്കില്ലായെന്ന നിലപാടാണ് ഇഐഎയ്ക്കുള്ളത്. യഥാർത്ഥത്തിൽ ടൺക്കണക്കിന് മണ്ണും കല്ലും കെ റെയിൽ കോറിഡോർ നിർമ്മാണത്തിന് അത്യാവശ്യമാണ്. അതിന് പശ്ചിമഘട്ടത്തെ തുരക്കുകതന്നെവേണ്ടിവരും. നിർദ്ദിഷ്ട സിൽവർ ലൈനിന്റെ 132 കിലോമീറ്റർ ദൂരവും നെൽവയലുകളിലൂടെയും തണ്ണീർത്തടങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. കെ റെയിലിന്റെ ആദ്യത്തെ ഇരകൾ വയലുകളും നദികളും നീർത്തടങ്ങളും തന്നെ. ലക്ഷക്കണക്കിന് മരങ്ങൾ കൂടി വെട്ടിമാറ്റപ്പെടുന്നതോടെ പരിസ്ഥിതി സന്തുലനം താറുമാറാകും. കേരളത്തിന്റെ തനത് ഭൂപ്രകൃതിയും പച്ചപ്പും തണലും ഇല്ലാതാകുന്നതോടെ, കേരളം കേരളമല്ലാതാകുന്ന ഭീഷണമായ സ്ഥിതിവിശേഷത്തെ നമുക്ക് അഭിമുഖീകരിക്കേണ്ടിവരും. ഒരുപിടി വരുന്ന വ്യവസായികൾക്ക് വേഗത്തിൽ സഞ്ചരിയ്ക്കാൻ കേരളത്തെ ബലികൊടുക്കണമോ എന്നതാണ് ഏറ്റവും പ്രധാന ചോദ്യം.

പൊള്ളയായ സർക്കാർ വാദങ്ങൾ

കെ റെയിൽ കേരളത്തിലെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തും, ചലനാത്മകത പ്രദാനം ചെയ്യും, കാർബൺ ബഹിർഗമനം തടയും തുടങ്ങിയ നിരവധി പൊള്ളയായ വാദമുഖങ്ങളാണ് പദ്ധതിക്കനുകൂലമായി സർക്കാർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ യാഥാർത്ഥ്യമെന്ത്?
സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ നടപ്പിലായാൽ കേരളത്തിലെ സാമ്പത്തികരംഗത്ത് ഇപ്പോഴുള്ളതിനേക്കാൾ ഗുരുതര സാഹചര്യം സൃഷ്ടിക്കപ്പെടും. 63,940.67 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ ഏകദേശം ഒരു ലക്ഷം കോടി രൂപയോളം ചെലവാകും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതിൽ 7720 കോടി രൂപ സംസ്ഥാന സർക്കാരും 7720 കോടി രൂപ കേന്ദ്ര സർക്കാരും വഹിക്കണം. ബാക്കിയുള്ള തുക ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് ഏജൻസി, അബൊറിജിനൽ ബിസിനസ് ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ്- കാനഡ, ജർമ്മൻ ഡവലപ്‌മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് തുടങ്ങിയ ധനകാര്യ ഏജൻസികളിൽ നിന്നും പലിശയ്ക്ക് വായ്പ എടുക്കാനുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വലിയ പലിശയ്ക്ക് പതിനായിരക്കണക്കിന് കോടി രൂപ വായ്പ എടുക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ ഗുരുതരമാ യിത്തീരും. മസാല ബോണ്ട്് വഴി കിഫ്ബിയ്ക്ക് 2150 കോടി രൂപ 10 ശതമാനം ബ്ലേഡ് പലിശയ്ക്ക് വായ്പ എടുത്ത ഗവൺമെന്റാണ് അധികാരത്തിൽ ഇരിക്കുന്നതെന്നും ഓർക്കേണ്ടതാണ്.
ഈ പദ്ധതിക്കുവേണ്ടി വരുന്ന ചെലവ് 63,940 കോടി രൂപ കേരളത്തെ സംബന്ധിച്ചിടത്തോളം അതിഭീമമായ തുകയാണ്. 2019-20 ലെ സംസ്ഥാന ബജറ്റിന്റെ 42 ശതമാനം വരുന്ന തുകയാണത്. ഇത്രയും വലിയ തുക വായ്പയെടുക്കുക എന്നത് ഇപ്പോൾ തന്നെ കടക്കെണിയിലായ സംസ്ഥാനത്തെ എത്ര വലിയ കടക്കുരുക്കിലേയ്ക്കായിരിക്കും തള്ളിവിടുക?

യഥാർത്ഥ ചെലവ്

എന്നാൽ, ചെലവിനെക്കുറിച്ച് കെ റെയിൽ അധികൃതർ പറയുന്നതല്ല യഥാർത്ഥ വസ്തുതയെന്നാണ് കേന്ദ്ര നീതി ആയോഗ് ഇതിനെ സംബന്ധിച്ച് അവതരിപ്പിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. നീതി ആയോഗിന്റെ റിപ്പോർട്ടിൽ പറയുന്നത്, കേരള റെയിൽ കോറിഡോർ നിർമ്മാണത്തിന്, 1,26,000 (ഒരു ലക്ഷത്തി ഇരുപത്തിയാറായിരം കോടി രൂപ) കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ്. അതുകൊണ്ട് സാമ്പത്തികമായി ഈ പദ്ധതി പ്രായോഗികമല്ലായെന്ന നിലപാട് നീതി ആയോഗ് പ്രകടിപ്പിക്കുന്നുണ്ട്. കെ റെയിൽ പദ്ധതിയ്ക്കുവേണ്ടി 33,000 കോടി രൂപ എ.ഡി.ബിയിൽ നിന്ന് വായ്പയെടുക്കാനായി നൽകിയ അപേക്ഷ കേന്ദ്ര ഫൈനാൻസ് വകുപ്പും നിരസിച്ചുവെന്നാണ് അറിയുന്നത്.
അപ്പോൾ, സംസ്ഥാനത്തിന് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത വരുത്തിവെച്ചുകൊണ്ട് ഇത്തരമൊരു അതിവേഗ ട്രെയിൻ ഓടിക്കുന്നതിലൂടെ എന്ത് ചലനാത്മകതയാണ് സമൂഹത്തിൽ ഉണ്ടാകുന്നത്? കേരളത്തിലെ സാധാരണ യാത്രികരുടെ ലക്ഷ്യസ്ഥാനം മിക്കവാറും തലസ്ഥാന ജില്ലയായ തിരുവനന്തപുരമോ, തൊട്ടടുത്ത ജില്ലകളോ ആയിരിക്കും. അവരിൽ ബഹുഭൂരിപക്ഷവും ആശ്രയിക്കുന്നത് ചെലവ് കുറഞ്ഞ യാത്രാ മാർഗ്ഗങ്ങൾ ആണെന്നതാണ് യാഥാർത്ഥ്യം. സർക്കാർ ഉദ്യോഗസ്ഥരോ, ഐ.ടി ജീവനക്കാരോ, പി.എസ്.സി പരീക്ഷ എഴുതുവാൻ പോകുന്നവരോ അതിവേഗ ട്രെയിനിനെ ആശ്രയിക്കില്ല എന്നത് തർക്കമറ്റ വസ്തുതയാണ്. നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്നത് ഒരു ചെറിയ ന്യൂനപക്ഷത്തിന് മാത്രമായിരിക്കും. സാധാരണക്കാർക്ക് ഒരിക്കലും താങ്ങാനാവുന്നതല്ല ഈ നക്ഷത്ര ട്രെയിനിലെ യാത്രാ നിരക്കുകൾ.
വിവരസാങ്കേതിക വിദ്യ വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് യാത്ര ചെയ്യാതെ തന്നെ പല കാര്യങ്ങളും നിർവഹിക്കാനാകും. ഇന്റർനെറ്റ് കണക്ടിവിറ്റി 5ഏ യിൽ എത്തിക്കഴിഞ്ഞു. വീഡിയോ കോൺഫറൻസിംഗും ഓൺലൈൻ മീറ്റിംഗുകളുമൊക്കെ സർവ്വസാധാരണമായി കഴിഞ്ഞു. കൂടിയ വേഗതയിൽ സഞ്ചരിക്കേണ്ട ആളുകൾക്ക് വ്യോ മഗതാഗതം ആണ് അഭികാമ്യം. കേരളത്തിൽ ഇപ്പോൾ തന്നെ നിരവധി വിമാനാത്താവളങ്ങൾ നിലവിലുണ്ട്. കാസർകോട് നിന്ന് ഒരു മണിക്കൂർ കൊണ്ട് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചേരാനാവും. പിന്നെന്തിന് കെ റെയിൽ?

കാർബൺ ബഹിർഗമനം കുറയ്ക്കാൻ സാധിക്കുമത്രെ!

പ്രകൃതിയേയും പരിസ്ഥിതിയേയും പൂർണ്ണമായും തകർക്കുന്നതിലൂടെ സംഭവിക്കുന്ന ഭീമാകാരമായ ദുരന്തങ്ങൾക്ക് കാർബൺ ബഹിർഗമനം കുറയ്ക്കുന്നതുകൊണ്ട് മാത്രം പരിഹാരമാവുമോ? കോർപ്പറേറ്റ് അനുകൂല വ്യവസായ നയങ്ങളിലൂടെ അന്തരീക്ഷത്തിൽ കാർബണിന്റെ സാന്നിദ്ധ്യം വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. കൽക്കരി, പ്രകൃതിവാതകം, എണ്ണ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡൈയോക്‌സൈഡ് ആഗോളവ്യാപകമായി വലിയൊരു പ്രശ്‌നമാണ്. കെ റെയിൽ വരുന്നതോടെ പ്രസ്തുത പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. കെ റെയിൽ പദ്ധതി വരുന്നതോടെ റോഡ് ഗതാഗത സംവിധാനങ്ങൾ ഉപേക്ഷിച്ച് ജനങ്ങൾ സെമി ഹൈസ്പീഡ് ട്രെയിനിനെ ആശ്രയിക്കുമത്രെ! ഒരിക്കലുമില്ല, സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന പാതയേയല്ല ഇത്.
റെയിൽവേ പാത ഇരട്ടിപ്പിക്കുകയും റെഗുലർ ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും വ്യാപകമായി സർവ്വീസ് നടത്തുകയും ചെയ്താൽ ആളുകൾ ക്രമേണ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് കുറയ്ക്കാനാവും. അവിടെ സോളാർ പോലെയുള്ള മലിനീകരണം കുറഞ്ഞ ഇന്ധനങ്ങൾ ഉപയോഗിച്ചാൽ കാർബൺ പുറന്തള്ളപ്പെടുന്നത് കുറയ്ക്കുവാനും കഴിയും. വാസ്തവത്തിൽ, വർദ്ധിച്ചുവരുന്ന അന്തരീക്ഷമലീനികരണം കോർപ്പറേറ്റ് നയങ്ങളുടെ സൃഷ്ടിതന്നെയാണ്.

കുടിയൊഴിപ്പിക്കലിലൂടെ പതിനായിരങ്ങൾ
തെരുവാധാരമാക്കപ്പെടും

സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് ജനങ്ങൾക്ക് അവരുടെ കിടപ്പാടവും ഉപജീവനമാർഗ്ഗങ്ങളും ഇല്ലാതാക്കപ്പെടും. സർക്കാർ കണക്കുപ്രകാരം 6395 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേ ണ്ടിവരും. എന്നാൽ, വസ്തുതതകൾ പരിശോധിച്ചാൽ ഈ കണക്ക് തെറ്റാണെന്ന് കാണാനാകും. കേരള റെയിൽ വികസന കോർപ്പറേഷൻ ക്ഷണിച്ച ടെൻഡർ പ്രകാരം 11 സ്റ്റേഷനുകളാണ് നിർമ്മിക്കുന്നത്. കൂടാതെ, അവയോടനുബന്ധിച്ച് റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകളും വാണിജ്യസ്ഥാപനങ്ങളും അടങ്ങുന്ന സ്മാർട്ട് സിറ്റികൾ വികസിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടത്രെ! ടെൻഡറിൽ പറയുന്നത് പ്രകാരം 11 സ്റ്റേഷനുകളിലെ സ്മാർട്ട് സിറ്റികൾക്കുവേണ്ടി 1000 ഹെക്ടർ (2500 ഏക്കർ) ഭൂമി ഏറ്റെടുക്കും. കൂടാതെ, ലൈനിലെ ഇരുവശങ്ങളും ബഫർസോൺ ആക്കി മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്.
അപ്പോൾ, കുറഞ്ഞത് ഇരുപതിനായിരം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ടുമാത്രമേ ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതി നടപ്പാക്കാനാകൂ എന്നതാണ് യാഥാർത്ഥ്യം. ഏറ്റെടുക്കുന്ന ഭൂമിക്ക് മാർക്കറ്റ് വിലയേക്കാൾ രണ്ടിരട്ടി മുതൽ നാലിരട്ടി വരെ നൽകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പ്രചരിപ്പിക്കുന്നത്. പക്ഷേ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അനുഭവങ്ങൾ നമ്മോട് പറയുന്നത് വഞ്ചിതരാവരുത് എന്നു്് തന്നെയാണ്. മുൻ എൽ.ഡി.എഫ് ഗവൺമെന്റിന്റെ കാലത്ത് മൂലമ്പിള്ളിയിൽ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിനുവേണ്ടി 316 കുടുംബങ്ങളെ തെരുവുകളിലേയ്ക്ക് വലിച്ചെറിഞ്ഞിട്ട് 13 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. നഷ്ടപരിഹാരത്തിനുവേണ്ടി ഇപ്പോഴും പ്രക്ഷോഭങ്ങളുമായി തെരുവിൽ കഴിയുന്ന മൂലമ്പിള്ളി നിവാസികളുടെ ദു:ഖം നമുക്ക് മറക്കാനാവുമോ?

കേരളാ റെയിൽ ഡെവലപ്‌മെന്റ്
കോർപ്പറേഷൻ ആരുടേത്?

കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് 2017 ജനുവരി 3നാണ് നിലവിൽ വന്നത്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും കേന്ദ്ര-കേരള സർക്കാരിന്റെയും ഒരു സംയുക്ത സംരംഭമെന്ന നിലയിലാണ് ആ കമ്പനി സ്ഥാപിക്കപ്പെട്ടത്. കേരളത്തിലെ റെയിൽവേയുടെ അടിസ്ഥാന സൗകര്യവികസനം എന്നതാണ് പ്രഖ്യാപിത ലക്ഷ്യമായി അതിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളത്. കെ റെയിൽ കോർപ്പറേഷന്റെ ഒരു മെഗാപ്രോജ്ക്ടാണ് സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ.
കെ റെയിൽ പാത ഒരുപിടി വ്യവസായികൾക്കും സമ്പന്നർക്കും മാത്രമുള്ളതായിരിക്കുമെന്ന് ഉറപ്പിക്കാനാവും. അവർക്ക് വേഗത്തിൽ സഞ്ചരിക്കാനായി, സ്വന്തം കിടപ്പാടവും ജീവനോപാധികളും വിട്ടുകൊടുക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. റെയിൽവേ സംവിധാനത്തെ സ്വകാര്യവൽക്കരിക്കുന്ന ഒറ്റപ്പെട്ട കോറിഡോർ മഹാഭൂരിപക്ഷം വരുന്ന ശരാശരി മലയാളിക്ക് പ്രയോജനപ്പെടില്ല; കേരളത്തിനും. ഈ പാത നമ്മുടേതല്ല, നമ്മുടേത് ആവുകയുമില്ല. സംസ്ഥാനത്തേയ്ക്ക് മാത്രമായി പ്രത്യേക പാതയും പ്രത്യേക ട്രെയിനും പ്രത്യേക നിരക്കും നിശ്ചയിച്ച് നീങ്ങുമ്പോൾ സാധാരണയാത്രക്കാർക്ക് താങ്ങാനാവുന്നതാണോ പ്രയോജനപ്പെ ടുന്നതാണോ എന്നൊന്നും സർക്കാർ പരിഗണിക്കുന്നതേയില്ല. ഹൈക്ലാസ്സ് വിഭാഗങ്ങൾക്ക് മാത്രമായി ഒരു സഞ്ചാര പാത ഒരുക്കാനാണോ കേരള റെയിൽ വികസന കോർപ്പറേഷൻ ലക്ഷ്യംവയ്ക്കുന്നത്?

ജനവിരുദ്ധ കെ റെയിൽ കോറിഡോർ ഉപേക്ഷിക്കുക

പൊതുസമൂഹം തള്ളിക്കളയേണ്ട പദ്ധതിയാണ് ‘സിൽവർലൈൻ’ എന്ന് സർക്കാർ ഓമനപ്പേരിട്ട് വിളിക്കുന്ന സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ. ഭൂമി നഷ്ടപ്പെട്ട് തെരുവുകളിലേക്ക് എറിയപ്പെടുന്ന മനുഷ്യരുടെ മാത്രം പ്രശ്‌നമല്ലിത്. കേരളത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുന്ന ഓരോ മനുഷ്യനും ഈ പദ്ധതിക്കെതിരെ നിലകൊള്ളണം. പശ്ചിമഘട്ടത്തെ തകർക്കുന്ന ‘വികസന’പ്രവർത്തനങ്ങളുടെ പരിണിത ഫലങ്ങൾ വർഷങ്ങളായി നാം അനുഭവിക്കുകയാണ്. പരിസ്ഥിതി നാശനയങ്ങൾ മൂലം, 2018-ലെ മഹാപ്രളയം സൃഷ്ടിച്ച നടുക്കവും ജീവിത പ്രയാസങ്ങളും അവസാനിച്ചിട്ടില്ല. മാനത്ത് മഴക്കാറ് രൂപം കൊള്ളുമ്പോൾ തന്നെ ഭയപ്പെടേണ്ട സാഹചര്യത്തിലേക്ക് നാം എത്തിച്ചേർന്നിരിക്കുന്നു.
ഇടുക്കിയിലെ പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 70 പേരാണ് മരണപ്പെട്ടത്. കവളപ്പാറയിൽ 59 പേരും പുത്തുമലയിൽ 17പേരുമാണ് മണ്ണിനടിയിൽ പെട്ട് ജീവൻ പൊലിഞ്ഞത്. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം 1961 മുതൽ 2016 വരെ സംസ്ഥാനത്ത് 85 ഉരുൾപൊട്ടലുകൾ ഉണ്ടായി. 2018, 19, 20 കാലയളവിലെ വലിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ കണക്കിൽ വന്നിട്ടില്ല. ‘സിൽവർലൈൻ’ നടപ്പാക്കപ്പെട്ടാൽ പശ്ചിമഘട്ടം സമ്പൂർണ്ണമായും തകർക്കപ്പെടും.അങ്ങനെ സംഭവിച്ചാൽ, കാലാന്തരത്തിൽ കേരളമെന്ന ഭൂപ്രദേശം വാസയോഗ്യമല്ലാതായിത്തീരും. അത് വരും തലമുറകളോട് നാം ചെയ്യുന്ന വലിയ പാതകം തന്നെ ആയിരിക്കും.
വൻകിട മൂലധന ശക്തികളുടെ ലാഭാർത്തിയ്ക്ക് വേണ്ടി നമ്മുടെ കിടപ്പാടവും ആവാസവ്യവസ്ഥയും വിട്ടുകൊടുക്കില്ലായെന്ന ഉറച്ച നിലപാടും കാൽവെയ്പുമാണ് വേണ്ടത്. സംസ്ഥാനമെമ്പാടും അതിനായി ജനകീയ സമിതികൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. അവയുടെ ആഭിമുഖ്യത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ ‘വികസന’വാദികളുടെ ഉറക്കം കെടുത്തുന്ന വിധത്തിൽ ശക്തിപ്പെട്ടുവരുന്നു.

വികസനം എന്ന കപടമുദ്രാവാക്യം

മൂലധനശക്തികൾക്കായി പ്രഖ്യാപിക്കപ്പെടുന്ന ഏത് പദ്ധതിയും വികസനമെന്ന ആകർഷക പദത്തോട് ചേർത്ത് അവതരിപ്പിക്കുന്നതാണ് തന്ത്രം. യഥാർത്ഥത്തിൽ, വികസനത്തിന്റെ പേരിൽ നടപ്പാക്കപ്പെടുന്ന പദ്ധതികളുടെ ഗുണഭോക്താക്കൾ ചെറിയ ശതമാനം വരുന്ന കോർപ്പറേറ്റുകൾ ആണെന്നതാണ് യഥാർത്ഥ്യം. ഇരകളാക്കപ്പെടുന്നവർ ഇതാരുടെ വികസനം എന്ന ചോദ്യമുയർത്തിയാൽ അവരെ വികസനവിരോധികളായി മുദ്രയടിച്ചുകൊണ്ട് ഭരണകൂടം വേട്ടയാടുന്നതാണ് പതിവ്. കോർപ്പറേറ്റുകളുടെ വികസനത്തിന് വേണ്ടി രാജ്യത്ത് നിലനിൽക്കുന്ന എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തുന്നതും പതിവ് കാഴ്ചയാണ്.
തൊണ്ണൂറുകളിൽ, ഇന്ത്യയിൽ ആഗോളവൽക്കരണനയങ്ങൾ ആരംഭിച്ചതോടുകൂടിയാണ് വികസനം എന്ന പദം വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയത്. കോർപ്പറേറ്റുകൾക്ക് മൂലധന നിക്ഷേപം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിൽ നിന്ന് പിടിച്ചെടുത്ത് സർക്കാർ ഒരുക്കികൊടുക്കണം എന്ന വിനാശ നയം അതേത്തുടർന്ന് നടപ്പിലാക്കി തുടങ്ങി. ഭൂമി, ഗതാഗതം, വൈദ്യുതി, വെള്ളം തുടങ്ങിയവയെല്ലാം വൻകിട മുതലാളിമാർക്ക് വികസനത്തിന്റെ പേരിൽ സർക്കാർ സൗജന്യമായി നൽകി. അങ്ങനെയാണ,് അനിയന്ത്രിതമായ പ്രകൃതി ചൂഷണവും കുടിയൊഴിപ്പിക്കലും കേരളത്തിൽ വ്യാപകമായത്. മറുവശത്ത്, സാധാരണ ജനങ്ങൾക്ക് നൽകി വന്നിരുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും അധികാരികൾ പിൻവാങ്ങുന്നത് ത്വരിതപ്പെടുകയും ചെയ്തു.

വിഴിഞ്ഞം, ദേശീയപാത, വല്ലാർപാടം തുടങ്ങിയവയൊക്കെ കുടിയൊഴിപ്പിക്കലിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ്. കോർപ്പറേറ്റുകൾക്ക് ഇഷ്ടദാനം നൽകുന്ന ഭൂമി, റിയൽ എസ്റ്റേറ്റ് താൽപ്പര്യത്തോടെ ഉപയോഗിക്കപ്പെടുന്നു എന്നതാണ് പലപ്പോഴും കണ്ടുവരുന്നത്. എറണാകുളം കളമശ്ശേരിയിലെ എച്ച്എംടിയുടെ കൈയ്യിലുള്ള 70 ഏക്കർ സർക്കാർ ഭൂമി റിയൽ എസ്റ്റേറ്റ് കമ്പനിയായ ബ്ലൂസ്റ്റാറിന് കൈമാറിയ നടപടി നല്ലൊരുദാഹരണമാണ്. എളമരം കരീം വ്യവസായ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് എച്ച്എംടി ഭൂമി സൈബർസിറ്റി നിർമ്മാണത്തിനെന്ന പേരിൽ ബ്ലൂസ്റ്റാറിന് കൈമാറിയത്. സർക്കാർ ഭൂമി ബ്ലൂസ്റ്റാറിന് കൈമാറുമ്പോൾ സർക്കാർ അവകാശപ്പെട്ടിരുന്നത്, സൈബർസിറ്റിയിൽ 60000 പേർക്ക് തൊഴിൽ കൊടുക്കും എന്നാണ്. എന്നാൽ, സൈബർസിറ്റി വന്നില്ല, എന്ന് മാത്രമല്ല ബ്ലൂസ്റ്റാർ ആ ഭൂമി അദാനി ഗ്രൂപ്പിന് വലിയ തുകയ്ക്ക് വിൽക്കുകയും ചെയ്തിരിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ട കൊച്ചി സ്മാർട്‌സിറ്റി പദ്ധതിക്ക് എന്തു സംഭവിച്ചെന്നതും കേരളീയ സമൂഹം അറിയേണ്ടതാണ്. കൊച്ചി കാക്കനാട്ട് പൊന്നിന്റെ വിലയുള്ള 246 ഏക്കർ ഭൂമിയാണ് സ്മാർട്‌സിറ്റി സ്ഥാപിക്കുവാൻ സർക്കാർ വിട്ടുകൊടുത്തത്. പദ്ധതി, വലിയ എതിർപ്പുകളെ നേരിട്ടെങ്കിലും മാറിമാറി വന്ന സർക്കാരുകൾ സ്മാർട്ട് സിറ്റിയുമായി മുന്നോട്ടുപോയി. ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീകോം ഇൻവെസ്റ്റ്‌മെന്റിന് 246 ഏക്കർ സർക്കാർ ഭൂമിയാണ് കൈമാറിയത്. 2007 നവംബർ 16 ന് തറക്കല്ലിട്ട പദ്ധതി 2020 ലും പൂർത്തിയായിട്ടില്ല. ഒരു ലക്ഷം പേരുടെ സ്ഥാനത്ത് 2500 പേർ മാത്രമാണ് സ്മാർട്ട്‌സിറ്റി എന്ന പേരിൽ തുടങ്ങിയിരിക്കുന്ന പെട്ടിക്കടയിൽ ജോലി ചെയ്യുന്നത്. വികസനത്തിന്റെ പേരിൽ എല്ലാം കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന സാഹചര്യമാണ് രാജ്യത്തെമ്പാടും എന്നതുപോലെ കേരളത്തിലും നിലനിൽക്കുന്നത്.

പൊതുഗതാഗതം ശക്തിപ്പെടുത്തുക, യാത്രാക്ലേശം പരിഹരിക്കുക

ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ ഇന്ത്യൻ റെയിൽവേയെ ശക്തിപ്പെടുത്തുകയും കെഎസ്ആർടിസി കാര്യക്ഷമമാക്കുകയുമാണ് വേണ്ടത്. കൂടുതൽ കെഎസ്ആർടിസി ബസുകൾ നിരത്തിലിറക്കുകയും പ്രധാന റൂട്ടുകൾ ദേശസാൽക്കരിക്കുകയും ചെയ്യണം. കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്‌മെൻറ് ആക്കി സംരക്ഷിക്കുവാനും സർക്കാർ തയ്യാറാവണം. എന്നാൽ, കെഎസ്ആർടിസിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നത്.
ട്രയിൻ ഗതാഗതം ശക്തിപ്പെടുത്തുകയും ഉപഭോക്തൃസൗഹൃദമാക്കുകയും ചെയ്യണം. പാസ്സഞ്ചർ സർവ്വീസുകൾ ഉൾപ്പെടെ ട്രെയിൻ സർവീസുകൾ വർദ്ധിപ്പിക്കണം. സംസ്ഥാനത്തെ പാതയിരട്ടിപ്പിക്കൽ പണികൾ വേഗതയിലാക്കണം. സിഗ്‌നൽ സിസ്റ്റം ആധുനികവത്ക്കരിച്ച് ട്രയിനുകളുടെ സ്പീഡ് വർദ്ധിപ്പിക്കണം. എന്നാൽ ട്രയിനുകളും റയിൽവേസ്റ്റേഷനുകളും റൂട്ടുകളും സ്വകാര്യവത്ക്കരിക്കുകയും പാസ്സഞ്ചർ ട്രയിൻ സർവ്വീസുകളും സ്റ്റേഷനുകളും നിർത്തൽ ചെയ്യുകയും ചെയ്യുന്ന ജനദ്രോഹ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുകയാണ്. 109 റെയിൽ റൂട്ടുകളിലായി 151 ട്രെയിനുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് സ്വകാര്യസംരംഭകരിൽ നിന്ന് നാഷണൽ ട്രാൻസ്‌പോർട്ടർ അപേക്ഷ ക്ഷണിച്ചിട്ട് നിൽക്കുകയാണ്. സ്വകാര്യ ട്രെയിനുകൾ ഓപ്പറേറ്റ് ചെയ്യുന്ന സ്വകാര്യസംരംഭകർക്ക് യാത്രാചാർജ്ജ് 35 വർഷക്കാലത്തേയ്ക്ക് തീരുമാനിയ്ക്കാമെന്ന ഓഫറും നൽകിയിരിക്കുന്ന സന്ദർഭമാണിത്.
അതുപോലെ, കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ ബദൽ യാത്രാ മാർഗമാണ് ജലഗതാഗതം. 44 നദികളുള്ള സംസ്ഥാനത്ത് മികച്ച നിലയിൽ ബോട്ട് സർവീസ് നടത്താവുന്ന സാഹചര്യമുണ്ട്. എന്നാൽ, നദികളുടെയും കായലുകളുടെയും നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിലുള്ള കൈയേറ്റങ്ങളും മാലിന്യ പ്രശ്‌നങ്ങളും പരിഹരിക്കണം. കേരളത്തിലെ പുഴകളെ ഇല്ലാതാക്കുന്ന നടപടികളും വികസനത്തിന്റെ പേരിലാണ് നടക്കുന്നത്. നദികളും തോടുകളും സുഗമമാക്കികൊണ്ട് ജലഗതാഗത മാർഗം ശക്തിപ്പെടുത്തിയാൽ റോഡുകളിലെ തിരക്ക് വലിയതോതിൽ കുറയ്ക്കാനാകും.

പൊതുമേഖലയുടെ സ്വകാര്യവത്ക്കരണത്തെ ചെറുക്കുക

ആഗോളീകരണനയങ്ങളുടെ വക്താക്കളായി മാറിയ ഭരണാധികാരികൾ ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങൾ പോലും ഉപേക്ഷിച്ച് പൊതുമേഖലകൾ വൻകിട കോർപ്പറേറ്റുകൾക്ക് എഴുതികൊടുത്തുകൊണ്ടിരിക്കുന്നതാണ് ഇപ്പോൾ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ജനങ്ങളിൽ നിന്ന് നികുതി പിരിക്കുന്ന സർക്കാർ ജനങ്ങൾക്ക് പൊതുഗതാഗത അവകാശങ്ങൾ പോലും നിഷേധിക്കുകയാണ്.
കെ റെയിൽ പദ്ധതി കേരളത്തെ പാരിസ്ഥിതികമായും സാമൂഹ്യമായും വിഭജിക്കുമെന്നതിനാൽ അതിന്റെ ഇരകൾ ഭൂമി നഷ്ടപ്പെടുന്ന ജനവിഭാഗങ്ങൾ മാത്രമല്ല. കേരളം ആകമാനം പ്രത്യക്ഷമായോ പരോക്ഷമായോ ഈ ദുരന്തപദ്ധതിയുടെ ഇരകളാകും. സാധാരണക്കാരുടെ വാഹനമായ റെയിൽവേ സ്വകാര്യകുത്തകകളുടെ കൈകളിലേയ്ക്ക് എത്തിച്ചുകൊടുക്കാനാണ് ഈ വിചിത്രപാതയുടെ നിർമ്മാണത്തിന് ഭരണാധികാരികൾ കൂട്ടുനിൽക്കുന്നത്. പക്ഷേ, പൊതുഗതാഗത മാർഗ്ഗമായ റെയിൽവേ പൊതുമേഖലയിൽ നിലനിർത്തണമെങ്കിൽ റെയിൽവേ സ്വകാര്യവൽക്കരണനീക്കങ്ങളെ ചെറുത്ത് തോൽപ്പിച്ചേ മതിയാകൂ.

വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, വൈദ്യൂതി, കെ.എസ്.ആർ.ടി.സി തുടങ്ങിയ സർവ്വീസ് രംഗങ്ങളിലും ഈ അഴിച്ചുപണി നടന്നുകൊണ്ടിരിക്കുന്നു. റെയിൽവേയുടെ കാര്യത്തിലും കെ റെയിൽ പദ്ധതിയിലൂടെ അത്തരമൊരു പൊളിച്ചെഴുത്ത് സംഭവിക്കാൻ പോകുന്നു. ജനങ്ങൾക്ക് വേണ്ടിയാകണം സഞ്ചാര പാതകൾ. പകരം, റോഡ് ഒരു വ്യവസായ സംരംഭമാക്കാൻ ശ്രമിക്കുന്ന സ്വകാര്യകുത്തകകളുടെ നിയന്ത്രണത്തിൽ വിട്ടുകൊടുക്കുന്നു. ജനങ്ങളുടെ പണംകൊണ്ടും അദ്ധ്വാനം കൊണ്ടും നിർമ്മിയ്ക്കപ്പെട്ട റെയിൽ ഗതാഗതവും ഇത്തരം ‘വിശേഷപ്പെട്ട’ പദ്ധതികളിലൂടെ കുത്തകകളുടെ കൈകളിൽ എത്തിച്ചേരും. ക്രമേണ, നമ്മുടെ സ്വന്തം റെയിൽവേയും ജനങ്ങൾക്ക് നഷ്ടപ്പെടും എന്ന പ്രശ്‌നമാണ് മുന്നിലുള്ളത്.

കേരളത്തിൽ, കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുമായോ അതിനിരുപുറവുമുള്ള സ്ഥാപനങ്ങളുമായോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പുറമേ മറ്റെല്ലാ ജനവിഭാഗങ്ങളെയും ബാധിക്കുന്ന ഈ ദുരന്തപാതയ്‌ക്കെതിരെ ഇപ്പോൾ കുടിയൊഴിപ്പിക്കപ്പെടു ന്നവർ നടത്തുന്ന സമരത്തോടൊപ്പം മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്ര വ്യവസ്ഥയ്ക്ക് തീർത്തും അനുയോജ്യമല്ലാത്തതും അനാവശ്യവുമായ കെ റെയിൽ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ഇതിന് അനുമതി നൽകരുതെന്ന് കേന്ദ്ര സർക്കാരിനോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ജനാഭിലാഷത്തെ ചവിട്ടിമെതിച്ചുകൊണ്ട്, കോർപ്പറേറ്റുകൾക്ക് വേണ്ടി ഭരണാധികാരികൾ നിലാപാടെടുത്താൽ നിശ്ചയമായും അവർക്ക് ജനരോഷത്തെ നേരിടേണ്ടിവരും. ആധുനിക കേരള സമൂഹത്തിന്റെ ആവിർഭാവത്തിന് കളമൊരുക്കിയ സമരങ്ങളിൽ പ്രമുഖസ്ഥാനത്ത് അയ്യൻകാളിയെപ്പോലെയുള്ള നവോത്ഥാന നായകർ നയിച്ച പൊതുസഞ്ചാര സ്വാതന്ത്ര്യസമരങ്ങളുണ്ടായിരുന്നല്ലോ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വീണ്ടും നമ്മുടെ അവകാശങ്ങൾ ഒരു പിടി വരുന്ന കോർപ്പറേറ്റുകൾ കൈയ്യടക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു കേരള സംരക്ഷണ സമരം നടത്തേണ്ടിവരുന്നു.
സംസ്ഥാന വ്യാപകമായി അനുദിനം ചെറുത്ത് നിൽപ്പ് സമരം ശക്തിപ്രാപിച്ചുവരുന്നു. ജാതി, മതം, പ്രാദേശിക വികാരങ്ങൾ, കക്ഷിരാഷ്ട്രീയം എന്നിവയൊന്നും ഈ സമരത്തെ ദുർബ്ബലപ്പെടുത്താൻ പാടില്ല. എന്തുകൊണ്ടെന്നാൽ, അവയെല്ലാം അനൈക്യം സൃഷ്ടിക്കും. സമരത്തെ തകർക്കാൻ നിക്ഷിപ്ത കേന്ദ്രങ്ങൾക്ക് അവസരം ഒരുക്കാൻ പാടില്ല. പരിപൂർണ്ണ ഐക്യത്തിലാണ് ഇരകളുടെ വിജയം കുടികൊള്ളുന്നത്.

Share this post

scroll to top