ചരിത്രം കുറിച്ച കർഷക പോരാട്ടത്തിന് ഹൃദയാഭിവാദ്യങ്ങൾ

Head-CLR-scaled.jpg
Share

രാജ്യത്തെ കാർഷികരംഗം കുത്തകകൾക്ക് സമ്പൂർണ്ണമായും തീറെഴുതുന്ന കർഷകവിരുദ്ധ ജനവിരുദ്ധ കാർഷിക നിയമങ്ങൾ നിരുപാധികം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യമെമ്പാടും കർഷകപ്രക്ഷോഭം അലയടിക്കുകയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രക്ഷോഭമാണ് ഡൽഹിയിൽ നടന്നുവരുന്നത്. 86ശതമാനംവരുന്ന സാധാരണകർഷകരെയും ഇന്ത്യയൊട്ടാകെ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഈ നയങ്ങൾ അവശ്യനിത്യോപയോഗസാധനങ്ങളുടെ അഭൂതപൂർവമായ വിലക്കയറ്റത്തിനും റേഷൻ സംവിധാനത്തിന്റെതന്നെ തകർച്ചയ്ക്കും ഇടവരുത്തും. നിലനിൽപ്പിനായുള്ള കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുക. വിജയിപ്പിക്കുക.

നവംബർ 26 സമീപകാല ഇന്ത്യയുടെ വഴിത്തിരിവിന്റെ ദിനമായിരിക്കുന്നു. അന്നായിരുന്നു രാജ്യത്തെ 25 കോടിയിൽപ്പരം തൊഴിലാളികൾ മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 24 മണിക്കുർ നീണ്ടുനിന്ന അഖിലേന്ത്യാ പൊതുപണിമുടക്ക് നടത്തിയത്. അന്നുതന്നെയാണ്, ഇതെഴുതുമ്പോളും ഡൽഹിയെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കർഷകരുടെ ചലോ ദില്ലി മാർച്ചിന്റെ തുടക്കവും. തൊഴിലാളികളുടെ പൊതുപണിമുടക്കിന് പിന്തുണ നൽകിക്കൊണ്ടും ഒപ്പം ചേർന്നുകൊണ്ടും ഇന്ത്യൻ കർഷകർ പുതിയൊരു സമര അദ്ധ്യായം രചിക്കുകയായിരുന്നു. അന്ന് ഗ്രാമീണ ഹർത്താൽ നടത്തിക്കൊണ്ടാണ് രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് അവർ യാത്രതിരിച്ചത്. തുടക്കത്തിൽ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് മാർച്ചിൽ ഉണ്ടായിരുന്നത്. എന്നാൽ ഓരോ ദിവസം കഴിയും തോറും മറ്റ് സംസ്ഥാനങ്ങളിൽനിന്നും ആയിരക്കണക്കിന് കർഷകർ ഡൽഹിയിലേക്ക് പ്രവഹിക്കുകയാണ്. ബീഹാർ, മഹാരാഷ്ട്ര, ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമുള്ള കർഷകർ ഡൽഹിയെ ലക്ഷ്യംവച്ച് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ഇതിനകംതന്നെ 4ലക്ഷത്തോളം കർഷകർ ഡൽഹിയുടെ വിവിധ അതിർത്തികളിൽ 20, 25 കിലോമീറ്റർ നീളത്തിൽ തമ്പടിച്ചിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ഉയർത്തിയ ആഹ്വാനത്തെ അനുസ്മരിപ്പിക്കുന്ന ‘ചലോ ദില്ലി’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് കർഷകർ പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും മാർച്ച് ആരംഭിച്ചപ്പോൾതന്നെ മോദി-അമിത്ഷാ ഭരണം അപായം മണത്തറിഞ്ഞു. ഏത് ജനാധിപത്യവിരുദ്ധ ഭരണകൂടവും ചെയ്യുന്ന മാതൃകയിൽത്തന്നെ അങ്ങേയറ്റം നീചമാർഗ്ഗങ്ങൾകൊണ്ടാണ് മോദി സർക്കാർ കർഷക മാർച്ചിനെ നേരിട്ടത്.
തികച്ചും സമാധാനപരമായ ഒരു കർഷക സമരത്തെ നേരിടാൻ വൻ പോലീസ്‌സേനയെ കൂടാതെ, ബി.എസ്.എഫ്, സി. ആർ.പി.എഫ് തുടങ്ങിയ അർദ്ധസൈനിക വിഭാഗങ്ങളേയും സർക്കാർ വിന്യസിച്ചു. സ്വതന്ത്ര ഇന്ത്യയിൽ കേട്ടുകേൾവിപോലും ഇല്ലാത്തവിധം, ദേശീയപാതകൾ വെട്ടിപ്പൊളിച്ച് കൂറ്റൻ കിടങ്ങുകൾ തീർത്തു. നൂറുക്കണക്കിനു കണ്ടെയിനറുകളും ടോറസ്സുകളും പിടിച്ചെടുത്ത് മണ്ണു നിറച്ച് ബാരിക്കേഡുകളായി ഉപയോഗിച്ചു. കൂറ്റൻ പാറക്കല്ലുകൾ ക്രെയിൻ ഉപയോഗിച്ച് ദേശീയപാതയിൽ സ്ഥാപിച്ചു. ഇതിനെയെല്ലാം സമാധാനപരമായിത്തന്നെ മറികടന്ന് മുന്നോട്ട് നീങ്ങിയ കർഷകരുടെ നേർക്ക് ജലപീരങ്കികളും ടിയർഗ്യാസ്സും തുരുതുരാ പ്രയോഗിച്ചു. സമരത്തിൽ അണിനിരന്ന വലിയൊരു വിഭാഗം വരുന്ന 80-85 വയസ്സുള്ള വൃദ്ധകർഷകർക്കുനേരെ ഡൽഹിയിലെ കോച്ചുന്ന ശൈത്യത്തിലും വെള്ളം ചീറ്റിയും, ടിയർ ഗ്യാസ്സ് വർഷിച്ചും, തുരുതുരാ ലാത്തികൊണ്ടടിച്ചും രസിക്കുന്ന ഒരു ഭരണവൃന്ദം ഏത് സംസ്‌ക്കാരത്തെക്കുറിച്ചാണ് പുലമ്പുന്നത്? എന്നാൽ, കർഷകർ അപ്പോഴും പ്രകോപിതരായില്ല. അവർ സമചിത്തരായി, ലക്ഷ്യബോധത്തോടെ, “ചലോ ദില്ലി” മുഴക്കിക്കൊണ്ടുതന്നെ മുന്നോട്ട് നീങ്ങി. അവരുടെ കൈയിൽ ജീവൻ നിലനിർത്താനുള്ള ആഹാരപ്പൊതിയല്ലാതെ, ഒരു ചുള്ളിക്കമ്പുപോലും ഉണ്ടായിരുന്നില്ല. സ്വന്തം ട്രാക്ടറുകളിൽ ആണ് അവർ യാത്ര ചെയ്തുവന്നത്. അവരിൽനിന്നും ഒരു അപസ്വരംപോലുമുണ്ടായില്ല. എന്നിട്ടും പ്രധാനമന്ത്രി അവരെ ഭീകരരെന്നു വിളിച്ച് സ്വയം പരിഹാസ്യനായി.
എന്തിനാണവർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നതെന്ന് വളരെ മുൻകൂട്ടി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾ ഭരണാധികാരികൾക്കുമുമ്പിൽ പലവട്ടം വിനയപൂർവ്വം അവതരിപ്പിച്ചിട്ടുമുണ്ട്. ജനങ്ങൾക്കാകെ അതറിയുകയും ചെയ്യാം. ജനാധിപത്യരീതിയിൽ ഈ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനു പകരം, രാജ്യത്തെ ജനങ്ങൾ കോവിഡ് 19നെ തുടർന്നുണ്ടായ നാനാതരം ദുരിതങ്ങളിൽ ഉഴറുന്ന സമയത്ത്, സെപ്റ്റംബർ അവസാനത്തിൽ, കർഷകരുടെ ആശങ്കകൾക്കും പരാതികൾക്കും ഇടയാക്കിയിരുന്ന മൂന്ന് കാർഷിക ബില്ലുകൾ ഒറ്റയടിക്ക് സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ പാർലമെന്റിനു വെളിയിൽ ജനാധിപത്യ മാർഗ്ഗങ്ങൾ സ്വീകരിച്ചില്ലെന്നു മാത്രമല്ല, പാർലമെന്റിനകത്തും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ വകവെച്ചു കൊടുക്കാതെയാണ് മോദി സർക്കാർ ഈ നിയമങ്ങൾ പാസ്സാക്കിയത്. പാർലമെന്റിനകത്തെ ഭൂരിപക്ഷം എന്നത് ഏത് പ്രവൃത്തിയേയും സാധൂകരിക്കാൻ കഴിയുന്നതാണെന്നാണ് ബി.ജെ.പി സർക്കാർ കരുതുന്നത് എന്നുപറയേണ്ടി വരും.
രാജ്യത്തെ തീറ്റിപ്പോറ്റുന്നവരാണ് കർഷകർ എന്ന പ്രാഥമിക ബോദ്ധ്യംപോലും ഭരണാധികാരികൾക്കില്ലെന്നുവരുമോ? അങ്ങിനെ സംഭവിക്കുകയില്ല. പിന്നെ എന്തുകൊണ്ടാണ് കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന രാജ്യത്തെ 65 ശതമാനത്തിലേറെ വരുന്ന മനുഷ്യരോട് ഇത്ര ക്രൂരമായ സമീപനം? ഈ മനുഷ്യരാണ് ജനങ്ങൾക്ക് അന്നം തരുന്നത്. അവരുടെ ജീവിതത്തിനേൽക്കുന്ന ഏത് പ്രതിസന്ധിയും രാജ്യത്തെത്തന്നെ ബാധിക്കും. അതുകൊണ്ടാണ് കർഷകർക്ക് എല്ലാ പിന്തുണയും സഹായവും നൽകുന്നതിന് ലോകത്തിലെ എല്ലാ ഗവണ്മെന്റുകളും മുൻഗണന നൽകുന്നത്. സർക്കാരിന്റെ ശക്തമായ പിന്തുണയില്ലാതെ ഇന്ന് കൃഷിയ്ക്കും കർഷകനും നിലനില്പില്ല. കുത്തക മുതലാളിത്തത്തിന്റെ കടുത്ത ചൂഷണം കർഷകരെ കർഷകരല്ലാതാക്കി മാറ്റുന്നു. അവരുടെ നിലനില്പ് തന്നെ അപകടത്തിലാക്കുന്നു. കർഷകർ, കർഷക തൊഴിലാളികളായും, കുടിയേറ്റ തൊഴിലാളികളായും അവസാനം തെരുവുകളിൽ അലയുന്നവരായും പരിണമിക്കുന്നു. ഇത് മുതലാളിത്ത വ്യവസ്ഥയുടെ സ്വാഭാവിക പരിണതിയാണ്.
ആഗോളവൽക്കരണ നയത്തിന്റെ ഭാഗമായ ഡബ്ല്യുറ്റിഒ, ആസിയാൻ കരാറുകളും മറ്റു നയങ്ങളും കാരണം 4 ലക്ഷത്തോളം കർഷകർ രാജ്യത്ത് സ്വയം ജീവനൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ മോദി സർക്കാർ പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ കർഷകരുടെ നിലനില്പ് തന്നെ അസാദ്ധ്യമാക്കുന്നതാണ്. രാജ്യത്ത് അവശേഷിച്ചിരുന്ന സർക്കാർ സംരക്ഷണങ്ങൾ കൂടി കർഷർക്ക് ഈ നിയമങ്ങളിലൂടെ ഹനിക്കപ്പെട്ടിരിക്കുന്നു. കോർപ്പറേറ്റുകളുടെ ആജ്ഞാനുവർത്തികളായി കർഷകരെ മാറ്റി തീർക്കുകയും, രാജ്യത്തെ പൊതുവിതരണ സമ്പ്രദായം പാടെ തകർത്ത് അവശ്യ ഭക്ഷ്യവസ്തുക്കളുടെ ഉല്പാദന-സംഭരണ-വിതരണമാകെ കോർപ്പറേറ്റുകളുടെ ഇച്ഛാനുസരണം നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്ന ഈ നിയമങ്ങൾ പാസ്സാക്കിയതിലൂടെ മോദി സർക്കാർ കർഷകരെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണ്. ഇതിനെതിരെയുള്ള സമരം കർഷകരുടെ ആത്മാഭിമാനം സംരക്ഷിക്കാൻ കൂടിയാണ്.
ലക്ഷക്കണക്കിന് കർഷകർ ഡൽഹിയുടെ വിവിധ അതിർത്തികളിൽ കിലോമീറ്ററുകൾ നീളത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു. തുടക്കത്തിൽ മോദി സർക്കാർ പ്രകടിപ്പിച്ചിരുന്ന ധിക്കാരപരമായ നിലപാട് ഇപ്പോൾ മയപ്പെടുത്തിയിട്ടുണ്ട്. കർഷകർക്ക് സ്വാതന്ത്ര്യം ന്‌ലകി എന്നും, മണ്ടികളുടെയും താങ്ങുവിലയുടെയും കരാർകൃഷിയുടെയും അവശ്യവസ്തു സംഭരണത്തിന്റെയും കാര്യത്തിൽ കർഷകർ ഉന്നയിച്ച പരാതികൾ അടിസ്ഥാന രഹിതമാണെന്നും, അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണെന്നും ഒക്കെ പറഞ്ഞിരുന്ന സർക്കാരിന് ഇപ്പോൾ ഇവയോരോന്നും പ്രത്യേകം പ്രത്യേകം പരിഗണിക്കാമെന്ന് പറയേണ്ടി വന്നിരിക്കുന്നു.
ഈ സമരം, മോദി സർക്കാറിന്റ ദ്രോഹനടപടികൾ അനുഭവിക്കുന്ന വിവിധ തൊഴിൽവിഭാഗങ്ങൾക്ക് ആത്മവിശ്വാസം ജനിപ്പിക്കുന്നതാണ്. കക്ഷിരാഷ്ട്രീയ-ജാതി-മത-പ്രാദേശിക ചിന്താഗതികൾക്ക് ഉപരിയായി ജനങ്ങൾ സംഘടിച്ചാൽ, ആത്മാർത്ഥതയും ദിശാബോധവുമുള്ളവരാൽ നയിക്കപ്പെട്ടാൽ, ഏത് ജനവിരുദ്ധ നയങ്ങളെയും പരാജയപ്പെടുത്തുവാൻ കഴിയുമെന്ന സന്ദേശം ഈ സമരം നൽകുന്നുണ്ട്. വരുംനാളുകളിൽ ഇത്തരം സമരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ടു മാത്രമേ ജനങ്ങൾക്ക് അവരുടെ ജീവിതം മുമ്പോട്ട് കൊണ്ടു പോകാൻ കഴിയൂ എന്നും ഈ കർഷക സമരം നമ്മളെ പഠിപ്പിക്കുന്നുണ്ട്.

Share this post

scroll to top