ബിപിസിഎൽ തൊഴിലാളികളുടെ 48 മണിക്കൂർ പണിമുടക്ക്‌

Share

സ്വകാര്യവൽക്കരണ വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്തു പകർന്നു നൽകിക്കൊണ്ട് ബിപിസിഎൽ തൊഴിലാളികള്‍ സെപ്തംബർ 7, 8 തീയതികളില്‍ 48 മണിക്കൂർ അഖിലേന്ത്യാതലത്തില്‍ പണിമുടക്ക് നടത്തി. അധ്വാനിച്ച് ജീവിതമാർഗം കണ്ടെത്തുന്ന ഏവർക്കും ആശ്വാസവും ആവേശവും പ്രതീക്ഷയും നൽകുന്ന സംഭവവികാസമാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ 7, 8 തീയതികളിൽ ഉണ്ടായത്. മോദി സർക്കാർ നാടിന്റെ സമ്പത്ത് കോർപ്പറേറ്റ് കരങ്ങളിൽ എത്തിക്കാൻ നടത്തുന്ന സ്വേച്ഛാധിപത്യ പരമായ നീക്കങ്ങൾക്ക് എതിർ സ്വരങ്ങൾ ഉണ്ടാവില്ല എന്ന് കണക്കുകൂട്ടലുകളെ തെറ്റിക്കുന്നവിധം ബിപിസിഎല്ലിലെ ഉശിരുള്ള തൊഴിലാളികൾ ഒറ്റക്കെട്ടായി 48 മണിക്കൂർ പണിമുടക്കി.സ്വകാര്യവൽക്കരിക്കാൻ ചാപ്പ കുത്തി നിർത്തിയിരിക്കുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളി ലെയും തൊഴിലാളികൾക്ക് നൽകുന്ന ഉജ്ജ്വലമായ സന്ദേശമാണ് ബിപിസിഎൽ തൊഴിലാളികൾ നൽകിയിരിക്കുന്നത്. അതോടൊപ്പം കോർപ്പറേറ്റുകളുടെ ഏജന്റ് ആയി പ്രവർത്തിക്കുന്ന സർക്കാരിന് ഒരു താക്കീതും ആണിത്. അതീവ ലാഭകരമായി പ്രവർത്തിച്ചു വരുന്ന പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം തന്നെ നമ്മുടെ രാജ്യത്ത് നടപ്പിലാക്കി വരുന്ന ആഗോളവൽക്കരണ – ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി കുത്തകകൾക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദിയുടെ കേന്ദ്ര സർക്കാർ. രാജ്യസുരക്ഷയ്ക്കും സമ്പദ്ഘടനയ്ക്കും താങ്ങായിരുന്ന തന്ത്ര പ്രധാനമായ മേഖലകൾ എല്ലാം കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുകയാണ്. പ്രതിരോധം,റെയിൽവേ പെടോളിയം, കൽക്കരി, വൈദ്യുതി, വ്യോമയാനം. ബഹിരാകാശം തുടങ്ങിയവയെല്ലാം തന്നെ കൈമാറുന്നതിനുള്ള നടപടികൾ അഭംഗുരം തുടരുന്നു.പത്ത് ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) സ്വദേശ-വിദേശ കുത്തകകൾക്ക് കൈമാറാനുള്ള നടപടികൾ ജനജീവിതത്തിൽ ഏറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. ഇന്ത്യയിലെ ഊർജ്ജരംഗം ഇപ്പോൾ തന്നെ അദാനി/അംബാനിമാരുടെ കൈപ്പിടിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. വൈദ്യുതി ഉത്പാദന-വിതരണ മേഖലയിലുള്ള കമ്പനികളായ കോർബ വെസ്റ്റ് പവ്വർ, ഉടുപ്പി പവ്വർ, ബി&സി ട്രാൻസ്മിഷൻ, മുംബൈ ഇന്റഗ്രേറ്റഡ് പവ്വർ, ജിഎംആർ എനർജി, സോളാർ പവ്വർ അസറ്റ്, ഒഡിഷ പവ്വർ ജനറേഷൻ, ബിക്കാനീർ ട്രാൻസ്മിഷൻ, ആലിപ്പൂർ ട്രാൻസ്മിഷൻ തുടങ്ങിയ കമ്പനികളെ 2014 ന്‌ ശേഷം അദാനി ഗ്രൂപ്പ് കൈയടക്കി.ഇന്ത്യയുടെ പ്രാഥമിക ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്നത് പ്രധാനമായും കൽക്കരി, എണ്ണ- പ്രകൃതിവാതകം തുടങ്ങിയവയി ലൂടെയാണ്. പെട്രോളിയം സംസ്കരണ രംഗത്ത് ഏഷ്യയിലെ തന്നെ വലിയ പ്ലാന്റ് റിലയൻസിന്റെ ജാംനഗറിലുളളതാണെങ്കിൽ പോലും ഇന്ത്യയിലെ പെട്രോളിയം സംസ്കരണവും വിതരണവും ഐഒസി , ബിപിസിഎൽ, എച്ച്പി സി എൽ, ഒ എൻ ജി സി , ഗെയിൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. 1991-ൽ നടപ്പിലാക്കിയ സ്വകാര്യവൽക്കരണനയങ്ങളെ തുടർന്നാണ് റിലയൻസ്, എസ്സാർ, മിത്തൽ തുടങ്ങിയ വമ്പൻ സ്വകാര്യ കമ്പനികൾ പെട്രോളിയം മേഖലയിലേക്ക് കടന്നുവന്നത്.ഇന്ന് ഇന്ത്യയിൽ സംസ്കരിക്കുന്ന 249.366 എംഎംടിപിഎ (മില്യൺ മെട്രിക് ടൺസ് പെർ ആനം) ക്രൂഡോയിലിന്റെ 107.3 എംഎംടിപിഎ ക്രൂഡും സ്വകാര്യ- സംയുക്ത മേഖലയിൽ സംസ്കരിക്കുന്നതിൽ എത്തപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം ബിപിസിഎൽ കൂടി സ്വകാര്യവൽക്കരിക്കപ്പെട്ടാൽ ഇത് 134.8 എംഎംടിപിഎ ആകും. ബിപിസിഎൽ നൊടൊപ്പം തന്നെ വില്പനയ്ക്ക് വച്ചിരുന്ന എച്ച്പിസിഎൽ തൽക്കാലം ഒഎൻജിസിയെ ഏൽപ്പിച്ചിരിക്കുകയാണെങ്കിൽ പോലും ഒഎൻജിസി, ഐഒസി എന്നിവയും സ്വകാര്യവൽക്കരണ ഭീഷണിയിലാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രണം പടിപടിയായി സർക്കാർ എടുത്തു കളഞ്ഞത് സ്വദേശ വിദേശ ഭീമൻമാരുടെ കടന്നുവരവിന് ആക്കം കൂട്ടാനായിരുന്നു. വിദേശ എണ്ണകമ്പനികളായ എക്സോൺ മൊബിൽ, ഷെൽ, ടോട്ടൽഎസ്എ തുടങ്ങിയവ ഇന്ത്യൻ കമ്പനികളുമായി സംയുക്ത പ്രവർത്തനങ്ങൾക്കായി ഇതിനോടകം ധാരണയായിരിക്കുകയുമാണ്. സ്വദേശ എണ്ണ കമ്പനികളെ വിദേശ കമ്പനികൾ കൈയടക്കുന്നതിന്റെ ഭാഗമായി എസ്സാർ ഓയിലിനെ റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റ് ഏറ്റെടുത്തു. ഈ രീതിയിൽ രാജ്യത്തിന്റെ എണ്ണ മേഖലയും കോർപ്പറേറ്റ് കമ്പനികൾ കയ്യടക്കുകയാണ്. ഇന്ത്യയുടെ ഊർജ്ജസുരക്ഷിതത്വം തന്നെ അട്ടിമറിക്കുന്ന നടപടികളാണ് ഇവയെല്ലാം രാജ്യസുരക്ഷയെ ബാധിക്കുന്നതും തൊഴിലില്ലായ്മ രൂക്ഷമാക്കുന്നതും പൊതുമുതൽ കൊള്ളയടിക്കുന്നതുമായ ഈ നയങ്ങളെ ഏതു വിധേനയും തടഞ്ഞെ മതിയാവു.പത്ത് ലക്ഷം കോടി രൂപ ആസ്തിയുള്ള ബിപിസിഎൽ 56000 കോടി രൂപയ്ക്ക് കൈമാറുന്നതിനെതിരെ ജീവനക്കാർ നടത്തിവന്ന മാസങ്ങൾ നീണ്ടു നിന്ന സമരം ഏറെ ശ്രദ്ധേയമായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത സമരപരിപാടികൾ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. എന്നാൽ ഈ മഹാമാരിയുടെ കാലത്തുപോലും തൊഴിലാളികൾ തെരുവിലിറങ്ങേണ്ട സാഹചര്യമാണ് ബിപിസിഎൽ മാനേജ്മെന്റും ഗവൺമെന്റും ചേർന്ന് സൃഷ്ടിച്ചിരിക്കുന്നത്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന്റ ഭാഗമായി വോളന്ററി റിട്ടയർമെന്റ് സ്കീം (വി.ആർ.എസ്) നടപ്പിലാക്കി. ഇതോടൊപ്പം സ്വകാര്യവൽക്കരണത്തെ മുന്നിൽ കണ്ട് ജീവനക്കാരുടെ സേവന – വേതന വ്യവസ്ഥകൾ അട്ടിമറിക്കാനുള്ള നീക്കങ്ങളും മാനേജ്മെന്റ്ആരംഭിച്ചു. പെട്രോളിയം സെക്ടറിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം തന്നെ പത്ത് വർഷ കാലാവധിയുള്ള സേവന- വേതന കരാറുകളാണ് നടപ്പിലാക്കിയിരിക്കുന്നത്. രൂക്ഷമായ വിലക്കയറ്റവും മറ്റ് ജീവിത ചെലവുകളുടെ വർദ്ധനയും മൂലം അഞ്ച് വർഷത്തെ വേതന കരാർ നടപ്പിലാക്കണമെന്ന് എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് നിലവിൽ കേന്ദ്ര ഗവൺമെന്റ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പോലും തൊഴിലാളികളുടെ ശമ്പള കരാറിൽ നടപ്പാക്കില്ലെന്ന നിലപാട് ബിപിസിഎൽ മാനേജ്മെന്റിന്റേത്. ഡിപിഇ മാനദണ്ഡങ്ങളും മൂന്നാം ശമ്പള പരിഷ്ക്കരണ നിർദ്ദേശങ്ങളും നിലവിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായി നിലകൊള്ളുന്ന ബിപിസിഎൽ ല്ലിന് ബാധകമാണ്. ഇത് തൊഴിലാളികളുടെ ശമ്പള കരാറിൽ നടപ്പിലാക്കാത്തത് കേന്ദ്ര ഗവൺമെന്റിന്റെ കൂടി ഒത്താശയോടെയാണ് എന്നാണ് തൊഴിലാളിയൂണിയനുകളുടെ ആരോപണം. ശമ്പള കരാറിൽ ബിപിസിഎൽ വാങ്ങാൻ വരുന്ന കുത്തക മുതലാളിക്കുവേണ്ടി, തൊഴിലാളികൾക്ക് നൽകിക്കൊണ്ടിരിക്കുന്ന ശമ്പളമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മൂന്ന് വർഷത്തിലൊരിക്കൽ പുന:പരിശോധിക്കാൻ (വെട്ടിക്കുറയ്ക്കാൻ) അവകാശം നൽകണം, റിട്ടയർമെന്റ് ആനുകൂല്യങ്ങളായ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, പെൻഷൻ തുടങ്ങിയവ പൊതുമേഖലാസ്ഥാപനമായി നിലനിൽക്കുന്ന കാലയളവിൽ മാത്രമെ അനുവദിക്കാൻ കഴിയൂ, സ്വകാര്യവൽക്കരണ സമയത്ത് ഗവൺമെന്റ് ഒപ്പുവയ്കുന്ന വില്‍പ്പനകരാറിൽ പറയുന്ന നിബന്ധനകളെല്ലാം തൊഴിലാളികൾ അംഗികരിക്കണം, പുതുതായി ജോലിയിൽ പ്രവേശിച്ചവരുടെ ശമ്പളം വെട്ടി കുറയ്ക്കണം തുടങ്ങിയ നിരവധി നിബന്ധനകൾ മാനേജ്മെന്റ് മുന്നോട്ടുവച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ യൂണിയനുകൾഒറ്റക്കെട്ടായി പൊരുതുകയാണ്.ഈ പോരാട്ടങ്ങളെ തകർക്കുവാൻ സ്വകാര്യ മുതലാളിമാരെ പ്പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ കുടില തന്ത്രങ്ങൾ പയറ്റുകയാണ് മാനേജ്‌മെന്റ്. മാർക്കറ്റിംഗ് വിഭാഗത്തിലെ രണ്ടു യൂണിയനുകളെ സ്വാധീനിച്ച് തൊഴിലാളിവിരുദ്ധ നിർദ്ദേശങ്ങൾ അടങ്ങിയ കരാറിന്റെ മിനിട്സ് ഒപ്പിടുവിച്ചു. അത് ചൂണ്ടിക്കാട്ടി മറ്റു യൂണിയനുകളേയും തൊഴിലാളികളേയും ഭീഷണിപ്പെടുത്തുന്നു . പ്രസ്തുത കരാർ ഒപ്പിട്ടില്ലെങ്കിൽ പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങൾ പിൻവലിക്കുമെന്നു അന്ത്യശാസനം നൽകുന്നു. ഇതിനെയെല്ലാം സധൈര്യം ചെറുത്തു കൊണ്ട് കൊച്ചി റിഫൈനറി, മുംബൈ റിഫൈനറി, മാർക്കറ്റിംഗ് ഡിവിഷനുകൾ അടക്കമുള്ള എല്ലാ മേഖലയിലും 14 യൂണിയനുകളും ഒറ്റക്കെട്ടായി നിന്നുകൊണ്ട് തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സെപ്തംബർ 7, 8 തീയതികളിൽ 48 മണിക്കൂർ മുടക്കുകയുണ്ടായി. ബി.പി.സി.എൽ -ൽ തൊഴിലാളികളുടെ പണിമുടക്ക് ഇന്ത്യയിലെ പെട്രോളിയം മേഖല ദർശിച്ച ഏറ്റവും വലിയ പണിമുടക്കായി മാറി. ബിപിസിഎൽ ഷെയർ വില മാർക്കറ്റിൽ ഇടിഞ്ഞു. കുതന്ത്രങ്ങളുടെ കാര്യത്തിൽ പേരു കേട്ട ബിപിസിഎൽ മാനേജ്മെന്റ് തൊഴിലാളികളുടെ ഐക്യത്തിനു മുന്നിൽ അന്ധാളിച്ചു. ജാള്യത മറയ്ക്കാനായി പ്രതികാര നടപടികളുമായി ഇപ്പോൾ രംഗത്തിരങ്ങിയിരിക്കുകയാണ്. പണിമുടക്കിയതിന് തൊഴിലാളികളുടെ 8 ദിവസത്തെ ശമ്പളം ശിക്ഷയെന്ന നിലയിൽ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് തൊഴിലാളികൾക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.രാജ്യത്ത് നടക്കുന്ന പൊതുപണിമുടക്കിൽ പങ്കെടുത്താൽ അതിനുള്ള ശിക്ഷയെന്ന നിലയിൽ തൊഴിലാളികളുടെ കൂടുതൽ ദിവസത്തെ ശമ്പളം കവർന്നെടുക്കുന്ന കുപ്രസിദ്ധ ചരിത്രമുള്ളവരാണ് ബിപിസിഎൽ മാനേജ്‌മെന്റ്. മാനേജ്‌മെന്റിന്റെ ഈ നടപടികൾക്കും ഭീഷണികൾക്കും മുന്നിൽ മുട്ടുമടക്കാതെ കൂടുതൽ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ബിപിസിഎൽ തൊഴിലാളികൾ.ഈ പോരാട്ടം രാജ്യമെമ്പാടും വളർന്നു വരുന്ന സ്വകാര്യവൽക്കരണ വിരുദ്ധ സമരങ്ങൾക്ക് കരുത്തു പകരുമെന്ന കാര്യത്തിൽ സംശയമില്ല ബിപിസിഎൽ – കൊച്ചി റിഫൈനറി സംസ്ഥാനഗവൺമെന്റിന് ഓഹരി വിഹിതമുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി ആയിരക്കണക്കിനാളുകളെ കുടിയിറക്കി ഏറ്റെടുത്തു നൽകിയ ഭൂമിയിലാണ് കൊച്ചി റിഫൈനറി പ്രവർത്തിക്കുന്നത്. മറ്റ് അടിസ്ഥാന സൗകര്യങ്ങളായ ജലം, വൈദ്യുതി,റോഡ്, തുടങ്ങിയവ കേരള ഗവൺമെന്റാണ് നൽകുന്നത്. കൊച്ചിറിഫൈനറിയെ പൊതുമേഖലയിൽ തന്നെ നിലനിർത്തേണ്ടത് സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യമാണ്. ഈ ആവശ്യം നേടിയെടുക്കു ന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കേരള സർക്കാർ മുന്നിട്ടിറങ്ങണ്ട തുണ്ട്. പൊതുമേഖലാ സ്ഥാപനത്തിനായി ഏറ്റെടുത്ത ഒരിഞ്ചു ഭൂമി പോലും സ്വകാര്യ മുതലാളിമാർക്ക് വിട്ടു കൊടുക്കില്ല എന്ന ആവശ്യം സംസ്ഥാന സർക്കാർ ഉയർത്തണം. ആസാമിലെ ന്യൂമാലിഗർ റിഫൈനറിയുടെ വിൽപ്പനയിൽ നിന്ന് കേന്ദ്രഗവൺമെന്റിന് പിൻവാങ്ങേണ്ടി വന്നത് ആസ്സാം ഗവൺമെന്റും ജനങ്ങളും ഒറ്റക്കെട്ടായി നിന്നതു കൊണ്ടാണ്. കേരളത്തിലും അതുണ്ടാവണം. തൊഴിലവകാശം ഇല്ലാതാക്കുന്നതും പൊതുമുതൽ കൊളളയടിക്കുന്നതുമായ ഇത്തരം നയനടപടികളുമായി കേന്ദ്ര ഗവൺമെന്റ് മുന്നോട്ടു പോവുന്ന സാഹചര്യത്തിൽ ബിപിസിഎൽ തൊഴിലാളികൾ നടത്തിവരുന്ന സമരത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്. പ്രസ്തുത സമരം വിജയിപ്പിക്കുവാൻ കക്ഷി രാഷ്ട്രിയത്തിനും ജാതി മത ചിന്തകൾക്കും അതീതമായി ബിപിസി എൽ സംരക്ഷണ സമിതികൾ നാടെമ്പാടും രൂപീകരിച്ചു കൊണ്ട് സമര രംഗത്ത് അണിനിരക്കാൻ മുഴുവൻ ജനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top