കേരളത്തിന്റെ തീരപ്രദേശത്ത് മൂന്ന് ലക്ഷത്തോളം മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിലേർപ്പെട്ട് ജീവിക്കുന്നു. രാജ്യത്തിന് വിദേശ നാണ്യവും ജനതയ്ക്ക് കുറഞ്ഞ ചെലവിൽ പോഷകാഹാരവും പ്രദാനം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ ദുരിതജീവിതത്തിന്റെ ആഴക്കടലിലാണ്. മത്സ്യലഭ്യത കുറയുന്ന വറുതിയുടെകാലത്തും മത്സ്യസമൃദ്ധിയുടെ ചാകരക്കാലത്തും പട്ടിണിയിലും അർദ്ധപട്ടിണിയിലും കടക്കെണിയിലും മുങ്ങിത്താഴുകയാണ് മത്സ്യത്തൊഴിലാളികൾ. മത്സ്യ മുതലാളിമാരും കയറ്റുമതിക്കാരും കോടികൾ ലാഭം കൊയ്യുന്നു. മത്സ്യ സമൃദ്ധിയുടെ നാളുകളിൽ സംഭരിച്ചു വയ്ക്കുവാൻ സൗകര്യങ്ങളും സംവിധാനങ്ങളും മത്സ്യത്തൊഴിലാളികൾക്ക് ഇല്ലാത്തതുകൊണ്ട് കച്ചവടക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് തങ്ങളുടെ അദ്ധ്വാന ഫലം ഇട്ടെറിഞ്ഞു കൊടുക്കേണ്ടുന്ന ദുസ്ഥിതിയിലാണ് തൊഴിലാളികൾ. മത്സ്യഫെഡ് എന്ന ഒരു സർക്കാർ സംവിധാനം ഉണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. പകലന്തിയോളം പണിയെടുത്താലും ഒരു നേരത്തെ ആഹാരത്തിനുപോലും വകലഭിക്കാത്ത ദിനങ്ങളുമുണ്ട്. ഇന്ധനചെലവ് ഉൾപ്പെടെ നഷ്ടമാകുന്നതുകൊണ്ട് ഈ അവസരങ്ങളിൽ പലപ്പോഴും കടബാധ്യതക്കാരനുമാകുന്നു. കാറ്റും കോളും പ്രക്ഷുബ്ധമായ കടലും ഉയർത്തുന്ന വെല്ലുവിളികളെ നേരിട്ടാലും പട്ടിണിയിൽ നിന്നും കരകയറാൻ കഴിയുന്നില്ല.
ഓഖി ദുരന്തത്തിനുശേഷം സർക്കാർ പുറപ്പെടുവിക്കുന്ന മത്സ്യബന്ധന വിലക്കുകൾ തൊഴിൽ ദിനങ്ങൾ കുറയ്ക്കുന്നു. മോശം കാലാസ്ഥയെത്തുടർന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തുമ്പോൾ യാതൊരു തൊഴിൽ നഷ്ട വേതനവും നല്കുന്നില്ല. മൺസൂൺ കാലത്തെ ട്രോളിംഗ് നിരോധനവും തീരത്ത് തൊഴിലില്ലായ്മയും പട്ടിണിയും സൃഷ്ടിക്കുന്നു.
ശാസ്ത്ര-സാങ്കേതികവിദ്യ ഏറെ പുരോഗമിച്ചിട്ടുള്ള ഇക്കാലത്തും മത്സ്യത്തൊഴിലാളി മേഖലയിൽ ഫലപ്രദമായി സർക്കാർ ഇടപെടാത്തതാണ് പ്രതിസന്ധിക്കുകാരണം. മത്സ്യത്തെക്കാൾ വേഗം കേടാകുന്ന പാൽ സംഭരിച്ച് ശീതീകരിച്ച് വിപണനം നടത്തുന്നതു പോലെ തീരത്തുടനീളം ഹാർബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും കോൾഡ് സ്റ്റോറേജുകൾ സ്ഥാപിച്ച് സർക്കാർ മത്സ്യം സംഭരിക്കുകയും വിപണനം നടത്തുകയും ചെയ്താൽ മത്സ്യത്തിന് വിലസ്ഥിരത ഉറപ്പുവരുത്തുവാനാകും. മത്സ്യത്തൊഴിലാളികൾക്ക് മെച്ചപ്പെട്ട വരുമാനം നേടാനും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള മത്സ്യം ഉറപ്പുവരുത്തുവാനും ഇതിലൂടെ കഴിയും. 2020 വരെ മത്സ്യത്തൊഴിലാളികൾക്ക് കടൽ ശാന്തമായിരുന്നാൽ ഏതു തീരത്തു നിന്നും മത്സ്യബന്ധനത്തിനു പോകുവാനും പിടിക്കുന്ന മീൻ ഏതു തീരത്തും വിപണനം നടത്തുവാനും യാതൊരു നിയന്ത്രണവുമില്ലായിരുന്നു.
എന്നാൽ 2021ൽ കേരള സർക്കാർ പാസാക്കിയ ‘മത്സ്യ സംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും ആക്ട് ‘ പ്രകാരം, ഫിഷിംഗ് ഹാർബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലുമല്ലാതെ മത്സ്യവിപണനം നടത്തുന്നത് പിഴയും തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
മത്സ്യബന്ധന മേഖലയിലെ ഇടനിലക്കാരുടേയും കമ്മീഷൻകാരുടേയും ചൂഷണം വളരെ കടുത്തതാണ്. കമ്മീഷൻ ഏജന്റുമാർ മത്സ്യത്തൊഴിലാളികൾക്ക് ചില സാമ്പത്തിക സഹായങ്ങൾ ചെയ്തുകൊണ്ട്, നിലവിൽ അഞ്ച് ശതമാനം മുതൽ പത്ത് ശതമാനം വരെ തുക മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മീനിൽനിന്നും ഈടാക്കുന്നുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തുടനീളം കോടികൾ മറിയുന്നു. മത്സ്യബന്ധനവും വിപണനവും കേന്ദ്രീകൃതവും നിയന്ത്രണവിധേയവുമാക്കിക്കൊണ്ട്, ഹാർബർമാനേജ്മെന്റ് സൊസൈറ്റികളിലൂടെ മത്സ്യത്തൊഴിലാളികളെ സാമ്പത്തികമായി ചൂഷണം ചെയ്യുവാനാണ് സർക്കാരിന്റെയും ശ്രമം.
ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ വ്യാപാരികളിൽ നിന്നും ഈടാക്കുന്ന ടോളുകളുടെ ചെലവും മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ നിന്നുമാണ് പോകുന്നത്. ഹാർബർ മാനേജ്മെന്റ് സൊസൈറ്റി അടിക്കടി ഉയർത്തിയ ടോൾ വർദ്ധനവിനെതിരെ ചെല്ലാനം ഫിഷിംഗ് ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രതിരോധം തീർക്കേണ്ടതായി വന്നു. മത്സ്യത്തൊഴിലാളികളേയും തീരദേശ ജനതയേയും അവരുടെ ആവാസസ്ഥലത്തു നിന്നും പിഴുതെറിഞ്ഞ് തീരം കോർപറേറ്റ് താല്പര്യങ്ങൾക്ക് തീറെഴുതുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ‘ബ്ലൂ ഇക്കണോമി’ എന്ന സുന്ദരനാമത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന പദ്ധതി വൻകിട കോർപ്പറേറ്റുകൾക്ക് കടലും കടൽ തീരവും കൊള്ളയടിക്കാൻ അവസരമുണ്ടാക്കുന്നതാണ്.
ഒന്നാം മോദി സർക്കാര്‍, മീനാകുമാരി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ ഒരുക്കമിട്ടപ്പോൾ തീരത്തുടനീളം വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ആഴക്കടൽ മത്സ്യബന്ധനത്തിന് വൻകിട സ്വദേശ-വിദേശ ട്രോളറുകൾക്ക് അനുമതി നല്കുന്നതും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് 12 നോട്ടിക്കൽ മൈലും യന്ത്രവൽകൃത ബോട്ടുകൾക്ക് 20 നോട്ടിക്കൽ മൈലും പരിധി നിശ്ചയിച്ച് സാധാരണ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതുമായിരുന്നു മീനാകുമാരി കമ്മീഷൻ ശുപാർശകൾ. പ്രക്ഷോഭത്തെത്തുടർന്ന് മീനാകുമാരി കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് പിൻവലിക്കേണ്ടിവന്നു. മീനാകുമാരി കമ്മീഷൻ റിപ്പോർട്ടിനെതിരെ കേരളത്തിൽ, കേരള മത്സ്യ സംസ്കരണതൊഴിലാളി യൂണിയന്റെയും(കെഎം എസ്‌ടിയു) കേരള മത്സ്യബന്ധന തൊഴിലാളി യൂണിയന്റെയും നേതൃത്വത്തിൽ ചെമ്മീൻ പീലിംഗ് തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ രാജ്ഭവൻ മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികൾ ശ്രദ്ധേയമായിരുന്നു.
കേരളത്തിലെ ഇടതെന്നവകാശപ്പെടുന്ന സർക്കാർ ‘ബ്ലൂ ഇക്കണോമി’ എന്ന കേന്ദ്ര പദ്ധതി നടപ്പിലാക്കുകയാണ്. പുനർഗേഹം എന്ന പേരിൽ പത്ത് ലക്ഷം രൂപ നല്കി മത്സ്യത്തൊഴിലാളികളെ തീരത്തുനിന്നും പലായനം ചെയ്യിക്കുന്നു. നിർദ്ദിഷ്ട തീരദേശ ഹൈവേ നിർമ്മാണത്തിനായും പത്ത് ലക്ഷം രൂപ മാത്രമാണ് കുടിയൊഴിപ്പിക്കപ്പെടുന്ന തീരദേശ നിവാസികൾക്കു നല്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികളെല്ലാം ഫലപ്രദമായല്ല നടപ്പിലാക്കുന്നത്. ക്ഷേമനിധി അംശാദായം അടക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും അംശാദായം തിരിച്ചു നല്കുന്നില്ല. ‘മത്സ്യത്തൊഴിലാളി സമ്പാദ്യ-ആശ്വാസ പദ്ധതിപ്പണം’ കൃത്യമായി മടക്കി നൽകുന്നില്ല. മത്സ്യത്തൊഴിലാളി ക്ഷേമം യഥാർത്ഥത്തിൽ സർക്കാർ ലക്ഷ്യമിടുന്നുവെങ്കിൽ മത്സ്യബന്ധനത്തിന് ആവശ്യമുള്ള മുഴുവൻ ഇന്ധനത്തിനവും സബ്സിഡി നിരക്കിൽ നല്കുകയും വലകളും എൻജിനുകളും നികുതിയിൽ നിന്നും ഒഴിവാക്കുകയും മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി അംശാദായം പലിശയടക്കം മടക്കി നല്കുകയുമാണ് വേണ്ടത്. തീരദേശത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയും പാരിസ്ഥിതികവിനാശം സൃഷ്ടിക്കുന്നതും തീരശോഷണം സൃഷ്ടിക്കുന്നതുമായ കരിമണൽ ഖനനം അവസാനിപ്പിക്കുകയും വേണം. അദാനിയുടെ വിഴിഞ്ഞം തുറമുഖ നിർമ്മാണംമൂലം മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് ആശ്രയിച്ചിരുന്ന മുതലപ്പൊഴി അപകടക്കെണിയായിരിക്കുന്നു. മുതലപ്പൊഴി ഹാർബർ ശാസ്ത്രീയമായി നിർമ്മിച്ച് മത്സ്യത്തൊഴിലാളികളുടെ സുരക്ഷ സർക്കാർ ഉടൻ ഉറപ്പാക്കണം.
അൻപതിനായിരത്തിലേറെ പേർ പണിയെടുക്കുന്ന സുപ്രധാനമായ തൊഴിൽ വിഭാഗമാണ് ചെമ്മീൻ പീലിംഗ് തൊഴിലാളികൾ. 2010ൽ ചെമ്മീൻ പീലിംഗ് തൊഴിലാളികൾക്ക് സർക്കാർ മിനിമം കൂലി പ്രഖ്യാപിച്ചത് നാളിതുവരെ നല്കിയിട്ടില്ല. നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് ഇഎസ്ഐയും പിഎഫും ഉള്ളത്. 2008 മുതൽ കേരള മത്സ്യസംസ്കരണതൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തിയാണ് നാമമാത്രമായെങ്കിലും കൂലി വർദ്ധിപ്പിക്കാനായത്. കൂലി വർദ്ധിപ്പിക്കുമ്പോഴൊക്കെ പൊളിക്കുവാനുള്ള ചെമ്മീനിന്റെ അളവ് വർദ്ധിപ്പിച്ച് ഉടമകൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്നു. നിലവിൽ 1 കിലോ ചെമ്മീൻ പൊളിക്കുന്നതിന് മിനിമം കൂലി പ്രകാരം 36 രൂപയാണ്. എന്നാൽ ഒന്നര കിലോ എന്ന പേരിൽ തൂക്കം ഇല്ലാതെ 28 രൂപ മാത്രമാണ് ഉടമകൾ തൊഴിലാളികൾക്കു നല്കുന്നത്. എന്നു മാത്രമല്ല ഈ അളവ് പലപ്പോഴും രണ്ട് കിലോയിൽ കൂടുതലുമാണ്! കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കോർപറേറ്റ് താല്പര്യപ്രകാരം കൊണ്ടുവരുന്ന നയങ്ങളെ ചെറുക്കുവാൻ മത്സ്യത്തൊഴിലാളികൾ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ വേദിയൽ അണിനിരക്കുകയാണ് ഇന്നത്തെ അടിയന്തര കർത്തവ്യം.