വിദ്യാഭ്യാസത്തിന്റെ അന്തഃസത്ത വീണ്ടെടുക്കാൻ കരുത്തുറ്റ പ്രക്ഷോഭം പടുത്തുയർത്തുക

image.avif
Share

വിജ്ഞാന ശാസ്ത്രത്തിന്റെ സർവ്വാംശങ്ങളെയും നിരാകരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസനയം 2020(എൻഇപി 2020) എന്ന വിപത്ത് വ്യാപിക്കുകയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലുമെന്നപോലെ കേരളത്തിലെയും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനങ്ങളെ അത് പിഴുതെറിയാൻ തുടങ്ങിയിരിക്കുന്നു. പുതിയ അധ്യയന വർഷാരംഭത്തിൽത്തന്നെ കേരള സർക്കാർ പൊളിച്ചെഴുത്തു പദ്ധതികൾ ഒരുക്കി നീങ്ങുകയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന പരിഷ്കാരങ്ങളുടെ എക്കാലത്തെയും ഏറ്റവും ഭീകരമായ ഒന്നാമത്തെ ഇര പ്രാഥമിക വിദ്യാഭ്യാസ മേഖല തന്നെ.

വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രാഥമികമായ അടിത്തറ മാതൃഭാഷാ സിദ്ധികളാണ് എന്നിരിക്കെ, പ്രാഥമിക വിദ്യാഭ്യാസത്തിൽ അടിസ്ഥാന ഭാഷാജ്ഞാനം ഉറപ്പിക്കാത്തത് തുടർന്നുള്ള വിജ്ഞാന സമ്പാദനത്തിന് വിഘാതം സൃഷ്ടിക്കുന്നു. മുമ്പ് നടപ്പാക്കിയ വിദ്യാഭ്യാസവിരുദ്ധ പദ്ധതിയായ ഡിപിഇപിയുടെ തുടർച്ചയാണിത്. ഔപചാരിക വിദ്യാഭ്യാസത്തെ അത് അനൗപചാരികമാക്കി മാറ്റി. അതേ ബോധനരീതികൾ തന്നെയാണ് കേരളം ഇപ്പോഴും പിന്തുടരുന്നത്. കേന്ദ്ര ബിജെപി സർക്കാരും ഡിപിഇപിയുടെ പാതയിൽ വിദ്യാഭ്യാസത്തിന്റെ അടിത്തറ തകർക്കാൻ ദേശീയ വിദ്യാഭ്യാസ നയം 2020 കൊണ്ടുവന്നതോടെ കേരളത്തിലെ ഇടതുമുന്നണി സർക്കാർ വീണ്ടും അധ്യാപനത്തെ അഥവാ പഠിപ്പിക്കലിനെ ഒഴിവാക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. അതിനായി ഡിപിഇപി പാഠ്യപദ്ധതി കൊണ്ടുവന്ന ആശയാവതരണ രീതിയെ(അക്ഷരം-പദം-വാക്യം എന്നതിന് പകരം ആശയം-വാക്യം-പദം-അക്ഷരം എന്ന ക്രമത്തിൽ പഠിപ്പിക്കുന്ന രീതി) ഇന്നും ഇടതുമുന്നണി സർക്കാർ മുറുകെ പിടിക്കുന്നു. അക്ഷരമോ ഭാഷയോ നേരിട്ട് പഠിപ്പിക്കരുത് എന്നതാണല്ലോ ഈ ബോധന കാഴ്ചപ്പാടിന് ആധാരം.
കേരളത്തിന്റെ വിദ്യാഭ്യാസ അടിസ്ഥാനങ്ങളെ തകർത്തെറിഞ്ഞ അതിവികലമായ അത്തരം പരിഷ്കാരങ്ങൾക്കെതിരെ വിദ്യാഭ്യാസ സ്നേഹികൾ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടരുകയാണെങ്കിലും തിരുത്തൽ വരുത്താൻ ഇടതുമുന്നണി സർക്കാർ ഇക്കാലമത്രയും തടസ്സം സൃഷ്ടിക്കു കയായിരുന്നു. അതുവഴി നിരക്ഷരരുടെ നവ കേരളത്തെ വാർത്തെടുക്കുകയാണ്പതിറ്റാണ്ടുകളായി ഭരണാധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നത്.


ഭാഷാബോധനം ഒന്നാം ക്ലാസ് മുതൽ ആരംഭിക്കാൻ ഇത്തവണയും തീരുമാനമില്ല


അക്ഷരാധിഷ്ഠിത ബോധനം ഒന്നാം ക്ലാസ് മുതൽ ആരംഭിക്കണമെന്ന ഭാഷാസ്നേഹികളുടെ നിരന്തരമായ നിവേദനങ്ങൾക്കൊടുവിൽ കഴിഞ്ഞ അധ്യയന വർഷം അക്ഷരമാല അച്ചടിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും അക്ഷരം പഠിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയില്ല. കാരണം, അധ്യാപകർ ക്ലാസ് മുറിയിൽ അക്ഷര ബോധനം നടത്താൻ പാടില്ല എന്നതാണ് ഡിപിഇപി ബോധനസമ്പ്രദായത്തിന്റെ വ്യവസ്ഥ. അതുകൊണ്ടുതന്നെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം തയ്യാറാക്കപ്പെട്ട സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അന്തിമ റിപ്പോർട്ടിലും അക്ഷര ബോധനം എന്ന നിർദ്ദേശം ഇല്ല. പകരം മാതൃഭാഷാ പഠനത്തിൽ ഊന്നി എഴുത്തിലും വായനയിലുമുള്ള ശേഷി കുട്ടികൾക്ക് ഒന്ന്, രണ്ട് ക്ലാസ്സുകളിൽഉറപ്പാക്കണം എന്ന പൊതുവായ മാർഗ്ഗനിർദേശം മാത്രമാണ് കരിക്കുലം മാർഗ്ഗരേഖയിൽ എഴുതി ചേർത്തത്. അതിനർത്ഥം, ആശയ അവതരണരീതിയിൽ ഇന്ന് നിലനിൽക്കുന്ന വികലമായ ബോധന സമ്പ്രദായം തുടരുമെന്നാണ്.


ആൾ പ്രമോഷൻ മറ്റൊരു വെല്ലുവിളി


ഇത്തവണയും എസ്എസ്എൽസി വിജയം 99% ത്തിന് മുകളിൽ തന്നെയാണ് – 99.67%. കഴിഞ്ഞവർഷം 99.72% ആയിരുന്നു. പുനർ മൂല്യനിർണയവും സേ പരീക്ഷയും കൂടി കഴിയുമ്പോൾ 100 ശതമാനം വിജയമായി അത് പരിണമിക്കും. നിശ്ചിത നിലവാരം ആർജിക്കാത്തവരെയും ക്ലാസ്സ് കയറ്റി വിടുന്ന ആൾ പ്രമോഷൻ സമ്പ്രദായം തന്നെയാണത്. ഡിപിഇപി, എസ്എസ്എ തുടങ്ങിയ ലോകബാങ്കിന്റെ വിദ്യാഭ്യാസ പ്രോജക്ടുകൾ നമ്മുടെ സംസ്ഥാനത്ത് അടിച്ചേൽപ്പിച്ച ഉദാരമായ മൂല്യനിർണയം അക്ഷരമറിയാത്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് സൃഷ്ടിച്ചത്. ഇപ്പോൾ 100 മാർക്കിന്റെ പരീക്ഷയിൽ 20 മാർക്ക് നിരന്തര മൂല്യനിർണയം എന്ന പേരിൽ മിക്കവാറും നൽകി പോരുന്നു. അപ്പോൾ പിന്നെ കുട്ടിക്ക് എഴുത്ത് പരീക്ഷയിൽ കേവലം 10 മാർക്ക് ലഭിച്ചാലും വിജയം ഉറപ്പാക്കാനാവും. അതിനൊപ്പം ഉദാരമായ മൂല്യനിർണയം നടത്താൻ അധ്യാപകരുടെമേൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്ന വിദ്യാഭ്യാസ വകുപ്പിന്റെ രീതി വിദ്യാഭ്യാസ നിലവാരത്തകർച്ച ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്.
എന്നാൽ, കേരളത്തിൽ വിദ്യാഭ്യാസ സ്നേഹികൾ നടത്തിവന്ന നിരന്തരമായ വിദ്യാഭ്യാസ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഫലമായി എസ്എസ്എൽസി പരീക്ഷയിൽ അടുത്ത അധ്യയന വർഷം മുതൽ ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക്‌ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു. മിനിമം 30% മാർക്കെങ്കിലും നേടുന്നവർ മാത്രമേ എസ്എസ്എൽസി പരീക്ഷ പാസാകു എന്ന മാറ്റമാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതത്രേ. വിദ്യാഭ്യാസ നിലവാരം അമ്പേ തകർന്നു പോയി എന്ന വസ്തുത വൈകിയാണെങ്കിലും അംഗീകരിക്കാൻ സർക്കാർ തയ്യാറായിരിക്കുന്നു.
പുതിയ നിർദ്ദേശപ്രകാരം 40 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 12 മാർക്ക് കിട്ടിയാൽ മാത്രമേ ജയിക്കാൻ കഴിയുകയുള്ളൂ. അതായത് 80 മാർക്കിന്റെ പരീക്ഷയിൽ 24 മാർക്ക് നേടണം. പക്ഷേ അപ്പോഴും നിരന്തര മൂല്യനിർണയത്തിന്റെ പേരിൽ 20 മാർക്ക് ഉദാരമായി നൽകുമെങ്കിൽ സ്ഥിതിയിൽ കാര്യമായ വ്യത്യാസം വരില്ല. അതിനാൽ നിരന്തര മൂല്യനിർണയത്തിന് ലഭിക്കുന്ന മാർക്കിന് പുറമെ എഴുത്തു പരീക്ഷ ജയിക്കാനാണ് മിനിമം മാർക്ക് ഏർപ്പെടുത്തേണ്ടത്. അതോടൊപ്പം, എഴുത്തു പരീക്ഷയിൽ ഇപ്പോൾ പിന്തുടരുന്ന ഉദാരമായ മാർക്ക് ദാന സമ്പ്രദായം സമ്പൂർണ്ണമായി നിർത്തലാക്കാനും തീരുമാനമുണ്ടാകണം. നിലവാരം ഉറപ്പാക്കാൻ കഴിയുന്ന പാഠ്യപദ്ധതിയും സിലബസും ബോധന സമ്പ്രദായവും മൂല്യനിർണയവും നിർബന്ധമായി പുനഃസ്ഥാപിക്കപ്പെട്ടാൽ മാത്രമേ ഇന്നത്തെ പരിതാപകരമായ സ്ഥിതിയിൽനിന്ന് സ്കൂൾ വിദ്യാഭ്യാസത്തെ കരകയറ്റാനാകൂ.


അധ്യാപനത്തെ അപ്രസക്തമാക്കുന്ന പരിഷ്കാരങ്ങൾ അധ്യാപക
നിയമനങ്ങൾക്ക് തടയിടുന്നു


കേരളത്തിലെ പുതിയ പാഠ്യപദ്ധതിയിലെയും ദേശീയ വിദ്യാഭ്യാസ നയരേഖയിലെയും സമീപനങ്ങൾ അനുസരിച്ച് അധ്യാപനം അഥവാ നേരിട്ടുള്ള ബോധനം അപ്രധാനവും വിദ്യാർഥികൾ സ്വയം പഠിച്ചുകൊള്ളും എന്ന ആശയം ഉയർത്തിപ്പിടിക്കുന്നതും ആകുന്നതിനാൽ അധ്യാപകരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറക്കപ്പെടുന്നു. സ്ഥിര അധ്യാപകരുടെ സ്ഥാനത്ത് കരാർ അധ്യാപകരെ നിയമിക്കാൻ സർക്കാർ പിടിഎ പോലെയുള്ള സമിതികളോട് നിർദ്ദേശിക്കുന്ന സ്ഥിതിയാണ് വന്നു ചേർന്നിരിക്കുന്നത്. അധ്യാപക വിദ്യാഭ്യാസം നേടിയ സുശിക്ഷിതരായ, യോഗ്യരായ അധ്യാപകർ പഴങ്കഥയാവുകയാണ്. ദിവസക്കൂലിക്ക് കരാർ വ്യവസ്ഥയിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ എണ്ണം വർഷംപ്രതി കൂടിക്കൊണ്ടിരിക്കുന്നു.
സമാനമായ സാഹചര്യമാണ് കോളേജ് വിദ്യാഭ്യാസരംഗത്തും നിലനിൽക്കുന്നത്. അവിടെയും അധ്യാപക നിയമനങ്ങൾ വെട്ടിച്ചുരുക്കുന്ന നടപടികൾ വൻ പ്രതിസന്ധികൾക്ക് വഴി തുറന്നു കഴിഞ്ഞു. കോളേജ് അധ്യാപക തസ്തികകൾ നൂറുകണക്കിനാണ് ഒഴിഞ്ഞു കിടക്കുന്നത്. അധ്യാപക തസ്തിക സൃഷ്ടിക്കാൻ ജോലിഭാരം 16 മണിക്കൂറാക്കി നിജപ്പെടുത്തിയ 2020 ഏപ്രിൽ മാസത്തിലെ ഉത്തരവ് നടപ്പാക്കി തുടങ്ങിയതോടെ അധ്യാപക തസ്തികകളുടെ എണ്ണം വൻതോതിൽ വെട്ടിക്കുറക്കപ്പെട്ടു. പ്രതിവർഷം സംസ്ഥാനത്ത് 400 ഓളം കോളേജ് അധ്യാപക നിയമനങ്ങൾ നടന്നിരുന്നു. എന്നാൽ, ഇപ്പോൾ പ്രതിവർഷം 60ൽ താഴെ നിയമനങ്ങൾ മാത്രമായി ചുരുങ്ങിയിരിക്കുന്നു. സ്ഥിര അധ്യാപക നിയമനങ്ങളുടെ കാര്യത്തിൽ, പിഎസ്‌സി വഴിയുള്ള നിയമനങ്ങൾക്കുമേൽ ഫലത്തിൽ അപ്രഖ്യാപിത മോറട്ടോറിയം ആണ് സർക്കാർ യഥാർത്ഥത്തിൽ നടപ്പാക്കുന്നത്.


നാലുവർഷബിരുദം: സർവ്വകലാശാലകൾ തകർച്ചയുടെ വക്കിൽ


വിദ്യാഭ്യാസ പുരോഗതിക്ക് വഴിവെട്ടിയ കേരള മോഡൽ വിദ്യാഭ്യാസത്തിന്റെ വേരുകൾ പൊതുവിദ്യാഭ്യാസ രംഗത്ത് മാത്രമല്ല ഉന്നത വിദ്യാഭ്യാസരംഗത്തും പടർന്നിരുന്നു. ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ ബിരുദധാരികളെ സൃഷ്ടിക്കുന്നതിൽ അനന്യമായ സംഭാവനകൾ നൽകിയ കേരളത്തിലെ സമുന്നത സർവ്വകലാശാലകളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിച്ച് തകർത്തെറിയുകയാണ്.സ്വകാര്യ, വിദേശ സർവ്വകലാശാലകൾ ആരംഭിക്കാനുള്ള ഇടതുമുന്നണി സർക്കാരിന്റെ തീരുമാനം, കോളേജുകളെ സ്വയംഭരണ സ്ഥാപനങ്ങൾ ആക്കി മാറ്റി സ്വകാര്യവൽക്കരിക്കാനുള്ള അതിവേഗ കരുനീക്കങ്ങൾ, സർവ്വകലാശാലകളുടെ ഫണ്ട് സർക്കാർ ട്രഷറിയിലേക്ക് തിരിച്ചുവിടാനുള്ള സംസ്ഥാന സർക്കാരിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന നടപടികൾ എല്ലാം ഒത്തുചേർന്ന് സർവ്വകലാശാലകളെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ടു കഴിഞ്ഞു.
അതോടൊപ്പം, മോദി സർക്കാരിന്റെ നാലുവർഷ ബിരുദ കോഴ്സുകൾ നടപ്പാക്കാനുള്ള കേരള സർക്കാറിന്റെ നീക്കങ്ങൾ സർവ്വകലാശാലയുടെ സുസ്ഥാപിത ലക്ഷ്യങ്ങളെയെല്ലാം അട്ടിമറിയ്ക്കുന്നതാണ്. സുനിശ്ചിതമായ ത്രിവത്സര അക്കാദമിക ബിരുദ കോഴ്സുകളെ ഇല്ലാതാക്കി പകരം തൽസ്ഥാനത്ത് അനിശ്ചിതമായ, മൾട്ടിപ്പിൾ പ്രവേശന കവാടങ്ങളും തോന്നുമ്പോൾ ഇറങ്ങിപ്പോകാനുള്ള പുറംവാതിലുകളും തുറന്നിട്ട പുതിയതരം നാലുവർഷ ബിരുദ കോഴ്സ് നടപ്പാക്കാൻ സംസ്ഥാനത്തെ ഇടത് ജനാധിപത്യ മുന്നണി സർക്കാർ നീക്കങ്ങൾ ആരംഭിച്ചത് ഞെട്ടിപ്പിക്കുന്നു. ഒന്നാം വർഷം പഠനം പൂർത്തിയാക്കി പുറത്തുപോകുന്ന ഒരാൾക്ക് കോഴ്സ് സർട്ടിഫിക്കറ്റും രണ്ടുവർഷം പൂർത്തിയാക്കുന്ന ആൾക്ക് ഡിപ്ലോമയും മൂന്നുവർഷം പൂർത്തിയാക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റും നാലു വർഷ പഠനം പൂർത്തിയാക്കുന്നവർക്ക് പിജിയ്‌ക്ക് തുല്യമായ ഓണേഴ്സ് ബിരുദവും നൽകുന്ന വിധത്തിലാണ് ദേശീയ വിദ്യാഭ്യാസ നയത്തിൽ നാലു വർഷ ബിരുദം വിഭാവനം ചെയ്തിരിക്കുന്നത്. അങ്ങനെയെങ്കിൽ അതിനെ നാല് വർഷ ബിരുദ കോഴ്‌സ് എന്ന് വിളിക്കുന്നത് തന്നെ അപഹാസ്യമല്ലേ?


മാത്രമല്ല പോസ്റ്റ് ഗ്രാജുവേറ്റ്, ഗവേഷണ ബിരുദ വിദ്യാഭ്യാസത്തിന്റെ സ്ഥിതി എന്താവും? ആദ്യ മൂന്ന് വർഷം വ്യത്യസ്ത വിഷയങ്ങളിലൂടെ കടന്നുപോകുന്ന വിദ്യാർത്ഥി നാലാം വർഷത്തിൽ മാത്രമാണ് മേജർ വിഷയം ഏതെങ്കിലും അളവിൽ പഠിക്കുന്നത്. ആദ്യത്തെ മൂന്നുവർഷം ആഴത്തിലുള്ള പഠനം ഇല്ലാതെ അപ്രസക്തമായ കോഴ്സുകളിലൂടെ കടന്നു പോകാൻ വിദ്യാർഥികളെ നിർബന്ധിക്കുന്നതാണ് നാലു വർഷ ബിരുദ കോഴ്സ്. മാത്രമല്ല,ശുദ്ധശാസ്ത്ര പഠനങ്ങൾ ഉൾപ്പടെയുള്ള അക്കാദമിക സമ്പ്രദായങ്ങളെ നിരകരിക്കുന്നതാണ് ഈ ബിരുദപഠനത്തിന്റെ സമീപനരീതി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണത്തിന് വേണ്ടുന്ന ഒരടിസ്ഥാനവും പ്രദാനം ചെയ്യാതെ, തൊഴിൽ പരിശീലനത്തിൽ ഊന്നുന്ന കോഴ്‌സുകളാണ് സർവ്വകലാശാല വിദ്യാഭ്യാസമെന്ന പേരിൽ യുജിസി വാഗ്ദാനം ചെയ്യുന്നത്. ഫലത്തിൽ അത്‌ ബിരുദ വിദ്യാഭ്യാസത്തെ മാത്രമല്ല ബിരുദാനന്തര ബിരുദ വിദ്യാഭ്യാസത്തെയും ഗവേഷണമേഖലയേയും കൂടി പ്രതിസന്ധിയിലാഴ്‌ന്നു. ചുരുക്കത്തിൽ, സർവ്വകലാശാലകൾ നിർവഹിച്ചു പോരുന്ന ഉന്നത ഗവേഷണ പ്രവർത്തനങ്ങളെയെല്ലാം നാലു വർഷ ബിരുദ പരിഷ്കാരം പ്രതികൂലമായി ബാധിക്കുമെന്ന് സാരം.
മേൽപ്പറഞ്ഞ സകലമാന കേന്ദ്രവിധ്വംസക പരിഷ്കാരങ്ങളും കേരള വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നു എന്നതാണ് ഈ അധ്യയന വർഷം കേരളം നേരിടുന്ന ഗുരുതര വെല്ലുവിളി. വമ്പിച്ച പ്രതിഷേധങ്ങളും വിദ്യാഭ്യാസ സംരക്ഷണ സമരങ്ങളും മുന്നേറ്റങ്ങളും വളർത്തിയെടുക്കാതെ വരുംതലമുറകളെ നമുക്ക് രക്ഷിക്കാനാവില്ല. ജീർണ്ണമായ മുതലാളിത്ത വ്യവസ്ഥിതിക്ക് സ്വതന്ത്ര ബൗദ്ധിക പ്രതിഭകളെ ആവശ്യമില്ലാതായിക്കഴിഞ്ഞു. അവർക്ക്അനുസരണയോടെ പണിയെടുക്കുന്ന കുറച്ച് കൈത്തൊഴിൽ പടയാളികളെ മതി. റോബോട്ടിക് സ്കില്ലുകൾ നേടിയ വിദഗ്ധ തൊഴിലാളികളെയാണ് ആധുനിക ലോകകമ്പോളം കാംക്ഷിക്കുന്നത്. അതിനാൽ ഭാഷയും ആധുനിക ശാസ്ത്രവിജ്ഞാനവും ആർജിച്ച തലമുറകളെ അവർക്ക് ആവശ്യമില്ല. മറിച്ച് അങ്ങനെയുള്ളവർ ചിന്താലോകത്ത് വിപ്ലവത്തിന്റെ വിത്തുകൾ പാകുമെന്ന് മുതലാളിത്ത-സാമ്രാജ്യത്വ ഭരണാധികാരികൾ ഭയപ്പെടുന്നു. അതുകൊണ്ടു തന്നെയാണ്ചിന്തിക്കുന്ന മനുഷ്യർ സൃഷ്ടിക്കപ്പെടില്ല എന്ന് ഉറപ്പാക്കുന്ന വിധത്തിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം കോഴ്‌സും ഘടനകളും രൂപകൽപ്പന ചെയ്തിട്ടുള്ളത്. നിർഭാഗ്യമെന്ന് പറയട്ടെ, ഇപ്പോഴും ഇടതെന്ന് അവകാശപ്പെടുന്ന പിണറായി സർക്കാർ അത് അപ്പടി നടപ്പാക്കി നിരക്ഷരത പടർത്തുകയാണ്. അതിനാൽ അതിശക്തമായ ജനകീയ വിദ്യാഭ്യാസ പ്രസ്ഥാനം താഴെത്തട്ടു മുതൽ വളർത്തിയെടുക്കുവാൻ വിദ്യാഭ്യാസ സ്നേഹികളോടൊപ്പം ബഹുജനങ്ങളും കൂടി വൻതോതിൽ അണിനിരക്കേണ്ട അധ്യയന വർഷമാണിത്.

Share this post

scroll to top