ഡോ പി എസ് ബാബു, സംസ്ഥാന പ്രസിഡൻറ് , ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി, കേരള ചാപ്റ്റർ
ആരോഗ്യ ഇൻഷുറൻസിന്റെ കടന്നുകയറ്റത്തോടെ വന്‍തോതില്‍ ഉയർന്ന ചികിത്സാ ചെലവുകളും, കഴുത്തറുപ്പൻ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള സ്വകാര്യ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുമുള്ള യുറോപ്യൻ രാജ്യങ്ങളും അമേരിക്കയുമൊക്കെ ഈ മഹാമാരിയ്ക്ക് മുന്നിൽ ആടിയുലയുകയാണ്. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും നമ്മുടെ നവോത്ഥാന സങ്കല്പങ്ങളുടെ സൃഷ്ടിയെന്ന് പറയാവുന്ന പൊതു ആരോഗ്യസംവിധാനങ്ങൾ നിലനിൽക്കുന്ന നമ്മുടെ കൊച്ചു കേരളം ഈ വ്യാധിയെ എത്ര ആത്മവിശ്വാസത്തോടെയാണ് നേരിടുന്നതെന്ന വസ്തുത സ്വകാര്യവത്ക്കരണത്തിന് മുറവിളി കൂട്ടുന്നവരെയുള്‍പ്പെടെ വഴിമാറി ചിന്തിപ്പിക്കുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധജലവിതരണം തുടങ്ങിയ അടിസ്ഥാന പൊതുജന സേവന മേഖലകൾ സ്വകാര്യവത്ക്കരിക്കപ്പെടുന്നത് ആപത്ക്കരമാണെന്ന ധാരണ ഉറയ്ക്കുകയാണ്. മുഴുവൻ ആശുപത്രികളും ദേശസാൽക്കരിക്കുകയല്ലാതെ മറ്റൊരുമാർഗ്ഗവും സ്പെയിനിന് മുന്നിലില്ലാതെവന്നു.
എന്നാൽ ഏറ്റവും ആശാവഹമായ കാര്യം, ശാസ്ത്രത്തിന്റെ രീതികളിൽക്കൂടി മാത്രമാണ് ഈ വിധപ്രശ്നങ്ങൾക്ക് പരിഹാരം എന്ന ധാരണ ഉറച്ചിരിക്കുന്നു എന്നതാണ്. എല്ലാ രാജ്യങ്ങളിലെയും ആരോഗ്യപ്രവർത്തകർ രോഗബാധിതരുടെ ജീവൻ രക്ഷിക്കാനും രോഗം പടരാതിരിക്കാനും വിശ്രമമില്ലാതെ ജോലിചെയ്യുന്നു. സോപ്പുപയോഗിച്ച് കൈകഴുകുന്നതുൾപ്പടെയുള്ള വ്യക്തി ശുചിത്വശീലങ്ങളെക്കുറിച്ച് കമ്മ്യൂണിറ്റി മെഡിസിൻ രംഗത്തുള്ള വിദഗ്ദ്ധരും മുൻനിര പ്രവർത്തകരും ദീർഘകാലമായി പറയുന്നുണ്ടെങ്കിലും ഇതൊരു ശീലമാക്കാൻ ഇന്ന് പൊതു പ്രവർത്തകരും ആരോഗ്യപ്രവർത്തകരും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നു. അത് പ്രാവർത്തികമാക്കാനുള്ള ശുദ്ധജലത്തിന്റെ വിതരണം ഉറപ്പാക്കപ്പെടേണ്ടതുമുണ്ട്. ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഈ വ്യാധിയെ പിടിച്ചുകെട്ടാനുള്ള വാക്സിൻ നിർമ്മിക്കാൻ ഏകമനസ്സോടെ സ്വയം അർപ്പിക്കുന്നു.
രോഗവ്യാപനത്തിന്റെ തുടക്കകാലത്ത് നമ്മുടെ രാജ്യത്ത്, പ്രതിരോധത്തിനായി ഗോമൂത്ര പാർട്ടികളുമായി പലരും വന്നു. കൊറോണയെ നശിപ്പിക്കാൻ ‘പുറപ്പെട്ട തീ’യെക്കുറിച്ചുള്ള വചനപ്രഘോഷണങ്ങൾ വന്നു. മതദ്രോഹം നടത്തിയ ചൈനയ്ക്കെതിരെ ദൈവികതലത്തിൽവന്ന ‘ഇടപെടലാണ്’ നടന്നതെന്ന വെളിപാടുകളും നാം കേട്ടു. ഫലസിദ്ധി തെളിയിക്കപ്പെടാത്ത ആയുഷ്, ഹോമിയോ, യുനാനി മരുന്നുകൾ പ്രതിരോധത്തിനായി ഉപയോഗിക്കാൻ കേന്ദ്രസർക്കാർ തന്നെ അനുമതികൊടുക്കുകയും ചെയ്തു. പക്ഷേ രോഗനിയന്ത്രണം കൈവിട്ടു പോകുമെന്ന ഘട്ടത്തിൽ എല്ലാവർക്കും പിൻവാങ്ങേണ്ടി വന്നു. ആൾദൈവങ്ങളും രോഗശാന്തി ശുശ്രൂഷകരും ഒറ്റമൂലിക്കാരുമെല്ലാം തത്ക്കാലം കടയടച്ചിരുപ്പായി.
കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ കണ്ടെത്തപ്പെട്ട കൊറോണ വൈറസിന്റെ പുതിയ ഒരു ഉൾപ്പരിവർത്തിത രൂപമാണ് ഇപ്പോഴത്തെ വില്ലനായ സാർസ്-കോവ്-2 വൈറസ്. ഇതിനെ ചെറുക്കാനുള്ള വാക്സിനും, ബാധിച്ചാൽ ചികിത്സിക്കാനുള്ള മരുന്നും കണ്ടെത്തിയിട്ടില്ല. മറ്റു വൈറസ്സുകൾക്കെതിരെ ഉപയോഗിച്ച മരുന്നുകൾ പല രാജ്യങ്ങളിലും പരീക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ്. പലതരത്തിലുള്ള വെല്ലുവിളികളാണ് ചികിത്സയ്ക്കും ഗവേഷണത്തിനും മുൻനിരയിലുള്ളവർ നേരിടുന്നത്. ഏതെങ്കിലുമൊരു പ്രത്യേക മേഖലയിലെ വിദഗ്ദ്ധർ മാത്രം ശ്രമിച്ചാൽ സാധ്യമാവുന്നതല്ല വാക്സിൻ കണ്ടുപിടിക്കൽ. ഉൾപ്പരിവർത്തനത്തിലൂടെ ഈ വൈറസിന്റെ പുതിയരൂപങ്ങൾ (Strains) ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ചുള്ള അറിവ്, അതിന്റെ ജീനോംകോഡിങ്്, ഉപയോഗസാധ്യതയുള്ള വാക്സിനുകളുടെ തെരഞ്ഞെടുപ്പ്, നിലനിൽക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ക്ലിനിക്കൽ പരിശോധനകൾ, അവയുടെ ഫലങ്ങളുടെ വിശകലനങ്ങൾ അങ്ങനെ നിരവധി മേഖലകളിലെ വിദഗ്ദ്ധരുടെ നൈപുണ്യം ഉപയോഗപ്പെടുത്തിക്കൊണ്ടേ വാക്സിനും മരുന്നും വികസിപ്പിച്ചെടുക്കാനാവൂ. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രം മാത്രമാണ് ഇവിടെ സഹായത്തിനെത്തുക. സാധ്യതകളുടെ അടിസ്ഥാനത്തിലുള്ള (arbitrary) ആയുർവേദ, ഹോമിയോ മരുന്നുകളുടെ ഉപയോഗമൊക്കെ അപകടകരമാകാം. യു.കെ. നാഷണൽ ഹെൽത്ത്സർവ്വീസസ് അഭിപ്രായപ്പെടുന്നത് വാക്സിൻ വികസിപ്പിച്ചെടുക്കാൻ 18 മാസമെങ്കിലും വേണ്ടിവന്നേക്കാം എന്നാണ്. ലോകത്തെ അടിസ്ഥാന ഗവേഷണ രംഗങ്ങളിലെ പല പ്രവണതകളും ഇവിടെ വിലങ്ങുതടിയാകാനുള്ള സാധ്യതയെയും ആശങ്കയോടെ കാണണം. വൻകിട കോർപ്പറേറ്റുകളും സ്വകാര്യ ഫൗണ്ടേഷനുകളുമൊക്കെയാണ് ഇന്ന് പ്രധാനമായും ഗവേഷണത്തിന് ഫണ്ട് നൽകുന്നത്. സർക്കാരുകൾ ഈരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. പൊതുജനാരോഗ്യം അപകടത്തിലായിരിക്കുന്ന ഈ നിർണായക സന്ദർഭത്തിൽ ഏതെങ്കിലുമൊരു സ്വകാര്യ സ്ഥാപനമാണ് മരുന്നോ വാക്സിനോ കണ്ടുപിടിക്കുന്നതെങ്കിൽ, ആഗോളവത്ക്കരണകാലത്തെ പേറ്റന്റ് നിയമങ്ങളുടെ പശ്ചാത്തലത്തിൽ, ചികിത്സാച്ചെലവുകളിൽ അതെങ്ങനെ പ്രതിഫലിക്കു മെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. പുതിയ കോവിഡ്-19 വാക്സിന് കുത്തകാവകാശം നേടാൻ ജർമ്മൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് അമേരിക്കൻ പ്രസിഡണ്ട് കോടിക്കണക്കിനു ഡോളർ വാഗ്ദാനം ചെയ്തുവെന്ന വാർത്ത ഇതോടുചേർത്തു വായിക്കാം. ഒരു പൊതുവിപത്തിനെ ഒന്നിച്ചു നേരിടുന്നതിനു പകരം അതും ലാഭമുണ്ടാക്കാനുള്ള അവസരമായി ഉപയോഗിക്കാൻ ശ്രമിക്കുന്ന കച്ചവടതാല്പര്യം തന്നെയാണിത്. നമ്മുടെ രാജ്യത്താകട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പോലുള്ള സ്ഥാപനങ്ങൾ അഭിമാനസ്തംഭങ്ങളായി നിലകൊള്ളുന്നുവെങ്കിലും അവയ്ക്കുള്ള സർക്കാർ പിന്തുണ ഇനിയും വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. ഐ.ഐ. ടി.കൾ ഉൾപ്പടെയുള്ള നമ്മുടെ മുൻനിര വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളോട് സ്വന്തം ഗവേഷണഫലങ്ങൾ വിറ്റു നിലനില്പിനുള്ള പണം കണ്ടെത്തണമെന്നു സർക്കാർ പറഞ്ഞു കഴിഞ്ഞു. ഈ ആപത്ഘട്ടത്തെ തരണം ചെയ്യാൻ ശാസ്ത്രം മാത്രമാണ് ആശ്രയം എന്നു മാത്രമല്ല, ശാസ്ത്രഗവേഷണത്തെ കെട്ടുപാടുകളില്ലാതെ, സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുകയും വേണമെന്നും ഈ കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്നുണ്ട്.
രോഗം ഒരു സാമൂഹികവ്യാപനത്തിന്റെ ഘട്ടത്തിലേക്കു കടന്നില്ലെങ്കിൽപോലും ഒരു സമൂഹത്തിന്റെ ആരോഗ്യപരിരക്ഷാ സംവിധാനങ്ങളുടെ പരിധി കടക്കുന്ന തരത്തിൽ രോഗികളുടെ എണ്ണം വർധിച്ചാൽ വീണ്ടും, വിവിധ വൈദഗ്ദ്ധ്യ മേഖലകളുടെ ഏകോപനം ആവശ്യമായി വരും. യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ ആശുപത്രി വാർഡുകളും വെന്റിലേറ്ററുകൾ പോലെയുള്ള ഉപകരണങ്ങളും നിർമ്മിക്കേണ്ടിവരും. വിവിധ മേഖലകളിലെ എൻജിനീയറിങ് വിദഗ്ദ്ധരെയും മറ്റു സാങ്കേതിക വിദഗ്ദ്ധരെയും ഇതിനായി വിനിയോഗിക്കേണ്ടി വരും. മറ്റു കുറുക്കുവഴികളൊന്നും ഇതിന് പകരമായി ഇല്ല. ഈ തരത്തിലുള്ള തയ്യാറെടുപ്പ് എത്രത്തോളമെത്തി എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഈ തയ്യാറെടുപ്പുകളെ സഹായിക്കുന്നതാകട്ടെ രോഗ വ്യാപനത്തെക്കുറിച്ചുള്ള യാഥാർത്ഥ്യബോധത്തോടെയുള്ള തിട്ടപ്പെടുത്തലുകളുമാണ്. പോപ്പുലേഷൻ ഡൈനാമിക്സിന്റെയൊക്കെ സിദ്ധാന്തങ്ങളുപയോഗിച്ചു കൊണ്ടുള്ള സൂക്ഷ്മമായ ഗണിതശാസ്ത്ര മാതൃകകൾ ഇതിനായി വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ‘എക്സ്പൊണൻഷ്യൽ ഗ്രോത്ത് ‘, ‘ഫ്ളാറ്റനിങ് ദ കർവ് ‘ തുടങ്ങിയ പ്രയോഗങ്ങൾ ഇന്ന് സമൂഹമാധ്യങ്ങളിൽ വ്യാപകമായിട്ടുണ്ട്. ചൈനയെപ്പോലെയുള്ള രാജ്യങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി പൗരന്മാരുടെ ശരീരതാപം തുടങ്ങിയ വ്യക്തിഗത വിവരങ്ങളും സഞ്ചാര ചരിത്രവും സാമൂഹിക ബന്ധങ്ങളുംവരെ ശേഖരിച്ച്, ബിഗ് ഡേറ്റാ വിശകലനത്തിനുള്ള അൽഗോരിതങ്ങളുപയോഗിച്ചാണ് കൊറോണാ വ്യാപനത്തെക്കുറിച്ചുള്ള പ്രവചനം നടത്തിയതും മുൻകരുതലുകളും പ്രതിവിധികളും കൈക്കൊണ്ടതും എന്നാണു റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. ഭിന്നമേഖലാ വിജ്ഞാന വൈദഗ്ദ്ധ്യം സമന്വയിപ്പിച്ചുകൊണ്ടേ ഇക്കാലത്ത് ഒരു സാമൂഹിക ദുരന്തത്തെ നേരിടാൻ കഴിയൂ.
ഈ കാലഘട്ടത്തിലെ പ്രമുഖ സാമൂഹിക ചിന്തകനായ യുവാൽ നോവ ഹരാരി ഫിനാൻഷ്യൽ ടൈംസിൽ എഴുതിയ ഒരു ലേഖനത്തിൽ പങ്കുവെച്ച ചില ആശങ്കകളെക്കുറിച്ചും ഓർക്കുന്നത് നന്നായിരിക്കും. സാധാരണ ഘട്ടങ്ങളിൽ വർഷങ്ങൾ കൊണ്ടെടുക്കുന്ന ചില തീരുമാനങ്ങൾ മണിക്കൂറുകൾക്കുള്ളിലെടുക്കേണ്ടി വരും എന്നത് ഇത്തരം ആപത്ഘട്ടങ്ങളുടെ പ്രത്യേകതയാണ്. പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് ഇന്ന് ആവശ്യകതയാണെങ്കിൽ നാളെയും അതുതുടരാനും നിർബന്ധിതമാക്കാനും സാധ്യതയുണ്ട്. പൗരന്റെ ആരോഗ്യ സംരക്ഷണമാണോ സ്വകാര്യതയുടെ സംരക്ഷണമാണോ മുഖ്യം എന്ന തെറ്റായ ചോദ്യം തന്നെ ഉയർന്നുവരാം. മറ്റൊരു അടിസ്ഥാനപ്രശ്നം അന്താരാഷ്ട്രസഹകരണത്തെ നമ്മളെങ്ങനെയാണ് ഇനിയുള്ള കാലത്ത് കാണാൻ പോകുന്നത് എന്നതാണ്. ഓരോ രാജ്യവും അവരുടെ അതിരുകൾ അടച്ചുകൊണ്ട് ഒറ്റക്കൊറ്റയ്ക്കായി പരിഹാരത്തിന് ശ്രമിക്കുമോ അതോ ആഗോള സൗഹൃദത്തിന്റെ പാത സ്വീകരിക്കുമോ? കമ്പോള താത്പര്യങ്ങൾ പല രാജ്യങ്ങളേയും ആദ്യത്തെ വഴിയിലേക്ക് തള്ളിവിട്ടേക്കാം. ശാസ്ത്രത്തിന്റെ സാർവത്രികതയ്ക്കും വിശാല മൂല്യങ്ങൾക്കുമനുസരിച്ചു ചിന്തിക്കുമ്പോൾ, പ്രതിസന്ധിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൗരന്മാർക്കു നൽകുകയും അവരെ ശാക്തീകരിക്കുകയും സ്വമേധയാ ആവശ്യമായവിവരങ്ങൾ അവർ ഭരണകർത്താക്കൾക്കു നൽകുകയും ചെയ്യുന്ന അവസ്ഥ സംജാതമാകണം. അതോടൊപ്പം വിജ്ഞാനത്തിന്റെ വാതായനങ്ങളെല്ലാം തുറന്നിട്ടുകൊ ണ്ട് സാർവ്വലൗകിക സാഹോദര്യത്തോടെ പ്രതിസന്ധിയെ മറികടക്കാനും ശ്രമിക്കണം. നാം പഠിച്ച ശാസ്ത്രം ഈ ധാരണയാണു നമുക്കു നൽകുന്നത്.
ചരിത്രവും അതുതന്നെയാണ് പഠിപ്പിക്കുന്നത്. പോളിയോ വാക്സിൻ കണ്ടുപിടിച്ചവരിലൊരാളായ ജോനാസ് സാൽക് തന്റെ കണ്ടുപിടുത്തത്തിന് പേറ്റന്റ്നേടാൻ വിസമ്മതിച്ച ആളാണ്. ഹംഫ്രിഡേവി, മാഡംക്യൂറി തുടങ്ങിയ ചരിത്രത്തിലെ മഹദ്ശാസ്ത്രജ്ഞരുടെ പാത പിന്തുടരുകയായിരുന്നു അദ്ദേഹവും. തോറ്റുപോയ ഒരു യുദ്ധം നയിച്ച ഒരാളായിരുന്നു കൈകഴുകി അണുവിമുക്തമാക്കാൻ പഠിപ്പിച്ച, ഹംഗേറിയൻ ഡോക്ടർ ഇഗ്നസ് സെമ്മെൽവെയ്സ്. ആശുപത്രികളിൽ പ്രസവമെടുക്കാൻ വരുന്ന ഡോക്ടർമാരും വൈദ്യവിദ്യാർത്ഥികളും കൈകഴുകി വരണമെന്നു നിർബ്ബന്ധിച്ച അദ്ദേഹത്തിന് പ്രസവത്തോടനുബന്ധിച്ച മരണ നിരക്ക് ഗണൃമായി കുറയ്ക്കാൻ കഴിഞ്ഞു. ഫ്ളോറൻസ് നൈറ്റിംഗേൽ ഇതിന് പിന്നീടു പ്രചാരം നൽകി. ഏകദേശം ഒന്നര നൂറ്റാണ്ടിനുശേഷവും നമ്മളിത് ജനങ്ങളെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. ഈ മഹദ് വ്യക്തികളൊക്കെ വെട്ടിത്തുറന്ന ശാസ്ത്രത്തിന്റെ പാതതന്നെയാണ് നമുക്കും പിന്നിടാനുള്ളത്. നമ്മുടെ ഭരണഘടനയുടെ 51-എ അനുഛേദ പ്രകാരം ശാസ്ത്രീയ സമീപനരീതി വളർത്തിയെടുക്കുക എന്നത് പൗരന്റെ ധർമ്മമാണ്. എന്നാൽ പതിറ്റാണ്ടുകളായി ഈ വസ്തുത വിസ്മൃതിയിലായിരുന്നു. ഭരണഘടനയുടെ അനുശാസനം സമൂഹം ശിരസ്സാവഹിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പ്രശ്ന പരിഹാരത്തിനുള്ള ശാസ്ത്രത്തിന്റെ മാർഗം സ്വീകരിച്ച് പ്രാവർത്തികമാക്കിക്കൊണ്ടുവേണം സർക്കാരും സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളും സ്വാർത്ഥതയില്ലാതെ ലോകമെമ്പാടും രാപകൽ അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കേണ്ടത്.