പ്രമുഖ ട്രേഡ് യൂണിയൻ നേതാവായ കെ.പി കോസലരാമദാസിന്റെ ആറാം ചരമവാർഷികം ആചരിച്ചുകൊണ്ട് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടന്ന സമ്മേളനം കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. സുദീർഘങ്ങളായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്ന വർത്തമാനകാല സാഹചര്യത്തിൽ കോസലരാമദാസിന്റെ വിയോഗം തൊഴിലാളിവർഗ്ഗത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോസലരാമദാസ് ഉയർത്തിപ്പിടിച്ച തൊഴിലാളിവർഗ്ഗസംസ്‌കാരത്തിന്റെ മഹനീയ മാതൃക പിന്തുടരുവാൻ ട്രേഡ് യൂണിയൻ പ്രവർത്തകർ മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോസലരാമദാസ് സ്ഥാപിച്ച യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ എസ്.സീതിലാൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.പി.എഫ് ജനറൽ സെക്രട്ടറി സമർസിൻഹ, കെ.എസ്.ഇ.ബി പി.സി.സി ലൈൻ വർക്കേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ദിനേശൻ, കെ.എസ്.ഇ വർക്കേഴ്‌സ് യൂണിയൻ കേന്ദ്രകമ്മിറ്റിയംഗം എം.സി കുട്ടപ്പൻ, എസ്.യു.സി.ഐ(സി) ജില്ലാ സെക്രട്ടറി ആർ.കുമാർ, കെ.കെ മോഹനൻ, ഹരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.