ജനജീവിതത്തിന്റെ ദുരിതങ്ങൾ വിസ്മരിക്കപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പ്‌

Election-Commission-tw.jpg
Share

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ, തൊഴിലില്ലായ്മ, വിലക്കയറ്റം, പെട്രോൾ- ഡീസൽ- പാചകവാതക വിലവർദ്ധനവ്, തുടങ്ങി ജനങ്ങളെ സംബന്ധിച്ച് ജീവിതം അങ്ങേയറ്റം അനിശ്ചിതത്വത്തിലായിരുന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടന്നത്. നോട്ടുനിരോധനവും ജിഎസ്ടിയും കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ജനദ്രോഹനയങ്ങളും ചാർജ്ജുവർദ്ധനവുകളും ഏൽപ്പിച്ച പ്രഹരങ്ങൾക്കും പുറമേയാണിത്. എന്നാൽ ജനങ്ങളുടെ ജീവിതക്ലേശങ്ങളോ പ്രാരാബ്ധങ്ങളോ ഒന്നും പാർട്ടികൾക്കും മുന്നണികൾക്കും പ്രശ്നമായിരുന്നില്ല എന്നുമാത്രമല്ല, ഇവ്വിധ പ്രശ്നങ്ങളിലേയ്ക്ക് ചർച്ച പോകാതിരിക്കാൻ എല്ലാ നേതാക്കളും ജാഗ്രത പുലർത്തുകയും ചെയ്തു. ‘വിശ്വാസ’ത്തിനും ‘വികസന’ത്തിനുമപ്പുറത്തേയ്ക്ക് ചർച്ച പോകുന്നില്ല എന്നതും ഉറപ്പുവരുത്തി. എസ് യുസിഐ(സി) മത്സരിച്ച 36 മണ്ഡലങ്ങളിലും ജനജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ മുഖ്യചര്‍ച്ചാവിഷയമാക്കി. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് ഉടനീളം ലഭിച്ചത്.

സ്ഥാനാർത്ഥി നിർണയം ഒരു കടമ്പ തന്നെയായിരുന്നു പാർട്ടികൾക്കെല്ലാം. നാടിനെ സേവിക്കാൻ അത്യുത്സാഹികളായിനിന്ന മുഴുവൻ ആളുകളെയും ഉൾക്കൊള്ളാനാകുമായിരുന്നില്ല. സമുദായനേതാക്കന്മാർക്ക് ഹിതകരമാകുന്ന സ്ഥാനാർത്ഥി നിർണയം വേണം, ജാതി മത സമുദായ സംതുലനം പാലിക്കണം. വനിതാ പ്രാധിനിത്യം നിർബന്ധമല്ലെങ്കിലും പേരിനെങ്കിലും ചിലരെ ഉൾപ്പെടുത്തേണ്ടി വരുമ്പോഴുള്ള സമ്മർദ്ദം. അങ്ങിനെ പല ഘടകങ്ങൾ ഒപ്പിച്ചു വന്നപ്പോഴേയ്ക്കും പല പാർട്ടികളിൽനിന്നും മുന്നണികളിൽ നിന്നും പലരും ചാടിപ്പോയി. ഭാഗ്യവാന്മാർ മറ്റുമുന്നണികളിൽ കയറിപ്പറ്റി. വാഗ്ദാനങ്ങളിൽ ചിലരുടെ മുറുമുറുപ്പ് അലിഞ്ഞു. എന്നിട്ടും ഇടഞ്ഞുതന്നെ നിന്നവരെ ചതുരുപായങ്ങളും പ്രയോഗിച്ച് ഒതുക്കി. അങ്ങനെയും പറ്റാഞ്ഞവർ കളിക്കും കളത്തിനുതന്നെയും പുറത്തായിപ്പോയി. അങ്ങനെയാണ് കാര്യങ്ങൾ ‘ഒറ്റക്കെട്ട്’ ആയത്.

പ്രകടനപത്രികകളും വാഗ്ദാനങ്ങളും

ഉത്സവത്തിന് കൊടിയേറ്റെന്നപോലെ തെരഞ്ഞെടുപ്പിന് ഒഴിവാക്കാനാകാത്ത നടപടിയാണ് പ്രകടനപത്രിക. ആരെയും മയക്കാൻപോന്ന തലവാചകവുംവേണം. പ്രകാശനം അതിഗംഭീരമായിരിക്കണം. പാർട്ടികളുടെ ദേശീയ നേതാക്കന്മാരുടെ നീണ്ടനിര, ഫോട്ടോഷൂട്ട് ഒന്നും മുറതെറ്റാൻ പാടില്ല. പ്രകടനപത്രിക തയ്യാറാക്കുന്നതടക്കം എല്ലാം ഇവന്റ് മാനേജ്മെന്റ് കമ്പനികൾ നോക്കിക്കൊള്ളും. നേതാക്കന്മാരുടെ വേഷവിധാനങ്ങൾ, ശരീരഭാഷ തുടങ്ങി പ്രകടനത്തിന് ആളെത്തിക്കുന്നതും എത്തുന്നവരുടെ പ്രകടനവുമുൾപ്പെടെ അവർ കൈകാര്യം ചെയ്തുകൊള്ളും. കാശുകൊടുക്കുകയേവേണ്ടൂ. അല്ലാതെ പ്രകടനപത്രകയിൽ വലിയ കാര്യമൊന്നുമില്ലെന്നും ആരും വിശ്വസിക്കില്ലെന്നും വിശ്വസിക്കരുതെന്നും നേതാക്കന്മാർ പലവുരു പറഞ്ഞിട്ടുണ്ട്

കവല പ്രസംഗങ്ങളിൽ ആരുംതന്നെ വലിയ താല്പര്യം കാട്ടിയില്ല. പ്രധാനികളെല്ലാം സ്ഥിരം ചാനലിൽ ഉണ്ട്. അതാകുമ്പോൾ ജനത്തെ അഭിമുഖീകരിക്കേണ്ടതില്ലല്ലോ. സ്ഥാനാർത്ഥികൾക്കു മുഖ്യം സ്വീകരണയോഗങ്ങളാണ്. അവിടെയും ഏറെയൊന്നും പറയാൻ നിൽക്കേണ്ടതില്ല. കൈവീശി കാണിക്കുകയേവേണ്ടൂ. മണ്ഡലം മുഴുവൻ ഓടിത്തീർക്കേണ്ടതാണ്. സമയക്കുറവുണ്ട്. പന്നെയുള്ളത് അഖിലേന്ത്യാനേതാക്കന്മാർ പങ്കെടുക്കുന്ന ‘റോഡ്ഷോ’കളാണ്. അതുവെറും ഷോയാണ്. അതിനപ്പുറം ഒന്നുമില്ല. കുറച്ചെങ്കിലും ആളെത്തിക്കണം എന്നതിന് മാത്രമേ പ്രാധാന്യമൂള്ളൂ. നേതാക്കളും പരസ്പരമുള്ള ചെളിവാരിയെറിയലുകൾക്കപ്പുറത്തേയ്ക്ക് ഗൗരവമുള്ള വിഷയങ്ങളിലേയ്ക്ക് ചർച്ച കടക്കാതിരിക്കുന്നതിൽ വളരെ ശ്രദ്ധാലുക്കളായിരുന്നു. എല്ലാവരും ഉത്സാഹത്തോടെ മറ്റ് രണ്ടുമുന്നണികൾ തമ്മിലുള്ള രഹസ്യ ബാന്ധവത്തെക്കുറിച്ചും വോട്ടുമറിക്കൽ ഏർപ്പാടുകളെക്കുറിച്ചും പറഞ്ഞു. കോ-മാ, മാ -ബി, കോ-ബി, കോലീബി ഇതെല്ലാം അങ്ങാടിപ്പാട്ടായ രഹസ്യബാന്ധവങ്ങളുടെ കോഡ് വാക്കുകകളാണ്. ജനങ്ങളുടെ മുമ്പിൽ പരസ്യപ്പെടുത്താനാവാത്ത നാറിയ കൂട്ടുകെട്ടുകളുടെ കഥകളുടെ പ്രവാഹത്തിലും പണക്കൊഴുപ്പിലും ശബ്ദഘോഷത്തിലും ജനങ്ങളുടെ പ്രശ്‌നങ്ങളെല്ലാം മുങ്ങിപ്പോയി.
എന്തുകൊണ്ട് മൂന്നുമുന്നണികൾ മാത്രം എന്നുചോദിച്ചാൽ, അത് മാധ്യമങ്ങളുടെ വക ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണ്. ‘ജനാധിപത്യ’ത്തിലെ പുതിയ ഏർപ്പാട്. എത്ര സ്ഥാനാർത്ഥികളും പാർട്ടികളും മത്സരരംഗത്തുണ്ടെങ്കിലും എല്ലാവരും കെട്ടിവയ്ക്കുന്നത് ഒരേ തുകയാണെങ്കിലും മാധ്യമങ്ങൾ ആദ്യംതന്നെ ഒരു ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിൽ മൂന്ന് മുന്നണികൾ മാത്രമേ കാണൂ. അതിൽനിന്നുവേണം ജനങ്ങൾ തെരഞ്ഞെടുപ്പ് നടത്താൻ എന്നാണ് വ്യംഗം.

പണം കുത്തിയൊഴുക്കി ബിജെപി

കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അഹന്തയും പണക്കൊഴുപ്പും വാക്കിലും നോക്കിലും നേതാക്കളുടെ ശരീരഭാഷയിലും ഉടനീളം പ്രകടമായിരുന്നു. മുപ്പത് ലക്ഷംപോയിട്ട് മുപ്പത് കോടിയിലൊതുങ്ങുമോ പ്രചാരണം എന്നുതോന്നുമാറായിരുന്നു ബിജെപി പണമിറക്കിയത്. എന്തായാലും ബിജെപി ആർഎസ്എസ് വിശ്വാസികളായ സാധാരണജനങ്ങൾ നൽകുന്ന പണംകൊണ്ട് ഇത്രത്തോളം ആർഭാടം നടക്കില്ല. കോർപ്പറേറ്റുകൾ വഴിവരുന്ന കോടികൾക്ക് കടപ്പാട് കോർപ്പറേറ്റുകളോടാണ് എന്നതിന് കേന്ദ്രഭരണമല്ലാതെ മറ്റെന്തുതെളിവുവേണം. കേന്ദ്രനേതാ ക്കള്‍ പഞ്ചായത്തുകളും വാർഡുകളും കയറിയിറങ്ങി കറങ്ങി നടന്നു. ഹെലികോപ്ടറുകളും ചാർട്ടർ ചെയ്ത വിമാനങ്ങളും ആകാശത്ത് വട്ടം ചുറ്റി. കേരളത്തെ യുപിയും ഗുജറാത്തുമാക്കാമെന്ന് നേതാക്കന്മാർ വാഗ്ദാനംചെയ്തു. വികസനത്തെക്കുറിച്ച് കേരളത്തിൽവന്ന് സംസാരിക്കുവാൻ യോഗി ആദിത്യനാഥുപോലും ധൈര്യപ്പെട്ടു. വിദ്യാലയങ്ങളും ആശുപത്രികളും ഡോക്ടർമാരും അധ്യാപകരും കുടിവെള്ളവും തൊഴിലുമുൾപ്പെടെ അടിസ്ഥാനജീവിത ആവശ്യങ്ങളെക്കുറിച്ച് കേട്ടുകേൾവിപോലുമില്ലാത്ത, രാമനും സീതയ്ക്കുമപ്പുറം കടന്നുപോയ കാലത്തെക്കുറിച്ച് കേട്ടറിവുപോലുമില്ലാത്ത ജനങ്ങളുടെ ചെലവിൽ അദാനി-അംബാനിമാരെ അരിയിട്ടുവാഴിക്കുന്ന നാട്ടിൽനിന്ന് വരുന്നവരാണ് വികസനത്തെക്കുറിച്ച് വാതോരാതെ വിളമ്പുന്നതെന്ന സത്യം അണികളെ അസ്വസ്ഥപ്പെടുത്താതിരിക്കാൻ ശരണംവിളി ഉച്ചസ്ഥായിയിലാക്കി.

കേരളത്തിൽ വലിയ മാർക്കറ്റില്ലാത്തതുകൊണ്ടാകാം നേതാക്കൾ ജയ്ശ്രീറാം മാറ്റിപ്പിടിച്ച് സ്വാമിയേ ശരണമയ്യപ്പാ എന്നാക്കി. ചർച്ചകളും പ്രസംഗങ്ങളും ശബരിമലയുടെ പരിസരം വിട്ടുപോകുന്നില്ല എന്ന് ഉറപ്പാക്കി. ജാതിയും മതവും നെറികേടും വിവരക്കേടും യഥേഷ്ടം വിളമ്പി. ഉദരംഭരികളായ സംസ്ഥാനനേതാക്കള്‍ തൃപ്തിയോടെ ഏമ്പക്കം വിട്ടു. പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിനും വിലക്കയറ്റത്തിനും കാർഷികനിയമങ്ങൾക്കും മറുപടി പറയേണ്ടതുണ്ട് എന്ന് നേതാക്കള്‍ ഭാവിച്ചില്ല. ആരും ചോദിക്കാനുമുണ്ടായില്ല. നമ്മുടെ വിമാനത്താവളങ്ങളും റയിൽവേസ്റ്റേഷനുകളും ബിപിസിഎൽ ഉൾപ്പെടെയുള്ള വ്യവസായശാലകളും എവിടെ എന്നതിനും ചോദ്യോത്തരങ്ങൾ വേണ്ടിവന്നില്ല. മിനിമംബാലൻസില്ലാത്ത അക്കൗണ്ടിലെ തുകയെങ്കിലും അവിടെക്കിടന്നോട്ടെ എന്ന് പറയാനും ആരുമുണ്ടായില്ല. പണത്തിന്റെ പുളപ്പിൽ അഭ്യുദയകാംക്ഷികൾ തള്ളിക്കയറി. അങ്ങനെ ബിജെപിയുടെ വർഗ്ഗസ്വഭാവം നിസ്തർക്കം പ്രകടമായ, ജീർണതയുടെ ആഴം വ്യക്തമാക്കപ്പെട്ട ഒരു കാലയളവായിരുന്നു തെരഞ്ഞെടുപ്പ് വേള.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അന്തസ്സത്ത വെടിഞ്ഞ
ഇടതുപക്ഷം

പണക്കൊഴുപ്പുകൊണ്ട് ഓട്ടയടയ്ക്കാനാണ് ഇടതുമുന്നണിയും ശ്രദ്ധവച്ചത്. ഭരണത്തുടർച്ചയ്ക്കുവേണ്ടിയുള്ള കരുക്കൾ നീക്കുകയും കുതന്ത്രങ്ങൾ മെനയുകയും ചെയ്യുക എന്നതിനപ്പുറം മറ്റൊന്നുമായിരുന്നില്ല ഇടതുമുന്നണിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പുപ്രവർത്തനം. ആരുമായും എത്ര അവസരവാദപരമായ നീക്കുപോക്കുന്നുണ്ടാക്കുന്നതിലും സിപിഐ(എം)ന് ബുദ്ധിമുട്ടുണ്ടായില്ല. കെ.എം.മാണിയെക്കുറിച്ച് പറഞ്ഞതുമുഴുവൻ വിഴുങ്ങി ജോസ് കെ.മാണിയെയും കൂട്ടരെയും സ്വന്തം പാളയത്തിലാക്കി, ചുവപ്പു പുതപ്പിച്ചു. ജോസ് കെ.മാണി വിഭാഗം ഐക്യജനാധിപത്യ മുന്നണി വിട്ടത് നയപരമായ കാരണങ്ങളാലല്ല, ഇടതു മുന്നണിയുടെ നയങ്ങളിൽ ഭ്രമിച്ചുവശായുമല്ല ഇടത്തേയ്ക്ക് ചുവടുമാറിയത്. പല ജില്ലകളിലും സീറ്റുവിഭജനത്തിൽ സിപിഐയേക്കാൾ പരിഗണന കിട്ടിയത് ജോസ് കെ.മാണിക്കാണ്. അതിന്റെ പിന്നിൽ സിപിഐ(എം)കള്ളക്കളി വ്യക്തമായിരുന്നു.
അവസരവാദത്തിന്റെ ഏറ്റവും നെറികെട്ടമുഖമാണ് കേരളം മുഴുവൻ ജനങ്ങൾ കണ്ടത്. രാഷ്ട്രീയ സദാചാരരാഹിത്യത്തിന്റെ രംഗത്ത് കോൺഗ്രസ്സിനെയും യുഡിഎഫിനെയും സിപിഐ(എം) ഇത്തവണ കടത്തിവെട്ടി. സുൽത്താൻ ബത്തേരിയിൽ ഇരുണ്ട് വെളുത്തപ്പോൾ കോൺഗ്രസ്സ് നേതാവ് സിപിഐ(എം) സ്ഥാനാർത്ഥിയായി. ചാലക്കുടിയിൽ കോൺഗ്രസ്സ് നേതാവ് മാണി കോൺഗ്രസ്സ് പ്രതിനിധിയായി എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി. സീറ്റ് വിഭജനത്തിൽ ജോസ് കെ.മാണി വിഭാഗത്തിന് നൽകിയ പിറവം സീറ്റിൽ മത്സരിച്ചത് സിപിഐ(എം)ന്റെ ബ്രാഞ്ചുകമ്മിറ്റിയംഗം. വിവാദമായപ്പോൾ ബ്രാഞ്ച് കമ്മിറ്റിയംഗത്തെ പാർട്ടിയിൽനിന്നും പുറത്താക്കിയെങ്കിലും ജില്ലാ സെക്രട്ടറി പുറത്താക്കൽ നടപടി റദ്ദാക്കി. തദ്ദേശതെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ കാരാട്ടുറസാഖിനെ വിജയിപ്പിച്ചെടുത്ത നാടകം കേരളം ഓർക്കുമല്ലോ.


ബാർ കോഴകേസും ബജറ്റ് അവതരിപ്പിക്കാൻ കെ.എം.മാണിയെ അനുവദിക്കാതെ നിയമസഭയിൽ നടത്തിയ കൈയാങ്കളിയും ചവിട്ടുനാടകവുമൊക്കെ വിസ്മരിക്കപ്പെട്ടു. പ്രായശ്ചിത്തമെന്ന നിലയിൽ സ്പീക്കർതന്നെ പാലായലെത്തി കെ.എം.മാണി സാറിന്റെ പ്രതിമ അനാഛാദനം ചെയ്തു. സ്വന്തമായി ഒരു പ്രത്യയശാസ്ത്രം ആവിഷ്‌കരിച്ച മഹാനായ നേതാവായിരുന്നു കെ.എം.മാണിയെന്നു അദ്ദേഹം നാട്ടുകാരെ ഉദ്‌ബോധിപ്പിച്ചു. ഏതാനും വോട്ടിനുവേണ്ടി കെട്ടിയാടുന്ന ഈ വേഷപ്പകർച്ച കണ്ട് നാട്ടുകാർ മൂക്കത്തു വിരൽവച്ചു. എംപി.വീരേന്ദ്രകുമാറിനെതിരെ പറഞ്ഞതും മറന്ന് ശ്രേയാംസ് കുമാറിനെയും ഇടതുവശത്തു ചേർത്തു. ഭരണത്തുടർച്ചയ്ക്കായി എത്ര തരംതാണ നീക്കുപോക്കിനും തുനിഞ്ഞു, അതൊക്കെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചുമലിലുമായി.


ഭൂരിപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങളും പ്രസ്താവനകളും അനസ്യൂതം തുടർന്നു. ശബരിമല കേസുകൾ മാപ്പാക്കി. (സിഎഎ വിരുദ്ധ സമരത്തിലെ കേസുകൾ മാപ്പാക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും പിൻവലിക്കാൻ അത്ര താൽപര്യം കാണിച്ചില്ല) പോളിങ്ങിന്റെ ദിവസംവരെയും ശബരിമല സജീവമാക്കി നിലനിർത്തുന്നതിൽ ശ്രദ്ധവച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫോട്ടോഗ്രഫറെയും കൂട്ടി അമ്പലങ്ങൾ കയറിയിറങ്ങി വിശ്വാസത്തോടുള്ള കൂറുതെളിയിച്ചു കൊണ്ടിരുന്നു. സഭാതർക്കങ്ങളിലെല്ലാം ആവേശപൂർവ്വം ഇടപെട്ട് ഇരുവിഭാഗങ്ങളെയും കൂടെനിർത്താൻ ഏതറ്റംവരെയും താണു. ഭരണത്തുടർച്ചയ്ക്ക് എങ്ങാനും തടസ്സമായെങ്കിലോ എന്നുകരുതി വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തെവരെ തള്ളിപ്പറഞ്ഞു. കിറ്റും പെൻഷനുംകൊണ്ട് സാധാരണക്കാരന്റെ കണ്ണുകെട്ടി.
കിറ്റും പെൻഷനും ഇടതുസർക്കാരിന്റെ ഔദാര്യമാണെന്നും കിറ്റ് ‘സൗജന്യ’മാണെന്നും പരസ്യങ്ങൾ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. പെട്രോളിയം വിലവർദ്ധനവിലൂടെ മാത്രം ഒരുദിവസം സംസ്ഥാന സർക്കാർ ജനങ്ങളിൽനിന്നും പിഴിഞ്ഞെടുക്കുന്നത് കിറ്റിന് ചെലവാക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ്. പണത്തിന് യാതൊരു ബുദ്ധിമുട്ടും സിപിഐ(എം)നോ ഇടതുമുന്നണിക്കോ ഉണ്ടായില്ല. ബാർ മുതലാളിമാർ ഉൾപ്പെടെ ദേശീയ പ്രാദേശിക മുതലാളിമാർ എകെജി സെന്ററിൽ ക്യൂനിന്നു. അദാനിയുടെ സ്വാധീനം പരസ്യമായ രഹസ്യമാണ്. പരസ്യങ്ങൾക്ക് ഖജനാവിൽനിന്ന് കോടികൾ ചെലവഴിച്ചു. കുടുക്കപൊട്ടിച്ച കുഞ്ഞുങ്ങളും ആടിനെവിറ്റ താത്തയും പെൻഷൻകാശ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തവരും മണ്ടന്മാരായി. ദുരിതകാലത്ത് ജനങ്ങളെ സംരക്ഷിക്കുക സക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നതും റേഷൻ ജനങ്ങൾ പൊരുതിനേടിയ അവകാശമാണെന്നതും ‘സൗജന്യ’ ചർച്ചകൾ വിസ്മരിച്ചു. തമിഴ്നാട്ടിൽ ജയലളിതയടക്കമുള്ള വലതുപക്ഷ രാഷ്ട്രീയക്കാർ എത്രയോ കാലമായി പയറ്റുന്ന വോട്ടുതന്ത്രമാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചുമലിൽ വച്ചുകെട്ടി അവതരിപ്പിക്കുന്നത്. ആനുകൂല്യങ്ങൾക്കുവേണ്ടി വാലാട്ടുന്നവരെയല്ല, അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന ജനതയെയാണ് ഇടതുപക്ഷം വാർത്തെടുക്കേണ്ടത് എന്ന രാഷ്ട്രീയ ദൗത്യവും സൗകര്യപൂർവ്വം വിസ്മരിച്ചുകളഞ്ഞു.


ഒരു വർഗ്ഗ വിഭജിത, മുതലാളിത്ത സമ്പദ്ക്രമത്തിൽ ഒരു സർക്കാരിനെ നയിക്കാൻ അധികാരം ലഭിച്ചാൽ ‘എല്ലാവർക്കും’ ‘എല്ലാം ശരിയാക്കി’ക്കൊടുക്കാനാകില്ല എന്ന അടിസ്ഥാനപാഠത്തെ നിരാകരിക്കുന്ന പഴയ മുദ്രാവാക്യ ത്തിന്റെ പുതിയ പതിപ്പുമായാണ് ഇത്തവണ എൽഡിഎഫ് രംഗത്തുവന്നത്. ഏതെങ്കിലും ഒരു വർഗ്ഗത്തിനേ ‘ഉറപ്പു’കൊടുക്കാനാകൂ. ഒരു വർഗ്ഗത്തിന് ‘ഒപ്പ’മേ നിൽക്കാനാകൂ എന്നത് ക്വാറി മദ്യമാഫിയകൾക്കും വികസനമാഫിയയ്ക്കും ‘ഒപ്പം’ നിന്നുകൊണ്ട് സർക്കാർ തെളിയിക്കുകയും ചെയ്തു. ഇത്തരം അരാഷ്ട്രീയ മുദ്രാവാക്യങ്ങൾ വർഗ്ഗസമരത്തെ നിരാകരിക്കുന്നതും വർഗ്ഗ സഹകരണമെന്ന കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്ന തുമാണ്. മുതലാളിത്തത്തിനെതിരെ ഉയർന്നുവരേണ്ട വർഗ്ഗസമരത്തെ ദുർബലപ്പെടുത്തുകയും മുതലാളിത്ത സമ്പദ്ക്രമത്തിൽ സാധാരണജനങ്ങൾക്ക് പ്രതീക്ഷയ്ക്കു വകയുണ്ട് എന്ന സന്ദേശം നൽകുന്നതുമായ വർഗ്ഗവഞ്ചനയുടെ മുദ്രാവാക്യമാണിത്.
ആത്യന്തികമായി മുതലാളിവർഗ്ഗത്തിന്റെ മുദ്രാവാക്യവുമാണ്. ഇടതുപക്ഷ രാഷ്ട്രീയവുമായി, അതായത് ജനങ്ങളുടെ രാഷ്ട്രീയവുമായി ഇതിന് യാതൊരു ബന്ധവുമില്ല. നരേന്ദ്രമോദിയുടെ ‘അച്ഛേദിൻ ആയേഗാ’, ‘നാടു നന്നാകാൻ യുഡിഎഫ്’ തുടങ്ങിയ മുദ്രാവാക്യങ്ങളിൽനിന്ന് ഭാഷയിലോ സമീപനത്തിലോ ഉള്ളടക്കത്തിലോ യാതൊരു വ്യത്യാസവും ഇതിനില്ല. ഈ വർഗ്ഗ വിവക്ഷ ജനങ്ങൾ തിരിച്ചറിയാത്തതുകൊണ്ടാണ് ഏഴുപതിറ്റാണ്ട് കേന്ദ്രം ഭരിച്ചും ഊഴമിട്ട് കേരളം ഭരിച്ചും മുതലാളിവർഗ്ഗത്തിന്റെ വിശ്വസ്ത പ്രസ്ഥാനമെന്ന് തെളിയിച്ചുകഴിഞ്ഞ കോൺഗ്രസ്സിന് നാടുനന്നാകാൻ എന്ന മുദ്രാവാക്യം മുഴക്കാൻ സാധിക്കുന്നത്. നന്നാക്കാൻ ഉദ്ദേശിക്കുന്നത് ആരുടെ നാട് എന്നത് വളരെ വ്യക്തമാണ്.

ഇനിയും ‘നാട് നന്നാക്കാൻ’ മോഹിച്ച് യുഡിഎഫ്

പരസ്യകമ്പനിയുടെ കഴമ്പില്ലായ്മ തലവാചകത്തിനുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്താണ് കോൺഗ്രസ്സ് എങ്കിലും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കുത്തകപ്രീണന നയങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യത കോൺഗ്രസ്സിനുതന്നെയാണ്. ആഗോളവത്ക്കരണനയങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളെയും പ്രകൃതി വിഭവങ്ങളും സേവനമേഖലകളുമെല്ലാം കുത്തകകൾക്ക് തീറെഴുന്ന നയങ്ങൾ ആവിഷ്‌ക്കരിച്ച കോൺഗ്രസ്സും ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾക്ക് വിശ്വാസത്തിന്റെ മറതന്നെ പിടിച്ചു. ശബരിമല വിഷയത്തിൽ നിയമനിർമ്മാണം എന്ന ഓഫർവച്ച് വിശ്വാസികളെ ആകർഷിക്കാൻ ശ്രമിച്ചു. അതല്ലാതെ മറ്റൊന്നും അവരും പറയാൻ ഉദ്ദേശിച്ചില്ല. കിറ്റും കിഫ്ബിയും ന്യായ് പദ്ധതിയും തുടങ്ങി വികസനപ്രവർത്തനങ്ങൾക്കുൾപ്പെടെ ഒരു യുഡിഎഫ് വേർഷൻ അവതരിപ്പിച്ചതല്ലാതെ അടിസ്ഥാനവ്യത്യാസം എവിടെയും കാണാനുണ്ടായിരുന്നില്ല. ജനങ്ങൾക്ക് യാതൊന്നും ഇക്കൂട്ടരിൽനിന്ന് പ്രതീക്ഷിക്കാനില്ല.

വികസനം-വഞ്ചനയുടെ മുദ്രാവാക്യം

മുതലാളിവർഗ്ഗത്തിന്റെ വിശ്വാസ്യത നേടിയെടുക്കാനുള്ള മത്സരമാണ് യഥാർത്ഥത്തിൽ നടന്നത്. മൂന്നുകൂട്ടരും ഒരുപോലെ വികസനത്തിനുവേണ്ടി വാശിയോടെ നിലയുറപ്പിച്ചു. ഓരോരുത്തരും മണ്ഡലത്തിന്റെ സമഗ്രവികസനത്തെക്കുറിച്ചും വികസനസ്വപ്നങ്ങളും ഊന്നിയൂന്നിപ്പറഞ്ഞു.
വികസനം രാഷ്ട്രീയക്കാരുടെ പദാവലിയിൽ കയറിപ്പറ്റിയിട്ട് ഏറെക്കാലമായില്ല. അതിന് ആഗോളവത്ക്കരണകാലഘട്ടത്തിന്റെ പ്രായമേയുള്ളൂ. ഇന്ത്യൻ ഭരണഘടനയുൾപ്പെടെ അതുവരെ നാം സോഷ്യലിസത്തെക്കുറിച്ചും സാമൂഹ്യക്ഷേമത്തെക്കുറിച്ചുമാണ് ചർച്ച ചെയ്തുകൊണ്ടിരുന്നത്. കിഫ്ബി ഉൾപ്പെടെ ഭീമമായി കടംവാങ്ങി ജനങ്ങളെ കടക്കെണിയിൽ കുടുക്കി സമ്പന്നരുടെ ധനാഗമമാർഗ്ഗങ്ങൾ ഉറപ്പാക്കുന്ന ആധുനിക മുതലാളിത്ത വികസന തന്ത്രമാണ് ഇടതുപക്ഷവും പയറ്റുന്നത്.
ആദ്യഘട്ടങ്ങളിൽ ചെറുകിട നിർമ്മാണ പ്രവർത്തനങ്ങളായി രുന്നു വികസനമെങ്കിൽ കാലംപോകെ ലക്ഷക്കണക്കിന് കോടികൾ ചെലവഴിക്കപ്പെടുന്ന വൻകിട കമ്പോളമായി വികസനംമാറി. മുതലാളിത്തത്തിന് യുദ്ധംപോലെതന്നെയുള്ള കൃത്രിമ കമ്പോളമാണ് വികസനം. മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ അതിവേഗവികസനമെന്ന് മുന്നണികൾ ആവർത്തിച്ചുകൊണ്ടിരുന്നത് മുതലാളിവർ ഗ്ഗത്തിന് നൽകുന്ന ഉറപ്പാണ്. സാധാരണക്കാരന് അവന്റെ കൂര കൈവിട്ടുപോകുന്ന ഇടപാടാണത് എന്ന് നേതാക്കന്മാരുടെ വാചാടോപങ്ങളിൽ മയങ്ങിപ്പോയിരുന്ന ജനങ്ങളും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. അനേകായിരങ്ങളുടെ ജീവിതമാർഗ്ഗമടച്ച് സമുദ്രസമ്പത്തുപോലും തീറെഴുതുന്നത് അവർകാണുന്നുണ്ട്.
തെരഞ്ഞെടുപ്പ് നടന്നത് കേരളത്തിന്റെ നിയമനിർമ്മാണസഭയിലേയ്ക്കാണ്. ജനങ്ങൾക്ക് കുടിവെള്ളം, വൈദ്യുതി, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, ഭക്ഷണം തുടങ്ങി ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കും എന്ന് ഉറപ്പുവരുത്തുന്ന നിയമങ്ങൾ നിർമ്മിക്കേണ്ടുന്ന ഇടമാണത് എന്ന് രാഷ്ട്രീയ നേതാക്കന്മാർക്ക് മുന്നണി ഭേദമെന്യെ വിസ്മരിക്കാം. തൊഴിലിനുവേണ്ടി യുവാക്കൾ സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കാം. എന്നാൽ ഇവരുടെ ഭരണത്തിലൂടെ, വികസനത്തിന്റെ മറയിൽ ഇപ്പറഞ്ഞതെല്ലാം കൈവിടേണ്ടിവന്ന ഇന്നാട്ടിലെ സാധാരണക്കാരന് അത് മറക്കാനാവില്ല, മറക്കുകയുമരുത്.


തെരഞ്ഞെടുപ്പ് എന്ന പേരിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ടുള്ള മാമാങ്കം കഴിഞ്ഞു. എല്ലാവരും മുതലാളിമാരുടെ ചെലവിലാണ് മത്സരിച്ചത്. സ്ഥാനാർത്ഥിത്വമുറപ്പിക്കാൻ ഏതറ്റംവരെയും പോകാൻ തയ്യാറായവർ ജയിക്കാനും ഇതേ കളിതന്നെയായിരിക്കും കളിച്ചിരിക്കുക. ‘നല്ല കളിക്കാർ’ ജയിക്കും. മന്ത്രിസ്ഥാനത്തിനും അധികാരത്തിനുംവേണ്ടി മുന്നണി വീണ്ടും മാറേണ്ടിവന്നാൽ അതിനും ആരും മടിക്കില്ല. ചാടിവരുന്നവരെക്കൂട്ടി ഏതെങ്കിലുമൊരു മുന്നണി സർക്കാരുമുണ്ടാക്കും. കുത്തകകൾക്കുവേണ്ടി ജനദ്രോഹനയങ്ങൾ തുടരും. സർക്കാർ മാറിയാലും തുടർന്നാലും നയങ്ങൾ മാറില്ല. അനസ്യൂതം തുടരും. അപ്പോൾ നമ്മുടെ ജീവിതവും ജീവിതോപാധികളും സംരക്ഷിക്കാൻ ജാതി-മതഭേദമെന്യെ, സങ്കുചിത കക്ഷി രാഷ്ട്രീയ ഭേദമെന്യെ നമുക്ക് ഒന്നിച്ചുനിൽക്കുകയും പൊരുതുകയുമല്ലാതെ മറ്റ് പോംവഴികളില്ല. പ്രശ്ന പരിഹാരത്തിന് കുറുക്കുവഴിയില്ല എന്ന തിരിച്ചറിവോടെ നമുക്ക് ജാഗ്രത്തായിരിക്കാം.

Share this post

scroll to top