എൽഡിഎഫ് സർക്കാരിന്റെ വഞ്ചനക്കെതിരായ താക്കീതായി ഉദ്യോഗാർത്ഥികളുടെ ലോംഗ് മാർച്ച്‌

LongMarch-1.jpg
Share

എൽഡിഎഫ് സർക്കാരിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ചുകൊണ്ട്, പിഎസ്‌സി ഉദ്യോഗാർത്ഥികൾ സംയുക്തമായി മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ സംഘടിപ്പിച്ച കാൽനടയായുള്ള ലോംഗ് മാർച്ച്, സംസ്ഥാന സർക്കാരിനെതിരെയുള്ള യുവാക്കളുടെ ശക്തമായ താക്കീതായി മാറി. സിവിൽ എക്സൈസ് ലിസ്റ്റിൽ 77-ാം റാങ്കുണ്ടായിട്ടും നിയമനം ലഭിക്കാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടിവന്ന അനുവിന്റെ കാരക്കോണത്തെ വീട്ടിൽ നിന്നും അമ്മ ദേവകി മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്യോഗാർത്ഥികളുടെ കൈകളിലേക്ക് അനുവിന്റെ അമ്മ ഫ്ലാഗ് കൈമാറുമ്പോൾ, സനുവിന്റെ ഇടിനാദം പോലുള്ള മുദ്രാവാക്യം വിളി മുഴങ്ങി.
സിപിഒ, എൽജിഎസ്, കെ എസ്ആർടിസി ഡ്രൈവർ, കെ എസ്ആർടിസി മെക്കാനിക്, റിസർവ്വ് ഫോറസ്റ്റ് വാച്ചർ തുടങ്ങിയ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട നൂറ് കണക്കിന് ഉദ്യോഗാർത്ഥികൾ മാർച്ചിൽ അണിനിരന്നു. ആയിരക്കണക്കിന് ബഹുജനങ്ങളുടെ ആവേശകരമായ പിന്തുണ ഏറ്റുവാങ്ങിക്കൊണ്ട് രണ്ടു ദിവസം കൊണ്ടാണ് ലോംഗ് മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിച്ചേർന്നത്.


കാരക്കോണത്തുനിന്നും മാർച്ച് ആരംഭിക്കുമ്പോൾതന്നെ ജനങ്ങളുടെ പിന്തുണ പ്രകടമായിരുന്നു. നിരവധി സാധാരണ മനുഷ്യർ ഏറെ ദൂരം മാർച്ചിനെ അനുഗമിച്ചു. കടന്നുവന്ന എല്ലാ കവലകളിലും തൊഴിലാളികൾ ഉൾപ്പടെയുള്ള ബഹുജനങ്ങൾ ഉദ്യോഗാർത്ഥികളെ മാലയിട്ടും ഭക്ഷണവും വെള്ളവും നൽകിയും സ്വീകരിച്ചു. ജനങ്ങൾ, വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട്, ഉദ്യോഗാർത്ഥികളായ എം.വിഷ്ണു, എസ്.വിഷ്ണു, വി.സനു, വിനായകൻ, അശോക്, രതീഷ് ജയപാലൻ, അരവിന്ദ്, ലാസർ, ദീപു, രഞ്ജിത്, ജ്യോതി, പ്രവീൺ എന്നിവർ പ്രസംഗിച്ചു. സിപിഒ ഉദ്യോഗാർത്ഥിയായ വിഷ്ണുവിന്റെ പ്രസംഗം ജനങ്ങളിൽ വലിയ സ്വാധീനം സൃഷ്ടിച്ചു.
“എനിക്കർഹതപ്പെട്ട ജോലി നൽകാതെ, എന്റെ വയോധികനായ പിതാവിന് തുഛമായ തുക ക്ഷേമ പെൻഷൻ നൽകി വോട്ട് പിടിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ യുവജന വഞ്ചന ജനങ്ങൾ തിരിച്ചറിയും. പാറ പൊട്ടിക്കുന്ന പണിക്കുപോയാണ് കുടുംബം നോക്കുന്നത്. പകലന്തിയോളം പണി ചെയ്ത്, രാത്രികളിൽ ഉറക്കമിളച്ചിരുന്ന് പഠിച്ചാണ് റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിച്ചത്. എന്നെപ്പോലുള്ള യുവാക്കളുടെ കഷ്ടപ്പാടിനെ മറികടന്ന്, പിൻവാതിലിലൂടെ പാർട്ടിക്കാരുടെ സ്വന്തക്കാരെ സ്ഥിരപ്പെടുത്തിയവർക്ക് കേരളം മാപ്പു തരില്ല “. വിഷ്ണു പറഞ്ഞു.
ആദ്യ ദിവസത്തെ മാർച്ച്, ബാലരാമപുരത്ത് സമാപിച്ചു. സമാപന സമ്മേളനത്തിൽ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ, വിവരാവകാശ പ്രവർത്തകനും കെപിസിസി സെക്രട്ടറിയുമായ അഡ്വ. പ്രാണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


ഏപ്രിൽ 1ന് ബാലരാമപുരത്ത് നിന്നും രണ്ടാം ദിവസത്തെ മാർച്ച് എം.വിൻസൻ്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊള്ളുന്ന വെയിലിനെ അവഗണിച്ചു കൊണ്ട്, ദീർഘദൂരം നടന്നതുമൂലം കാലുകള്‍ പൊട്ടിയെങ്കിലും മാർച്ചിന് ആവേശം ഒട്ടും കുറഞ്ഞിരുന്നില്ല. 40 കിലോമീറ്റർ പിന്നിട്ട്, മാർച്ച് തമ്പാന്നൂരിൽ എത്തിച്ചേരുമ്പോൾ വിവിധ ജില്ലകളിൽ നിന്നായി നൂറ് കണക്കിന് ഉദ്യോഗാർത്ഥികൾ സമരഭടന്മാരെ സ്വീകരിക്കുവാൻ അവിടെ എത്തിയിരുന്നു.തമ്പാനൂരിൽ മാർച്ചിനെ, എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് ആർ.ബിജു, എഐഡിവൈഒ ജില്ലാക്കമ്മിറ്റിയംഗവും വട്ടിയൂർക്കാവ് മണ്ഡലത്തിലെ എസ്‌യുസിഐ(സി) സ്ഥാനാർത്ഥിയുമായ സഖാവ് എ.ഷൈജു എന്നിവർ സ്വീകരിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമാപന സമ്മേളനം പ്രശസ്ത ചലച്ചിത്ര നടൻ ജഗദീഷ് ഉദ്ഘാടനം ചെയ്തു. “ഉദ്യോഗാർത്ഥികളുടെ സമരം രാഷ്ട്രീയത്തിനതീതമാണ്. ത്യാഗനിർഭരമായ ലോംഗ് മാർച്ചിലൂടെ ഇതൊരു ധർമ്മസമരമാണെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ സമരത്തിൽ പങ്കാളിയാകുന്നതിൽ എനിക്ക് അഭിമാനമുണ്ട്. തികച്ചും ന്യായമായ ആവശ്യങ്ങളാണ് നിങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. തൊഴിലിന് അർഹത നേടിയ ഉദ്യോഗാർത്ഥികളുടെ സമരത്തെ ആക്ഷേപിക്കുകയും അവഗണിയ്ക്കുകയും ചെയ്യുന്നത് ഏത് ഗവൺമെന്റായാലും അത് തെറ്റാണ്. തൊഴിലെന്നത് ആരുടെയും ഔദാര്യമല്ല, അവകാശമാണ്. ഏത് ഗവൺമെന്റ് അധികാരത്തിൽ വന്നാലും നിയമന ഉത്തരവ് ലഭിക്കുന്നതുവരെ നിങ്ങൾ സമരം തുടരണം”, അദ്ദേഹം പറഞ്ഞു.


സമാപന സമ്മേളനത്തിൽ ലോംഗ് മാർച്ചിന്റെ കോ-ഓർഡിനേറ്ററും എഐഡിവൈഒ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് ഇ.വി.പ്രകാശ് അധ്യക്ഷത വഹിച്ചു. എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ആർ.കുമാർ, വീണ എസ്.നായർ, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് റിങ്കു, എം.ഷാജർഖാൻ, രഞ്ജിത് ചന്ദ്രൻ, പിഎസ്‌സി എംപ്ലോയീസ് അസോസിയേഷൻ നേതാവ് കെ.എ. സാദിഖ്, കെ.എം.ഷാജഹാൻ, അശ്വതി ജ്വാല, വി.എൻ.ഷിബു, എ.ഷൈജു, വിനേഷ് ചന്ദ്രൻ, എം.വിഷ്ണു, എസ്.വിഷ്ണു എന്നിവർ പ്രസംഗിച്ചു. 15-ാമത് കേരള നിയമസഭയിൽ അധികാരത്തിൽ ആരുവന്നാലും യുവജനങ്ങളുടെ തൊഴിലില്ലായ്മ പ്രശ്നത്തെ അവഗണിയ്ക്കാനാവില്ലെന്നും നിയമനം വരെ സമരം ചെയ്യുമെന്നും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് ലോംഗ് മാർച്ച് അവസാനിച്ചത്.

Share this post

scroll to top