പാർലമെന്ററി രാഷ്ട്രീയം പതനത്തിന്റെ പടുകുഴിയിൽ; ജനസമര രാഷ്ട്രീയം കരുത്താർജ്ജിക്കുന്നു

download.jpg
Share

ലോകത്തെ പിടിച്ചു കുലുക്കുകയും മാറ്റിമറിക്കുകയും ചെയ്തിട്ടുള്ള എല്ലാ വിപ്ലവങ്ങളും സമാരംഭിക്കുക ജനകീയ പ്രക്ഷോഭങ്ങളുടെ അടിത്തറയിൽ നിന്നായിരിക്കും. റഷ്യയിലെയും ചൈനയിലെയും സോഷ്യലിസ്റ്റ് വിപ്ലവങ്ങളാകട്ടെ സിറിയയിലെയും ലാറ്റിനമേരിക്കയിലെയും ഈജിപ്തിലെയും മ്യാൻമറിലെയും മറ്റും ജനാധിപത്യ പ്രക്ഷോഭങ്ങളാകട്ടെ ഇന്ത്യയെ രാഷ്ട്രീയമായി സ്വതന്ത്രയാക്കിയ സ്വാതന്ത്ര്യ സമരമാകട്ടെ ജനങ്ങൾ സംഘടിതമായി വളർത്തിയെടുത്ത വലിയ സമരങ്ങളുടെ പരിണതികൾ ആയിരുന്നുവെന്ന് ചരിത്രം കാണിക്കുന്നു. ഇന്നും ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുവാൻ, നിഷ്ഠൂരമായ ചൂഷണ ഭരണവാഴ്ച്ചക്ക് ആഘാതം ഏൽപ്പിക്കുവാൻ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് കഴിയുന്നുണ്ട്.

സമീപകാലത്ത്, വംശവെറിക്കെതിരെ അമേരിക്കയിൽ കത്തിപ്പടർന്ന വമ്പൻ പ്രക്ഷോഭം മുതൽ ഇന്ത്യയിലെ ഐതിഹാസികമായ കർഷകസമരം വരെയുള്ളവ ഭരണവർഗ ചേരിയും ജനകീയ സമര ചേരിയും തമ്മിലുള്ള രാഷ്ട്രീയ സംഘട്ടനത്തിന്റെ പോർമുഖങ്ങൾ തന്നെ.
പോരാട്ടത്തിന്റെ രാഷ്ട്രീയത്തെ തെരഞ്ഞെടുപ്പ് വേദികളിൽ അവതരിപ്പിക്കുവാൻ വിപ്ലവപ്രസ്ഥാനമായ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ പ്രചാരണങ്ങൾ കൊണ്ട് കഴിയുന്നുണ്ട്. പക്ഷേ, സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്കൊന്നിനും പരിഹാരം കാണാൻ പാർലമെന്ററി വ്യവസ്ഥിതിക്ക് കഴിയില്ലായെന്ന തിരിച്ചറിവോടെ തന്നെയാണ് തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുന്നത്. എന്നാല്‍ ആ മത്സരവേദിയിൽ മുഖംമൂടിയണിഞ്ഞ ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീർണ്ണാവസ്ഥകൾ തുറന്നു കാണിക്കുവാൻ നമുക്ക് കഴിയുന്നു. പാർലമെന്റും അസംബ്ലികളും എത്രത്തോളം നോക്കുകുത്തികളായി മാറിക്കഴിഞ്ഞു എന്ന സത്യം ബോദ്ധ്യപ്പെടുത്തി, പാർലമെന്ററി വ്യാമോഹങ്ങളിൽനിന്ന് ജനങ്ങളെ മോചിപ്പിച്ച് ജനസമര രാഷ്ട്രീയത്തിലേക്ക് ആനയിക്കുവാനുള്ള നിരന്തരമായ പരിശ്രമങ്ങൾ പാർട്ടി തുടരുകയാണ്.


ഏത് പാർട്ടി അഥവാ മുന്നണി പാർലമെന്ററി സംവിധാനത്തിൽ അധികാരത്തിൽ വന്നാലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?
ഒന്നാമത്തെ കാരണം, സമൂഹത്തെയും സാമ്പത്തികഘടനയെയും ബാധിക്കുന്ന നയങ്ങളിൽ പാർലമെന്റും നിയമസഭകളും തീരുമാനമെടുക്കുന്നത് ജനതാൽപര്യം മുൻനിർത്തിയല്ല എന്നതുതന്നെ. രണ്ടാമതായി, സഭകളിൽ ചർച്ചയ്ക്ക് വരുന്ന വിഷയങ്ങളിലും തീരുമാനങ്ങൾ ജനവിരുദ്ധമായിരിക്കും. സഭയ്ക്ക് പുറത്ത് എക്സിക്യൂട്ടീവ് തലത്തിൽ തീരുമാനമെടുക്കുന്ന പ്രവണതയും ശക്തമാണ്.രാജ്യത്തെ തകർത്ത നോട്ട് നിരോധനവും ജിഎസ്‌ടിയുംപോലും പാർലമെന്റിന് പുറത്താണ് തീരുമാനിക്കപ്പെട്ടത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, കർഷകവിരുദ്ധ ഓർഡിനൻസുകള്‍, പൗരത്വനിയമഭേദഗതി തുടങ്ങിയവയൊക്കെ അംഗങ്ങളുടെ എതിർപ്പിന് ഒരു വിലയും കൽപ്പിക്കാതെ പാസാക്കി എടുക്കുന്നതും നാം കണ്ടു. പെട്രോളിയം ഉല്പന്നങ്ങൾക്ക് നിത്യവും വില കൂട്ടുന്നത് ഏത് പാർലമെന്റിന്റെ തീരുമാനപ്രകാരമാണ്?


അപ്പോൾ, യഥാർത്ഥ അധികാര കേന്ദ്രം പാർലമെന്റ് അല്ല,മറ്റെവിടെയോ ആണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് രാജ്യത്തെ നല്ലൊരു വിഭാഗം ജനതയെ ജനകീയ സമര രംഗത്തേക്ക് എടുത്തു ചാടാൻ പ്രേരിപ്പിക്കുന്നു.
സർക്കാരിന്റെ വർഗീയ വിഭജന അജണ്ട പ്രകാരം തയ്യാറാക്കപ്പെട്ട പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെമ്പാടും വീറുറ്റ പ്രക്ഷോഭങ്ങൾ വളർന്നുവന്നത് അങ്ങനെയാണ്. ബിജെപി ഭരണത്തിൻകീഴിൽ ജനാധിപത്യം, മതേതരത്വം, ഭരണഘടനാ മൂല്യങ്ങൾ എന്നിവയൊക്കെ കാറ്റിൽപറന്നാടുന്ന നാളുകളിൽ മതേതര ശക്തികൾ ഒന്നിച്ചുകൂടുന്ന ദേശീയ സമരവേദിയായിരുന്നു ന്യൂഡൽഹിയിലെ ഷഹീൻ ബാഗ്. ആ സമരം വളർത്തിയെടുക്കുന്നതിൽ നിർണായകമായ ഒരു പങ്കാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി വഹിച്ചത്. കേരളത്തിലും പൗരത്വ സംരക്ഷണ സമരത്തിന്റെ ഒന്നാം നിരയിൽ ഉണ്ടായിരുന്ന ഒരേ ഒരു പാർട്ടി നമ്മുടേത് ആയിരുന്നു.
ആ പ്രക്ഷോഭത്തെ അത്രയും ശക്തിയായി വളർത്തിയെടുക്കാൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ഇതിനകം രാജ്യത്തെ പൗരന്മാരെ മതാടിസ്ഥാനത്തിൽ മോദിസർക്കാർ വെട്ടി മുറിക്കുമായിരുന്നു. മനുഷ്യരെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്ന ആ നിയമം ഇതുവരെ പിൻവലിക്കപ്പെട്ടിട്ടില്ല.എത്രയൊയൊക്കെ ഭരണഘടനാവിരുദ്ധമാണങ്കിലും ശരി ആ നിയമം പിൻവലിക്കാനുള്ള സന്നദ്ധത ഇപ്പോഴത്തെ പാർലമെന്റിന് ഇല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. അപ്പോൾ, പ്രക്ഷോഭം അല്ലാതെ മറ്റെന്താണ് ഇന്ത്യയിലെ ജനങ്ങളുടെ മുന്നിലെ വഴി?
കാർഷിക കരിനിയമങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കാർഷിക മേഖലയെ പരിപൂർണ്ണമായും ദേശ -വിദേശ കുത്തകകൾക്ക് അടിയറവെക്കുന്ന മൂന്നു നിയമങ്ങൾ ആദ്യം ഓർഡിനൻസിലൂടെ കൊണ്ടുവന്നു. പിന്നെ പാർലമെന്റിൽ അടിച്ചേൽപ്പിച്ചു. അതിനെതിരായി, മാസങ്ങളായി മുന്നേറുന്ന കർഷക സമരത്തെ അടിച്ചമർത്താനാണ് മോദിയും സംഘ ശക്തികളും ശ്രമിക്കുന്നത്, നിയമങ്ങൾ പിൻവലിക്കാനല്ല. പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ജനവിരുദ്ധ നിയമങ്ങൾ നടപ്പിലാക്കാനുള്ള മുൻ ഉപാധി മാത്രമാണ്. ജനതാൽപര്യങ്ങൾ അവർ പ്രതിനിധാനം ചെയ്യുന്നില്ല എന്നതിന് മറ്റെന്ത് തെളിവാണ് ആവശ്യമായിട്ടുള്ളത്? കർഷക സമരം വളർത്തിയെടുക്കുന്നതിലും അതിനെ ദേശവ്യാപകമാക്കുന്നതിലും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) സുപ്രധാനമായ പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു.


പെട്രോളിയം ഉൽപന്നങ്ങളുടെ പേരിൽ ജനങ്ങളെ പിഴിഞ്ഞൂറ്റുമ്പോഴും ജി എസ് ടി യുടെ പേരിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഒരേപോലെ കൊള്ളയടി തുടരുമ്പോഴും വികസനം എന്ന കപട വാഗ്ദാനത്തിന്റെ മറയിൽ ജനങ്ങളുടെ ഭൂമി കൈയേറുമ്പോഴും ജനതാൽപര്യം സംരക്ഷിക്കാനായി ശബ്ദമുയർത്താൻപോലും പാർലമെന്റിനോ നിയമസഭയ്ക്കോ കഴിയുന്നില്ലെങ്കിൽ അവയൊക്കെ എത്ര വ്യർത്ഥമായ സ്ഥാപനങ്ങങ്ങളായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് തെളിയിക്കുന്നത്.
കേരളനിയമസഭയിലേക്കുള്ള പതിനഞ്ചാമത് തെരഞ്ഞെടുപ്പും കഴിഞ്ഞു. മൂന്നു കോർപ്പറേറ്റ് മുന്നണികളും ഒരേ വികസന മുദ്രാവാക്യങ്ങൾ ഒരേസ്വരത്തിൽ ഏറ്റുപാടിയാണ് തെരഞ്ഞെടുപ്പ് മാമാങ്കം കെങ്കേമം ആക്കിയത്. എന്നാൽ, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി മാത്രമാണ് പ്രക്ഷോഭത്തിന്റെ രാഷ്ട്രീയം അവതരിപ്പിച്ചത്. മൂന്നു മുന്നണികളിൽ ആര് അധികാരത്തിൽ വന്നാലും ജന ജീവിതം ദുരിതപൂർണമാകുമെങ്കിൽ പിന്നെന്തിന് അതിലൊരു വകഭേദത്തെ പിന്തുണയ്ക്കണം?

സാധാരണജനങ്ങൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു

അതുകൊണ്ട്, പാർലമെന്ററി രാഷ്ട്രീയത്തിന് പുറത്താണ് ജനങ്ങളുടെ സ്ഥാനം എന്ന് തിരിച്ചറിഞ്ഞ് പൊരുതുവാൻ അവർക്ക് ഒരു പ്രസ്ഥാനം ആവശ്യമുണ്ട്.പോരാടുന്ന ജനങ്ങളോടൊപ്പം നിൽക്കുന്ന പ്രസ്ഥാനം: അതാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി.
നോക്കൂ,സമകാലിക കേരളത്തിലെ ന്യായമായ എല്ലാ ജനകീയ സമരങ്ങളിലും നേതൃത്വപരമായ പങ്ക് വഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) എന്ന് രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഏതൊരാൾക്കും നല്ല നിശ്ചയം ഉണ്ടാകും. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞതിന് ശേഷം പോലും വഞ്ചിക്കപ്പെട്ട ഉദ്യോഗാർഥികളുടെ സമരത്തെ അതീവശ്രദ്ധയോടെ വളർത്തിയെടുക്കാൻ എസ്‌യുസിഐ യുടെ യുവജന വിഭാഗം നേതാക്കൾ നടത്തിയ കഠിനപ്രയത്നം ആവേശദായകമാണ്.

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പോംവഴി

തൊഴിൽ നേടിയെടുക്കാൻ വേണ്ടി സെക്രട്ടറിയേറ്റ് നടയിൽ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന് പൊതുസമൂഹത്തിന്റെ ആകെ പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞുവെന്നത് നിസ്സാര കാര്യമല്ല. ആത്മാർത്ഥവും സമർപ്പിതവുമായ ഒരു നേതൃത്വത്തെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞാൽ ഏത് ന്യായമായ സമരത്തെയും വിജയ പഥത്തിൽ എത്തിക്കാൻ കഴിയും. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) അനുവർത്തിക്കുന്ന പ്രക്ഷോഭ രാഷ്ട്രീയത്തിന്റെ സ്വാധീനം ഉദ്യോഗാർത്ഥികൾക്ക് പൊരുതി നിൽക്കാനുള്ള ആത്മവിശ്വാസം പകർന്നു നൽകി. മറ്റെല്ലാവരും പാതിവഴിയിൽ ഉപേക്ഷിച്ചിട്ടും സിപിഒ റാങ്ക്‌ലിസ്റ്റിലുള്ളവർ കീഴടങ്ങിയില്ല. അവർ നിശ്ചയദാർഢ്യത്തോടെ പൊരുതി. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ യുവജന പ്രസ്ഥാനമായ എഐഡി വൈഒയുടെ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശും ഒരുസംഘം യുവ നേതാക്കളും രാവും പകലും സമരക്കാരോടൊപ്പം ജീവിച്ചുകൊണ്ട് വളർത്തിയെടുത്തതാണ് ഉദ്യോഗാർഥികളുടെ അടിപതറാത്ത പ്രക്ഷോഭം.


ഇപ്പോൾ നടന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ, അതീവ രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ചർച്ചാവിഷയമാക്കി മാറ്റുന്നതിൽ ഉദ്യോഗാർഥികളുടെ സന്ധിയില്ലാ സമരം വിജയം കണ്ടു. മുന്നണികളുടെ വാഗ്ദാനങ്ങളിൽ സിപിഒ റാങ്ക് ഹോൾഡേഴ്സ് വീണില്ല. പ്രക്ഷോഭം മാത്രമാണ് ഭാവിയിലേക്കുള്ള പാത എന്ന് അവർക്ക് തിരിച്ചറിയാനായി. അതിലുടെ പിഎസ്‌സി യിലും മറ്റും പരീക്ഷയെഴുതി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവജനങ്ങൾക്ക് പൊരുതാനുള്ള വഴികാട്ടിയായി മാറി ഉദ്യോഗാർത്ഥി സമരം.
അതേപോലെ, ചെറുതും വലുതുമായ എണ്ണമറ്റ സമരങ്ങൾ രാജ്യമെമ്പാടും എന്ന പോലെ കേരളത്തിലും വളർത്തിയെടുത്തു കൊണ്ട് ജനസമരത്തിന്റെ രാഷ്ട്രീയ പാത തെളിച്ചെടുക്കുകയാണ് നമ്മള്‍. ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ പടയൊരുക്കത്തിന് ആഹ്വാനം ചെയ്തുകൊണ്ട് നവംബർ 26ന് ദേശീയ പണിമുടക്ക് നടക്കുമ്പോഴും അതിന്റെ സന്ദേശം കേരളത്തിലെ എല്ലാ കോണുകളിലും എത്തിക്കാൻ പ്രയത്നിച്ചത് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയും പാർട്ടിയുടെ ട്രേഡ് യൂണിയനായ എഐയുടിയുസിയുമായിരുന്നു.
തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കണമെങ്കിൽ തെരുവിൽ പൊരുതാതെ തൊഴിലാളികൾക്ക് രക്ഷയില്ല. നിർഭാഗ്യവശാൽ വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളും സിപിഐയും സിപിഐ(എം) ഉം ദേശീയ പൊതുപണിമുടക്കിന്റെ സമയത്ത് കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുഴുകിയിരിക്കുകയായിരുന്നു. അവർ പണിമുടക്കിന്റെ ദേശീയ പ്രാധാന്യത്തെ അവഗണിക്കുകയാണ് ചെയ്തത്.
അതേപോലെ പിണറായി സർക്കാർ കെ റെയിൽ എന്ന പേരിൽ റെയിൽവേ സ്വകാര്യവൽക്കരിക്കാനും പതിനായിരങ്ങളെ കുടിയിറക്കാനുമായി കൊണ്ടുവന്ന പദ്ധതിക്കെതിരെ “ഇരകളായ ‘ജനങ്ങൾ പ്രക്ഷോഭത്തിലാണ്.എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് എസ്.രാജീവൻ ജനറൽ കൺവീനർ ആയ സമിതിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. തളരാതെ പൊരുതാൻ കെ റെയിൽ വിരുദ്ധ സമിതികൾക്ക് കരുത്തും ധൈര്യവും പകർന്നു നൽകാൻ നമുക്ക് കഴിയുന്നു.


അങ്ങനെ, എണ്ണിയാലൊടുങ്ങാത്ത ജനവിഭാഗങ്ങൾ ഓരോ ദിനവും ഓരോ സമരമുഖങ്ങളിലേക്ക് ഒഴുകി വന്നുകൊണ്ടിരിക്കുന്നു.മദ്യവിപത്തിനെതിരെ,വിലവർധനവിനെതിരെ സ്ത്രീ പീഡനങ്ങൾക്കെതിരെ, ഫീസ് വർദ്ധനവിനെതിരെ, തൊഴിൽ അവകാശ നിഷേധങ്ങൾക്കെതിരെ, പൗരാവകാശ ധ്വംസനങ്ങൾക്കെതിരെയൊക്കെ ഉയർന്നുവരുന്ന ജനകീയ പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുക എന്ന ചരിത്രദൗത്യം നിർവഹിക്കാനുള്ള ചുമതലയാണ് നമുക്കിന്ന് നിർവഹിക്കാനുള്ളത്.
ബിപിസിഎൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനു ള്ള നീക്കങ്ങൾക്കെതിരെയുള്ള കാലങ്ങളായി നടക്കുന്ന പ്രക്ഷോഭത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സഖാക്കൾ നിർണായകമായ പങ്ക് വഹിച്ചു പോരുന്നു. ഇപ്പോൾ ബാങ്കിംഗ് സെക്ടർ സ്വകാര്യവൽക്കരണത്തിനെതിരെ ആ മേഖലയിലെ ജീവനക്കാർ,റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ ആ രംഗത്തെ ജീവനക്കാർ, ആഴക്കടലും തീരക്കടലും തീറെഴുതുന്നതിനെതിരെ തീരദേശവാസികൾ,വിമാനത്താവള വിൽപ്പനയ്ക്ക് എതിരെ എയർപോർട്ട് ജീവനക്കാർ അങ്ങനെ സർവരും പ്രക്ഷോഭ രംഗത്തിറങ്ങാൻ നിർബന്ധിതമായ സാഹചര്യമാണ് ക്രിമിനൽ മൂലധനശക്തികൾ ഓരോ ദിവസവും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.


കേന്ദ്ര -സംസ്ഥാന ഭരണാധികാരികൾ സൃഷ്ടിച്ചഅപകടകരമായ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായി വിദ്യാഭ്യാസ സ്നേഹികളുടെ പ്രക്ഷോഭവും ഇതോടൊപ്പം വളർന്നുവരുന്നു. അപ്പോൾ, മേൽസൂചിപ്പിച്ച പ്രക്ഷുബ്ധമായ മേഖലകൾ വിരൽചൂണ്ടുന്നത് സകലമാന മനുഷ്യരും ജനകീയ സമരത്തിന്റെ വഴിയിൽ ഒത്തുചേരുക എന്നതിന്റെ ആവശ്യകതയിലേക്കാണ്.ഏകോപിതമായ പ്രക്ഷോഭങ്ങളാണ് വരുംനാളുകളിൽ അനിവാര്യമായും ഉയർന്നുവരേണ്ടത്. വേറിട്ട സമര മേഖലകൾ എല്ലായിടത്തും നിത്യവും ഉയർന്നുവരുന്നുണ്ട്. വ്യത്യസ്ത പ്രശ്ന മേഖലകളെയാണ് ആ സമരങ്ങൾ അഭിസംബോധന ചെയ്യുന്നത്. എന്നാൽ,യഥാർത്ഥത്തിൽ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം നമ്മുടെ സമൂഹത്തിലെ മുതലാളിത്ത വ്യവസ്ഥിതി ആണെന്ന കാര്യം പലരും ആഴത്തിൽ മനസ്സിലാക്കുന്നില്ല. ചെറുകിട കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വ്യവസായ തൊഴിലാളികളുടെയുമെല്ലാം പ്രശ്നങ്ങളുടെ ഉറവിടം ഈ മുതലാളിത്ത ഭരണകൂടമാണ്. ഒരുപിടി വരുന്ന കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾക്ക് വേണ്ടി രാജ്യത്തെ ബഹുജനങ്ങളെ ബലി കൊടുക്കുക എന്ന ഫാസിസ്റ്റ് നയമേ ഈ വ്യവസ്ഥിതിയിൽനിന്ന് പ്രതീക്ഷിക്കാനാവൂ.


എന്നാൽ കർഷകരും തൊഴിലാളികളും യുവജനങ്ങളും വനിതകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ഒറ്റക്കെട്ടായി പൊരുതാൻ ഇറങ്ങിയാൽ ചൂഷക വാഴ്ചയുടെ നെടുംതൂണുകൾ ആടി മറിയുന്നത് കാണാം. ജനാധിപത്യ ബഹുജന പ്രക്ഷോഭങ്ങളിൽനിന്ന് യഥാർത്ഥ കമ്മ്യൂണിസ്റ്റ് കേഡർമാർ ഉയർന്നു വരട്ടെ. ഇതിനകം പാർലമെന്ററി രാഷ്ട്രീയം പതനത്തിന്റെ പടുകുഴിയിൽ വീണു കഴിഞ്ഞു. മറുവശത്ത്, ജനസമര രാഷ്ട്രീയം നാൾക്കുനാൾ ഉദിച്ചുയരുകയും ചെയ്യുന്നു. സമര കാലത്താണ് ജനങ്ങൾ വിശേഷിച്ചും തൊഴിലാളിവർഗ ശ്രേണിയില്‍പ്പെട്ടവർ അവരുടെ പ്രസ്ഥാനം ഏതെന്ന് കണ്ടെത്തുന്നത്.ഒപ്പം യഥാർത്ഥ വിപ്ലവശക്തി ഏതെന്ന് ചൂഷിതരായ ഇതര ജനവിഭാഗങ്ങളും തിരിച്ചറിയുന്ന കാലം അകലെയല്ല.

Share this post

scroll to top