ഫ്രീഡം ഹൗസ്, വി-ഡെം ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ടുകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ തകർച്ച തുറന്നുകാട്ടുന്നു

unnamed.jpg
Share

ഇ ന്ത്യ, ജനാധിപത്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് ഭരണകക്ഷി നേതാക്കളും വോട്ടു ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രതിപക്ഷവും വ്യവസ്ഥിതിയുടെ വക്താക്കളുമെല്ലാം ദിനംതോറുമെന്നോണം അലമുറയിട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, കരുണയില്ലാത്ത മുതലാളിത്ത ചൂഷണ യന്ത്രത്തിനടിയിൽ ഞെരിഞ്ഞമരുന്ന അസംഖ്യം ഇന്ത്യാക്കാർക്ക് അവരുടെ ജീവിതാനുഭവങ്ങൾ കൊണ്ടുതന്നെ എന്തുതരത്തിലുള്ള ജനാധിപത്യമാണിവിടെയുള്ളതെന്ന് മനസ്സിലാക്കാൻ കഴിയും. പാർലമെന്ററി ജനാധിപത്യത്തിന്റെ മുഖം മൂടിയണിഞ്ഞു കൊണ്ട് രാജ്യത്തിനുമേൽ പിടിമുറുക്കിയിരിക്കുന്നത് ഫാസിസ്റ്റ് സ്വേഛാധിപത്യമാണ്.

ഫ്രീഡം ഹൗസിന്റെ കണ്ടെത്തലുകൾ

യു.എസ് കേന്ദ്രിതമായ ‘ഫ്രീഡം ഹൗസും’ സ്വീഡനിലെ വി-ഡെം(V-Dem) ഇൻസ്റ്റിറ്റ്യൂട്ടും പൊതു ഇടത്തിൽ സമർപ്പിച്ച ഏതാനും റിപ്പോർട്ടുകൾ സ്ഥാപിക്കുന്നത് ഇന്ത്യയിലെ ജനാധിപത്യമെന്നത് യഥാർത്ഥത്തിൽ ഒരു ഹാസ്യ ചിത്രം പോലെയായിട്ടുണ്ട് എന്നാണ്.
ആഗോള തലത്തിലെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ഗവേഷണം നടത്തുന്ന ‘ഫ്രീഡം ഹൗസ്’, ‘ലോകത്തെ സ്വാതന്ത്ര്യം 2021 – ജനാധിപത്യം ഉപരോധത്തിൽ’ എന്ന തലക്കെട്ടോടെ, ആഗോള രാഷ്ട്രീയാവകാശങ്ങളെക്കുറിച്ചും പൗരസ്വാതന്ത്ര്യത്തെക്കുറിച്ചും പ്രസിദ്ധീകരിച്ച ഒടുവിലത്തെ വാർഷിക റിപ്പോർട്ട് പ്രകാരം ഒരു ജനാധിപത്യ വ്യവസ്ഥയും സ്വതന്ത്ര സമൂഹവും എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം താഴേക്കു പോയിരിക്കുന്നു. ആ റിപ്പോർട്ട് ഇന്ത്യയെ ‘സ്വതന്ത്ര രാജ്യം’ എന്നതിൽ നിന്ന് ‘ഭാഗികമായ സ്വാതന്ത്യമുള്ള രാജ്യം’ എന്ന നിലയിലേക്ക് താഴ്ത്തിയിരിക്കുന്നു.
ഇന്ത്യയുടെ അടിസ്ഥാന ജനാധിപത്യമൂല്യങ്ങളായ ഉൾക്കൊള്ളലിനെയും എല്ലാവർക്കുമുള്ള തുല്യാവകാശങ്ങളെയും അവഗണിച്ചു കൊണ്ട് മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ഭരണത്തിൻകീഴിൽ, ഹിന്ദു ദേശീയ താല്പര്യങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2014ൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ മേലുള്ള വർദ്ധിതമായ സമ്മർദ്ദം, പത്രപ്രവർത്തകരെയും പ്രക്ഷോഭകരെയും ഭയപ്പെടുത്തൽ, സർക്കാരിനെ വിമർശിക്കുന്നവർക്കും മതന്യൂനപക്ഷങ്ങൾക്കും – മുസ്ലീങ്ങൾ – എതിരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ഇവയെല്ലാം രാഷ്ട്രീയ, പൗര സ്വാതന്ത്ര്യങ്ങളെ ക്ഷയിപ്പിക്കുകയും ഇന്ത്യയിൽ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെ ഭീഷണിയിലാക്കുകയും ചെയ്തിരിക്കുന്നതായി റിപ്പോർട്ട് പറയുന്നു. മോഡി – ബിജെപി സർക്കാർ കേന്ദ്രത്തിൽ രണ്ടാം തവണ അധികാരത്തിലെത്തിയതിന് ശേഷമാണ് ജനാധിപത്യ നിലവാരത്തിലെ ഈ തകർച്ചയ്ക്ക് വേഗം കൂടിയതെന്നും റിപ്പോർട്ട് തുടർന്നുപറയുന്നു. മോഡിസർക്കാരും അതിന്റെ ഉപദേഷ്ടാക്കളായ ആർഎസ്എസ് – സംഘപരിവാറും സാമ്പത്തികമായും സാമൂഹികമായും അരികുവല്കരിക്കപ്പെട്ട മുസ്ലീങ്ങളെയും ദളിത് വിഭാഗങ്ങളെയും ആദിവാസികളെയും ബാധിക്കുന്ന വിവേചനപരമായ നയങ്ങളും വർദ്ധിതമായ ആക്രമണങ്ങളുമായി മുന്നോട്ടു പോകുന്നതിനെ തുർന്നാണി ങ്ങനെ സംഭവിക്കുന്നത്. ലോകമെമ്പാടുമുള്ള മുതലാളിത്ത രാജ്യങ്ങൾ വിശിഷ്യാ സാമ്രാജ്യത്വ ശക്തികൾ, കൂടുതലൂന്നിപ്പറഞ്ഞാൽ ലോകമുതലാളിത്ത-സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള യുഎസ് എയും അതിന്റെ ഏറ്റവുമടുത്ത മുതലാളിത്ത – സാമ്രാജ്യത്വ മിത്രവും ഉയർന്നുവരുന്ന ഒരു വൻശക്തിയുമായ ഇന്ത്യയും ജനാധിപത്യമൂല്യങ്ങൾക്ക് തരിമ്പും വിലകല്പിക്കാതിരിക്കുക വഴി ആഗോള ജനാധിപത്യ സ്ഥാപനങ്ങളുടെ ആപൽക്കരമായ അപചയത്തിന് വഴിവയ്ക്കുകയും വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളുമുൾപ്പടെയുള്ള മനുഷ്യാവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും കനത്ത പ്രഹരമേല്പിക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ട് വെളിവാക്കുന്നു.


“ഉത്തർപ്രദേശിലെ പ്രമുഖപള്ളിയായ ബാബറി മസ്ജിദ് നിയമവിരുദ്ധമായി തകർക്കുന്നതിന് നേതൃത്വം കൊടുത്തവരെന്ന് കുറ്റം ചാർത്തപ്പെട്ട 32 പേരെ, അവരുടെ കുറ്റകൃത്യത്തെ സാധൂകരിക്കുന്ന തെളിവുകളുണ്ടായിട്ടും കഴിഞ്ഞ സെപ്തംബർ മാസത്തിൽ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. അങ്ങനെ വെറുതെ വിട്ടവരിൽ വളരെ പ്രമുഖരായ ബിജെപി നേതാക്കളും ഉൾപ്പെടുന്നു. ഇതിനും ഒരു മാസം മുമ്പ്, നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ 2019ൽ വന്ന സുപ്രീംകോടതിവിധി, പള്ളി നിന്ന സ്ഥലത്ത് ഒരമ്പലം പണിയാനനുമതി കൊടുത്തതിനുശേഷം മോഡി ഒരു പുതിയ ക്ഷേത്രത്തിനു തറക്കല്ലിടുകയും ചെയ്തു. നിയമവിരുദ്ധമായ തകർക്കലിനു മുമ്പ് നൂറ്റാണ്ടുകളായി പ്രസ്തുത സ്ഥലത്ത് പള്ളി നിലകൊള്ളുന്നുണ്ടായിരുന്നു”, അയോദ്ധ്യയിലെ രാമക്ഷേത്രനിർമ്മാണത്തെക്കുറിച്ചു ഫ്രീഡം ഹൗസ് റിപ്പോർട്ട് പറയുന്നു. കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാനായി ഏർപ്പെടുത്തിയ ചിന്താശൂന്യമായ ദേശീയ അടച്ചിടലിനെക്കുറിച്ചും റിപ്പോർട്ട് പറയുന്നുണ്ട്. നഗരങ്ങളിൽ അടിസ്ഥാന ജീവനോപാധികളും സേവനങ്ങളും പ്രാപ്യമല്ലാതിരുന്നതിനാൽ ഈ അടച്ചിടലിൽ അനേകം തൊഴിലാളികൾ നൂറു കണക്കിനു മൈലുകൾ നടന്നു പോകാൻ നിർബ്ബന്ധിതരായി.

വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെളിപ്പെടുത്തലുകൾ

ഫ്രീഡം ഹൗസ് റിപ്പോർട്ടിന് വളരെയൊന്നും മുമ്പല്ലാതെ, സ്വീഡൻ ആസ്ഥാനമായ വെറൈറ്റീസ് ഓഫ് ഡമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് (വി-ഡെം) നടത്തിയ ഒരു വിശകലനാത്മക ഗവേഷണത്തിന്റെ കണ്ടെത്തലിൽ പറയുന്നത്, ഇന്ത്യ ‘തിരഞ്ഞെടുപ്പിലൂടെയുള്ള സ്വേഛാധിപത്യം’ എന്ന നിലയിലേക്കെത്തിയിരിക്കുന്നുവെന്നും ഭരിക്കുന്ന ബിജെപി ‘സ്വേഛാധിപത്യത്തിലെ ലക്ഷണമൊത്ത ഭരണപാർട്ടി’യ്ക്കു സമാനമായിട്ടുണ്ടെന്നുമാണ്. ഈ ഗവേഷണ സ്ഥാപനത്തിന്റെ അഭിപ്രായപ്രകാരം നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയതിനുശേഷം സെൻസർഷിപ്പ് ശ്രമങ്ങൾ ഒരു പതിവു നടപടിയായിട്ടുണ്ടെന്നും അവ സർക്കാർ കാര്യങ്ങളിൽമാത്രം ഒതുങ്ങുന്നില്ല എന്നുമാണ്. 2019ൽ ഭേദഗതി ചെയ്ത യുഎപിഎ നിയമം രാഷ്ട്രീയ എതിരാളികളെയും സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെയും പീഡിപ്പിക്കാനും ഭയപ്പെടുത്താനും ജയിലിലടയ്ക്കാനുംവരെ ഉപയോഗിക്കുന്നു. “അക്കാദമിക്ക് രംഗത്തുള്ളവരുടെ ഭിന്നാഭിപ്രായങ്ങളെ നിശ്ശബ്ദമാക്കാനും യുഎപിഎ ഉപയോഗിക്കുന്നു” എന്നും ഇതു പറയുന്നു. “പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെയും പ്രക്ഷോഭകരെയും യൂണിവേഴ്സി റ്റികളും അധികാരികളും ശിക്ഷിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി പറയപ്പെടുന്ന രാജ്യത്തെ ‘തിരഞ്ഞെടുപ്പിലൂടെയുള്ള സർവ്വാധിപത്യത്തിലേക്ക് ‘ അധഃപതിപ്പിക്കുന്ന കാര്യങ്ങളിൽ ഈ സംഭവങ്ങളുമുൾപ്പെടുന്നുണ്ട് “, റിപ്പോർട്ട് പറയുന്നു. 2014ന് ശേഷം ദേശദ്രോഹം ചുമത്തിയുള്ള കേസുകൾ ക്രമരഹിതമായി വർദ്ധിക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.


പ്രതിഷേധങ്ങൾക്കെതിരെയുള്ള അടിച്ചമർത്തലും അന്വേഷണ ഏജൻസികളുടെ ദുരുപയോഗവും അവലംബിക്കുകയാണ് മോഡി സർക്കാർ. ജനാധിപത്യത്തിന് നേരെയുള്ള വർദ്ധിതമായ ഉദാസീനതയ്ക്ക് രണ്ടു ഘടകങ്ങൾ കാരണമാകുന്നുവെന്ന് റിപ്പോർട്ട് ആനുഷംഗികമായി സൂചിപ്പിക്കു ന്നുണ്ട്. ഒന്നാമതായി, ജനപ്രിയ ദേശീയവാദം ആധിപത്യമുറപ്പിക്കുകയും തെരഞ്ഞെടുപ്പു കാലത്തു ഭരണകർത്താക്കൾ പ്രീണനങ്ങളും ആനുകൂല്യങ്ങളും ചൊരിയുകയും ചെയ്യുമ്പോൾ ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കാനും ഉത്തരവാദിത്തമുളളവരാകാൻ നേതാക്കളെ നിർബ്ബന്ധിക്കാനും ആരാണ് ശ്രദ്ധിക്കുന്നത് ? വീണ്ടും, പൊതുജീവിതം അങ്ങേയറ്റം ധ്രുവീകരിക്കപ്പെടുമ്പോൾ, സ്വാതന്ത്ര്യത്തിന് സംഭവിക്കുന്ന അപകടമെന്നെന്തെന്നതിനെക്കുറിച്ച് ഒരു യോജിപ്പിലെത്തുക ഏറെക്കുറെ അസാദ്ധ്യമായി മാറുകയും ചെയ്യും. പ്രണയബന്ധത്തിലും വിവാഹത്തിലുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ അടിസ്ഥാനപരമായി തടയുന്ന ‘ലവ് ജിഹാദ് നിയമ’ത്തെക്കുറിച്ചും റിപ്പോർട്ട് സൂചിപ്പിക്കു ന്നുണ്ട്. മോഡി സർക്കാരിന്റെ സ്വേഛാധിപത്യത്തിനെതിരെ അന്താരാഷ്ട്ര സ്ഥാപനങ്ങൾ ആഞ്ഞടിക്കുമ്പോൾ ബിജെപി സർക്കാർ പ്രകടമായ കാരണങ്ങൾ കൊണ്ടു തന്നെ അത്തരം റിപ്പോർട്ടുകൾക്കെതിരെ ശകാരം ചൊരിയുകയാണ്. അത്ഭുതമൊന്നുമില്ല, അഭിപ്രായസ്വാതന്ത്ര്യം പോലുള്ള കാര്യങ്ങളിൽ, പ്രത്യേകിച്ച് നിയമവാഴ്ച്ചയുടെ കാര്യത്തിൽ ഇന്ത്യയുടെ നില യുഎസ്എയുടെതി നേക്കാൾ താഴെയാണെന്നും മേൽപ്പറഞ്ഞ റിപ്പോർട്ടു സൂചിപ്പിക്കുന്നുണ്ട്. (സ്വന്തം തോന്നലിനനുസരിച്ച് നിയമവാഴ്ച്ചയെ വളച്ചൊടിക്കാൻ ശ്രമിച്ച മുൻ പ്രസിഡന്റ് ട്രംപിന്റെ വെറിപിടിച്ച ശ്രമങ്ങൾ പരാജയപ്പെട്ടതെങ്ങനെയെന്ന് സമീപകാല സംഭവങ്ങളിൽ വെളിപ്പെട്ടതുപോലെ).

ഇത്തരം ദുർവൃത്തികൾ തെരഞ്ഞെടുപ്പുകളിൽ
തിരിച്ചടി നേരിടുന്നില്ല

ജനാധിപത്യത്തിന്റെ ഈ ചിട്ടയായ സമ്പൂർണ്ണനശീകരണം തെരഞ്ഞെടുപ്പുഫലങ്ങളെ സ്വാധീനിക്കുന്നില്ല എന്നതിലും ബിജെ പി രണ്ടാമതും അധികാരത്തിലെത്തിയെന്നതിലും വി-ഡെം റിപ്പോർട്ട് അത്ഭുതം കൊള്ളുന്നുണ്ട്. അവർക്കു് സത്യത്തിലേക്കെത്താൻ കഴിയാത്തതിവിടെയാണ്. തിരഞ്ഞെടുപ്പിലൂടെയുള്ള ഒരു സ്വേഛാധിപത്യമായി മാറാൻ പാകത്തിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുമ്പോൾ എങ്ങനെയാണ് തെരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിപൂർവ്വവുമാകുക? അതോ, പണവും പേശീബലവും മാധ്യമങ്ങളെയും ഉപയോഗിച്ചുകൊണ്ട് അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതങ്ങൾക്കനുസരിച്ച് അവ സ്വാധീനിക്കപ്പെടുന്നതോ? തെരഞ്ഞെടുപ്പു കൃത്രിമം എന്നതു മുതലാളിത്ത രാജ്യങ്ങളിലെ ഒരു ആഗോള പ്രതിഭാസം തന്നെയായിട്ടുണ്ട്. റിമോട്ട് കൺട്രോൾ വഴിയും മുൻകൂട്ടി തയാറാക്കപ്പെട്ട പ്രോഗ്രാമുകൾ സ്ഥാപിച്ചുമെല്ലാം തെരഞ്ഞെടുപ്പുഫലങ്ങളെ അട്ടിമറിക്കുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളുമുണ്ട്. ഇന്ത്യയും അതിനൊരപവാദമല്ല. തെരഞ്ഞെടുപ്പുകാലത്ത് വ്യവസ്ഥിതിയുടെ സംരക്ഷകരായ പാർട്ടികളുടെ ബലാൽക്കാരേണയുള്ള അധികാര പ്രയോഗത്തോട് സാധാരണക്കാർ ഇക്കാലങ്ങളിലൂടെ പൊരുത്തപ്പെട്ട് വരികയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കൃത്രിമം കാട്ടി ജനഹിതത്തെ അട്ടിമറിക്കുന്നതിനോട് പരിചിതരാകുകയും ചെയ്തിരിക്കുന്നു. നിയമാനുസൃതം രൂപീകരിക്കപ്പെട്ട സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെ ഭരണകക്ഷിയുടെ വാക്കുകളുരുവിടുന്നവരായും അവരുടെ ചൊൽപ്പടിക്ക് വിധേയരായി പ്രവർത്തി ക്കുന്നവരായും മാറുന്നുവെന്നതും ജനങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ്. ഇത്തരം തെരഞ്ഞെടുപ്പ് പ്രഹസനങ്ങൾക്ക് പ്രതിവിധിയൊന്നും കാണാത്തതിനാലും തെരഞ്ഞെടുപ്പുപ്രകിയയിലും അതു നടത്തുന്നവരിലുമുള്ള അപചയത്തിന്റെ കാരണം മനസ്സിലാക്കാനാവശ്യമായ രാഷ്ട്രീയ ബോധത്തിന്റെ ദയനീയമായ അഭാവത്താലും, വലിയൊരളവിൽ അവർ തെരഞ്ഞെടുപ്പുകളോട് വിമുഖരായിരിക്കുന്നു. മറിച്ച്, ദുരിതവും ദാരിദ്ര്യവുംകൊണ്ട് വശപ്പെട്ട ജനങ്ങൾ തങ്ങൾക്ക് ഇല്ലായ്മയും നിരാസവും വിവേചനവുമല്ലാതെ യാതൊന്നും ലഭിക്കാനില്ല എന്ന് ചിന്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പിന്റെ മണികിലുക്കം കേൾക്കുകയും ബൂർഷ്വാ പാർലമെന്ററി പാർട്ടികൾ പണമോ രണ്ട് നേരത്തെ ആഹാരമോ ആനുകൂല്യങ്ങളോ വാഗ്ദാനം ചെയ്യുമ്പോൾ അവരത് സ്വീകരിച്ചുകൊണ്ട് ആ പാർട്ടികളുടെ പിന്നിലണിനിരക്കുകയും ചെയ്യുന്നു. തങ്ങളുടെ ദുസ്ഥിതിയ്ക്കും ദുരിതത്തിനും നിസ്സഹായാവസ്ഥയ്ക്കുംമേൽ താണ്ഡവമാടിക്കൊണ്ട് സമ്പത്തും അധികാരവും നേടിയെടുക്കാനായി ഈ വോട്ടുതേടിപ്പക്ഷികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന കുറ്റകരമായ കൈക്കൂലിയാണിവയെന്നതോ പോകട്ടെ, വഞ്ചനയുടെ ഉയർന്ന രൂപമാണെന്ന വസ്തുതപോലും മനസ്സിലാക്കാതെയാണവരിത് ചെയ്യുന്നതു്.

ബൂർഷ്വാ ജനാധിപത്യത്തിന്റെ അപചയം അനിവാര്യമാണ്

ചൂഷണാധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയുടെ പ്രവർത്തന നിയമങ്ങൾക്കനുസരിച്ച് ലോകമുതലാളിത്തം പരിഹരിക്കാനാകാത്ത പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് നിപതിച്ചിരിക്കുമ്പോൾ മുതലാളിത്തത്തിന്റെ ഉപരിഘടന എന്ന നിലയിൽ പാർലമെന്ററി ജനാധിപത്യവും ജീർണ്ണിക്കാതെ വയ്യ എന്ന സത്യം അടിച്ചമർത്തപ്പെടുന്ന അദ്ധ്വാന വർഗ്ഗവും കർഷകരും പണിയെടുക്കുന്ന മറ്റു വിഭാഗം ജനങ്ങളും ഉൾക്കൊള്ളേണ്ടതാണ്. അഴുകിയ ബൂർഷ്വാ ജനാധിപത്യത്തിൽ പ്രതീക്ഷയർപ്പിക്കുക എന്നത് മൂഢതയുടെ പാരമ്യമായിരിക്കും. ഭരിക്കുന്ന മുതലാളി വർഗ്ഗം തങ്ങളുടെ മരണമടുത്തതും ജീർണ്ണിച്ചതുമായ ഭരണത്തിന് ആയുസ്സ് നീട്ടിയെടുക്കാനായി പാർലമെന്ററി ജനാധിപത്യത്തിന്റെ എല്ലാ അന്തഃസത്തയും ഇല്ലായ്മ ചെയ്യുകയും ജനങ്ങളുടെ എല്ലാ ജനാധിപത്യാവകാശങ്ങളും നിഷേധിക്കുകയും ജനാധിപത്യ രീതികളെയും മൂല്യങ്ങളെയും കീഴ് വഴക്കങ്ങളെയും കാൽക്കീഴിൽ ഞെരിക്കുകയും ചെയ്യും. വി – ഡെം റിപ്പോർട്ടും ഫ്രീഡം ഹൗസ് റിപ്പോർട്ടും ഈ യാഥാർത്ഥ്യത്തെ സാധൂകരിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ജനാധിപത്യത്തിന്റെ അപചയത്തിനുപിന്നിലുള്ള സുനിശ്ചിതമായ കാരണത്തിലേക്കവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. നമുക്കറിയാം; അവർക്കതിന് കഴിയില്ല. കാരണം മുതലാളിത്തത്തിനപ്പുറത്തേക്ക് ചിന്തിക്കാനവർക്ക് കഴിയില്ല. പക്ഷേ മുതലാളിത്തത്തിന്റെ ചട്ടക്കൂട് നിലനില്ക്കെ, ജനാധിപത്യത്തിന്റെ ഈ കീഴ്മേൽമറിച്ചിലിനെ തടയാൻ ഒരു മാന്ത്രികവടികൊണ്ടും കഴിയില്ല എന്ന് ഇന്ത്യയിലേതുൾപ്പടെ ലോകത്തെ അടിച്ചമർത്തപ്പെടുന്ന ജനങ്ങൾ മനസ്സിലാക്കണം. ഗുണപരമായ മാറ്റത്തിന് അവശ്യം വേണ്ടുന്ന എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ടു്, ചരിത്രപരമായി നിർണ്ണയിക്കപ്പെട്ട പാതയിലൂടെ മുന്നേറി മുതലാളിത്ത വ്യവസ്ഥിതിയെ വിപ്ലവകരമായി തകർത്തെറിഞ്ഞ് അതിന്റെ സ്ഥാനത്ത് മനുഷ്യർ മനുഷ്യരെ ചൂഷണം ചെയ്യാത്ത സോഷ്യലിസ്റ്റ് വ്യവസ്ഥിതി സ്ഥാപിക്കു ന്നതിലൂടെയേ മുതലാളിത്ത നുകത്തിൻകീഴിൽനിന്നുള്ള മോചനം സാദ്ധ്യമാകൂ.

Share this post

scroll to top