ലോക്‌സഭാ തെരഞ്ഞെടുപ്പ് : രാഷ്ട്രീയം കൈവെടിഞ്ഞ പ്രചാരണം; നിസ്സംഗതയിലാഴ്ന്ന ജനങ്ങള്‍

PUKBSVJBINKTBHWH6NSXNGBZFM-scaled.jpg

Supporters of India's ruling Bharatiya Janata Party (BJP) carry a hoarding of Indian Prime Minister Narendra Modi and Union Minister of Home Affairs Amit Shah for celebrations after winning three out of four states in key regional polls outside the party headquarters in Ahmedabad, India, December 3, 2023.REUTERS/Amit Dave

Share

പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പോളിംഗ് ഏപ്രില്‍ 26ന് നടന്നുകഴിഞ്ഞു. ഇതരസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ജൂണ്‍ ഒന്നിനുള്ളിലേ പൂര്‍ത്തിയാകൂ. വോട്ടെണ്ണല്‍ ജൂണ്‍ നാലിനും. ഓരോ ദിനം കഴിയുന്തോറും നാടിന്റെ ജനാധിപത്യപ്രക്രിയ അടിമുടി ഒരു പ്രഹസനമായി മാറുന്നുവെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ദൃശ്യമാകുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ക്രമേണ അസ്തമിക്കുകയാണ്. കണക്കറ്റ അഴിമതിപ്പണവും മൃഗീയമായ അധികാരവും ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയെ ഒന്നാകെ അട്ടിമറിക്കുകയാണ് നരേന്ദ്ര മോദിയും സംഘവും.


അടിമുടി വ്യാജമായ പ്രസ്താവന നടത്തിക്കൊണ്ട് രാജ്യത്തെ ഇരുപത് കോടി വരുന്ന ഒരു ജനവിഭാഗത്തിനുനേരെ വെറുപ്പ് പടര്‍ത്തി രാജസ്ഥാനിലെ ബന്‍സ്വാരയില്‍ പ്രസംഗിച്ച നരേന്ദ്ര മോദിക്കെതിരെ ചെറുവിരലനക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല. ഗുജറാത്തിലെ സൂറത്തില്‍ ബിജെപി നേടിയ എതിരില്ലാത്ത വിജയം രാജ്യത്തിന്റെ ജനാധിപത്യഘടനയുടെ മുഖത്തേറ്റ പ്രഹരമാണ്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെക്കൊണ്ട് അവസാന നിമിഷം പത്രിക പിന്‍‌വ ലിപ്പിച്ച മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഭീഷണിയും സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളും പ്രയോഗിച്ച് ഇതര സ്ഥാനാര്‍ത്ഥികളുടെയും പത്രിക പിന്‍വലിപ്പിക്കാന്‍ ബിജെ പി നടത്തിയ എല്ലാ സീമകളും വിട്ട മുഷ്‌കിനെ എസ്‌യുസിഐ(കമ്യൂണിസ്റ്റ്)ന്റെ ഇന്‍ഡോറിലെ സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തി. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പിട്ട പത്തുപേരില്‍ ഒരാളുടെയെങ്കിലും പിന്തുണ ഇല്ലാതാക്കാന്‍ ബിജെപി പയറ്റിയ കുതന്ത്രങ്ങളെല്ലാം പാര്‍ട്ടി സഖാക്കളുടെ മുമ്പില്‍ നിഷ്ഫലമായി. അങ്ങിനെ എതിരില്ലാത്ത വിജയം ഇന്‍ഡോറില്‍ ആവര്‍ത്തിക്കാന്‍ നമ്മുടെ പാര്‍ട്ടി അനുവദിച്ചില്ല. പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ ഇതര കക്ഷിനേതാക്കളെയും വിലക്കെടുത്തും കൂറുമാറ്റിച്ചും രാഷ്ട്രീയ ധാര്‍മ്മികതയെ അധികാരബൂട്ടുകള്‍ക്കു കീഴില്‍ ചവിട്ടിയരക്കുകയാണ് ബജെപി. പോളിംഗിന്റെ അവസാന തീയതിയായ ജൂണ്‍ ഒന്നിനുമുമ്പ് എന്തെല്ലാം ജനാധിപത്യധ്വംസനങ്ങള്‍ക്കും രാഷ്ട്രീയ സദാചാരരാഹിത്യത്തിനും സാക്ഷിയാകേണ്ടിവരുമെന്ന് ആര്‍ക്കും സങ്കല്‍പ്പിക്കാനാവില്ല.


മനംമടുത്ത ജനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് അകലുന്നു


സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലെയും പോളിംഗിനേക്കാള്‍ 6 ശതമാനത്തോളം ഇടിവ് ഇത്തവണ ഉണ്ടായിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേളയില്‍ എവിടെയും ദൃശ്യമായ നിര്‍വ്വികാരതയും താല്‍പ്പര്യരാഹിത്യവും പോളിംഗിലും തുടരുകയാണു ണ്ടായത്. ജനകീയ ഉല്‍സവമെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മീഷന്‍ ജനങ്ങളെ വോട്ടിംഗിലേക്കുകൊണ്ടുവരാനായി കോടികള്‍ മുടക്കി ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനായി പത്ര-ചാനല്‍ പരസ്യങ്ങള്‍, വഴിനീളെ ഡോക്കുമെന്ററി പ്രദര്‍ശനങ്ങള്‍, യുവാക്കളെ ആകര്‍ഷിക്കാനായി സംഗീതപരിപാടികള്‍ തുടങ്ങിയ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു. പത്രങ്ങളും ഇലക്‌ട്രോണിക് മാധ്യമങ്ങളും പരമാവധി എരിവും പുളിയും മസാലയും ചേര്‍ത്ത് തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ വിളമ്പി. ജനങ്ങളെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ ഇത്രയൊക്കെ ചെയ്തിട്ടും കാര്യമായ ഒരു ചലനവും സൃഷ്ടിക്കപ്പെട്ടില്ല. വലിയൊരു വിഭാഗം ജനങ്ങളും വോട്ടിംഗില്‍നിന്ന് വിട്ടുനിന്നു. ഒന്നും രണ്ടും ഘട്ടങ്ങളില്‍ വടക്കേ ഇന്ത്യയില്‍ പോളിംഗ് ശതമാനം ശരാശരി അറുപത് ശതമാനമാണ്. ഇനി അവശേഷിക്കുന്ന അഞ്ച് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പിന്റെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണത്തിലും ജനങ്ങള്‍ ഒരു താല്‍പ്പര്യവും കാട്ടുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പെന്ന രാഷ്ട്രീയപ്രക്രിയയില്‍ ആകെത്തന്നെയും കഠിനമായ നിരാശയും അസംതൃപ്തിയും പ്രതിഷേധവുമാണ് ജനങ്ങളില്‍ പ്രകടമാകുന്നത്.
ഏഴിലധികം പതിറ്റാണ്ടുകളായി വ്യവസ്ഥാപിത പാര്‍ലമെന്ററി പാര്‍ട്ടികളുടെ സീമകളില്ലാത്ത വഞ്ചനക്കും കാപട്യത്തിനും ജനങ്ങള്‍ ഇരകളായിക്കൊണ്ടിരിക്കുകയാണ്. നഗ്നമായ വാഗ്ദാനലംഘനം നടത്തിയതിനുശേഷം പ്രകടനപത്രികകള്‍ തിരഞ്ഞെടുപ്പ് ജുംല മാത്രമല്ലേ, അതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ എന്നുചോദിച്ച് മുഖമടച്ച് പ്രഹരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ജനങ്ങളെ ക്ഷമയുടെ നെല്ലിപ്പലകയിലെത്തിച്ചിരിക്കുന്നു. ആവര്‍ത്തിക്കപ്പെട്ട തിരഞ്ഞെടുപ്പുകള്‍ക്കും വിജയങ്ങള്‍ക്കും ശേഷം നിസ്സഹായരായ മനുഷ്യരുടെ ദുരിതങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും തങ്ങളുടെ ജീവിതയാതനകള്‍ക്ക് ഒരവസാനവമുണ്ടാകില്ല എന്ന ഉറച്ച ബോധ്യം കഴിഞ്ഞകാല അനുഭവങ്ങളിലൂടെ ജനങ്ങളില്‍ ചെറുതെങ്കിലും ഒരു വിഭാഗത്തിനുണ്ടായിരിക്കുന്നു. ഈ ബോധ്യത്തില്‍നിന്ന് ഉടലെടുക്കുന്ന നിരാശയും ഉദാസീനതയും ജനാധിപത്യപ്രക്രിയയില്‍ നിന്ന് ആകെ അകന്നുനില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.


രാജ്യത്തിന്റെ ഭാവിതന്നെ നിര്‍ണ്ണയിക്കപ്പെടുന്ന ഘട്ടത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലാണ് ഈയളവിലുള്ള നിസംഗതയും മടുപ്പും ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്. എത്രയും വേഗം നിഷ്‌കാസിതമാക്കേണ്ടുന്ന ഒരു രാഷ്ടീയകക്ഷി മൂന്നാമതും ഭരണത്തിലെത്താന്‍ ഏറ്റവും നീചമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സബോധമായ പങ്കാളിത്തവും ഇടപെടലും എത്രയോ അനിവാര്യമായിരുന്നു. എന്നാല്‍ നമ്മള്‍ അതു കണ്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കേന്ദ്രാധികാരത്തിലുള്ള ബിജെപിയുടെ നയങ്ങള്‍ക്കെതിരെ ജനങ്ങളെ ആകെ തെരുവിലണിനിരത്തുന്ന ഒരു ജനാധിപത്യമുന്നേറ്റത്തിന്റെ അന്തരീക്ഷത്തിലാണ് ഈ തിരഞ്ഞെടുപ്പ് വന്നിരുന്നതെങ്കില്‍ പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയും ജനങ്ങള്‍ ഇതില്‍ പങ്കെടുക്കുമായിരുന്നു. തിരഞ്ഞെടുപ്പും ജനാധിപത്യപ്രക്ഷോഭത്തിന്റെ അവിഭാജ്യമായ ഘടകമായി മാറുന്നതിലൂടെ ജനങ്ങളുടെ സക്രിയമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുമായിരുന്നു. അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതേയില്ല. ഭരിക്കുന്ന കക്ഷിയോടുള്ള വെറുപ്പും വിദ്വേഷവും മുതലെടുത്തു കൊണ്ട് അധികാരത്തില്‍ വരാന്‍ വെമ്പുന്ന പ്രതിപക്ഷവും വഞ്ചനയുടെ രാഷ്ട്രീയം തന്നെയാണ് അനുവര്‍ത്തിക്കുന്നതെന്ന ബോദ്ധ്യത്തിന്റെ പ്രതിഫലനമാണ് കേരളത്തിലുള്‍പ്പടെ ഒരു വിഭാഗം ജനങ്ങളില്‍ നാം ദര്‍ശിച്ച നിര്‍വ്വികാരത.


എല്‍ഡിഎഫ് സര്‍ക്കാരിന്റെ വലതുനയങ്ങളില്‍ നിരാശരായ
ഇടതുപക്ഷ വിശ്വാസികള്‍


നമ്മുടെ സംസ്ഥാനത്തെ സവിശേഷമായ രാഷ്ട്രീയ സാഹചര്യം ജനങ്ങളുടെ മടുപ്പിന്റെ ആഴമേറ്റുന്നു. പ്രമുഖ എതിരാളികളെന്ന നിലയില്‍ പരസ്പരം ഏറ്റുമുട്ടുന്ന യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളിലെ ഘടകകക്ഷികള്‍ നമ്മുടെ സംസ്ഥാനത്തിനു പുറത്ത് ഒറ്റ മുന്നണിയായാണ് മല്‍സരിക്കുന്നത്. അവര്‍ തമ്മിലുള്ള മല്‍സരത്തിന്റെ രാഷ്ട്രീയ വിശ്വാസ്യതയും ധാര്‍മ്മികതയും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം തദ്വാര സൃഷ്ടിക്കപ്പെട്ടു. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സിപിഐ(എം) മുന്നണി കൈക്കൊള്ളുന്ന തീര്‍ത്തും ഇടതുപക്ഷ വിരുദ്ധമായ നയങ്ങള്‍, സത്യസന്ധരായ ഇടതുപക്ഷ വിശ്വാസികളെയും പുരോഗമന ചിന്താഗതിക്കാരെയും നിരാശയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടിരിക്കുന്നു. ഇടതു സര്‍ക്കാരൊന്നാകെയും മുഖ്യമന്ത്രി പ്രത്യേകിച്ചും അനുവര്‍ത്തിക്കുന്ന സ്വേഛാപരമായ നയങ്ങളും മര്‍ദ്ദന നിലപാടുകളും സംസ്ഥാനത്തിന്റെ ജനാധിപത്യഘടനയ്ക്ക് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം അളവറ്റതാണ്. അവയാകട്ടെ, ആകെത്തുകയില്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ബലം പകരുകയും ചെയ്യുന്നു. ജനാധിപത്യവിശ്വാസികള്‍, ഇടതുഭരണത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ പകച്ചുനില്‍ക്കുകയാണ്. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അഗാധമായ ചുഴിയില്‍നിന്നും രാജ്യത്തെ രക്ഷിക്കേണ്ട അടിയന്തര ഘട്ടത്തില്‍ ആ ദൗത്യത്തെ സങ്കുചിതമായ പാര്‍ലമെന്ററി ലക്ഷ്യത്തിനുവേണ്ടി വലിച്ചെറിയുകയും മറുവശത്ത് ഭരണനയങ്ങളിലൂടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബ്ബലപ്പെടുത്തുകയും ചെയ്യുന്നതില്‍ യഥാര്‍ത്ഥ ഇടതുപക്ഷ വിശ്വാസികള്‍ അതീവ ദു:ഖിതരാണ്. കേരളത്തില്‍ സിപിഐ-സിപിഐ(എം) അണികളില്‍ ഗണ്യമായ ഒരു വിഭാഗത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്തുനിന്നു വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത് മുകളില്‍ സൂചിപ്പിച്ച വേദനാകരമായ രാഷ്ട്രീയ സാഹചര്യമാണ്.
ഏതാണ്ട് നാല് പതിറ്റാണ്ടായി കണ്ടുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് മല്‍സരത്തിന്റെ ചിത്രം തന്നെയായിരുന്നു ഇത്തവണയും സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പട്ടത്. രാഷ്ട്രീയം പൂര്‍ണ്ണമായും ചോര്‍ത്തപ്പെട്ടു. ജനങ്ങളുടെ ജീവിതത്തെ പിടിച്ചുലയ്ക്കുന്ന അതീവ ഗുരുതരമായ ഒരു പ്രശ്‌നവും അര്‍ഹമായ ഗൗരവത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ചര്‍ച്ചയ്ക്ക് വിഷയമായില്ല. ജനങ്ങളുടെ താണരാഷ്ട്രീയ ബോധനിലവാരത്തെ മുതലെടുത്തുകൊണ്ട് ഏറ്റവും നിന്ദ്യമായ വര്‍ഗ്ഗീയ കണക്കുകൂട്ടലുകളോടെ പ്രചരണവിഷയങ്ങള്‍ തിരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും കൊടി പിടിച്ചില്ല എന്നുതുടങ്ങിയ വിമര്‍ശനത്തിലായിരുന്നു സഖാവ് പിണറായി വിജയന്റെ തുടക്കം. കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പൗരത്വ നിയമം പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ല എന്നതാതായിരുന്നു അദ്ദേഹം ഉന്നയിച്ച മറ്റൊരു കാര്യം. ‘കേരളത്തിനെതിരെ രാഹുല്‍ ഗാന്ധിയും ബിജെപിയും ഒരേ സ്വരത്തില്‍ സംസാരിക്കുന്നു, കേരളത്തില്‍നിന്ന് ജയിച്ചുപോകുന്ന കോണ്‍ഗ്രസ്സ് എംപിമാര്‍ ബിജെപി പാളയത്തിലേക്ക് മറുകണ്ടം ചാടും’, ഇതൊക്കെയായിരുന്നു സിപിഐ(എം) പ്രചാരണം. ബിജെപിയുടെ വേട്ടയാടലിനെതിരെ ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള ആശങ്കകളെയും വികാരത്തെയും മുതലെടുക്കുക എന്നതുമാത്രമായിരുന്നു ഈ പ്രചാരണങ്ങളുടെ ലക്ഷ്യം. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ ബിജെപി പാളയത്തിലേക്ക് കൂറുമാറുമെന്ന് പ്രചരിപ്പിച്ച്, ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വോട്ട് നേടാന്‍ ശ്രമിക്കുന്നത് എന്തുതരം ജനാധിപത്യബോധത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ബിജെപിയിലേക്ക് കാലുമാറാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ്സിന്റെ വടക്കേഇന്ത്യയിലെ സ്ഥാനാര്‍ത്ഥി കള്‍ക്കുവേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് ഇതേ സിപിഐ(എം) തന്നെയല്ലേ?


കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പൗരത്വ നിയമം പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ല എന്ന് ഉന്നയിക്കുന്നതിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. അത് പൗരത്വ നിയമത്തിനെതിരായ ജനാധിപത്യനിലപാടിന്റെ അടിസ്ഥാനത്തില്‍ വരുന്ന വിമര്‍ശനമല്ല. സിഎഎക്കെതിരെ ചിട്ടയായ ഒരു ജനാധിപത്യമുന്നേറ്റം വളര്‍ത്തിയെടുക്കാന്‍ കേരളത്തില്‍ എന്തുപരിശ്രമമാണ് സിപിഐ(എം) നടത്തിയത്. പാര്‍ലമെന്ററി കണക്കുകൂട്ടലോടെ നടത്തുന്ന അനുഷ്ഠാന പ്രതിഷേധങ്ങളുടെ കണക്കല്ല വേണ്ടത്. സ്വന്തം സംഘടനയുടെ അക്കൗണ്ടില്‍ രേഖപ്പെടുത്താനും തങ്ങളും പ്രതിഷേധിച്ചു എന്ന് ചലരെയൊക്കെ ബോധ്യപ്പെടുത്താനും വേണ്ടി നടത്തുന്ന ഷോ അല്ല യഥാര്‍ത്ഥ സമരം. സംസ്ഥാനത്തെ ജനാധിപത്യ- മതേതര ശക്തികളെയും അവസാനത്തെ മനുഷ്യസ്‌നേഹിയെയും ഒരുമിപ്പിച്ചുകൊണ്ട് പൗരത്വ നിയമത്തിനെതിരെ ഒരു ജനകീയപ്രക്ഷോഭം വളര്‍ത്തിയെടുക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ സിപിഐ(എം)ന്റെ ഭാഗത്തുനിന്ന് ഉണ്ടായതേയില്ല. ആ വിധമുള്ള സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജനാധിപത്യശക്തികളെ പോലീസിനെ ഉപയോഗിച്ച് നേരിടാനും അടിച്ചൊതുക്കാനുമാണ് ഇടതു സര്‍ക്കാര്‍ ശ്രമിച്ചത്. ജനാധിപത്യവിശ്വാസികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന തിരുവനന്തപുരം ഷഹീന്‍ബാഗ് സമരത്തിനെതിരെ നിരവധി കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. സമരപന്തലിന്റെ ഉടമയെ പോലീസിനെ വിട്ടു ഭീഷണിപ്പെടുത്തി. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരില്‍ സംസ്ഥാനമെമ്പാടും അറുനൂറിലധികം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അതില്‍ നാനൂറിലധികം കേസ്സുകള്‍ പിന്‍വലിച്ചതില്‍ നിന്നും അവയെല്ലാം കള്ളക്കേസ്സായിരുന്നു വ്യക്തമായി. ഇക്കൂട്ടരുടെ ന്യൂനപക്ഷപ്രേമം വോട്ട് നേടാനുള്ള സങ്കുചിതനീക്കം മാത്രം.


ഇവന്റ് മാനേജുമെന്റായി മാറിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ കാഴ്ചക്കാര്‍ പോലുമല്ലാതായി


എല്ലാ മുന്നണികളും കോടികളൊഴുക്കി മുഴുനീള പത്രപരസ്യങ്ങളും ലക്ഷക്കണക്കിന് പോസ്റ്ററുകളും ചുവരെഴുത്തുകളും കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡുകളും ഹോര്‍ഡിംഗുകളുമൊക്കെയായി കണ്ണഞ്ചിപ്പിക്കുന്ന പ്രചാരണം സംഘടിപ്പിക്കുമ്പോഴും പ്രചാരണരംഗം വളരെ നിര്‍ജ്ജീവമായിരുന്നു. പ്രവര്‍ത്തനരംഗത്ത് സാധാരണ അണികളുടെ പങ്കാളിത്തമോ പ്രവര്‍ത്തകരുടെ ആവേശപൂര്‍ണ്ണമായ മുന്‍കൈയോ എങ്ങുമുണ്ടായില്ല. ഇവന്റ് മാനേജുമെന്റ് കമ്പനികളും ഉയര്‍ന്ന റേറ്റിംഗ് ഉള്ള അഡ്വര്‍ടൈസിംഗ് സ്ഥാപനങ്ങളുമാണ് പ്രചാരണം മുഴുവന്‍ നിര്‍വ്വഹിച്ചത്. പ്രതിഫലം നല്‍കി നൂറുകണക്കിന് സ്റ്റാഫിനെ നിയോഗിച്ച് കേന്ദ്രീകൃതമായി നിര്‍വ്വഹിക്കപ്പെട്ട ഒന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണം. എഐ സാങ്കേതികവിദ്യവരെ ഉപയോഗപ്പെടുത്തി വ്യാജവീഡിയോകളും വ്യാജപോസ്റ്റുകളും സന്ദേശങ്ങളും ലക്ഷക്കണക്കിന് സൃഷ്ടിച്ച് വാസ്തവവിരുദ്ധമായ വാര്‍ത്തകളുടെ ലോകംതന്നെ നിര്‍മ്മിച്ചു. ആര്‍ക്കും ഒന്നിനോടും ബാദ്ധ്യതപ്പെടേണ്ടതില്ലാത്ത, ആദര്‍ശവും തത്വവും പൂര്‍ണ്ണമായും ബലികഴിച്ച, അടിമുടി അധാര്‍മ്മികത അരങ്ങുവാണ ഒന്നായിരുന്ന സോഷ്യല്‍ മീഡിയ പ്രചാരണം. ആര്‍ക്കാണോ കോടികള്‍ വാരിയെറിയാന്‍ കഴിയുന്നത്, അവര്‍ പടയ്ക്കുന്നതാണ് സത്യമെന്നു സ്ഥാപിക്കപ്പെട്ടു. വസ്തുതകള്‍ കുഴിച്ചുമൂടപ്പെട്ടു.
സ്റ്റാര്‍ പ്രചാരകര്‍ പങ്കെടുത്ത അപൂര്‍വ്വ യോഗങ്ങളല്ലാതെയുള്ള തെരുവ് യോഗങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഒഴിവാക്കി. യുവാക്കള്‍ പ്രചാരണരംഗത്തുനിന്നുമാത്രമല്ല, പോളിംഗില്‍ നിന്നും വിട്ടുനിന്നു. ഭവനസന്ദര്‍ശനാര്‍ത്ഥമുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ വളരെ പരിമിതമായിരുന്നു. സ്ലിപ്പ് വിതരണംപോലും ഭാഗികമായി മാത്രമാണ് നടന്നത്. ജനങ്ങള്‍ കാഴ്ചക്കാര്‍ പോലുമല്ലാതായി.
ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആധാരശിലകള്‍ ക്രമേണ തകര്‍ക്കപ്പെടുന്ന ഏറ്റവും നിര്‍ണ്ണായകവേളയിലാണ് പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. വെറുപ്പ് പടര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നീചമായ രാഷ്ട്രീയത്തിനെതിരെയുള്ള പ്രവര്‍ത്തനരംഗത്ത് നഷ്ടപ്പെടുന്ന ദിനങ്ങളും മണിക്കൂറുകളും ഈ രാജ്യത്തിന്റെ ഭാവിയെ ഇരുളടഞ്ഞതാക്കുമെന്ന് ഉറപ്പിക്കപ്പെട്ടിരിക്കുമ്പോഴും ജനാധിപത്യരാഷ്ട്രീയത്തെ കൈവെടിഞ്ഞുകൊണ്ടുള്ള മാപ്പര്‍ഹിക്കാത്ത സമീപനമാണ് സംസ്ഥാനത്തെ ഇടതു-വലതു മുന്നണികള്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസ്സില്‍നിന്നും ഉത്തരവാദിത്തപൂര്‍ണ്ണമായ ജനാധിപത്യസമീപനം ആരുംതന്നെ പ്രതീക്ഷിക്കുന്നില്ല. മുതലാളിവര്‍ഗ്ഗ സേവയ്ക്കായി നിയോഗിക്കപ്പെട്ട മറ്റൊരു കക്ഷി മാത്രമാണ് കോണ്‍ഗ്രസ്സ്. അധികാരത്തിലവരോധിമായിരിക്കുന്ന പാര്‍ട്ടിയെ പുറത്താക്കിയാലേ തങ്ങള്‍ക്ക് ഭരണം ലഭിക്കൂ എന്നതിനാല്‍ മാത്രം നിലനിര്‍ത്തിയിക്കുന്ന എതിര്‍പ്പാണ് കോണ്‍ഗ്രസ്സ്, ബിജെപിയോട് നിലനിര്‍ത്തിയിട്ടുള്ളത്. ബിജെപിയുടെ നയങ്ങളെ തത്വാധിഷ്ഠിതമായി എതിര്‍ക്കുന്ന രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസ്സ് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയമണ്ഡലത്തെ പടിപടിയായി വര്‍ഗ്ഗീയവല്‍ക്കരിച്ചത് കോണ്‍ഗ്രസ്സ് തന്നെയാണ്. അവരെയും കടത്തിവെട്ടി വര്‍ഗ്ഗീയതയുടെ സമര്‍ത്ഥരായ പ്രയോക്താക്കളായി ബജെപി ഉയര്‍ന്നുവന്നപ്പോള്‍ കോണ്‍ഗ്രസ്സ് പിന്നിലായി എന്നുമാത്രം. ബിജെപിയോട് മല്‍സരിക്കാനായി ഇന്നും-വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും -മൃദുഹിന്ദുത്വത്തിന്റെ സമീപനം കോണ്‍ഗ്രസ്സ് മാത്രമല്ല പ്രാദേശികക്ഷികള്‍ സ്വീകരിക്കുന്നതുകാണാം. ലക്ഷ്മിദേവിയുടെ ചിത്രം കറന്‍സിയില്‍ അച്ചടിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തികപ്രതിസന്ധി മാറുമെന്ന് പ്രഖ്യാപിക്കുന്ന ആം ആദ്മി പാര്‍ട്ടിയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പേരില്‍ രാമക്ഷേത്രത്തിന്റെ ക്രെഡിറ്റിനുവേണ്ടി വിലപേശുന്ന ശിവസേനയുമെല്ലാം ഹൈന്ദവ വര്‍ഗ്ഗീയ ധ്രുവീകരണത്തെ ലക്ഷ്യമിടുകയാണ്. ആശയപരമായ വ്യതിരിക്തത കോണ്‍ഗ്രസ്സോ ഇന്‍ഡ്യാ സഖ്യത്തിന്റെ ഘടകകക്ഷികളോ തരിമ്പും പ്രതിനിധാനം ചെയ്യുന്നില്ല.


ജനങ്ങളുടെ നീറുന്ന ജീവിതപ്രശ്‌നങ്ങള്‍ തമസ്‌കരണത്തെയും മറികടന്ന് തിരഞ്ഞെടുപ്പിന്റെ വിഷയങ്ങളായി ഉയരുന്നു
ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൈവെടിഞ്ഞപ്പോഴും രാജ്യത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളിലെ വ്യക്തിത്വങ്ങളും കൂട്ടായ്മകളും ജനജീവിതത്തിന്റെ യഥാര്‍ത്ഥപ്രശ്‌നങ്ങളെ തിരഞ്ഞെടുപ്പിന്റെ രംഗത്ത് ഉയര്‍ത്തിക്കൊണ്ടവരികയുണ്ടായി. ഭീകരമായ സാമ്പത്തിക അസമത്വം, സ്‌ഫോടനാത്മകമായ തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, ജനാധിപത്യധ്വംസനങ്ങള്‍, പൗരാവകാശലംഘനങ്ങള്‍ തുടങ്ങിയവയെ വിധിയെഴുത്തിന്റെ മാനദണ്ഡമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) നടത്തുന്ന അതിശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിക്കുന്നതില്‍ അവഗണിക്കാനാവാത്ത ഒരു ഘടകമായി മാറുകയാണ്. മുഖ്യധാര പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ ജനജീവിതത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ അവഗണിച്ചിട്ടും തൊഴിലില്ലായ്മയും സാമ്പത്തിക അരക്ഷിതാവസ്ഥയും നട്ടെല്ലൊടിക്കുന്ന വരുമാനത്തകര്‍ച്ചയും തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയങ്ങളായി ക്രമേണ മാറുന്നത് നമ്മള്‍ കാണുകയാണ്. മതവികാരത്തേക്കാള്‍ പ്രധാനം വിശപ്പിന്റെയും നിലനില്‍പ്പിന്റെയും പ്രശ്‌നങ്ങളാണെന്ന് അത്ര ചെറുതല്ലാത്ത ഒരു വിഭാഗം ജനങ്ങള്‍ അനുഭവങ്ങളിലൂടെ തിരിച്ചറിയുന്നുവെന്നും അവ തിരഞ്ഞെടുപ്പില്‍ ഗൗരവപ്പെട്ട വിഷയങ്ങളായി ഉയരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. വടക്കേഇന്ത്യയിലെ പോളിംഗിലൂണ്ടായ സാരമായ ഇടിവ്, അതിന്റെ കൂടി പ്രതിഫലനമാണെന്ന് ചില മാധ്യമങ്ങള്‍ നിരീക്ഷിക്കുകയുണ്ടായി. ഒന്നാം ഘട്ടത്തില്‍ മോദിയും സംഘവും ആവര്‍ത്തിച്ച മോദി ഗാരന്റിയും അഞ്ചാം സാമ്പത്തിക ശക്തിയായി എന്ന വീമ്പുപറച്ചിലും ക്രമേണ അവസാനിക്കുന്നതാണ് കണ്ടത്. രാജ്യത്തിന്റ വലിയ വളര്‍ച്ചയുടെ അവകാശവാദങ്ങള്‍ കഴമ്പില്ലാത്തവയാണെന്ന് രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തികത്തകര്‍ച്ചയും തെളിയിച്ചു. വികസനത്തിന്റെ കഥകള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാവില്ല എന്നുവന്നപ്പോള്‍ മോദി എല്ലാ അതിരുകളും വിട്ട വര്‍ഗ്ഗീയപ്രചാരണം വര്‍ദ്ധിത വീര്യത്തോടെ നടത്തുന്നത് നാം കണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ തുടങ്ങുകയും നിര്‍ബാധം തുടരുകയും ചെയ്യുന്ന ഒരു മറയുമില്ലാത്ത വര്‍ഗ്ഗീയ വിഷം ചീറ്റല്‍, ചില തിരിച്ചടികളുടെ സൂചനകള്‍ ലഭിച്ചതിന്റെ പ്രതികരണമാണെന്നും ഏതാണ്ട് എല്ലാ മാധ്യമങ്ങളും വിലയിരുത്തി. 400 സീറ്റെന്ന അവകാശവാദം പൊടുന്നനെ ബിജെപി ഉച്ചരിക്കാതായിരിക്കുന്നു. മതത്തെയും വിശ്വാസത്തെയും അന്യമതവിദ്വേഷത്തെയും ഏറ്റവും നീചമായ നിലയില്‍ ഉപയോഗപ്പെടുത്തി ദാരിദ്ര്യവും വിലക്കയറ്റവും തൊഴിലില്ലായ്മയും തിരഞ്ഞെടുപ്പ് വിഷയങ്ങളാകാതിരിക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്രമോദിയും സംഘവും.


ബിജെപിയുടെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കും ഫാസിസ്റ്റ് പദ്ധതിക്കുമെതിരെയുള്ള ജനാധിപത്യമുന്നേറ്റത്തിനായി രാജ്യം കേഴുന്നു
പ്രമുഖ പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ അവഗണിച്ചിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഈയളവില്‍ ഉയര്‍ന്നുവന്നത് തമസ്‌കരിക്കാനാവാത്ത വിധം അവ ചുട്ടുപൊള്ളിക്കുന്നതാണെ ന്നതുകൊണ്ടാണ്. ഈ ജനകീയ പ്രശ്‌നങ്ങളെ ആധാരമാക്കികൊണ്ടുള്ള പ്രക്ഷോഭം ജനങ്ങള്‍ അഭിലഷിക്കുന്നുവന്നതിന്റെ വ്യക്തമായ സൂചന കൂടിയാണത്. രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ജനകീയസമരദൗത്യത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ കഴിയുമെന്നും ഇത് വ്യക്തമാക്കുന്നു. പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ ജനകീയപ്രക്ഷോഭത്തിന്റെ കടമ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിരുന്നുവെങ്കില്‍ ബിജെപിയുടെ ഫാസിസ്റ്റ് പദ്ധതിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള മാര്‍ഗ്ഗം സുനിശ്ചിതമായും തെളിയുമായിരുന്നു.
ബിജെപി ഭരണത്തെ പുറത്താക്കുക, ജനകീയ സമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട്, മല്‍സരിക്കുന്ന 151 മണ്ഡലങ്ങളിലും ജനങ്ങള്‍ക്ക് ശരിയായ ദിശ പകര്‍ന്നുനല്‍കുന്ന പ്രചാരണമാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. എപ്പോഴാണോ സമരരാഷ്ട്രീയത്തിന്റെ അപ്രതിരോധ്യത രാഷ്ട്രീയമണ്ഡലത്തില്‍ സുസ്ഥാപിതമാകുന്നത് അന്ന് മാത്രമേ ഫാഷിസ്റ്റ് വിപത്തിനെ ചെറുക്കാന്‍ കളമൊരുങ്ങൂ. വലിയ വിഭാഗം ജനങ്ങള്‍ക്കിടയിലും ജനാധിപത്യ-മതേതര-ശാ സ്ത്രീയ മൂല്യങ്ങള്‍ വേരുറപ്പിക്കുമ്പോള്‍ മാത്രമേ ഫാസിസത്തെ ശാശ്വതമായി പരാജയപ്പെടുത്താനുള്ള മാര്‍ഗ്ഗം തെളിയൂ. മതാന്ധതയും അന്യമത വെറിയും യുക്തിരാഹിത്യവും സങ്കുചിതമായ ദേശഭ്രാന്തും ചിന്താമണ്ഡലത്തില്‍ സ്വാധീനഘടകങ്ങളായി തുടരവേതന്നെ, അവയെ അപ്രകാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ ബിജെപിക്കുമേല്‍ നേടുന്ന താല്‍ക്കാലിക തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ആയുസ്സ് ഉണ്ടാകില്ല. തങ്ങള്‍ക്കുനേരിട്ട പരാജയത്തെ മറികടക്കാന്‍ ഫാസിസ്റ്റ് മനോഘടനയെ കൂടുതല്‍ ആളിക്കത്തിക്കാന്‍ അവര്‍ മുതിരുന്നതോടെ സമൂഹം വര്‍ദ്ധിച്ച അപകടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. മറിച്ച് ജനങ്ങള്‍ക്കിടയില്‍ വെറുപ്പും ഉന്മത്തതയും പടര്‍ത്താനുള്ള അവരുടെ നടപടികളെ സബോധതയോടെ തള്ളിക്കളയത്തക്കവിധം ജനങ്ങള്‍ ഉയര്‍ന്ന മൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചാല്‍ ബജെപിയുടെ രാഷ്ട്രീയത്തെ ആത്യന്തികമായി ചെറുക്കാന്‍ കഴിയും. ഇന്നത്തെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ ജനങ്ങളുടെ കടമ വിശദമാക്കുന്ന ഈ കാഴ്ചപ്പാട് പരമാവധി പ്രചരിപ്പിക്കുകയാണ് പാര്‍ട്ടി നിറവേറ്റുന്ന ദൗത്യം.

Share this post

scroll to top