ഇലക്‌ടറൽ ബോണ്ട് കോഴക്കേസ്: പ്രധാനമന്ത്രിമോദിയുടെ അഴിമതി വിരുദ്ധനാട്യത്തെ പൊളിച്ചുകാട്ടി

Electoral-Bond-Slug.jpg
Share

പൂച്ച സഞ്ചിയിൽനിന്ന് പുറത്തു ചാടിയിരിക്കുന്നു. ഇലക്‌ടറൽ ബോണ്ട്‌ കച്ചവടത്തെ സംബന്ധിച്ച വിവരങ്ങൾ ജൂൺ 30ന് മുമ്പ് പുറത്തുവിടാൻ സാധിക്കുകയില്ല എന്ന തരത്തിലുള്ള പ്രാരംഭഘട്ടത്തിലെ ചാഞ്ചാട്ടത്തിനുശേഷം, സുപ്രീംകോടതിയുടെ കർക്കശമായ ആജ്ഞാപനത്തെ തുടർന്ന് എസ്‌ബിഐ മാർച്ച് 13, 17 തീയതികളിലായി കണക്ക് വിവരങ്ങൾ പുറത്തുവിട്ടു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപായി വിവരങ്ങൾ പുറത്തുവിടരുതെന്ന് ബാങ്ക് അധികാരികൾക്കുമേൽ നിക്ഷിപ്ത താൽപര്യക്കാരുടെ സമ്മർദ്ദമുണ്ടായിരുന്നു എന്നത് വ്യക്തം. അങ്ങനെ അല്ലായിരുന്നുവെങ്കിൽ ചടുലമായി പ്രവർത്തിച്ചാൽ ഉടനടി തന്നെ ലഭ്യമാക്കാവുന്ന ഒരു വെളിപ്പെടുത്തലിന് മൂന്ന് മാസത്തെ സമയം ആവശ്യപ്പെടാൻ എങ്ങനെ സാധിക്കും.

പ്രതീക്ഷിച്ചതുപോലെ, ബോണ്ടിലൂടെയുള്ള ഭീമമായ കോർപ്പറേറ്റ് ഫണ്ടിംഗിന്റെ ഏറ്റവും വലിയ സ്വീകർത്താവ് ഭരണ പാർട്ടിയായ ബിജെപി തന്നെയാണ്. കോൺഗ്രസും തൃണമൂൽ കോൺഗ്രസും വളരെ താഴെ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. തമിഴ്‌നാട്ടിലെയും ആന്ധ്രപ്രദേശിലെയും ഭരണകക്ഷികളായ യഥാക്രമം ഡിഎംകെയും ഭാരത് രാഷ്ട്രസമിതി(ബിആർഎസ്)യും പങ്കുവയ്പ്പിന്റെ പ്രായോജകരായി. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് തടയാനെന്ന പേരിൽ ബിജെപി സർക്കാരാണ് 2018ൽ ഇലക്‌ടറൽ ബോണ്ട് പരിപാടി ആവിഷ്കരിച്ചത്. വൻവ്യവസായികളുടെ വർഗ്ഗതാൽപര്യങ്ങൾക്ക് കീഴ്‌വഴങ്ങുന്ന വിശ്വസ്തരായ രാഷ്ട്രീയകക്ഷികളിലേക്ക് കള്ളപ്പണം ഒഴുക്കാനുള്ള ഒരു കുഴൽ മാത്രമാണ് സമ്പൂർണ്ണമായും അതാര്യമായ ഈ ബോണ്ട് പദ്ധതിയെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാവും. ഇപ്പോഴത് സംശയത്തിനതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. വിറ്റഴിക്കപ്പെട്ട 16,518.11 കോടി രൂപയ്ക്കുള്ള ബോണ്ടിന്റെ ഭൂരിഭാഗവും ബിജെപിക്കാണ് ലഭിച്ചിരിക്കുന്നതെന്ന് വെളിപ്പെട്ടിരിക്കുന്നു. ഈ ഇലക്‌ടറൽ ബോണ്ട് പദ്ധതി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പാണെന്ന് പൊതുവായി ലഭ്യമായ വിവരങ്ങൾ വച്ച് നോക്കുമ്പോൾ മനസ്സിലാവും. ലഭ്യമായ കണക്കുകൾ വച്ച് നോക്കുകയാണെങ്കിൽ 2017-18നും 2022-23നും ഇടയ്ക്ക് വിതരണം ചെയ്ത 16,518.11 കോടി രൂപയിൽ 57%, അതായത് 8250 കോടി രൂപയും ഭരണ പാർട്ടിയായ ബിജെപിക്കാണ് ലഭിച്ചിരിക്കുന്നത്. ബിജെപി മാത്രം പകുതിയിലധികം സമാഹരിച്ചുവെന്നും മറ്റ് 20 പാർട്ടികൾക്ക് ബാക്കി തുക വീതിച്ചെടുക്കേണ്ടി വന്നുവെന്നതും കാണിക്കുന്നത്, പലവിധ ട്രസ്റ്റുകളിലും ഷെൽ കമ്പനികളിലുമായി മറഞ്ഞിരിക്കുന്ന വൻകിട കോർപ്പറേറ്റുകൾക്ക് ബിജെപി എത്രമാത്രം സ്വീകാര്യരാണ് എന്നാണ്. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയും കുത്തക കുടുംബങ്ങളും തമ്മിൽ ആഴത്തിൽ നിലനിൽക്കുന്ന അവിശുദ്ധബന്ധവും തടയാനാവാത്ത സ്വാധീനശക്തിയുമാണ് വ്യക്തമാവുന്നത്.തൃണമൂൽ കോൺഗ്രസിന് 1609.53 കോടി രൂപയുടെ ബോണ്ട് ലഭിച്ച് കൗതുകകരമായ രണ്ടാംസ്ഥാനത്തെത്തി. 1343.24 കോടി മാത്രമേ മൂന്നാം സ്ഥാനത്തെത്തിയ കോൺഗ്രസിന്റെ പെട്ടിയിൽ വീണുള്ളൂ. തിരഞ്ഞെടുപ്പ് കമ്മീഷൻ പങ്കുവെച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് നടന്ന 2019ൽ തന്നെ ബിജെപി 1505.4 കോടി രൂപ പണമാക്കി മാറ്റി. 2022ൽ ബിജെപി ഏതൊരു വർഷത്തേക്കാളും കൂടുതൽ, 1763.54 കോടി രൂപ പണമാക്കി എന്ന് പുതുതായി വെളിപ്പെടുത്തിയ കണക്കുകൾ പറയുന്നു. പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്ന വർഷമായിരുന്നു അത്. 466.31 കോടിയുടെ ബോണ്ട് പണമാക്കി മാറ്റിയതിന് തത്തുല്യമായി നടത്തിയ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ രേഖയൊന്നുമില്ല.


ഞെട്ടിപ്പിക്കുന്ന ചില ഉദാഹരണങ്ങൾ


എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് വകുപ്പ്, സിബിഐ, ജിഎസ്‌ടി വകുപ്പ് തുടങ്ങിയവയുടെ റെയ്ഡ് ഭയന്ന് ഭരണക്കാരായ ആർഎസ്എ സ്-ബിജെപിക്ക് അനുകൂലമായി ഇലക്‌ടറൽ ബോണ്ട് വാങ്ങാൻ നിർബന്ധിതമായത് സംബന്ധിച്ച് ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നോക്കാം. പാർട്ടി ഫണ്ട് സ്വരൂപിക്കാനായി സർക്കാർ നിയന്ത്രിത അന്വേഷണ സംവിധാനങ്ങളെ വഞ്ചനാത്മകമായി ഉപയോഗിക്കുന്നത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ തുരങ്കം വയ്ക്കുമെന്ന് മാത്രമല്ല ജനാധിപത്യ കീഴ്‌വഴക്കങ്ങൾ ചോർന്നു പോകുകയും അധികാര ദുർവിനിയോഗം നടത്തുകയുമാണ്. ഈ കാര്യങ്ങൾ ഉണ്ടാവാതെ നോക്കാൻ ജനങ്ങൾ ചുമതലപ്പെടുത്തിയിരിക്കു ന്നവർ തന്നെ അത് ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ട് വാങ്ങിയതായി കാണപ്പെട്ട ‘ലോട്ടറി രാജാവ്’ സാൻഡിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട വിഷയമാണ് ഒരു ഉദാഹരണം. 2019ൽ മാർട്ടിന് എതിരെ ഇഡി ഒരു കള്ളപ്പണക്കേസ് അന്വേഷണം ആരംഭിച്ചു. അതിന്റെ ഭാഗമായി കമ്പനിയുടെ ആസ്തികൾ ഏപ്രിൽ 2022 മുതൽ മെയ്‌ 2023 വരെ മരവിപ്പിച്ചു. 2022 ഏപ്രിലിനും ഡിസംബറിനും ഇടയിൽ ഈ കമ്പനി 290 കോടി രൂപ വിലവരുന്ന ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങി. 2020 ഒക്ടോബറിനും 2024 ജനുവരിക്കുമിടയിൽ 1368 കോടി എന്ന ഭീമമായ തുക ഈ കമ്പനി സ്വരൂപിച്ചിരിക്കുന്നു. ഇഡിയുടെയും സിബിഐയുടെയും അടക്കമുള്ള അന്വേഷണങ്ങൾ ആവർത്തിച്ചു നേരിടുമ്പോൾ തന്നെ അവയിൽ നിന്ന് രക്ഷപ്പെടാനായി ഇലക്‌ടറൽ ബോണ്ട് വാങ്ങാൻ വന്നത്, കോർപ്പറേറ്റ് കമ്പനികളെ തങ്ങൾക്ക് വഴങ്ങാൻ വേണ്ടി നടത്തുന്ന സമ്മർദ്ദ തന്ത്രങ്ങളെ പറ്റിയും ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. മാർട്ടിൻ ജയിലിൽ ആയിരിക്കുകയും സിബിഐ അയാളുടെ കമ്പനിക്കെതിരെ ചാർജ് ഷീറ്റ് നൽകുകയും ചെയ്തിരിക്കുന്ന അതേ കാലത്ത് മാർട്ടിന്റെ ഭാര്യ കോയമ്പത്തൂരിൽ നടന്ന ഒരു ചടങ്ങിൽ പ്രധാനമന്ത്രി മോദിയോടൊപ്പം വേദി പങ്കിടുന്ന ചിത്രവും വാർത്തയും ന്യൂ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ചിരുന്നു. 2015 മാർട്ടിന്റെ മകൻ ചാൾസ് ബിജെപിയിൽ ചേർന്നിരുന്നു. “മോദിയെയും ബിജെപിയെയും ആദരിക്കുന്ന ഒരു നല്ല മനുഷ്യൻ” എന്ന് പറഞ്ഞ് ബിജെപിയുടെ ഒരു വക്താവ് മാർട്ടിനെ പുകഴ്ത്തുന്ന മറ്റൊരു വാർത്തയും അതേ പത്രം റിപ്പോർട്ട് ചെയ്തു. മാർട്ടിന്റെ കമ്പനിയിൽനിന്ന് 1368 കോടി രൂപ ബിജെപി വാങ്ങിയെന്ന് കേരളത്തിന്റെ അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക് ട്വിറ്ററിൽ കുറിച്ചിരുന്നു. ഈ കമ്പനി രണ്ട് കോടി രൂപയുടെ സംഭാവന സിപിഐ(എം)ന്റെ മലയാള മുഖപത്രം ‘ദേശാഭിമാനി’ക്ക് നൽകിയിരുന്നു. പ്രതിഷേധത്തിന്റെ മുന്നിൽ അന്ന് സിപിഐ(എം)ന് പത്രത്തിലെ മാനേജരെ പുറത്താക്കുകയും പണം തിരികെ നൽകുകയും ചെയ്യേണ്ടിവന്നു.


തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ജനവാസകേന്ദ്രത്തിനും കാർഷിക മേഖലയ്ക്കും സമീപമുള്ള, കുത്തക മുതലാളിയായ അനിൽ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള വേദാന്ത ഗ്രൂപ്പിന്റെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ്, മലിനീകരണ നിയന്ത്രണ നിയമങ്ങൾ വൻതോതിൽ നഗ്നമായി ലംഘിച്ചതിന്റെ പേരിൽ അടച്ചിടാൻ നിർബന്ധിതമായി. അടച്ചിട്ട കമ്പനി തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി അടുത്തയിടെ സുപ്രീംകോടതി തള്ളിയിരുന്നു. ഈ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ വിവിധ എണ്ണ, പ്രകൃതിവാതക പദ്ധതികളെ പരിസ്ഥിതി നിയമലംഘനങ്ങളുടെ പേരിൽ നിരവധി തവണ പിടികൂടിയിട്ടുണ്ട്. ഇന്ത്യയുടെ പരിസ്ഥിതി നിയമങ്ങൾ ലഘൂകരിക്കാനും, സർക്കാരിന്റെ ലേലം വഴി സംഘടിപ്പിച്ച ഓയിൽ ബ്ലോക്കുകളിൽ പര്യവേഷണ ഡ്രില്ലിംഗ് നടത്തുന്നത് സംബന്ധിച്ച് പൊതുജന തെളിവെടുപ്പുകൾ ഇല്ലാതാക്കാനും ഈ ഗ്രൂപ്പിന്റെ എണ്ണമേഖലയിലെ കമ്പനിയായ ‘കായേൺ ഇന്ത്യ’ സർക്കാരുമായി ചേർന്ന് ലോബിയിംഗ്‌ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കൽക്കരി വിതരണവുമായി ബന്ധപ്പെട്ട കുറ്റകരമായ ഗൂഢാലോചനയുടെയും വഞ്ചനയുടെയും പേരിൽ സിബിഐ വേദാന്തക്കെതിരെ കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് ടിഎസ്‌പിഎൽ എന്ന ഒരു വേദാന്ത കമ്പനിയിൽ റെയ്ഡ് നടത്തിയിരുന്നു. ഇതേ വിവാദ കമ്പനി ഗ്രൂപ്പ് 400.65 കോടിയെന്ന വമ്പൻ തുക ഇലക്ടറൽ ബോണ്ടിലേക്ക് ഒഴുക്കി. അതേതുടർന്ന് രാജസ്ഥാനിലെ വിവാദപൂർണ്ണമായ ആറ് പ്രോജക്‌ടുകൾക്ക് പ്രാദേശിക എതിർപ്പുകളെ വകവയ്ക്കാതെ കായേൺ കമ്പനിക്ക് അനുവാദം നൽകുകയുണ്ടായി. വടക്കൻ ഗോവയിൽ ബൈക്കോലിം മിനറൽ ബ്ലോക്ക് അനുവദിച്ചുകൊണ്ട് വേദാന്ത ഗ്രൂപ്പുമായി കരാർ ഒപ്പിടാൻ ഗോവ ഗവൺമെന്റ് അനുമതി നൽകിയത് ഇക്കഴിഞ്ഞ മാസമാണ്. വേദാന്ത ഫോക്സ്കോൺ ഗ്രൂപ്പും ഗുജറാത്ത് സർക്കാരും തമ്മിൽ 1.54 ലക്ഷം കോടി രൂപയുടെ ഒരു സെമി കണ്ടക്ടർ ഡിസ്‌പ്ലേ ഫാബ്രിക്കേഷൻ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള കരാർ ഒപ്പിട്ടതിൽ പ്രധാനമന്ത്രി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചതായി 2022 സെപ്റ്റംബർ 13ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു പത്രക്കുറിപ്പിറക്കി. നരേന്ദ്രമോദി വേദാന്ത ഗ്രൂപ്പിന്റെ എക്സിബിഷൻ കാണാനെത്തിയെന്ന് 2023 സെപ്റ്റംബർ 17ലെ പ്രസ്താവനയിൽ ഗ്രൂപ്പ് പറഞ്ഞു.


ഹൈദരാബാദ് കേന്ദ്രമായുള്ള കുത്തകഭീമനായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ കാര്യമാണ് അടുത്തത്. ഏപ്രിൽ 2019നും നവംബർ 2023നുമിടക്ക് ഈ കമ്പനിക്ക് ഷെയർ വിറ്റുള്ള മൂലധനമായി ഉണ്ടായിരുന്നത് വെറും 156 കോടി രൂപയായിരുന്നു. പക്ഷേ അവർക്ക് 1.15 ലക്ഷം കോടി രൂപയുടെ ‘ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്ട്’ എന്നറിയപ്പെടുന്ന പദ്ധതിയിൽ നിരവധി ഗവൺമെന്റ് കോൺട്രാക്ടുകൾ ലഭിക്കുകയുണ്ടായി. പക്ഷേ ആയിരക്കണക്കിന് കോടി രൂപയുടെ പൊതുമുതൽ അടിച്ചുമാറ്റിയതിന്റെ പേരിൽ സിഎജി അവരെ പിടികൂടി. വെറും നാല് കരാറുകളിലൂടെ 5188.43 കോടി രൂപ അവർക്ക് അധികം നൽകിയതായി കണ്ടെത്തി 17 കരാറുകൾ കൂടി ഉണ്ടെന്നതിനാൽ ഈ തുക എത്രയോ കൂടാൻ സാധ്യതയുണ്ട്. വെറും 156 കോടി രൂപയുടെ മൂലധനമുള്ള കമ്പനി 980 കോടി രൂപയുടെ ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങിയിരിക്കുന്നു. മേഘ എഞ്ചിനീയറിങ് ഗ്രൂപ്പിന്റെ മറ്റ് മൂന്ന് കമ്പനികൾ ചേർന്ന് ആകെ 1200 കോടി രൂപയുടെ ബോണ്ട് വാങ്ങി.
2021 ഒക്ടോബർ 19ലെ ഇക്കണോമിക് ടൈംസ് ഹൈദരാബാദിലെ ഹെറ്ററോ ഹെൽത്ത് കെയർ എന്ന 7500 കോടി രൂപ ആസ്തിയുള്ള കമ്പനിയെ സംബന്ധിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഈ കമ്പനിയിൽ ഇൻകംടാക്സ് വകുപ്പ് റെയ്ഡ് നടത്തുകയും 550 കോടി രൂപയുടെ കണക്കിൽപ്പെടാത്ത തുക കണ്ടെത്തുകയും 142 കോടിയുടെ നോട്ടുകൾ പിടികൂടുകയും ചെയ്തു. കോവിഡ് ചികിത്സയ്ക്കുള്ള ‘റെംദേസിവിർ’ മരുന്നിന്റെ സാമ്പിളിൽ സുതാര്യമായ നിറത്തിന് പകരം മഞ്ഞനിറം ലാബ് പരിശോധനയിൽ കണ്ടെത്തുകയുണ്ടായി. ഇക്കാര്യത്തിൽ കാരണം കാണിക്കൽ നോട്ടീസ് 2021 ജൂലൈയിൽ കമ്പനിക്ക് നൽകപ്പെട്ടു. ആവശ്യത്തിനു മരുന്ന് ഘടകങ്ങൾ അടങ്ങിയിട്ടില്ലാത്തതിനാലും മതിയായ ഗുണനിലവാരം ഇല്ലാത്തതിനാലും മറ്റ് രണ്ട് നോട്ടീസും കൂടെ ആ വർഷം തന്നെ നൽകപ്പെട്ടു. ഇത്തരം ലംഘനങ്ങൾ കമ്പനിയുടെ ഉൽപാദന ലൈസൻസ് റദ്ദ് ചെയ്യുന്നതിലേക്ക് നയിക്കുമായിരുന്നു. പക്ഷേ, ഈ ക്രിമിനൽ കുറ്റത്തിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. മറിച്ച് നിലവാരം കുറഞ്ഞ മരുന്ന് പിൻവലിക്കാൻ കമ്പനിക്ക് അനുവാദം നൽകപ്പെട്ടു. ഈ കുറ്റങ്ങളുടെ കറപുരണ്ട കമ്പനിയും 60 കോടി രൂപയുടെ ബോണ്ട്‌ വാങ്ങുകയുണ്ടായി.
സൺ‌ഫാർമ എന്ന മറ്റൊരു ഭീമൻ ഫാർമസ്യൂട്ടിക്കൽ കമ്പനി 2019 മുതൽ നികുതി വെട്ടിപ്പിന്റെ പേരിൽ ജിഎസ്‌ടി ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു. ഈ കമ്പനി 31.5 കോടി രൂപയുടെ ബോണ്ട് വാങ്ങി. തുടർന്ന് അവരുടെ സഹസ്രകോടി രൂപയുടെ ബിസിനസ് തുടർന്നുകൊണ്ടു പോകാൻ യാതൊരു തടസ്സവുമുണ്ടായില്ല. ഹൈദരാബാദ് കേന്ദ്രമായുള്ള അരവിന്ദോ ഫാർമ എന്ന കമ്പനിക്ക് അഞ്ച് ചില്ലറ മദ്യ വില്പന സോണുകൾ ലഭിക്കുകയുണ്ടായി. 2022 നവംബർ 11ന് ഈ കമ്പനിയുടെ ഉടമ ശരത്ചന്ദ്ര റെഡ്ഢിയെ ഇഡി കസ്റ്റഡിയിലെടുത്തു. തുടർന്ന് അയാൾ അഞ്ചു കോടി രൂപ ഇലക്‌ടറൽ ബോണ്ട് വഴി ബിജെപിക്ക് നൽകി. അയാളുടെ ജാമ്യാപേക്ഷ വന്നപ്പോൾ ഇഡി എതിർത്തില്ല. ജയിലിൽ നിന്ന് പുറത്ത് വന്നതിനുശേഷം അയാൾ അരവിന്ദ് കെജരിവാളിനെതിരായ 100 കോടി വെട്ടിപ്പ് കേസിൽ മാപ്പുസാക്ഷിയായി മാറി. ആ കേസിൽ കെജരിവാൾ അറസ്റ്റ് ചെയ്യപ്പെട്ടു. ആകെ 44.5 കോടി രൂപ ബിജെപിക്ക് ബോണ്ട് വഴി റെഡ്‌ഡി നൽകുകയുണ്ടായി.


കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സിഇഒ ഉദയ് കോട്ടൽ തന്റെ ബാങ്ക് ഷെയറുമായി ബന്ധപ്പെട്ട വിഷയത്തിൽ 2018 ഡിസംബറിൽ റിസർവ്ബാങ്കുമായി ഒരു നിയമ യുദ്ധത്തിലായിരുന്നു. 13 മാസത്തിനുശേഷം റിസർവ് ബാങ്ക് ഉദയ കോട്ടലിന്റെ വാദങ്ങൾ അംഗീകരിച്ചു. കോട്ടക് ഗ്രൂപ്പിന്റെ 35 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തതിനെ തുടർന്ന് റിസർവ്ബാങ്കിന്റെ നയത്തിന് വിരുദ്ധമായി കോട്ടലിനു സിഇഒ ആയി തുടരാൻ അനുവാദം ലഭിച്ചു എന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു.
2019നും 2024നും ഇടയ്ക്ക് ഭാരതി എയർടെൽ ബോണ്ട് വഴി ബിജെപിക്ക് 236.4 കോടി രൂപ സംഭാവന നൽകി. തുടർന്ന് അവരുടെ ഒരു കമ്പനിയായ ‘ഓൺ വെബ്’ സർക്കാരിൽ നിന്ന് സാറ്റലൈറ്റ് സ്പെക്ട്രം കിട്ടാൻ യോഗ്യതയുള്ള ഒരേയൊരു കമ്പനിയായി മാറി. ലേലനിയമങ്ങൾ അവർക്കുവേണ്ടി മറികടക്കപ്പെട്ടു. ഈ കമ്പനികളെ കൂടാതെ ഹീറോ മോട്ടോകോർപ്, ക്വിക് സപ്ലൈ ചെയിൻ, ഉത്ക്കൽ അലുമിനിയ, ഗ്രാസിം നവയുഗ, ഹാൽഡിയ എനർജി, ധാരിവാൾ ഇൻഫ്രാസ്ട്രക്ചർ, അരവിന്ദോ ഫാർമ തുടങ്ങിയ പല കമ്പനികളും ഇലക്‌ടറൽ ബോണ്ടിലൂടെ വലിയ തുകകൾ ബിജെപിക്ക് നൽകിയിട്ടുണ്ട്.


മാധ്യമ ലോകത്തെയാകെ വൻകുത്തകകൾ കൈപ്പിടിയിലാക്കി


ഇലക്‌ടറൽ ബോണ്ടിലൂടെ സംഭാവന ചെയ്തവരിൽ പ്രമുഖരായ പലരും മാധ്യമഉടമസ്ഥതയുടെ രംഗത്ത് ശക്തമായി നിലയുറപ്പിച്ചിട്ടുള്ളവരാണ്. വാർത്താമാധ്യമങ്ങളിൽ വലിയൊരു ഭാഗം കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ കൈപ്പിടിയിലായി. പരസ്യം കൊണ്ട് പ്രവർത്തിക്കുന്ന മാധ്യമങ്ങൾ ക്രമേണ തങ്ങളുടെ സ്വാതന്ത്ര്യം അടിയറ വയ്ക്കുകയും ‘ഗോഡി മീഡിയ’ എന്നറിയപ്പെടുന്ന കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ള മാധ്യമസംഘത്തിലേക്ക് ചേരുകയും ചെയ്തു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്ക് 18ന് മാത്രമാണ് വാർത്ത, എന്റർടൈൻമെന്റ്, സ്പോർട്സ്, സിനിമ തുടങ്ങിയ എല്ലാ വകഭേദങ്ങളും ഉള്ള സമ്പൂർണ്ണസ്‌പെക്ട്രം കൈമുതലായുള്ളത്. കൂടുതൽ നിക്ഷേപത്തിന് അവർ തയ്യാറെടുക്കുകയുമാണ്. ജനപ്രിയ ക്രിക്കറ്റ് പ്രക്ഷേപണത്തി ലൂടെയും ഒടിടി മീഡിയയിലൂടെയും മറ്റും ജിയോ സിനിമയും ആധിപത്യം പുലർത്തുന്നു. ജിയോ സിനിമ, ഡിസ്‌നി കോർപ്പറേഷനുമായി ഒരു കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു. ടെലിവിഷൻ, ഡിജിറ്റൽ സ്ട്രീമിംഗ് മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയാണ് ലക്ഷ്യം. അംബാനി ഗ്രൂപ്പിൽ ഉണ്ടായിരുന്ന സുരേന്ദ്ര ലൂനിയയുടെ 29.18% എൻഡിടിവി ഷെയറുകൾ അദാനിക്ക് കൊടുത്തതോടെ എൻഡിടിവി അദാനിയുടെ കൈയിലായി.
ഈ ലിസ്റ്റ് ഇനിയും കൂടുതൽ ദീർഘിപ്പിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. 2024 മാർച്ച് 24 വരെ ലഭ്യമായ വിവരങ്ങൾ മാത്രമേ ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളൂ. കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ ഉണ്ടാവും. രജിസ്റ്റർ ചെയ്തിട്ടുള്ള 16 ലക്ഷം കമ്പനികളിൽ 1500 കമ്പനികളാണ് ഇലക്‌ടറൽ ബോണ്ട് വാങ്ങിയിരിക്കുന്നത്. മുകളിൽ വിശദീകരിച്ചതുപോലെ ബോണ്ട് വാങ്ങിയ പല കമ്പനികളും സാമ്പത്തിക തിരിമറികളിലും നിയമലംഘനങ്ങളിലും പിടികൂടപ്പെട്ടവരാണെന്ന് കാണാം. പരിസ്ഥിതി നിയമങ്ങൾ ദുർബലപ്പെടുത്തുന്നത് മുതൽ നികുതി വെട്ടിപ്പും കള്ളപ്പണം വെളിപ്പിക്കുന്നതുംവരെ ഈ കോർപ്പറേറ്റ് ഭീമന്മാർ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ തങ്ങളുടെ പണക്കൊഴുപ്പിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ സംബന്ധിച്ച് ഗൗരവാവഹമായ സംശയത്തിന് ഇത് ഇടയാക്കുന്നുണ്ട്. പൊതുനയങ്ങൾക്ക് രൂപം കൊടുക്കുന്നതിൽ കോർപ്പറേറ്റ് താല്പര്യങ്ങൾ അവിഹിതമായ സ്വാധീനം ചെലുത്തുന്നു.


ഈ കണ്ടെത്തലുകൾ എന്താണ് വെളിപ്പെടുത്തുന്നത്?


ദേശീയ, പ്രാദേശിക ബൂർഷ്വാ പാർട്ടികൾ വൻതോതിലുള്ള കോർപ്പറേറ്റ് ധനസഹായത്തോടെ പ്രവർത്തിക്കുന്നതിനെപ്പറ്റി, മഹാനായ മാർക്സിസ്റ്റ് ദാർശനികൻ സഖാവ് ശിബ്‌ദാസ് ഘോഷ് സ്ഥാപിച്ച നമ്മുടെ പാർട്ടി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) നടത്തിയ വിശകലനങ്ങൾ ശരിയാണെന്ന് പൂർണമായി സാക്ഷ്യപ്പെടുത്തുന്നതാണ് ഇലക്‌ടറൽ ബോണ്ട് സംഭവങ്ങൾ. 2022-23 വർഷക്കാലത്തെ കോർപ്പറേറ്റ് സംഭാവനകളുടെ 90%വും ബിജെപിക്കാണ് ലഭിച്ചതെന്ന്, ഇലക്‌ടറൽ ബോണ്ട് പദ്ധതി ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജിയിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) എന്ന സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ആകെയുള്ള 850.438 കോടിയുടെ സംഭാവനയിൽ ബിജെപിക്ക് മാത്രം 719.858 കോടിയും കോൺഗ്രസിന് 79.92 കോടിയും എഎപിക്ക് 37 കോടിയും സിപിഐ(എം)ന് ആറ് കോടിയും ലഭിച്ചു.
പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും 2000 രൂപ വീതം ബിജെപി ഫണ്ടിലേക്ക് സംഭാവന ചെയ്തുവെന്ന് കുറച്ചുദിവസം മുമ്പ് വാർത്തയിൽ വന്നിരുന്നു. ബിജെപി പ്രസിഡന്റ് നദ്ദ 1000 രൂപയും സംഭാവന ചെയ്തു. രസീതിന്റെ സ്കാൻ ചെയ്ത കോപ്പിയും പുറത്തുവിട്ടു. അത് കണ്ടാൽ ബിജെപി പ്രവർത്തിക്കുന്നത് നേതാക്കളുടെയും പ്രവർത്തകരുടെയും സംഭാവന കൊണ്ടാണെന്ന് തോന്നും. തന്റെ പെയിന്റിങ്ങുകളും പുസ്തകവും വിറ്റാണ് പാർട്ടി ചെലവുകൾ നടത്തുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി കൂടെക്കൂടെ വീമ്പിളക്കാറുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ എസ്‌ബിഐ അപ്‌ലോഡ് ചെയ്ത വിവരങ്ങൾ ഈ അവകാശവാദങ്ങളെല്ലാം തന്നെ കാപട്യമാണെന്ന് വിളിച്ചോതുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ തീരുമാനിക്കപ്പെടുന്നത് ധനശക്തിയും പേശിബലവും മാധ്യമ ശക്തിയും ഭരണസംവിധാനത്തിന്റെ പിൻബലവും ചേർന്നാണെന്ന് നമ്മുടെ പാർട്ടി ദീർഘകാലമായി പറഞ്ഞു വരുന്നതാണ്. ഇലക്ടറൽ ബോണ്ട് സംഭവങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. സംശയകരമായ മാർഗ്ഗത്തിലൂടെ സ്വരൂപിക്കപ്പെടുന്ന കോർപ്പറേറ്റ് ധനശക്തിയുടെ കാര്യമായ ഒരു ഭാഗം വോട്ട് വാങ്ങാൻ വേണ്ടി വിനിയോഗിക്കുന്നു. ശിക്ഷാ നടപടികളിൽനിന്ന് ഒഴിവാകാനായി എല്ലായ്പ്പോഴും ഭരിക്കുന്ന പാർട്ടിയുടെ തണലിൽ അഭയം തേടുന്ന ക്രിമിനലുകളെയും സാമൂഹ്യവിരുദ്ധരെയും ഈ കറപുരണ്ട പണം ഉപയോഗിച്ച് വിലക്ക് വാങ്ങുവാനും പാർട്ടികളുടെ ആവശ്യങ്ങൾക്കായി നിയോഗിക്കാനും വളരെ എളുപ്പമാണ്. മാധ്യമങ്ങൾ മിക്കവാറുമെല്ലാം ഇപ്പോൾ കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലാണ്. അതിനാൽ തന്നെ കുത്തകമുതലാളിമാരുടെ വിശ്വസ്തരായ പാർട്ടിക്ക് പിന്തുണ നൽകാൻ പരിശീലിപ്പിക്കപ്പെട്ടവരാണ് അവർ. ഒടുവിൽ, ഭരണയന്ത്രത്തിന്റെ മുഖ്യഭാഗവും കയ്യാളുന്ന അന്വേഷണ ഏജൻസികളെയും ബ്യൂറോക്രസിയെയും പ്രതിപക്ഷത്തെ ഉപദ്രവിക്കാനും വോട്ടെടുപ്പിൽ ശക്തരായ ഭരണകക്ഷിക്ക് അനുകൂലമായി വോട്ടെടുപ്പിനെ മാറ്റാൻ വേണ്ടിയും നഗ്നമായി ഉപയോഗിക്കുന്നു. ഒരു പാർട്ടി കോർപ്പറേറ്റ് ഭീമൻമാരിൽനിന്ന് വൻതോതിൽ പണം കൈപ്പറ്റിയാൽ, ജനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി അവർക്ക് നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി സേവനം നടത്തത്തേണ്ടി വരും എന്നതും വ്യക്തമാണ്. അടിച്ചമർത്തപ്പെട്ട ജനകോടികൾ ഈ സത്യം ഉൾക്കൊള്ളാൻ സമയം അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രീയ പ്രബുദ്ധത ആർജിക്കാൻ ശ്രമിക്കുക. അങ്ങേയറ്റം ദുർഗന്ധപൂരിതവും അഴിമതി ഗ്രസ്തവുമായ ബൂർഷ്വാ രാഷ്ട്രീയത്തിന് കീഴടങ്ങണോ, അതോ ഈ കുടിലമായ കൂട്ടുകെട്ടിനെതിരെ ഉറച്ച് നിലകൊണ്ട് അതിൽനിന്ന് കുതറി പുറത്ത് കടക്കാനുള്ള ധൈര്യം സമാഹരിക്കണമോ എന്ന് തീരുമാനിക്കണം.

Share this post

scroll to top