ശാസ്ത്രപ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയ: ദേശീയ ശാസ്ത്ര സമ്മേളനം

open-session-prof-narlikar-addressing.jpg
Share

ശാസ്ത്രവും സമൂഹവുമായുള്ള ഉദ്ഗ്രഥനം എന്ന വിഷയത്തിൽ ബ്രേക്ത്രൂ സയൻസ് സൊസൈറ്റി 2018 ഡിസംബർ 15,16 തീയതികളിൽ കൽക്കത്തയിലെ ജാദവ്പുർ സർവ്വകലാശാലയിൽ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സമ്മേളനം വമ്പിച്ച പങ്കാളിത്തംകൊണ്ടും ആശയസമ്പുഷ്ടതകൊണ്ടും ശാസ്ത്രലോകത്തിന്റെ സവിശേഷമായ ശ്രദ്ധ പിടിച്ചുപറ്റി. വിശ്വപ്രശസ്ത ശാസ്ത്രജ്ഞൻ പ്രൊഫ.ജയന്ത് വി.നർലിക്കർ ഉൾപ്പെടെയുള്ള നമ്മുടെ ശാസ്ത്രമേഖലയിലെ സമുന്നത വ്യക്തിത്വങ്ങളുടെ സവിശേഷമായ ഒത്തുചേരലിന് ഈ സമ്മേളനം സാക്ഷ്യം വഹിച്ചു. സാധാരണയായി ശാസ്ത്രത്തിന്റെ ഏതെങ്കിലും പ്രത്യേക മേഖലയെക്കുറിച്ച് ചർച്ച ചെയ്യാനാണ് ശാസ്ത്രസമ്മേളനങ്ങൾ നടക്കാറുള്ളത്. എന്നാൽ ഇതിൽനിന്നും വിഭിന്നമായി ശാസ്ത്രജ്ഞൻമാരും ശാസ്ത്രപ്രവർത്തകരും ചേർന്ന പ്രൗഢമായ ഈ സമ്മേളനസദസ്സ് ശാസ്ത്രവും സമൂഹവുമായുള്ള ഉദ്ഗ്രഥനം എന്ന പൊതുവിഷയത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രവും ശാസ്ത്രീയ വിദ്യാഭ്യാസവും ശാസ്ത്രീയമനോഭാവവും നമ്മുടെ നാട്ടിൽ എങ്ങനെ വളർത്തിയെടുക്കാമെന്ന് ചർച്ചചെയ്യുകയായിരുന്നു. ഇത്തരും ഒരു ഉദ്യമം ആദ്യമായാണെന്ന് സമ്മേളനത്തിൽ പങ്കെടുത്ത തലമുതിർന്ന ശാസ്ത്രജ്ഞർ പലരും എടുത്തുപറഞ്ഞു.

ഡിസംബർ 15ന് ജാദവ്പൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ.സുരൻജൻ ദാസ് ശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ശാസ്ത്രീയ ചിന്താഗതി വളർത്തിയെടുക്കാനായി ബ്രേക്ത്രൂ സയൻസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആദ്യത്തെ സെഷൻ ‘ശാസ്ത്രത്തിന്റെ ചരിത്രവും ദർശനവും’ എന്ന വിഷയത്തിലുള്ളതായിരുന്നു. ബ്രേക്ത്രൂ സയൻസ് സൊസൈറ്റി അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ.ധ്രുബജ്യോതി മുഖർജി അദ്ധ്യക്ഷത വഹിച്ച ഈ സെഷനിൽ മൂന്ന് പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഈ സെഷനിലെ ആദ്യപ്രഭാഷകനായിരുന്ന പ്രൊഫ.എസ്.ജെ.ഡാനി(മുൻ പ്രസിഡന്റ്, നാഷണൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്‌സ്, പ്രൊഫസർ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ബേസിക് സയൻസ്, മുംബൈ) ശാസ്ത്രീയ ഭൗതികവാദം എങ്ങനെ വികസിച്ചുവന്നുവെന്നും വിജ്ഞാനശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ശാസ്ത്രീയ ഭൗതികവാദം പിൻതുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉജ്ജ്വലമായി വിശദീകരിച്ചു. തുടർന്ന് പ്രഭാഷണം നടത്തിയ ഡോ.ലിയാഖത്ത് അലി(മുൻ വി.സി., ബംഗ്ലാദേശ് യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ്) ശാസ്ത്രരംഗത്ത് വമ്പിച്ച സംഭാവനകൾ നൽകിയ ഉന്നതരായ ശാസ്ത്രജ്ഞൻമാരുടെ ആവിർഭാവത്തിലേയ്ക്ക് നയിച്ച ബംഗാളിലെ നവോത്ഥാന മുന്നേറ്റത്തെക്കുറിച്ച് ആഴത്തിലുള്ള വിശകലനം നടത്തി. ഈ നവോത്ഥാന പ്രസ്ഥാനത്തിന്റെ അവശേഷിക്കുന്ന കടമകൾ പൂർത്തീകരിച്ചുകൊണ്ട്മാത്രമേ ഇന്ത്യൻ ശാസ്ത്രപ്രസ്ഥാനത്തിന് മുന്നേറാൻ കഴിയുകയുള്ളു എന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് പ്രൊ ഫ.നാഗാർജുന(ടിഐഎഫ്ആർ-ഹോമിഭാഭ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷൻ, മുംബൈ) വിദ്യാഭ്യാസ-തത്വശാസ്ത്ര മേഖലകളിൽ പ്രാവർത്തികമാക്കാവുന്ന ‘കൺസ്ട്രക്ഷനിസം’ എന്ന ആശയം അവതരിപ്പിച്ചു.

തുടർന്ന് നടന്ന ‘ശാസ്ത്രീയ മനോഭാവത്തിന്റെ രൂപീകരണം’ എന്ന വിഷയത്തിലുള്ള സെഷനിൽ പ്രൊഫസർ അഭിജിത്ത് മജുംദാർ(ഡിപ്പാർട്ട്‌മെന്റ് ഓഫ് കെമിക്കൽ എൻജിനിയറിംഗ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മുംബൈ) അദ്ധ്യക്ഷത വഹിച്ചു. ഈ സെഷനിൽ പ്രൊഫ.അജിത് ശ്രീവാസ്തവ(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ്, ഭുവനേശ്വർ), പ്രൊഫ.പലാഷ് ബാരൺപാൽ(മുൻ പ്രൊഫസർ, സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്‌സ്), പ്രൊഫ.മംഗള നർലിക്കർ(മുൻ മാത്തമാറ്റിക്‌സ് പ്രൊഫസർ, യൂണിവേഴ്‌സിറ്റി ഓഫ് ബോംബെ), ഡോ.അനികേത് സൂലെ(ടിഐഎഫ്ആർ-ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യുക്കേഷൻ, മുംബൈ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

മൂന്നാമത്തെ സെഷൻ ‘ശാസ്ത്രപ്രയോഗത്തിലെ നൈതികത’ എന്ന വിഷയത്തിലായിരുന്നു. പ്രൊഫ.നബകുമാർ മണ്ഡൽ (മുൻ പ്രൊഫസർ, ടിഐഎഫ്ആർ, മുംബൈ) അദ്ധ്യക്ഷനായിരുന്ന ഈ സെഷനിൽ പ്രൊഫ.ദീപാങ്കർ ചാറ്റർജി(മുൻ പ്രസിഡന്റ്, ഇന്ത്യൻ അക്കാദമി ഓഫ് സയൻസ്; ഓണററി പ്രൊഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗളൂർ), ഡോ.പ്രഭാകർ റെഡ്ഡി(പ്രൊഫസർ, കാർഡിയോ-തൊറാസിക് ആന്റ് വാസ്‌കുലാർ സർജറി, ഗവ. മെഡിക്കൽ കോളേജ്, കുർനൂൽ, ആന്ധ്രപ്രദേശ്), പ്രൊഫ.സൗമിത്രോ ബാനർജി(പ്രൊഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആന്റ് റിസർച്ച്, കൽക്കത്ത; ജനറൽ സെക്രട്ടറി ബ്രേക്ത്രൂ സയൻസ് സൊസൈറ്റി) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
തുടർന്ന് ശാസ്ത്രജ്ഞൻമാരുടെ സംഘം അവതരിപ്പിച്ച ‘ദി അൺസെർട്ടനിറ്റി ഓഫ് പ്രിൻസിപ്പിൾസ്’ എന്ന ശാസ്ത്രനാടകം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ജീവിതത്തിലെ അനിശ്ചിതത്വങ്ങൾ പലപ്പോഴും യുക്തിരാഹിത്യത്തിലേയ്ക്കും അന്ധവിശ്വാസങ്ങളിലേയ്ക്കും എങ്ങനെ നയിക്കുന്നുവെന്നും അതിൽനിന്നും ജനങ്ങളെ എങ്ങനെ മോചിപ്പിക്കണമെന്നുമുള്ള സന്ദേശം നൽകുന്നതായിരുന്നു ഈ ശാസ്ത്രനാടകം.

സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിലെ ആദ്യത്തെ സെഷൻ ‘ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ നവീകരണം’ എന്ന വിഷയത്തിലുള്ളതായിരുന്നു. പ്രൊഫ.നാരായൺ ബാനർജി(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആന്റ് റിസർച്ച്, കൊൽക്കത്ത) അദ്ധ്യക്ഷത വഹിച്ച സെഷനിൽ പ്രൊഫ.എം.സി.അരുണൻ(ടിഐഎഫ്ആർ-ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യുക്കേഷൻ, മുംബൈ), ഡോ.ഉമേഷ് കഥാനെ(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേയ്‌സ് സയൻസ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം), പ്രൊഫ.ആർ.രാമാനുജം(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്, ചെന്നൈ), പ്രൊഫ.മായങ്ക് വാഹിയ(ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, മുംബൈ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സമ്മേളനത്തിലെ അഞ്ചാമത്തെ സെഷൻ ‘സമൂഹത്തിൽ ശാസ്ത്രജ്ഞരുടെ പങ്ക്’ എന്ന വിഷയത്തിലുള്ള പാനൽ ചർച്ച ആയിരുന്നു. ഡോ.സി.എം.നൗത്യാൽ(മുൻ ശാസ്ത്രജ്ഞൻ, ബീർബൽ സാഹ്‌നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയൻസസ്, ലക്‌നൗ), പ്രൊഫ.പ്രദീപ്ത ബന്ദോപാദ്ധ്യായ(സ്‌കൂൾ ഓഫ് കംപ്യൂട്ടേഷണൽ ആന്റ് ഇന്റഗ്രേറ്റീവ് സയൻസസ്, ജെഎൻയു, ഡൽഹി), പ്രൊഫ.പ്രജ്വൽ ശാസ്ത്രി(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സ്, ബാംഗളൂർ), പ്രൊഫ.ഗുരുപ്രസാദ് കാർ(ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത) തുടങ്ങിയവർ പങ്കെടുത്തു. പ്രൊഫ.അമിതാവ ദത്ത(ഐഎൻഎസ്എ സീനിയർ സയന്റിസ്റ്റ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്‌സ്, കൽക്കത്ത യുണിവേഴ്‌സിറ്റി) മോഡറേറ്ററായിരുന്നു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വിഖ്യാത ശാസ്ത്രജ്ഞൻ പ്രൊഫസർ ജയന്ത് വി.നർലിക്കർ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിൽ ശാസ്ത്രീയ സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ നേരിടുന്ന പ്രതിബന്ധങ്ങൾ അദ്ദേഹം തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു. ജനങ്ങളിൽ ശാസ്ത്രീയ മനോഘടന വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം അന്ധവിശ്വാസങ്ങൾ ദൂരീകരിക്കാനുള്ള ഒരു വഴി ഇത്തരം വിശ്വാസങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന പരീക്ഷണങ്ങൾ ആവിഷ്‌കരിക്കുക എന്നതാണെന്ന് അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള പ്രചാരണപ്രവർത്തനങ്ങൾ ജനങ്ങളുമായി വൈരുദ്ധ്യത്തിലേർപ്പെടാതെ വളരെ ശ്രദ്ധാപൂർവ്വവും ക്ഷമയോടെയും ചെയ്യേണ്ടതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബ്രേക് ത്രൂ സയൻസ് സൊസൈറ്റി അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ.ധ്രുബജ്യോതി മുഖർജി അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ, ജാദവ്പൂർ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലർ പ്രൊഫ.പ്രദീപ്കുമാർ ഘോഷ് സ്വാഗതപ്രസംഗം നടത്തി. പ്രതിനിധി സമ്മേളനത്തിലെ സെഷനുകളുടെ സംഗ്രഹം, വിവിധ സെഷനുകളുടെ അദ്ധ്യക്ഷൻമാർ പൊതുസമ്മേളനത്തിൽ അവതരിപ്പിച്ചു. വമ്പിച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പൊതുസമ്മേളനത്തിൽ ബ്രേക്ത്രൂ സയൻസ് സൊസൈറ്റി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രൊഫ.സൗമിത്രോ ബാനർജി നടത്തിയ ആവേശോജ്ജ്വലമായ സമാപന പ്രസംഗത്തിൽ ‘ഇന്ത്യയെ ശാസ്ത്രീയ സാക്ഷരതയിലെത്തിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സമൂഹത്തിൽ ശാസ്ത്രീയ ചിന്താഗതി വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകാനായി ആഹ്വാനം ചെയ്തു.
അവതരിപ്പിക്കപ്പെട്ട ആശയങ്ങളുടെ ഔന്നത്യംകൊണ്ടും തുടർന്നുനടന്ന ഉന്നത നിലവാരമുള്ള ചർച്ചകൾകൊണ്ടും സമ്പുഷ്ടമായ ഈ സമ്മേളനം, ഇന്ത്യയിൽ ഒരു ശാസ്ത്രമുന്നേറ്റം സൃഷ്ടിക്കാൻ യത്‌നിക്കുന്ന ശാസ്ത്രപ്രവർത്തകർക്ക് ആവേശം നൽകുന്നതായിരുന്നു. ശാസ്ത്രീയമനോഭാവം വളർത്തിയെടുക്കാൻ ഭരണഘടനാപരമായി ബാധ്യതയുള്ള, ഭരണകർത്താക്കൾപോലും അശാസ്ത്രീയ ചിന്താഗതികൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്ന ഇക്കാലത്ത് അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് ഒരു ശാസ്ത്രമുന്നേറ്റം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഈ സമ്മേളനം ദിശാബോധം നൽകി. ഇന്ത്യൻ ശാസ്ത്രപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന കാൽവെയ്പായിരുന്നു ഈ സമ്മേളനം.

Share this post

scroll to top