തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനുവരി 8,9 തീയതികളിൽ നടന്ന, ജനരോഷം ശക്തമായി പ്രതിഫലിപ്പിക്കപ്പെട്ട അഖിലേന്ത്യാ പൊതു പണിമുടക്ക് കേന്ദ്ര ബിജെപി സർക്കാരിനെതിരായ വിധിപ്രഖ്യാപനമായി മാറിയിരിക്കുന്നു. മുൻ പൊതുപണിമുടക്കുകളെയെല്ലാം പിന്നിലാക്കിക്കൊണ്ട് 20 കോടിയോളം തൊഴിലാളികൾ ഇപ്രാവശ്യം പണിമുടക്കിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാജ്യത്തെ തൊഴിലെടുക്കുന്നവരുടെയും ബഹുജനങ്ങളുടെയും ജീവിതം തീർത്തും ദുസ്സഹമാക്കിയിരിക്കുന്ന കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ, ട്രേഡ് യൂണിയൻ അംഗത്വത്തിനുപരിയായിപ്പോലും തൊഴിലാളികൾ പണിമുടക്കിൽ പങ്കുകൊണ്ടു. ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണികൾ ആഹ്വാനം ചെയ്ത പണിമുടക്കിന് ആധാരമായി 12 ഇന ഡിമാന്റുകളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. രാജ്യത്തെ ഉല്പാദന-സർവ്വീസ് മേഖലകളെയെല്ലാം പണിമുടക്ക് ബാധിച്ചു. കേരളത്തിൽ ഒന്നേകാൽ കോടിയോളം തൊഴിലാളികൾ പണിമുടക്കി. പൊതുഗതാഗതം, വിദ്യാഭ്യാസം, കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, സ്കീം തൊഴിൽ, ബാങ്ക് തുടങ്ങിയ പ്രധാന മേഖലകളിലെ ജീവനക്കാരെല്ലാം പണിമുടക്കിലേർപ്പെട്ടു. നിരവധി കേന്ദ്രങ്ങളിൽ ട്രെയിൽ തടയൽ സമരം നടന്നു.
തിരുവനന്തപുരത്ത് നടന്ന തൊഴിലാളി റാലിയിൽ അയ്യായിരത്തിലേറെ തൊഴിലാളികൾ പങ്കെടുത്തു. പാളയത്തുനിന്നും ഓരോ യൂണിയനുകളുടെയും പ്രത്യേക ബാനറിനു കീഴിൽ നടന്ന പ്രകടനം സെക്രട്ടേറിയറ്റിന്റെ തെക്കെ ഗെയ്റ്റിൽ ഒരുക്കിയ സമരകേന്ദ്രത്തിൽ സമ്മേളിച്ചു. ഐഎൻടിയുസി നേതാവ് പാലോട് രവിയുടെ അദ്ധ്യക്ഷതയിൽ നടന്ന തൊഴിലാളി റാലി സിഐടിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. എഐയുറ്റിയുസിയെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ പ്രസംഗിച്ചു. മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ഉയരുന്ന രോഷപ്രകടനമാണ് ഈ പൊതുപണിമുടക്കിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാലു മാസത്തോളം നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങളോടെ, വിവിധ മേഖലകളിലെ തൊഴിലാളികളെ പണിമുടക്കിന്റെ ഡിമാന്റുകൾ ബോദ്ധ്യപ്പെടുത്തിക്കൊണ്ടാണ് ഈ പണിമുടക്ക് നടക്കുന്നതെന്നും, അർധരാത്രിൽ പ്രഖ്യാപിക്കുന്ന ഹർത്താലുകൾക്ക് സമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പ്രകടനത്തിന് എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി സഖാവ് ആർ.കുമാർ, എഐയുറ്റിയുസി ജില്ലാ സെക്രട്ടറി സഖാവ് ഡി.ഹരികൃഷ്ണൻ സഖാക്കൾ ആർ.ബിജു, ജി.ആർ.സുഭാഷ് എന്നിവർ നേതൃത്വം നൽകി.
കൊല്ലം ജില്ലയിൽ നാലിടത്ത് ട്രെയിൻ തടഞ്ഞു. കൊല്ലം ടൗണിൽ നടന്ന ട്രെയിൻ തടയൽ സമരത്തിന് എഐയുറ്റിയുസി കൊല്ലം ജില്ലാ പ്രസിഡണ്ട് സഖാവ് എസ്.രാധാകൃഷ്ണൻ, സഖാവ് രാമചന്ദ്രൻ എന്നിവരും, കൊട്ടാരക്കരയിൽ സഖാവ് പി.പി.പ്രശാന്ത്, പുനലൂരിൽ സഖാക്കൾ ജി.ധ്രുവകുമാർ, രാജു, കരുനാഗപ്പള്ളിയിൽ സഖാവ് ബി.വിനോദ് എന്നിവർ നേതൃത്വം നൽകി.
കൊല്ലം ടൗണിലെ സമരകേന്ദ്രത്തിൽ ആദ്യദിവസം എഐയുറ്റിയുസി ജില്ലാ പ്രസിഡണ്ട് സഖാവ് എസ്.രാധാകൃഷ്ണനും, രണ്ടാം ദിവസം എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി സഖാവ് ഷൈല കെ.ജോണും പ്രസംഗിച്ചു. കുണ്ടറയിൽ സഖാവ് ആനന്ദൻപിള്ള, കൊട്ടാരക്കരയിൽ സഖാവ് പി.പി.പ്രശാന്ത്, പുനലൂരിൽ സഖാവ് ജി.ധ്രുവകുമാർ, അഞ്ചലിൽ സഖാവ് കെ.ശശാങ്കൻ, കരുനാഗപ്പള്ളിയിൽ ജല്ലാ സെക്രട്ടറി സഖാവ് ബി.വിനോദ് എന്നിവരും പ്രസംഗിച്ചു.
പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നടന്ന സമരസംഗമത്തിൽ എഐയുറ്റിയുസി ജില്ലാ സെക്രട്ടറി സഖാവ് കെ.ജി.അനിൽകുമാർ പ്രസംഗിച്ചു. രണ്ടാം ദിവസം എഐയുറ്റിയുസി ജില്ലാ ട്രഷറർ സഖാവ് സനല ജോർജ് അദ്ധ്യക്ഷത വഹിച്ചു. എഐയുറ്റിയുസി ജില്ലാ പ്രസിഡണ്ട് സഖാവ് എസ്.രാജീവൻ പ്രസംഗിച്ചു. തിരുവല്ലയിൽ സഖാക്കൾ കെ.ബിജിരാജ്, രതീഷ് രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ ജില്ലയിലെ 11 സമരകേന്ദ്രങ്ങളിലും, ട്രെയിൻ തടയൽ സമരത്തിലും എഐയുറ്റിയുസി ജില്ലാ നേതാക്കളും മറ്റ് സഖാക്കളും സജീവമായി പങ്കെടുത്തു. ആലപ്പുഴ ടൗൺ സമരകേന്ദ്രത്തിൽ എഐയുറ്റിയുസി ജില്ല സെക്രട്ടറി സഖാവ് പി.ആർ.സതീശൻ, സംസ്ഥാന കമ്മിറ്റി അംഗം സഖാവ് എം.എ.ബിന്ദു എന്നിവർ പ്രസംഗിച്ചു. അമ്പലപ്പുഴ സമരസംഗമം രണ്ടാം ദിവസം എഐയുറ്റിയുസി ജില്ലാ പ്രസിഡണ്ട് സഖാവ് കെ.ആർ.ശശി ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സഖാക്കൾ പി.ആർ.സതീശൻ, ആർ.അർജുനൻ, കെ.പി.സുബൈദ എന്നിവർ പ്രസംഗിച്ചു.
തുറവൂരിൽ സഖാവ് എൻ.കെ.ശശികുമാർ, ചേർത്തലയിൽ സഖാവ് കെ.പി.മനോഹരൻ, ഹരിപ്പാട് സഖാവ് എ.മുഹമ്മദ്, മാവേലിക്കരയിൽ സഖാവ് കെ.ആർ.ഓമനക്കുട്ടൻ, മാന്നാറിൽ സഖാക്കൾ ഭുവനേശ്വരൻ, കെ.ബിമൽജി, കുട്ടനാട് സഖാവ് കെ.ആർ.അനിൽ, കാവാലത്ത് സഖാവ് ടി.ശശി, മങ്കൊമ്പ് സഖാവ് പി.ഗണേഷ് ബാബു എന്നിവർ പ്രസംഗിച്ചു. കായംകുളത്ത് നടന്ന ട്രെയിൻ തടയൽ സമരത്തിൽ പങ്കെടുത്ത് പ്രസംഗിച്ച എഐയുറ്റിയുസി ജില്ലാ ട്രഷറർ സഖാവ് അനിൽപ്രസാദ് അറസ്റ്റ് വരിച്ചു. ചെങ്ങന്നൂരിൽ ട്രെയിൻ തടയലിന് നേതൃത്വം നൽകുകയും പ്രസംഗിക്കുകയും ചെയ്ത എഐയുറ്റിയുസി ജില്ലാ കമ്മിറ്റി അംഗം സഖാവ് മധു ചെങ്ങന്നൂർ അറസ്റ്റ് വരിച്ചു.
കോട്ടയം ജില്ലാ കേന്ദ്രത്തിൽ നടന്ന സമരസംഗമത്തിൽ സമരസമിതി ജില്ലാ കൺവീനറും എഐയുറ്റിയുസി ജില്ലാ സെക്രട്ടറിയുമായ സഖാവ് വി.പി.കൊച്ചുമോൻ സ്വാഗതപ്രസംഗം നടത്തി. രണ്ടാം ദിവസം കോട്ടയത്ത് നടന്ന ട്രയിൻ തടയൽ സമരത്തിന് സഖാക്കൾ വി.പി.കൊച്ചുമോൻ, എ.ജി.അജയകുമാർ എന്നിവർ നേതൃത്വം നൽകി.
ചങ്ങനാശ്ശേരിയിലെ സമരസംഗമം എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗം സഖാവ് മിനി.കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ട്രെയിൻ തടയലിന് എഐയുറ്റിയുസി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.എൻ.രാജൻ, ജില്ലാ കമ്മിറ്റി അംഗം സഖാവ് ടി.ബി.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
മാടപ്പള്ളിയിൽ സംയുക്തസമിതി പഞ്ചായത്ത് കൺവീനർ സഖാവ് കെ.എൻ.രാജൻ അദ്ധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനത്ത് സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.എസ്.ചെല്ലമ്മ പ്രസംഗിച്ചു. ചിങ്ങവനത്ത് സഖാവ് എ.ജി.അജയകുമാർ, പാമ്പാടിയിൽ സഖാക്കൾ എം.വി.ചെറിയാൻ, ടി.അരുൺജിത്ത് എന്നിവരും പ്രസംഗിച്ചു. വെള്ളൂരിൽ നടന്ന സമരസംഗമം എഐയുറ്റിയുസി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് എം.കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു.
തൊടുപുഴ സമരകേന്ദ്രത്തിൽ നടന്ന പൊതുസമ്മേളനത്തിൽ എഐയുറ്റിയുസി ജില്ലാ പ്രസിഡണ്ട് സഖാവ് എം.എൻ.അനിൽ പ്രസംഗിച്ചു.
എറണാകുളം സിറ്റിയിൽ വഞ്ചി സ്ക്വയറിൽ നടന്ന സമര സംഗമത്തിൽ എഐയുറ്റിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് സഖാവ് പി.എം.ദിനേശൻ, ജില്ലാ കമ്മിറ്റി അംഗം സഖാവ് ജോണി ജോസഫ് എന്നിവർ പ്രസംഗിച്ചു. തൃപ്പൂണിത്തുറ റെയിൽവെ പിക്കറ്റിംഗിന് സഖാക്കൾ പി.എം.ദിനേശൻ, കെ.എ.സതീശൻ എന്നിവർ നേതൃത്വം നൽകി. തൃപ്പൂണിത്തുറ സമരസംഗമത്തിൽ എഐയുറ്റിയുസി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് എൻ.ആർ.മോഹൻകുമാർ, സംസ്ഥാന കമ്മിറ്റി അംഗം സഖാവ് പി.പി.സജീവ്കുമാർ എന്നിവർ പ്രസംഗിച്ചു. പിറവത്ത് സഖാക്കൾ എൻ.ആർ.മോഹൻകുമാർ, കെ.ഒ.ഷാൻ എന്നിവരും, അങ്കമാലിയിൽ എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി അംഗം സഖാവ് പി.പി.അഗസ്റ്റിനും പ്രസംഗിച്ചു.
അമ്പലമുകൾ വ്യവസായ മേഖലയിൽ ഈ പണിമുടക്ക് ഏതാണ്ട് പൂർണ്ണമായിരുന്നു. റിഫൈനറിയിലെ 1400 സ്ഥിരം ജീവനക്കാരിൽ 1200 പേരും പണിമുടക്കി. 2 ദിവസം പണിമുടക്കിയാൽ 18 ദിവസത്തെ ശമ്പളം പിടിക്കുമെന്ന കോടതി വിധി നേടിയ മാനേജ്മെന്റ് നടപടിയെ സധൈര്യം നേരിട്ടുകൊണ്ട് പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളെ കൊച്ചിൻ റിഫൈനറീസ് എംപ്ലോയീസ് അസ്സോസിയേഷൻ ഭാരവാഹികളായ എൻ.ആർ.മോഹൻകുമാർ, പി.പ്രവീൺകുമാർ, പി.പി.സജീവ്കുമാർ എന്നിവർ അഭിവാദ്യം ചെയ്തു.
തൃശ്ശൂർ, ചാലക്കുടിയിൽ നടന്ന റെയിൽവെ സ്റ്റേഷൻ പിക്കറ്റിംഗിന് എഐയുറ്റിയുസി ജില്ലാ കമ്മിറ്റി അംഗം സഖാവ് എ.എം. സുരേഷ് നേതൃത്വം നൽകി. കൊടുങ്ങല്ലൂരിൽ നടന്ന സമര സംഗമത്തിൽ എഐയുറ്റിയുസി ജില്ലാ പ്രസിഡണ്ട് സഖാവ് എ.വി. ബെന്നി പ്രസംഗിച്ചു. കുന്നംകുളത്ത് എഐയുറ്റിയുസി ജില്ലാ വൈസ് പ്രസിഡണ്ട് സഖാവ് സി.ആർ.ഉണ്ണികൃഷ്ണൻ, ചാവക്കാട് സഖാക്കൾ സി.വി. പ്രേംരാജ്, സി.ആർ. ഉണ്ണികൃഷ്ണൻ എന്നിവരും കടപ്പുറം അഞ്ചങ്ങാടി സെന്ററിൽ സഖാവ് എം. ശ്രീകുമാറും പ്രസംഗിച്ചു. ചാവക്കാട് സമരകേന്ദ്രത്തിൽ ബ്ലാങ്ങാട് ജനകീയ സംഗീതസഭയുടെ ഗാനസദസ്സ് നടന്നു.
പാലക്കാട് ഒലവക്കോട് റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടന്ന ട്രെയിൻ തടയൽ സമരത്തിന് എഐയുറ്റിയുസി ജില്ലാ പ്രസിഡണ്ടും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സഖാവ് കെ.അബ്ദുൾ അസീസ്സ് നേതൃത്വം നൽകുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. കോട്ടമൈതാനം മുനിസിപ്പൽ ഓഫീസിന് മുമ്പിൽ നടന്ന സമര സംഗമത്തിൽ സഖാവ് കെ. അബ്ദുൾ അസീസ്സ് പ്രസംഗിച്ചു. എഐയുറ്റിയുസി ജില്ലാ സെക്രട്ടറി സഖാവ് കെ. പ്രദീപ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ കെ.പ്രസാദ്, ആർ.ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ചിറ്റൂർ സമര കേന്ദ്രത്തിൽ എഐയുറ്റിയുസി ജില്ലാ വൈസ് പ്രസിഡണ്ട് സഖാവ് കെ.രാമനാഥൻ പ്രസംഗിച്ചു.
പണിമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് എഐയുറ്റിയുസിയും എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയും ചേർന്ന് മലപ്പുറത്ത് നടത്തിയ പൊതുസമ്മേളനത്തിൽ പാർട്ടി ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സഖാവ് പി.കെ.പ്രഭാഷ് അദ്ധ്യക്ഷത വഹിച്ചു. എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.അബ്ദുൾ അസീസ്സ്, എഐയുറ്റിയുസി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് പി.എം.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. സഖാവ് എ.നാസ്സർ സ്വാഗതം പറഞ്ഞു.
കോഴിക്കോട് സിറ്റിയിൽ ലിങ്ക് റോഡിൽ നടന്ന സമരസംഗമത്തിൽ എഐയുറ്റിയുസി ജില്ലാ സെക്രട്ടറി സഖാവ് പി.എം. ശ്രീകുമാർ പ്രസംഗിച്ചു. കുറ്റ്യാടിയിൽ എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി അംഗം സഖാവ് എം.കെ.രാജൻ പ്രസംഗിച്ചു.
കണ്ണൂരിൽ നടന്ന റെയിൽ തടയലിന് എഐയുറ്റിയുസി ജില്ലാ പ്രസിഡണ്ട് സഖാവ് എം.കെ. ജയരാജൻ, സെക്രട്ടറി സഖാവ് അനൂപ് ജോൺ എന്നിവർ നേതൃത്വം നൽകി അറസ്റ്റ് വരിച്ചു. കണ്ണൂർ സൗത്ത് ബസ്സാറിൽ നടന്ന സമരസംഗമത്തിൽ സഖാവ് എം.കെ.ജയരാജൻ, സഖാവ് അനൂപ് ജോൺ എന്നിവർ പ്രസംഗിച്ചു. നാറാത്ത്, കമ്പിൽ നടന്ന യോഗത്തിൽ എഐയുറ്റിയുസി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. പി.സി.വിവേക് പ്രസംഗിച്ചു.