സംസ്ഥാനതല സ്‌കൂൾ ഓഫ് പൊളിറ്റിക്‌സ് 2019 ആഗസ്റ്റ് 10,11,12 – തിരുവനന്തപുരം

Share

പ്രത്യയശാസ്ത്ര പഠനത്തിനായി പാർട്ടിക്കുള്ളിൽ സ്വീകരിച്ചിട്ടുള്ള ഗൗരവമേറിയ നടപടികളിൽ പ്രധാനപ്പെട്ട ഒന്നായ സ്‌കൂൾ ഓഫ് പൊളിറ്റിക്‌സ് 2019 ആഗസ്റ്റ് 10, 11, 12 തീയതികളിൽ തിരുവനന്തപുരത്തു നെയ്യാർ ഡാമിനു സമീപമുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ നടക്കും.

പാർട്ടിയുടെ അംഗങ്ങൾക്ക് മാർക്‌സിസ്റ്റ് പ്രാമാണിക തത്വങ്ങളിൽ ആഴമാർന്ന ധാരണ നേടാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് സ്‌കൂൾ ഓഫ് പൊളിറ്റിക്‌സ്. മാർക്‌സിസ്റ്റ് ആചാര്യന്മാർ പ്രദാനം ചെയ്തിട്ടുള്ള അടിസ്ഥാന പാഠങ്ങളും അവയെ ആധാരമാക്കി തൊഴിലാളിവർഗ്ഗത്തിന്റെ മഹാനായ ഗുരുനാഥൻ സഖാവ് ശിബ്ദാസ്‌ഘോഷ് നൽകിയിട്ടുള്ള മാർക്‌സിസ്റ്റ് തത്വചിന്തയുടെ ആധുനികധാരണകളും മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സ്‌കൂളിൽ ചർച്ച ചെയ്യും. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സഖാക്കൾ സൗമൻ ബോസ്, കെ.രാധാകൃഷ്ണ, കേന്ദ്രക്കമ്മിറ്റിയംഗങ്ങളായ സഖാക്കൾ കെ.ശ്രീധർ, അമിതാവ ചാറ്റർജി, ഡോ.സുഭാഷ് ദാസ് ഗുപ്ത, ഡോ.വി.വേണുഗോപാൽ, കെ.ഉമ എന്നിവർ ക്ലാസ്സുകൾ നയിക്കും.
മാർക്‌സിസത്തിന്റെ ആവിർഭാവത്തിലേക്കു നയിച്ച തത്വചിന്തയുടെയും സാമ്പത്തികശാസ്ത്രത്തിന്റെയും സോഷ്യലിസ്റ്റ് ആശയങ്ങളുടെയും വളർച്ചയുടെ ചരിത്രം, മാർക്‌സിസത്തിന്റെയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെയും അടിസ്ഥാനതത്വങ്ങൾ, തിയറി ഓഫ് നോളജ്, ചരിത്രപരമായ ഭൗതികവാദം, കമ്യൂണിസ്റ്റ് പാർട്ടി സംഘടനാ തത്വങ്ങൾ, ഇൻഡ്യൻ വിപ്ലവത്തിന്റെ അടവും തന്ത്രവും, ദേശീയ രാഷ്ട്രീയ സാഹചര്യവും കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ വർത്തമാനകാല കടമകളും എന്നിങ്ങനെയായിരിക്കും സ്‌കൂളിന്റെ സെഷനുകൾ. സ്‌കൂൾ ഓഫ് പൊളിറ്റിക്‌സിനു വേണ്ടിയുള്ള തയ്യാറെടുപ്പിലൂടെ സംഘടനയിലൊന്നാകെ പ്രത്യയശാസ്ത്രപഠനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനായി പാർട്ടി സംസ്ഥാനക്കമ്മിറ്റി മുഴുവൻ പാർട്ടി അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു. തയ്യാറെടുപ്പിന്റെ ഭാഗമായി താഴെപ്പറയുന്ന ഏഴ് കൃതികൾ സഖാക്കളുടെ വായനയ്ക്കും പഠനത്തിനും വിധേയമാക്കാൻ സംസ്ഥാനക്കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. സഖാവ് ശിബ്ദാസ്‌ഘോഷിന്റെ കൃതികളായ മാർക്‌സിസവും മനുഷ്യസമൂഹത്തിന്റെ വികാസവും, ഇൻഡ്യൻ മണ്ണിലെ യഥാർത്ഥ കമ്യൂണിസ്റ്റ് പാർട്ടി എസ്‌യുസിഐ(സി) മാത്രമാണ്; എന്തുകൊണ്ട്?, മാർക്‌സിസത്തിന്റെയും വൈരുദ്ധ്യാത്മകഭൗതികവാദത്തിന്റെയും സാരാംശങ്ങളിൽ ചിലത്, വിപ്ലവപാർട്ടി പ്രവർത്തകന്റെ പ്രവർത്തനശൈലി, On Theory of Knowledge, Dialectical Materialism and the Revolutionary Life, വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം (സ്റ്റാലിൻ), പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ ചില പ്രശ്‌നങ്ങളെപ്പറ്റി (പ്രൊവാഷ് ഘോഷ്) എന്നിവയാണ് പ്രസ്തുത കൃതികൾ.

Share this post

scroll to top