യൂണിവേഴ്‌സിറ്റി കോളേജിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതിഷേധപ്രസ്ഥാനം രൂപപ്പെടുന്നു

IMG-20190601-WA0012.jpg
Share

കലാലയങ്ങളിലെ സ്വാതന്ത്ര്യ നിഷേധത്തിന് ഒരു ഇര കൂടി പിറന്നിരിക്കുന്നു. സംഘടനാ സ്വാതന്ത്ര്യനിഷേധത്തിന്റെ ഇരയല്ല; സംഘടന, വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ ഇരയാണ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർത്ഥിനി. കാലങ്ങളായി കടുത്ത മനുഷ്യാവകാശലംഘനങ്ങൾ അരങ്ങേറുന്ന കലാലയമാണ് തലസ്ഥാനത്തെ ഹൃദയ ഭൂമിയിൽ നിലകൊള്ളുന്ന ആ കോളേജ്. നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ‘ചരിത്രമുറങ്ങുന്ന’ യൂണിവേഴ്‌സിറ്റി കോളേജിൽ സ്വപ്‌നങ്ങൾ നിലച്ചിട്ട് കാലമേറെയായി. അക്ഷരാർത്ഥത്തിൽ ചരിത്രം അവിടെ ഉറങ്ങുകയാണ്.
ഒന്നാം വർഷം ബിഎസ്‌സി കെമിസ്ട്രി പഠിക്കാൻ വളരെയേറെ പ്രതീക്ഷയോടെയാണ് ആ വിദ്യാർത്ഥിനി യൂണിവേഴ്‌സിറ്റി കോളേജിന്റെ കവാടം കടന്നെത്തിയത്. എന്നാൽ, കടുത്ത നിരാശയാണ് ആ കുട്ടിയെ എതിരേറ്റത്. അക്കാദമിക സാഹചര്യങ്ങളുടെ അപര്യാപ്തതകളോ, അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള പെരുമാറ്റ ദൂഷ്യമോ, ഇന്റേണൽ അസസ്‌മെന്റു പോലുമോ അല്ല അവളിൽ ആത്മസംഘർഷം സൃഷ്ടിച്ചത്. കലാലയങ്ങളിൽ അപ്രമാദിത്വം സ്ഥാപിച്ച് അരങ്ങു വാഴുന്ന അക്രമി സംഘത്തിന്റെ നിരന്തരമായ ശല്യം മൂലമാണ് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി മരിക്കാൻ ആ വിദ്യാർത്ഥിനി ശ്രമിച്ചത്. രണ്ടു പേജുള്ള ആ കുറിപ്പിൽ നിറയെ എസ്എഫ്‌ഐ പ്രവർത്തകരുടെ അസഹനീയമായ പെരുമാറ്റമാണ് വർണ്ണിച്ചിട്ടുള്ളത്.
എസ്എഫ്‌ഐയുടെ സ്വേച്ഛാധിപത്യം അടിമുടി നിലനിൽക്കുന്ന ഒരു കലാലയത്തിൽ അവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് എല്ലാ വിദ്യാർത്ഥികളും പെരുമാറണമെന്ന ജനാധിപത്യ വിരുദ്ധത സഹനത്തിന്റെ എല്ലാ സീമകളും കടന്നിരിക്കുന്നുവെന്നതിന് ഇതിൽപ്പരം ഒരു തെളിവാവശ്യമില്ല. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ അനുവാദമില്ലാതെ ലൈബ്രറിയിൽ പോകാൻ വിദ്യാർത്ഥികൾക്ക് കഴിയില്ലായെന്ന് കേട്ടാൽ വിശ്വസിക്കാനാവുമോ? അതാണ് സാഹചര്യമെന്ന് പറയുന്ന വിദ്യാർത്ഥികൾ ഭയവിഹ്വലരായിട്ടാണ് അത് സൂചിപ്പിക്കുന്നത് പോലും. പക്ഷേ, തുറന്നു പറയാൻ എന്തുകൊണ്ട് വിദ്യാർത്ഥികൾ ധൈര്യം കാട്ടുന്നില്ല? കാരണം, പ്രതിഷേധിക്കുന്നവർക്ക് ഈ കോളേജിൽ തുടർ പഠനം അസാധ്യമാകുമെന്നതുതന്നെയാണ്.
എങ്കിൽ എന്തുകൊണ്ട് നിങ്ങൾ അധ്യാപകരോട് പരാതിപ്പെടുന്നില്ലായെന്ന ചോദ്യത്തിന്, അദ്ധ്യാപകർ തങ്ങളെക്കാൾ മോശം അവസ്ഥയിലാണ് കഴിയുന്നതെന്നാണ് ഒരു വിദ്യാർത്ഥി പറഞ്ഞത്. സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്ന ഒരു സംഘമാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിനെ ചോദ്യം ചെയ്യാൻ ഒരദ്ധ്യാപകനും തയ്യാറാകില്ല. എത്രമേൽ ദുഃഖകരമായ അവസ്ഥാവിശേഷം!

എസ്എഫ്‌ഐയുടെ മുഖപത്രമായ ‘സ്റ്റുഡന്റി’ന്റെ വരിക്കാരാകാൻ സർവ്വവിദ്യാർത്ഥികളും നിർബന്ധിതരാണ് ആ ക്യാമ്പസ്സിൽ. വാർഷിക വരിസംഖ്യ എല്ലാ വിദ്യാർത്ഥികളും നൽകിയിരിക്കണം. അങ്ങനെയല്ലാത്തവർക്ക് നിരന്തരമായ ശകാരം കേൾക്കേണ്ടി വരുമത്രെ! ഒരു ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥിയ്ക്ക് മറ്റൊരു ഡിപ്പാർട്ടുമെന്റിലെ വിദ്യാർത്ഥിയെ കാണണമെങ്കിൽ കാരണം വിശദീകരിയ്ക്കണം. അല്ലെങ്കിൽ ചേട്ടൻമാർ ദേഷ്യപ്പെടുമെന്നതിനാൽ അതിനും കീഴ്‌വഴങ്ങുന്ന വിദ്യർത്ഥികളാണ് അവിടെയുള്ളതെന്നറിയുമ്പോൾ തല താഴ്ത്താതെ നിർവ്വാഹമില്ല.
ഗൂണ്ടായിസം ഒരു ആൺമേൽക്കോയ്മയുടെ മാത്രം സൃഷ്ടിയല്ല അവിടെ. പെൺകുട്ടികളെ മാനസികമായി കൈകാര്യം ചെയ്യാൻ പെൺഗുണ്ടകളും ആ കോളേജിലുണ്ട്. ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർത്ഥിനി നേരിട്ട മാനസിക പീഡനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ മേൽപ്പറഞ്ഞ പെൺകോയ്മകളുടെ മുഷ്‌ക്കുമുണ്ടായിരുന്നു.
തിരുവനന്തപുരം ആർട്‌സ് കോളേജിലും സമാനമായ സാഹചര്യത്തിലൂടെയാണ് വിദ്യാർത്ഥികൾ കടന്നു പോകുന്നത്. കലാലയമെന്ന് അവയെ വിളിയ്ക്കാനാവില്ല. വിദ്യാർത്ഥികളുടെ തടവറകളായി പല കലാലയങ്ങളും മാറിയിരിക്കുന്നുവെന്ന വസ്തുതയ്ക്ക് നേരെ കണ്ണടയ്ക്കുന്നത്, വ്യക്തിത്വങ്ങൾ രൂപപ്പെടേണ്ട ഭാവി തലമുറയോട് സമൂഹം ചെയ്യുന്ന അപരാധമായിരിക്കും. സ്വാശ്രയ സ്ഥാപനമായ പാമ്പാടി നെഹ്‌റു കോളേജിലെ ഇടിമുറിക്കെതിരെ കേരള മനഃസാക്ഷിയുണർന്നതാണ്. ആ ഇടിമുറിയിലെ പീഡനങ്ങൾ മാനേജ്‌മെന്റുകളുടെ വകയായിരുന്നുവെന്നതിനാൽ, വിദ്യാർത്ഥി സംഘടനകൾ രൂപപ്പെട്ടാൽ മാത്രമേ അത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്ക് തടയിടാനാകൂ എന്ന വസ്തുത ചൂണ്ടിക്കാണിക്കപ്പെട്ടു. തീർച്ചയായും ജനാധിപത്യാന്തരീക്ഷം നിലനിൽക്കണമെങ്കിൽ വിദ്യാർത്ഥികൾക്ക് സംഘടനാ സ്വാതന്ത്ര്യം ആവശ്യമാണ്. അത് സംരക്ഷിക്കപ്പെടുക തന്നെ വേണം. എന്നാൽ, ആ സംഘടനാ സ്വാതന്ത്ര്യത്തെയും പൗരസ്വാത്രന്ത്യത്തെയും സ്വേച്ഛാപരമായി പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു സംഘടന തങ്ങളുടെ വിശേഷാവാകാശമാക്കി മാറ്റിയാൽ അവിടെ മരിക്കുന്നത് സ്വാതന്ത്ര്യം തന്നെയാണ്. യൂണിവേഴ്‌സിറ്റി കോളേജിൽ സംഘടനാ സ്വാതന്ത്ര്യം മാത്രമല്ല, പൗരസ്വാതന്ത്ര്യവും ഹനിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യാവകാശമെന്നാൽ വിദ്യാർത്ഥിയ്ക്ക്/പൗരന് സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശമെന്നാണർത്ഥം. ആ സംസാരത്തിൽ രാഷ്ട്രീയവും ഉൾപ്പെടുന്നു.
എൺപതുകളിൽ, എതിരാളികളെ, രാഷ്ട്രീയ കാരണങ്ങളാൽ ആക്രമിക്കുന്ന ഒരു സംഘമായിരുന്നു അവിടെയുണ്ടായിരുന്നത്. എന്നാൽ, ഇന്ന് രാഷ്ട്രീയം പേരിനുപോലും ആ കലാലയത്തിൽ നമുക്ക് കാണാനാവില്ല. ഒരു രാഷ്ട്രീയവുമില്ലാത്ത നിസ്സഹായരായ അനേകം വിദ്യാർത്ഥികളാണ് പീഡനങ്ങൾക്കും താഡനങ്ങൾക്കും ഇരകളായി, വ്യക്തിത്വം നഷ്ടപ്പെട്ട്, അക്കാദമികമായി പരാജയപ്പെട്ട്, ഭയത്തിനടിമകളായി, ജാഥകളിൽ ആടുകളെപ്പോലെ അണിനിരക്കാൻ നിർബന്ധിതരായി കഴിഞ്ഞുകൂടുന്നത്.

ഫാസിസത്തിനെതിരെ മുറവിളികൂട്ടുന്നവർ യഥാർത്ഥ ഫാസിസത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി കലാലയങ്ങൾ ഏകപക്ഷീയമായി ഭരിക്കുന്നുവെന്നത് ജനാധിപത്യകേരളം എത്രകാലം കണ്ടില്ലെന്നുനടിക്കും? കലാലയങ്ങൾ സ്വാതന്ത്രവിഹായസുകളാകണം . ഭയരഹിതമാകണം അവിടം. സത്യാന്വേഷണ സപര്യകളാണ് കലാലയങ്ങളുടെ ജീവൻ. ആശയസംവാദങ്ങളാണ് കേരളത്തെ കേരളമാക്കിയതെന്നു മറക്കരുത്. പ്രബുദ്ധതയുടെ ഉയിരും ഉണർവും സ്വതന്ത്രകലാലയങ്ങൾ സൃഷ്ടിച്ചതാണ്. എന്നാൽ, സർഗവസന്തത്തിന്റെ ആ നാളുകൾ അസ്തമിച്ചിട്ട് കാലമെത്രയോ കഴിഞ്ഞു. അക്രമത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും രാഷ്ട്രീയം കലാലയങ്ങളെ ഏറെക്കൂറെ നിശ്ചലമാക്കി മാറ്റിയിരിക്കുന്നു. ആരാണ് അതിനുത്തരവാദികൾ?

സംഘടനാസ്വതന്ത്ര്യം അവിടെ നിൽക്കട്ടെ, വിദ്യാർത്ഥികളുടെ പൗരാവകാശങ്ങൾ സംരക്ഷിക്കാൻ പോലും കഴിയുന്നില്ലെങ്കിൽ പിന്നെ കലാലയങ്ങൾ എന്ന സങ്കൽപ്പം പോലും വ്യർത്ഥമല്ലേ? യഥാർത്ഥത്തിൽ, വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യം നൽകാൻ ചുമതലപ്പെട്ട സംഘടനകൾ, അത് കവർന്നെടുക്കുന്ന കവർച്ചക്കാരെപ്പോലെയായാൽ എന്തുചെയ്യും. വാസ്തവത്തിൽ വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തെ തടയുന്ന വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നത് സംഘടിത വിദ്യാർത്ഥി സംഘടനകൾ തന്നെയാണ്. വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള ചട്ടുകങ്ങളായി അവർ ബോധപൂർവ്വം പ്രവർത്തിക്കുന്നുവെന്ന് പറയാതെ വയ്യ.
അത്തരമൊരു സാഹചര്യത്തിൽ, സേവ് എജ്യൂക്കേഷൻ കമ്മിറ്റിയുടെയും പൊതുപ്രവർത്തകരുടെയും മുൻകൈയിൽ വിദ്യാഭ്യാസ സ്‌നേഹികളും പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരിൽ ചിലരും ചേർന്ന് സേവ് യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പയിൻ കമ്മിറ്റിക്ക് രൂപം നൽകി.

ആ സംഘടനയുടെ ആഭിമുഖ്യത്തിൽ മേയ് 10-ാം തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ ഒരു പൗരസംഗമം വിളിച്ചുചേർത്തു. വി.എം.സുധീരൻ ഉദ്ഘാടനം ചെയ്ത ആ പൗരസംഗമത്തിൽ ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. പൗരസംഗമത്തിലെ മുഖ്യപ്രമേയം കെ.എം.ഷാജഹാൻ അവതരിപ്പിച്ചു. പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന വലിയ സദസ്സ് ഒന്നടങ്കം കൈയടിച്ച് പാസ്സാക്കിയ പ്രമേയം സമ്മേളനത്തിന്റെ പ്രഖ്യാപനമായി. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പഠിക്കാനും വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിക്കുവാനും അധ്യാപകർക്ക് പഠിപ്പിക്കാനും നിർഭയം അഭിപ്രായങ്ങൾ പങ്ക് വെയ്ക്കാനും കഴിയുന്ന ജനാധിപത്യാന്തരീക്ഷം പുനഃസ്ഥാപിയ്ക്കപ്പെടുന്നതുവരെ പൗരസമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കുമെന്ന് സംഗമം പ്രഖ്യാപിച്ചു.
സംഗമത്തിന്റെ പ്രധാന തീരുമാനം, ഉയർന്നുവന്ന പരാതികൾ അന്വേഷിക്കാൻ ഒരു സ്വതന്ത്ര ജനകീയാന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നതായിരുന്നു. സംഗമത്തിൽ യൂണിവേഴ്‌സിറ്റി കോളേജിലെ മുൻ പ്രിൻസിപ്പാൾ പ്രൊഫ. മോളി മെഴ്‌സലിൻ, മുൻ പ്രിൻസിപ്പാളും മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗവുമായ പ്രൊഫ.എസ്.വർഗ്ഗീസ്, മുൻ അധ്യാപകൻ റ്റി.പി.ശങ്കരൻകുട്ടി, മുൻ ഗുജറാത്ത് കേഡർ ഡിജിപി ആർ.ബി. ശ്രീകുമാർ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ബിനു ബേബി, എഐഡിഎസ്ഒ മുൻ നേതാവ് എസ്.ശ്രീകുമാർ, പൂർവ്വവിദ്യാർത്ഥികളായ ബി.എസ്.എമിൽ, അജു എന്നിവർ പ്രസംഗിച്ചു.

മെയ് 20ന് സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ നിയോഗിക്കപ്പെട്ടു
പ്രധാനമായും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിൽ അവയുടെ നിജസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി സേവ് യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പയിൻ കമ്മിറ്റി മെയ് 20ന് സ്വതന്ത്ര ജനകീയ ജുഡീഷ്യൽ കമ്മീഷനെ പ്രഖ്യാപിച്ചു.
കമ്മീഷന്റെ ചെയർമാൻ ഹൈക്കോടതിയിലെ തലമുതിർന്ന റിട്ടയേർഡ് ജസ്റ്റിസ് പി.കെ.ഷംസുദ്ദീനാണ്. അംഗങ്ങളായി മുൻ മനുഷ്യാവകാശ കമ്മീഷൻ അംഗവും യൂണിവേഴ്‌സിറ്റി കോളേജ് മുൻ പ്രിൻസിപ്പാളുമായ പ്രൊഫ.എസ്.വർഗ്ഗീസ്, കേരള സർവ്വകലാശാലയിലെ മുൻ സിൻഡിക്കേറ്റ് അംഗവും ബയോടെക്‌നോളജി വിഭാഗം മുൻ മേധാവിയുമായ ഡോ.വി.തങ്കമണി, ബാലാവകാശ കമ്മീഷൻ മുൻ അംഗമായ അഡ്വ.ജെ.സന്ധ്യ എന്നിവരും മെമ്പർ സെക്രട്ടറിയായി യൂണിവേഴ്‌സിറ്റി കോളേജിലെ റിട്ടയേർഡ് പ്രൊഫ. എ.ജി.ജോർജ്ജും ഉൾപ്പെടുന്ന കമ്മീഷനെ പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സേവ് എജ്യൂക്കേഷൻ കമ്മിറ്റിയുടെ സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിൽ യുണിവേഴ്‌സിറ്റി കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ. മോളി മെഴ്‌സലിൻ, വിജയകുമാർ എന്നിവരും പങ്കെടുത്തു.

കമ്മീഷൻ സംസ്ഥാനതലത്തിൽ കലാലയങ്ങളിൽ  അന്വേഷണം നടത്തും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനായി നിയമിതമായ ജനകീയ സ്വതന്ത്ര ജൂഡീഷ്യൽ അന്വേഷണ കമ്മീഷന്റെ ആദ്യയോഗം കമ്മീഷൻ ചെയർമാൻ കൂടിയായ ജസ്റ്റിസ് പി.കെ ഷംസുദ്ദീന്റെ കൊച്ചിയിലെ വസതിയിൽ ചേർന്നു. കമ്മീഷന്റെ അന്വേഷണ പരിധിയിൽ വരേണ്ട വിഷയങ്ങൾ യോഗം തീരുമാനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെയും സംസ്ഥാനത്തെ ഇതര ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെയും യൂണിയൻ പ്രവർത്തനങ്ങളും കലാലയാന്തരീക്ഷവും അക്കാദമിക സാഹചര്യങ്ങളും പ്രവേശനത്തിലെ പ്രശ്‌നങ്ങളുമൊക്കെ ബഹുജനങ്ങളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
വിദ്യാഭ്യാസമേഖലയിലെ വ്യക്തിത്വങ്ങളിൽനിന്നും കമ്മീഷൻ തെളിവുകൾ സമാഹരിക്കും. ജൂൺ 14, 15 തീയതികളിൽ തിരുവനന്തപുരത്ത് ആദ്യ തെളിവെടുപ്പ് ഗസ്റ്റ് ഹൗസിൽ നടക്കും. കോളേജ് പ്രിൻസിപ്പാൾമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ, വിദ്യാർത്ഥി-അധ്യാപക സംഘടനകൾ, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, ബഹുജനങ്ങൾ എന്നിവർക്ക് തെളിവ് നൽകാം.
തെളിവുകൾ നൽകുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മേൽവിലാസം അതീവരഹസ്യമായി സൂക്ഷിക്കുമെന്ന് ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ അറിയിച്ചു. ജൂലൈ 31 ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കും.

തെളിവുകൾ നൽകേണ്ട വിലാസം:

email : enquirycommissionunicollege@gmail.com
Phone No: 9447102040

പൗരസംഗമം അംഗീകരിച്ച പ്രഖ്യാപനം

കാലം കൈയൊപ്പ് ചാർത്തിയ, നൂറ്റമ്പത് വർഷത്തെ പാരമ്പര്യമുളള തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പതിറ്റാണ്ടുകളായി നടക്കുന്ന നഗ്നമായ മനുഷ്യാവകാശലംഘനങ്ങൾക്ക് അറുതിവരുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഒരു ചെറുസംഘം വരുന്ന അക്രമികളുടെ പിടിയിലാണ് മഹത്തായ പാരമ്പര്യമുണ്ടായിരുന്ന യൂണിവേഴ്‌സിറ്റി കോളേജ്. ആ പാരമ്പര്യത്തിനും നന്മകളുടെ പൈതൃകത്തിനും ഇപ്പോൾ ഒരു നൈരന്തര്യമില്ലാതായിരിക്കുന്നു. എസ്എഫ്‌ഐ എന്ന പേരിലുള്ള വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ ഏകഛത്രാധിപത്യത്തിന് കീഴിൽ ആ കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഭയവിഹ്വലരാണ്. പേരിന് പോലും ജനാധിപത്യാവകാശങ്ങൾ അവിടെ നിലനിൽക്കുന്നില്ല.
ആധുനിക കാലഘട്ടത്തിൽ കേരളം പോലൊരു നാട്ടിൽ സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധത്തിലുള്ള കാര്യങ്ങളാണ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമെതിരെ ഒരു സംഘം അക്രമികൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഒന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിനി പീഡനങ്ങൾ സഹിയ്ക്കവയ്യാതെ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നവയാണ്. എസ്എഫ്‌ഐ നേതാക്കളുടെ അനുമതിയില്ലാതെ വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പഠിക്കാനോ ഏതെങ്കിലും സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ കഴിയില്ലായെന്ന അത്യന്തം ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് വ്യക്തമാണ്. ചോദ്യം ചെയ്യുന്ന അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുന്നു. വിദ്യാർത്ഥികൾ നൽകുന്ന പരാതികളിന്മേൽ ഒരു നടപടിയും അധികാരികൾ സ്വീകരിക്കുന്നുമില്ല.
എസ്എഫ്‌ഐയുടെ സ്റ്റുഡന്റ് മാഗസിന്റെ വാർഷിക വരിസംഖ്യയെടുക്കാൻ പണം നിർബന്ധമായി നൽകണം. പിരിവ് നൽകാത്ത വിദ്യാർത്ഥികളെ ഇടിമുറിയിൽ മർദ്ദിക്കുന്നത് നിത്യസംഭവമാണ്. അസഹനീയമായ പീഡനങ്ങൾ മൂലം നൂറ് കണക്കിന് വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ചുപോവുകയോ, ട്രാൻസ്ഫർ വാങ്ങിപോവുകയോ ചെയ്യുന്നു.
ഈ സാഹചര്യത്തിൽ, പ്രബുദ്ധ സമൂഹം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിക്കുവാൻ മുന്നിട്ടിറങ്ങണമെന്ന് ഈ പൗരസമ്മേളനം ആഹ്വാനം ചെയ്യുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ നടമാടുന്ന മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ സ്വതന്ത്ര ജൂഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നു.

വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പഠിക്കുവാനും വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിക്കുവാനും അദ്ധ്യാപകർക്ക് പഠിപ്പിക്കുവാനും നിർഭയം അഭിപ്രായങ്ങൾ പങ്ക് വെയ്ക്കാനും കഴിയുന്ന ജനാധിപത്യാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതുവരെ പൗരസമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കും. അക്രമികളെ മുഴുവൻ കോളേജ് ക്യാമ്പസ്സിൽനിന്ന് പുറത്താക്കാൻ സർവ്വകലാശാല അധികൃതർ നടപടി സ്വീകരിക്കണം. പെൺകുട്ടിക്കെതിരെ ആത്മഹത്യാശ്രമത്തിന് നിയമവിരുദ്ധമായി കേസെടുത്ത നടപടി പിൻവലിക്കണം. കുറ്റക്കാരായ മുഴുവൻ എസ്എഫ്‌ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണം. യൂണിവേഴ്‌സിറ്റി കോളേജിലെ ഭയാനകമായ അന്തരീക്ഷത്തെക്കുറിച്ചും പൗരാവകാശഹത്യയെക്കുറിച്ചും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജനകീയ ജൂഡീഷ്യൽ വസ്തുതാന്വേഷണ കമ്മീഷനെ നിയോഗിക്കും.
പൊതുസമൂഹം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഒപ്പമുണ്ടെന്ന് ഈ സംഗമം പ്രഖ്യാപിക്കുന്നു. ആത്മഹത്യാശ്രമം നടത്തി യൂണിവേഴ്‌സിറ്റി കോളേജിലെ അവസ്ഥ പുറംലോകത്തെ അറിയിച്ച വിദ്യാർത്ഥിനിയ്ക്ക് ഈ പൗരസമൂഹ സംഗമം സർവ്വവിധ ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു.

Share this post

scroll to top