‘അഗ്നിപഥ് ‘ ഉയർത്തുന്ന ചോദ്യങ്ങൾ

Agnipath-Kolkotha.jpg
Share

അഗ്നിപഥ് എന്ന പേരിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ സൈനികസേവനപദ്ധതിക്കെതിരെ
പതിനൊന്ന് സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിന് യുവാക്കൾ രോഷാകുലരായി രംഗത്തുവന്നു. അവർ അവലംബിച്ച പ്രക്ഷോഭരീതിയോട് വിയോജിപ്പുള്ളവർപോലും അത്തരമൊരു പൊട്ടിത്തെറിക്കു കാരണമായ തൊഴിൽരഹിതരുടെ അസംതൃപ്തിയും നിസ്സഹായതയും രാജ്യത്തിന്റെ വേദനാകരമായ ഒരു യാഥാർത്ഥ്യമാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.

സുസംഘടിതമായ ഒരു ജനാധിപത്യമുന്നേറ്റത്തിന്റെ സ്വഭാവമോ കേന്ദ്രീകൃതമായ ഒരു നേതൃത്വമോ ഇല്ലാതിരുന്നിട്ടും രാജ്യത്തിന്റെ വലിയൊരു പ്രദേശത്തേക്ക് അഗ്നിപഥിനെതിരായ യുവജനസമരം സ്വമേധയാ പടർന്നത് തൊഴിലില്ലായ്മ എന്ന പ്രശ്‌നത്തിന്റെ സ്‌ഫോടനാത്മകമായ മാനത്തെയാണ് വെളിവാക്കുന്നത്.
ആദ്യത്തെ ഊഴത്തിൽ പ്രതിവർഷം രണ്ടുകോടി തൊഴിൽ എന്ന വാഗ്ദാനം നൽകിയ നരേന്ദ്ര മോദി, ഉണ്ടായിരുന്ന തൊഴിൽ അവസരങ്ങൾകൂടി ഇല്ലാതാക്കി ഇന്ത്യൻ യുവത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. കോവിഡ് മഹാമാരിയുടെ ദുരന്തദിനങ്ങളിൽ ലക്ഷക്കണക്കിന് തൊഴിലുകൾ നഷ്ടപ്പെട്ടു. 2020 വർഷത്തിൽ യൂണിയൻ ഗവൺമെന്റിന്റെ കണക്കനുസരിച്ച് നികത്തപ്പെടാത്ത ഒഴിവുകളുടെ എണ്ണം 8.8ലക്ഷമാണ്. ആകെ അനുവദിക്കപ്പെട്ടിട്ടുള്ള തസ്തികകളുടെ 23ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. 2018ൽ രാജ്യത്ത് 12,936പേരും അതിനടുത്ത രണ്ടുവർഷത്തിനുള്ളിൽ 9,140 പേരും തൊഴിലില്ലായ്മമൂലം ആത്മഹത്യചെയ്തു എന്ന ഞെട്ടിപ്പിക്കുന്ന വിവരം രാജ്യസഭയിൽ അറിയിച്ചത് കേന്ദ്രസർക്കാരാണ്. കോവിഡുമൂലം രണ്ടുവർഷക്കാലം സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി നിർത്തിവച്ചു. അതിനുമുമ്പ് നടത്തിയ റാലിയുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും നിയമനം നടന്നിരുന്നില്ല. കോവിഡിനുശേഷം സൈന്യത്തിൽ നിയമന നടപടികൾ തുടങ്ങുമ്പോൾ തങ്ങളെ ആദ്യം പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന, ആദ്യലിസ്റ്റിൽ പെട്ടിരുന്ന യുവാക്കൾ പൂർണ്ണമായും നിരാശരായി. പകരം പ്രഖ്യാപിക്കപ്പെട്ട അഗ്നിപഥിൽ ഉയർന്ന പ്രായപരിധി 21 ആയി നിശ്ചയിക്കുക കൂടി ചെയ്തപ്പോൾ സൈനികനിയമനത്തിൽനിന്നും എന്നെന്നേയ്ക്കുമായി ഇവർ പുറത്താവുകയും ചെയ്തു. അങ്ങനെ ദീർഘനാളായി നേരിടുന്ന അപമാനവും പ്രതീക്ഷയറ്റ അവസ്ഥയും പൊടുന്നനെ രാജ്യത്തെ യുവാക്കളെ ഒരു പൊട്ടിത്തെറിയിലേയ്ക്ക് എടുത്തെറിയുകയായിരുന്നു. എന്നാൽ ഭരണാധികാരികളാകട്ടെ, അവരുടെ പ്രശ്‌നങ്ങൾ ക്ഷമാപൂർവ്വം കേൾക്കുന്നതിനുപകരം റെയിൽവേ സംരക്ഷണ സേനയെ ഉൾപ്പെടെ രംഗത്തിറക്കി പ്രക്ഷോഭത്തെ അടിച്ചമർത്തി. എന്നുമാത്രവുമല്ല, സമരം ചെയ്തവരെ എന്നന്നേക്കുമായി എല്ലാ സർക്കാർ ജോലികളിൽനിന്നും അയോഗ്യരാക്കുകയും ചെയ്തു.
കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ നിയമനനിരോധനവും തസ്തിക വെട്ടിച്ചുരുക്കലും വൻതോതിലുള്ള കരാർവൽക്കരണവും മനുഷ്യാധ്വാനത്തെ ഭീമമായി പുറന്തള്ളുന്ന ആധുനികസാങ്കേതികവിദ്യകളും എല്ലാം ചേർന്ന് രാജ്യത്ത് കോടിക്കണക്കിന് തൊഴിൽരഹിതരെ സൃഷ്ടിക്കുകയാണ്. തീവണ്ടികളിൽ കുത്തിനിറയ്ക്കപ്പെട്ട്, തൊഴിൽ തേടി അലയുന്ന ലക്ഷങ്ങൾ നടത്തുന്ന കൂട്ടപലായനങ്ങളുടെ കരളലിയിക്കുന്ന ദൃശ്യങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു. രാഷ്ട്രത്തിന്റെ ദയനീയപ്രതീകങ്ങളായി മാറിയിട്ടുള്ള തൊഴിൽരഹതിരോട് സഹാനുഭൂതിയുടെ കണികപോലുമില്ലാത്ത സമീപനമാണ് സർക്കാരുകൾ വച്ചുപുലർത്തുന്നത്. അതിന്റെ ഏറ്റവും വ്യക്തതയാർന്ന ഉദാഹരണമാണ് അഗ്നിപഥ് പദ്ധതി.


എന്താണ് അഗ്നിപഥ്?


പതിനേഴര മുതൽ 23 വയസ്സ് വരെയുള്ളവരെ നാലുവർഷത്തേക്ക് സൈനികസേവനത്തിന് നിയോഗിക്കുന്നതാണ് അഗ്നിപഥ് എന്ന പുതിയ സൈനികസേവന പദ്ധതി. തെരഞ്ഞെടുക്കപ്പെടുന്നവർ അഗ്നിവീർ എന്നറിയപ്പെടും. ഓഫീസർ പദവിക്കും താഴെയുള്ള എല്ലാ സൈനികനിയമനങ്ങൾക്കും ഇനിമേൽ അഗ്നിപഥ് പദ്ധതി മാത്രമേ ഉണ്ടാകൂ. ഈ വർഷംതന്നെ 46,000 പേരെ നിയമിക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. നിയമനം ലഭിച്ചവരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ സ്ഥിരനിയമനം ലഭിക്കും. സൈന്യത്തിൽ ചേരാനുള്ള നിയമനമാനദണ്ഡങ്ങൾതന്നെയാകും അഗ്നിപഥിലും പിന്തുടരുക. വർഷത്തിൽ രണ്ടുതവണ റിക്രൂട്ട്‌മെന്റ് റാലികൾ നടത്തി നിയമനം നടത്തും. ആദ്യത്തെ ആറുമാസം പരിശീലനം നൽകും. 30,000 രൂപയിൽ തുടങ്ങുന്ന പ്രതിമാസ ശമ്പളം കാലാവധി പൂർത്തിയാകുമ്പോൾ 40,000 രൂപ വരെയാകും. ശമ്പളത്തിന്റെ 30 ശതമാനം സേവാനിധിയിലേക്ക് മാറ്റും. പ്രസ്തുത തുകയും ചേർത്ത് വിരമിക്കുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. എന്നാൽ പെൻഷനും ഗ്രാറ്റ്വിറ്റിയും ഉൾപ്പടെ വിമുക്തഭടന്മാർക്കുള്ള ആനുകൂല്യങ്ങളൊന്നും ഇവർക്കുണ്ടാകില്ല. വിവിധ സർക്കാർ വകുപ്പുകളിലേക്കും ഏജൻസികളിലേക്കുമുള്ള നിയമനങ്ങളിൽ അഗ്നിവീറിന് വിഹിതമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലെ വിമുക്തഭടന്മാരുടെ ജോലിലഭ്യത പരിശോധിച്ചാൽ ഇത് വെറും തട്ടിപ്പാണെന്ന് മനസ്സിലാക്കാം.


പരിപൂർണ്ണമായും ഇതൊരു കരാർ നിയമനമാണ്. സ്ഥിരംജോലിയുടെ യാതൊരു ആനുകൂല്യങ്ങളുമില്ലാത്ത താൽക്കാലികനിയമനം മാത്രം. നവലിബറൽ നയങ്ങളുടെ ഭാഗമായി സർവ്വമേഖലകളിലും നടപ്പാക്കുന്ന കരാർ നിയമനം സൈന്യത്തിലേക്കുകൂടി വ്യാപിപ്പിക്കുന്നു എന്നർത്ഥം. സൈന്യത്തിൽ പെൻഷനുവേണ്ടി ചെലവഴിക്കുന്ന ഭീമമായ തുക വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യവും അഗ്നിപഥിനുണ്ടെന്ന് ഉയർന്ന സൈനികോദ്യോഗസ്ഥർ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കുകയുണ്ടായി. അങ്ങനെ വൺ റാങ്ക്, വൺ പെൻഷൻ എന്ന മുദ്രാവാക്യമുയർത്തി അധികാരത്തിൽ വന്ന ബിജെപിയുടെ പുതിയ പദ്ധതി നോ റാങ്ക്, നോ പെൻഷൻ എന്നായി മാറിയിരിക്കുന്നു.
സൈന്യത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സൈന്യത്തെ ചെറുപ്പമാക്കാനും വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത് എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ കരാർ നിയമനം നടക്കുന്ന അദ്ധ്യാപനരംഗത്തടക്കം കാര്യക്ഷമതയും ഉത്തരവാദിത്തബോധവും കുറഞ്ഞു വരുന്നതാണ് അനുഭവം. അപ്പോൾ ഈ അവകാശവാദത്തിൽ കഴമ്പില്ല. എന്നുമാത്രവുമല്ല കാര്യക്ഷമതക്കുറവ് സൈന്യത്തിലാകുമ്പോൾ അത് രാജ്യരക്ഷയെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഗൗരവമമുള്ളതാണ്.


18 വയസ്സിൽ ചേരുന്നവർക്ക് 15 വർഷത്തെ സേവനത്തിനുശേഷം സർവ്വആനുകൂല്യങ്ങളോടെയും വിരമിക്കാനുള്ള അവസരം ഇപ്പോൾ നിലവിലുണ്ട്. വിരമിക്കുന്നുവരുടെ ഒഴിവിലേക്ക് പുതിയ നിയമനം നടത്തുകയുമാകാം. 33 വയസ്സ് എന്നത് കാര്യക്ഷമമായ ചെറുപ്പകാലംതന്നെയാണ്. അപ്പോൾ സൈന്യത്തെ ചെറുപ്പമാക്കാൻ എന്ന വാദഗതിയും അടിസ്ഥാനരഹിതമാണ്.
എല്ലാ മേഖലകളിലും സ്ഥിരനിയമനം കുറച്ചുകൊണ്ടുവരുന്ന നയമാണ് സർക്കാരുകൾ അവലംബിക്കുന്നത്. സർക്കാരിന്റെ എല്ലാ പിന്തുണയും തലോടലും ലഭിക്കുന്ന, കണക്കില്ലാതെ പണം ചൊരിയുന്ന മേഖലയായ സൈന്യത്തിലെങ്കിലും ഒരു സ്ഥിരജോലി ലഭിക്കുന്നമെന്നുകരുതി അനേകായിരം യുവാക്കളാണ് റിക്രൂട്ട്‌മെന്റ് റാലികളിൽ എത്തുന്നത്. ഇവരുടെ പ്രതീക്ഷകൾ അഗ്നിപഥ് തകിടം മറിക്കുന്നുവെന്ന കാര്യം വ്യക്തമാണ്. കഴിഞ്ഞ രണ്ടുവർഷമായി സേനയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താതിരുന്നത് ഈ കുൽസിതമാർഗ്ഗം മുന്നിൽ കണ്ടുകൊണ്ടാണ് എന്നുവേണം വിചാരിക്കാൻ. കുറഞ്ഞ കാലത്തെ പരിശീലനം സൈന്യത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്ന വിമർശനം വിരമിച്ച സൈനികഉദ്യോസ്ഥർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധരംഗം അതിവേഗം ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുന്നു എന്നതും സാങ്കേതിവിദ്യാവികാസം തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു എന്നതും ശരിയാണ്. എന്നാൽ ഇതിലൂടെയെല്ലാം പെരുകുന്ന തൊഴിലില്ലായ്മയ്ക്ക് ശമനം വരുത്താൻ ഉതകുംവിധം പുതിയ മേഖലകളും അവസരങ്ങളും തുറന്നുകൊടുക്കുന്നില്ലെങ്കിൽ സ്‌ഫോടനാത്മകമായ സ്ഥിതി വിശേഷമാകും രാജ്യത്തുണ്ടാവുക. ഒരു സർക്കാർജോലി ലഭിക്കുക എന്നത് ഏറെ ദുഷ്‌കരമായിരിക്കുന്ന ഇന്നത്തെ സ്ഥിതിയിൽ സൈനികസേവനമെങ്കിലും നടത്തി ജീവിതം സുരക്ഷിതമാക്കാം എന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്. ബീഹാർ, യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ യൂവാക്കൾ അഗ്നിപഥ് പദ്ധതിക്കെതിരെ വൻതോതിൽ തെരുവിലിറങ്ങിയത് ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടാണ്.


അഗ്നിപഥ് ഉയർത്തുന്ന ഗൗരവതരമായ ആശങ്കകൾ


തൊഴിലവസരങ്ങളുടെയും സ്ഥിരം തൊഴിലിന്റെയും പ്രശ്‌നത്തിനപ്പുറത്തേക്കുകൂടി കണ്ണോടിക്കാൻ ഈ പദ്ധതി നമ്മോടാവശ്യപ്പെടുന്നുണ്ട്. നിലവിൽ പതിനഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കി സിവിലിയൻ ജീവിതത്തിലേക്കുവരുന്നവരുടെ എണ്ണത്തിന്റെ ഏതാണ്ട് നാല് മടങ്ങ്, സൈനികപരിശീലനം നേടിയ പൗരന്മാരെ അഗ്നിപഥ് സൃഷ്ടിക്കും. ഇപ്രകാരം സമൂഹത്തിന്റെ വൻതോതിലുള്ള സൈനികവൽക്കരണത്തിന് ഇടനൽകുന്ന അഗ്നിപഥ് എന്തു ഫലമായിരിക്കും സൃഷ്ടിക്കുകയെന്ന് നിരവധി പ്രഗത്ഭർ ചോദ്യം ഉയർത്തുന്നു. സ്ഥിരനിയമനം നേടി സൈന്യത്തിൽ തുടരുന്ന 25 ശതമാനത്തെ നിർണ്ണയിക്കുന്നതിന്റെ മാനദണ്ഡം മികച്ച പ്രകടനമായിരിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാണ് സൈന്യത്തിൽ അവശേഷിക്കുക? മികച്ച പ്രകടനമെന്ന മാനദണ്ഡത്തിന് വ്യക്തമായ യോഗ്യതകൾ നിശ്ചയിച്ചിട്ടില്ല എന്നത് ജനാധിപത്യവിശ്വാസികളെ വലിയതോതിൽ അലട്ടുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് ഇണങ്ങുന്ന ഒരു പ്രത്യേക മനോഘടനയുള്ളവർ മാത്രം സൈന്യത്തിൽ അവശേഷിക്കുന്ന സ്ഥിതി ഉണ്ടാകുമോ എന്ന ആശങ്ക ഉയർത്തപ്പെട്ടുകഴിഞ്ഞു. പ്രത്യേകിച്ചും രാഷ്ട്രീയനേട്ടങ്ങൾക്കായി സൈന്യത്തെ ഉപയോഗപ്പെടുത്തുന്നതായുള്ള വിമർശനം കാശ്മീരിന്റെയും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെയും അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി മാധ്യമങ്ങൾ മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ള സാഹചര്യത്തിൽ ഈ ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്ന് കരുതേണ്ടിവരും.


അയൽരാജ്യങ്ങളുമായി ശത്രുത നിലനിർത്തുകയും അതിന്റെ പേരിൽ സൈനികബജറ്റ് വർദ്ധിപ്പിച്ച് ആയുധകമ്പോളത്തിന് കൃത്രിമോത്തേജനം നൽകുകയും ചെയ്യുക എന്നത് ഏതാണ്ടെല്ലാ മുതലാളിത്ത രാജ്യങ്ങളുടെയും പൊതുപ്രവണതയായി മാറിയിട്ടുണ്ട്. യുദ്ധത്തെയും സൈനികവൃത്തിയെയും അങ്ങേയറ്റം ആദർശവൽക്കരിക്കുന്നു. കൃത്രിമമവും സങ്കുചിതവുമായൊരു ദേശസ്‌നേഹചിന്ത ഇളക്കിവിട്ട് ജനങ്ങളെ സർക്കാരിന്റെ ചെയ്തികൾക്കൊപ്പം നിർത്തുകയെന്ന ഹീനലക്ഷ്യവും ഇതിലൂടെ സാധിക്കുന്നു. സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നവരെ വിദേശരാജ്യങ്ങളുടെ ഏജന്റുമാരായും രാജ്യദ്രോഹികളായും ചിത്രീകരിച്ച് നിശബ്ദരാക്കാനും അമർച്ചചെയ്യാനുമുള്ള വഴിയും ഇതിലൂടെ തുറന്നുകിട്ടുന്നു.
രാജ്യത്തിന്റെ രാഷ്ട്രീയ – സാമൂഹ്യ സാഹചര്യം അളക്കാനാവാത്ത പതനത്തിലേക്ക് വീഴുകയാണ്. നാടിന്റെ ജനാധിപത്യഘടന ഇത്രമേൽ ചോദ്യംചെയ്യപ്പെടുന്ന അതീവഗൗരവതരമായ ഒരു സ്ഥിതിവേശേഷം ഇതിനുമുമ്പുണ്ടായിട്ടില്ല. അധികാരിവർഗ്ഗത്തിന്റെ നീചകൃത്യങ്ങൾക്ക് ദാസ്യപ്പണിചെയ്യുന്ന ഒന്നായി ഭരണകൂടത്തിന്റെ എല്ലാ ഘടകങ്ങളും അധഃപതിക്കുന്നതായി വ്യാപകമായി വിമർശനം ഉയരുന്നു. കോടതികൾപോലും ഭരണഘടനാ ലംഘനങ്ങൾക്കും ജനാധിപത്യക്കുരുതികൾക്കും കൂട്ടുനിൽക്കുന്നു. പോലീസും അന്വേഷണഏജൻസികളും കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഇംഗിതങ്ങൾ നിറവേറ്റുന്നതിനായി ഭരണഘടന നൽകുന്ന ജനാധിപത്യ-പൗരാവകാശങ്ങൾ നിർദ്ദാക്ഷിണ്യം കുരുതികഴിക്കുകയാണ്. സാധാരണപൗരന്മാർക്കുനേരെയുള്ള പോലീസിന്റെയും സൈന്യത്തിന്റെയും പക്ഷപാതപരമായ അതിക്രമങ്ങൾ രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നായി റിപ്പോർട്ടുചെയ്യപ്പെടുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകളിൽ പ്രത്യേക അധികാരങ്ങളോടെ നിയോഗിക്കപ്പെട്ട സേനാദളങ്ങൾ അനേകായിരങ്ങളുടെ ജീവിതത്തിൽ ഭീതി വിതച്ചുകൊണ്ടിരിക്കുന്നുത് നാം കാണുകയാണ്. വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ സുരക്ഷിതമാർഗ്ഗവും സൈന്യം അവലംബിക്കുന്നുണ്ട് എന്നതും വെളിച്ചത്തായ യാഥാർത്ഥ്യമാണ്. 2021 ഡിസംബർ നാലിന്, നാഗലാന്റിൽ 14 നിരപരാധികളായ ഖനിത്തൊഴിലാളികളെയും നാട്ടുകാരെയും വെടിവച്ചുകൊന്ന ഇൻഡ്യൻ സൈന്യത്തിന്റെ നടപടി രാജ്യം വിസ്മരിച്ചിട്ടില്ല. സൈന്യത്തെ അധികമധികം സങ്കുചിതത്വത്തിലേക്ക് താഴ്ത്താനുള്ള ശ്രമങ്ങൾ ഇന്ന് ശക്തമാണ്. വർദ്ധിച്ചുവരുന്ന ഈ പ്രവണതകളുടെ പശ്ചാത്തലത്തിൽ വേണം സൈനികരംഗത്ത് സർക്കാരിന്റെ ഓരോ നീക്കത്തെയും വിലയിരുത്താൻ. മുകളിൽ സൂചിപ്പിച്ച സങ്കുചിതത്വങ്ങളുടെയും സ്വന്തം പൗരന്മാരോട് പുലർത്തുന്ന പകയുടെയും ഒരു മനോഘടന, മികച്ച പ്രകടനത്തിന്റെ മാനദണ്ഡമാക്കിക്കൊണ്ട് അഗ്നിവീറിന്റെ സ്ഥിരനിയമനം നടന്നേക്കാമെന്ന ആശങ്കയും തീർത്തും അസ്ഥാനത്തല്ല.


അസത്യപ്രചാരണങ്ങളുടെ ചുവടുപിടിച്ചുള്ള ആൾക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളുമൊക്കെ വർദ്ധിച്ചുവരികയാണ്. വൻതോതിൽ ജനങ്ങൾ അണിനിരക്കുന്ന പ്രക്ഷോഭങ്ങൾക്കുനേരെപോലും അതിക്രമം നടത്താൻ ഇത്തരം അക്രമിസംഘങ്ങൾ മുതിരുന്നു. ജനങ്ങളുടെമേൽ കുതിരകയറാനുള്ള ഇത്തരം ഗസ്റ്റപ്പോ സംഘങ്ങൾ പല പേരുകളിൽ വളർത്തിയെടുക്കപ്പെടുന്നു. നാല് വർഷത്തെ സൈനിക പരിശീലനം നേടി അഗ്നിവീർ എന്ന സവിശേഷ പദവിയുമായി സിവിലിയൻ ജീവിതരംഗത്തേക്കുവരുന്നവർ, ഇത്തരം ഫാസിസ്റ്റ് കൂട്ടങ്ങളുടെ അണിപെരുക്കുന്ന സ്ഥിതി ഉണ്ടായാൽ ജനാധിപത്യപ്രക്ഷോഭങ്ങൾപോലും ഇവരെ ഭയന്ന് പിൻവാങ്ങുന്ന സാഹചര്യമുണ്ടായേക്കാം എന്ന ആശങ്ക ഒരു വിഭാഗമാളുകൾക്കെങ്കിലുമുണ്ട്. ഇനിയും ലിസ്റ്റുചെയ്തുവച്ചിട്ടുള്ള പള്ളികളുടെ പൊളിച്ചടുക്കൽ ജോലി ഏറ്റെടുക്കേണ്ടവരും യജമാനന്മാരുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പാതയൊരുക്കേണ്ടവരും വർഗ്ഗീയ കലാപങ്ങളുടെ വിദഗ്ദ്ധസംഘാടകരുമൊക്കെയായി ഇവർ രംഗത്തു വന്നേക്കാം.
ഹിന്ദുത്വത്തെ സൈനികവൽക്കരിക്കുകയും സൈന്യത്തെ ഹിന്ദുത്വവൽക്കരിക്കുകയും ചെയ്യുക എന്ന ഫാസിസ്റ്റ് അജണ്ട അഗ്നിപഥിലൂടെ നടപ്പാക്കുകയാണോ എന്ന കാതലായ ചോദ്യവും തൊഴിൽപ്രശ്‌നങ്ങളോടൊപ്പം ഗൗരവപൂർവ്വം പരിശോധിക്കപ്പെടണം.


തൊഴിലില്ലായ്മക്കെതിരെ ദേശവ്യാപക പ്രക്ഷോഭം വളർത്തിയെടുക്കുക


എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ യുവജനവിഭാഗമായ എഐഡിവൈഒ രാജ്യമെമ്പാടും അഗ്നിപഥിനെതിരായ ജനാധിപത്യപ്രക്ഷോഭത്തോടൊപ്പം അണിനിരന്നു. എന്നാൽ പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രക്ഷോഭത്തിന് പിന്തുണ നൽകാതിരുന്നത് സമരവിജയത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കർഷകപ്രക്ഷോഭത്തോട് കാട്ടിയ അതേ നിരുത്തരവാദപരമായ സമീപനം ഇക്കാര്യത്തിലും ആവർത്തിക്കപ്പെട്ടു. സർക്കാരിന്റെ ജനവിരുദ്ധപദ്ധതികളെ പരാജയപ്പെടുത്താൻ ലഭിക്കുന്ന ഒരവസരവും പ്രതിപക്ഷവും ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവർപോലും ഉപയോഗപ്പെടുത്തുന്നില്ല. വീണ്ടും വീണ്ടും ജനദ്രോ ഹനയങ്ങൾ ആവിഷ്‌കരിക്കാൻ ഇത് മോദി സർക്കാരിന് ധൈര്യം നൽകുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തൊഴിലില്ലായ്മക്കെതിരെ ശക്തമായ യുവജനപ്രക്ഷോഭം വളർത്തിയെടുക്കുകയാണ് ഇന്നത്തെ അടിയന്തര കർത്തവ്യം. മതവിശ്വാസങ്ങൾക്കും ജാതിചിന്തകൾക്കും എല്ലാത്തരം വിഭാഗീയതകൾക്കും അതീതമായി പടുത്തുയർത്തപ്പെടുന്ന ജനാധിപത്യപ്രക്ഷോഭം ഒന്നുമാത്രമാണ് ഫാസിസ്റ്റ് നയങ്ങളെ ചെറുക്കാനുള്ള ഏറ്റവും അപ്രതിരോധ്യമായ മാർഗ്ഗം.

Share this post

scroll to top