കോവിഡ്-19 മഹാമാരിയെ തുടർന്ന് രാജ്യത്തെ ജനങ്ങൾ അത്യന്തം വേദനാജനകമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ്. തൊഴിൽ നഷ്ടം, വരുമാന നഷ്ടം, ഏറിവരുന്ന ആരോഗ്യപ്രശ്നങ്ങൾ, ഇതെല്ലാം സൃഷ്ടിക്കുന്ന മാനസികാഘാതങ്ങള്, കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ജീവിതപ്രശ്നങ്ങള് തുടങ്ങി നിരവധിയായ പ്രശ്നങ്ങൾ അവരെ വിടാതെ പിന്തുടരുന്നു. അതിരൂക്ഷമായ ഈ പ്രശ്നങ്ങൾക്കിടയിൽ, പാർലമന്റിനകത്തോ പുറത്തോ യാതൊരു വിധത്തിലുള്ള ചർച്ചകൾക്കും ഇടം കൊടുക്കാതെ റെയിൽവെ, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ സേവന മേഖലകളിൽ കേന്ദ്ര സർക്കാർ പുതിയ നയങ്ങൾ നടപ്പിലാക്കുകയാണ്.
109 ജോഡി റൂട്ടുകളിലായി 151 ട്രെയിനുകൾ സ്വകാര്യമേഖലയിൽ സർവീസ് നടത്തുമെന്നും സ്വകാര്യമേഖല 30,000 കോടി രൂപ നിക്ഷേപിക്കുമെന്നും 2020 ജൂലൈ 1 ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ട്രെയിനും ലോക്കോമോട്ടീവുകളും അവർക്കിഷ്ടമുള്ളിടത്തു നിന്നും വാങ്ങാൻ സ്വകാര്യ കമ്പനികളെ അനുവദിക്കും. യാത്രാനിരക്കുകൾ നിക്ഷേപകർ നിശ്ചയിക്കും, സർക്കാരിനോ റെയിൽവേയ്ക്കോ അതിൽ യാതൊരു പങ്കുമുണ്ടായിരിക്കുന്നതല്ല. ഇതിനെത്തുടർന്ന് ജൂലൈ 2 ന് റെയിൽവേ ബോർഡ് 50 ശതമാനം ഒഴിവുകൾ വെട്ടിക്കുറയ്ക്കാനും പുതിയ തസ്തികകൾ മരവിപ്പിക്കാനും സോണൽ ആഫീസുകൾക്ക് കത്ത് നൽകി.2018 മുതൽ റെയിൽവേയ്ക്ക് സുരക്ഷാ വിഭാഗത്തിൽ 72,274 ഉം ഇതര വിഭാഗങ്ങളിൽ 68,366 ഉം ഒഴിവുകളുണ്ട്. മൊത്തം ഒഴിവുകളുടെ എണ്ണം പത്രങ്ങളിൽ റിപ്പോർട്ട് ചെയ്ത പ്രകാരം 1,40,640 ആണ്. ട്രെയിനുകളുടെ സുരക്ഷയ്ക്കും കാര്യക്ഷമമായ ഓട്ടത്തിനും ആവശ്യമായ തസ്തികകൾ നികത്തുന്നതിനുപകരം, ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ സർക്കാർ പദ്ധതിയിടുന്നു. 14 ലക്ഷം ജീവനക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവും തൊഴിൽദാതാവുമായ ഇന്ത്യൻ റെയിൽവേയെ സ്വകാര്യവൽക്കരിക്കാനുള്ള മോദി ഗവൺമെന്റിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ നടപടികൾ. ബിപിസിഎൽ, ബിഎസ്എൻഎൽ മുതലായ മഹാരത്ന, നവരത്ന സ്ഥാപനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.160 വർഷത്തിലേറെ ചരിത്രമുള്ള ഇന്ത്യൻ റെയിൽവേ ലോകത്തിലെ ഏറ്റവും വലുതും തിരക്കേറിയതുമായ റെയിൽവേ ശൃംഖലയാണ്. ഇൻഡ്യൻ റെയിൽവേ ദിനംപ്രതി രാജ്യത്തുടനീളം ശരാശരി 3 കോടി യാത്രക്കാരെ വഹിക്കുന്നതിനൊപ്പം 30 ലക്ഷം ടൺ ചരക്കും കടത്തിക്കൊണ്ടു പോകുന്നു. 14 ലക്ഷം ജീവനക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ എട്ടാമത്തെ ഏറ്റവും വലുതുമായ തൊഴിൽദാതാവാണ് ഇൻഡ്യൻ റെയിൽവേ.
ബ്രിട്ടീഷ് ഭരണകാലത്തെ റെയിൽവേ
ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ 1850 കളിൽ ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയും ബ്രിട്ടീഷ് സർക്കാരും റെയിൽവേ വികസിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചത് പ്രധാനമായും രണ്ട് കാരണങ്ങളാലാണ്. ഒന്ന് അസംസ്കൃത വസ്തുക്കൾ, പ്രത്യേകിച്ച് പരുത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും മറ്റൊന്ന് സൈനിക നീക്കത്തിന് വേണ്ടിയുമായിരുന്നു. പ്രവർത്തനത്തിന്റെ ആദ്യ വർഷങ്ങളിൽ അഞ്ച് ശതമാനം വാർഷിക വരുമാനം ഉറപ്പുനൽകുന്ന വ്യവസ്ഥയിൽ, ബ്രിട്ടീഷ് സർക്കാർ സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചിരുന്നു. ബ്രിട്ടീഷ് മുതലാളിമാരുടെ വ്യാപാരവും, ഉൽപാദനക്ഷമതയും വർദ്ധിപ്പിക്കാൻ സഹായിച്ചുകൊണ്ട് അവരുടെ താൽപര്യം നിറവേറ്റുന്നതിനാണ് റെയിൽവേ പൂർണ്ണമായും പ്രവർത്തിച്ചിരുന്നത്. എന്നാൽ പിന്നീട് ബ്രിട്ടീഷ് രാജകുമാരൻ സാമ്രാജ്യത്വ അഭിലാഷങ്ങൾക്ക് അനുയോജ്യമായ ഒരു സർക്കാർ സ്ഥാപനമാക്കി മാറ്റാൻ തീരുമാനിച്ചു. യാത്രക്കാരുടെ സൗകര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും റെയിൽവേ കമ്പാർട്ടുമെന്റുകളിൽ കൂടുതൽ സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. റെയിൽവേ ദേശസാൽക്കരിച്ചു. സർക്കാരിന്റെ മാനേജ്മെൻറിനൊപ്പം ഇന്ത്യക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ രാജ്യത്തുടനീളമുള്ള ജനങ്ങളെ ഒരു രാഷ്ട്രമായി ഒന്നിപ്പിക്കാൻ സഹായിക്കുന്നതിൽ റെയിൽവേ ഒരു പ്രധാന പങ്ക് വഹിച്ചു. ദേശവ്യാപകമായ പൊതു ഗതാഗത സംവിധാനത്തിന്റെ വളർച്ചയ്ക്കും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വികസനത്തിനും ഇത് ഫലത്തിൽ സഹായിച്ചു.
സ്വാതന്ത്ര്യാനന്തര സാഹചര്യം
സോവിയറ്റ് യൂണിയനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇൻഡ്യയിൽ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതികൾ റെയിൽ വികസനത്തിന് വളരെയധികം ഊന്നൽ നൽകി. ഈ വലിയ ആസ്തിയും ദേശീയ ശൃംഖലകളും പൊതു ഖജനാവിനെ ശക്തിപ്പെടുത്തുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തി. സാധാരണക്കാരുടെ പ്രധാന ഗതാഗത മാർഗ്ഗമായി റെയിൽവേ മാറി. റെയിൽവേയുടെ പൂർണ ദേശസാൽക്കരണത്തിനും ഇന്ത്യൻ സർക്കാർ തുടക്കം കുറിച്ചു. 1951ൽ മുൻ ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള മുപ്പത്തിരണ്ട് ലൈനുകൾ ഉൾപ്പെടെ നാൽപ്പത്തിരണ്ട് പ്രത്യേക റെയിൽവേ യൂണിറ്റുകളെ ഒരൊറ്റ യൂണിറ്റായി സംയോജിപ്പിച്ചു, ഇതിനെ ഇന്ത്യൻ റെയിൽവേ എന്ന് നാമകരണം ചെയ്യപ്പെട്ടു. റെയിൽവേ ബോർഡ് ഇന്ത്യൻ റെയിൽവേയെ വടക്കൻ റെയിൽവേ, വടക്ക് കിഴക്കൻ റെയിൽവേ, തെക്കൻ റെയിൽവേ, മധ്യ റെയിൽവേ, കിഴക്കൻ റെയിൽവേ, പടിഞ്ഞാറൻ റെയിൽവേ എന്നിങ്ങനെ ആറ് മേഖലകളായി പുനസംഘടിപ്പിച്ചു.പ്രതീക്ഷാനിർഭരമായ പഞ്ചവത്സര പദ്ധതികളിലൂടെ ഇന്ത്യൻ റെയിൽവേ സ്വതന്ത്ര ഇന്ത്യയിൽ പ്രയാണം ആരംഭിച്ചു. ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ പഞ്ചവത്സര പദ്ധതി 1951 ഏപ്രിലിലാണ് ആരംഭിച്ചത്. ആസ്തികളുടെ പരിപാലനം , സ്വന്തമായി ഉൽപാദന യൂണിറ്റുകൾ സ്ഥാപിച്ചു കൊണ്ട് റെയിൽവേ ഉപകരണങ്ങളുടെ തദ്ദേശീയ വികസനം എന്നിവയ്ക്കായിരുന്നു ഈ പദ്ധതി ഊന്നൽ നൽകിയത്. യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുക, ജീവനക്കാർക്ക് മെച്ചപ്പെട്ട ഭവന, ക്ഷേമ പദ്ധതികൾ നടപ്പിലാക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. ഈ പദ്ധതിയുടെ അവസാനം റെയിൽവേ ജീവനക്കാർക്കായി 40,000 ക്വാർട്ടേഴ്സുകൾ നിർമ്മിച്ചു. ഇതുകൂടാതെ 500 ലോക്കോമോട്ടീവുകൾ, 4350 കോച്ചുകൾ, 41,200 വാഗണുകൾ എന്നിവയും നിർമ്മിച്ചു. 380 മൈൽ പുതിയ ലൈനുകൾ സ്ഥാപിച്ചു. തുടർന്ന് ആറു ദശകങ്ങളിലായി, പഞ്ചവത്സര പദ്ധതികളിലൂടെ, ജനങ്ങളുടെ പണവും അധ്വാനവും ഉപയോഗിച്ച് ഇന്ത്യൻ റെയിൽവേ വിശാലമായ ഒരു റെയിൽ ശൃംഖല നിർമ്മിച്ചു. 2019 മാർച്ചിലെ കണക്കനുസരിച്ച് 68,155 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ റെയിൽവേ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയാണ്.2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 844 കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്തത്. ചരക്ക് ഗതാഗതമാകട്ടെ 123 കോടി ടൺ ആണ്. ഇന്ത്യയിലുടനീളം 7,321 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന ദീർഘദൂര, സബർബൻ റൂട്ടുകളിൽ പ്രതിദിനം 13,523 പാസഞ്ചർ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ ഓടിക്കുന്നു. പ്രതിദിനം 9,146 ൽ അധികം ഗുഡ്സ് ട്രെയിനുകൾ ഐആർ ഓടിക്കുന്നു. 2019 മാർച്ച് വരെ ഇന്ത്യൻ റെയിൽവേയുടെ റോളിംഗ് സ്റ്റോക്കിൽ 289,185 ചരക്ക് വണ്ടികളും 74,003 പാസഞ്ചർ കോച്ചുകളും 12,147 ലോക്കോമോട്ടീവുകളും ഉൾപ്പെടുന്നു. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥി വളരെ വലുതാണ്. 2019 ലെ കണക്കനുസരിച്ച് റെയിൽവേയുടെ കൈവശം 4.78 ലക്ഷം ഹെക്ടർ സ്ഥലമുണ്ട് (റഫ. 1). ഇതിന്റെ ഗണ്യമായ ഒരു ഭാഗം നഗരങ്ങളിലും പട്ടണങ്ങളിലും സ്ഥിതിചെയ്യുന്ന വിലയേറിയ കണ്ണായ ഭൂമികളാണ്. 2005 ലെ കണക്കനുസരിച്ച് ഏകദേശം 6.5 ലക്ഷം സ്റ്റാഫ് ക്വാർട്ടേഴ്സുകളുണ്ട് (റഫ. 2). ഈ അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ, സബ്സിഡികളിലൂടെയും കുറഞ്ഞ ചെലവിലുള്ള ഗതാഗത സേവനങ്ങളിലൂടെയും, ഇന്ത്യൻ മുതലാളിത്ത വ്യവസ്ഥയെ, കുത്തകകളായി ഉയർത്തിക്കൊണ്ടുവരാൻ സഹായിക്കുകയായിരുന്നു.റെയിൽവേ ഒരു പ്രത്യേക സ്വയംഭരണ സ്ഥാപനമായി വളർന്നിരിക്കുന്നു. പ്രത്യേക റെയിൽവേ ബജറ്റ ് 1925 ലാണ് ആരംഭിച്ചത്. സ്വാതന്ത്ര്യാനന്തരം ഈ രീതി തുടർന്നു, റെയിൽവേ ബജറ്റ് പൊതു ബജറ്റിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവതരിപ്പിക്കാറുണ്ടായിരുന്നു. 2017 ലാണ് മോദി സർക്കാർ വളരെ നാളായി തുടർന്നു വന്ന ഈ രീതി അവസാനിപ്പിക്കുകയും റെയിൽ ബജറ്റിനെ പൊതു ബജറ്റുമായി ലയിപ്പിക്കുകയും ചെയ്തത്. ഐആർഎസ് വാർഷിക റിപ്പോർട്ട് 2018-19 (റഫർ 3) ൽ നൽകിയിരിക്കുന്ന വരവ് ചെലവ് അനുപാതത്തിൽ നിന്നും നോക്കുമ്പോൾ റെയിൽവേ എല്ലായ്പ്പോഴും ലാഭത്തിലാണ് പ്രവർത്തിച്ചുകൊണ്ടി രുന്നത്. ഒരു പക്ഷേ ഈ വസ്തുത പൊതുജനങ്ങളിൽ നിന്ന് മറച്ചുവെയ്ക്കാനും അതുവഴി സ്വകാര്യവൽക്കരണത്തെ ന്യായീകരിക്കുന്നതിനായുമാണ് റെയിൽ ബജറ്റിനെ പൊതു ബജറ്റുമായി ലയിപ്പിച്ചത്. റെയിൽവേയും പൊതു ബജറ്റുകളും ലയിപ്പിച്ചതിനുശേഷം 2017-18 ൽ വരവ് ചെലവ് അനുപാതം ഏറ്റവും ഉയർന്ന 98.44% ആയിരുന്നു (1 രൂപ നേടാൻ 98.44 പൈസ ചെലവഴിക്കുന്നു എന്നാണ് ഇതിനർത്ഥം). ജനങ്ങളുടെ പണവും അധ്വാനവും ഉപയോഗിച്ച് നിർമ്മിച്ച ഈ വലിയ ആസ്ഥിയെയാണ് മോഡി സർക്കാർ ലക്ഷ്യമിടുന്നത്.സ്വകാര്യ ട്രെയിനുകൾ ആരംഭിക്കുന്നതിനുള്ള ജൂലൈ 1 ലെ ഓർഡറിൽ റെയിൽവേ ബോർഡ് മുന്നോട്ട് വെയ്ക്കുന്ന ന്യായങ്ങൾ, ”അറ്റകുറ്റപ്പണികളും, യാത്രാ സമയവും കുറവുള്ള, ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ചുള്ള റോളിംഗ് സ്റ്റോക്ക് ഉപയോഗിക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, മെച്ചപ്പെട്ട സുരക്ഷാ സൗകര്യങ്ങൾ നടപ്പിലാക്കുക, ലോകോത്തര യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തുക, യാത്രാ ഗതാഗത മേഖലയിലെ ഡിമാന്റ് വിതരണ കമ്മി കുറയ്ക്കുക” എന്നിവയാണ്. ഒരു പൊതു സംരംഭത്തെ സ്വകാര്യവത്കരിക്കുന്നതിന് ഗവൺമെന്റുകൾ പിന്തുടരുന്ന പതിവ് തന്ത്രം നയപരമായ തീരുമാനങ്ങളിലൂടെയും അഴിമതി നടപടികളെ പ്രോത്സാഹിപ്പിക്കു ന്നതിലൂടെയും അത് കാര്യക്ഷമമല്ലാത്തതും ഒടുവിൽ പാപ്പരാക്കുന്നതുമാണ്. നഷ്ടം ഉണ്ടാക്കുന്നതായി മുദ്രകുത്തി സ്വകാര്യ സംരംഭകർക്ക് കൈമാറുക. ”നായയ്ക്ക് ചീത്തപ്പേര് നൽകി അതിനെ കൊല്ലുക” എന്ന പഴഞ്ചൊല്ല് പോലെയാണ് ഇത്. റെയിൽവേയുടെ കാര്യത്തിൽ അത്തരം വാദഗതികൾ പൊള്ളയാണ്, കാരണം അത് ഇപ്പോഴും ലാഭത്തിലാണ് ഓടുന്നത് എന്നതുകൊണ്ടാണ്. കോടിക്കണക്കിന് സാധാരണക്കാർക്ക് താങ്ങാവുന്ന യാത്രാമാർഗ്ഗമാണിത്. അതിനാൽ മുകളിൽ ഉദ്ധരിച്ച ന്യായീകരണങ്ങൾ ”അറ്റകുറ്റപ്പണികളും, യാത്രാ സമയവും കുറവുള്ള, ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ചുള്ള റോളിംഗ് സ്റ്റോക്ക് ഉപയോഗിക്കുക… തുടങ്ങിയ ന്യായീകരണങ്ങൾ പറയുന്നത്. ഒരു നൂറ്റാണ്ടിലേറെയായി പ്രവർത്തിച്ചുകൊണ്ടി രിക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് ആവശ്യമായ ആധുനികവൽക്കരണം നടത്താൻ അവർക്ക് കഴിയുന്നില്ലേ? നവീകരണം നടപ്പാക്കുന്നതിന് റെയിൽവേയുടെ പ്രവർത്തനത്തിൽ തീരെപരിചയമാല്ലാത്ത ചെറുകിട ബിസിനസുകാരെ ക്ഷണിക്കേണ്ടതുണ്ടോ?ഈ നിർദ്ദേശങ്ങൾക്ക് മുകളിൽപ്പറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമോ? മെമ്മോറാണ്ടം അനുസരിച്ച് 109 റൂട്ടുകളിലായി 151 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ഡ്രൈവർമാരും മറ്റു സ്റ്റാഫും ചേർന്ന് ഓടിക്കും. ട്രാക്ക് അറ്റകുറ്റപ്പണി, സിഗ്നലിംഗ്, സുരക്ഷ, സ്റ്റേഷനുകൾ, മറ്റ് എല്ലാ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇന്ത്യൻ റെയിൽവേയുടെ ഉത്തരവാദിത്തമായിരിക്കും. സ്വകാര്യ നിക്ഷേപകന് കോച്ചുകൾ സംഭരിച്ച് പരിപാലിക്കണം എന്ന ഒറ്റ ഉത്തരവാദിത്തം മാത്രം.. നിരക്കുകൾ നിക്ഷേപകൻ നിശ്ചയിക്കും, സർക്കാരിനോ റെയിൽവേയ്ക്കോ അതിൽ യാതൊരു പങ്കുമില്ല. കരാർ പ്രകാരം മൊത്ത വരുമാനം റെയിൽവേയുമായി പങ്കിടും. ഇത് ഏത് തരം നവീകരണമാണ്? ട്രെയിൻ യാത്രയ്ക്ക് ചിലവേറി വിമാന നിരക്കിനൊപ്പം ഉയരും എന്നതാണ് പ്രതീക്ഷിക്കുന്ന ഏക ഫലം. ജനങ്ങളെ കൊള്ളയടിക്കുന്നതിനായി പ്രീമിയം തത്കാൽ, സുവിധ തുടങ്ങിയ പദ്ധതികൾ റെയിൽവേ ഇതിനകം തന്നെ നടപ്പാക്കിയിട്ടുണ്ട്. ഇനിയിപ്പോൾ ഇത് വലിയ തോതിൽ എല്ലാമേഖലകളിലേക്കും വ്യാപിപ്പിക്കും.കോച്ചുകൾ സ്വകാര്യ ഓപ്പറേറ്ററുടെ നിയന്ത്രണത്തിലും ട്രാക്ക്, സിഗ്നലിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ റെയിൽവേയുടെ കീഴിലും ആകുമ്പോൾ ഗുരുതരമായ സുരക്ഷാ ആശങ്കകളും ഉണ്ടാകുന്നു. അപകടമുണ്ടായാൽ ആരാണ് ഉത്തരവാദികൾ? മെമ്മോറാണ്ടത്തിൽ പറഞ്ഞതുപോലെ ഈ ക്രമീകരണം സുരക്ഷയെ എങ്ങനെ മെച്ചപ്പെടുത്തും? ബുള്ളറ്റ് ട്രെയിനിനു വേണ്ടി ഒരു ലക്ഷം കോടി ചെലവഴിക്കാൻ സർക്കാർ തയ്യാറാകുമ്പോൾ, ആധുനികവൽക്കരണത്തിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ഫണ്ടുകളുടെ കുറവ് എവിടെയാണ്? വീണ്ടും ബുള്ളറ്റ് ട്രെയിൻ പോലുള്ള അസംബന്ധ പദ്ധതികളുടെ ആവശ്യകത എന്താണ്? റെയിൽവേയെ തകർക്കുന്നതിനും സാമ്പത്തികമായി ലാഭകരമല്ലാത്തതാക്കുന്നതിനും ഇത്തരം ഉപയോഗശൂന്യമായ നിക്ഷേപം നടത്താൻ റെയിൽവേ നിർബന്ധിതരാകുന്നു. ലക്ഷ്യം വ്യക്തമാണ് – റെയിൽവേയെ ചെറിയ കഷണങ്ങളാക്കി ഭരണാധികാരികൾക്ക് പ്രിയമുള്ള മുതലാളിമാർക്ക് പെട്ടെന്നുള്ള ലാഭമുണ്ടാക്കാൻ വേണ്ടി കൈമാറുക മാത്രമാണ് ചെയ്യുന്നത്.തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്ന ചോദ്യത്തിലേക്കു വന്നാൽ, 50 ശതമാനം ഒഴിവുകൾ വെട്ടിക്കുറയ്ക്കാനും ചെലവ് കുറയ്ക്കുന്നതിനായി പുതിയ തസ്തികകൾ മരവിപ്പിക്കാനും റെയിൽവേ ബോർഡ് സോണുകൾക്ക് കത്ത് നൽകിയതിന് തൊട്ടുപിന്നാലെയാണ് റെയിൽവേ ഡയറക്ടർ ജനറൽ(എച്ച്ആർ) ആനന്ദ് എസ്. ഖതി റെയിൽവേ തൊഴിലാളികളെ വെട്ടിക്കുറക്കുകയല്ല മറിച്ച് അവരുടെ എണ്ണം ശരിയാക്കുകയാണ് എന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരണം ആവശ്യമില്ല; ഡയറക്ടർ ജനറൽ പറഞ്ഞതിന്റെ അർത്ഥം സാമാന്യബുദ്ധി ഉള്ള ആർക്കും മനസ്സിലാക്കാൻ കഴിയും. സന്ദേശം വളരെ വ്യക്തമാണ്. രാജ്യത്തെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിലെന്നപോലെ, രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായ പൊതുജനങ്ങളുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ റെയിൽവേയുടെ മേൽ സർക്കാർ കോടാലി വെയ്ക്കാൻ പോകുന്നു.
റെയിൽവേ കുത്തകകൾക്ക് കൈമാറാനുള്ള ഗൂഢാലോചനയെ ചെറുക്കുക
രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച സ്വകാര്യവൽക്കരണം, ഉദാരവൽക്കരണം, ആഗോളവൽക്കരണം തുടങ്ങിയ നയങ്ങൾ, സാമൂഹ്യക്ഷേമ മേഖലകളായ ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ പൊതു മേഖലാസ്ഥാപനങ്ങൾക്കെതിരായ ആക്രമണം ആരംഭിച്ചു. സമീപകാലത്ത് ഇത് കൂടുതൽ ആക്രമണാത്മകമായി മാറി. ഉൽപ്പാദന മേഖലയിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ലാഭക്കൊതിയന്മാരായ മുതലാളിത്ത -സാമ്രാജ്യത്വ ശക്തികൾ സേവന മേഖലകളെ വലിയ തോതിൽ ലക്ഷ്യമിടുന്നു. ഈ അജണ്ടയുടെ ഭാഗമായാണ് ഒരു നൂറ്റാണ്ടിലേറെ ക്കാലം ജനങ്ങളുടെ അധ്വാനവും പണവും ഉപയോഗിച്ച് നിർമ്മിച്ചിച്ച രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയെ ഈ ശക്തികൾ ലക്ഷ്യം വയ്ക്കുന്നത്. ദേശീയതയുടെ ചാമ്പ്യന്മാരാണെന്ന് അവകാശപ്പെടുന്ന ഇപ്പോഴത്തെ ഗവൺമെന്റിന്റെ നേതാക്കൾ ഏതുനേരവും ഭാരത് മാതാ കി ജയ് മുഴക്കുന്നു. എന്നാൽ ദേശീയ സ്വത്തുക്കൾ ഓരോന്നായി പ്രാദേശിക, വിദേശ ബഹുരാഷ്ട്ര കമ്പനികൾക്ക് വിൽക്കുന്നതിൽ യാതൊ രു മനസ്താപവുമില്ല. വളരെ വൈകുന്നതിന് മുമ്പ് ഈ ഭീകരമായ ശ്രമത്തെ ചെറുക്കാൻ ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായിയി ഉയരേണ്ടിയിരിക്കുന്നു.