കോടതി അലക്ഷ്യവും അഭിപ്രായ സ്വാതന്ത്ര്യവും സമീപകാല കോടതി വിധികളും

Supreme_court-2.jpg
Share

കോടതി വിധികൾ നീതിശാസ്ത്രത്തെയും ധാര്‍മ്മികതയെയും ലംഘിക്കുന്നതായുള്ള കടുത്തവിമർശനങ്ങൾ ഉയരുകയാണ്. ‘അഭിപ്രായ സ്വാതന്ത്ര്യം’ സംബന്ധിച്ച സമീപകാലത്തെ രണ്ട് വിധിന്യായങ്ങളെ കേന്ദ്രീകരിച്ചാണ് ഇത്തരം വിമർശനങ്ങളും അഭിപ്രായങ്ങളും വീണ്ടും ഉയർന്നുവന്നിട്ടുള്ളത്. ഒന്ന്, ഒരു സിറ്റിംഗ് ജഡ്ജിക്കെതിരെ അപകീർത്തികരമായ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കോടതിയലക്ഷ്യം ചുമത്തി മുതിർന്ന അഭിഭാഷകനായ അഡ്വ. പ്രശാന്ത് ഭൂഷണെ സുപ്രീംകോടതി ശിക്ഷിച്ചു. മറ്റൊന്ന്, പ്രശസ്ത ശിശുരോഗവിദഗ്ദ്ധനായ ഡോ.കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം യുപി സർക്കാർ ചുമത്തിയ കുറ്റങ്ങൾ ഒഴിവാക്കണമെന്നും കരുതൽ തടങ്കലിൽനിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധിയാണ്.

ജുഡീഷ്യറിക്ക് എതിരായ ഈ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും രാജ്യം നേരിടാനിരിക്കുന്ന ആപല്‍കരമായ ഭാവിയെക്കുറിച്ചുള്ള സൂചനകള്‍ നല്കുന്നതോടൊപ്പംതന്നെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെ ക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഇത് വളരെ തന്ത്രപ്രധാനമായപ്രശ്നമായതിനാലും, നിലവിലുള്ള നീതിന്യായ വ്യവസ്ഥയിലൂടെ നീതി തേടുന്ന സാധാരണ പൗരന്മാരെ സാരമായി ബാധിക്കുന്ന വിഷയമായതിനാലും, ഈ വിഷയത്തില്‍ വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഒന്നൊന്നായി ഞങ്ങള്‍‍ ഇവിടെ നിരത്തുകയാണ്. ജനാധിപത്യ വിശ്വാസികളായ ഏവരും ഈ വിഷയത്തെ ഗൗരവതരമായി സമീപിക്കുമെന്നും നീതിന്യായ സംവിധാനത്തിന്റെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്നും പ്രതീക്ഷിക്കുന്നു.

കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന വിധി

ജൂണില്‍ ചെയ്ത രണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍, 2020 ഓഗസ്റ്റ് 14ന് സുപ്രീം കോടതി, 1971ലെ കോടതിയലക്ഷ്യ നിയമപ്രകാരം പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. സുപ്രീം കോടതിയുടെ അഭിപ്രായത്തില്‍ ഈ പോസ്റ്റ് ”ഇന്ത്യന്‍ ജുഡീഷ്യറിയുടെ അടിത്തറയെ അസ്ഥിരപ്പെടുത്തുന്നതാണ്.”(ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ന്യൂ യോര്‍ക്ക്, 19-08-20) ”30 വര്‍ഷം അഭിഭാഷകനായി പ്രവര്‍ത്തിച്ച ഒരു വ്യക്തിയില്‍നിന്നും നിന്ദ്യവും ദുരുദ്ദേശപരവും കോടതിയെ അപകീര്‍ത്തിപ്പെടുത്താനുതകുന്നതുമായ ഈവിധ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഞങ്ങളുടെ വീക്ഷണത്തില്‍, മേല്‍പ്പറഞ്ഞ ട്വീറ്റുകള്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച പൊതുതാല്പര്യം മുന്‍നിര്‍ത്തിയുള്ള വിമര്‍ശനമായി കരുതാനാവില്ല”, സുപ്രീം കോടതി വിധിന്യായത്തില്‍ പറഞ്ഞു.(ദ ക്വിന്റ് 14-08-20)ഒരു വശത്ത്, സ്വയം പ്രഖ്യാപിത ”മഹാമനസ്കത” പ്രകടിപ്പിക്കുന്ന സുപ്രീംകോടതി, ഒരു രൂപ പിഴയടച്ച് കോടതിയലക്ഷ്യക്കേസില്‍നിന്നും പ്രശാന്ത് ഭൂഷണെ ഒഴിവാക്കുന്നു, മറുവശത്ത് അതിന് ബദലായി, മൂന്ന് മാസം തടവും മൂന്ന് വര്‍ഷം പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കും വിധിക്കുന്നു.”പെരുമാറ്റ”ത്തിന്റെ പേരില്‍ അദ്ദേഹത്തെ ശിക്ഷിച്ച കോടതി, അദ്ദേഹത്തിന്റെ പെരുമാറ്റം ”നിര്‍ബന്ധബുദ്ധിയും അഹംഭാവവും പ്രതിഫലിപ്പിക്കുന്നതും നീതിനിര്‍വഹണ സമ്പ്രദായത്തിലോ ശ്രേഷ്ഠമായ തൊഴിലിന്റെ രംഗത്തോ യാതൊരു സ്ഥാനവുമില്ലാത്തതു മാകുന്നു എന്നും താനുള്‍പ്പെടുന്ന സ്ഥാപനത്തിന് വരുത്തിവെച്ച ദോഷത്തിന് ഒരു പശ്ചാത്താപവും കാണിക്കുന്നില്ല” എന്ന അഭിപ്രായം കൂടി പ്രകടിപ്പിക്കുന്നു. ഈ തീരുമാനം, കോര്‍ട്ടലക്ഷ്യ നിയമത്തിന് നല്‍കിയ നിയമപരമായ സംഭാവന വരും വര്‍ഷങ്ങളില്‍ പഠിക്കപ്പെടും എന്നത് തര്‍ക്കമറ്റതാണ്. എന്നാല്‍ അത് കോടതി ഉദ്ദേശിച്ച കാരണങ്ങളാല്‍ ആയിരിക്കില്ല. ”ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന് ഈ നിയമം എത്രമാത്രം ഹാനികരമാണെന്ന് വിവേകമുള്ള നിയമജ്ഞ സമൂഹം ഒരു ദിവസം മനസ്സിലാക്കുമെന്നും ഒടുവില്‍ നിയമത്തെതന്നെ മാറ്റുമെന്നും പ്രതീക്ഷിക്കുന്നു.” (ജസ്റ്റിസ് എ.പി.ഷാ, റിട്ട. ചീഫ് ജസ്റ്റിസ്, ദില്ലി, മദ്രാസ് ഹൈക്കോടതി, മുന്‍ ചെയര്‍പേഴ്സണ്‍, ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ, ദ ഹിന്ദു 07-09-20)”അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കോടതികള്‍ പൊതുവെ കൂടുതല്‍ അസ്വസ്ഥരാകുന്നു എന്നതാണ്, ഏറ്റവും അടുത്തകാലത്ത് നടന്ന പ്രശാന്ത് ഭൂഷണ്‍ കേസ് തെളിയിക്കുന്നത്. രണ്ട് ട്വീറ്റുകളുടെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍നിന്നും പ്രശാന്ത് ഭൂഷണെ ഒരു രൂപ പിഴയടപ്പിച്ച് കോടതി വിട്ടയച്ചു എന്നിരിക്കിലും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ വിമര്‍ശിക്കാതിരുന്നില്ല. മുഴുവന്‍ നടപടികളിലും ഒരു കാര്യം വ്യക്തമായിരുന്നു. കോടതി അസഹിഷ്ണുതയിലാണ്ട ഒരു സ്ഥാപനമായി മാറിയിരിക്കുന്നു.” (2020 സെപ്റ്റംബര്‍ 18ന് ജസ്റ്റിസ് എ.പി.ഷാ നടത്തിയ ജസ്റ്റിസ് സുരേഷ് മെമ്മോറിയല്‍ പ്രഭാഷം, ദ വയര്‍ 18-09-20). ”നാം ചിന്തിക്കുന്ന കാര്യങ്ങള്‍ സ്വതന്ത്രമായും സത്യസന്ധമായും പറയാതിരിക്കുകയോ പരോക്ഷമായി സൂചിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍പ്പോലും കോടതിയുടെ താല്പര്യത്തിന് ഉതകണമെന്നില്ല”, അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ പറഞ്ഞു. (ക്വിന്റ് 14-08-20)ഇന്ത്യയില്‍, കോടതിയലക്ഷ്യ നിയമപ്രകാരം കോടതിയെ അധിക്ഷേപിക്കുന്നത് ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന സിവില്‍, ക്രിമിനല്‍ കുറ്റങ്ങളാകാം. ക്രിമിനല്‍ അവഹേളനത്തെ വിശാലമായി നിര്‍വചിച്ചിരിക്കുന്നത് ”ഏതൊരു കോടതിയുടെയും അധികാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതോ, അപകീര്‍ത്തിപ്പെടുത്താന്‍ പ്രേരകമാകുന്നതോ, കുറയ്ക്കു ന്നതോ, കുറയ്ക്കാന്‍ പ്രേരകമാകുന്നതോ ആയ പ്രവൃത്തികള്‍; നീതി ന്യായനടപടികള്‍ക്ക് കോട്ടംതട്ടുന്നതോ നീതി ന്യായനടപടികളില്‍ ഇടപെടുന്നതോ ഇടപെടാന്‍ പ്രേരകമാകുന്നതോ ആയ പ്രവൃത്തികള്‍; നീതിനിര്‍വഹണത്തില്‍ ഇടപെടുന്നതോ, ഇടപെടാന്‍ പ്രേരകമാകുന്നതോ, നീതിനിര്‍വഹണത്തെ ഏതുവിധേനയും തടസ്സപ്പെടുത്തുന്നതോ, തടസ്സപ്പെടുത്താന്‍ പ്രേരകമാകുന്നതോ ആയ പ്രവൃത്തികള്‍” എന്നാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് യുകെ ലോ കമ്മീഷന്‍ പറഞ്ഞതിനെത്തുടര്‍ന്ന് 2013 ല്‍ യുണൈറ്റഡ് കിംഗ്ഡത്തില്‍ കോടതിയെ ”അപകീര്‍ത്തിപ്പെടുത്തല്‍” എന്ന കുറ്റം നിര്‍ത്തലാക്കി. എന്നാല്‍, ഇന്ത്യയില്‍ ജുഡീഷ്യറിക്കെതിരായ ഏത് വിമര്‍ശനവും ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാക്കാമെന്ന സൂചനയാണ് ഭൂഷണെതിരായ വിധി. ഇന്ത്യയിലുടനീളം വ്യാപകമായി ഈ വിധി അപലപിക്കപ്പെട്ടു.” (ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ന്യൂയോര്‍ക്ക്, 19-08-20)ജുഡീഷ്യറിയെ വിമര്‍ശിക്കാന്‍ ആളുകള്‍ക്ക് അവകാശമുണ്ടോ, അങ്ങനെയാണെങ്കില്‍ ഈ അഭിപ്രായ സ്വാതന്ത്ര്യം ഏത് ഘട്ടത്തിലാണ് അപകീര്‍ത്തികരമായ ക്രിമിനല്‍ സ്വഭാവത്തിലേക്ക് അധഃപതിക്കുന്നത് എന്ന ചോദ്യത്തെ അധികരിച്ച് 2010 ല്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ എഴുതിയ ഒരു ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. ”എക്സിക്യൂട്ടീവിന്റെയും നിയമസഭയുടെയും ഭരണഘടനാലംഘനങ്ങളെ അസാധുവാക്കുവാന്‍ ജുഡീഷ്യറിക്ക് കഴിഞ്ഞേക്കാം. എന്നാല്‍, ജുഡീഷ്യറിയെയും ന്യായാധിപരെയും പൊതു വിമര്‍ശനത്തിലൂടെ മാത്രമേ തിരുത്താനാകൂ. അതിനാല്‍ അപൂര്‍വമായ കേസുകള്‍ക്ക് മാത്രമേ കോടതിയലക്ഷ്യത്തിന് അര്‍ഹതയുള്ളൂ. ജഡ്ജിമാരെ അധിക്ഷേപിക്കുന്നതിനുള്ള ഏറ്റവും മികച്ച ഉത്തരം ക്രൂരമായ കോടതിയലക്ഷ്യ ശിക്ഷയല്ല, മറിച്ച് മികച്ച കൃത്യനിര്‍വഹണമാണ്”, ഇതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.(ദ വയര്‍ 19-08-20) ‘ജുഡീഷ്യല്‍ പരിഷ്കാരങ്ങളുടെ സമീപനം’ എന്ന വിഷയത്തെ അധികരിച്ചുള്ള ഒരു സിമ്പോസിയത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ജസ്റ്റിസ് അയ്യര്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഇങ്ങനൊയിരുന്നു: ”ഈ രാജ്യത്ത്, യേശുമാരെ ക്രൂശിക്കുയും, ബറാബസുകളെ നല്ലവരായി വാഴ്ത്തുകയുമാണ്. ഒരുപക്ഷേ അതിന് നന്ദി പറയേണ്ടത് നീതിന്യായ വ്യവസ്ഥയോടാണ്. നമ്മുടെ മുഴുവന്‍ ജുഡീഷ്യല്‍ സമീപനവും പരിഷ്കൃത രീതികളില്‍നിന്നും സ്വതന്ത്രമാണ്. വളരെ വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യന്‍ ജുഡീഷ്യറി എന്ന ഒന്നില്ല.” എന്നാല്‍ അയ്യരുടെ വിമര്‍ശനം ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തലിന്റെ പരിധിയില്‍ വരില്ല എന്നായിരുന്നു ഹൈക്കോടതിയുടെ നിഗമനം. ”ഒരു ജനാധിപത്യ കാലഘട്ടത്തില്‍ ഒരു സ്ഥാപനവും സത്യസന്ധമായ വിമര്‍ശനത്തിന് അതീതമായിരിക്കരുത്. കോടതികളെ ഇതില്‍നിന്ന് മാറ്റി നിറുത്താനാവില്ല. കോടതികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ജുഡീഷ്യല്‍ സംവിധാനത്തെക്കുറിച്ചും അഭിപ്രായപ്പെടുമ്പോള്‍, അപ്രിയവും മോശവുമായ അഭിപ്രായങ്ങള്‍‍ക്കുള്ള സാധ്യത മികവുറ്റ കൃത്യ നിര്‍വഹണത്തിന് ലഭിക്കാവുന്ന പൂച്ചെണ്ടുകള്‍ക്കുള്ള സാധ്യതപോലെ തന്നെയാണ്. കോടതികള്‍ അഭിനന്ദനങ്ങളാല്‍ ആഹ്ലാദിക്കുകയോ പ്രതികൂല വിമര്‍ശങ്ങളാല്‍ പരിഭ്രാന്തരാകുകയോ ചെയ്യരുത്.”(ലക്നൗവിലെ ഡോ. റാം മനോഹര്‍ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ പ്രിയ അനുരാഗിണി, അബ്ദുല്ല നാസിര്‍, ദ വയര്‍ 19-08-20). അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ നടപടിയെടുത്തത് സുപ്രീംകോടതിയുടെ അമിതപ്രതികരണമായിരുന്നു എന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി പറഞ്ഞു: ”ഓരോ പൗരനും തന്റെ സ്വതന്ത്രമായ അഭിപ്രായത്തിനുള്ള അവകാശമുണ്ട്,പ്രശാന്ത് ഭൂഷന്റെ ആരോപണങ്ങള്‍ തീര്‍ത്തും അസംബന്ധമാണെന്ന് കണ്ടെത്തിയാല്‍ മാത്രം അദ്ദേഹത്തെ ശിക്ഷിക്കാം. ഈ വിഷയത്തില്‍ സുപ്രീം കോടതി നല്ല നിലവാരം പുലര്‍ത്തിയതായി ഞാന്‍ കരുതുന്നില്ല… ആര്‍ക്കും തങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ കഴിയില്ലെന്ന ധാരണയാണ് കോടതിക്ക്. വിമര്‍ശനത്തിന് അതീതമായ ദിവ്യത്വമൊന്നും നിങ്ങള്‍ക്കില്ല.” (സ്ക്രോള്‍, 23-09-20) ”പ്രശാന്ത് ഭൂഷണ് മൂന്ന് മാസത്തെ തടവ് ശിക്ഷയും മൂന്ന് വര്‍ഷം പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കും വിധിച്ചുകൊണ്ട് സുപ്രീം കോടതി അതിന്റെ ഇരുണ്ട അസഹിഷ്ണുത നിറഞ്ഞ മറ്റൊരു രൂപം പ്രദര്‍ശിപ്പിച്ചു.”(ഹിന്ദു എഡിറ്റോറിയല്‍, 01-09-20)ഓഗസ്റ്റ് 18 ചൊവ്വാഴ്ച, ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ഒരു പ്രസ്താവന ഇറക്കി. അതില്‍ അവരും കേസിനെക്കുറിച്ച് അതിശയം പ്രകടിപ്പിച്ചുകൊണ്ട് ഇങ്ങനെ പ്രതികരിച്ചു. ”കോടതി ഈ വിധത്തില്‍ കോടതിയലക്ഷ്യ നിയമം നടപ്പാക്കുന്നത് സ്ഥാപനത്തിന്റെ അന്തസ്സ് സംരക്ഷിക്കുകയെന്ന പ്രതിജ്ഞാബദ്ധമായ ലക്ഷ്യം നേടുന്നതിനേക്കാള്‍ കൂടുതല്‍ വഴിവയ്ക്കുന്നത് സ്വന്തം അധഃപതനത്തിനാണ്.”(ദ ക്വിന്റ് 18-08-20) ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന്, സുപ്രീംകോടതി സ്വയം കേസെടുത്ത് നടത്തി വിധി പ്രഖ്യാപിച്ച തീരുമാനത്തെ, ആഗസ്റ്റ് 14 വെള്ളിയാഴ്ച അഭിഭാഷകരും വിദ്യാഭ്യാസ വിദഗ്ദ്ധരും രാഷ്ട്രീയ നേതാക്കളും അപലപിച്ചു. ഇത് ”ഭയപ്പെടുത്തുന്നതാണ്”, ”നിയമവാഴ്ചയ്ക്ക് തിരിച്ചടിയാണ് ”, ”അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാവി ഇരുളില്‍”, എന്നിങ്ങനെയാണ് അവര്‍ വിശേഷിപ്പിച്ചത്.(ദ ക്വിന്റ് 14-08-20) മൂവായിരത്തിലധികം മുന്‍ ജഡ്ജിമാര്‍, വിരമിച്ച ബ്യൂറോക്രാറ്റുകള്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പിട്ട ഒരു പ്രസ്താവനയില്‍ ഈ വിധിന്യായത്തെ ”ജുഡീഷ്യറിയെ വിമര്‍ശിക്കുന്നവരെ ഭയചകിതരാക്കുന്ന അമിതപ്രതികരണം” എന്നാണ് വിശേഷിപ്പിച്ചത്. 1,800 ലധികം അഭിഭാഷകര്‍ ഈ വിധിയെ വെല്ലുവിളിച്ചുകൊണ്ട് ഒപ്പിട്ട ഒരു പ്രസ്താവനയില്‍, പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം, തുറന്ന കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യാന്‍ ഒരു വലിയ ബെഞ്ചിന് കഴിയുന്നതുവരെ വിധി നടപ്പാക്കരുതെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.(ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ന്യൂയോര്‍ക്ക്, 19-08-20) ലോ ഏഷ്യ(ലോ അസോസിയേഷന്‍ ഫോര്‍ ഏഷ്യ-പസഫിക്) ഓഗസ്റ്റ് 18 ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍, സുപ്രീം കോടതിയുടെ തീരുമാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പ്രത്യേകിച്ചും, അന്താരാഷ്ട്ര നിയമത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നീ ആശയങ്ങളോടുള്ള ഇന്ത്യയുടെ നിയമബാദ്ധ്യയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്.”(ദ ക്വിന്റ്, 18-08-20) ”ഇന്ത്യ കക്ഷിയായിട്ടുള്ള, പൗരാവകാശങ്ങള്‍ക്കും രാഷ്ട്രീയാവകാശങ്ങള്‍ക്കുമായുള്ള അന്താരാഷ്ട്ര ഉടമ്പടി, ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യ നിയമത്തിന് വിരുദ്ധമാണെന്ന് അന്താരാഷ്ട്ര ജൂറിസ്റ്റ് കമ്മീഷന്‍(ഐസിജെ) പറഞ്ഞു.”(ദി ഹിന്ദു, 01-09-20) ജുഡീഷ്യറിക്കെതി രായ ഏത് വിമര്‍ശനവും ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാകുമെന്ന് ഭൂഷണെതിരായ അപകീര്‍ത്തി വിധി സൂചിപ്പിക്കുന്നു.

ഡോ.കഫീല്‍ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടപ്പോള്‍, ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ്ങും അടങ്ങുന്ന അലഹബാദ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഇപ്രകാരം അഭിപ്രായപ്പെട്ടു: “തടങ്കലില്‍ വയ്ക്കുന്നത് ന്യായീകരിക്കുന്നതിനായി അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ ഖാന്‍ നടത്തിയ പ്രസംഗത്തില്‍നിന്ന് തിരഞ്ഞുപെറുക്കിയെടുത്ത വരികളാണ് അലിഗഡ് ജില്ലാ മജിസ്ട്രേറ്റ് ഉദ്ധരിച്ചത്.” (പ്രകോപനപരമായ ദേശവിരുദ്ധ പ്രസംഗം നടത്തി എന്ന കുറ്റം ഖാനെതിരായി ആരോപിച്ചത് അലിഗഡ് ജില്ലാ മജിസ്ട്രേറ്റാണ്) ജഡ്ജിമാര്‍ ഇങ്ങനെ എഴുതി, ”1980ലെ ദേശീയ സുരക്ഷാ നിയമപ്രകാരം ഡോ. കഫീല്‍ ഖാനെ തടങ്കലില്‍ വയ്ക്കുകയോ, തടങ്കല്‍ നീട്ടിക്കൊണ്ടുപോകുകയോ ചെയ്യുന്നത് നിയമത്തിന്റെ മുന്നില്‍ നിലനില്ക്കുന്നതല്ല എന്ന നിഗമനത്തില്‍ എത്തുന്നതിന് ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല.” ലൈവ് ലോ ഇങ്ങനെ എഴുതി: തടങ്കലില്‍ വയ്ക്കാനുള്ള ഉത്തരവ് തെറ്റാണെന്ന നിഗമനത്തിലെത്തിയ കോടതി ഇത്രയുംകൂടി പറഞ്ഞു, ”അലിഗഡ് ജില്ലാ മജിസ്ട്രേറ്റ് പാസാക്കിയതും, ഉത്തര്‍പ്രദേശ് ഗവണ്മെന്റ് സ്ഥിരീകരിച്ചതുമായ, 2020 ഫെബ്രുവരി 13 ലെ തടങ്കലില്‍ വയ്ക്കാനുള്ള ഉത്തരവ് റദ്ദാക്കിയിരിക്കുന്നു. ഡോ.കഫീല്‍ ‍ഖാന്റെ തടങ്കല്‍ കാലാവധി നീട്ടുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നു. സ്റ്റേറ്റിന്റെ കസ്റ്റഡിയില്‍നിന്ന് തടവുകാരനായ ഡോ. കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കാന്‍ ഹേബിയസ് കോര്‍പ്പസിന്റെ സ്വഭാവത്തിലുള്ള ഒരു റിട്ട് ഇതിനാല്‍ പുറപ്പെടുവിക്കുന്നു.” പ്രോസിക്യൂഷന്‍ പറയുന്ന അഭിപ്രായങ്ങളുടെ സന്ദര്‍ഭം വ്യക്തമാക്കാനായി ഖാന്‍ നടത്തിയ മുഴുവന്‍ പ്രസംഗവും വിധിന്യായത്തില്‍ ഉദ്ധരിക്കുന്നു. ബെഞ്ച് കണ്ടെത്തിയതനുസരിച്ച് ഖാന്റെ പ്രസംഗം ”വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ശ്രമവും വെളിപ്പെടുത്തുന്നില്ല. അലിഗഡ് നഗരത്തിന്റെ സമാധാനത്തിനും ശാന്തിക്കും ഇതില്‍ ഒരിടത്തും ഭീഷണിയില്ല. ദേശീയോദ്ഗ്രഥനത്തിനും ജനങ്ങളുടെ ഐക്യത്തിനും ഈ പ്രസംഗം ആഹ്വാനം ചെയ്യുന്നു. പ്രസംഗം ഏല്ലാ തരത്തിലുള്ള അക്രമത്തെയും നിരാകരിക്കുന്നു. പ്രാസംഗികന്‍ തീര്‍ച്ചയായും സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുകയായിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ അദ്ദേഹം ചില ഉദാഹരണങ്ങള്‍ നല്‍കുന്നുണ്ട്, പക്ഷേ തടങ്കലില്‍ വയ്ക്കുന്നതിനാവശ്യമായ ഒന്നും തന്നെ എവിടെയും കാണുന്നില്ല. പ്രസംഗം ഏല്ലാ തരത്തിലുള്ള അക്രമത്തെയും നിരാകരിക്കുന്നു. പ്രസംഗത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെ അവഗണിച്ച് പ്രസംഗത്തില്‍നിന്നും തിരഞ്ഞുപെറുക്കിയെടുത്ത വരികളും പദാവലികളുമാണ് ജില്ലാ മജിസ്ട്രേറ്റ് പരാമര്‍ശിക്കുന്നത്. അലിഗഡ് ജില്ലാ മജിസ്ട്രേറ്റ് എത്തിച്ചേര്‍ന്ന നിഗമനത്തിലെത്താന്‍ വിവേകബുദ്ധിയുള്ള മറ്റൊരു വ്യക്തിക്ക് സാധിക്കുമോ എന്നാണ് ഞങ്ങളുടെ ഉത്കണ്ഠ.”(ദ വയര്‍, 01-09-20) ബഹുമാനപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വാദഗതികള്‍ അടിസ്ഥാനമാക്കിയത് നമ്മുടെ ഭരണഘടനയെക്കുറിച്ചുള്ള പരമ്പരാഗത ധാരണയായ, സ്റ്റേറ്റിന്റെ പ്രവര്‍ത്തന പരിമിതി എന്നതാണ്. ഇതിന്റെ അര്‍ത്ഥം, ഭരണഘടനാ അവകാശങ്ങള്‍ സര്‍ക്കാരുകള്‍ക്ക് ലംഘിക്കാനാവില്ല എന്നാണ്. കോടതി വാദിച്ചു: ”സാഹോദര്യത്തെ പ്രോത്സാഹിപ്പി ക്കുന്നതും അതോടൊപ്പംതന്നെ ഓരോ വ്യക്തിയുടെയും അന്തസ്സും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുമെന്ന ഉറപ്പുള്ളതും ആയിരിക്കണം ഭരണ സംവിധാനം. നമ്മുടെ രാജ്യത്തിന്റെ ശക്തവും മൂല്യവത്തുമായ ഊടും പാവും ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പറഞ്ഞിരിക്കുന്ന മൗലികാവകാശങ്ങളുടെ പിന്‍ബലത്തില്‍ രൂപകല്‍പന ചെയ്തിരിക്കുന്നതാണ്. ഇതിലെ സുവര്‍ണ്ണ നൂലാണ് ഈ അവകാശങ്ങള്‍. ഈ നൂലിനെ കൂടുതല്‍ ബലപ്പെടുത്തുന്നത് ജീവന്റെ സംരക്ഷണവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ആകുന്നു.”(രാഘവ് പാ ണ്ഡെ, ഫസ്റ്റ് പോസ്റ്റ്, 03-09-20)”ഖാന്റെ കേസില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. 2020 ഫെബ്രുവരി 10 ന് അലിഗഡിലെ സിജെഎം കോടതി അദ്ദേഹത്തിന് ജാമ്യം നല്കി. എന്നാല്‍, യുപി സര്‍ക്കാര്‍ അദ്ദേഹത്തെ വിട്ടയച്ചില്ല. ഫെബ്രുവരി 13 ന് പുറപ്പെടുവിച്ച രണ്ടാമത്തെ റിലീസ് ഉത്തരവ് പാലിക്കപ്പെട്ടു. എന്നാല്‍ താമസിയാതെ അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിലെടുത്തു. ഗവണ്‍മെന്റിന്റെ സ്വേച്ഛാപരമായ പെരുമാറ്റം, ഏത് ഭരണഘടനാ സംവിധാനത്തിലും നിയമവാഴ്ചയിലും ഭരണത്തെ സുഗമമായി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ പര്യാപ്തമല്ല. ഇത് ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും വിരുദ്ധമാണ്. ഒരു വ്യക്തിയെ തടങ്കലില്‍ വയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ കേവലമായ ഒരു ആഗ്രഹം കൊണ്ടു മാത്രം, ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്കുന്ന വ്യക്തിസ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കാന്‍ സാധിക്കില്ല. ”(രാഘവ് പാണ്ഡെ ഫസ്റ്റ് പോസ്റ്റ് 03-09-20)

രണ്ട് വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും

തൊഴിലാളികളും പാര്‍ലമെന്ററി ജനാധിപത്യവും എന്ന വിഷയത്തെ അധികരിച്ച് ഇന്‍ഡ്യന്‍ ഭരണഘടനയൂടെ ശില്പി ആയ ബാബാസാഹേബ് അംബേദ്കറിന്റെ ഒരു പ്രസംഗം വ്യക്തമാക്കുന്നത്, വലിയ അധികാരത്തോടൊപ്പം ഭാരിച്ച ഉത്തരവാദിത്തം കൂടിയുണ്ട് എന്നാണ്. ഇന്ത്യന്‍ ഭരണഘടന സുപ്രീം കോടതിയുടെമേല്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് കൊടുത്തിരിക്കുന്നത്. അദ്ദേഹം വിശദീകരിച്ചു: ”ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങളുടെ ശബ്ദം പ്രകടിപ്പിക്കാന്‍ നിയമനിര്‍മ്മാണസഭയുണ്ട്. അതുകൂടാതെ, നിയമസഭയ്ക്ക് കീഴ്പ്പെട്ടുകൊണ്ട്, നിയമസഭയെ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥമായ എക്സിക്യൂട്ടീവ് ഉണ്ട്. നിയമസഭയ്ക്ക് മുകളിലായി, ഇവയെ രണ്ടും നിയന്ത്രിക്കാനും നിശ്ചിത പരിധിക്കുള്ളില്‍ നിര്‍ത്താനും ജുഡീഷ്യറിയുണ്ട്.” “നീതി എന്നത് സദാചാരങ്ങളുടെ അടച്ചിട്ട ഒരു കലവറയായി കാണാന്‍ കഴിയില്ല. എന്നാല്‍, രാജ്യത്ത് നീതി നടപ്പാക്കാന്‍ ചുമതലയുള്ള പരമോന്നത സ്ഥാപനം അതാര്യവും, കെട്ടിയടച്ചതുമായ അവസ്ഥയിലേക്കെത്തിയിരിക്കുന്നു.”(ദി വയര്‍ 19-08-20) ”ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം ഓരോ ഇന്ത്യ‍ന്‍ പൗരന്റെയും മൗലികാവകാശമാണ് അഭിപ്രായസ്വാതന്ത്ര്യം. എന്നാല്‍ ഇത് ആര്‍ട്ടിക്കിള്‍ 19(2) അനുസരിച്ച് ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയവുമാണ്. സി.കെ.പാണ്ഡേ vs ഒ.പി.ഗുപ്ത (1971) കേസില്‍, നിലവിലുള്ള ക്രിമിനല്‍ കോര്‍ട്ടലക്ഷ്യനിയമം ഈ പറഞ്ഞ നിയന്ത്രണത്തിന്റെ ഉദാഹരണമായി സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നു. ഈ നിയമത്തെ ഭയന്ന് ആര്‍ക്കും കോടതിയോടുള്ള അമര്‍ഷം പ്രകടിപ്പിക്കാന്‍ കഴിയില്ല എന്ന് അതിനര്‍ത്ഥമില്ല. 1971ലെ കോര്‍ട്ടലക്ഷ്യ നിയമത്തിലെ സെക്ഷന്‍ 2(സി) ക്രിമിനല്‍ അവഹേളനത്തെ നിര്‍വചിക്കുന്നത് ഈ വിധത്തിലാണ്: ഏതെങ്കിലും കോടതിയുടെ അധികാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതോ കുറയ്ക്കുന്നതോ ആയ ഏതെങ്കിലും വിഷയത്തിന്റെ പ്രസിദ്ധീകരണം, അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രവൃത്തി; നീതിന്യായനടപടികള്‍ക്ക് കോട്ടം തട്ടുന്നതോ നടപടികളില്‍ ഇടപെടുന്നതോ ആയ പ്രവൃത്തികള്‍; നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്ന പ്രവൃത്തികള്‍ എന്നിങ്ങനെയാണ്. ഇതിനര്‍ത്ഥം ഒരാള്‍ക്ക് ഒരിക്കലും ജുഡീഷ്യറിയെ വിമര്‍ശിക്കാന്‍ കഴിയില്ല എന്നാണോ? അല്ല. ഇന്ത്യന്‍ കോടതികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് നിയമാനുസൃതമായി പറയാന്‍ നിങ്ങളെ അനുവദിക്കുന്നത് എന്താണ് എന്നതാണ് ഈ പ്രത്യേക വകുപ്പിന്റെ അടിസ്ഥാനം. അതായത്, വിമര്‍ശനവും അവഹേളനവും തമ്മിലുള്ള വേര്‍തിരിവ് വളരെ നേര്‍ത്തതാണ്. ഒരു ജഡ്ജിയുടെ പ്രവര്‍ത്തിക്കെതിരെ അഭിപ്രായം പറഞ്ഞാല്‍, അഭിപ്രായം ന്യായമാണോ അല്ലെങ്കില്‍ ദുരുദ്ദേശപരമാണോ എന്ന് കാണേണ്ടതുണ്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഒരു വ്യക്തിയെന്ന നിലയില്‍ ജഡ്ജിക്കെതിരെ അഭിപ്രായം പറയുകയാണെങ്കില്‍, ആ അഭിപ്രായം ജഡ്ജിയുടെ കൃത്യനിര്‍വഹണത്തെ ബാധിക്കുമോ അതല്ലെങ്കില്‍ കേവലം അപകീര്‍ത്തിയുടെയോ മാനനഷ്ടത്തിന്റെയോ സ്വഭാവത്തിലാണോ എന്ന് കോടതി പരിഗണിക്കും. പ്രസ്താവന ന്യായമാണോ ആത്മാര്‍ത്ഥമായതാണോ അപകീര്‍ത്തികരമാണോ അവഹേളനമാണോ എന്ന് കോടതി തീരുമാനിക്കേണ്ടതുണ്ട്. ഒരു ജഡ്ജിക്കെതിരായ പരാമര്‍ശം വ്യക്തിപരം മാത്രവും, ജുഡീഷ്യല്‍ കൃത്യനിര്‍വഹണത്തിന് എതിരല്ലാതിരിക്കുകയൂം ചെയ്താല്‍ അത് ക്രിമിനല്‍ അവഹേളനമാകില്ല.വ്യക്തികള്‍ എന്ന നിലയില്‍ വിമര്‍ശിക്കപ്പെടുന്ന പ്രസ്താവനകളില്‍നിന്ന് ജഡ്ജിമാര്‍ക്ക് സംരക്ഷണം നല്കാന്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നിയമം ലക്ഷ്യം വെയ്ക്കുന്നില്ല. എന്നാല്‍ ഈ തരത്തിലുള്ള പ്രസ്താവനകള്‍ വ്യക്തികളെ മാനനഷ്ടത്തിന് ബാധ്യസ്ഥരാക്കും. ജുഡീഷ്യറിയെക്കുറിച്ചുള്ള പൊതുധാരണ നിയമവാഴ്ചയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നതിനാല്‍ നീതിനിര്‍വഹണത്തെയും കോടതികളുടെ പ്രവര്‍ത്തന ത്തെയൂം ബാധിക്കുന്ന പ്രസ്താവനകള്‍ ക്രിമിനല്‍ അവഹേളനത്തിന് തുല്യമാണ്. ഒരു ജഡ്ജിയുടെ ഔദ്യോഗിക പദവിയെ ലക്ഷ്യംവെച്ചുള്ള വിമര്‍ശനം, ജുഡീഷ്യറിയെ മൊത്തത്തില്‍ അപലപിക്കുന്നതാകയാല്‍, അത് ന്യായമായ വിമര്‍ശനമല്ലെങ്കില്‍, കോടതിയലക്ഷ്യം ആ വ്യക്തിയുടെ മേല്‍ ആരോപിക്കപ്പെടാം. (ദ ഹിന്ദു, 19-08-20)

എക്സിക്യൂട്ടീവിന്റെ ധിക്കാരപരമായ പ്രവര്‍ത്തനരീതികളെക്കുറിച്ചുള്ള ആരോപണങ്ങളും നീതിന്യായ വ്യവസ്ഥയുടെ തകര്‍ച്ചയും

“ജനാധിപത്യത്തില്‍, ഭരണകൂടത്തിന്റെ പരമാധികാരത്തിന്റെ മൂന്ന് തൂണുകളാണ് നിയമസഭയും എക്സിക്യൂട്ടീവും ജുഡീഷ്യറിയും. വ്യക്തമായി നിര്‍വചിക്കപ്പെട്ട അതിരുകള്‍ ഒന്ന് മറ്റൊന്നിന്റെ മേഖലയിലേക്ക് കടന്നുകയറുന്നത് തടയുന്നു. ജനാധിപത്യത്തിന്റെയും ജനങ്ങളുടെ മൗലികാവകാശങ്ങളുടെയും രക്ഷാധികാരിയാണ് ജുഡീഷ്യറി. ധീരതയോടെയും സ്വതന്ത്രമായും പ്രവര്‍ത്തിക്കും എന്ന് ഓരോ ജഡ്ജിയും സത്യപ്രതിജ്ഞ ചെയ്യുന്നതാണ്. ജഡ്ജി ഒരിക്കലും ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങരുത്. മാധ്യമങ്ങളിലൂടെ ജഡ്ജിമാരില്‍ എത്തുന്ന പൊതുജനാഭിപ്രായം അവരെ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുകയോ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയോ ചെയ്യരുത്. അറിയാതെ സ്വന്തം ചുമലില്‍ മറ്റൊരാളുടെ തോക്കുവെച്ച് വെടിവയ്ക്കാനുള്ള അവസരം കൊടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജുഡീഷ്യറി അതീവ ജാഗ്രത പാലിക്കണം.”(ജസ്റ്റിസ് ആര്‍.സി.ലഹോതി, മുന്‍ സിജെഐ, ഇന്ത്യന്‍ എക്സ്പ്രസ്, 02-06-20). ”സര്‍ക്കാരിന്റെയും ജുഡീഷ്യറിയുടെയും ഇടയിലുള്ള അധികാരപരിധി സംബന്ധിച്ച അവ്യക്തത കാരണം, ഇത്തരം സംഭവങ്ങള്‍ക്ക് മോശമായ രീതിയിലുള്ള ശ്രദ്ധ ലഭിക്കുകയും സംശയങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്നു.”(ഡെയ്‍ലി ഒ 25-03-20) ”സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍, പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസവിചക്ഷണര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെ അടുത്ത കാലത്തായി ഇന്ത്യന്‍ അധികാരികള്‍ തീവ്രവാദ വിരുദ്ധ നിയമം, രാജ്യദ്രോഹ നിയമം, ക്രിമിനല്‍ മാനനഷ്ടം എന്നിവ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ നിയമങ്ങള്‍ വര്‍ദ്ധിച്ച തോതില്‍ ഉപയോഗിച്ചു. രാഷ്ട്രീയ പ്രേരിതമായ കേസുകളില്‍ അനേകം ആളുകളെ സ്വേച്ഛാപരമായി അറസ്റ്റ് ചെയ്യുകയും പ്രോസിക്യൂട്ട് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തിട്ടുണ്ട്.” (ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ന്യൂയോര്‍ക്ക്, 19-08-20) ”ദില്ലി കലാപത്തിന് മുന്നോടിയായി ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ പരിഗണിച്ച സുപ്രീംകോടതി, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം അനുഭവിക്കുന്നതായും സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും പറഞ്ഞു.”(ഡെയ്‍ലി ഒ 25-03-20)സ്റ്റീവന്‍ ലെവിറ്റ്സ്കി, ഡാനിയല്‍ സിബ്ലാട്ട് എന്നിവര്‍ എഴുതിയ ‘എങ്ങനെയാണ് ഡെമോക്രസികള്‍ മരിക്കുന്നത്’ എന്ന പുസ്തകത്തില്‍, “ജനാധിപത്യ ഭരണകൂടങ്ങളുടെ തകര്‍ച്ചകള്‍ക്ക് കാരണം ജനറലുകളും സൈനികരും അല്ല, മറിച്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളാണ്” എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള ”തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിച്ചു” എന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ അവര്‍ നിരത്തുന്നു. ഭരണഘടന അനുശാസിക്കുന്ന ബാലറ്റ് ബോക്സിന്റെയും നിയമസഭയുടെയും ജുഡീഷ്യറി യുടെയും അംഗീകാരത്തോടെയാണ് ഈ അട്ടിമറി നടത്തുന്നത്. ഉടനീളം, ജനാധിപത്യ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ഉറപ്പ് എല്ലായ്പ്പോഴും നിലനിര്‍ത്തുന്നു. ഈ സാഹചര്യങ്ങളില്‍ ശക്തരായി ഉയര്‍ന്നുവരുന്ന നേതാക്കളെ ലെവിറ്റ്സ്കിയും സിബ്ലാറ്റും ‘തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപതികള്‍’‍ എന്ന് വിളിക്കുന്നു. ഈ വിധേന തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപതികള്‍ സ്ഥാപനങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നു. അവര്‍ മാധ്യമങ്ങളെയും സ്വകാര്യമേഖലയെയും നിശബ്ദരാക്കുക്കുന്നു, ഒപ്പം രാഷ്ട്രീയ എതിരാളികളുടെ താല്പര്യങ്ങള്‍ക്കുപരിയായി സ്വന്തം താല്പര്യങ്ങള്‍ക്കനുസൃതമായി നിയമങ്ങള്‍ പൊളിച്ചെഴുതുന്നു.”(2020 സെപ്റ്റംബര്‍18ന് ജസ്റ്റിസ് എ.പി.ഷാ നടത്തിയ ജസ്റ്റിസ് സുരേഷ് മെമ്മോറിയല്‍ പ്രഭാഷണം, ദ വയര്‍ 18-09-20)’നിരവധി കോളമിസ്റ്റുകള്‍, പ്രമുഖ പണ്ഡിതര്‍, നിയമജ്ഞര്‍ എന്നിവര്‍ സുപ്രീംകോടതിയുടെ അവകാശാധിഷ്ഠിത കോടതി എന്ന രീതിയില്‍നിന്ന് എക്സിക്യൂട്ടീവ് കോടതി എന്ന രീതിയിലേക്കുള്ള വ്യതിചലനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും, അത്തരമൊരു കോടതിയും, രാഷ്ട്രീയമായി തന്ത്രപ്രധാനമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എപ്പോഴും തയ്യാറായിരിക്കുന്നതും, എക്സിക്യൂട്ടീവിന് അനുകൂലമായ തീരുമാനങ്ങളെടുക്കും എന്ന വിശ്വാസം അര്‍പ്പിക്കാന്‍ കഴിയുന്നതുമായ ഒരു ന്യായാധിപനും ഉണ്ടെങ്കില്‍ അത് എളുപ്പമായി. കോടതിക്കുള്ളില്‍നിന്നുതന്നെ ആരോപണങ്ങളും സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത്, കോടതിയില്‍ ജോലി നിര്‍ണ്ണയിക്കുന്നത് ”റിമോട്ട് കണ്ട്രോള്‍” വഴിയാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണകൂടത്തിന്റെ മറ്റ് ശാഖകളുടെമേല്‍, പ്രത്യേകിച്ച് ഒരു സ്വതന്ത്ര ജുഡീഷ്യറിയുടെമേല്‍ നിയന്ത്രണം പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു പ്രബലമായ എക്സിക്യൂട്ടീവിന് ഇത് വളരെ എളുപ്പമാണ്. സുപ്രീംകോടതിയെ ഗവണ്മെന്റനുകൂല ന്യായാധിപന്മാരെക്കൊണ്ട് നിറക്കേണ്ട ആവശ്യമില്ല. ഒരുപോലെ ചിന്തിക്കൂന്ന 30 ന്യായാധിപന്മാരെ കണ്ടെത്തുന്നത് വളരെ പ്രയാസമേറിയതോ അസാധ്യമായതോ ആകുന്നു. കോടതിയില്‍ ചില ”അനുകൂല” സാഹചര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുക മാത്രമാണ് വേണ്ടത്: ഈ സാഹചര്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ്, നിങ്ങളുടെ പക്ഷത്തുള്ള ഒരു സിജെഐയും ”വിശ്വസനീയരായ” ബെഞ്ചിലെ മറ്റ് ചില ജഡ്ജിമാരും. ഇന്ത്യയില്‍ എക്സിക്യൂട്ടീവ് ബ്രാഞ്ചില്‍നിന്നും, ഇടയ്ക്കിടെ നിയമസഭയില്‍നിന്നും സ്വതന്ത്ര ജുഡീഷ്യറിക്കെതിരെ ഭീഷണി ഉയര്‍ന്നുവരുന്നതായി പ്രവണത കാണുന്നുണ്ട്. ജുഡീഷ്യറിയിലെ വ്യക്തികള്‍ മറ്റ് ശാഖകള്‍ക്ക് വഴങ്ങുമ്പോള്‍, അത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. തീര്‍ച്ചയായും സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്ക് ഒത്തുകൂടാനും സ്വന്തം നിലനില്‍പ്പ് സുപ്രീംകോടതിയുടെ സ്വാതന്ത്ര്യത്തിന് മുകളിലാണോ, ജുഡീഷ്യറിയെ ബാഹ്യമായ സ്വാധീനത്തില്‍നിന്ന് സംരക്ഷിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ, ശക്തമായ എക്സിക്യൂട്ടീവിനെതിരെ ഉറച്ചുനില്ക്കണമോ എന്നിങ്ങനെയുള്ള വിഷയങ്ങളെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടതിനും പറ്റിയ ഏറ്റവും ഉചിതമായ സമയമാണിത്. (ജസ്റ്റിസ് എ.പി.ഷാ, ദ ഹിന്ദു 07-09-20)’ഇപ്പോള്‍, കോടതി പതിറ്റാണ്ടുകളുടെ സ്വന്തം ചരിത്രത്തില്‍നിന്ന് പിന്തിരിയുകയാണെന്ന് തോന്നുന്നു. പകരം, ഒരു മടിയുമില്ലാതെ, ഒരു ചോദ്യവും ചോദിക്കാതെ ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടുകളോട് യോജിച്ചു പോകുന്നു. ഇത് വ്യക്തമാക്കുന്ന സമീപകാലത്തെ രണ്ട് കേസുകളാണ് ശബരിമല, അയോദ്ധ്യ എന്നിവ. എന്നാല്‍ കുടിയേറ്റ തൊഴിലാളികളുടെ കേസില്‍, സാഹചര്യത്തിന്റെ ഏറ്റവും മികച്ച വിധികര്‍ത്താവാണ് സര്‍ക്കാര്‍ എന്ന നിര്‍ഭാഗ്യകരമായ അനുമാനത്തിലുമെത്തി.പകരം, ഈ സമയത്ത്, കുടിയേറ്റത്തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് യുക്തിയുടെയും ധീരതയുടെയും അനുകമ്പയുടെയും തുരുത്തുകളായി ഹൈക്കോടതികള്‍ നിലകൊണ്ടു. തൊഴിലാളികളുടെ കൂട്ടപ്പലായനം വ്യാജ വാര്‍ത്തകള്‍ കാരണമാണെന്ന് വാദിച്ച സോളിസിറ്റര്‍ ജനറലിന്റെ വിചിത്രമായ അവകാശവാദത്തോടുള്ള സുപ്രീം കോടതിയുടെ പ്രതികരണവുമായി ഇത് ഒത്തുനോക്കുക. സുപ്രീം കോടതി ഇത് അംഗീകരിച്ചു. കൂടുതല്‍ ഉത്തരവാദിത്തത്തോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജൂലിയോ റിബെയ്റോ ദില്ലി കലാപത്തില്‍ ന്യായമായ അന്വേഷണത്തിന്റെ അഭാവവും 1984ലെ കലാപവുമായി ഉള്ള സാമ്യവും ചൂണ്ടിക്കാട്ടി. അദ്ദേഹം കൃത്യമായിപറഞ്ഞു: ”നിലവിലുള്ള രാഷ്ട്രീയ അധികാരിവര്‍ഗ്ഗം ഒരു വിഭാഗത്തെ ശിക്ഷിക്കാത്തതു കാരണം ഇന്ത്യയില്‍ കലാപങ്ങള്‍ ആവര്‍ത്തിക്കുന്നു”. സമീപകാലത്ത് പാര്‍ലമെന്റിന്റെ പല ന്യൂനതകളും പുറത്തു വന്നിട്ടുണ്ട്. കോവിഡ്-19 മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സമയത്ത് ഒരു തവണ പോലും പാര്‍ലമെന്റ് കൂടിയിട്ടില്ല. ഒടുവില്‍ കൂടാന്‍ തീരുമാനിച്ചപ്പോള്‍, ചോദ്യോത്തര വേള റദ്ദാക്കുകയും ചെയ്തു. സുപ്രീംകോടതിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന അടുത്ത സ്വഭാവവിശേഷം, വിധികര്‍ത്താവ് എന്ന നിലയില്‍ അതിന്റെ അടിസ്ഥാനപരമായ പങ്ക് നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതാണ്. കാശ്മീര്‍ കേസില്‍, കോടതി എന്ന നിലയിലുള്ള അതിന്റെ പങ്ക് പ്രായോഗികമായി ഉപേക്ഷിച്ചു. ഒരു സ്വതന്ത്ര സ്ഥാപനമായി നിലനില്ക്കുന്നതില്‍ ജുഡീഷ്യറി അങ്ങേയറ്റം പരാജയപ്പെടുന്നുവെന്നത് വളരെ പ്രകടമാണ്. വാസ്തവത്തില്‍ ഇതിന് ഉത്തരവാദി എക്സിക്യൂട്ടീവ് ആണ് എന്നത് ഒരു തുറന്ന രഹസ്യവുമാണ്. എക്സിക്യൂട്ടീവ് ഇത് എങ്ങനെ ചെയ്യുന്നുവെന്നതും എല്ലാവര്‍ക്കും അറിയാം. സുപ്രീംകോടതിയെ ഗവണ്മെന്റനുകൂല ന്യായാധിപന്മാരെക്കൊണ്ട് നിറക്കേണ്ട ആവശ്യമില്ല.” (ജസ്റ്റിസ് എ.പി.ഷാ, ദ വയര്‍ 18-09-20)നമ്മുടെ മൗലികാവകാശങ്ങള്‍ അഭേദ്യമായ മതിലുകകള്‍ക്ക് പിന്നില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഒരു പാര്‍ലമെന്ററി ഭരണകൂടം, അധികാര വികേന്ദ്രീകരണം, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഉത്തരവാദിത്തങ്ങളുടെ ഒരു ഫെഡറല്‍ തത്വങ്ങളനുസരിച്ചുള്ള വിഭജനം എന്നിവയിലധിഷ്ഠിതമായ ഒരു സംവിധാനം നമുക്കുണ്ട്. പലര്‍ക്കും അസൂയ ഉളവാക്കുന്ന ഒരു സംവിധാനമാണിത്. അതിശക്തമായ എക്സിക്യൂട്ടീവ് നിയമസഭയിലൂടെ ജനങ്ങളോടും ജുഡീഷ്യറിയിലൂടെ ഭരണഘടനയോടും നിയമവാഴ്ചയോടും ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു. കൂടാതെ ഓഡിറ്റര്‍ ജനറല്‍, ഇലക്ഷന്‍ കമ്മീഷന്‍, ഒരു മനുഷ്യാവകാശ നിരീക്ഷണ സമിതി, അഴിമതിവിരുദ്ധ സമിതികള്‍ തുടങ്ങിയ സ്ഥാപനങ്ങളുമുണ്ട്. ഇതിനും പുറമേ മാധ്യമങ്ങള്‍, അക്കഡമിക് സമൂഹം, പൊതുസമൂഹം തുടങ്ങിയവയും. നിര്‍ഭാഗ്യവശാല്‍ ഇതെല്ലാം കടലാസില്‍ മാത്രമാണ്. ഇന്ന് ഇന്ത്യയില്‍, എക്സിക്യൂട്ടീവ് ഉത്തരവാദിത്തപ്പെടേണ്ടതായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളും സംവിധാനങ്ങളും ഉപകരണങ്ങളും ആസൂത്രിതമായി നശിപ്പിക്കപ്പെടുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രവര്‍ത്തനരഹിതമാണ്. അന്വേഷണ ഏജന്‍സികള്‍ കഴിയുന്ന അവസരങ്ങളിലെല്ലാം ദുരുപയോഗം ചെയ്യപ്പെടുന്നു. റിസര്‍വ് ബാങ്കും ഇലക്ഷന്‍ കമ്മീഷനും സംശയാസ്പദമായ രീതിയില്‍ മുട്ടുമടക്കിയിരിക്കുന്നതായി തോന്നുന്നു. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പ്രവര്‍ത്തനക്ഷമമല്ല. ഈ സമയങ്ങളില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍കഴിയുന്ന മറ്റ് അധികാരികളും സ്ഥാപനങ്ങളും നിശബ്ദമാണ്. ലോക്പാലിനെക്കുറിച്ച് ഞങ്ങള്‍ ഒന്നും കേട്ടിട്ടില്ല.”(ജസ്റ്റിസ് എ.പി.ഷാ, ദ വയര്‍ 18-09-20)”വിദ്യാര്‍ത്ഥികളുടെ മേല്‍ കലാപം ആരോപിക്കപ്പെട്ടൂകൊണ്ടും, അധ്യാപകരുടെ മേല്‍ കിമിനല്‍ ഗൂഢാലോചന ആരോപിക്കപ്പെട്ടുകൊണ്ടും സര്‍വകലാശാലകള്‍ ദിനംപ്രതി ആക്രമിക്കപ്പെട്ടുകൊണ്ടിമിരിക്കുന്നു. നിഷ്പക്ഷമായ മുഖ്യധാരാ മാദ്ധ്യമം എന്ന ആശയം ഇന്‍ഡ്യയില്‍ വളരെക്കാലം മുമ്പേ മരണമടഞ്ഞു. ഇപ്പോള്‍, കശ്മീരിലെ മാദ്ധ്യമ നയം പോലുള്ള നീക്കങ്ങളോടെ, ഒരു സ്വതന്ത്ര മാദ്ധ്യമ സങ്കല്പവും മരിച്ചുകൊണ്ടിരിക്കുന്നു. പല രീതിയിലും പൊതുസമൂഹത്തിന്റെ കഴുത്തുഞെരിച്ച് പതുക്കെ ശ്വാസം മുട്ടിച്ചുകൊണ്ടി രിക്കുന്നു. മറ്റെല്ലാ സ്ഥാപനങ്ങളേയും ആസൂത്രിതമായി തഴഞ്ഞുകൊണ്ട് എക്സിക്യൂട്ടീവ് മാത്രം അതിന്റെ പ്രവര്‍ത്ത നങ്ങള്‍ നടത്തിെക്കാണ്ട്, തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യത്തിന്റെ ഒരു രൂപത്തിലേക്ക് നമ്മള്‍ നീങ്ങുന്നു. തീര്‍ച്ചയായും, അനേകം വിവേകമതികളായ വ്യക്തികള്‍ നമ്മെ പലപ്രാവശ്യം ഓര്‍മ്മിപ്പിച്ചതുപോലെ ഇങ്ങനെയാണ് ജനാധിപത്യം മരിക്കുക.”(ദ വയര്‍ 18-08-20)”പാര്‍ലമെന്റ് എല്ലായ്പ്പോഴും ഒരു എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്ന സംവിധാനമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഈ ഉത്തരവാദിത്തം പാര്‍ലമെന്റ്, അത് പ്രതിനിധീകരിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നിര്‍വഹിക്കുന്നു. ചോദ്യങ്ങളും സംവാദങ്ങളും പോലുള്ള രീതികള്‍ ഈ ആവശ്യത്തിനായി ഉപയോഗിക്കുന്നു. പാര്‍ലമെന്റ്തന്നെ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ എന്തുസംഭവിക്കും? മഹാമാരിപോലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് നേതൃത്വം നല്കുന്നതില്‍ പരാജയപ്പെടുന്നതിനുപുറമെ, എക്സിക്യൂട്ടീവിന് ഇഷ്ടമുള്ളതുപോലെ ചെയ്യാ‍ന്‍ സ്വതന്ത്ര്യം നല്കിക്കൊണ്ട്, പ്രാതിനിധ്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പ്രശ്നങ്ങളെ പെരുപ്പിക്കുന്നു. ഈ സാഹചര്യത്തില്‍, എക്സിക്യൂട്ടീവിന്റെ ഉത്തരവാദിത്തം, ഒരു പഴങ്കഥ മാത്രമാണ്, കാരണം അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആരുമില്ല.” ”പാര്‍ലമെന്റിനെ ദുര്‍ബലമാക്കി അപ്രസക്തമായ ഒരു നിലയിലെത്തിക്കാന്‍ എക്സിക്യൂട്ടീവ് നടപടികളെടുത്താലും, മറ്റ് സ്ഥാപനങ്ങള്‍ അവസരത്തിനൊത്തുയര്‍ന്ന് എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്ന കടമ നിര്‍വഹിക്കുമെന്ന് ഏതൊരാളും പ്രതീക്ഷിച്ചിരിക്കും. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായത് ജുഡീഷ്യറിയാണ്. ഇന്ത്യയുടെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയില്‍ ഞങ്ങള്‍ എല്ലായ്പ്പോഴും അഭിമാനിക്കുകയും അതിനെ പൂകഴ്ത്തിപ്പറയുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥ പോലുള്ള മുന്‍കാലങ്ങളില്‍ ഗുരുതരമായ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ കുഴഞ്ഞുമറിഞ്ഞ ചരിത്രത്തില്‍ വിവേകം കാത്തുസൂക്ഷിക്കുന്ന ഒന്നായി, ജനങ്ങളുടെ വിശ്വാസം പുനസ്ഥാപിക്കാന്‍ ജുഡീഷ്യറിക്ക് എല്ലായ്പ്പോഴും ഏതെങ്കിലും വിധത്തില്‍ സാധിച്ചിട്ടുണ്ട്.””പാര്‍ലമെന്റ് ഇതിനകംതന്നെ ദുര്‍ബലമായതിനാല്‍, കശ്മീര്‍ വിഭജനം, പൗരത്വ(ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുത, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ അടിച്ചമര്‍ത്തുക, കുറ്റവല്ക്കരിക്കുക തുടങ്ങിയ പ്രവൃത്തികള്‍, രാജ്യദ്രോഹം, യു.എ.പി.എ പോലുള്ള ക്രൂരമായ നിയമങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച ഇടം സുപ്രീം കോടതിയാകുമായിരുന്നു. ദുഖകരമെന്നു പറയട്ടെ, ഇവയില്‍ മിക്കതും അവഗണിക്കപ്പെടുകയോ ദുരൂഹമായി അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുകയോ ചെയ്യപ്പെട്ടു. ചില കേസുകളില്‍(കശ്മീരിലെ ഇന്റര്‍നെറ്റ് ലഭ്യത പോലുള്ളവ) സുപ്രീംകോടതി മദ്ധ്യസ്ഥനെന്ന നിലയില്‍ അതിന്റെ പങ്ക് ഉപേക്ഷിക്കുകയും, തീരുമാനമെടുക്കാന്‍ എക്സിക്യൂട്ടീവ് നടത്തുന്ന ഒരു കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. അത്തരമൊരു കമ്മിറ്റിക്ക് എക്സിക്യൂട്ടീവിന്റെതന്നെ പ്രവര്‍ത്തനങ്ങളുടെ അവലോകനം എങ്ങനെ നിഷ്പക്ഷമായ രീതിയില്‍ കാണാന്‍ കഴിയും? ഇത് യുക്തിക്കു നിരക്കുന്നതല്ല. വാസ്തവത്തില്‍, ഇവയൊന്നുംതന്നെ ഭരണഘടന അംഗീകരിക്കുന്ന ഒരു വേദിയിലും ചര്‍ച്ചചെയ്യപ്പെടാത്ത കാര്യങ്ങളാണ്. ഇന്ന്, ജുഡീഷ്യറി വീണ്ടും നമ്മെ കയ്യൊഴിയുന്നതായി കാണുന്നു.”(ജസ്റ്റിസ് എ.പി.ഷാ, ദ വയര്‍ 18-09-20)ഇന്ന് സംജാതമായിരിക്കുന്ന സാഹചര്യം, എത്രയോ ദശകങ്ങള്‍ക്കുമുമ്പ് മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡ് മുന്‍കൂട്ടി കണ്ടിരുന്നതാണ്. 1985ല്‍ അദ്ദേഹം നിരീക്ഷിച്ചു: “ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വെളിയില്‍നിന്നുള്ളതിനേക്കാള്‍ വലിയ ഭീഷണി അകത്തുനിന്നുണ്ട്.” “കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ യഥാര്‍ത്ഥ മാറ്റങ്ങള്‍ വരാതെ, ലോകത്തിലെ എല്ലാ ധര്‍മ്മോപദേശങ്ങളും കൊണ്ടുമാത്രമായി(പ്രശാന്ത് ഭൂഷണ് വിധിന്യായത്തില്‍ നല്കിയിട്ടുള്ളതുപോലെ) ഒരു ഫലവും ഉണ്ടാകില്ല.” (ജസ്റ്റിസ് എ.പി.ഷാ, ദ ഹിന്ദു, 07-09-20) ”സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍, ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാ ണെന്ന് കണ്ടെത്തിയതിലൂടെ, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെ നീണ്ട ചരിത്രത്തെ സുപ്രീം കോടതി ഉപേക്ഷിച്ചിരിക്കുന്നു” എന്ന് മീനാക്ഷി ഗാംഗുലി(ദക്ഷിണേഷ്യ ഡയറക്ടര്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച്) പറയുന്നു. ”സമാധാനപരമായി വിയോജിക്കാനുള്ള സ്വാതന്ത്ര്യം അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്‍ഡ്യയില്‍, ഒരു സ്വതന്ത്ര സമൂഹത്തില്‍ ജനാധിപത്യ സ്ഥാപനങ്ങളെ ഉത്തരവാദിത്തത്തോടെ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്, സുപ്രീം കോടതി തികച്ചും തെറ്റായ സന്ദേശം ആണ് നല്‍കുന്നത്.”(ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ന്യൂയോര്‍ക്ക്, 19-08-20) ”ഒന്നര വര്‍ഷം മുമ്പ് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് മദന്‍ ബി. ലോകുര്‍, ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ ദയനീയമായ ദുരവസ്ഥ പരിഹരിക്കുന്നതിന്‍ ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യപ്പെടുന്ന പൊതു താല്പര്യ ഹര്‍ജി, സുപ്രീംകോടതി കൈകാര്യം ചെയ്ത രീതിയെ എതിര്‍ത്തുകൊണ്ട് സുപ്രീംകോടതിക്ക് ഒരു ‘എഫ്’ ഗ്രേഡ് സമ്മാനിച്ചു.”(ടൈംസ് ഓഫ് ഇന്ത്യ 01-06-20) ”2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് ഈ ജനാധിപത്യ ധ്വംസനം ആരംഭിച്ചത്. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ നടത്തിയ നഗ്നമായ ജനാധിപത്യ ധ്വംസനവുമായി ഇതിനെ താരതമ്യം ചെയ്യാമെങ്കിലും താരതമ്യങ്ങള്‍ അറപ്പുളവാക്കുന്നതാണ്. ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത്, എക്സിക്യൂട്ടീവിന്റെ മേല്‍ അധികാര കേന്ദ്രീകരണം നടത്തിക്കൊണ്ട്, ഇന്‍ഡ്യന്‍ ജനാധിപത്യ ഭരണകൂടത്തെ പ്രായോഗികമായി ഇല്ലായ്മ ചെയ്യാന്‍ തന്ത്രപരമായി ശ്രമിക്കുന്ന കര്‍മ്മനിരതമായ ഒരു ശക്തിയെയാണ്.”(ജസ്റ്റിസ് എ.പി.ഷാ, ദ വയര്‍ 18-09-20)”1987 നവംബര്‍ 28ന് മു‍ന്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന പി.ശിവശങ്കര്‍, അദ്ദേഹം (നിയമ, നീതി, കമ്പനി കാര്യ) മന്ത്രിയായിരിക്കുമ്പോള്‍, ഹൈദരാബാദിലെ ബാര്‍ കൗണ്‍സിലില്‍ നടത്തിയ പ്രസംഗം പിന്നീട് സുപ്രീംകോടതിക്കെതിരായ അവഹേളനമായി നിരീക്ഷിക്കപ്പെടൂകയുണ്ടായി. അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു: വരേണ്യവര്‍ഗത്തില്‍നിന്നുള്ള ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുപ്രീംകോടതിക്ക്, ഉള്ളവനോട്, അതായത് സമീന്ദാറുകളോട് പ്രകടമായ സഹതാപമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ഗുണഭോക്താക്കളായ വ്യവസായികളുടെ പിന്തുണയോടുകൂടി ഈ രാജ്യത്തെ വരേണ്യ സംസ്കാരത്തിന്റെ പ്രതിനിധികളായ ധനിക ബാങ്കര്‍മാര്‍ക്ക് കൂപ്പറിന്റെ കേസില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ മൂലം ഉയര്‍ന്ന നഷ്ടപരിഹാരം ലഭിച്ചു. സാമൂഹ്യവിരുദ്ധര്‍, അതായത് ഫെറ നിയമലംഘകര്‍, സ്ത്രീകളെ തീകൊളുത്തി കൊന്നവര്‍, എല്ലാ രീതിയിലുമുള്ള പിന്തിരിപ്പന്മാരുടെ കൂട്ടം, അവരുടെ സ്വര്‍ഗ്ഗം സുപ്രീം കോടതിയില്‍ കണ്ടെത്തി.” (ദ വയര്‍ 19-08-20)

ആത്മപരിശോധന അനിവാര്യം

Share this post

scroll to top