കർഷകവിരുദ്ധ നിയമങ്ങൾ കാർഷിക മേഖല കോർപ്പറേറ്റുകളുടെ കരങ്ങളിലമരുന്നു

farmers-12001.jpg
Share

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍) ആക്റ്റ് 2020, ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാര്‍മേഴ്‌സ് സര്‍വീസ് ആക്റ്റ് 2020, എസന്‍ഷ്യല്‍ കമൊഡിറ്റീസ് (അമെന്റ്‌മെന്റ്) ആക്റ്റ് 2020 എന്നീ മൂന്ന് നിയമങ്ങളും കാര്‍ഷികമേഖലയില്‍ സ്വദേശ-വിദേശ കുത്തകകളുടെ സമ്പൂര്‍ണ ആധിപത്യവും അതുവഴി ദരിദ്ര, ചെറുകിട, ഇടത്തരം കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സമ്പൂര്‍ണ നാശവും ഉറപ്പാക്കുന്നതാണ്.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഗവണ്മെന്റ,് തീര്‍ത്തും കര്‍ഷകവിരുദ്ധമായ മൂന്ന് ഓര്‍ഡിനന്‍സുകള്‍ ജൂണ്‍ 5ന് പുറത്തിറക്കുകയും തിടുക്കത്തില്‍ മണ്‍സൂണ്‍ സെഷനില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശബ്ദവോട്ടോടെ പാസാക്കിയെടുക്കുകയും ചെയ്തിരിക്കുകയാണ്. കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയെ നേരിടാനെന്ന പേരില്‍ ധനകാര്യ മന്ത്രി അവതരിപ്പിച്ച ദുരിതാശ്വാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ഈ മുന്നു ഓര്‍ഡിനന്‍സുകളും പുറപ്പെടുവിച്ചിരുന്നത് എന്നതാണ് വിരോധാഭാസം. അന്നു തന്നെ ഈ ഓര്‍ഡിനന്‍സുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. മഹാവ്യാധി അതിവേഗം പടര്‍ന്നുപിടിക്കുകയും കര്‍ഷകരും സാധാരണ ജനങ്ങളും തൊഴിലാളികളും പ്രതിസന്ധിയുടെ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുകയും ചെയ്യുന്ന ദുരിതകാലത്തു തന്നെ ഈ നടപടികള്‍ കൈക്കൊള്ളുന്നത് കേന്ദ്രസര്‍ക്കാരിന്റെ ദ്രോഹബുദ്ധിയുടെ പ്രത്യക്ഷ ഉദാഹരണമാണ്. ബിജെപി ഗവണ്മെന്റിന്റെ ഈ ഹീന നീക്കം, നിര്‍ദ്ദയമായ ചൂഷണം നടത്തുന്ന കുത്തകകളുടെ വര്‍ഗതാല്പര്യം സംരക്ഷിക്കുന്നതില്‍ അവര്‍ എത്രത്തോളം ജാഗരൂകരാണെന്നും, ജീവിക്കാന്‍വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ദരിദ്രകര്‍ഷകരുടെ ദുരിതങ്ങളെ അവര്‍ എത്ര നിസ്സാരമായാണ് കാണുന്നതെന്നും വ്യക്തമാക്കിത്തരുന്നതാണ്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍) ആക്റ്റ് 2020, ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാര്‍മേഴ്‌സ് സര്‍വീസ് ആക്റ്റ് 2020, എസന്‍ഷ്യല്‍ കമൊഡിറ്റീസ് (അമെന്റ്‌മെന്റ്) ആക്റ്റ് 2020 എന്നീ മൂന്ന് നിയമനിര്‍മ്മാണങ്ങളും രാജ്യത്തെ കാര്‍ഷികമേഖലയില്‍ സ്വദേശ-വിദേശ കുത്തകകളുടെ സമ്പൂര്‍ണ ആധിപത്യവും അതുവഴി ദരിദ്ര, ചെറുകിട, ഇടത്തരം കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സമ്പൂര്‍ണ നാശവും ഉറപ്പാക്കുന്നതാണ്. ഭക്ഷ്യവസ്തുക്കളുടെ വില നിര്‍ണ്ണയം പരിപൂര്‍ണ്ണമായും വന്‍കിട മുതലാളിമാരുടെ കരങ്ങളില്‍ അമരുന്നതോടെ രാജ്യത്തെ മുഴുവന്‍ ജനങ്ങളും നടുവൊടിക്കുന്ന വില നല്‍കി നിത്യോപയോഗസാധനങ്ങള്‍ വാങ്ങേണ്ടി വരും. ഈ പൈശാചിക നടപടിയെ എത്ര അപലപിച്ചാലും മതിയാകില്ല.

കര്‍ഷകരുടെ മാത്രമല്ല സാധാരണ ജനങ്ങളുടെയും ജീവിതത്തെ തകര്‍ക്കുന്നു

കാര്‍ഷികമേഖലയെ വേട്ടയാടിയിരുന്ന കുത്തകകളുടെ സമ്പൂര്‍ണ ആധിപത്യം ഇതോടെ പൂര്‍ണ്ണമായിരിക്കുന്നു. ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യ എണ്ണ, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയവയൊക്കെ പൂഴ്ത്തിവയ്പുകാര്‍ക്ക് എത്രവേണമെങ്കിലും സംഭരിച്ചുവയ്ക്കാന്‍, ‘1955 ലെ അവശ്യസാധനനിയമ’ത്തില്‍ വരുത്തിയ ഭേദഗതി നിയമസാധുത നല്‍കിയിരിക്കുകയാണ്. ഇത് ഭക്ഷ്യസുരക്ഷയെപ്പോലും അപകടത്തിലാക്കുംവിധം ഭക്ഷ്യവസ്തുക്കളുടെയടക്കം കരിഞ്ചന്തയ്ക്കും കൃത്രിമ വിലക്കയറ്റത്തിനും ഇടയാക്കും. കച്ചവടക്കാരുടെയോ കോള്‍ഡ് സ്റ്റോറേജ് ഉടമകളുടെയോ കാര്‍ഷികോല്പന്ന കമ്പനികളുടെയോ ഒക്കെ വേഷംകെട്ടിവരുന്ന കരിഞ്ചന്തക്കാരും പൂഴ്ത്തിവയ്പുകാരും കര്‍ഷകരില്‍നിന്ന് അവരുടെ ഉല്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും അവരുടെ കൂറ്റന്‍ ഗോഡൗണുകളില്‍ വന്‍തോതില്‍ സംഭരിക്കുകയും കമ്പോളത്തില്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുകയും ചെയ്യും. അതിനുശേഷം ഉല്പന്നങ്ങള്‍ ഓരോന്നായി വിപണിയിലെത്തിച്ച് ഉപഭോക്താക്കള്‍ക്ക് വന്‍വിലയ്ക്ക് വിറ്റ് ഭീമമായ ലാഭം കൊയ്‌തെടുക്കും. അങ്ങനെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരും. സര്‍ക്കാരുകള്‍ ഇടപെടില്ല. കാരണം ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഒരു വര്‍ഷം ശരാശരി 50 ശതമാനത്തിനും കേടുവരുന്ന സാധനങ്ങളുടെ വിലയില്‍ 100 ശതമാനത്തിനുംമേലെ വര്‍ദ്ധനവ് ഉണ്ടായാലേ സര്‍ക്കാര്‍ ഇടപെടേണ്ടതുള്ളൂ. അങ്ങനെ സംഭരണവും വിപണനവും കോര്‍പ്പറേറ്റ് ഭീമന്മാരുടെ സ്വൈരവിഹാരത്തിന്റെ വേദിയായിത്തീരുന്നു. ഈ കടുത്ത കുത്തകാനുകൂല നയത്തിന്റെ ഭാരം ഏറ്റവുമധികം താങ്ങേണ്ടിവരുന്നത് കര്‍ഷകരോടൊപ്പം ദരിദ്രരായ ഉപഭോക്താക്കള്‍ കൂടിയാണ്. ലോകത്താകെയുള്ള പട്ടിണിക്കാരുടെ മൂന്നില്‍ ഒന്ന് ഇപ്പോള്‍ത്തന്നെ ഇന്ത്യയിലാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. ഇന്ത്യയിലെ 20 കോടി ആളുകള്‍ വിശന്ന് അന്തിയുറങ്ങുന്നവരാണ്. ഒരു ദിവസം 7000 പേരാണ് പട്ടിണി കിടന്ന് മരിക്കുന്നത്. പോഷകാഹാരക്കുറവ് രാജ്യത്തെ നിശ്ശബ്ദമായി ബാധിച്ചിരിക്കുന്ന ഒരു അത്യാഹിതമാണ്. രാജ്യത്തെ കുട്ടികളില്‍ പകുതിയും ഭാരക്കുറവുള്ളവരാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ 70 ശതമാനവും വിളര്‍ച്ചപോലുള്ള, പോഷകാഹാരക്കുറവിന്റെ ഫലമായുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഇരയാണ്. 84 ശതമാനം ഇന്ത്യക്കാര്‍ക്കും 20 രൂപയില്‍ താഴെയാണ് ദിവസവരുമാനം. അതിനാല്‍ത്തന്നെ തന്നെ പൂഴ്ത്തിവയ്പിന്റെയും കരിഞ്ചന്തയുടെയുമൊക്കെ കാര്യത്തില്‍ ഉദാരസമീപനം പുലര്‍ത്തുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കും.

താങ്ങുവിലയും സര്‍ക്കാര്‍ സംഭരണവും ഇല്ലാതാകും; മൂലധന ശക്തിക്കു മുമ്പില്‍ നിസ്സഹായ ഇരകളായി കര്‍ഷകര്‍ തകരും

‘ഫാര്‍മര്‍ പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ആക്റ്റ് 2020’ നിയമമായതോടെ, ‘അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംങ് കമ്മിറ്റി (എപിഎംസി) ആക്ട്’ പ്രകാരം സ്വന്തം ഉല്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് വില്‍ക്കുന്നതില്‍ കര്‍ഷകര്‍ ചെറിയതോതിലെങ്കിലും അനുഭവിച്ചിരുന്ന സംരക്ഷണം റദ്ദാക്കപ്പെട്ടിരിക്കുന്നു. ആക്റ്റിന്റെ 5ാം വകുപ്പ് പറയുന്നത് ഇപ്രകാരമാണ്. ‘എപിഎംസിയുടെ നിലവിലെ വില അല്ലെങ്കില്‍ ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ വില അതുമല്ലെങ്കില്‍ അനുയോജ്യമായ ഒരു ബെഞ്ച് മാര്‍ക്ക് വില ഇവയില്‍ ഏതിനോടെങ്കിലും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയെ ബന്ധിപ്പിക്കും’ എവിടെയാണ് താങ്ങുവില? എവിടെ സര്‍ക്കാര്‍ സംഭരണം? മണ്ഡികള്‍ എന്നറിയപ്പെടുന്ന ഗ്രാമീണ മേഖലയിലെ കാര്‍ഷികോല്പന്ന സംഭരണ കേന്ദ്രങ്ങളില്‍ ഗവണ്മെന്റ് നിയന്ത്രണം നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും കാര്‍ഷിക രംഗത്തെ ഭീമന്മാരും ബഹുരാഷ്ട്ര കുത്തകകളുമൊക്കെ നിയന്ത്രിക്കുന്ന സ്വകാര്യ മണ്ഡികളുടെ ഒരു ശൃംഖലതന്നെ രാജ്യമെമ്പാടും അനുവദിക്കപ്പെട്ടിരിക്കുകയാണ്. ഈ ശൃംഖലവഴി ഈ കുത്തകകള്‍ക്ക് യഥേഷ്ടം ഇനി കാര്‍ഷികോല്പന്നങ്ങള്‍ സംഭരിക്കാന്‍ കഴിയും. ഈ നിയമം, കര്‍ഷകര്‍ക്ക്, സംഭരണശാലകളുടെ ഉടമസ്ഥരും ഇടനിലക്കാരുമൊക്കെ ആയിട്ടുള്ളവരുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് ഒരു രക്ഷാകവചം നല്‍കിയിരിക്കുകയാണെന്നും അവര്‍ക്ക് സ്വന്തം ഉല്പന്നങ്ങള്‍ ഇനി എവിടെ, ആര്‍ക്ക് വേണമെങ്കിലും നേരിട്ട് വില്ക്കാന്‍ കഴിയുമെന്നുമാണ് വാദം. കര്‍ഷകരെ ‘സ്വതന്ത്ര’ രാക്കിയിരിക്കുന്നുവത്രെ. കാശ്മീരിലെ കര്‍ഷകനു ആപ്പിള്‍ ഇനി നേരിട്ട് കേരളത്തിലും വില്‍ക്കാം. ഇതു കര്‍ഷകര്‍ക്കു നേരെയുള്ള ക്രൂരമായ പരിഹാസമാണ്. രാജ്യത്തെ കര്‍ഷകരില്‍ 86.2 ശതമാനവും 2 ഹെക്റ്ററില്‍ താഴെ മാത്രം കൃഷി ചെയ്യുന്നവരാണ്. ഇത്രയും ദുര്‍ബ്ബലരായ പാവപ്പെട്ട കര്‍ഷകനു രാജ്യത്തിന്റെ ഏതു വിപണിയിലാണു വില്‍ക്കാന്‍ കഴിയുക. ഇത് വെറും തട്ടിപ്പും വഞ്ചനയുമാണ്. ‘ഒരു രാഷ്ട്രം – ഒരു കമ്പോളം’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് മണ്ഡികള്‍ക്കുവെളിയില്‍ കര്‍ഷകരില്‍നിന്ന് യഥേഷ്ടം വിളകള്‍ സംഭരിക്കാന്‍ അവസരമൊരുക്കുയാണ് ഈ നിയമം ചെയ്തിരിക്കുന്നത്. ഗവണ്മെന്റ് നിയന്ത്രണമൊക്കെ കടലാസില്‍ മാത്രമേ കാണൂ. അങ്ങേയറ്റം അഴിമതി നിറഞ്ഞ അവിശുദ്ധ സംഘങ്ങളാണ് ഇക്കാലമത്രയും കാര്‍ഷികോല്പന്ന സംഭരണരംഗം കൈയടക്കിയിരുന്നതെന്ന് സംഭരണ പ്രക്രിയയെപ്പറ്റി ധാരണയുള്ള ഏതൊരാള്‍ക്കും അറിയാവുന്ന കാര്യമാണ്. ഉദ്യോഗസ്ഥര്‍, ഗ്രാമീണ ദല്ലാള്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ഭരണകക്ഷി നേതാക്കള്‍, സംഭരണശാല ഉടമസ്ഥര്‍, ഇടനിലക്കാര്‍ തുടങ്ങിയവരൊ ക്കെയാണ് ഈ അവിശുദ്ധ സഖ്യത്തിലുള്ളത്. ഇതിലൂടെ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട പ്രതിഫലം നിഷേധിക്കപ്പെടുകയും സര്‍ക്കാര്‍ സംവിധാനം കാഴ്ചക്കാരായി നോക്കിനില്‍ക്കുകയുമായിരുന്നു. ഈ കൂട്ടുകെട്ട് തകര്‍ക്കുന്നുവെന്നും സംഭരണരംഗമാകെ ശുദ്ധീകരിക്കുന്നു എന്നും അവകാശപ്പെട്ടുകൊണ്ട് കാര്‍ഷികമേഖലയാകെ വന്‍കിട കുത്തകകള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും തീറെഴുതുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ആരാണ് കാര്‍ഷിക മേഖലയിലെ ഈ വമ്പന്‍മാര്‍? അവര്‍ സംശുദ്ധരാണോ? കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ടതെല്ലാം പല മാര്‍ഗ്ഗേണ നിഷേധിച്ച് അവരെ പിഴിഞ്ഞൂറ്റി പരമാവധി ലാഭമുണ്ടാക്കുക എന്നതല്ലാതെ മറ്റെന്ത് ലക്ഷ്യമാണ് അവരുടെ ബിസിനസ്സിലുള്ളത്? എന്നുമാത്രമല്ല, നിലവില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സംഭരണശാല ഉടമസ്ഥരെയും മറ്റും അപേക്ഷിച്ച് സമ്പത്തിന്റെയും മറ്റ് സംവിധാനങ്ങളുടെയും കാര്യത്തില്‍ ഇവര്‍ ആയിരം മടങ്ങ് ശക്തരുമാണ്. കാര്‍ഷികമേഖലയില്‍ ആഴ്ന്നിറങ്ങാന്‍ താല്പര്യപ്പെടുന്ന തദ്ദേശകുത്തകകള്‍ പലരും വിദേശബഹുരാഷ്ട്ര കുത്തകകളുമായി ബന്ധമുള്ളവരാണ്. ഇവര്‍ സ്വന്തം നിലയിലും ഈ കമ്പനികളുമായി ചേര്‍ന്നുമാണ് പ്രവര്‍ത്തിക്കുക. വിളകളെ ഇവര്‍ എ,ബി,സി എന്നിങ്ങനെ പലതരമാക്കി തിരിച്ച് സ്വന്തം നിലയില്‍ ഗുണനിലവാരം നിശ്ചയിക്കും. എന്നിട്ട് ഇവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കര്‍ഷകരില്‍നിന്ന് ഉല്പന്നങ്ങള്‍ വാങ്ങും. ഇവിടെ നിയമം എന്തെങ്കിലും രക്ഷാകവചം നല്‍കുന്നുണ്ടെങ്കില്‍ അത് ഈ കുത്തകകള്‍ക്ക് മാത്രമാണ്. ഏത് വിള കൃഷിചെയ്യണം, അത് എന്തുവിലയ്ക്ക് വാങ്ങണമെന്നൊക്കെ അവരാണ് തീരുമാനിക്കുക. ശക്തമായ പ്രക്ഷോഭത്തിന്റെ ഫലമായി, മിനിമം സഹായവില പ്രകാരമേ ഉല്പന്നങ്ങള്‍ സംഭരിക്കാവൂ എന്ന് ഗവണ്മെന്റ് പറയുന്നുണ്ടെങ്കിലും അത് കാര്‍ഷിക മേഖലയിലെ ഈ കുത്തകകള്‍ക്ക് ബാധകമാണോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗവണ്മെന്റ് സ്‌കൂളുകളെ ചിട്ടയായി തകര്‍ത്ത് ചെലവേറിയ സ്വകാര്യ വിദ്യാഭ്യാസം പകരം സ്ഥാപിച്ചെടുക്കുന്നതു പോലെ തന്നെയാണ് ഇവിടെയും സംഭവിക്കുക. നിലവിലുള്ള അടിസ്ഥാന ഘടന തകര്‍ത്ത് സ്വദേശ-വിദേശ കുത്തകകള്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങളെല്ലാം കൈവിട്ടുപോകുകയാകും ഫലം. ഇത് ഭക്ഷ്യോല്പാദനത്തെ മാത്രമല്ല വിതരണത്തെയും ഭക്ഷ്യ സുരക്ഷയെയും അപകടത്തിലാക്കുകയും ചെയ്യും.

കര്‍ഷകനെ കരാര്‍ കൃഷിയുടെ കെണിയിലകപ്പെടുത്തുന്നു

കോര്‍പറേറ്റ് കമ്പനികളും മൊത്തക്കച്ചവടക്കാരും വന്‍കിട ചില്ലറ-വ്യാപാരികളും കയറ്റുമതിക്കാരും മൂലധന കമ്പോളത്തിലെ ഇടപാടുകാരുമൊക്കെ ‘ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്റ് ഫെയര്‍ സര്‍വ്വീസസ് ബില്‍ 2020’ല്‍ നിന്ന് ശക്തി സംഭരിച്ചുകൊണ്ട്, തങ്ങളുടെ ബിസിനസ് താല്പര്യങ്ങള്‍ക്ക് ഇണങ്ങുന്നതും പരമാവധി ലാഭമെന്ന ലക്ഷ്യത്തിന് നിരക്കുന്നതുമായ വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കും. ‘കാര്‍ഷിക സേവനങ്ങള്‍’ എന്ന പേരില്‍ അവര്‍, കരാര്‍ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് വായ്പയും വളവും വിത്തും ഉപകരണങ്ങളും പുതിയ സാങ്കേതിക വിദ്യകളുമൊക്കെ പ്രദാനം ചെയ്യുമത്രേ. പകരം കര്‍ഷകരുടെ ഉല്പന്നങ്ങള്‍ ഇവര്‍ക്കുതന്നെ വില്‍ക്കേണ്ടിവരും. വിത്തിറക്കുന്നതിനുമുമ്പുതന്നെ ഉണ്ടാക്കുന്ന കരാര്‍ പ്രകാരമായിരിക്കും ഉല്പന്നത്തിന്റെ വില നിശ്ചയിക്കുക. ഏത് വിള, എത്ര തവണ കൃഷിചെയ്യണമെന്നും ഈ കരാറില്‍ വ്യവസ്ഥചെയ്യും. അഞ്ചോ അതിലധികമോ വര്‍ഷത്തേയ്ക്കുപോലും ഈ കരാര്‍ പാലിക്കേണ്ടിവരും. ഉല്പന്നം എവിടെ, ആര്‍ക്ക്, എന്ത് വിലയ്ക്ക് വില്‍ക്കണമെന്നുവരെ ഈ കുത്തകകള്‍ തീരുമാനിക്കുന്ന സ്ഥിതി വരും. ഇക്കാര്യങ്ങളിലൊന്നും കര്‍ഷകരുടെ അഭിപ്രായം പരിഗണിക്കപ്പെടില്ല. അതായത് കൊട്ടിഘോഷിക്കപ്പെടുന്ന ‘ഒരു രാഷ്ട്രം-ഒരു കമ്പോളം’ കടലാസിലൊതുങ്ങുമെന്ന് സാരം. ബഹുരാഷ്ട്ര കുത്തകകള്‍ നിയന്ത്രിക്കുന്ന ബഹു-സ്ഥലങ്ങളിലെ, ബഹു-കമ്പോളങ്ങളായിരിക്കും നിലവില്‍ വരുക. ഉല്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ആദ്യമേതന്നെ കുത്തകകള്‍ മുടക്കിയ പണം അവര്‍ കര്‍ഷകരില്‍നിന്ന് വസൂലാക്കും. ഈ പിടുങ്ങല്‍ കഴിഞ്ഞ്, വിയര്‍പ്പൊഴുക്കുന്ന കര്‍ഷകന് എന്തുകിട്ടും എന്ന് ആര്‍ക്കറിയാം. ഉല്പന്നങ്ങള്‍ക്ക് നിശ്ചിത ഗുണനിലവാരമില്ലെന്ന് കുത്തകകളുടെതന്നെ ‘വിദഗ്ദ്ധസംഘം’ വിധിയെഴുതിയാല്‍ കര്‍ഷകര്‍ക്ക് മൂന്നിലൊന്ന് വില നഷ്ടമാകും. ഇതില്‍ തൃപ്തരല്ലാത്ത കര്‍ഷകര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവസരവും നിഷേധിക്കപ്പെട്ടിരിക്കുന്നു. അതായത് കുത്തകകളുടെ തന്നിഷ്ടപ്രകാരമുള്ള നടപടികളില്‍നിന്ന് ദരിദ്രരായ കര്‍ഷകര്‍ക്ക് ഒരു നിയമപരിരക്ഷയും കിട്ടില്ലെന്നര്‍ത്ഥം. ബ്രിട്ടീഷ് ഭരണകാലത്ത്, 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍, അവിഭക്ത ബംഗാളിലെ നീലം കര്‍ഷകര്‍ സമാനമായ കരാര്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരുന്നു. കൊടിയ ചൂഷണംമൂലം തകര്‍ന്ന അവര്‍ വലിയൊരു സമരത്തിന് തയ്യാറായി. ”നീലം കര്‍ഷകരുടെ പ്രക്ഷോഭം” എന്ന പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആ പോരാട്ടം ഇവിടെയും പ്രസക്തമാകുകയാണ്. ആമസോണ്‍ തീരത്തെ വാഴകൃഷിക്കാരും പല ആഫ്രിക്കന്‍ രാജ്യങ്ങളും ബഹുരാഷ്ട്ര കുത്തകകളുമായി കരാര്‍ കൃഷിയിലേര്‍പ്പെട്ട് തകര്‍ന്നടിഞ്ഞത് നമ്മള്‍ കണ്ടതാണ്. യാതൊരു പിഴയുമൊടുക്കാതെ കരാറില്‍നിന്നും ഏത് സമയത്തും പിന്‍വാങ്ങാന്‍ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും എന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. കരാര്‍ കൃഷി നിയമമാകുകയും കടിഞ്ഞാണ്‍ കുത്തകകളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും കൈയിലായിരിക്കുകയും ചെയ്യുമ്പോള്‍, ഒന്നും ഒന്നരയും രണ്ടുമൊക്കെ ഏക്കര്‍ കൈവശമുള്ള ചെറുകിട കര്‍ഷകര്‍ നിസ്സഹായരായിത്തീരും. ഇവരും കുത്തകകളുമൊക്കെ ഒരേനിലയിലാണ് പരിഗണിക്കപ്പെടുക എന്നാരെങ്കിലും പറഞ്ഞാല്‍ അത് തികഞ്ഞ അസംബന്ധവും കൊടിയ വഞ്ചനയുമല്ലാതെ മറ്റൊന്നുമല്ല. ചൂഷിതനു വേണ്ടിയുള്ളതല്ല, ചൂഷകര്‍ക്ക് വേണ്ടിയുള്ളതാണ് നിയമങ്ങള്‍. അതുകൊണ്ടുതന്നെ ‘കര്‍ഷകരുടെ സ്വാതന്ത്ര്യമെന്ന പേരില്‍ ‘ശാശ്വതമായ അടിമത്തമായിരിക്കും ഗവണ്മെന്റും ഭരണകക്ഷിയായ ബിജെപിയുമൊക്കെ കര്‍ഷകര്‍ക്ക് വച്ചുനീട്ടുക. മരണാസന്നമായ മുതലാളിത്ത ത്തില്‍ അത് അങ്ങനെയാകാതെ തരമില്ല.

കര്‍ഷകര്‍ രാജ്യമാസകലം സംഘടിത ശക്തിയാവുക,ശരിയായ സമരനേതൃത്വത്തിന്‍ കീഴില്‍ അണിനിരക്കുക

”പതിറ്റാണ്ടുകള്‍ക്കിടയില്‍ കര്‍ഷകര്‍ക്ക് ഇത്രയേറെ ഗുണപ്രദമായ നിയമങ്ങള്‍ ആദ്യമായാണ്” എന്ന് ബിജെപി നേതാവായ പ്രധാനമന്ത്രി ന്യായീകരിക്കുന്ന ഈ മൂന്ന് കാര്‍ഷിക നിയമങ്ങളുടെ ഭീകരമുഖമാണ് ഇവിടെ അനാവരണം ചെയ്തത്. ഇന്ത്യയുടെ ജനസംഖ്യയില്‍ 70 ശതമാനം വരുന്ന, നിരന്തരം പാപ്പരാക്കപ്പെട്ടുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ പരിതാപകരമായ സ്ഥിതി എളുപ്പം മനസ്സിലാക്കാവുന്നതാണ്. കുത്തകകളുടെയും ഗ്രാമീണ മേഖലയിലെ വന്‍കിടക്കാരുടെയും ചൂഷണവും അടിച്ചമര്‍ത്തലും മൂലം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായ 4 ലക്ഷംപേരാണ് ഇതിനകം ആത്മഹത്യ ചെയ്തത്. അനേകം കര്‍ഷകര്‍ കൃഷിഭൂമി നഷ്ടപ്പെട്ട് കര്‍കത്തൊഴിലാളികളായി മാറി. പലരും കുടിയേറ്റ ത്തൊഴിലാളികളും പാതയോരത്ത് അന്തിയുറങ്ങുന്നവരും തെരുവുതെണ്ടികളുമായിത്തീര്‍ന്നിരിക്കുന്നു. മുതലാളിത്ത വ്യവസ്ഥയെക്കുറിച്ച് മഹാനായ ലെനിന്‍ പറഞ്ഞതുപോലെ, ഇന്ത്യയുടെ ഗ്രാമങ്ങള്‍ അനന്തമായ ഭീകരതയുടെ താവളങ്ങളായി മാറിയിരിക്കുന്നു. സ്വന്തം ജീവനും ഉപജീവനമാര്‍ഗ്ഗത്തിനും മേലുള്ള ഈ ആക്രമണങ്ങളെ തുരത്താന്‍ ചൂഷിതരും മര്‍ദ്ദിതരുമായ കര്‍ഷകര്‍ക്കുമുന്നിലുള്ള ഒരേയൊരു മാര്‍ഗ്ഗം, ശരിയായ നേതൃത്വത്തിന്‍കീഴില്‍ സംഘടിതവും ശക്തവും നിരന്തരവും പ്രബുദ്ധവുമായ പ്രക്ഷോഭം വളര്‍ത്തിയെടുക്കുക എന്നതുമാത്രമാണ്. അധികാരശക്തിക്കെതിരായ യോജിച്ച പോരാട്ടത്തിലൂടെയാണ് അന്തസ്സായി നിലനില്‍ക്കാന്‍ കഴിയുക എന്ന സത്യം അവര്‍ തിരിച്ചറിയണം. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍, ഈ കരിനിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ യോജിച്ച ചെറുത്തുനില്പിന് നേതൃത്വം നല്‍കാനായി 250 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി(എഐകെഎസ്‌സിസി) രൂപീകരിച്ചിരിക്കുന്നു. കര്‍ഷകരുടെ ഈ ഐക്യവേദിയില്‍ ആള്‍ ഇന്ത്യാ കിസാന്‍ ഖേദ് മസ്ദൂര്‍ സംഘടന്‍ (എഐകെകെഎംഎസ്) അഭേദ്യ ഭാഗവും പ്രമുഖാംഗവുമാണ്. സെപ്തംബര്‍ 25ന്റെ ഗ്രാമീണ ബന്ദ് ഈ സമിതി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രക്ഷോഭമായിരുന്നു. കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും അദ്ധ്വാനിച്ച് ജീവിക്കുന്ന ദരിദ്ര ജനവിഭാഗങ്ങളുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയും കൊണ്ട് ഈ പ്രക്ഷോഭം ഉജ്ജ്വലവിജയം നേടി. രാജ്യമെമ്പാടും വീറുറ്റ കര്‍ഷകസമരങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ എഐകെകെഎംഎസ് പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ആദ്യപടിയെന്നോണം ഒക്‌ടോബര്‍ 14 കര്‍ഷകരുടെ ചെറുത്തുനില്പിന്റെ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബിജെപി ഗവണ്മെന്റിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെയായിരിക്കും ഈ ചെറുത്തുനില്പ്.

Share this post

scroll to top