റഷ്യയും യുക്രൈനും തമ്മിൽ നടക്കുന്ന വിനാശകരമായ യുദ്ധം മാസങ്ങൾ പിന്നിടുകയാണ്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. അനേകായിരങ്ങൾക്ക് പരിക്കേറ്റു. ദശലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളായി അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ആശുപത്രികളും സ്‌കൂളുകളും ഉൾപ്പെടെ നിരവധി നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും സാമ്രാജ്യത്വ റഷ്യയുടെ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടു. ഇരുവശത്തുമുള്ള ആയിരക്കണക്കിന് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ദിനംപ്രതി, പത്രങ്ങളും ഇലക്ട്രോണിക് മാദ്ധ്യമങ്ങളും അവിടെയുള്ള നിരാലംബരായ ജനങ്ങളുടെ വേദനാജനകമായ അവസ്ഥയാണ് ഉയർത്തിക്കാട്ടുന്നത്. യുദ്ധം മൂലം പല രാജ്യങ്ങളും ഇന്ധന, ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു.
യുദ്ധം തുടങ്ങിവെച്ച റഷ്യ, പഴയ സോവിയറ്റ് യൂണിയനില്‍പ്പെടുന്ന രാജ്യങ്ങളിൽ അതിന്റെ ആധിപത്യം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. അതേസമയം അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ സാമ്രാജ്യത്വ രാജ്യങ്ങൾ യുക്രൈനെ ബലിയാടായി ഉപയോഗിച്ച് റഷ്യയുടെ അതിർത്തികളിലേക്ക് നാറ്റോയുടെ യുദ്ധയന്ത്രം വികസിപ്പിക്കാൻ ആഗ്രഹിക്കുന്നു. സമ്പദ്‌വ്യവസ്ഥയെ സൈനികവൽക്കരിച്ചുകൊണ്ട് നിൽക്കുന്ന സാമ്രാജ്യത്വ രാജ്യങ്ങൾക്ക്, ഒരു ലോകമഹായുദ്ധം അല്ലെങ്കില്‍പോലും പ്രാദേശികമോ ഭാഗികമോ ആയ യുദ്ധങ്ങൾ നടത്താതെ നിലനിൽക്കാനാവില്ലെന്നത് നമ്മള്‍ കണ്ടുകഴിഞ്ഞതാണ്.
യുദ്ധ വ്യാപാരികൾ ഭീമമായ സമ്പത്ത് ഉണ്ടാക്കുന്നു
എന്നാൽ ഈ മാരകമായ യുദ്ധത്തിന് മറ്റൊരു വശമുണ്ട്, ‘യുദ്ധത്തിന്റെ ബിസിനസ്സ്’. പല വ്യാവസായിക സ്രാവുകളും ആയുധനിർമ്മാതാക്കളും കരാറുകാരും എണ്ണക്കച്ചവടക്കാരും ഇക്കാലത്ത് വൻ ലാഭം നേടുകയും അവരുടെ സമ്പത്ത് കുന്നുകൂടുകയും ചെയ്യുന്നു. ഒന്നാം ലോകമഹായുദ്ധം മുതൽ, ചെറിയതോ വലിയതോ ആയ എല്ലാ യുദ്ധങ്ങളിലും, ഈ ‘മരണത്തിന്റെ വ്യാപാരികൾ’ വലിയ ലാഭം സമാഹരിച്ചു. മേജർ ജനറൽ സ്‌മെഡ്‌ലി ബട്ലർ തന്റെ ‘വാർ ഈസ് എ റാക്കറ്റ് ‘ എന്ന പുസ്തകത്തില്‍ ഒന്നാം ലോകമഹായുദ്ധകാലത്ത് യുഎസ് കമ്പനികളുടെ യുദ്ധത്തിലൂടെ ആർജ്ജിച്ച ലാഭത്തെ വിമർശിച്ചു. ചില കമ്പനികളും കോർപ്പറേഷനുകളും തങ്ങളുടെ വരുമാനവും ലാഭവും പതിനേഴു മടങ്ങ് വരെ വർദ്ധിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം എഴുതി.
ഈ പുസ്തകത്തിൽ, ബട്ലർ എഴുതി, ”യുദ്ധത്തിന് നിങ്ങളുടെ അങ്കിൾ സാമിന് 52,000,000,000 ഡോളർ ചിലവായതായി സ്ഥിതിവിവരക്കണക്കു വിദഗ്ദ്ധർ(സ്റ്റാറ്റിസ്റ്റിഷ്യൻസ്), സാമ്പത്തിക വിദഗ്ദ്ധർ, ഗവേഷകർ എന്നിവർ കണക്കാക്കിയിട്ടുണ്ട്. ഈ തുകയിൽ 39,000,000,000 ഡോളർ യുദ്ധകാലത്ത് ചെലവഴിച്ചു. ഈ ചെലവ് 16,000,000,000 ഡോളർ ലാഭം നൽകി”. ഒപെൽ, ഐബിഎം തുടങ്ങിയ കമ്പനികൾ ഫാസിസ്റ്റ് ഹിറ്റ്ലർ ഭരണകൂടത്തിനൊപ്പം പ്രവർത്തിച്ച് ലാഭം വർധിപ്പിച്ചു. ഐബിഎമ്മിന്റെ കാര്യത്തിൽ, അവർ യഹൂദന്മാരെ എണ്ണാനും തരംതിരിക്കാനും തിരഞ്ഞെടുക്കാനും ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തു. ഈ സാങ്കേതികവിദ്യകൾ, കാര്യക്ഷമമായ രീതിയിൽ സ്വത്ത് കണ്ടുകെട്ടൽ, താമസസ്ഥലങ്ങളുടെ (ഗെറ്റോ) ഏകീകരണം, നാടുകടത്തൽ, അടിമവേല, ഉന്മൂലനം എന്നിവയ്ക്കായി യഹൂദന്മാരെ ലക്ഷ്യമിടുന്നവയായിരുന്നു.
അമേരിക്കൻ സാമ്രാജ്യത്വവാദികൾ വിയറ്റ്‌നാം യുദ്ധസമയത്ത് ആ രാജ്യത്തിന്റെ ഓരോ ഇഞ്ചിലും ബോംബെറിഞ്ഞു. തെക്കൻ വിയറ്റ്നാമിൽ നിരവധി പുതിയ തുറമുഖങ്ങളും താവളങ്ങളും വിമാനത്താവളങ്ങളും നിർമ്മിക്കുതിന് ടെക്സാസ് ആസ്ഥാനമായുള്ള ബ്രൗ &റൂട്ട് കമ്പനിക്ക് വൻതോതിൽ എഞ്ചിനീയറിംഗ് കരാറുകൾ ലഭിച്ചു. മറ്റൊരു അമേരിക്കൻ കമ്പനിയായ ബെൽ ഹെലികോപ്റ്ററും ഒരു വലിയ ഗുണഭോക്താവായിരുന്നു. യുഎസിന്റെയും സഖ്യകക്ഷികളുടെയും സേനകൾ ചെലവഴിച്ച അധിക ഇന്ധന എണ്ണ, ഗ്യാസോലിൻ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവയിൽ നിന്ന് യുഎസ് ആസ്ഥാനമായുള്ള എണ്ണക്കമ്പനികൾക്കും വളരെയധികം പ്രയോജനം ലഭിച്ചു. നിരവധി വിശകലന വിദഗ്ദ്ധരും, രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിച്ചതുപോലെ, ഒരു സൈനിക സംഘർഷം ഉണ്ടാകുമ്പോഴെല്ലാം, യുഎസ് സൈനിക-വ്യാവസായിക സമുച്ചയം സമ്പത്ത് വാരിക്കൂട്ടി. അഫ്ഗാനിസ്ഥാൻ യുദ്ധസമയത്ത്, പ്രതിരോധ മേഖലയിലെ കമ്പനി ഓഹരികൾ ഓഹരി വിപണിയുടെ ശരാശരിയെക്കാൾ 58% ഉയർന്നു. 2021ലെ അഫ്ഗാനിസ്ഥാന്റെ താലിബാൻ ഏറ്റെടുക്കൽ അമേരിക്കയുടെ പരാജയമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, പ്രബലരായ വ്യവസായ സ്ഥാപനങ്ങൾക്കും, പ്രതിരോധ കരാറുകാർക്കും, ഇത് അസാധാരണമായ വിജയമായി മാറിയെന്ന് രാഷ്ട്രീയ സാമ്പത്തിക വിശകലന വിദഗ്ദ്ധർ പറയുന്നു.
യുഎസിലെ സ്വകാര്യ ആയുധ നിർമ്മാതാക്കൾ അമിത
സമ്പത്തിൽ ആറാടുകയാണ്
എല്ലാ സാമ്രാജ്യത്വ യുദ്ധങ്ങളിലെയും പോലെ, ഈ യുദ്ധത്തിലും പാശ്ചാത്യ ആയുധ നിർമ്മാണ കമ്പനികൾ ബില്യണ്‍ കണക്കിന് ഡോളർ സമ്പാദിക്കാൻ പരസ്പരം മത്സരിക്കുകയാണ്. അമേരിക്കയും അതിന്റെ യൂറോപ്യൻ സഖ്യകക്ഷികളും റഷ്യൻ അധിനിവേശത്തെ അപലപിച്ചിട്ടുണ്ടെങ്കിലും, കൂടുതൽ ആയുധങ്ങൾ വിതരണം ചെയ്യാൻ തങ്ങളെ പ്രാപ്തരാക്കുന്നതിന് ഇത് കൂടുതൽ തുടരണമെന്ന് അവർ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര ആയുധവ്യാപാരത്തെക്കുറിച്ചുള്ള വിദഗ്ദ്ധനായ വില്യം ഹാർട്ടുങ് ചൂണ്ടിക്കാണിക്കു ന്നത് ”ഈ യുദ്ധങ്ങൾ വ്യവസായത്തിന് ഒരു സുവർണ്ണാവസരമാണ്” എന്നാണ്. സ്റ്റിംഗർ, ജാവലിൻ (ടാങ്ക് വിരുദ്ധ മിസൈൽ), സ്റ്റോമർ മിസൈൽ സംവിധാനങ്ങൾ തുടങ്ങിയ യുക്രൈയിൻ യുദ്ധത്തിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആയുധങ്ങളും യുഎസ്എയിലാണ് നിർമ്മിക്കുതെന്ന് ലോകത്തിന് അറി യാം. അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ രാജ്യങ്ങൾ, പ്രത്യേകിച്ച് അവരുടെ ആയുധവ്യാപാരികൾ, നാറ്റോയുടെ വിപുലീകരണത്തിൽനിന്നും യുക്രൈനിനെതിരായ റഷ്യൻ ആക്രമണത്തിൽ നിന്നും സൂപ്പർ ലാഭം കൊയ്യുകയാണ്. ന്യൂയോർക്ക് ടൈംസ് 2020 ഏപ്രിൽ 20ന് റിപ്പോർട്ട് ചെയ്തതുപോലെ, ബോ യിംഗ് ഡിഫൻസ് സ്പേസ്&സെക്യൂരിറ്റി, എൽ3ഹാരിസ് ടെക്‌നോളജീസ്, റേതിയോണ്‍ ടെക്‌നോളജീസ്, ബിഎഇ സിസ്റ്റംസ്, ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പറേഷൻ, ഹണ്ടിംഗ്ടണ്‍ ഇംഗൽസ് ഇൻഡസ്ട്രീസ്, ജനറൽ ഡൈനാമിക്‌സ്, നോർത്ത്‌റോപ്പ് ഗ്രമ്മൻ എന്നിങ്ങനെ എട്ട് പ്രധാന ആയുധ നിർമ്മാതാക്കളുടെ ഉന്നത ഉദ്യാഗസ്ഥരുമായി പെന്റഗണ്‍ ഒരു രഹസ്യയോഗം സംഘടിപ്പിച്ചു. റേതിയോണ്‍ കമ്പനിയും ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പറേഷനും, ജാവലിൻ (ആന്റി ടാങ്ക് മിസൈൽ), സ്റ്റിംഗർ (ആന്റി എയർക്രാഫ്റ്റ് മിസൈൽ) പോലുള്ള അത്യാധുനിക സൈനിക ഹാർഡ്‍ വെയർ നിർമ്മിക്കുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആയുധ നിർമ്മാതാക്കളെ ഇനിപ്പറയുന്ന വിവരം ധരിപ്പിച്ചതായി പെന്റഗണ്‍ ഉദ്യോഗസ്ഥർ അറിയിച്ചു. ”യുക്രൈനിന്റെ മുൻഗണനയർഹിക്കുന്ന സുരക്ഷാ സഹായ അഭ്യർത്ഥനകൾ നിറവേറ്റുന്നതിനായി ബൈ ഡൻ അഡ്മിനിസ്‌ട്രേഷൻ 24 മണിക്കൂറും പ്രവർത്തിക്കുന്നു, ലഭ്യമാകുമ്പോൾ യുഎസ് സ്റ്റോക്കുകളിൽ നിന്ന് ആയുധങ്ങൾ എടുക്കുന്നു, വേഗത്തിൽ യുക്രൈയിനിലെത്തി ക്കാനായി വ്യവസായത്തിൽ നിന്ന് നേരിട്ട് വാങ്ങുന്നു, സഖ്യകക്ഷികളുടെയും പങ്കാളികളുടെയും സംവിധാനങ്ങൾ യുക്രൈനിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമാണെങ്കിൽ അവരിൽ നിന്നും ആയുധങ്ങൾ കൈമാറ്റം ചെയ്യുതിനുള്ള മാർഗ്ഗങ്ങൾ സുഗമമാക്കുന്നു.”
വാസ്തവത്തിൽ, ബൈഡൻ ഭരണകൂടം ഇതിനകം 3.2 ബില്യണ്‍ ഡോളർ ആയുധ സഹായത്തിനായി യുക്രൈനിന് ചെലവഴിച്ചു. വീണ്ടും, കഴിഞ്ഞ മെയ് 19ന് യുഎസ് കോണ്‍ഗ്രസ് യുക്രൈനെ സഹായിക്കുന്നതിന് 40 ബില്യണ്‍ ഡോളർ അനുവദിച്ചു. ഈ സഹായം വലിയതോതിൽ നിലവിലുള്ള ശേഖരത്തിൽ നിന്നുള്ള ആയുധങ്ങളോ സ്വകാര്യ ആയുധ നിർമ്മാണ കമ്പനികളിൽ നിന്നുള്ള വ്യാപാരമോ അല്ലാതെ മറ്റൊന്നുമല്ല. യുഎസിലും യൂറോപ്പിലും പ്രതിരോധ നിർമാണം പ്രാഥമികമായി സ്വകാര്യകമ്പനികളുടെ കൈകളിലാണ്. ഒരു സർക്കാർ സൈനിക സഹായം പ്രഖ്യാപിക്കുമ്പോൾ, സ്വീകരിക്കുന്ന രാജ്യത്തിന് ആയുധം നൽകുന്ന പ്രതിരോധ നിർമ്മാതാക്കൾക്ക് പണം നൽകുമെന്നതാണ് ഒരു മുൻവ്യവസ്ഥ. യുദ്ധം തുടരുകയും ആയുധ വിതരണം വർധിപ്പിക്കുകയും ചെയ്യുമ്പോൾ, ഈ ആയുധനിർമ്മാണ കമ്പനികളുടെ ഓഹരി വില പലമടങ്ങ് കുതിച്ചുയരുന്നു. കഴിഞ്ഞ മാർച്ചിൽ, ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പറേഷന്റെ ഓഹരി മൂല്യം 16% ഉയർന്നു. അതുപോലെ, ജനറൽ ഡൈനാമിക്സ് 12%, റേതിയോണ്‍ ടെക്‌നോളജീസ് 8%, നോർത്ത്റോപ്പ് ഗ്രമ്മൻ 22% എന്നിങ്ങനെ ഉയർന്നു. യുദ്ധത്തെക്കുറിച്ച്, ഒരു വിരമിച്ച ഇന്ത്യൻ മേജർ ജനറൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു, ” യുദ്ധത്തിൽ നിന്ന് ലാഭമുണ്ടാക്കുക എന്നതാണ് അമേരിക്കയെപ്പോലുള്ള രാജ്യങ്ങൾ ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധസമയത്തും അവർ ചെയ്തത് ഇതുതന്നെയാണ്. അവർ റഷ്യയെയും ജർമ്മനിയെയും തമ്മിലടിപ്പിച്ചു. 25 ദശലക്ഷം റഷ്യക്കാർ മരിച്ചു. ജർമ്മനിയുടെ മരണസംഖ്യ 7 ദശലക്ഷമായിരുന്നു. ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്തവർ അമിത ലാഭം കൊയ്തു.”
സമ്പദ്‌വ്യവസ്ഥയുടെയും ആയുധ വ്യാപാരത്തിന്റെയും വർദ്ധിച്ച സൈനികവൽക്കരണം
അടുത്തിടെ അനുവദിച്ച 40 ബില്യണ്‍ ഡോളറിന്റെ യുക്രൈൻ സഹായ പാക്കേജിൽ നിന്ന് വൻ ലാഭം കൊയ്യാൻ പോകുന്ന മുൻനിര ആയുധ കമ്പനികളിൽ, 20 യുഎസ് കോണ്‍ഗ്രസ് അംഗങ്ങൾ വ്യക്തിപരമായി നിക്ഷേപിച്ചു എന്നതാണ് യുദ്ധത്തിന്റെ മറ്റൊരു വെളിപ്പെടുത്തുന്ന വസ്തുത. യുഎസ് നിയമനിർമ്മാണ സഭയിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് അംഗങ്ങൾ പലരും പ്രതിരോധ കമ്പനികളിൽ വൻതോതിൽ നിക്ഷേപം നടത്തിയതായി റിപ്പോർട്ടുണ്ട്. ഈ പാത പിന്തുടർന്ന്, അമേരിക്കയുടെ മറ്റ് യൂറോപ്യൻ സഖ്യകക്ഷികളും യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സൈനികവൽക്കരിക്കുന്നു. സ്റ്റോമേഴ്സ് എന്നറിയപ്പെടുന്ന കവചിത മിസൈൽ ലോഞ്ചറുകളുടെ ശക്തി പ്രദർശിപ്പിക്കുന്നതിനായി, ബ്രിട്ടീഷ് സർക്കാർ പ്രതിരോധ വ്യവസായ ഉദ്യോഗസ്ഥരുമായും, യുക്രൈനിൽ നിന്നുള്ള പ്രതിനിധികളുമായും കൂടിക്കാഴ്ചകൾ നടത്തിക്കൊണ്ടിരിക്കുന്നു. യുക്രൈനിലേക്ക് ആയുധങ്ങൾ അയക്കാൻ ബ്രിട്ടണ്‍ ഇപ്പോൾ സമ്മതിച്ചതായാണ് റിപ്പോർട്ട്. ജർമ്മനി തങ്ങളുടെ മുഴുവൻ സൈന്യത്തെയും പുനർനിർമ്മിക്കാൻ ശ്രമിക്കുന്നു, കൂടാതെ മുപ്പത്തിയഞ്ചോളം ലോകത്തിലെ ഏറ്റവും ആധുനിക യുദ്ധവിമാനങ്ങളായ എ35 യുദ്ധവിമാനങ്ങൾക്കായി യുഎസ് നിർമ്മാതാക്കളായ ലോക്ഹീഡ് മാർട്ടിന് ഇതിനകം ഓർഡർ നൽകിയിട്ടുണ്ട്. സൈനിക ചെലവ് ഒറ്റത്തവണയായി 113 ബില്യണ്‍ ഡോളർ വർദ്ധിപ്പിക്കുമെന്നും വാർഷിക ബജറ്റിന്റെ 2 ശതമാനം ആയുധ ചെലവുകൾക്കായി നീക്കിവയ്ക്കുമെന്നും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കം.
മനുഷ്യരെ കൊന്നൊടുക്കിയും, നാഗരികത നശിപ്പിച്ചും വൻ ലാഭം കൂട്ടിവെയ്ക്കുന്നത്, ചില രക്തദാഹികളായ പിശാചുക്കളുടെ ലാഭക്കൊതികൾകൊണ്ട് മാത്രമല്ല. ഇന്നത്തെ ജീർണിച്ച മുതലാളിത്ത – സാമ്രാജ്യത്വ വ്യവസ്ഥിതിയുടെ അനിവാര്യമായ പരിണതഫലമാണത്. നവംബർ വിപ്ലവത്തിന്റെ ശില്പി, മഹാനായ ലെനിൻ പണ്ടേ പറഞ്ഞു, ”സാമ്രാജ്യത്വം യുദ്ധം സൃഷ്ടിക്കുന്നു.” ലാഭം പരമാവധിയാക്കുക എന്നതാണ് ഈ വ്യവസ്ഥിതിയിൽ ഉൽപ്പാദനത്തിനു പിന്നിലെ ഏക ലക്ഷ്യം. മുതലാളിത്ത-സാമ്രാജ്യത്വ സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധിയുടെ അനിവാര്യമായ അനന്തരഫലമായി, ജനങ്ങളുടെ വാങ്ങൽ ശേഷി കുറയുകയും വിപണി പ്രതിസന്ധിയിലാകുകയും ചെയ്യുന്നു. അതിനാൽ, കൃത്രിമ വിപണി സൃഷ്ടിക്കുന്നതിനായി, മുതലാളിത്ത – സാമ്രാജ്യത്വവാദികൾ സമ്പദ്‌വ്യവസ്ഥയുടെ സൈനികവൽക്കരണത്തെകൂടുതലായി അവലംബിക്കുന്നു. മഹാനായ സ്റ്റാലിൻ പഠിപ്പിച്ചത് ”യുദ്ധങ്ങളുടെ അനിവാര്യത ഇല്ലാതാക്കാൻ സാമ്രാജ്യത്വത്തെ നശിപ്പിക്കണം” എന്നാണ്. എസ്‍യുസിഐ(സി) സ്ഥാപക ജനറൽ സെക്രട്ടറിയും ഈ കാലഘട്ടത്തിലെ പ്രമുഖ മാർക്‌സിസ്റ്റ് ചിന്തകരിൽ ഒരാളുമായ സഖാവ് ശിബ്‌ദാസ് ഘോഷ് വളരെക്കാലം മുമ്പ് നമുക്ക് കാണിച്ചുതന്നു, ” സാമ്രാജ്യത്വശക്തികൾക്ക് തങ്ങളുടെ പരസ്പര വിരുദ്ധമായ താൽപ്പര്യങ്ങളെ അനുരഞ്ജിപ്പിച്ചുകൊണ്ട് സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനം വിപുലീകരിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ അവർ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ കൂടുതല്‍ പ്രകടമായി വരുന്നു. പ്രതിസന്ധി രൂക്ഷമാകുന്തോറും ഇവര്‍ വര്‍ദ്ധിത വീര്യത്തോടെ സ്വന്തം സമ്പദ്‌വ്യവസ്ഥയെ സൈനികവൽക്കരിക്കുന്നു. സൈനിക ഉപഭോഗം നിരന്തരം വർധിപ്പിച്ചുകൊണ്ട് കൃത്രിമ ഉത്തേജനത്തിലൂടെ മുതലാളിത്ത വിപണിയുടെ ആപേക്ഷിക സ്ഥിരത താൽക്കാലികമായെങ്കിലും നിലനിർത്താനുള്ള സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളുടെ വ്യർത്ഥമായ ശ്രമങ്ങളല്ലാതെ മറ്റൊന്നുമല്ല ഇത്.” ഇന്ന് മുതലാളിത്ത വിപണിയുടെ ആപേക്ഷിക സ്ഥിരത ഫലത്തിൽ ഇല്ലാതായിരിക്കുന്നു. അതിനാൽ, വമ്പിച്ച ആയുധക്കച്ചവടത്തിലൂടെയും സമ്പദ്‌വ്യവസ്ഥയുടെ വര്‍ദ്ധിതമായ സൈനികവൽക്കരണത്തിലൂടെയും പ്രാദേശികവും വൻതോതിലുള്ളതുമായ യുദ്ധങ്ങൾ സൃഷ്ടിച്ചെടുത്തും സംഭരിച്ച ആയുധങ്ങൾ വിനിയോഗിച്ചുകൊണ്ട് സാമ്രാജ്യത്വ-മുതലാളിത്ത ശക്തികള്‍ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നു.
ലോകമെമ്പാടുമുള്ള ആളുകൾ ഇതിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നു
സാമ്രാജ്യത്വ ശക്തികളുടെ യുദ്ധക്കച്ചവടക്കാർ യുദ്ധത്തിലൂടെ സമ്പത്ത് സമ്പാദിക്കുമ്പോൾ, ലോകമെമ്പാടുമുള്ള സാധാരണ ജനങ്ങൾ പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങൾ അനുഭവിക്കുന്നു. യുദ്ധം ചെയ്യുന്ന രണ്ട് രാജ്യങ്ങളിലും വൻതോതിലുള്ള നാശനഷ്ടങ്ങൾക്കും, മരണസംഖ്യ ദിനംപ്രതി വർധിച്ചതിനും പുറമെ, ചരക്കുകളുടെ വിതരണ ശൃംഖലയിലെ തടസ്സം, അമിതമായ വിലക്കയറ്റം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവ യുഎസ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളെയും വേട്ടയാടുന്നു. റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം ലോകമെമ്പാടുമുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വില കുതിച്ചുയരാൻ കാരണമായി. യുദ്ധം കാരണം, റഷ്യയിലും യുക്രൈനിലും ഗണ്യമായ അളവിൽ ഗോതമ്പ്, ധാന്യം, ബാർലി എന്നിവ കുടുങ്ങിക്കിടക്കുന്നു, അതേസമയം രാസവളങ്ങളുടെ വലിയൊരു ഭാഗം റഷ്യയിലും ബെലാറസിലും കുടുങ്ങിക്കിടക്കുകയാണ്. ലോക വിതരണത്തിന്റെ 15% വരുന്ന, ലോകത്തിലെ ഏറ്റവും വലിയ വളം കയറ്റുമതിക്കാരാണ് റഷ്യ. ലോകമെമ്പാടുമുള്ള കർഷകർ കൃഷിക്കായി തയ്യാറെടുക്കുമ്പോൾ, കയറ്റുമതി നിർത്താൻ റഷ്യ അതിന്റെ വളം ഉത്പാദകരോട് പറഞ്ഞിരിക്കുന്നു.
ആഗോളതലത്തിൽ ഭക്ഷ്യവസ്തുക്കളുടെയും വളങ്ങളുടെയും വില കുതിച്ചുയരുന്നതാണ് ഫലം. യുഎസും അതിന്റെ ചില സഖ്യകക്ഷികളും ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം കാരണം റഷ്യയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യാൻ കഴിഞ്ഞില്ല. അതേസമയം, റഷ്യ കരിങ്കടൽ വഴിയുള്ള കയറ്റുമതി തടഞ്ഞതിനാലും, യുക്രൈനിന് കരയിലൂടെ ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകാൻ മതിയായ റെയിൽ കാറുകൾ ഇല്ലാത്തതിനാലും യുക്രൈൻ മറ്റുള്ളവരിൽ നിന്ന് പ്രത്യക്ഷമായി വിച്ഛേദിക്കപ്പെട്ടു. റഷ്യൻ അധിനിവേശത്തിനു ശേഷം, ഗോതമ്പ് വില 21%, ബാർലി 33%, ചില വളങ്ങളുടെ വില 40% വർദ്ധിച്ചു. ഗോതമ്പ് ഇറക്കുമതി ചെയ്യുതിന് റഷ്യയെയും യുക്രൈനെയും ആശ്രയിക്കുന്ന അർമേനിയ, മംഗോളിയ, കസാക്കിസ്ഥാൻ, എറിത്രിയ തുടങ്ങിയ രാജ്യങ്ങൾ ഭക്ഷ്യക്ഷാമം നേരിടുന്നു. യുദ്ധത്തിന് മുമ്പ് ചില ഭക്ഷ്യ ഇറക്കുമതിക്ക് പണം നൽകാൻ ടുണീഷ്യ പാടുപെട്ടു, ഇപ്പോൾ വിതരണ തടസ്സങ്ങൾ കാരണം സാമ്പത്തിക തകർച്ച തടയാൻ ശ്രമിക്കുകയാണ്. മൊറോക്കോയിലും സുഡാനിലും വിലക്കയറ്റം ഇതിനകം തന്നെ പ്രതിഷേധത്തിന് തുടക്കമിട്ടിട്ടുണ്ട്. ഇന്ത്യൻ മുതലാളിത്ത ഭരണകർത്താക്കൾ നിഷ്പക്ഷ നിലപാട് പുലർത്തുന്നതിന് പിന്നിലെ ഒരു കാരണം, ഇന്ത്യൻ ആയുധ ഇറക്കുമതിയുടെ 50% റഷ്യയിൽ നിന്നാണ്. അതേസമയം, യുഎസുമായും പാശ്ചാത്യ രാജ്യങ്ങളുമായും അടുത്ത ബിസിനസ് ബന്ധമുണ്ട്. അതിനാൽ, ഇന്ത്യൻ വൻകിട കോർപ്പറേറ്റുകളും കുത്തകകുടുംബങ്ങളും റഷ്യയും യുക്രൈനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഈ സംഘർഷത്തിൽ നിന്ന് പരമാവധി നേട്ടമുണ്ടാക്കാനുള്ള അവസരം തേടുകയാണ്.
ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ കാര്യം പറയേണ്ടതില്ല, യുഎസിൽ പോലും, എല്ലാ അവശ്യസാധനങ്ങളുടെയും വില കഴിഞ്ഞ വർഷത്തേക്കാൾ 8.6% ഉയർന്നു. സർക്കാർ കണക്കുകൾ പ്രകാരം ഇത് 40 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവാണ്. സാമ്പത്തിക വിദഗ്ദ്ധർ യുദ്ധം ആ വിലകൾ വീണ്ടും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 40 ബില്യന്റെ യുക്രൈൻ ബില്ലിനെ എതിർത്തുകെണ്ട് അമേരിക്കൻ സെനറ്റർ മിസ്റ്റർ റാൻഡ് പോളിന് അത് വെളിപ്പെടുത്താതിരിക്കാൻ കഴിഞ്ഞില്ല, ”അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർത്തുകൊണ്ട് യുക്രൈനിനെ രക്ഷിക്കാൻ അമേരിക്കയ്ക്ക് കഴിയില്ല. മാർച്ചിൽ പണപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ വർഷത്തേക്കാൾ പെട്രോൾ മാത്രം 48 ശതമാനവും ഊർജ്ജ വില 32 ശതമാനവും ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ വില ഏകദേശം 9% വർദ്ധിച്ചു. ഉപയോഗിച്ച വാഹനങ്ങളുടെ വില വർഷത്തിൽ 35% വർദ്ധിച്ചു, പുതിയ വാഹന വിലകൾ 12% അല്ലെങ്കിൽ അതിൽ കൂടുതൽ വർദ്ധിച്ചു. അതെ, പണപ്പെരുപ്പം ശൂന്യതയിൽനിന്ന് വരുന്നതല്ല. കമ്മി ചെലവിൽ നിന്നാണ് ഇത് വരുന്നത്… അമേരിക്കക്കാർക്ക് വേദന അനുഭവപ്പെടുന്നു. തങ്ങളാൽ കഴിയുന്നത്ര വേഗത്തിൽ കൂടുതൽ പണം ചെലവഴിച്ച് ആ വേദന കൂട്ടുക മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം…”
സാമ്രാജ്യത്വ യുദ്ധതന്ത്രത്തെ പരാജയപ്പെടുത്തുക
റഷ്യ-യുക്രൈൻ യുദ്ധം ഏകദേശം മൂന്ന് മാസമായി തുടരുന്ന പശ്ചാത്തലത്തിൽ ഇന്നത്തെ ലോകത്തിന്റെ അവസ്ഥ ഇതാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള പരമ്പരാഗത സാമ്രാജ്യത്വ രാജ്യങ്ങൾ ലോകമെമ്പാടും തങ്ങളുടെ ആധിപത്യം നിലനിർത്താൻ ശ്രമിക്കുമ്പോൾ, പ്രതിവിപ്ലവത്തിനു ശേഷം പുതിയ സാമ്രാജ്യത്വ ശക്തികളായി ഉയർന്നുവന്ന റഷ്യയും ചൈനയും അവരുടെ മേധാവിത്വത്തെ വെല്ലുവിളിക്കുന്നു. വിവിധ സാമ്പത്തിക-സൈനിക സഖ്യങ്ങൾ രൂപീകരിച്ചും മറ്റ് നിരവധി മുതലാളിത്ത രാജ്യങ്ങളെ അതിന്റെ കീഴിലേക്ക് വലിച്ചിഴച്ചും യുഎസ് അതിന്റെ സ്വാധീന മേഖല വിപുലീകരിക്കാൻ ശ്രമിക്കുമ്പോൾ, സാമ്രാജ്യത്വ രാജ്യങ്ങൾക്കിടയിലുള്ള വൈരുദ്ധ്യങ്ങൾ ശക്തമാവുകയും ലോക സമാധാനത്തിനും പുരോഗതിക്കും അപകടമുണ്ടാക്കുന്ന യുദ്ധങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
യുദ്ധം എന്നാൽ മരണം, നാശം, കൂട്ടപലായനം, മുഴുവൻ മനുഷ്യരാശിക്കും പറയാനാവാത്ത കഷ്ടപ്പാടുകൾ എന്നിവയാണ്. അതിനാൽ, സാമ്രാജ്യത്വ-മുതലാളിത്തത്തെ അട്ടിമറിക്കുന്നതുവരെ, യുദ്ധഭീഷണി വലിയ തോതിൽ ഉയരുമെന്നതാണ് ഏക നിഗമനം. അതിനാൽ, ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികളായ ജനങ്ങൾ ഒറ്റക്കെട്ടായി യുദ്ധ ക്കൊതിയന്മാര്‍ക്കെതിരെ സമ്മർദം ചെലുത്താൻ ശക്തവും ഏകോപിതവുമായ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം പടുത്തുയർത്തണം. സഖാവ് ശിബ്‍ദാസ് ഘോഷിന്റെ പാഠങ്ങളിൽ രൂഢമൂലമായ സത്യം ദുരിതം അനുഭവിക്കുന്ന ജനങ്ങൾ ഉൾക്കൊള്ളട്ടെ: ”ലോകമെമ്പാടും സോഷ്യലിസ്റ്റ് വിപ്ലവം വിജയിക്കുമ്പോഴോ അല്ലെങ്കിൽ ഇന്നത്തെ മുതലാളിത്ത രാജ്യങ്ങളാൽ വലയം ചെയ്യപ്പെട്ട അവസ്ഥ, ലോക സോഷ്യലിസ്റ്റ് വ്യവസ്ഥിതി വഴി അവശേഷിക്കുന്ന ഏതാനും മുതലാളിത്ത രാജ്യങ്ങളെ വലയം ചെയ്യുന്ന അവസ്ഥയിലേക്ക് മാറുന്ന സാഹചര്യത്തിൽ മാത്രമേ മനുഷ്യ സമൂഹത്തിൽനിന്ന് അതിന്റെ നന്മയ്ക്കായി യുദ്ധത്തെ തുടച്ചുനീക്കാൻ കഴിയൂ.”