ഗ്യാന്‍വാപി മസ്ജിദിന്റെയും മറ്റ് ഇസ്ലാമിക മന്ദിരങ്ങളുടെയും പേരില്‍ ഉയര്‍ത്തുന്ന കപട വിവാദങ്ങള്‍

download.jpg
Share

ഉണരുന്ന ഹിന്ദുത്വയുടെ പേരിൽ നിർബാധമുള്ള വർഗീയ അതിക്രമങ്ങളുടെ പരമ്പരതന്നെ രാജ്യത്തുടനീളം ചോരപ്പാടുകൾ വീഴ്ത്തിക്കൊണ്ടും നിസ്സഹായരായ ജനങ്ങളെ ചവിട്ടിയരച്ചുകൊണ്ടും പടരുന്നത് അങ്ങേയറ്റം വിഷമത്തോടെ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനു പുറമെയാണ്, അയോദ്ധ്യ, വാരണാസി, ഗ്യാൻവാപി, മധുര ഷാഹി ഈദ്ഗാഹ്, ടിപ്പു സുൽത്താൻ മസ്ജിദ്, കുത്തബ് മിനാർ, താജ്മഹൽ, അജ്മീർ ഷരീഫ് എന്നിങ്ങനെ എല്ലാ മസ്ജിദുകളും ഇസ്ലാമിക സ്മാരകങ്ങളും, ഹിന്ദു ക്ഷേത്രങ്ങൾ തകർത്തുകൊണ്ട് നിർമ്മിച്ചതാണെന്ന തെറ്റായ വാദമുയർത്തുന്നത്.

രാജ്യത്ത് പശുസംരക്ഷണത്തിന്റെയും ലവ് ജിഹാദിന്റെയും പേരിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ കൊലപാതകമടക്കമുള്ള ആക്രമണങ്ങളുണ്ടാകുന്നു. കൂടാതെ പ്രകോപനം സൃഷ്ടിക്കുന്നതിനായി മസ്ജിദില്‍ വാങ്ക് വിളിക്കുമ്പോള്‍ മൈക്കിലൂടെ ഹനുമാൻ ചാലിസ ചൊല്ലുക, മതഘോഷയാത്രകളിൽ മാരകായുധങ്ങൾ കൊണ്ടുനടക്കുക, ന്യൂനപക്ഷ മേഖലകളിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോൾ അവർക്കെതിരായി വെറുപ്പിന്റെ മുദ്രാവാക്യങ്ങൾ മുഴക്കുക, ഘോഷയാത്രകളെ ആക്രമിച്ചതായി ആരോപിക്കുക – തുടങ്ങിയവയൊ ക്കെ നടത്തുന്നു. ഇതിനൊക്കെ പുറമേ, അയോദ്ധ്യ, വാരണാസി, ഗ്യാൻവാപി, മധുര ഷാഹി ഈദ്ഗാഹ്, ടിപ്പു സുൽത്താൻ മസ്ജിദ്, ഡൽഹിയിലെ കുത്തബ് മിനാർ, ആഗ്രയിലെ താജ്മഹൽ, അജ്മീർ ഷരീഫ് എന്നിങ്ങനെ എല്ലാ മസ്ജിദുകളും ഇസ്ലാമിക സ്മാരകങ്ങളും ഹിന്ദു ക്ഷേത്രങ്ങൾ തകർത്തുകൊണ്ട് നിർമ്മിച്ചതാണെന്ന തെറ്റായ വാദമുയർത്തുന്നു. വർഗീയ ഹിന്ദുത്വ വികാരത്തെ ആളിക്കത്തിക്കുവാനും ന്യൂനപക്ഷ സമുദായത്തിലെ പൗരന്മാരെ ഭീതിയിലാഴ്‌ത്താനും സഹോദരതുല്യം കഴിയുന്നവർക്കിടയിൽ കലഹമുണ്ടാക്കാനും അന്തരീക്ഷത്തിൽ എപ്പോഴും സമ്മർദ്ദം നിറയ്ക്കാനുമൊക്കെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഹിന്ദുത്വ സംഘടനകളുടെ ഈ ന്യൂനപക്ഷ വിരുദ്ധ പ്രഹരങ്ങൾ.
മറുവശത്ത് ന്യൂനപക്ഷ മതമൗലികവാദത്തിന് അതിന്റെ ഹീനമായ തലയുയർത്താനും, സംഘപരിവാറിന് സന്തോഷമേകിക്കൊണ്ട് ആ വിഭാഗത്തിലെ ചെറുപ്പക്കാരെ തങ്ങളുടെ കെണിയിൽപ്പെടുത്താനും വഴിയൊരുക്കുന്നു. ഹിന്ദു വർഗീയ വികാരത്തെ കൂടുതൽ ആളിക്കത്തിക്കുന്നതിന് ഇത് സംഘപരിവാറിനെ സഹായിക്കുന്നു. മതമൗലികവാദപരമായ മുദ്രാവാക്യങ്ങളുയർത്തി മുസ്ലീം വോട്ടുകൾ കൈക്കലാക്കുന്ന ചില അവസരവാദികളായ ന്യൂനപക്ഷ നേതാക്കളുണ്ട്. പ്രതിപക്ഷത്തിന്റെ, ജാതി-മതാധിഷ്ഠിതമായ തെരഞ്ഞെടുപ്പ് സമവാക്യങ്ങളെ തകിടം മറിച്ചുകൊണ്ട്, കൂടുതൽ വർഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദു വോട്ടുകൾ കരസ്ഥമാക്കി തെരഞ്ഞെടുപ്പുകൾ ജയിക്കാൻ ഇക്കൂട്ടർ ആർഎസ്എസ്-ബിജെപിയെ സഹായിക്കുന്നു. അതായത്, ഇതെല്ലാംതന്നെ സംഘപരിവാറിന്റെ ഭാഗത്തുനിന്നുള്ള ആസൂത്രിത നീക്കങ്ങളല്ലാതെ മറ്റൊന്നുമല്ല. വർഗീയഭ്രാന്തിന് തിരികൊളുത്തിക്കൊണ്ട്, അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യത്തെയും സാഹോദര്യത്തെയും തകർക്കാനും അതുവഴി കൊളോണിയൽ ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വം കൗശലപൂർവ്വം നടപ്പാക്കിയ ”വിഭജിച്ച് ഭരിക്കുക” എന്ന കുപ്രസിദ്ധ നയം പിന്തുടരാനുമാണ് അവർ ശ്രമിക്കുന്നത്. നമ്മുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം സമ്മാനിച്ചിട്ടുള്ള വൈവിധ്യങ്ങളുടെ ഈ നാടിനെ ഒരു ‘ഹിന്ദു രാഷ്ട്രം’ അഥവാ കാവിക്കൊടി ഉയർത്തുന്ന രാജ്യമായി മാറ്റുന്നതിനുള്ള ഹീനലക്ഷ്യത്തോടെ കെട്ടഴിച്ചുവിടുന്ന, വളരെ ആസൂത്രിതമായി ചിട്ടപ്പെടുത്തിയ ഭീതിയുടെ തേർവാഴ്ചയാണിത്. ഇത്, ഇന്ത്യയുടെ നവോത്ഥാനത്തിന്റെയും, നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെയും പൊരുളിന് പൂർണമായും എതിരാണ്. വാസ്തവത്തിൽ ഇത്, ബിജെപി വിശ്വസ്ത സേവകരായിരിക്കുന്ന ഭരണ മുതലാളിവർഗ്ഗത്തിന്റെ ബൃഹത്തായ രൂപകൽപ്പനയാണ്. ഇപ്പോൾ അവരത് നടപ്പാക്കാൻ തുനിയുന്നു.


അയോദ്ധ്യ വിധിയെ പരാമർശിക്കുമ്പോൾ


രാമജന്മഭൂമി-ബാബറി മസ്ജിദ് വിഷയത്തിലെ സുപ്രീംകോടതി വിധി ബിജെപിയെയും സംഘപരിവാറിനെയും ആഹ്ലാദത്തിലാക്കിയിരുന്നു. കാരണം, ബാബറി മസ്ജിദ് മാത്രമല്ല, ഇസ്ലാമിക പേരുവഹിക്കുന്ന മറ്റ് മസ്ജിദുകളെയും ആരാധനാലയങ്ങളെയും നിർമ്മിതികളെയും തകർക്കുന്ന തങ്ങളുടെ ക്രിമിനൽ ചെയ്തികൾക്ക് നിയമപരമായ സാധൂകരണമാണ് അവർ കണ്ടത്. എന്നാൽ, യുക്തിഭദ്രമായ മനസ്സുള്ള, രാജ്യത്തെ നിയമവ്യവസ്ഥയോട് ആദരവുള്ള ഏതൊരാൾക്കും ഈ വിധി അസംബന്ധമായേ തോന്നു. കാരണം, വർഗീയത നിറം പകർന്ന തർക്കം അതുകൊണ്ടുതന്നെ മതേതര മൂല്യങ്ങൾക്ക് നിരക്കുന്നതായിരുന്നില്ല. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും, ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ ആർക്കിയോളജി വിഭാഗവും മറ്റുപലരും ഇന്നത്തെ അയോദ്ധ്യയിലും മറ്റ് പലയിടങ്ങളിലും നടത്തിയ എണ്ണമറ്റ ഉദ്ഖനനങ്ങൾ ഒന്നുംതന്നെ കണ്ടെത്തിയിരുന്നില്ല. രാമായണത്തിൽ പരാമർശിക്കുന്നതുപോലെയുള്ള നഗരപശ്ചാത്തലവുമായി ബന്ധപ്പെട്ട വസ്തുക്കളോ അവശിഷ്ടമോ, അത്രയും പഴക്കമുള്ള യാതൊന്നുമോ കണ്ടെത്തുകയുണ്ടായില്ല. രാമന്റെയോ, ഇതിഹാസ പ്രധാനമായ അയോദ്ധ്യയുടെയോ ചരിത്രപരമായ നിലനിൽപ്പ് ചൂണ്ടിക്കാട്ടുന്ന നാണയങ്ങളോ മുദ്രകളോപോലും കുഴിച്ചെടുക്കാനായിരുന്നില്ല. അതുകൊണ്ട് ഇങ്ങനെയൊരു വിധി ലോകത്തെ ഞെട്ടിച്ചു. കാരണം ജനാധിപത്യ നീതിനിർവ്വഹണത്തിന്റെ ചരിത്രത്തിലൊരിടത്തും നിയമത്തിനും ചരിത്രപരമായ തെളിവുകൾക്കുംമീതെ മതവിശ്വാസത്തെ പ്രതിഷ്ഠിച്ചിട്ടില്ല. കൂടാതെ, ആരാധനാസ്ഥലങ്ങൾ സംബന്ധിച്ച നിയമം, 1991 പ്രകാരം ഒരു ആരാധനാസ്ഥലത്തെ, അത് 1947 ആഗസ്റ്റ് 15ന് നിലനിന്നിരുന്നതിൽനിന്നും പരിവർത്തനപ്പെടുത്തുന്നതിനെ തടയുകയും, അതിന്റെ ആ സ്വഭാവത്തെ നിലനിർത്തുന്നതിനും നിർബന്ധിതമാക്കുകയും ചെയ്യുന്നു. അയോദ്ധ്യ വിധി പ്രസ്താവിച്ചപ്പോൾ, സുപ്രീം കോടതി ഈ നിയമത്തെ പരാമർശിക്കുകയും, അത് ഭരണഘടനയുടെ മതേതര മൂല്യങ്ങളെ വ്യക്തമാക്കുന്നതായും അതിൽനിന്നുള്ള വ്യതിചലനം കർശനമായി തടയേണ്ടതാണെന്നും വ്യക്തമാക്കി. എന്നിട്ടും സ്വന്തം വാക്കുകൾക്ക് വിരുദ്ധമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. മറ്റൊരു രീതിയിലും സുപ്രീംകോടതി വിധി വിചിത്രമാകുന്നുണ്ട്. തങ്ങളുടെ മസ്ജിദിൽനിന്നും മുസ്ലീങ്ങളെ നിയമവിരുദ്ധമായും ബലമായുമാണ് പുറത്താക്കിയതെന്നും, 1998ലെ പള്ളിതകർക്കൽ കുറ്റമായും കോടതി അംഗീകരിക്കുന്നുണ്ട്. പക്ഷേ എന്നിട്ടും, ആ കുറ്റത്തിന് ഇപ്പോഴും വിചാരണ നേരിടുന്നവർക്കുതന്നെ ആ സ്ഥലം കോടതി വിട്ടുകൊടുത്തിരിക്കുന്നു. 1949ൽ രാത്രിയിലെ ഇരുളിന്റെ മറവിൽ നടന്ന ഒരു ഹീനമായ നീക്കത്തിലൂടെയാണ് ബാബറി മസ്ജിദിന് ഉള്ളിലേക്ക് വിഗ്രഹങ്ങൾ ഒളിച്ചുകടത്തിയത്. അതിനെ ഒരു കുറ്റമായി പരമോന്നത കോടതിതന്നെ കണ്ടെത്തിയതാണ്. 73 വർഷങ്ങൾക്കുശേഷം നീതിന്യായവ്യവസ്ഥയുടെ മേൽനോട്ടത്തിൽ, സുപ്രീംകോടതി നോക്കിനിൽക്കെ പട്ടാപ്പകൽ മറ്റൊരു തെറ്റ് ചെയ്യുകയാണ്.


സ്വാഭാവികമായും, ജനാധിപത്യ-മതേതര മനസ്സുള്ള വിവേകമതികളായ ജനങ്ങളിൽ, പ്രത്യേകിച്ചും ന്യായാധിപന്മാരുടെയടക്കം ഉള്ളിൽ ജുഡീഷ്യറിയുടെതന്നെ നിഷ്പക്ഷതയെ സംബന്ധിച്ച സംശയങ്ങളാണ് ഈ വിധി സൃഷ്ടിച്ചത്, പ്രഗൽഭനായ ഒരു ന്യായാധിപൻ ഈ വിധിയെ ഒരു ‘കുറ്റകൃത്യം’ എന്നുവിളിക്കാൻപോലും മടികാണിച്ചില്ല. മാർക്‌സിസ്റ്റുകളെന്ന നിലയിൽ, നമ്മുടെ പാർട്ടിയും ഈ വിധിയെ കാണുന്നത്, നിയമത്തിന്റെയും നീതിശാസ്ത്രത്തിന്റെയും ധാർമ്മികതയുടെയും എല്ലാ ചട്ടങ്ങളെയും പൂർണമായി നിഷേധിക്കുന്ന ഒന്നായാണ്. പക്ഷെ വ്യക്തമായ കാരണങ്ങൾകൊണ്ടുതന്നെ, ആർഎസ്എസ്-ബിജെപി-സംഘപരിവാർ ശക്തികൾ ആഹ്ലാദിച്ചു. അയോദ്ധ്യ ഒരു തുടക്കം മാത്രം, കാശിയും മഥുരയും ബാക്കിയുണ്ടെന്ന് പ്രഖ്യാപിക്കാൻ അവരൊട്ടും അമാന്തിച്ചില്ല. വിവിധ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസരത്തിൽ ബിജെപി ദുർഭരണത്തിനെതി രായുള്ള അതൃപ്തി വളരുമ്പോൾ, അയോദ്ധ്യ വിധിവന്ന് രണ്ടര വർഷത്തിനുള്ളിൽത്തന്നെ, വാരണാസിയിലെ വിശ്വനാഥ ക്ഷേത്രത്തിന്റെ ഭൂമിയിലാണ് ഗ്യാൻവാപി മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്നും, മഥുര ഈദ്ഗാഹ് ‘കൃഷ്ണഭഗവാന്റേത്’ ആണെന്നുമുള്ള അവകാശവാദങ്ങൾ മുഴങ്ങിത്തുടങ്ങി. ബാബറി മസ്ജിദ് നിർമ്മിച്ച ഭൂമിയുടെ ഉടമസ്ഥൻ ‘രാംലാല’ ആണെന്ന അവകാശവാദം നമ്മൾ ഓർക്കണം.


ഗ്യാൻവാപി മസ്ജിദിനെ സംബന്ധിച്ച കോടതി
വ്യവഹാരങ്ങൾ


2019 ഡിസംബറിൽ, വാരണാസിയിൽനിന്നുള്ള വക്കീലായ വിജയ്ശങ്കർ രസ്‌തോഗി, നിർമ്മിതി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കീഴ്‌ക്കോടതിയിൽ പരാതി നൽകുകയുണ്ടായി. പുരാവസ്തു സർവ്വേയും ആവശ്യപ്പെട്ടിരുന്നു. 2021 ഏപ്രിലിൽ, പഴയ ക്ഷേത്രത്തിനുള്ളിലെ ശൃംഗാർ ഗൗരിമാതായ്ക്കും മറ്റ് ദേവതകൾക്കും നിത്യപൂജയും മറ്റ് വഴിപാടുകളും നടത്തി ദർശനം നേടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സത്രീകൾ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആർക്കിയോളജിക്കൽ സര്‍വ്വേ ഓഫ് ഇന്ത്യ(എഎസ്ഐ)യോട് അവിടെ സർവ്വേ നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും വാരണാസി കോടതി ഉത്തരവിട്ടു. കാശി വിശ്വനാഥ് ക്ഷേത്രത്തോട് ചേർന്ന പടിഞ്ഞാറേ മതിലിൽ ദേവതയുടെ രൂപം നിലനിൽക്കുന്നു എന്നാണ് പരാതിക്കാർ അവകാശപ്പെട്ടത്. 2022ൽ മാർച്ചിൽ സ്ഥലം പരിശോധിക്കുവാൻവേണ്ടി ഒരു കോർട്ട് കമ്മീഷണറെ നിയോഗിച്ച കോടതിയുത്തരവിനെതിരെ മസ്ജിദിന്റെ രക്ഷാധികാരികൾ സമർപ്പിച്ച പരാതി അലഹബാദ് ഹൈക്കോടതി തള്ളി. യാതൊരു തടസ്സവുമില്ലാതെ സർവ്വെ നടന്നു. കാശി വിശ്വനാഥ ക്ഷേത്രത്തെ തകർത്ത് മുഗൾ ചക്രവർത്തി ഔറംഗസീബാണ് 16-ാം നൂറ്റാണ്ടിൽ മസ്ജിദ് പണിഞ്ഞതെന്ന് ആരോപിച്ചുള്ള ഗ്യാൻവാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്രം കേസിൽ അനവധി പരാതികളാണ് സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരണാസി കോടതിയിലും ഫയൽ ചെയ്യപ്പെട്ടത്.


അവസാനം, 2022 മേയ് 13ന് കേസ് സുപ്രീംകോടതി മുമ്പാകെയെത്തി. ആരാധനാലയത്തിൽ വീഡിയോ സർവ്വെ തുടരുന്നതിന് വാരണാസി കോടതി നിർദ്ദേശിച്ച് ദിവസങ്ങൾക്കകമായിരുന്നു ഇത്. ഗ്യാൻവാപി മസ്ജിദിന്റെ വീഡിയോ സർവ്വേക്ക് താല്ക്കാലിക സ്‌റ്റേ നൽകാൻ സുപ്രീംകോടതി വിസ്സമ്മതിച്ചു. എന്നാൽ കോടതി പറഞ്ഞത്, സീൽ ചെയ്താലും മസ്ജിദിൽ നിസ്‌ക്കാരം നിരോധിക്കാനാകില്ല എന്നാണ്. കനത്ത സുരക്ഷയിൽ മൂന്ന് ദിവസത്തെ സർവ്വെ നടത്തുകയുണ്ടായി. മേയ് 16ന് വാരണാസിയിലെ പ്രാദേശിക കോടതി, ഗ്യാൻവാപി മസ്ജിദ് കോംപ്ലക്‌സിലെ സ്ഥലം മുദ്രവെച്ച് പൂട്ടാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയുണ്ടായി. എന്നാൽ, ഹിന്ദുത്വ വർഗീയവാദികൾ അവകാശപ്പെട്ടത് കോടതി നിയോഗിച്ച വീഡിയോ സർവ്വെയിൽ വസുഖാന(ശുചിയാക്കുന്നതിനുള്ള ടാങ്ക്)യിൽ ഒരു ശിവലിംഗം കണ്ടെത്തിയെന്നാണ്. മേയ് 20ന്, ഗ്യാൻവാപി കോംപ്ലക്‌സിൽ പ്രാർത്ഥിക്കാൻ അനുവാദം നൽകണമെന്ന ഹിന്ദുത്വ പാർട്ടികളുടെ കേസ് സിവിൽ കോർട്ടിൽനിന്നും വാരണാസി ജില്ലാ ജഡ്ജിയുടെ കോടതിയിലേക്ക് സുപ്രീംകോടതി മാറ്റുകയുണ്ടായി.


തെളിവുകൾ


ഗ്യാൻവാപി മസ്ജിദിലെ വസുഖാനയിൽ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വ അവകാശവാദങ്ങളെ തകർക്കുന്ന വെളിപ്പെടുത്തൽ, തൊട്ടുചേർന്നുള്ള കാശി വിശ്വനാഥ് ക്ഷേത്രത്തിലെ മഹന്തായ രാജേന്ദ്ര തിവാരി പറഞ്ഞത്, ആ നിർമ്മിതി യഥാർത്ഥത്തിൽ ഒരു ജലധാരയാണ് അല്ലാതെ ശിവലിംഗമല്ല എന്നാണ്. ആജ്തക് എന്ന ഹിന്ദി ടിവി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ തിവാരി പറഞ്ഞത്, ”കുട്ടിയായിരിക്കുമ്പോൾതൊട്ടേ ഞാനീ കുളം കാണുന്നതാണ്, കാരണം ഞങ്ങൾ അവിടെപോയി കളിക്കുമായിരുന്നു. ഏതൊരു കൽനിർമ്മിതിയെയും ശിവലിംഗമെന്ന് വിളിക്കുന്നത് ശരിയല്ല.” വാസ്തവത്തിൽ, കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി വലിയ കോലാഹലത്തോടെ ഉദ്ഘാടനം ചെയ്ത കാശി-വിശ്വനാഥ് ഇടനാഴിയുടെ നിർമ്മാണത്തിനായി യഥാർത്ഥ ശിവലിംഗങ്ങൾ തകർക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം കൂടുതൽ വിഷമിച്ചത്. അദ്ദേഹം ചോദിച്ചത്: ”ഇടനാഴിയുടെ വീതികൂട്ടൽ നടന്നുകൊണ്ടിരിക്കേ കരുണേശ്വർ മഹാദേവ്, അമൃതേശ്വർ മഹാദേവ്, അഭിമുക്തേശ്വർ മഹാദേവ്, ചണ്ഡി-ചണ്ഡേശ്വർ മഹാദേവ് തുടങ്ങിയ ശിവലിംഗങ്ങൾ തകർക്കപ്പെട്ടു. ഇവയെല്ലാം കാശിയിലെ പ്രധാന പ്രതിഷ്ഠകളാണ്. പഞ്ചവിനായകരായ ദുർമുഖ് വിനായക്, സുമുഖ് വിനായക്, മുഖ് വിനായക്, ജൗ വിനായക്, സിദ്ധി വിനായക് എന്നിവരുടെ പ്രതിമകളും തകർത്ത് അവരുടെ മൂലസ്ഥാനങ്ങളിൽനിന്നും നീക്കം ചെയ്തിരിക്കുന്നു. പക്ഷെ ഒരാളും ഇതിനെക്കുറിച്ച് സംസാരിക്കില്ല.” വാസ്തവത്തിൽ ശിവലിംഗത്തെ അശുദ്ധമാക്കുന്നതിനായി മുസ്ലീങ്ങൾ തിരികെ കുളത്തിലേക്ക് തുപ്പുന്നുവെന്ന കിംവദന്തിയും ആ ഹിന്ദുപുരോഹിതൻ തള്ളിക്കളഞ്ഞു. ആരും അങ്ങനെ ചെയ്യില്ലെന്നും അവർ വസുവിനായി വെള്ളമെടുത്ത് കൈകഴുകാറേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.


കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജകളുടെ ഭാഗമായ മറ്റൊരു സന്ന്യാസി മഹന്ത് ഗണേഷ്ശങ്കർ വെളിപ്പെടുത്തുന്നത്, അദ്ദേഹത്തിന്റെ അറിവിൽ ആ നിർമ്മിതി ഒരു ജലധാരയാണെന്നാണ്. ”ഞങ്ങൾ അത് കുട്ടിക്കാലംതൊട്ടേ കാണുന്നു. ജലധാരകൾ പലരൂപത്തിൽ വരാം, അവ ജലാശയത്തിന്റെ മധ്യത്തിലാണ് ഉണ്ടാവുക. ചിലപ്പോൾ അവയ്ക്ക് കരിങ്കൽ അടിത്തറയുണ്ടാകാം. എന്റെ അറിവിൽ അതൊരു ജലധാരയാണ്, അല്ലാതെ ഹിന്ദുത്വ പരാതിക്കാർ അവകാശപ്പെട്ടതുപോലെ ശിവലിംഗമല്ല.” ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, മസ്ജിദിന്റെ നിയമവിരുദ്ധ കൈയേറ്റം തെളിയിക്കാനായി ഹിന്ദുത്വവാദികൾ തിരക്കിട്ട് ഓടിനടക്കുമ്പോൾ, മസ്ജിദിന്റെ ഭൂമിയിൽനിന്നും ഒന്നരലക്ഷം ചതുരശ്രഅടിയിലധികം വരുന്ന സ്ഥലമാണ് യുപി സർക്കാർ ആവശ്യപ്പെട്ടപ്പോൾ മസ്ജിദ് കമ്മിറ്റി വിട്ടുനൽകിയത്. എന്നിട്ടും ഹിന്ദുത്വ ക്യാമ്പ് ആവശ്യപ്പെടുന്നത് മസ്ജിദ് പരിസരത്ത് മുസ്ലീങ്ങൾ പ്രവേശിക്കുന്നത് നിരോധിക്കണമെന്നാണ്. വാസ്തവത്തിൽ ഇതിനായി ഒരു പരാതി വാരണാസി കോടതിയിൽ ഫയൽ ചെയ്യപ്പെട്ടിരിക്കുന്നു.
ഹിന്ദുത്വ പരാതിക്കാർ അവകാശപ്പെടുന്നത്, ഏറ്റവും ആദ്യത്തെ വിശ്വേശ്വർ ക്ഷേത്രം പതിനൊന്നാം നൂറ്റാണ്ടിൽ ഒരു ഹരിചന്ദ്ര പണികഴിപ്പിച്ചതാണെന്നാണ്. എന്നാൽ വാദം ചരിത്രഗവേഷണത്തിൽ നിന്നല്ല കേട്ടുകേൾവിയിൽനിന്നാണ് വരുന്നത്. ഇപ്പോൾ അവർ വീണ്ടും അവകാശപ്പെടുന്നത്, ”ചരിത്രകാരന്മാർ ഉറപ്പിക്കുന്നത് 1669 ഏപ്രിൽ 9ന് വാരണാസിയിലെ ആദിവിശ്വേശ്വർ(കാശി വിശ്വനാഥ്) ക്ഷേത്രം തകർക്കുന്നതിനുള്ള ഫർമാൻ മുഗൾ ചക്രവർത്തി ഔറംഗസീബ് പുറപ്പെടുവിച്ചിരുന്നു” എന്നാണ്. എന്നാൽ യഥാർത്ഥ ചരിത്രത്തിന്റെ താളുകൾ മറിക്കുമ്പോൾ നമുക്കുകാണാം, ആദ്യകാല വിശ്വേശ്വർ ക്ഷേത്രം 1194ൽ മുഹമ്മദ് ഗോറിയുടെ ഭരണകാലത്ത് കുത്തബുദ്ദീൻ ഐബക്കാണ് നശിപ്പിച്ചത് എന്ന്. 1500കളിൽ മുഗൾ ചക്രവർത്തിയായിരുന്ന അക്ബറുടെ ഉദാരഭരണകാലത്ത് ക്ഷേത്രങ്ങൾ നിർമ്മിക്കാൻ അനുവദിച്ചിരുന്നു എന്നുമാത്രമല്ല, പലപ്പോഴും പുനർനിർമ്മാണങ്ങൾക്ക് സാമ്പത്തിക സഹായവും ലഭിച്ചിരുന്നു. വാസ്തവത്തൽ അക്ബറുടെ സഖ്യകക്ഷികളായിരുന്ന രാജസ്ഥാനിലെ ഹിന്ദു രജപുത്രർ ബനാറസ് ഘാട്ടുകളുടെയും ക്ഷേത്രങ്ങളുടെയും നിർമ്മാണത്തിൽ മുഗൾ കാലഘട്ടത്തിന്റെ ഈ സമയത്തുതന്നെ സജീവമായി പങ്കെടുത്തിരുന്നു. ഈ ചരിത്രം നിസ്സാരമായി വിസ്മരിക്കുന്നു.


മഥുര ഈദ്ഗാഹ്, കുത്തബ് മിനാർ, ടിപ്പു സുൽത്താൻ മസ്ജിദ്, അജ്മീർ ഷരീഫ് എന്നിവയുടെമേലെ ഉയർത്തുന്ന അവകാശ വാദങ്ങള്‍


ഇവിടെ ഓർക്കേണ്ട മറ്റൊരു കാര്യം, കുറച്ചുമാസം മുമ്പ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ അന്നത്തെ ബിജെപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തത്, അയോദ്ധ്യയിലും കാശിയിലും വമ്പൻ ക്ഷേത്രങ്ങളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടി രിക്കുന്നു, സമാനമായൊരു മഹാക്ഷേത്രം മഥുരയിലും പണിയാൻ പാർട്ടി തയ്യാറെടുക്കുകയാണെന്നാണ്. ബിജെപി സർക്കാരിലെ ഉന്നത നേതാക്കളെടുക്കുന്ന ഈ നിലപാട്, 17-ാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരിയായ ഔറംഗസീബ് ക്ഷേത്രഭൂമിയിൽ മസ്ജിദ് പണിഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന വാരണാസിയിലെയും മഥുരയിലെയും ഭൂമി തിരിച്ചുപിടിക്കണമെന്ന പഴയ സംഘപരിവാർ പ്രചാരണത്തോട് ഒത്തുപോകുന്നതാണ്. മഥുര ഈദാഗാഹ് സംബന്ധിച്ച വസ്തുതയെന്താണ്? നേരത്തെ മഥുരയിലെ കൃഷ്ണജന്മഭൂമി സംബന്ധിച്ച് തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. മഥുര ക്ഷേത്രം ഈദ്ഗാഹുമായി ഒരു ‘വിശുദ്ധ വാതിൽ’ വഴി ബന്ധിക്കപ്പെട്ടിരുന്നു. തലമുറകളായി മഥുര ക്ഷേത്രത്തിനുള്ളിലെ ഭഗവാൻ കൃഷ്ണന്റെ വിഗ്രഹമടക്കമുള്ള പ്രതിഷ്ഠകൾ ക്കായി വസ്ത്രങ്ങൾ തുന്നുന്നതും തലപ്പാവുകളുണ്ടാക്കുന്നതും മുസ്ലീം വനിതകളായിരുന്നു. രാമനവമിക്ക് ഭഗവാൻ കൃഷ്ണനെ സംബന്ധിക്കുന്ന കീർത്തനം തന്റെ മികച്ച ആലാപന ശൈലിയിൽ പാടി ഏവരെയും ആഹ്ലാദഭരിതരാക്കുന്നത് ഒരു വൃദ്ധ മുസ്ലീം ഗായകനാണ്. ഗജനി മഹമൂദും പിന്നീട് സിക്കന്തർ ലോധിയും 1098 എഡിയിൽ മഥുര കൊള്ളയടിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ഔറംഗസീബ് ചക്രവർത്തിയുടെ ഭരണകാലത്ത് തകർക്കപ്പെട്ട ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിൽനിന്നാണ് ഈദ്ഗാഹ് നിർമ്മിച്ചതെന്നാണ് ഹിന്ദുത്വ സംഘടനകൾ പ്രചരിപ്പിക്കുന്നത്.


അക്ബർ ചക്രവർത്തിയാണ് ഗോവിന്ദ് മോഹൻ ക്ഷേത്രം നിർമ്മിക്കാനായി 135 ബിഗ ഭൂമി നൽകിയത്. അദ്ദേഹത്തിന്റെ പേരക്കുട്ടിയായ ഔറംഗസീബ് ആ ഭൂമി തിരിച്ചുപിടിക്കുകയോ ക്ഷേത്രം തകർക്കുകയോ ചെയ്തിട്ടില്ല. ഗോപിനാഥ്, മദൻമോഹൻ ക്ഷേത്രങ്ങളും അദ്ദേഹം തൊട്ടിട്ടില്ല. മറിച്ച്, 1697ലും 1707ലും ക്ഷേത്രങ്ങൾ മുന്നേ അവർക്കുണ്ടായിരുന്ന ഭൂമിക്ക് തുടർന്നും ഉടമസ്ഥരായിരിക്കും എന്ന് രണ്ടുവട്ടം വിളംബരം ചെയ്യുകയാണുണ്ടായത്. മദൻമോഹൻ ക്ഷേത്രത്തിലെ പൂജാരി, ജാട്ട് കലാപത്തിനിടെ അക്ബറുടെ സമയത്ത് കൽപ്പിച്ച വസ്തുദാനത്തിന്റെ രേഖ നഷ്ടമായെന്ന് അപേക്ഷിച്ചപ്പോൾ പുതിയതായി ഭൂമി അളന്ന് രേഖ നൽകാൻ ഔറംഗസീബ് ഉത്തരവിട്ടു. 1593ൽ മഥുരയിൽ മയിലുകളെ വേട്ടയാടുന്നത് അക്ബർ നിരോധിച്ചിരുന്നു. അവിടെ വളർത്തുന്ന പശുക്കൾക്ക് അദ്ദേഹം നികുതിയൊഴിവാക്കിയിരുന്നു. ഈ നയങ്ങളൊക്കെ ഔറംഗസീബും അംഗീകരിക്കുകയും, കാലിമേയ്ക്കുന്ന ഭൂമിയിൽ മറ്റ് തടസങ്ങളൊന്നും സൃഷ്ടിക്കരുതെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഔറംഗസീബിന്റെ സഹോദരൻ സ്വർണ്ണം പൂശിയ കേശബ്‌ദേവ് ക്ഷേത്രം ജാട്ട് കലാപത്തിന്റെ കേന്ദ്രമായിരുന്നു. കലാപം അടിച്ചമർത്തിയപ്പോൾ ക്ഷേത്രം ഔറംഗസീബ് നശിപ്പിച്ചിരുന്നു. അതിന് മതവുമായി ബന്ധമില്ല.
ഗ്യാൻവാപി മസ്ജിദ് സര്‍വ്വേക്കുശേഷം, ഡൽഹിയിലെ കുത്തബ് മിനാറിനുമേലാണ് മറ്റൊരു വിവാദം ആളിക്കത്തിക്കുന്നത്. അവിടെ ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങൾ കിട്ടിയെന്നും ആ നിർമ്മിതി ഹിന്ദു ചക്രവർത്തിയായിരുന്ന വിക്രമാദിത്യന്റേതാണ്, അല്ലാതെ കുത്തബ് ഉദ്‌ദിൻ ഐബക്കിന്റേതല്ല എന്നാണ് ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നത്. വിശ്വഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബൻസാൽ അവകാശപ്പെട്ടത് കുത്തബ് മിനാർ യഥാർത്ഥത്തിൽ വിഷ്ണുസ്തംഭമാണ് എന്നും, 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ പൊളിച്ച് കിട്ടിയ സാമഗ്രികൾകൊണ്ടാണ് അത് നിർമ്മിച്ചിരിക്കുന്നതെന്നുമാണ്. ഏവരെയും നിരാശപ്പെടുത്തിക്കൊണ്ട് ബിജെ പി സർക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സര്‍വ്വേ ഓഫ് ഇന്ത്യയോട് അവിടെ ഖനനം നടത്താനും കുത്തബ് മിനാറിലെ വിഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനുമാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ എഎസ്‌ഐ ഒരു സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരിക്കുന്നത് കുത്തബ് മിനാർ 1914 മുതൽ സംരക്ഷിക്കപ്പെടുകയാണെന്നാണ്. ഇപ്പോൾ അതിന്റെ നിർമ്മിതി മാറ്റാനോ അവിടെ പൂജ നടത്തുന്നത് അംഗീകരിക്കാനോ സാധ്യമല്ല. മറ്റൊരു സംഘപരിവാർ സംഘടനയായ നരേന്ദ്രമോദി വിചാർ മഞ്ച്, കർണാടകയിലെ മാണ്ഡ്യ ജില്ലാ ഭരണകൂടത്തോട് ശ്രീരംഗപട്ടണത്തെ ജുമാമസ്ജിദിനുള്ളിൽ പ്രാർത്ഥിക്കാൻ ഹിന്ദുക്കൾക്ക് അനുമതി നൽകണമെന്ന് അപേക്ഷിച്ചിരിക്കുകയാണ്. ഇത് 1782ൽ ടിപ്പു സുൽത്താന്റെ ഭരണകാലത്ത് നിർമ്മിച്ചതും എഎസ്‌ഐ ഒരു പൈതൃകസ്വത്തായി സംരക്ഷിക്കുകയും ചെയ്യുന്ന ഇടമാണ്. മസ്ജിദിനുള്ളിൽ ഒരിക്കൽ ഒരു ഹനുമാൻ ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് ഹിന്ദുത്വ സംഘടന അവകാശപ്പെടുന്നത്. മെക്ക കഴിഞ്ഞാൽ മുസ്ലീങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ തീർത്ഥാടന കേന്ദ്രമായ അജ്മീറിലെ സൂഫി സന്യാസി മൊയ്‌നുദ്ദ്ീൻ ചിഷ്ടിയുടെ ഖബറിടം ഒരിക്കൽ ഒരു ക്ഷേത്രമായിരുന്നു എന്നുപറഞ്ഞുകൊണ്ട് എഎസ്‌ഐയുടെ സർവ്വെ ആവശ്യപ്പെട്ടിരിക്കുകയാണ് മറ്റൊരു ഹിന്ദുത്വ സംഘടന. ഇത്തരം തലതിരിഞ്ഞ അവകാശവാദങ്ങൾ ഇനിയും കൂടുതൽ വരാം.


സ്വാമി വിവേകാനന്ദനും ക്ഷേത്രം-മസ്ജിദ് വിവാദങ്ങളും


തങ്ങളുടെ ഹിന്ദുസ്വത്വം കാണിക്കുന്നതിനായി ബിജെപിയും സംഘപരിവാറും സ്ഥിരം സ്വാമി വിവേകാനന്ദന്റെ ചിത്രം ഉപയോഗിക്കാറുണ്ട്. വിവേകാനന്ദനാകട്ടെ, ദശലക്ഷങ്ങൾ പട്ടിണികിടന്നു മരിക്കുമ്പോൾ നടത്തുന്ന ക്ഷേത്രനിർമ്മാണത്തെയും വിഗ്രഹങ്ങൾ ആഭരണങ്ങൾ ചാർത്തി അലങ്കരിക്കുന്നതിനെയും കഠിനമായി അപലപിച്ചിരുന്നു. തകർക്കലിന്റെ പ്രവൃത്തികളെയും അദ്ദേഹം ശക്തമായി തള്ളിപ്പറഞ്ഞിരുന്നു. ”നശീകരണത്തിന്റെ പരിഷ്‌കർത്താക്കളെക്കൊണ്ട് ലോകത്തിന് യാതൊരു ഉപയോഗവുമില്ല. കാശിയിലെയും വൃന്ദാവനത്തിലെയും ക്ഷേത്രങ്ങളുടെ വാതിലുകൾ തുറക്കാനും അടയ്ക്കാനുമായി ഒരു കോടി രൂപയാണ് ചെലവിടുന്നത്. ഇപ്പോൾ പ്രതിഷ്ഠ വസ്ത്രം മാറുന്നു, ആഹാരം കഴിക്കുന്നു, അല്ലെങ്കിൽ അനാഥരായ കുട്ടികളുടെ പൂർവികർക്കുള്ള പിണ്ഡം നേദിക്കുന്നു. ജീവനുള്ള ദൈവങ്ങളാകട്ടെ ഭക്ഷണമില്ലാതെ വിദ്യാഭ്യാസമില്ലാതെ എല്ലാക്കാലവും ഒടുങ്ങുന്നു… ഹാനികരമായ ഒരു അസുഖം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു. രാജ്യം മുഴുവൻ ഒരു വിശാലമായ ഭ്രാന്താലയമായി മാറിയിരിക്കുന്നു.”(വിവേകാനന്ദൻ സന്ദേശങ്ങളും കൃതികളും)
ആർക്കെങ്കിലും വിശ്വാസിയായി മാറണമെങ്കിൽ, അയാൾക്ക് കൃഷ്ണൻ മഥുരയിലാണോ ജനിച്ചത്, ഗീതോപദേശം നൽകിയപ്പോൾ കൃഷ്ണൻ എവിടെ, എന്തുചെയ്യുകയായിരുന്നു എന്നിവയൊന്നും അറിയേണ്ട ആവശ്യംതന്നെയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. വിശ്വാസികളായ ഹിന്ദുക്കളുടെ മുന്നിൽ വിവേകാനന്ദന്റെ വീക്ഷണം അടിസ്ഥാനരഹിതവും മണ്ടത്തരവുമായിരുന്നു എന്നു പറയാൻ ബിജെപി-സംഘപരിവാർ എന്നു പറയുന്നവർക്ക് ധൈര്യമുണ്ടോ?


മുസ്ലീം രാജാക്കന്മാരെയും ആക്രമണകാരികളെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് മൗലികവാദമാണ്


ജഗന്നാഥ ക്ഷേത്രം പഴയ ബുദ്ധക്ഷേത്രമായിരുന്നു എന്ന് വിവേകാനന്ദൻതന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അതും മറ്റുപലതും കൈയടക്കുകയും വീണ്ടും ഹൈന്ദവികമാക്കുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരിൽ ആരെങ്കിലും കോപാകുലരായോ, ഇല്ല. കാരണം, ഈ സത്യം അവസരവാദ വിഭജന രാഷ്ട്രീയത്തിനോ വരുമാനമുണ്ടാക്കാനോ തലക്കെട്ടുകളോ രാഷ്ട്രീയ സ്വാധീനമോ തെരഞ്ഞെടുപ്പുനേട്ടമോ ഉണ്ടാക്കിയെടുക്കാനോ സഹായിക്കുന്നില്ല. മുസ്ലീം അക്രമകാരികൾക്കും ചക്രവർത്തിമാർക്കുമെതിരെ ശ്ബദമുയർത്തുന്നതാണ് കൂടുതൽ നേട്ടമുണ്ടാക്കുക. പക്ഷെ, ഹിന്ദു, ജൈന, ബുദ്ധ, സിഖ് തുടങ്ങിയ എല്ലാ ഭരണാധികാരികളും ചെയ്തിട്ടുള്ള കൊള്ളരുതായ്മകളും വളരെയധികമാണെന്ന് ചരിത്രം പറയുന്നു. കൂടുതൽ പ്രശസ്തരായവർ കൂടുതൽ കൊലയും കൊള്ളയും നടത്തിയവർ തന്നെയായിരുന്നു. എല്ലാ ജാതിയിലും മതത്തിലുംപെട്ട ഭരണാധികാരികളുടെ കൊടിയ പാപങ്ങളുടെ പലസംഭവങ്ങളും സത്യം തേടുന്നവർക്ക് കാണാനാകും. തിളങ്ങുന്ന ചരിത്രപുരുഷന്മാരെത്തന്നെ ക്രൂശിക്കപ്പെടേണ്ട വില്ലന്മാരായും ചരിത്രത്തിൽ കാണാം. ഒന്നിനുപിറകെ ഒന്നായി ക്ഷേത്രങ്ങൾ നശിപ്പിച്ച് ശ്രീകോവിലിൽ ഒളിപ്പിച്ച സ്വർണ്ണവും വിലകൂടിയ ആഭരണങ്ങളും കൊള്ളയടിച്ച ഹിന്ദു രാജാക്കന്മാരുണ്ട്. അപ്പോൾ മുസ്ലീം ഭരണാധികാരികളുടെ മാത്രം തെറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മതഭ്രാന്താണ്. സത്യമല്ല. രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും മതവിശ്വാസം തന്നെയായിരുന്നു സാധാരണ ജനങ്ങളുടേതും എന്ന് കരുതുന്നതും അതുപോലെ തെറ്റാണ്. ഔറംഗസീബിന്റെ തെറ്റുകൾക്ക് എല്ലാ മുസ്ലീങ്ങളും ഉത്തരവാദികളാണോ? എങ്കിൽ ബംഗാളിലും ഗുജറാത്തിലും മറാത്തയിലെ കൊള്ളക്കാർ ചെയ്ത ക്രൂരതകൾക്ക് എല്ലാ മഹാരാഷ്ട്രക്കാർക്കുംനേരെ ആരെങ്കിലും വിരൽചൂണ്ടുമോ ?


ഇല്ലാത്ത പ്രശ്‌നങ്ങൾ കുത്തിപ്പൊക്കുന്നതിനു
പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ട്


ഇവിടെ വ്യക്തമായ ഒരു ചോദ്യം ഉയരുന്നു: നൂറ്റാണ്ടുകളായി സാധാരണക്കാരായ മുസ്ലീങ്ങൾ പ്രാർത്ഥനകൾ നടത്തിയ വസ്തുക്കൾ പെട്ടെന്ന് ഹിന്ദുഭൂമിയായി ‘കണ്ടെത്തി’ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനുപിന്നിൽ എന്തെങ്കിലും യുക്തിയുണ്ടോ? ഇന്ന് ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളിലെന്തി നോടെങ്കിലും ഇത്തരം അവകാശങ്ങൾക്കും കോലാഹലങ്ങൾക്കും ബന്ധമുണ്ടോ? പിന്നെ എന്തിനാണ് ഇത്തരം അനാവശ്യ വിഷയങ്ങൾ കുത്തിപ്പൊക്കുന്നത് ? ഉത്തരം ഏറെ അകലെയല്ല. ആർഎസ്എസ്-ബിജെപി-സംഘപരിവാറിന്റെ ഇന്ധനം ഇതാണ്. ജീവിതത്തിന്റെ എല്ലാ നീറുന്ന പ്രശ്‌നങ്ങളുടെയും സ്രഷ്ടാക്കൾ ഭരിക്കുന്ന മുതലാളിത്തമാണെന്ന വസ്തുതകൾ മറച്ചുവെക്കാനല്ലേ, അവരുടെ ആശിർവാദത്തോടെ ഭരണത്തിലേറിയ ഹിന്ദുത്വക്കൂട്ടം, ക്ഷേത്രത്തിന്റെയും മസ്ജിദിന്റെയും പേരിലുള്ള സംഘർഷങ്ങൾ സൃഷ്ടിച്ച് അതിനെ കേന്ദ്രവിഷയമാക്കി ഉയർത്തിക്കാട്ടി മുന്നോട്ട് പോകുന്നത്? ഇതുതന്നെയാണ് സംഭവിക്കുന്നത്.


‘മോദി സർക്കാർ-പുതിയ ഇന്ത്യയുടെ ശില്പികൾ’ എന്ന ഒരു ശീർഷകഗാനം ബിജെപി പുറത്തിറക്കുകയുണ്ടായി. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും വാരണാസിയിലെ കാശി വിശ്വനാഥ ഇടനാഴിയുമാണ് ഇതില്‍ പ്രമുഖമായി ഉയര്‍ത്തിക്കാട്ടുന്നത്. മഥുരയില്‍ വരാന്‍പോകുന്ന കൃഷ്ണജന്മഭൂമി ക്ഷേത്രത്തിന്റെയും ദൃശ്യം ഇതിലുണ്ട്. ഭരിക്കുന്ന കുത്തകകളുടെ വ്യക്തമായ പിന്തുണയോടെ കഴിഞ്ഞ ദശകത്തില്‍ ഹിന്ദുത്വ മതഭ്രാന്തന്മാര്‍ക്കുണ്ടായ വമ്പിച്ച ഉയര്‍ച്ച കണക്കിലെടുക്കുമ്പോള്‍, തങ്ങളുടെ ചരിത്ര നിര്‍മ്മിതികളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെടുമോ എന്നു ഭയക്കാന്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെല്ലാം കാരണങ്ങളുമുണ്ട് എന്നുപറയുന്നത് തെറ്റല്ല.


1991ലെ ആരാധനാലയങ്ങളെ സംബന്ധിച്ച നിയമം


ഈ സാഹചര്യത്തിൽ, രാം മന്ദിർ പ്രക്ഷോഭത്തിന്റെ കാലത്ത് പി.വി.നരസിംഹറാവുവിന്റെ കോൺഗ്രസ് സർക്കാർ പാസാക്കിയ ആരാധനാ സ്ഥലങ്ങളെ സംബന്ധിച്ച നിയമത്തെക്കുറിച്ച് പരാമർശിക്കേണ്ടതുണ്ട്. ഈ നിയമത്തിന്റെ ഉദ്ദേശ്യം, 1947 ആഗസ്റ്റ് 15ന് ഒരു ആരാധനാ സ്ഥലത്തിന്റെ മതപരമായ സ്വഭാവം എങ്ങനെയായിരുന്നോ അത് അതുപോലെ നിലനിർത്തുക എന്നതാണ്. ഈ ലക്ഷ്യത്തിനുണ്ടായിരുന്ന ഒരേയൊരു അപവാദം ബാബറി മസ്ജിദ് തർക്കമായിരുന്നു. നിയമത്തിന്റെ മൂന്നാം ഭാഗത്തിൽ പറയുന്നു:”ഏതെങ്കിലും മതത്തിന്റെയോ വിഭാഗത്തിന്റെയോ ആരാധനാ സ്ഥലത്തെ, അതേ മതത്തിന്റെ മറ്റൊരു വിഭാഗത്തിന്റെയോ മറ്റൊരു മതത്തിന്റെയോ ആരാധനാസ്ഥലമാക്കി മാറ്റാൻ പാടുള്ളതല്ല.” നിയമത്തിന്റെ ആറാം ഭാഗം വ്യക്തമാക്കുന്നത്:”ഭാഗം മൂന്നിന്റെ ചട്ടങ്ങളെ ലംഘിക്കുന്നയാൾക്ക് മൂന്നു വർഷം വരെ തടവും പിഴയും ചുമത്തി ശിക്ഷിക്കാവുന്നതാണ്.” ഈ നിയമത്തിന്റെ 4(1) വകുപ്പ് പ്രഖ്യാപിക്കുന്നത്:”1947 ആഗസ്റ്റ് 15ന് നിലനിന്ന ഒരു ആരാധനാസ്ഥലത്തിന്റെ മതസ്വഭാവം അങ്ങനെതന്നെ തുടരണം.” വകുപ്പ് 4(2) അനുസരിച്ച് ഈ നിയമം പ്രാബല്യത്തിൽ വരുന്ന സമയത്ത് ഏതെങ്കിലും കോടതിയിൽ ഏതെങ്കിലും ആരാധനാ സ്ഥലത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നതുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അവയൊഴികെ ആ സ്വഭാവത്തിലുള്ള മറ്റൊരു കേസും പുതുതായി ഒരു കോടതിയിലും സ്വീകരിക്കാൻ പാടുള്ളതല്ല. നിയമത്തിന്റെ 3-ാം വകുപ്പിൽ പറയുന്ന സ്വഭാവമാറ്റം എന്താണ് എന്ന് വകുപ്പ് 2(ബി)യിൽ വ്യാഖ്യാനിക്കുന്നുണ്ട്; അതായത് എന്തു തരത്തിലുള്ള മാറ്റവും ഇതിന്റെ പരിധിയിൽ വരും.
അതനുസരിച്ച്, വാരണാസി കോടതിയിൽ അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ, ഗ്യാൻവാപി മസ്ജിദിൽ ദൃശ്യമോ അദൃശ്യമോ ആയ പ്രതിഷ്ഠകൾക്ക് പൂജ നടത്തി ആരാധിക്കാനുള്ള അവകാശം ഹിന്ദുക്കൾക്ക് നൽകണമെന്ന പരാതി അംഗീകരിക്കപ്പെട്ടാൽ അതിനർത്ഥം, 1947 ആഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന ഗ്യാൻവാപി മസ്ജിദിന്റെ സ്വഭാവത്തിന് മാറ്റം വരുത്തുന്നു എന്നാണ്. വ്യക്തമായും ഇത് നിയമത്തിന്റെ മൂന്നാം ഭാഗത്തിന് എതിരാണ്. അതുകൊണ്ടുതന്നെ പരാതി നിലനിൽക്കില്ല എന്നുമാത്രമല്ല, പരാതിക്കാർ ശിക്ഷാർഹരുമാണ്. പക്ഷെ, ഫാസിസ്റ്റ് ഏകാധിപത്യം പിടിമുറുക്കുമ്പോൾ നീതിന്യായ സംവിധാനവും ഭരണാധികാരികളുടെ താല്പര്യങ്ങൾക്കും കൽപ്പനകൾക്കും വിധേയരാക്കപ്പെടുന്നു.
മേൽപ്പറഞ്ഞ നിയമം ഇപ്പോൾ ബിജെപി, സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയാണ്. നിയമത്തിന്റെ 2, 3, 4 വകുപ്പുകളുടെ ഭരണഘടനാ സാധുതയെ അവരുടെ വക്താവ് ചോദ്യം ചെയ്യുന്നു. ഭരണഘടനയുടെ 14, 15, 21, 25, 26, 29 എന്നീ വകുപ്പുകളുടെ ലംഘനവും മതേതര മൂല്യങ്ങൾക്ക് എതിരുമാണ് ഈ നിയമം എന്നാണ് അവരുടെ ഹർജിയിൽ ആരോപിക്കുന്നത്. പരമോന്നത കോടതിയുടെ മൂന്നംഗ ബെഞ്ച്, 2021 മാർച്ച് 26ന് ഈ പരാതിയിൽ നോട്ടീസ് അയയ്ക്കുകയുണ്ടായി. എന്നാൽ സുപ്രീംകോടതിയുടെ തന്നെ വിശാല ബെഞ്ച്, 2019ൽ തന്നെ, ബാബറി മസ്ജിദ് തർക്കം കൈകാര്യം ചെയ്യുന്ന വേളയിൽ ഈ നിയമത്തിന്റെ ഭരണഘടനാ സാധുത അംഗീകരിച്ചതാണ്. അന്ന് കോടതി പറഞ്ഞത്, ഈ നിയമം പുറപ്പെടുവിക്കുന്ന തിലൂടെ സർക്കാർ, എല്ലാ മതങ്ങളുടെയും തുല്യതയും മതേതരത്വവും ഉയർത്തിപ്പിടിക്കുന്നതിനുള്ള തങ്ങളുടെ ഭരണഘടനാപരമായ കടമയും ഉത്തരവാദിത്തവും പ്രയോഗത്തിൽ കൊണ്ടുവന്നു എന്നാണ്. എന്നിട്ടും ആ നിയമത്തിന്റെ പുനഃപരിശോധന നടക്കുന്നു. നിയമത്തിന്റെ ചില വകുപ്പുകൾ ചോദ്യംചെയ്തുകൊണ്ടുള്ള പുതിയ പരാതി കഴിഞ്ഞ മേയിൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്യുകയും ചെയ്തു. കാരണം, ഈ നിയമം റദ്ദാക്കിയാലല്ലാതെ ബിജെപിക്കും സംഘപരിവാറിനും തങ്ങളുടെ ഹീനമായ അജണ്ടയുമായി മുന്നോട്ടു പോകാനാവില്ല.


ചിന്തിക്കുന്ന ജനങ്ങൾ സത്യത്തെ മുറികെപ്പിടിക്കുന്നതിലൂടെയേ ഈ ഹീനമായ പദ്ധതി തുറന്നുകാട്ടാനാകൂ


ന്യൂനപക്ഷ സമുദായത്തിനു നേരെയുള്ള വെറുപ്പും അക്രമവും ഇപ്പോൾ വർദ്ധിക്കുന്നതും, ക്ഷേത്രം-മസ്ജിദ് പോലെയുള്ള കപട പ്രശ്‌നങ്ങൾക്കുമേൽ ആസൂത്രിതമായ അമിത പ്രചാരം, ചരിത്രത്തിന്റെ വളച്ചൊടിക്കലും വ്യാജചരിത്ര നിർമ്മിതിയും, ഹിന്ദുത്വ മേധാവിത്വത്തിൽ ഊന്നിയുള്ള വ്യാജ അവകാശവാദങ്ങൾക്ക് ജുഡീഷ്യൽ അംഗീകാരം നേടാനുള്ള ഗൂഢശ്രമങ്ങൾ – ഇതെല്ലാം മതത്തിന്റെ അടിസ്ഥാനത്തിൽ വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കി ഹിന്ദു ഭൂരിപക്ഷത്തിന്റെ വോട്ടുകൾ സ്വന്തമാക്കി അധികാരമുറപ്പിക്കാൻ മാത്രമല്ല. ജനജീവിതത്തെ നീറ്റുന്ന പ്രശ്‌നങ്ങളായ തീവ്രവിലക്കയറ്റം, വർദ്ധിക്കുന്ന തൊഴിലില്ലായ്മ, വളരുന്ന ദാരിദ്ര്യം, മതിയായ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യസംവിധാനങ്ങളുടെയും ലഭ്യതക്കുറവ്, പെരുകുന്ന കുറ്റകൃത്യങ്ങളും അഴിമതിയും, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലെ വളർച്ച – ഇതിനൊക്കെയെതിരെ പുകയുന്ന ജനരോഷത്തിൽനിന്നും ജനങ്ങളുടെ സംഘടിത പ്രക്ഷോഭം ഉയർന്നുവരുന്നതിനെ തകിടംമറിക്കുക എന്ന ലക്ഷ്യവും ഈ നീക്കങ്ങൾക്കുപിന്നിലുണ്ട്.
നിസ്സഹായരും ദരിദ്രരുമായ ബഹുജനങ്ങളുടെ രക്തവും മാംസവും പങ്കിടാനാണ് ഇവരുടെ വർഗ്ഗീയ ദംഷ്ട്രകൾ കാത്തിരിക്കുന്നത്. സമാധാനപരമായി ജീവിച്ചുപോന്ന അയൽക്കൂട്ടങ്ങളിൽ ചോരപ്പുഴയൊഴുക്കാൻ മാത്രമല്ല ഈ വർഗ്ഗീയവാദികൾ ശ്രമിക്കുന്നത്. ഇതുവരെ സമാധാനത്തിൽ പുലർന്ന ആ അയൽക്കൂട്ടങ്ങളിൽ തുടർന്നു താമസിക്കാൻ കഴിയാത്തവണ്ണം ഭയത്തിന്റെ വിത്തുകളും അവർ വിതയ്ക്കുന്നു. ചില സ്ഥലങ്ങളിൽ സംഭവിക്കുന്നു എന്നു പറയപ്പെടുന്ന കലാപങ്ങൾ വാസ്തവത്തിൽ കലാപങ്ങളല്ല. മറിച്ച് ചിലപ്പോഴൊക്കെ വർഗീയ ഹിന്ദുത്വയെ താലോലിക്കുന്ന ഭരണകൂടത്തിന്റെകൂടി സഹായത്തോടെ മതന്യൂനപക്ഷങ്ങൾക്കുമേലെയുള്ള ആസൂത്രിത അക്രമങ്ങളാണ്. അതായത്, ഒരു ഫാസിസ്റ്റ് ഏകാധിപത്യ ഭരണത്തിൽ മനുഷ്യരാശിക്കെതിരെയുള്ള കുറ്റങ്ങൾ, വ്യാജ മതവികാരത്തിന്റെ മുഖംമൂടിയണിഞ്ഞുകൊണ്ട്, ആസൂത്രിതമായ പിന്തിരിപ്പൻ മുന്നേറ്റത്തിൽ രാഷ്ട്രീയബോധമില്ലാത്ത ബഹുജനങ്ങളെ ആകർഷിച്ചുകൊണ്ടാണ് നടപ്പാക്കുക. അതുകൊണ്ട്, രാജ്യത്തിന്റെ ഐക്യത്തിനുതന്നെ ഗുരുതര ഭീഷണി ഉയർത്തുന്ന, മനുഷ്യബോധത്തിനും നാഗരികതയ്ക്കുംമേലെ ആളിക്കത്തിച്ച വൈകാരികതയ്ക്കു മേൽക്കോയ്മ നൽകുന്ന ആർഎസ്എസിന്റെയും ബിജെപിയുടെയും കൊടിയ വർഗീയ അജണ്ടയ്‌ക്കെതിരെ ഒറ്റക്കെട്ടായ ശബ്ദം ഉയരേണ്ടതുണ്ട്.
ജനാധിപത്യ ബോധമുള്ള ശരിയായി ചിന്തിക്കുന്ന ചരിത്രകാരന്മാരും ന്യായാധിപരും സാമൂഹ്യശാസ്ത്രജ്ഞരും മറ്റ് ബുദ്ധിജീവി കളുമടക്കം എല്ലാ വ്യക്തികളോടും ഇപ്പോഴത്തെ സാമൂഹ്യആവശ്യകത മനസ്സിലാക്കി, തങ്ങളുടെ വിജ്ഞാനവും ചിന്താശേഷിയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ പൊള്ളയായ അവകാശവാദങ്ങളെയും ചരിത്ര നിഷേധങ്ങളെയും ആർഎസ്എസിന്റെയും ബിജെപിയുടെയും കെടിയ ഹിന്ദു വർഗീയതയിൽനിന്നുവരുന്ന മനപൂർവ്വം തിരികൊളുത്തുന്ന സാമൂഹ്യ ആക്രമങ്ങളെയും തുറന്നുകാട്ടണമെന്ന് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

Share this post

scroll to top