ചെറുകിട വ്യാപാരമേഖല ഏതാണ്ട് സമ്പൂര്‍ണ തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുകയാണ്. നിലനില്‍ക്കാനാവാത്തവിധം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന രാജ്യത്തെ തൊഴില്‍ വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത് ചെറുകിട-ഇടത്തരം കടയുടമകളാണ്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ച സാമ്പത്തികനയങ്ങളാണ് ഈ തകര്‍ച്ചയിലേക്ക് ചില്ലറ വ്യാപാരമേഖലയെ എത്തിച്ചത്. തങ്ങളുടെ നയങ്ങള്‍ ഒന്നുകൊണ്ടുമാത്രം അസാധാരണമായ ജീവിതപ്രതിസന്ധിയിലേക്ക് ആഴ്ന്നുപോയ, നിസ്സഹായരായ ചെറുകിട കച്ചവടക്കാര്‍ക്ക് എന്തെങ്കിലും ആശ്വാസം എത്തിക്കാനോ നയങ്ങളില്‍ മാറ്റം വരുത്താനോ സര്‍ക്കാരുകള്‍ ഈ നിമിഷം വരെയും തയ്യാറായിട്ടില്ല. വ്യാപാരികള്‍ക്ക് അനുകൂലമായി ജനാധിപത്യ സര്‍ക്കാരുകളെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വരാനിരിക്കുന്ന ദിനങ്ങളില്‍ ചെറുകിട വ്യാപാരമേഖലയെ കാത്തിരിക്കുന്നത് വന്‍ദുരന്തമായിരിക്കുമെന്നതില്‍ സന്ദേഹമില്ല.
പ്രതിസന്ധിയുടെ ഭാരം പേറാനാകാതെ ജീവനൊടുക്കുന്ന വ്യാപാരികളുടെയും ചെറുസംരംഭകരുടെയും എണ്ണം ഭീതി പടര്‍ത്തുന്നവിധം ദേശീയതലത്തില്‍ വര്‍ദ്ധിക്കുന്നത് ഈ മേഖലയുടെ തകര്‍ച്ചയുടെ നേര്‍സാക്ഷ്യമാണ്. ചെറുകിട കച്ചവട – ചെറുകിട വ്യവസായ മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തിയവരില്‍ 11,716 പേര്‍ 2020ല്‍ മാത്രം ആത്മഹത്യ ചെയ്തതായി 2021ലെ എന്‍സിആര്‍ബി കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 19,484 പേരാണ് ജീവനൊടുക്കിയത് (എന്‍സിആര്‍ബി റിപ്പോര്‍ട്ട് 2023). അതായത് 62 ശതമാനമാണ് വര്‍ദ്ധനവ്. നോട്ടുനിരോധനത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തമാകുന്നതിനുമുമ്പ് തന്നെ, കൂനിന്‍മേല്‍ കുരു എന്ന പോലെ ചരക്കുസേവന നികുതി (ജിഎസ്‌ടി) കൂടി അടിച്ചേല്‍പ്പിക്കപ്പെട്ടതോടെയാണ് ചെറുകിട വ്യാപാരമേഖല ആഴമേറിയ പ്രതിസന്ധിയലേക്ക് നിപതിച്ചത്. ഇതിനിടയില്‍ കോവിഡ് മഹാമാരി മൂലം പലപ്പോഴായി ഏതാണ്ട് ഒരു വര്‍ഷത്തോളം കട അടച്ചിടേണ്ടി വരികയും ചെയ്തു. മഹാമാരി സൃഷ്ടിച്ച വരുമാനത്തകര്‍ച്ച, ജനങ്ങളുടെ ക്രയശേഷിയില്‍ വലിയ ഇടിവ് ഉണ്ടാക്കിയതിനെത്തുടര്‍ന്ന് വില്‍പ്പനയാകട്ടെ, നാലിലൊന്നായി കുറഞ്ഞു. ഇവയ്ക്കുപുറമേ, ഈ മേഖലയിലേയ്ക്കുള്ള കുത്തകകളുടെ കടന്നുവരവും കുത്തകാനുകൂല നയങ്ങള്‍ ജനങ്ങളെ പാപ്പരീകരിച്ചതുവഴി ഉണ്ടായ ആഴമേറിയ സാമ്പത്തിക പ്രതിസന്ധിയും വ്യാപാരത്തെ ആകെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ്, കാലാവസ്ഥാ വ്യതിയാനം, ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം, നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ ഇവയെല്ലാം ചെറുകിട വ്യാപാരമേഖലയെ വീണ്ടും തളര്‍ത്തി. കേരളത്തിലാകട്ടെ, പ്രളയം വമ്പിച്ച ആഘാതമാണ് വ്യാപാരമേഖലയില്‍ ഉണ്ടാക്കിയത്. ഏതാണ്ട് ഒന്നേകാല്‍കോടിയോളം ചില്ലറ വില്‍പ്പന ശാലകളിലായി നാലുകോടി പേരെങ്കിലും പണിയെടുക്കുകയും അത്രയുംതന്നെ കുടുംബങ്ങള്‍ ഉപജീവനം തേടുകയും ചെയ്യുന്നുണ്ട് ഈ മേഖലയില്‍. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പത്തുശതമാനം ചില്ലറ വില്‍പ്പനമേഖലയുടെ സംഭാവനയാണ്. കാര്‍ഷികമേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്നതും ആകെ തൊഴിലിന്റെ എട്ടു ശതമാനവും ചില്ലറ വില്‍പ്പന മേഖലയിലാണ്.
ചെറുകിട വ്യാപാരമേഖലയുടെ തകര്‍ച്ച: ഒന്നാംപ്രതി
ചരക്കുസേവന നികുതി
കേന്ദ്ര-സംസ്ഥാന തലങ്ങളിലായി നിലനിന്നിരുന്ന അനവധിയായ പരോക്ഷനികുതികളില്‍നിന്നും വ്യാപാരമേഖലയെ മോചിപ്പിക്കാനെന്ന പേരില്‍, ഏകീകൃതവും സംയോജിതവുമായ നികുതി സമ്പ്രദായം എന്നനിലയില്‍ ആദ്യം വാറ്റ് നടപ്പാക്കിയത് ചരക്കുസേവന നികുതി(ജിഎസ്‌ടി)ക്ക് വീഥിയൊരുക്കാന്‍ മാത്രമായിരുന്നു. ജിഎസ്‌ടി എന്ന നികുതിസമ്പ്രദായം വരുന്നിടം വരെയും സേവനങ്ങള്‍ നികുതിയുടെ പരിധിയില്‍ ഉണ്ടായിരുന്നില്ല. പ്രസ്തുതമേഖലയിലേക്കുകൂടി നികുതി വ്യാപിപ്പിച്ച്, ജനങ്ങളെ വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് എടുത്തെറിഞ്ഞു. ലോകത്തെ ഏറ്റവും ഉയര്‍ന്ന ജിഎസ് ടി നിരക്കാണ് ഇന്ത്യയില്‍ നടപ്പാക്കിയിട്ടുള്ളത്. കഴിഞ്ഞ എഴ് വര്‍ഷത്തിനുള്ളില്‍ ചരക്കുസേവന നികുതി വഴി കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുത്തത് 86 ലക്ഷം കോടി രൂപയാണ്! ഒരു രാജ്യം, ഒരു നികുതി, ഒരു കമ്പോളം എന്ന ആകര്‍ഷകമായ മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ജിഎസ്‌ടി, ഫലത്തില്‍ ഭീമമായ നികുതി ഭാരം സാധാരണ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങളെ പാപ്പരാക്കുകയും ഒപ്പം ചെറുകിട വ്യാപാരമേഖലയുടെ മരണം ഉറപ്പാക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ നികുതി അടച്ച്, രാജ്യം മുഴുവന്‍ വില്‍ക്കാന്‍ സാഹചര്യമൊരുക്കിയത് റീട്ടെയ്ൽ രംഗത്തെ വന്‍കിട കുത്തകകള്‍ക്കുവേണ്ടി മാത്രമാണ്. അവരുടെ കച്ചവടം വിഘ്‌നരഹിതമായി മുന്നേറാന്‍ ഏറ്റവും അനുകൂലമായ നികുതിഘടനയാണ് ജിഎസ്‌ടി. അതിനാലാണ് വന്‍വ്യവസായികളും കുത്തകകളും ഉല്‍പ്പാദകരും ചരക്കുസേവന നികുതിയെ സ്വാഗതം ചെയ്തത്. അക്കാരണംകൊണ്ടുതന്നെ ജിഎസ് ടി ചെറുകിട കച്ചവടക്കാരുടെ മരണമണിയായി മാറുകയും ചെയ്തു.
ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് ജിഎസ്‌ടി. ഉല്‍പ്പാദനം മുതല്‍ ഉപഭോഗംവരെയുള്ള ഓരോ ഘട്ടങ്ങളിലും ചുമത്തപ്പെടുകയും എല്ലാ ഘട്ടങ്ങളിലും അടച്ച നികുതി കുറവുചെയ്യുകയും ചെയ്യുന്ന വിധമാണ് ജിഎസ്‌ടിയുടെ ക്രമീകരണം. ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മൂല്യവര്‍ദ്ധനവിനാണ് നികുതി ചുമത്തപ്പെടുന്നത് എന്നതുകൊണ്ട് നികുതിയുടെ ഭാരം സഞ്ചിതമായി അന്തിമഉപഭോക്താവിനുമേല്‍ പതിക്കും. അഞ്ചുശതമാനം മുതല്‍ ഇരുപത്തിയെട്ട് ശതമാനംവരെയാണ് നികുതി നിരക്ക് എന്നതിനാല്‍ ഭീമമായ വിലക്കയറ്റമാണ് ജിഎസ്‌ടിയുടെ പ്രത്യക്ഷഫലം. താങ്ങാനാവാത്ത വില ജനങ്ങളുടെ ക്രയശേഷിയെ വീണ്ടും കുറയ്ക്കാനിട യാക്കുകയും കച്ചവടം വീണ്ടും ഇടിയാന്‍ കാരണമാവുകയും ചെയ്യുന്നു. ചെറുകിട വ്യാപാരമേഖലയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.
നിരവധി വ്യവസ്ഥകളിലൂടെ ജിഎസ്‌ടി ചില്ലറ വ്യാപാരികള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് നിഷേധിക്കുന്നു
വായ്ത്താരികള്‍ എന്തുതന്നെയായാലും ചെറുകിട വ്യാപാരികളെ സംബന്ധിച്ചിടത്തോളം നികുതി അടയ്ക്കല്‍ പ്രക്രിയ സങ്കീര്‍ണവും അസാധ്യവുമാക്കിയിരിക്കുന്നു ജിഎസ്‌ടി. ഇതില്‍ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റാണ് ഒരു പ്രധാന വില്ലന്‍. വ്യാപാരത്തിന്റെ മുന്‍ഘട്ടത്തില്‍ അടച്ച നികുതി അടുത്ത ഘട്ടത്തില്‍ ഇളവ് ചെയ്യുന്നതാണ് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ്. ആദ്യവ്യാപാരത്തില്‍ അഥവാ ഉല്‍പാദനത്തിന്റെ ഘട്ടത്തില്‍ അടച്ച നികുതിപ്പണം വ്യാപാരത്തിന്റെ ഓരോ ഘട്ടത്തിലും കിഴിവായി ലഭിക്കുവാന്‍ സഹായിക്കുകയും നികുതിക്കുമേലുള്ള നികുതിഭാരം ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റിന്റെ ലക്ഷ്യം. എന്നാല്‍ ചെറുകിട വ്യാപാരികള്‍ക്ക് അര്‍ഹമായ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാക്കുതിനുള്ള വിഘ്‌നങ്ങള്‍ നിരവധിയാണ്. സാധനമോ സേവനമോ വാങ്ങുമ്പോള്‍ വ്യാപാരി സ്വന്തം കീശയില്‍ നിന്നാണ് നികുതി കൊടുക്കുന്നത്. ആ നികുതി, വില്‍പ്പന നടത്തിയ വ്യാപാരി സര്‍ക്കാരിലേയ്ക്ക് റിട്ടേണ്‍ അടയ്ക്കുന്നു. എന്നാല്‍ വാങ്ങിയ വ്യാപാരി തന്റെ റിട്ടേണില്‍, നിശ്ചിതസമയത്തിനുള്ളില്‍ ഇന്‍പുട്ട് അവകാശപ്പെടുന്നില്ലെങ്കില്‍ അയാള്‍ക്ക് പണം നഷ്ടമാകുമെന്നുമാത്രമല്ല, അതുമായി ബന്ധപ്പെട്ട ചരക്കോ സേവനമോ മറിച്ച് നല്‍കുമ്പോള്‍ വീണ്ടും സ്വന്തം കൈയില്‍നിന്ന് നികുതിപ്പണം മുഴുവന്‍ അടക്കേണ്ടിവരും. ഉദാഹരണത്തിന് 10ലക്ഷംരൂപയുടെ ചരക്കുവാങ്ങുന്ന വ്യാപാരി 18 ശതമാനം നികുതി ഉള്‍പ്പെടെ 11,80,000 രൂപ കൊടുത്ത് സാധനം വാങ്ങണം. അതേ ഉല്‍പ്പന്നം 12 ലക്ഷം രൂപയ്ക്ക് വീണ്ടും വില്‍ക്കുമ്പോള്‍ അതിന്റെ 18 ശതമാനം നികുതി 2,16,000 രൂപ അടയ്ക്കണം. 2,16,000 രൂപയില്‍, ഇതിനോടകംതന്നെ 18 ശതമാനം നികുതി(1,18,000) അടച്ചിട്ടുണ്ട് എന്നതുകൊണ്ട്, ഉല്‍പ്പന്നം വാങ്ങിയപ്പോള്‍ വ്യാപാരി അടച്ച നികുതി (ഇന്‍പുട് ടാക്‌സ്) 1,18,000 രൂപ കിഴിച്ച് 36,000 രൂപ അടച്ചാല്‍ മതിയാകും. ഇതാണ് സാധാരണഗതിയില്‍ പ്രതീക്ഷിക്കപ്പെടുന്ന പ്രക്രിയ. എന്നാല്‍ ഇന്‍പുട് ടാക്‌സ് നിഷേധിക്കപ്പെടാനുള്ള നിരവധി വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ സാധാരണപ്രക്രിയ നടക്കാതെ പോകുന്നു എന്നതാണ് ചെറുകിട കച്ചവടക്കാര്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നം. കേന്ദ്രനികുതി, സംസ്ഥാന നികുതി, ഇന്റര്‍സ്റ്റേറ്റ് നികുതി എന്നിങ്ങനെ മൂന്ന് ഹെഡില്‍ നികുതിയടക്കേണ്ടിവരുമ്പോള്‍ ഏതെങ്കിലും ഹെഡ് മാറിപ്പോയാലോ, ഇന്‍പുട് ടാക്‌സിന് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞുപോയാലോ, പിശകുകള്‍ തിരുത്താന്‍ അവസരമില്ല എന്നതിനാലുമൊക്കെ ഇന്‍പുട് ടാക്‌സ് നിഷേധിക്കപ്പെടും. അങ്ങിനെ വന്നാല്‍ മുഴുവന്‍ തുകയും – മുകളിലത്തെ ഉദാഹരണത്തില്‍ 2,16,000 രൂപയും – വ്യാപാരി അടയ്‌ക്കേണ്ടിവരും എന്നതാണ് വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നം.
റിട്ടേണ്‍ അടയ്ക്കല്‍, ചെറുകിട – ഇടത്തരം വ്യാപാരികള്‍ക്ക് സ്വന്തം നിലയില്‍ ചെയ്യാനാവുന്ന വിധം ലളിതമല്ല എന്നതിനാല്‍ പണം ചെലവഴിച്ച് അവര്‍ ടാക്‌സ് പ്രാക്ടീഷണര്‍മാരെ നിയോഗിക്കേണ്ടി വരുന്നു. റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് എന്തെങ്കിലും ഒരു പിശകുപറ്റിയാല്‍ അത് തിരുത്തുവാന്‍ അവസരമില്ല. തുടര്‍ന്നുവരുന്ന മാസത്തെ റിട്ടേണില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തി പരിഹരിക്കാനും വാര്‍ഷിക റിട്ടേണിലും ഓഡിറ്റ് റിപ്പോര്‍ട്ടിലും ഈ വരുന്ന വ്യത്യാസങ്ങളെ റീകണ്‍സൈല്‍ ചെയ്യുവാനും ആവശ്യപ്പെടുന്നുണ്ടെങ്കിലും പലപ്പോഴും അതിനുള്ളില്‍ ഇന്‍പുട് ടാക്‌സ് അവകാശപ്പെടാനുള്ള സമയം കഴിഞ്ഞിരിക്കും. അതാകട്ടെ, ഇന്‍പുട് ടാക്‌സ് നിഷേധിപ്പെടുന്നതിനിടയാക്കുകയും ചെയ്യും. എന്നാല്‍ കേന്ദ്രസര്‍ക്കാരിലേയ്ക്ക് അടയ്‌ക്കേണ്ടുന്ന നികുതിപണം തെറ്റായി സംസ്ഥാന സര്‍ക്കാരിലേയ്ക്കാണ് അയയ്ക്കുന്നതെങ്കില്‍ പണം പിന്‍വലിച്ച് തിരിച്ചടയ്ക്കാന്‍ നിയമമുണ്ട്. അതായത് വ്യാപാരി അടച്ച പണം കൃത്യമായി നികുതിപ്പെട്ടിയില്‍ വീഴുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ വ്യാപാരിക്ക് തിരികെ ലഭിക്കേണ്ടുന്ന അയാളുടെ സ്വന്തം പണം നിഷേധിക്കുകയും ചെയ്യുന്നു. കച്ചവടക്കാരെ ദ്രോഹിക്കാന്‍ വേണ്ടി മാത്രം രൂപപ്പെടുത്തിയിട്ടുള്ള നികുതി ഘടനയായി ജിഎസ്‌ടി മാറിയിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇന്‍പുട് ടാക്‌സ് നിഷേധിക്കപ്പെടുന്നതുവഴി ചരക്ക് ഉല്‍പ്പാദിപ്പിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്‍ നല്‍കുന്നതിനെക്കാള്‍ നികുതി ചെറുകിട വ്യാപാരികള്‍ കൈയില്‍നിന്ന് മുടക്കേണ്ടിവരുന്നു. ഭീമമായ വായ്പയെടുത്തും കെട്ടുതാലി പണയപ്പെടുത്തിയും സ്വയം ഒരു തൊഴില്‍ കണ്ടെത്തി ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സാധാരണക്കാരനെ ഈ ഉപജീവനമാര്‍ഗ്ഗത്തില്‍ നിന്നും എങ്ങിനെയും പുറത്താക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്.
ഉല്‍പന്നം വിറ്റ വ്യാപാരി സര്‍ക്കാരിലേയ്ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്ത്ത,് വാങ്ങിയ വ്യാപാരിയുടെ ഫോം 2 എ-യിലേക്ക് അപ്‌ലോഡ് ആയെങ്കില്‍ മാത്രമേ വാങ്ങിയ വ്യാപാരിയ്ക്ക് ഇന്‍പുട് എടുക്കാന്‍ സാധിക്കുകയുള്ളൂ. ഉല്‍പന്നം വിറ്റ വ്യാപാരി വാങ്ങിയ വ്യാപാരിയുടെ ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍(ടിന്‍) തെറ്റായി രേഖപ്പെടുത്തുകയോ മറ്റെന്തെങ്കിലും പിശകുവരുത്തുകയോ ചെയ്താല്‍ വാങ്ങിയ വ്യാപാരിയുടെ ഫോം 2 എ-യില്‍ അത് വരില്ല. അങ്ങിനെ സംഭവിച്ചാല്‍ അയാള്‍ക്ക് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് കിട്ടില്ല. ഒട്ടനവധി ക്രയവിക്രയങ്ങള്‍ക്കിടയില്‍ ഒരെണ്ണത്തിന്റെ വിശദാംശങ്ങള്‍ തന്റെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ വന്നോ ഇല്ലയോ എന്നത് അറിയാതെ പോവുക സ്വഭാവികം മാത്രം. നിശ്ചിതസമയത്തിനുള്ളില്‍ അയാള്‍ക്ക് അത് ക്ലെയിം ചെയ്യാന്‍ പറ്റാതെ പോകുന്നതുവഴി സ്വന്തം പണം അയാള്‍ക്ക് നഷ്ടപ്പെടുക തന്നെ ചെയ്യും. വിറ്റ വ്യാപാരി ടാക്‌സ് അടച്ചില്ലെങ്കിലും വാങ്ങിയ വ്യാപാരിക്ക് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് കിട്ടില്ല. ഫലത്തില്‍ ഒരു ഉല്‍പ്പന്നം വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും നികുതി ഈടാക്കപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. ചുരുക്കത്തില്‍ ചെറുകിട – ഇടത്തരം വ്യാപാരികള്‍ അകപ്പെട്ടുപോയിരിക്കുന്ന ഊരാക്കുടുക്കായി ജിഎസ്‌ടി മാറിയിരിക്കുന്നു. ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് വ്യാപാരികള്‍ക്ക് ഇപ്രകാരം പണം നഷ്ടപ്പെടുകയും അതില്‍ ഗണ്യമായ ഒരു വിഭാഗത്തിന് കട പൂട്ടുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്.
ഉപജീവനത്തിനായി സ്വന്തമായി എത്ര ചെറിയ സംരംഭം ആരംഭിക്കുന്നവരും ജിഎസ്‌ടിയില്‍ രജിസ്‌ട്രേഷന്‍ എടുക്കാന്‍ നിര്‍ബ്ബന്ധിതമാവുകയാണ്. സേവന വ്യാപാരങ്ങള്‍ക്ക് 20 ലക്ഷത്തിനും ചരക്ക് വ്യാപാരത്തിനു 40 ലക്ഷത്തിനും മുകളില്‍ വാര്‍ഷിക ടേണ്‍ഓവര്‍ ഉള്ള സ്ഥാപനങ്ങള്‍ ജിഎസ് ടി രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയെന്ന് പരിധി വച്ചിട്ടുണ്ടെങ്കിലും രജിസ്‌ട്രേഷന്‍ ഇല്ലാത്ത കമ്പനികളില്‍നിന്നും ഉല്‍പ്പന്നം വാങ്ങാന്‍ സ്ഥാപനങ്ങള്‍ മടിക്കുമെന്നതിനാല്‍ ഏവരും രജിസ്‌ട്രേഷന്‍ എടുക്കേണ്ടിവരുന്നു. അധികം വ്യാപാരമൊന്നും നടന്നില്ലെങ്കിലും നികുതി വകുപ്പിന് പലിശ, ലേറ്റ് ഫീ, പെനാല്‍റ്റി തുടങ്ങിയവയെല്ലാം അടച്ച് സ്ഥാപനം അധികം വൈകുന്നതിനുമുമ്പ് കഴുത്തറ്റം കടത്തില്‍ മുങ്ങിയിരിക്കും. നിരവധി പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുകയും ഒട്ടും വൈകാതെ അവ അടച്ചുപൂട്ടിപ്പോകുന്നതും ഇക്കരാണത്താലാണ്. അവയുടെയെല്ലാം അന്തകന്‍ ജിഎസ്‌ടിയാണ്. ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുമെന്ന് പെരുമ്പറ മുഴക്കുന്ന സര്‍ക്കാരുകള്‍ തന്നെ ജിഎസ്‌ടി നടപ്പാക്കി അവയെ ഇല്ലാതാക്കുകയാണ്.
അടയ്ക്കാന്‍ വൈകുന്ന നികുതിയുടെ മേല്‍ ജിഎസ്‌ടി ചുമത്തുന്നത് 18 ശതമാനം കൊള്ളപ്പലിശ!
ജിഎസ്‌ടി വന്നതിനുശേഷമുള്ള മറ്റൊരു പ്രശ്‌നം ജിഎസ്‌ടി കൗണ്‍സില്‍ പുറപ്പെടുവിക്കുന്ന അടിക്കടിയുള്ള ഉത്തരവുകളാണ്.
ഇതിനകം അഞ്ഞൂറോളം പരിഷ്‌ക്കാരങ്ങളോ ഭേദഗതികളോ നിയമത്തില്‍ വരുത്തിക്കഴിഞ്ഞു. അടിക്കടി മാറിക്കൊണ്ടിരിക്കുന്ന ജിഎസ്‌ടി നിയമങ്ങളും ചട്ടങ്ങളും ടാക്‌സ് പ്രാക്റ്റീഷണര്‍മാര്‍ക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലും മനസ്സിലാക്കാന്‍ അത്യദ്ധ്വാനം ചെയ്യേണ്ടിവരുമ്പോള്‍ സാധാരണക്കാരായ ചില്ലറ വ്യാപാരികള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക? വന്‍കിട റീട്ടെയില്‍ കുത്തകകളെ സംബന്ധിച്ചിടത്തോളം അവരുടെ കോര്‍പ്പറേറ്റ് ഓഫീസുകളിലെ ജീവനക്കാര്‍ക്കും ടാക്‌സ് വിഭാഗത്തിനും ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. എന്നാല്‍ ഒന്നോ രണ്ടോ ജോലിക്കാരെ നിയോഗിച്ച് ഒരു ചെറിയ കട നടത്തുന്ന സാധാരണക്കാരനായ വ്യാപാരിക്ക് നിത്യേനയുണ്ടാകുന്ന ഈ മാറ്റങ്ങള്‍ അറിയാന്‍ നിര്‍വാഹമില്ലാതെ പോകുന്നതിനാല്‍ ജിഎസ്‌ടിയുടെ കുരുക്കുകളില്‍ പെട്ട് ഉഴലുക മാത്രമേ വഴിയുള്ളൂ. ഏതെങ്കിലും ഇനത്തില്‍ അടയ്‌ക്കേണ്ടുന്ന തുകയെ സംബന്ധിച്ച് നികുതിവകുപ്പില്‍ നിന്നും അറിയിപ്പുണ്ടായാല്‍, പ്രസ്തുത ഡിമാന്റ് തുക ഇന്‍സ്റ്റാള്‍മെന്റായി അടയ്ക്കാന്‍ സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍ ഒറ്റത്തവണയായി അടയ്ക്കണം. കൈവശമുള്ളത് അടയ്ക്കാമെന്നുവച്ചാല്‍ സിസ്റ്റത്തില്‍ അതിനുള്ള ഓപ്ഷനുമില്ല. നിശ്ചിത തീയതിക്കുമുമ്പ് അടയ്ക്കാന്‍ വൈകിയാല്‍ വ്യാപാരി അടയ്‌ക്കേണ്ട പലിശ 18 ശതമാനമാണ്. വാറ്റിന്റെ ഘട്ടത്തില്‍ 12 ശതമാനമായിരുന്ന പലിശയാണ് ഇപ്പോള്‍ 18 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നത്. ഇ മെയിലില്‍ മാത്രം വരുന്ന അറിയിപ്പുകള്‍ എന്തെങ്കിലും കാരണവശാല്‍ ശ്രദ്ധയില്‍പ്പെടാതെ പോയാല്‍ ഈ കഴുത്തറപ്പന്‍ പലിശക്കു ഇരയാവുകയേ പാവപ്പെട്ട കച്ചവടക്കാരനു മാര്‍ഗ്ഗമുള്ളൂ. പലിശ പെരുകിപ്പെരുകി കടക്കെണിയുടെ കുരുക്കിലകപ്പെട്ടിട്ടുള്ളത് കേരളത്തില്‍ മാത്രം നൂറുകണക്കിന് ചെറുകിട വ്യാപാരികളാണ്.
വ്യാപാരികള്‍ നേരിടുന്ന അന്തമില്ലാത്ത ഈ വിഷയങ്ങള്‍ അധികാരികളുടെ മുമ്പില്‍ അവതരിപ്പിച്ച് പരിഹരിക്കാനുള്ള അപ്പീല്‍ സംവിധാനങ്ങളും വ്യാപാരികള്‍ക്കെതിരാണ്. നികുതി അടയ്ക്കാനുള്ള ഉത്തരവുവന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അപ്പീല്‍ ഫയല്‍ ചെയ്യണം. അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള കാലതാമസം മാപ്പാക്കാന്‍ അപ്പീല്‍ അധികാരിക്ക് അധികാരമില്ല. അങ്ങനെവന്നാല്‍ പണം അടയ്ക്കുകയേ നിര്‍വാഹമുള്ളൂ. അതല്ലെങ്കില്‍ കടയുടമയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യും. അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന തുകയുടെ പത്തുശതമാനം അടച്ചാല്‍ മാത്രമേ ഒരാളുടെ അപ്പീല്‍ സ്വീകരിക്കുക പോലുമുള്ളൂ. നികുതി വകുപ്പ് അയച്ചത് തെറ്റായ ഉത്തരവാണെങ്കിലും പണം അടച്ചിട്ട് മാത്രമേ അപ്പീല്‍ പോകാന്‍ സാധിക്കുകയുള്ളൂ. 2017 ജൂലൈ ഒന്നിന് അര്‍ദ്ധരാത്രിയില്‍ ജിഎസ്‌ടി ആവിഷ്‌കരിച്ചുകൊണ്ട് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത് ജിഎസ്‌ടി വ്യാപാരി സൗഹൃദപരമായിരിക്കുമെന്നാണ്. എന്നാല്‍ കോടിക്കണക്കിന് ഉപഭോക്താക്കളില്‍ നിന്ന് പ്രതിമാസം 2 ലക്ഷം കോടി രൂപ നികുതി പിരിച്ച്, സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കുന്ന ചെറുകിട കച്ചവടക്കാരനെ ജിഎസ്‌ടിയിലൂടെ സര്‍ക്കാരുകള്‍ ശത്രുവാക്കി പ്രഖ്യാപിക്കുകയാണ് ചെയ്തത്.
എല്ലാ നോട്ടീസുകളും ഉത്തരവുകളും ഓണ്‍ലൈനിലൂടെയാണ് എത്തുന്നത് എന്നതാണ് മറ്റൊരു ഗൗരവപ്പെട്ട പ്രശ്‌നം. ചെറുകിട വ്യാപാരികള്‍ക്ക് ഇത് എപ്പോഴും കരഗതമാകണമെന്നില്ല. മാത്രമല്ല, ജിഎസ്‌ടി നിയമത്തില്‍ മതിയായ പരിജ്ഞാനം ഉണ്ടാകണം എന്നുമില്ല. ജപ്തി ഉത്തരവും ഉത്തരവിറക്കുന്നതിന് മുമ്പുള്ള നോട്ടീസും എല്ലാം ഓണ്‍ലൈനിലാണ് വരുന്നത്. ആദ്യവര്‍ഷങ്ങളില്‍ 80 ശതമാനം ചെറുകിട വ്യാപാരികളും ഈ ഉത്തരവുകള്‍ വന്നതൊന്നും അറിഞ്ഞിരുന്നില്ലത്രേ. ഉത്തരവുകളെല്ലാം വന്ന് സമയപരിധി കഴിഞ്ഞ് റവന്യൂറിക്കവറിയിലേയ്ക്ക് കാര്യങ്ങള്‍ പോകുമ്പോഴാണ് ചെറുകിട വ്യാപാരികള്‍ വിഷയം അറിയുന്നതുതന്നെ. അതിനാല്‍ തങ്ങള്‍ അറിഞ്ഞിട്ടില്ലാത്തതും കൈപ്പറ്റിയിട്ടില്ലാത്തതുമായ നോട്ടീസുകളിലും ഉത്തരവുകളിലുമായി പതിനായിരക്കണക്കിന് ചെറുകിട വ്യാപാരികളാണ് ജപ്തിനടപടികളില്‍ പെട്ടുപോയിരിക്കുന്നത്. അപ്പീല്‍ പോകാന്‍ സമയപരിധി കഴിഞ്ഞതിനാലും 10 ശതമാനം പണം അടയ്ക്കാനില്ലാത്തതിനാലും തീര്‍ത്തും അന്യായമായി കെണിയില്‍ പെട്ടുപോയിരിക്കുന്നു ആയിരക്കണക്കിന് വ്യാപാരികള്‍. ഇതിനു പ്രതിവിധിയായി പോയ വര്‍ഷങ്ങളിലെ അപ്പീല്‍ ഫയല്‍ ചെയ്യുവാനും നിര്‍ദ്ദിഷ്ട സമയത്ത് നികുതി അടയ്ക്കാന്‍ സാധിക്കാതെ പോയതിനാല്‍ രജിസ്‌ട്രേഷനില്‍നിന്നും പുറത്തുപോയവരെ സഹായിക്കാനുമായി ആംനസ്റ്റി സ്‌കീം കൊണ്ടുവന്നെങ്കിലും 12 ശതമാനം പണം കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നതിനാല്‍ അതും പ്രയോജനരഹിതമായി.
കൊള്ളപ്പലിശ, പെനാല്‍റ്റി, ലേറ്റ് ഫീസ് – പിടിച്ചുപറിയായി മാറിയ
ജിഎസ്‌ടി
നികുതി അടവില്‍ വീഴ്ചവരുത്തിയാല്‍ 18 ശതമാനം പലിശ അടയ്ക്കണം. വാറ്റിന്റെ കാലത്ത് കേരളത്തില്‍ അത് 12 ശതമാനം ആയിരുന്നു. റിക്കവറി ഉത്തരവ് വന്നാല്‍ മിനിമം 10 ശതമാനം പെനാല്‍റ്റി അടയ്ക്കണം. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ അത് ഏതുകാരണം കൊണ്ടായാലും വൈകുന്ന ഓരോ ദിവസത്തിനും ലേറ്റ് ഫീസ് അടയ്ക്കണം. പരമാവധി 5000 രൂപയാണ് ലേറ്റ് ഫീ. വാറ്റ് കാലഘട്ടത്തില്‍ ദിവസം കണക്കാക്കിയുള്ള ലേറ്റ് ഫീ ഉണ്ടായിരുന്നില്ല. ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പെനാല്‍റ്റി നിര്‍ബന്ധമായിരുന്നില്ല. ഓഫീസര്‍ക്ക് റിട്ടേണ്‍ ഡിഫോള്‍ട്ട് പെനാല്‍റ്റി ഇളവ് നല്‍കാന്‍ അവകാശമുണ്ടായിരുന്നു. മറുഭാഗത്തെ കേള്‍ക്കാനും യുക്ത്യനുസൃതം പീനല്‍ വകുപ്പുകള്‍ ഉപയോഗിക്കാനുമുള്ള ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തെ ഇല്ലാതാക്കി. പകരം കമ്പ്യൂട്ടര്‍ കാല്‍ക്കുലേഷനെ മാത്രം അധികരിച്ചുള്ള കൈകാര്യം ചെയ്യലിന്റെ ക്രൂരതയിലേയ്ക്ക് ചെറുകിട ഇടത്തരം വ്യാപാരികളെ ജിഎസ്‌ടി എടുത്തെറിഞ്ഞു.
ഭരണഘടനയുടെ ഫെഡറലിസം എന്ന അടിസ്ഥാന തത്വത്തെ മറികടക്കാന്‍ ജിഎസ് ടി കൗണ്‍സില്‍ ഉണ്ടാക്കി. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് എല്ലാ അധികാരവും കേന്ദ്രത്തിന്റെ കൈപ്പിടിയിലൊതുക്കി. ജിഎസ്‌ടി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ക്ക് കേന്ദ്രവോട്ട് നിര്‍ണായകമാണ്. ഫലത്തില്‍ ജിഎസ്‌ടി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ കേന്ദ്രം കല്‍പ്പിക്കുന്നിടത്തെത്തി. പാര്‍ലമെന്റും നിയമസഭയും ജിഎസ്‌ടി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഉപകരണങ്ങളായി മാറി.
അങ്ങിനെ, സ്വദേശത്തെയും വിദേശത്തെയും റീട്ടെയ്‍ൽ ഭീമന്മാര്‍ക്കും കുത്തകകള്‍ക്കും ലാഭക്കൊയ്ത്ത് നടത്താന്‍ അടിച്ചേല്‍പ്പിച്ച ജിഎസ്‌ടി ചെറുകിട – ഇടത്തരം വ്യാപാരികളുടെ കഴുത്തറത്തു. ബഹുജനങ്ങളെ അതിരൂക്ഷമായ വിലക്കയറ്റത്തിലേക്ക് വലിച്ചെറിഞ്ഞു.
ചില്ലറവ്യാപാരരംഗത്തേയ്ക്കുള്ള കുത്തകകളുടെ കടന്നുവരവ് ചില്ലറ വ്യാപാരമേഖലയെ നിലംപരിശാക്കി
ചില്ലറവ്യാപാരരംഗത്തേയ്ക്കുള്ള കുത്തകകളുടെ കടന്നുവരവാണ് ചെറുകിട വ്യാപാരമേഖലയുടെ തകര്‍ച്ചയുടെപ്രധാനപ്പെട്ട ഒരു കാരണം. ആഗോളവത്ക്കരണനയങ്ങളിലൂടെയാണ് എല്ലാം കൈപ്പിടിയിലൊതുക്കുവാനുള്ള ദുരയുമായി കടന്നുവന്ന മുതലാളിത്ത സാമ്രാജ്യത്വശക്തികള്‍, രാജ്യത്തെ ബൃഹത്തായ ചെറുകിട വ്യാപാരമേഖല പിടിച്ചെടുക്കുവാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ ആരംഭിച്ചത്. അതിന് സഹായകരമായ നിയമങ്ങളും നയങ്ങളും പടിപടിയായി ആവിഷ്‌ക്കരിക്കുകയും ചെയ്തു. നികുതി ഏകീകരിക്കുക എന്ന താല്‍പര്യത്തോടെ ആരംഭിച്ച വാല്യു ആഡഡ് ടാക്‌സ് അഥവാ വാറ്റ്(VAT) ഈ നീക്കങ്ങളുടെ ആദ്യപടിയായിരുന്നു. കുത്തകകളെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാന്‍ പര്യാപ്തമായിരുന്ന ‘മൊണോപൊളീസ് ആന്റ് റിസ്ട്രിക്ടീവ് ട്രേഡ് പ്രാക്ടീസസ് (എംആര്‍ടിപി) ആക്ട് 1969’നുപകരം കുത്തകകള്‍ക്ക് സര്‍വസ്വാതന്ത്ര്യം നല്‍കുന്ന ‘കോമ്പറ്റീഷന്‍ ആക്ട്’2002ല്‍ നടപ്പിലാക്കി. ഒരു പരിധിയുമില്ലാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ കുത്തകകളെ അനുവദിക്കുന്ന ഭേദഗതി കൊണ്ടുവന്ന് കുത്തക സംഭരണ നിയന്ത്രണ നിയമം പൊളിച്ചടുക്കി. എല്ലാത്തരം ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി ഉദാരമാക്കി. ആദ്യം ഏക ബ്രാന്റ് ഉല്‍പ്പന്നങ്ങളുടെയും പിന്നീട് മൾട്ടിബ്രാന്റ് ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ വിദേശ നിക്ഷേപം അനുവദിച്ചു. അങ്ങനെ വന്‍കിട റീട്ടെയ്‌ൽ കുത്തകകളുടെ സര്‍വ്വസ്വാതന്ത്ര്യത്തോടെയുള്ള ലാഭവേട്ടയ്ക്കായി രാജ്യത്തിന്റെ വ്യാപാരമേഖല തുറന്നുകൊടുത്തു.
നിലവിലുള്ള ചില്ലറ വില്‍പ്പന സമ്പ്രദായത്തില്‍ വില്‍പനയുടെ നിരവധി ഘട്ടങ്ങള്‍ അനിവാര്യമാെണന്നതിനാല്‍ ഓരോ ഘട്ടത്തിലും ചേര്‍ക്കപ്പെടുന്ന ലാഭവും നികുതിയും അന്തിമമായി ഉല്‍പ്പന്നങ്ങളുടെ വിലയില്‍ പ്രതിഫലിക്കുന്നു. എന്നാല്‍ സംഘടിത ചില്ലറ വ്യാപാരകുത്തകയെ സംബന്ധിച്ചിടത്തോളം സംഭരണവും വിപണനവും ഒരാള്‍തന്നെയാണ് എന്നതിനാല്‍ പലഘട്ടങ്ങളിലായി വന്നുചേരുന്ന വിലവര്‍ദ്ധനവും ആനുപാതികമായ നികുതി വര്‍ദ്ധനവും ഒഴിവാക്കപ്പെടും. താരതമ്യേന കുത്തകവ്യാപാരിക്ക് ആദ്യഘട്ടത്തില്‍ ചില്ലറവ്യാപാര മേഖലയേക്കാള്‍ വിലകുറച്ചു നില്‍കാനുള്ള സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടും. അങ്ങനെ ഉപഭോക്താക്കളെ ആകര്‍ഷിച്ച് കച്ചവടം കൊഴുപ്പിക്കുന്നതോടെ ചില്ലറ വില്‍പ്പനശാലകള്‍ വന്‍തോതില്‍ അടച്ചുപൂട്ടപ്പെടും. വ്യാപാരമേഖല തങ്ങളുടെ പൂര്‍ണ്ണവരുതിയാലാകുന്നതോടെ, ഉല്‍പ്പന്നങ്ങളുടെ വില യഥേഷ്ടം കുത്തകകള്‍ നിര്‍ണ്ണയിക്കും. അതോടെ ബഹുജനങ്ങള്‍ അവരുടെ അതിരില്ലാത്ത ചൂഷണത്തിനിരയാവുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിലേക്കാണ് രാജ്യം ക്രമേണ നടന്നടുക്കുന്നത്.
വാറ്റിനെതിരെ കേരളത്തില്‍ വ്യാപാരികള്‍ നടത്തിയ ന്യായമായ പ്രക്ഷോഭത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട്, ചില്ലറ വില്‍പ്പന രംഗത്തേയ്ക്കുള്ള കുത്തകകളുടെ കടന്നുവരവ് സൃഷ്ടിക്കാനിടയുള്ള വിപത്തുകളെ സംബന്ധിച്ച് 2005 മാര്‍ച്ച്, 25ന് യൂണിറ്റി താഴെപ്പറയുന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘വിതരണ ശൃംഖല നീളുന്നതിനനുസരിച്ച് ഓരോ ഘട്ടത്തിലുമുണ്ടാകുന്ന മൂല്യവര്‍ദ്ധിത നികുതിയും വിലവര്‍ദ്ധനവും ഒരു ഭാഗത്ത്. രേഖകളും കണക്കുകളും സൂക്ഷിക്കുന്നതിലുള്ള സങ്കീര്‍ണതകളും ഭീമമായ ചെലവും പീഡനവും അപമാനവും മറുഭാഗത്ത്. ഇരു ഭാഗത്തുനിന്നുമുള്ള ഈ സമ്മര്‍ദ്ദം ചില്ലറവ്യാപാരരംഗത്തുനിന്നും ചെറുകിടക്കാരെ പുകച്ചു പുറത്തുചാടിക്കും. വ്യാപാരരംഗം സമ്പൂര്‍ണമായും സംഘടിത ചില്ലറ വ്യാപാരികളുടെ നിയന്ത്രണത്തിലാകും. ഇപ്രകാരം കുത്തകകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള ഒരു ദേശീയ കമ്പോളമാക്കി ഇന്ത്യയെ പരുവപ്പെടുത്തിയെടുക്കുകയാണ് വാറ്റിന്റെ ലക്ഷ്യം’ വാറ്റിന്റെ കൃത്യമായ തുടര്‍ച്ചയും ഉയര്‍ന്ന ഘട്ടവുമാണ് ജിഎസ്‌ടി.
ഇന്ന് രാജ്യത്തിന്റെ ചെറിയ പട്ടണങ്ങളിലും കവലകളിലും വരെ വന്‍കിട റീട്ടെയ്ൽ മാളുകളുടെ വമ്പന്‍ ശൃംഖല വലവിരിച്ചുകഴിഞ്ഞു. വാറ്റ് ഒരുക്കിയ വഴികളിലൂടെ വേരുറപ്പിച്ച്, ജിഎസ്‌ടിയുടെ പിന്‍ബലത്തില്‍ പടര്‍ന്ന് ഈ ഭീമന്മാര്‍ രാജ്യത്തിന്റെ വ്യാപാരമേഖലയിലെ നീരാളിപ്പിടുത്തമായി മാറിക്കഴിഞ്ഞു. കൂറ്റന്‍ മൂലധന കരുത്തിന്റെ പിന്‍ബലവുമായി എത്തുന്ന അംബാനി ഉള്‍പ്പടെയുള്ള കുത്തകകളോട് ചില്ലറ വ്യാപാരമേഖലയ്ക്ക് മല്‍സരിച്ചുനില്‍ക്കാനാവില്ല. അതിനാല്‍ നമ്മുടെ മുമ്പില്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. മരണമടയാന്‍ ചെറുകിട വ്യാപാര മേഖലയെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ പ്രതിസന്ധിനാളുകളില്‍ സര്‍വ്വശക്തിയും സമാഹരിച്ച് പൊരുതുക എന്നതാണ് ആ മാര്‍ഗ്ഗം.
ചെറുകിട വ്യാപാരമേഖല നിയന്ത്രണരഹിതമായ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ആഘാതത്തില്‍ പിടയുന്നു
സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെ ഉപയോഗപ്പെടുത്തി, മുതലാളിവര്‍ഗ്ഗം പുതിയൊരു മൂലധന നിക്ഷേപ സാധ്യത വെട്ടിത്തുറന്നതാണ് ഓണ്‍ലൈന്‍ വ്യാപാരം. ലോകമെമ്പാടും അത് കോടിക്കണക്കിന് ചെറുകിട വ്യാപാരികളെ ഉന്മൂലനം ചെയ്തുകഴിഞ്ഞു. തൊഴിലും വരുമാനമാര്‍ഗ്ഗവും എന്നന്നേക്കുമായി നഷ്ടപ്പെട്ട്, തെരുവാധാരമായ കച്ചവടക്കാരും ജീവനക്കാരും യൂറോപ്പിലും തെക്കേ അമേരിക്കയിലും വീശിയടിക്കുന്ന വമ്പന്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങളുടെ ഒരു പ്രധാനവിഭാഗമാണ്. ഈ ലാഭക്കൊയ്ത്തിന്റെ മാരക താണ്ഡവത്തില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുവെന്നത് വന്‍കിട മുതലാളിമാര്‍ക്കും അവരോട് താദാത്മ്യപ്പെട്ടുകഴിഞ്ഞ സര്‍ക്കാരുകള്‍ക്കും പരിഗണനാ വിഷയമേയല്ല.
ബഹുരാഷ്ട്ര ഭീമന്മാരായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവ 80 ശതമാനം ബിസിനസും ഇതിനകം കൈവശപ്പെടുത്തിക്കഴിഞ്ഞു. നോട്ടുനിരോധനം ഓണ്‍ലൈന്‍ വ്യാപാരത്തിനും ഡിജിറ്റല്‍ ബിസിനസ്സിനും അവസരമൊരുക്കി. കോവിഡ് മഹാമാരി സമയത്ത് ഈ രംഗം ഏറെ ശക്തിപ്പെട്ടു. മഹാമാരിയെത്തുടര്‍ന്നിങ്ങോട്ട് മുപ്പതുശതമാനത്തിന്റെ വര്‍ദ്ധനവാണ് ഓണ്‍ലൈന്‍ വ്യാപാരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വമ്പന്‍ മൂലധനത്തിന്റെ പിന്‍ബലത്തില്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളും മറ്റ് സൗജന്യങ്ങളും നല്‍കി, വ്യാപാരം പിടിച്ചടക്കി, ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കിക്കഴിയുന്നതോടെ സംഭരണവും വിതരണവും വില്‍പ്പനയുമെല്ലാം കുത്തകകളുടെ വരുതിയാലാകും. അതോടെ കൃത്രിമക്ഷാമവും രൂക്ഷമായ വിലവര്‍ദ്ധനവും സൃഷ്ടിച്ച് ജനങ്ങളെ കൊള്ളയടിക്കാന്‍ വഴിയൊരുങ്ങുക തന്നെ ചെയ്യും.
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ തലവനായ ആമസോണിന്റെ ഉടമ ജെഫ് ബസോസ് കുന്നുകൂട്ടിയിട്ടുള്ള കണ്ണഞ്ചിപ്പിക്കുന്ന സമ്പത്ത്, ലോകമെമ്പാടുമുള്ള ചെറുകിട കച്ചവടക്കാര്‍ കുടുംബം പോറ്റാന്‍ കണ്ടെത്തിയിരുന്ന ചെറുവരുമാനങ്ങളെ ഒന്നൊന്നായി കവര്‍ന്നെടുത്തതാണ്. കോടിക്കണക്കിന് ചെറുകിട വ്യാപാരികളുടെ വരുമാനത്തെയും നിലനില്‍പ്പിനെയും തകര്‍ത്ത്, ഒന്നോ രണ്ടോ വ്യക്തികള്‍ പണം വാരിക്കൂട്ടുന്നത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതമെന്തെന്ന് മുതലാളിത്തസര്‍ക്കാരുകള്‍ക്ക് നന്നായി അറിയാം. എങ്കിലും അവര്‍ ജനങ്ങളെ മരിക്കാന്‍ വിടുകയാണ് ചെയ്തത്. ഓണ്‍ലൈന്‍ വ്യാപാരത്തെ നിയന്ത്രിക്കാന്‍ എത്രയോ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമായിരുന്നു. ഒരു നിശ്ചിത വിലയില്‍ത്താഴെയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഓണ്‍ലൈനില്‍ തടഞ്ഞാല്‍ മാത്രം ലക്ഷക്കണക്കിന് ചില്ലറകച്ചവടക്കാര്‍ സംരക്ഷിക്കപ്പെടുമായിരുന്നു. ചെറുകിട വ്യാപാരമേഖലയുടെ സംരക്ഷണത്തിനുതകുന്ന ലക്ഷ്യവേധിയായ, കാര്യക്ഷമമായ നിയന്ത്രണങ്ങളും നടപടികളും അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാരുകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനായി വ്യാപാരികളും ജനങ്ങളും ഐക്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചേ മതിയാകൂ.
ദേശീയ പാത വികസനത്തിന്റെ ഇരകളായി മാറിയ കച്ചവടക്കാര്‍
വികസനത്തിന്റെ പേരില്‍ പാറശ്ശാലമുതല്‍ കാസര്‍കോഡുവരെ നടക്കുന്ന വീതികൂട്ടലിനായി ദേശീയപാതയോരത്തെ ഏതാണ്ട് എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കിയതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ചെറുകിട വ്യാപാരികള്‍ ആ മേഖലയില്‍നിന്ന് പുറത്താക്കപ്പെട്ടുകഴിഞ്ഞു. എല്‍എആര്‍ആര്‍ പ്രകാരം ലഭിക്കുന്ന നഷ്ടപരിഹാരം കെട്ടിട ഉടമയ്‌ക്കേ ലഭിക്കുകയുള്ളൂവെന്നതിനാല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സ്ഥാപനങ്ങള്‍ പൂട്ടി വ്യാപാരികള്‍ക്ക് വെറുംകൈയോടെ ഇറങ്ങിപ്പോകേണ്ടി വന്നു. ദീര്‍ഘകാലംകൊണ്ട് രൂപപ്പെട്ടുവന്ന ചെറുതും വലുതുമായ കച്ചവട കേന്ദ്രങ്ങള്‍, ചെറുപട്ടണങ്ങള്‍ തുടങ്ങി ജനങ്ങള്‍ സംഘം ചേരുന്ന ഇടങ്ങളെല്ലാം ഇതോടൊപ്പം ഇല്ലാതാക്കപ്പെട്ടു. ഇവയെല്ലാം വ്യാപാരത്തെ അടിമുടി പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. ദേശീയപാതയുടെ വികസനം പൂര്‍ത്തിയാകുന്നതോടെ പാതയുടെ ഇരുവശങ്ങളിലുമുള്ള സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും സര്‍വ്വീസ് റോഡിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ വന്‍തുക ആക്‌സസ് ഫീസ് നല്‍കണമെന്ന് റോഡ് പണിയുന്ന മുതലാളിമാരും ഹൈവേ അതോറിറ്റിയും നിഷ്‌കര്‍ഷിച്ചിരിക്കുകയാണ്. കെട്ടിടം പണിയാനുള്ള അപേക്ഷ തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കണമെങ്കില്‍ പോലും ഹൈവേ അതോറിറ്റിയുടെ ആക്‌സസ് പെര്‍മിറ്റ് വേണം. ചുരുക്കത്തില്‍ ഭീമമായ ആക്‌സസ് ഫീസ് നല്‍കാന്‍ കെല്‍പ്പില്ലാത്ത കച്ചവടക്കാര്‍, കടയും പൂട്ടി പോകേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ആക്‌സസ് ഫീസും നല്‍കി, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളോടെ വന്‍കിട മാളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉയര്‍ത്തിപ്പണിതിട്ടുള്ള ഓടകളുടെ കല്‍ക്കെട്ടിനു പിറകില്‍, ഉപഭോക്താക്കള്‍ക്ക് വഴിനടപ്പുപോലും അസാധ്യമായ സര്‍വ്വീസ് റോഡിന്റെ ഇടുങ്ങിയ ഓരത്ത് ചെറിയ കടകള്‍ തുറന്നരിക്കുന്ന കച്ചവടക്കാര്‍ക്ക് ഒരു വ്യാപാരഇടപാടും ലഭിക്കില്ല. മഴക്കാലത്ത് ഈ കടകളെല്ലാം പ്രളയജലത്തില്‍ മുങ്ങിപ്പോവുകയും ചെയ്യും. ചുരുക്കത്തില്‍ ദേശീയപാത വികസനം കച്ചവടക്കാരെ, ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന സ്ഥിതിയിലാക്കിയിരിക്കുകയാണ്. വല്ലവിധേനയും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന ചെറുകിട വ്യാപാരികള്‍ക്ക് അതിജീവനം പോലും സാധ്യമല്ലാതാക്കുന്നു.
വ്യാപാരി – ബഹുജന സമരൈക്യം സൃഷ്ടിക്കുക. നീണ്ടുനില്‍ക്കുന്ന
പോരാട്ടത്തിന് തയ്യാറെടുക്കുക
ചെറുകിട വ്യാപാരികള്‍ക്കും ബഹുജനങ്ങള്‍ക്കും ഒരു പോലെ ആഘാതമേല്‍പ്പിക്കുന്ന സാമ്പത്തിക നയങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളും അവരെ നയിക്കുന്ന രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടാണ്. വ്യാപാര മേഖലയുടെ കുത്തകവല്‍ക്കരണത്തെ അനുകൂലിക്കുന്ന നിലപാടാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൈക്കൊള്ളുന്നത്. ജിഎസ്‌ടി നടപ്പാക്കാന്‍ കേരളത്തിന്റെ നിയമസഭയും ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കി എന്ന കാര്യം നാം വിസ്മരിക്കരുത്. ജിഎസ്‌ടിയ്ക്ക് പാതയൊരുക്കിയ വാറ്റിന്റെ എംപവേര്‍ഡ് കമ്മിറ്റിയെ നയിച്ചിരുന്നത് സിപിഐ(എം) ന്റെ ബംഗാള്‍ ധനമന്ത്രിയായിരുന്നുവെന്നതും നാം ഓര്‍ക്കണം. ജിഎസ്‌ടിയെ വാനോളം പ്രശംസിച്ചത് കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു. ബഹുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കുമെതിരായ നയങ്ങളുടെ കാര്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ സമവായത്തിലാണെന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. അതിനാല്‍ ഈ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയെ ആശ്രയിക്കാനാവുകയില്ല എന്ന് വ്യക്തമാണ്.
ഈ സാഹചര്യത്തില്‍ സങ്കുചിതമായ കക്ഷി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കതീതമായി വ്യാപാരികളും ബഹുജനങ്ങളും തോളോടുതോള്‍ ചേര്‍ന്നുനിന്ന് പൊരുതുകയാണ് വേണ്ടത്. അതിശക്തമായ വ്യാപാരി-ബഹുജന ഐക്യപ്രസ്ഥാനം പടുത്തുയര്‍ത്തപ്പെടണം. ഏതെങ്കിലും ഒരു കക്ഷിയുടെ പതാക ഏന്തിക്കൊണ്ടല്ല, മറിച്ച് നമ്മള്‍ തന്നെ രൂപംകൊടുക്കുന്ന സമരസംഘടനയുടെ കീഴില്‍ നാം അണിനിരക്കണം. സമരോപകരണങ്ങളെന്ന നിലയില്‍ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഈ പ്രസ്ഥാനത്തിന്റെ ഘടകങ്ങള്‍ക്ക് രൂപം നല്‍കണം. സമൂഹത്തിലെ നന്മ കാംക്ഷിക്കുന്ന എല്ലാ നല്ല മനഷ്യരെയും ഈ പ്രസ്ഥാനത്തില്‍ കണ്ണിചേര്‍ക്കണം.
ചെറുകിട വ്യാപാരമേഖലയെ തകര്‍ക്കുന്ന എല്ലാ നയങ്ങളില്‍നിന്നും സര്‍ക്കാരുകള്‍ പിന്മാറുക, വാറ്റ്, ജിഎസ്‌ടി തുടങ്ങിയ നികുതി പരിഷ്‌ക്കരണങ്ങള്‍ പിന്‍വലിക്കുക, ചില്ലറ വില്‍പ്പനയുടെ രംഗത്തേയ്ക്ക് കുത്തകകളുടെ കടന്നുവരവിനെ തടയുക, ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് വ്യാപാരികളും ബഹുജനങ്ങളും ഒത്തുചേര്‍ന്നുകൊണ്ട് സുഘടിതമായ ഒരു പ്രക്ഷോഭത്തിനായി മുന്നോട്ടുവരണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. അത്തരമൊരു പ്രവര്‍ത്തനത്തിന് മുന്‍കൈയെടുക്കാന്‍ വ്യാപാരി സംഘടനകളോടും വ്യാപാരി സമൂഹത്തോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ സംസ്ഥാനത്തെ നിരവധിയായ ജനകീയസമരങ്ങളെ വിജയത്തിലേക്ക് നയിക്കാന്‍ പ്രയത്‌നിച്ചിട്ടുള്ള എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ഈ പ്രക്ഷോഭത്തിനുവേണ്ടുന്ന എല്ലാ പിന്തുണയും നല്‍കി അചഞ്ചലം നിലകൊള്ളും.