സെപ്തം. 27 ഭാരത് ബന്ദ് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച: കർഷക പ്രക്ഷോഭത്തിന്റെ സന്ദേശം രാജ്യമെമ്പാടും പ്രചരിപ്പിക്കുക

Kisan-Mahapanchayat-Muzaffarnagar-2.jpg
Share

കഴിഞ്ഞ പത്തുമാസമായി ഇന്ത്യയുടെ തലസ്ഥാന കവാടങ്ങളിൽ തമ്പടിച്ചുകൊണ്ട് നടക്കുന്ന, അസാധാരണമായ ഇഛാശക്തിയുടെ പ്രതീകമായി ഉയർന്ന കർഷക പ്രക്ഷോഭണം നാൾക്കുനാൾ ആവേശമുയർത്തി മുന്നേറുകയാണ്. പുതിയ പോർമുഖം സൃഷ്ടിച്ചുകൊണ്ട് യുപിയിലെ മുസഫർ നഗറിൽ സെപ്റ്റംബർ 5ന് നടന്ന കിസാൻ മഹാപഞ്ചായത്ത് സ്വതന്ത്രഭാരതം ദർശിച്ചിട്ടുള്ള ഏറ്റവും ബൃഹത്തായ കർഷക സംഗമമായിമാറി. മുസഫർ നഗറിലെ മഹാസമരവേദിയിൽവച്ച് കര്‍ഷകലക്ഷങ്ങളെ സാക്ഷിയാക്കി സംയുക്ത കിസാൻ മോർച്ച സെപ്റ്റംബർ 27ന് ഭാരത് ബന്ദ് ആഹ്വാനംചെയ്തു.

കിസാൻ മഹാ പഞ്ചായത്തിനെ അലങ്കോലപ്പെടുത്താൻ മോദി -യോഗി സർക്കാരുകൾ എല്ലാ നീചമാർഗ്ഗങ്ങളും അവലംബിച്ചിരുന്നു. ട്രെയിനുകൾ വൈകിപ്പിച്ചു. റോഡുകൾ അടച്ചു. ഇന്റർനെറ്റ് വിച്ഛേദിച്ചു. ആഗസ്റ്റ് 28ന് ഹരിയാനയിലെ കർണാൽ ബസ്ത്താര ടോൾ പ്ലാസയിൽ നടന്ന ഉപരോധ സമരത്തിനു നേരെ ബി.ജെ.പി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പോലീസ് മൃഗീയ ആക്രമാണ് അഴിച്ചുവിട്ടത്. സുശീൽ കാജൽ എന്ന കർഷകൻ രക്തസാക്ഷിയായി. ഒന്നര ഏക്കർ ഭൂമി മാത്രമുള്ള കാജൽ കഴിഞ്ഞ 9 മാസമായി കർഷക പ്രക്ഷോഭത്തിലെ സജീവ പോരാളിയായിരുന്നു. കർണാലിൽ ഇപ്പോഴും പോലീസ്സിന്റെ ഭീകര മർദ്ദനങ്ങളെ നേരിട്ടുകൊണ്ട് കർഷക സമരം ആളിക്കത്തുകയാണ്. കർഷകരുടെ തല തല്ലിപ്പൊളിക്കണമെന്ന് നിർദ്ദേശിക്കുകയും വെടിവയ്പിന് നേതൃത്വം നൽകുകയുംചെയ്ത സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ നാലുദിവസം രാപകല്‍ മിനി സിവിൽ സ്റ്റേഷൻ ഉപരോധിച്ചു. വിവാദ ഉദ്യോഗസ്ഥനെതിരെയും കര്‍ഷകര്‍ക്കുനേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജിനെക്കുറിച്ചും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ്കര്‍ഷകര്‍ പിരിഞ്ഞുപോകാൻ തയ്യാറായത്. മാത്രമല്ല, മരണപ്പെട്ട കര്‍ഷകന്റെ കുടുംബത്തിന് 25ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ രണ്ടുപേര്‍ക്ക് സര്‍ക്കാര്‍ജോലിയും ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകര്‍ക്ക് രണ്ടുലക്ഷംരൂപവീതം ചികിത്സാസഹായവും സര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടിവന്നു.


കർഷക സമരത്തിന്റെ തുടക്കം മുതൽ, സമരത്തെ തകർക്കാൻ മോദിസർക്കാർ നടത്തിവരുന്ന ശ്രമങ്ങളെയും ഫാസിസ്റ്റ് തന്ത്രങ്ങളെയും സ്വതസിദ്ധമായ കരളുറപ്പോടെയും നിശ്ചയദാർഢ്യത്തോടെയും നേരിട്ടുകൊണ്ടാണ് കർഷകർ ഈ ഐതിഹാസിക സമരം മുന്നോട്ടുകൊണ്ടുപോകുന്നത്. രാജ്യത്തെ അന്നമൂട്ടുന്ന വയോധികരും സ്ത്രീകളും ഉൾപ്പെടെയുള്ള ആദരണീയരായ കൃഷീവലരുടെ അഭിമാനകരമായ ഈ മുന്നേറ്റത്തെ ഇകഴ്ത്താനും വഴി തെറ്റിക്കാനും ബിജെപിയുടെ കേന്ദ്രസർക്കാർ അതിനീചമായ മാർഗ്ഗങ്ങളെല്ലാം അവലംബിച്ചിട്ടുണ്ട്. മാധ്യമങ്ങളെ വരുതിയിലാക്കി സമരത്തെ തമസ്‌കരിക്കുന്നത് ഇതിന്റെ ഭാഗമാണ്. അതേസമയം പൊതുഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ മുടക്കിയുള്ള സർക്കാർ പ്രചാരണം പൊടിപൊടിക്കുന്നുമുണ്ട്.
എന്നാൽ ഇതൊന്നും കർഷക സമരത്തിനുള്ള ജനപിന്തുണയെ ബാധിച്ചില്ലെന്ന് മാത്രമല്ല, ഇന്ത്യ ഒന്നാകെതന്നെ ദൽഹിയിൽ പൊരുതുന്ന കർഷകയോദ്ധാക്കൾക്ക് ഒപ്പമാണ്. കടുത്ത മഴയും മഞ്ഞും വെയിലും ഏറ്റുകൊണ്ടും പോലീസിന്റെ നാനാവിധ വിലക്കുകളെയും കുത്തിത്തിരിപ്പുകളെയും ആക്രമണങ്ങളെയും നേരിട്ടുകൊണ്ടും, അത്ഭുതാവഹമായ ആത്മനിയന്ത്രണത്തോടെ കര്‍ഷകര്‍ പൊരുതുന്നത് സ്വന്തം സാമ്പത്തിക താല്പര്യത്തെ മുൻനിർത്തിയല്ല, കാര്‍ഷിക രാജ്യം എന്ന് അറിയപ്പെടുന്ന ഇന്ത്യയിലെ 70ശതമാനം ജനങ്ങളെയും ഉൾക്കൊള്ളുന്ന കർഷക ജനതയ്ക്കും ജനസാമാന്യത്തിനും വേണ്ടിയാണ് എന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.


പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയെ വെല്ലുവിളിച്ചു കൊണ്ട് പാസാക്കിയെടുത്ത ജനദ്രോഹ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നും വൈദ്യുതി (ഭേദഗതി) ബിൽ 2020 പിൻവലിക്കണമെന്നും എല്ലാ കാര്‍ഷിക ഉല്പന്നങ്ങൾക്കും താങ്ങുവില (എംഎസ്‌പി) നിയമംമൂലം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കർഷക സമരം നടക്കുന്നത്. കോവിഡ് അതിരൂക്ഷമായി രാജ്യത്ത് പടർന്നുപിടിച്ച നാളുകളിൽ, ലോക്ക് ഡൗണുകളും നിയന്ത്രണങ്ങളും കാരണം ജനങ്ങൾക്ക് തെരുവിലിറങ്ങാൻ കഴിയാത്ത അവസരത്തിൽ വളരെ ധൃതിപ്പെട്ട് കേന്ദ്രഗവൺമെൻറ് ഈ കാർഷിക മാരണ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി എടുക്കുകയായിരുന്നു. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടും പാർലമെന്ററി മര്യാദകളെ മാനിക്കാതെയുമാണ് ഈ മൂന്ന് നിയമങ്ങൾ മോദി സർക്കാർ പാസാക്കിയത്. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന എൻഡിഎ സഖ്യകക്ഷികളുടെ ആവശ്യംപോലും സർക്കാർ ചെവിക്കൊണ്ടില്ല.
സർക്കാർ ഇത്രയധികം ധൃതിപ്പെട്ടും വാശിയോടെയും ഈ കരിനിയമങ്ങൾ പാസാക്കാൻ ഒരു കാരണമേയുള്ളൂ. കോർപ്പറേറ്റുകളുടെ അന്തമറ്റ ലാഭക്കൊതിക്ക് രാജ്യത്തെ സമ്പൂർണ്ണമായി വിട്ടുകൊടുക്കുക എന്ന താല്പര്യമാണത്. മോദി സർക്കാർ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തൊഴിലാളിവിരുദ്ധ ലേബർ കോഡുകളുടെ കാര്യത്തിലും, രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും വിൽപ്പന എന്ന പേരിൽ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതിലും എല്ലാം ഇത് പ്രകടമാണ്. രാജ്യത്തിന്റെ കാർഷികമേഖലയും പൂർണമായും കുത്തക മുതലാളിമാരുടെ സമ്പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് ഈ നിയമങ്ങൾ പാസ്സാക്കിയത്.


ഇതിന്റെ ദൂരവ്യാപകമായ ഭവിഷ്യത്ത് തിരിച്ചറിഞ്ഞ കർഷകർ പ്രത്യേകിച്ചും, പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ, സമരരംഗത്തേക്ക് വരികയായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെയും ആശ്രയിക്കാതെ, ചാഞ്ചാട്ടമില്ലാതെയും ചിട്ടയായും കരുത്താർജ്ജിച്ചു എന്നതാണ് ഈ പ്രക്ഷോഭണത്തിന്റെ സവിശേഷത. ഇക്കാര്യത്തിൽ മോദിയുടെ കേന്ദ്രസർക്കാറിനോട് ഒരു സുദീർഘ സമരംതന്നെ ആവശ്യമാണ് എന്ന തിരിച്ചറിവ് സമരം തുടങ്ങി ഏതാനും നാളുകൾക്കകം സമര നേതൃത്വത്തിന് കൈവന്നു. അതുകൊണ്ടാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പ്രകോപനങ്ങളെയും സമചിത്തതയോടെ നേരിട്ടുകൊണ്ട് സമാധാനപരമായി ചിട്ടയായി ഈ സമരത്തെ വളർത്തിയെടുത്തത്. പതിനായിരക്കണക്കിന് കർഷകർ ഊഴം നിശ്ചയിച്ച്, ആയിരക്കണക്കിന് ട്രാക്ടറുകളിലും മറ്റു വാഹനങ്ങളിലുമായി എത്തിച്ചേരുന്ന സമരവേദിയിൽ ഭക്ഷണം മുതൽ ചികിത്സവരെ എല്ലാറ്റിനും ചിട്ടയായ സംവിധാനം ഉണ്ടായിരുന്നു. ഈ സമരമുഖത്ത് ഇതിനകം 600ഓളം രക്തസാക്ഷികൾ ഉണ്ടായി എന്നതുപോലും മോദി ഭരണത്തെ തെല്ലും അലോസരപ്പെടുത്തുന്നില്ല. പാർലമെന്റിന് മുൻപിലേക്ക് ഒരു നിശ്ചിത എണ്ണം കർഷകർ മാർച്ച് ചെയ്യുമെന്ന സംയുക്ത കിസാൻ മോർച്ചയുടെ പ്രഖ്യാപനം സമരത്തിന്റെ രണ്ടാംഘട്ടത്തെ കുറിക്കുന്നതാ യിരുന്നു. പാർലമെന്റ് മാർച്ചിനെ തകർക്കാൻ എല്ലാ നീച ശ്രമങ്ങളും സർക്കാർ പ്രയോഗിച്ചു. കർഷകരുടെയും സമര നേതൃത്വത്തിന്റെയും നിശ്ചയദാർഢ്യം അതിനെയെല്ലാം അതിജീവിക്കുന്നതായിരുന്നു.


സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ‘രാജ്യത്തെ രക്ഷിക്കുക’ എന്ന ആഹ്വാനത്തോടെ പടിഞ്ഞാറൻ യു.പി യിലെ മുസാഫർ നഗറിൽ നടന്ന കിസാൻ മഹാപഞ്ചായത്ത് ഈ ഐതിഹാസിക സമരത്തിന്റെ മറ്റൊരു ഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ്. 50 ലക്ഷത്തോളം കർഷകർ മുസഫർ നഗറിലേക്ക് ഒഴുകിയെത്തി എന്നാണ് റിപ്പോർട്ട്. മുസഫർ നഗറിന് 25 കിലോ മീറ്റർ അകലം വരെ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . 5000ൽ അധികം ലങ്കറുകൾ (ഭക്ഷണശാല) മഹാപഞ്ചായത്തിനായി ഒരുക്കിയിരുന്നു. 2014 ലെ തെരഞ്ഞെടുപ്പിൽ വിജയം കൊയ്യുന്നതിനായി 2013ൽ വർഗീയ സംഘർഷം സൃഷ്ടിക്കപ്പെട്ട മുസഫർനഗർ ഈ കർഷക സമരത്തിലൂടെ ജനങ്ങളുടെ ഐക്യം ഊട്ടി ഉറപ്പിക്കുകയായിരുന്നു. മോദി-കോർപ്പറേറ്റ് ഭരണത്തിൽ പൊറുതിമുട്ടിയ കർഷകരുടെയും തൊഴിലാളികളുടെയും ആത്മരോഷമാണ് മുസഫർനഗറിൽ പ്രകടമായത്. ഈ മഹാ സമരവേദിയിൽ നിന്നാണ് സെപ്റ്റംബർ 27 ഭാരത് ബന്ദിന്റെ പ്രഖ്യാപനം ഉണ്ടായത്. സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച ഈ ഭാരത് ബന്ദ് രാജ്യത്തെ മുഴുവൻ കർഷകരുടേത് മാത്രമല്ല, തൊഴിലാളികളും യുവാക്കളും വിദ്യാർത്ഥികളും ഏറ്റെടുക്കുന്ന സമരമാകും എന്നതിൽ സംശയമില്ല.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ജീവിത ദുരിതം കൊണ്ട് വീർപ്പുമുട്ടുകയാണ്. കോവിഡ് സൃഷ്ടിച്ച അരക്ഷിതാവസ്ഥ ജനങ്ങൾക്ക് താങ്ങാനാകുന്നതല്ല. ജീവൻ നിലനിർത്താനെങ്കിലും ഉണ്ടായിരുന്ന ജോലിയും കൂലിയും നഷ്ടപ്പെട്ട 50 കോടിയോളം വരുന്ന അസംഘടിത തൊഴിലാളികളുടെ നാടാണ് ഇന്ത്യ. അവരുടെ വീടുകളിൽ ഇന്ന് അടുപ്പ് പുകയുന്നില്ല. ദരിദ്ര കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും അവസ്ഥയും ദയനീയമാണ്. രാജ്യം കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇപ്പോൾ രാജ്യത്തുള്ളത്. വാക്‌സിനേഷനും ചികിത്സയും ലഭിക്കാൻ ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്. രാജ്യത്തെ കോവിഡ് മരണം ഔദ്യോഗിക കണക്ക് പ്രകാരം 4,40,000 കവിഞ്ഞെങ്കിലും യഥാർത്ഥ സംഖ്യ ഇതിലും എത്രയോ വലുതാണ്.


കോവിഡ് പോലൊരു മഹാമാരിയുടെ സന്ദർഭത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകാൻ മറ്റെല്ലാം മാറ്റിവച്ച് തയ്യാറാകുന്നതിനു പകരം, കർഷകർക്കും തൊഴിലാളികൾക്കും എതിരെ കരിനിയമങ്ങൾ പടച്ചുവിട്ടു കൊണ്ടും, ജനങ്ങൾ പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും സർവീസുകളും കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊണ്ടും ജനങ്ങൾക്കെതിരെ നീങ്ങുകയാണ് മോദി സർക്കാർ. ബിജെപി സർക്കാരിന്റെ ഈ ഫാസിസ്റ്റ് നീക്കത്തിനെതിരെ കൂടിയാണ് സെപ്റ്റംബർ 27 ന്റെ ഭാരത് ബന്ദ്. രാജ്യത്തെ അന്ധകാരത്തിലേക്ക് നയിക്കുന്ന കേന്ദ്രസർക്കാരിനെതിരായ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭത്തിന്റെ ഐതിഹാസിക തുടക്കമാക്കി ഭാരത് ബന്ദിനെ മാറ്റണം. സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പൂർണ്ണ പിന്തുണ നൽകുവാൻ മുഴുവൻ ജനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top