എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) 75-ാം സ്ഥാപന ദിനം ആചരിച്ചു

Party-@-75-KLM-2.jpg
Share

ഇന്ത്യയിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) രൂപീകരിച്ചിട്ട് 2022 ഏപ്രിൽ 24ന് 74വർഷം പിന്നിട്ടു.75-ാം സ്ഥാപനവാര്‍ഷിക ദിനം ആചരിച്ചുകൊണ്ട് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 25ന് കൊല്ലം ജില്ലയിലെ കുണ്ടറയിൽ ആചരണ പരിപാടി സംഘടിപ്പിച്ചു.
1970കളുടെ ആദ്യനാളുകളിൽ കൊല്ലത്ത് ടികെഎം എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തനം ആരംഭിച്ച എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി കലാലയത്തിനുപുറത്ത് പ്രവർത്തനം തുടങ്ങിയ ആദ്യ പ്രദേശം കുണ്ടറയായിരുന്നു. ദുഷ്കരമായ സാഹചര്യങ്ങളെ നേരിട്ട് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കേരള മണ്ണിൽ സൃഷ്ടിച്ചെടുക്കാൻ അന്ന് ഒരു പറ്റം യുവാക്കൾ ഏറ്റെടുത്ത തീക്ഷ്ണമായ സമരം പിന്നീട് കേരളമെമ്പാടും നൂറു കണക്കിന് വിപ്ലവകാരികളെ സൃഷ്ടിച്ചുകൊണ്ട് കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും പടർന്നു. ആദ്യനാളുകളിലെ കഠിന സമരത്തിന്റെ ഓർമ പുതുക്കൽ കൂടിയായിരുന്നു കുണ്ടറയിൽ നടന്ന സ്ഥാപന ദിനചാരണം.
ആദ്യകാല സംഘാടകരിലെ മുതിർന്ന സഖാക്കൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് കുണ്ടറ കല്ലറക്കൽ ഹാളിൽ സമ്മേളന നടപടികൾ ആരംഭിച്ചത്. പാർട്ടി കേന്ദ്ര കമ്മിറ്റിക്കുവേണ്ടി പൊളിറ്റ് ബ്യൂറോ അംഗം സഖാവ് കെ.രാധാകൃഷ്ണയും സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും യോഗാധ്യക്ഷനുമായ സഖാവ് ജയ്സൺ ജോസഫും പുഷ്പാർച്ചന നടത്തി. പാർട്ടിയുടെ ആദ്യകാല പ്രവർത്തകരടക്കം നൂറു കണക്കിന്പ്രവർത്തകരുടെ ഒത്തുചേരൽ ഏറെ വൈകാരികമായ അനുഭവമായി മാറി.


സമ്മേളനത്തിന് അധ്യക്ഷത വഹിച്ച സഖാവ് ജയ്സൺ ജോസഫ്, കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചു. മോദി ഗവണ്മെന്റിന്റെ അതേ പാതയിൽ ഇടത് ഗവണ്മെന്റ് നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങളെ അദ്ദേഹം തുറന്നുകാട്ടി. കെ റെയിൽ പോലെയുള്ള മേഖലയിൽ വരുന്ന മൂലധനനിക്ഷേപം മുതലാളിത്തം ഇന്ന് നേരിടുന്ന പ്രതിസന്ധിയിൽനിന്ന് വൻകിട കോർപ്പറേറ്റുകളെ രക്ഷിക്കാൻ എല്ലാ മുതലാളിത്ത രാജ്യങ്ങളും പരീക്ഷിക്കുന്ന വികസന പരിപാടി ആണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. വൻതോതിൽ വായ്പവാങ്ങി നടപ്പാക്കുന്ന പദ്ധതികൾ എങ്ങനെ രാജ്യങ്ങളെ കടക്കെണിയിലാക്കുന്നു എന്നതിെന്റ ഉദാഹരണങ്ങൾ നമ്മുടെ മുൻപിൽ നിരവധി ഉണ്ട്. ഗ്രീസിന്റെയും ശ്രീലങ്കയുടെയും പാതയിലാണ് നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കരുകൾ പോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കെ റെയിൽ അടക്കം കേരളത്തിൽ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ പാർട്ടി നടത്തുന്ന വിട്ടുവീഴ്ച ഇല്ലാത്ത സമരത്തിന്റെ ചരിത്രം അദ്ദേഹം വിശദീകരിച്ചു.
പൊളിറ്റ്ബ്യൂറോ അംഗം സഖാവ് കെ.രാധാകൃഷ്ണ ദേശീയ സർവദേശീയ സാഹചര്യം വിശദീകരിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി. യുക്രൈനുമേൽ റഷ്യ നടത്തുന്ന കടന്നാക്രമണ യുദ്ധം ഒരു ലോകയുദ്ധത്തിന്റ ആശങ്ക യിലേക്ക് ലോക ജനതയെ എത്തിച്ചു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1991ൽ സോവിയറ്റ് യൂണിയനിൽ പ്രതിവിപ്ലവത്തിലൂടെ മുതലാളിത്ത പുനഃസ്ഥാപനം നടന്നതിനു ശേഷം ലോകം എല്ലായ്‌പോഴും യുദ്ധഭീഷണിയിലാണ്. 91ന് മുൻപ് സോഷ്യലിസ്റ്റ്ചേരിയും സാമ്രാജ്യത്വചേരിയും നിലനിന്നപ്പോൾ സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളെ തടഞ്ഞു നിർത്താൻ കഴിഞ്ഞിരുന്നു. സ്റ്റാലിന് ശേഷംസോവിയറ്റ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി യിലും ഭരണകൂടത്തിലും പിടിമുറുക്കിയ തിരുത്തൽവാദി നേതൃത്വം ആണ് സോഷ്യലിസത്തിൽ നിന്നും മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്കിന് ഇടയാക്കിയ പ്രതി വിപ്ലവത്തിലേക്ക് നയിച്ചത്. സഖാവ് ശിബ്‌ദാസ് ഘോഷിന്റെ നേതൃത്വത്തിൽ നമ്മുടെ പാർട്ടി മാത്രമാണ് സിപിഎസ്‌യു 20-ാം കോൺഗ്രസിൽ ക്രൂഷ്ചെവ് കൈ ക്കൊണ്ട നടപടികൾ തിരുത്തൽ വാദത്തിന്റെ മലവെള്ളപ്പാച്ചിൽ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നൽകിയത്.


1991ൽ ഈ തിരുത്തൽ വാദം ഗോർബച്ചേവ്, യെൽസിൻ കൂട്ടുകെട്ടിലൂടെ റഷ്യയെയും തുടർന്ന് പൂർവ യൂറോപ്പിനെയും മുതലാളിത്ത പുനഃസ്ഥാപനത്തിൽ എത്തിച്ചു. സോവിയറ്റ് യൂണിയനിലെ 15 റിപ്പബ്ലിക്കുകൾ പലതായി ചിതറി. ലെനിന്റെ മാർഗനിർദേശത്തിൽ രാജ്യങ്ങളുടെ സ്വയം നിർണ്ണായവകാശം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ദേശീയതകളെയും ഏകോപിതമായി നില നിർത്തിയെങ്കിൽ പ്രതിവിപ്ലവം അതിനെ ശിഥിലമാക്കി. ഈ തകർച്ചയെ തുടർന്ന് സ്വതന്ത്രമായ മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ കമ്പോളത്തിൽ കടന്നു കയറാൻ അധാർമികമായ നിലപാടുകൾ അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
1949ൽ അമേരിക്കയുടെ നേതൃത്വത്തിൽ നിലവിൽവന്ന മുതലാളിത്ത യുദ്ധ സഖ്യം നാറ്റോ(NATO) കാനഡയും 8 യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടുന്നതായിരുന്നു എങ്കിൽ ഇന്നത് 30 രാജ്യങ്ങൾ അടങ്ങുന്ന ഒന്നായി മാറി. റഷ്യയോട് ആഭിമുഖ്യം പുലർത്തിയിരുന്ന യുക്രൈൻ, സെലൻസ്കി അധികാരമേറ്റതോടെ അമേരിക്കൻ അനുകൂല നിലപാടിലേക്ക് മാറി. അമേരിക്ക പിടി മുറുക്കുമെന്ന് ഭയന്ന റഷ്യ യുക്രൈനുമേൽ ആക്രമണം ആരംഭിച്ചു. ഈ അക്രമണത്തെ എസ്‍യുസിഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് അതിശക്തമായി അപലപിച്ചു. മഹത്തായ ഒരു റിപ്പബ്ലിക് കശാപ്പ് ചെയ്യപ്പെട്ടു. സാമ്രാജ്യത്വ അക്രമണത്തിന്റെ പ്രതിഫലനം ലോകമെമ്പാടും ഉണ്ടായി. രണ്ട് സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിലുള്ള നിഴൽയുദ്ധ മാണ് റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പിന്നിൽ അരങ്ങേറുന്നത്. ഈ രണ്ട് ചേരിയെയും ശക്തമായി അപലപിക്കേണ്ടതാണ്.
1991ൽ സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും പിന്നീട് ചൈനയിലും മുതലാളിത്ത പുനഃസ്ഥാപനം നടന്നതോടുകൂടി സോഷ്യലിസ്റ്റ് ചേരി ലോകത്ത് ഇല്ലാതായി. സോഷ്യലിസം നിലനിന്നപ്പോൾ ലോകം ശീതയുദ്ധത്തിന്റെ നിഴലിൽ ആണെന്നും സോഷ്യലിസം ഇല്ലാതായാൽ യുദ്ധം ഇല്ലാതാകും എന്നും മുതലാളിത്ത ലോകം പ്രചരിപ്പിച്ചിരുന്നു. സാമ്രാജ്യത്വം നിലനിൽക്കുവോളം യുദ്ധം അനിവാര്യമാണെന്ന് ലെനിൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോൾ സോഷ്യലിസ്റ്റ് വ്യവസ്ഥ ഇല്ലാതായപ്പോൾ യുദ്ധം ഉണ്ടാകുന്നത് നമ്മൾ കാണുന്നു.
യുക്രൈനുമേൽ റഷ്യ നടത്തുന്ന യുദ്ധത്തെ അപലപിക്കാൻ ഇന്ത്യൻ ഭരണാധികാരികൾ തയ്യാറാകുന്നില്ല. ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ താല്പര്യം മുൻ നിർത്തി ഈ രണ്ട് വൻശക്തി കളുമായി ചങ്ങാത്തം നിലനിർത്തുകയാണ്. ഇറാനുമേൽ അമേരിക്ക ആക്രമണം നടത്തിയപ്പോൾ ഇന്ത്യ അമേരിക്കയ്ക്ക് അനുകൂലമായാണ് ഐക്യരാഷ്ട്ര സഭയില്‍ വോട്ട് ചെയ്തത്. സിപിഐ(എം), സിപിഐ പാർട്ടികളും എല്ലാ തത്വ ങ്ങളും കാറ്റിൽ പറത്തി മോഡിയുടെ നയത്തെ പിന്തുണക്കുന്നു. മുതലാളിത്ത പ്രതിസന്ധിയാണ് ഇത്തരമൊരു യുദ്ധസാഹചര്യം സൃഷ്ടിച്ചത്. പക്ഷെ ഇതു അവസാനമല്ല എന്നു നാം തിരിച്ചറിയണം.
ദേശീയ സാഹചര്യവും വളരെ ഗുരുതരമായ ഒരു ഘട്ടത്തിലാണ് എത്തിനിൽക്കുന്നത്. മുതലാളിത്ത വ്യവസ്ഥ അപരിഹാര്യമായ പ്രതിസന്ധിയിലാണ് ഇന്നെത്തിയിരിക്കുന്നത്. ഭരണകൂടം കൂടുതൽ കൂടുതൽ ഫാസിസത്തിലേക്ക് അടുക്കുകയാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായി ജനങ്ങൾ അങ്ങേയറ്റം സാമ്പത്തികമായി തകർന്നപ്പോൾ ഇന്ത്യയിലെ ബഹുരാഷ്ട്ര കുത്തക കളുടെ എണ്ണം 92ൽ നിന്ന് 142ലേക്ക് വർധിച്ചു. കേന്ദ്ര സർക്കാരിന്റെ കർഷക, തൊഴിലാളിദ്രോഹ നയങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ മുന്നേറുന്നു. പരിഷ്കരണങ്ങൾ എന്ന പേരിലാണ് എല്ലാ മുതലാളിത്ത അനുകൂല നയങ്ങളും നടപ്പാക്കുന്നത്. പൊതു മേഖല സ്ഥാപനങ്ങളുടെയും സ്വകാര്യവത്കരണം, ദേശീയ മോണിറ്റസേഷൻ പൈപ്പ് ലൈൻ പദ്ധതിയിലൂടെ എല്ലാം ജനങ്ങളുടെ പ്രയത്നം മുതലാളി വർഗ്ഗത്തിന് കൈ മാറുകയാണ്. അംബാനി, അദാനിമാരുടെ സമ്പത്ത് വര്‍ദ്ധിക്കുന്നു. ദരിദ്രർ കൂടുതൽ ദരിദ്രർ ആകുന്നു. തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. നിരന്തരമായി ഇന്ധന വില വർദ്ധന നടത്തുന്നു. സേവനമേഖലയും സ്വകാര്യ വത്കരിക്കപ്പെടുന്നു. ഇടത്തരക്കാരുടെ എണ്ണം കുറയുന്നു. 80കോടി പേരുടെ വരുമാനം ഇടിയുന്നു. സാമ്പത്തിക പ്രതി സന്ധി പരമകാഷ്ഠയിൽ എത്തിയിരിക്കുന്നു. ജനങ്ങളുടെ ഇടയിൽ അരക്ഷിതത്വം പടർന്നു പിടിക്കുന്നു. പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ആര്‍എസ്എസ്, സംഘ പരിവാർ വർഗീയത പടർത്തുന്നു.

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാപനദിനാചരണത്തോടനുബന്ധിച്ച് കൊല്ലം ജില്ലയില്‍ കുണ്ടറയില്‍ നടന്ന പൊതുയോഗത്തില്‍ പൊളിറ്റ് ബ്യറോ അംഗം സഖാവ് കെ.രാധാകൃഷ്ണ പ്രസംഗിക്കുന്നു.


നമ്മുടെ രാജ്യത്ത വർഗീയത ഈ മാനത്തിൽ പടരുന്നതിന്റെ അടിസ്ഥാനം സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ദൗർബല്യത്തിൽ ആണ് കുടികൊള്ളുന്നത്. സഖാവ് ശിബ്‌ദാസ് ഘോഷ് ഈ വിഷയം ആഴത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ആധുനിക രാഷ്ട്ര രൂപീകരണം മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല നടന്നിട്ടുള്ളത്. മതത്തെ അടിസ്ഥാനപ്പെടുത്തി മാത്രം ഒരു രാജ്യത്തിനും നിലനില്‍ക്കാനാവില്ല. അങ്ങനെയാകുമായിരുന്നെങ്കിൽ ഇസ്ലാം മതവിശ്വാസം സ്വീകരിച്ച ഒന്നിലധികം രാഷ്ട്രങ്ങൾ രൂപംകൊള്ളേണ്ട ആവശ്യകത ഉണ്ടാകുമായിരുന്നില്ല. ബുദ്ധമതം ഭൂരിപക്ഷ മതമായ ചൈന, ശ്രീലങ്ക, മ്യാന്മാർ തുടങ്ങിയ പല രാജ്യങ്ങളും ഉണ്ട്. യൂറോപ്പിൽ പ്രമുഖമായും ക്രിസ്തുമതമാണ്. പക്ഷെ ഇവയെല്ലാം വേറിട്ട രാഷ്ട്രങ്ങളായാണ് നിലനില്കുന്നത്.
മതേതരത്വം ശരിയായ രീതിയിൽ പ്രാവർത്തികമാക്കാൻ നമ്മുടെ ഗവണ്മെന്റുകൾക്ക് ആയിട്ടില്ല. എല്ലാ മതങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ബഹുമതാധിഷ്ഠിത രാജ്യമായാണ് നാം മാറിയത്. വിദ്യാഭ്യാസത്തിലും പൊതുജീവിതത്തിലും എല്ലാം മതാനുഷ്ടാനങ്ങൾ നടത്തുന്നു. മതത്തെ വ്യക്തിയുടെ സ്വകാര്യ വിഷയമായി നില നിർത്തുക എന്ന മതേതര കാഴ്ചപ്പാട് അനുഷ്ഠിക്കപ്പെടുന്നില്ല. ഭരണകൂടം വ്യക്തിയുടെ മതത്തിൽ ഇടപെടാൻ പാടില്ല. പക്ഷെ നമ്മുടെ നാട്ടിൽ തെരഞ്ഞെടുപ്പ് വേളകളിൽ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വോട്ടിനുവേണ്ടി എല്ലാ മതശക്തികളെയും ആശ്രയിക്കുന്നു. ഒരു ഹിന്ദുമത ആചാര്യൻ ആയിരുന്ന വിവേകാനന്ദൻപോലും മതം രാഷ്ട്രീയ ത്തിൽ ഇടപെടുന്നതിന് എതിരായിരുന്നു. നേതാജിയെപ്പോലുള്ളവർ ശക്തമായി ഈ ഇടപെടലിനെ എതിർത്തിരുന്നു. പക്ഷെ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ കപട മതേതരത്വം ആണ് പിന്‍തുടര്‍ന്നുവന്നത്. സിപിഐ, സിപിഐ(എം) പാര്‍ട്ടികള്‍പോലും അതാണ് പിന്തുടർന്നത്. ബിജെപി അധികാരത്തിൽ ഏറിയതോടെ സാഹചര്യങ്ങൾ ഏറെ വഷളായി ത്തീർന്നു. യുഎസ്എസ്ആറിന്റെ തകർച്ചയോടെ ലോകമെമ്പാടും പിന്തിരിപ്പൻ ശക്തികൾ ശക്തിപ്പെട്ടുവന്നു. അത്തരമൊരു പശ്ചാത്തലത്തിൽ ആണ് ഇന്ത്യയിലും ഹിന്ദു വർഗീയതയുടെ രൂപത്തിൽ ഫാസിസ്റ്റുകൾ അധികാരത്തിലേറിയത്.


കർണാടകയിലെ ഹിജാബ് വിഷയംപോലെയുള്ള കൃത്രിമ പ്രശ്നങ്ങൾ അവർ കുത്തിപ്പൊക്കുന്നു. ഹിജാബ് വിഷയത്തിൽ ഹൈക്കോടതി വിധി ഏറെ അപഹാസ്യമാണ്. എല്ലാത്തരം ഹിന്ദു അനുഷ്ഠാനങ്ങളും വിദ്യാലയങ്ങളിൽ നടക്കുമ്പോഴാണ് ഹിജാബ് നിരോധിച്ചത്. മറ്റ് ആചാരങ്ങൾ ഒന്നും കോടതി നിരോധിച്ചില്ല. ഇതിനെതിരെ എഐഡിഎസ്ഒ, എഐഡിവൈഒ തുടങ്ങിയ നമ്മുടെ വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങൾ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ വന്‍തോതിൽ ജന പിന്തുണ നേടി. ജഹാംഗിർപുരിയിൽ ഗവണ്മെന്റ് നടത്തുന്ന ഇടപെടലും സമാനമാണ്. ഭരണാധികാരികൾ ജനങ്ങളുടെ ഐക്യത്തെ ഭയപ്പെടുന്നു. അതിനെ എവ്വിധവും തകർക്കാൻ ശ്രമിക്കുന്നു.
ഫാസിസം വന്നാൽ മനുഷ്യൻ എന്ന പേരിന് അര്‍ഹരായവര്‍ ആരുംതന്നെ ഉണ്ടാവില്ല എന്ന് സഖാവ് ശിബ്‌ദാസ് ഘോഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫാസിസത്തിലൂടെ അവമാനവീകരണ പ്രക്രിയ ആണ് നടക്കുന്നത്. ബുദ്ധിജീവികളെപ്പോലും ആശയക്കുഴപ്പത്തിൽ ആക്കുന്നു. വിദ്യാഭ്യാസത്തിെന്റ കാവിവത്കരണത്തിലൂടെ, എന്‍ഇപി നടപ്പാക്കുന്നതിലൂടെ, ഹിന്ദി ഏക ഭാഷയായി അടിച്ചേല്പിക്കാൻ ശ്രമിക്കുന്നു. ജുഡീഷ്റി സാപേക്ഷിക നിഷ്പക്ഷത വെടിഞ്ഞ് ഭരണ കൂടവിധേയമാകുന്നു.
ഈ ഗുരുതരമായ സാഹചര്യങ്ങൾക്കെതിരെ സമരം വളർത്തി എടുക്കേണ്ട ഇടതുപക്ഷം പാർലമെന്ററി രാഷ്ട്രീയത്തിൽ ആണ്ടുമുങ്ങി കിടക്കുകയാണ്.


74-ാം വാർഷികം ആചരിക്കുന്ന ഈ വേളയിൽ നാം ആശയ പരമായി കൂടുതൽ സജ്ജരാക്കണം. ജനങ്ങൾ സമരം ആഗ്രഹിക്കുന്നു. നമുക്ക് മാത്രമേ ജനങ്ങളെ സംഘടിപ്പിക്കാനാകൂ. സിപിഐ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല എന്ന് സഖാവ് ശിബ്‌ദാസ് ഘോഷ് വിശദീകരിച്ചു. ജനാധിപത്യ കേന്ദ്രീയത എന്ന ലെനിൻ പഠിപ്പിച്ച കമ്മ്യൂണിസ്റ്റ്‌ സംഘടനാതത്വം ബൂർഷ്വ ജനാധിപത്യ ത്തിൽനിന്നും വേറിട്ടതാണ്. എല്ലാവർക്കും കമ്മ്യൂണിസ്റ്റ്‌ ആകാൻ കഴിയില്ല. വിട്ടു വീഴ്ച ഇല്ലാതെ ജീവിതത്തെ ആകെ ഉൾക്കൊള്ളുന്ന സമരത്തിലൂടെ മാത്രമേ കമ്മ്യൂണിസ്റ്റ്‌ ആകാൻ കഴിയു. അത്തരം സമരം ഏറ്റെടുത്തിട്ടുള്ള ഇന്ത്യ യിലെ ഏക കമ്മ്യൂണിസ്റ്റ്‌ പാർട്ടി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)മാത്രമാണ്. നമ്മൾ എല്ലാ ദൗർബല്യങ്ങളും പരിഹരിച്ചു സമൂഹത്തിന്റെ മോചനത്തിന്റ ദൗത്യം ഏറ്റെടുത്തു മുന്നോട്ടു പോകണം.
ഈ ആഹ്വാനവുമായാണ് സഖാവ് കെ.രാധാകൃഷ്ണ പ്രസംഗം ഉപസംഹരിച്ചത്. യോഗത്തിൽ സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ റ്റി.കെ.സുധിർകുമാർ, ആർ.കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. യോഗാനന്തരം കുണ്ടറയിൽ നടന്ന ആവേശകരമായ പ്രകടനത്തോടെയാണ് ആചരണ പരിപാടികൾ സമാപിച്ചത്.

Share this post

scroll to top