പരിസ്ഥിതിജാഗ്രതയുടെ അഗ്രഗാമി, ഡോ.ടി.വി.സജീവിന് ഐക്യദാർഢ്യം- എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്)

Dr-TV-Sajeev.jpeg
Share

കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രളയവും ഉരുൾ പൊട്ടലുകളും മലയാളിയെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു സമയമാണിത്. നമ്മുടെ ഭൂവിനിയോഗ രീതികളും, നിർമ്മാണ രീതികളും പുന:പരിശോധിക്കണമെന്ന തിരിച്ചറിവ് പൊതുവേ രൂപപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തിൽ പരിസ്ഥിതി ശാസ്ത്രജ്ഞന്മാർക്ക് ഏറെ കാര്യങ്ങൾ ജനങ്ങളോട് പങ്കുവയ്ക്കുവാനും ഉണ്ട്. കേരളത്തിലെ ഭൂപ്രകൃതി, 41 പടിഞ്ഞാറോട്ടൊഴുകുന്ന നദികളും, അവയുത്ഭവിക്കുന്ന മലനിരകളും, അവ ജലമെത്തിക്കുന്ന ഇടനാടും തീരപ്രദേശവും എല്ലാം ചേർന്ന് പരസ്പരബന്ധിതമായ ഒരു സാകല്യം ആണെന്ന തിരിച്ചറിവ് ഇന്ന് നമുക്ക് ഏറെ ആവശ്യമുണ്ട്. ഇതിലൊരുഭാഗത്ത് വരുത്തുന്ന പരിസ്ഥിതി നാശം മറ്റു ഭാഗങ്ങളെയും ബാധിക്കും എന്ന് നമ്മൾ അനുഭവത്തിലൂടെ പഠിച്ചിരിക്കുന്നു. അവിടെയാണ് കേരളത്തിൽ ഏറിവരുന്ന മലയിടിച്ചിലും ഉരുൾപൊട്ടലും എന്ന പ്രതിഭാസത്തെ പഠിച്ചുകൊണ്ട്, പാറ പൊട്ടിച്ചെടുക്കുന്ന ക്വാറികളുടെ നിയന്ത്രണമില്ലാത്ത പ്രവർത്തനം ഉരുൾപൊട്ടലിന് കാരണമാകുന്നു എന്ന് ശാസ്ത്രജ്ഞർ പഠനങ്ങളിലൂടെ കണ്ടെത്തിയത്. ആ അറിവ് കേരള സമൂഹവുമായി പങ്കുവെച്ച പീച്ചി കെ.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞൻ ഡോ.സജീവ് ഉൾപ്പടെയുള്ള വിദഗ്ദ്ധർ വലിയ സേവനമാണ് ചെയ്തത്. ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങൾക്ക് കാരണമായ പരിസ്ഥിതി നശീകരണ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സർക്കാരിനും കൂടി മാർഗ്ഗദർശനം ആകുന്നുണ്ട് ഈ പഠനങ്ങൾ.

പ്രകൃതി തരുന്ന സാധ്യതകളെ മനുഷ്യൻ ഉപയോഗിക്കുമ്പോൾ, ഭാവിയെ കരുതണമെന്നും, പരിസ്ഥിതി സന്തുലനം തെറ്റിക്കാതെ അത് ചെയ്യണമെന്നും പറഞ്ഞാൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള വിഷയമല്ല. പക്ഷേ മണ്ണിനെയും പാറയെയും കുന്നിനെയും കായലിനെയും ലാഭം വെട്ടിപ്പിടിക്കാനുള്ള ഉപാധിയായി മാത്രം കാണുന്നവർക്ക് പരിസ്ഥിതി സന്തുലനം പരിഗണന ആവില്ലല്ലോ. അവനവന്റെ ലാഭത്തിനപ്പുറം അവർക്ക് ഭാവിയെക്കുറിച്ചെന്ത് കരുതലുണ്ടാകും? പരിസ്ഥിതിയെ അപകടപ്പെടുത്തുന്ന വിധത്തിൽ തുടരുന്ന പ്രകൃതി ചൂഷണം ഒരു സാമൂഹ്യ വിരുദ്ധ പ്രവർത്തനമായിത്തന്നെ കാണണം. പ്രകൃതിയെക്കുറിച്ച് നമുക്കുണ്ടായിരുന്ന ധാരണകൾ മാറിയിട്ടുണ്ട്, ഇനിയും മാറണം. ഒരുകാലത്ത് നായാട്ട് അന്തസ്സുള്ള വിനോദമായിരുന്നു. എന്നാൽ ഇന്നത് തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഇന്നും അതിനെ വിനോദമായി കാണുന്നവർക്ക് തടവറ നൽകുന്ന നിയമം ഇന്ന് നമുക്കുണ്ട്. നമ്മുടെ ഖനിജങ്ങൾ എല്ലാം തന്നെ അതിവേഗം തീർന്നു കൊണ്ടിരിക്കുകയാണെന്നും അവയുടെ ഉപഭോഗം നിയന്ത്രിക്കണമെന്നും ഇന്നേത് സ്കൂൾ വിദ്യാർത്ഥിക്കും മനസ്സിലാകും. അതിനാൽ പ്രകൃതിസംരക്ഷണത്തിനായി സർക്കാരിന്റെ സജീവ ഇടപെടലാണ് ജനങ്ങളാഗ്രഹിക്കുന്നത്. ഇടതെന്നഭിമാനിക്കുന്ന, ജനതാൽപര്യം ഉയർത്തിപ്പിടിക്കുമെന്ന് സ്വയം പ്രഖ്യാപിക്കുന്ന കേരള സർക്കാർ ആ ആദർശങ്ങളെ വഞ്ചിച്ചുകൊണ്ട് ഈ മേഖലയിൽ ഉണ്ടായിരുന്ന സാമൂഹ്യ നിയന്ത്രണം പോലും എടുത്തു കളഞ്ഞിരിക്കുന്നത് ദൗർഭാഗ്യകരമാണ്. അടുത്തകാലത്ത് കേരളത്തിലുണ്ടായി വരുന്ന പരിസ്ഥിതി ജാഗ്രതയുമായി സംവദിക്കാൻ കേരള സർക്കാരിനാവുന്നില്ലെങ്കിൽ തെറ്റുപറ്റും എന്നു മാത്രം പറയട്ടെ.

ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിന്റെ ഭാവിയെ സുരക്ഷിതമാക്കാൻ സർക്കാരാണ് നടപടിയെടുക്കേണ്ടത്. ക്വാറികളെ നിയന്ത്രിക്കണം, വേണ്ടിവന്നാൽ പൊതുമേഖലാക്കണം. വ്യവസായ സാധ്യത എന്നപേരിൽ പണം വാരാനുള്ള അവസരമായി സഹ്യപർവ്വത മലനിരകളെ തുരന്നു തീർക്കാൻ ആർക്കും ലൈസൻസ് കൊടുക്കരുത്. പാരിസ്ഥിതിക പഠനങ്ങൾ നടത്തുന്ന ഡോ.സജീവിനും മറ്റ് ശാസ്ത്രജ്ഞർക്കുമെതിര ക്വാറി മാഫിയ നടത്തുന്ന പ്രകടനങ്ങൾ ബോധമുള്ള മലയാളി അവജ്ഞയോടെ തളളിക്കളയും. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) തൃശ്ശൂർ ജില്ലാകമ്മിറ്റി ശാസ്ത്രജ്ഞരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഡോ.സജീവിന് പൂർണ്ണപിന്തുണ നൽകുന്നു.

Share this post

scroll to top