മൂന്നാം പാർട്ടി കോൺഗ്രസ് പൊതുസമ്മേളനത്തിൽ സഖാവ് പ്രൊവാഷ് ഘോഷിന്റെ ആഹ്വാനം: സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പതാകയേന്താൻ മുന്നോട്ട് വരിക

Final-2-1.jpg
Share

 

2018 നവംബർ 26ന് ജാർഖണ്ഡിലെ ജംഷഡ്പൂർ ജി ടൗൺ മൈതാനിയിൽ നടന്ന എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ മൂന്നാം പാർട്ടി കോൺഗ്രസിന്റെ പൊതുസമ്മേളനത്തിൽ, പാർട്ടി ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ബംഗാളി ഭാഷയിൽ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷയാണിത്. പരിഭാഷയിൽ പിശകുകളോ മറ്റ് ഭാഷാപരമായ അപര്യാപ്തതകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം യൂണിറ്റി എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമാണ്.

സഖാവ് അധ്യക്ഷൻ, സഖാക്കളേ, സുഹൃത്തുക്കളേ,

മഹാനായ മാർക്‌സിസ്റ്റ് ചിന്തകൻ സഖാവ് ശിബ്ദാസ് ഘോഷ് സ്ഥാപിച്ച എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ മൂന്നാം കോൺഗ്രസ് 2018 നവംബർ 21 മുതൽ 25 വരെ ഘാട്‌സിലയിൽ നടന്ന കാര്യം നിങ്ങൾക്കറിയാം. ഇന്ന് (നവംബർ 26) ഇവിടെ ജംഷഡ്പൂരിൽ നടക്കുന്നത് അതിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനമാണ്. വമ്പൻ മുതലാളിത്ത കക്ഷികളായ ബിജെപിയും കോൺഗ്രസും, ഇടതുപാർട്ടികളായ സിപിഐ(എം)ഉം സിപിഐയും മറ്റ് പ്രാദേശികപാർട്ടികളും ഒക്കെത്തന്നെ, വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ രംഗത്തേക്ക് ഇതിനോടകം ചുവടുവെച്ചുകഴിഞ്ഞു. ആരാകും കേന്ദ്രത്തിൽ അധികാരം പിടിച്ചെടുക്കുക, ആരാകും ഡൽഹിയിലെ അധികാരക്കസേരകൾ കൈക്കലാക്കുക, വിവിധ മേഖലകളിൽ ആരൊക്കെ എത്രയൊക്കെ സീറ്റുകൾ നേടിയെടുക്കും എന്നിങ്ങനെ അനുമാനങ്ങൾക്ക് ചൂടുപിടിച്ചു തുടങ്ങി. ഈ പാർട്ടികളുടെ നേതാക്കൾ നടത്തുന്ന പ്രസംഗങ്ങൾക്കും പ്രവർത്തനനേട്ടങ്ങളെ സംബന്ധിക്കുന്ന അവകാശവാദങ്ങൾക്കും, ഓരോ ദിവസവും അച്ചടി-ഇലക്‌ട്രോണിക് മാധ്യമങ്ങൾ പരമാവധി പ്രചാരം നൽകുകയാണ്. ഈ രാഷ്ട്രീയസാഹചര്യത്തിലാണ്, സഖാവ് ശിബ്ദാസ് ഘോഷ് ചിന്തയാൽ നയിക്കപ്പെടുന്ന നാം, നിർദ്ദയമായ മുതലാളിത്ത അടിച്ചമർത്തലിൽപ്പെട്ട് ചതഞ്ഞരയുന്ന തൊഴിലാളികൾ-കർഷകർ-ഇടത്തരക്കാർ എന്നിവരുടെയെല്ലാം ജീവിതത്തിലെ നീറുന്ന പ്രശ്‌നങ്ങളെ അടിസ്ഥാനപ്പെടുത്തി വർഗ-ബഹുജന സമരങ്ങൾ എങ്ങനെ വളർത്തിയെടുക്കാമെന്നും, ആ പ്രക്രിയയിലൂടെ ഭാവിയിൽ മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിനുള്ള തയ്യാറെടുപ്പുകൾ എങ്ങനെ നടത്താമെന്നും നമ്മുടെ പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്തത്. ആ ലക്ഷ്യം മുൻനിർത്തി, സൈദ്ധാന്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും സംഘടനാപരമായും നൈതികമായും പാർട്ടിയെ എങ്ങനെ നമുക്ക് കൂടുതൽ കരുത്തുറ്റതാക്കി മാറ്റാമെന്ന വിഷയത്തിലായിരുന്നു നമ്മുടെ പര്യാലോചനകൾ. നമ്മുടേത് തെരഞ്ഞെടുപ്പിൽ അധിഷ്ഠിതമായ ഒരു പാർട്ടിയല്ല. നമ്മുടേത് ഒരു വിപ്ലവപാർട്ടിയാണ്. തെരഞ്ഞെടുപ്പുകളിലൂടെ ജനജീവിതത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുകയില്ല എന്നാണ് നമ്മുടെ പാർട്ടി വിശ്വസിക്കുന്നത്. മാർക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്ത നമ്മെ പഠിപ്പിക്കുന്നതും ഇതു തന്നെയാണ്.

നമ്മുടെ രാജ്യത്തിന്റെ  വേദനിപ്പിക്കുന്ന ചിത്രം

1952 മുതൽ നിരവധി പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടന്നു. ഗരീബി ഹഠാവോ (ദാരിദ്രേ്യാച്ചാടനം) എന്ന മുദ്രാവാക്യവുമായി കോൺഗ്രസ് ഏറെക്കാലം ഭരിച്ചു. അച്ഛേ ദിൻ (നല്ല ദിവസങ്ങൾ) നൽകാമെന്ന വാഗ്ദാനവുമായി ബിജെപിയും അധികാരത്തിലേറി. എന്തായിരുന്നു ഫലമെന്ന് സ്വന്തം കയ്‌പ്പേറിയ അനുഭവങ്ങളിലൂടെ ജനങ്ങൾക്കറിയാം. ദിനംപ്രതി ജനങ്ങളുടെ ദുരിതങ്ങൾ വർദ്ധിച്ചുവരികയുമാണ്. തങ്ങളുടെ ഭരണകാലത്ത് വളരെയധികം പുരോഗതിയും വികസനവും നടന്നുവെന്നും ഭാവിയിൽ കൂടുതൽ വികസനം ഉണ്ടാകുമെന്നും ഈ പാർട്ടികളെല്ലാം അവകാശപ്പെടുന്നു. പക്ഷേ, രാജ്യത്ത് നാം കാണുന്നതെന്താണ്? നിങ്ങൾക്കു മുമ്പാകെ ഞാൻ ചില വസ്തുതകൾ അവതരിപ്പിക്കാം. ഈ വസ്തുതകളും കണക്കുകളും ഞങ്ങൾ നൽകുന്നതല്ല. ഇതെല്ലാം, ഔദ്യോഗികമോ അല്ലെങ്കിൽ വിശ്വസനീയമായ അനൗദ്യോഗിക സ്രോതസ്സുകളിൽ നിന്നേ് ലഭിച്ചവയോ ആണ്. കഷ്ടിച്ച് രണ്ടുവർഷം മുമ്പ്, ആഗോള പട്ടിണി സൂചികയിൽ 119 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 100 ആയിരുന്നു. ഇപ്പോൾ അത് 103-ലേക്ക് താണിരിക്കുന്നു. ഇതാണ് ഇവിടെ നടക്കുന്ന പുരോഗതി! 203 ദശലക്ഷം (20.3 കോടി) ജനങ്ങളാണ് ഇന്ത്യയിൽ നിത്യപട്ടിണിയിൽ കഴിയുന്നത്. അടുത്ത കാലത്തായി, പട്ടിണി കിടക്കുന്നവരുടെ എണ്ണം വളരെയധികം വർധിച്ചിരിക്കുന്നു. ഓരോ ദിവസവും ഏഴായിരത്തോളം പേരാണ് പട്ടിണി കൊണ്ടു മരിക്കുന്നത്. ലോകത്തെ ദരിദ്രജനസംഖ്യയുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. ഇതുവരെ 35 ദശലക്ഷത്തിലധികം (3.5 കോടി) കർഷകരാണ് ആത്മഹത്യ ചെയ്തത്. ഓരോ ദിവസവും, വേണ്ട ആരോഗ്യശുശ്രൂഷ ലഭിക്കാതെ പതിനായിരത്തോളം ആളുകളാണ് മരിക്കുന്നത്. നിത്യേന 3000 കുട്ടികൾ പോഷകാഹാരക്കുറവുമൂലം മരിക്കുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയായ 123 കോടിയിൽ (1230 ദശലക്ഷം) ഏകദേശം 70 കോടിയും (700 ദശലക്ഷം), തൊഴിൽരഹിതരാണ്. കുറച്ചുനാളുകൾക്കുമുമ്പ് 90000 ഒഴിവുകൾ നികത്തുന്നതിനായി റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2.8 കോടിയിലധികം തൊഴിൽരഹിതരായ യുവാക്കളാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിച്ചത്. രാജ്യത്തെ ജനങ്ങളുടെ ദയനീയമായ അവസ്ഥയെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ! ഉത്തർപ്രദേശിൽ പ്യൂൺ തസ്തികയിലെ 368 ഒഴിവുകളിലേക്ക് 23 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഈ അപേക്ഷകരിൽ 255 പേർ പിഎച്ച്ഡിക്കാരും മറ്റ് നിരവധിപ്പേർ ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമൊക്കെയായിരുന്നു. പശ്ചിമബംഗാളിലെ 5400 ഗ്രൂപ്പ് ഡി ഒഴിവുകളിലേക്ക് 18 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിലും നിരവധി പേർ ഡോക്ടറേറ്റുള്ളവരോ, ബിരുദാനന്തരബിരുദധാരികളോ ഡോക്ടർമാരോ എഞ്ചിനീയർമാരോ ഒക്കെയായിരുന്നു. ഇതാണ് നമ്മുടെ രാജ്യത്തു കാണുന്ന ഭയാനകദൃശ്യം. ഇത് ചിത്രത്തിന്റെ ഒരു വശമാണ്.

ഈ വർഷങ്ങളിൽ ആരാണ് പുരോഗതി നേടിയത്?

ഇത്രയും വർഷങ്ങളിൽ രാജ്യത്ത് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നാണോ? ഉവ്വ്, തീർച്ചയായും ഉണ്ട്. വൻവ്യവസായികളും വാണിജ്യഭീമന്മാരുമാണ് വമ്പിച്ച സമ്പത്ത് നേടിയിരിക്കുന്നത്. 2016 -ൽ, ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരാണ് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 51 ശതമാനവും കൈയടക്കി വെച്ചിരുന്നത്. വെറും രണ്ടു വർഷം കൊണ്ടു തന്നെ ഈ 1% അതിസമ്പന്നരുടെ കൈകളിലേക്ക് രാജ്യത്തിന്റെ സമ്പത്തിന്റെ 73 ശതമാനവും കേന്ദ്രീകരിച്ചു. വെറും 57 ശതകോടീശ്വരന്മാരുടെ സമ്പത്ത്, രാജ്യത്തെ 90% ജനങ്ങളുടെ സമ്പത്തിനുതുല്യമാണ്. വമ്പൻ വ്യവസായിയായ മുകേഷ് അംബാനിയുടെ സ്വത്ത്, 2018 ജൂലൈ 31 ന്, 3,71,000 കോടി രൂപയിലേക്ക് ഉയർന്നിരിക്കുന്നു. ദിലീപ് സാംഘ്വി എന്ന മറ്റൊരു കുത്തകഭീമൻ 1,28,122 കോടി രൂപയാണ് തന്റെ പണപ്പെട്ടിയിൽ സ്വരുക്കൂട്ടിയത്. മുൻനിര വ്യവസായികളായ ഗൗതം അദാനിയുടെയും അസിം പ്രേംജിയുടെയും മൊത്തസമ്പത്ത്, യഥാക്രമം 1,70,230 കോടി, 1,30,251 കോടി എന്നിങ്ങനെയാണ്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സ്വത്തിൽ 300 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ മകൻ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനം 50,000 രൂപയിൽ നിന്നും 80 കോടി രൂപയിലധികമായാണ് ഒറ്റവർഷം കൊണ്ട് കുതിച്ചുകയറിയത്. അതായത്, 16,000 മടങ്ങ് വർധന. കാവി പുതയ്ക്കുന്ന ബാബാ രാംദേവിന്റെ സ്വത്തിലും 173% ആണ് രേഖപ്പെടുത്തിയ വർധന. ഇവരെല്ലാം തന്നെ വലിയതോതിൽ സ്വത്ത് സമ്പാദിച്ചിട്ടുള്ള ശതകോടീശ്വരന്മാരാണ്.
ഇവർക്കുപുറമേ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരും ദശലക്ഷങ്ങളുടെ സ്വത്തിന് ഉടമസ്ഥരാണ്. ജനങ്ങളെ സേവിക്കുന്നു എന്ന പേരിൽ അവർ കണക്കില്ലാതെ പണം സമ്പാദിക്കുന്നു. വ്യവസായികളുടെയും വാണിജ്യഭീമന്മാരുടെയും മന്ത്രിമാരുടെയും ബൂർഷ്വാകക്ഷി നേതാക്കളുടെയുമൊക്കെ അഴിമതി ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അഴിമതി രാജ്യത്തിന്റെ വ്യവസ്ഥ തന്നെയായിരിക്കുന്നു. ആരാണ് കൂടുതൽ മോഷ്ടിച്ചത്, ആരാണ് കുറച്ചുമോഷ്ടിച്ചത്, ആരാണ് പിടിക്കപ്പെട്ടത്, ആരാണ് പിടിക്കപ്പെടാതെ രക്ഷപ്പെട്ട് നിൽക്കുന്നത്, എന്നിങ്ങനെ നിസ്സാരവ്യത്യാസം മാത്രം. സർക്കാർ കടക്കെണിയിലാണ്. അതുകൊണ്ടുതന്നെ ബജറ്റ് കമ്മി ഉയരുകയാണ്. വളരുന്ന ഈ കമ്മി മറികടക്കാൻ സർക്കാർ ആഭ്യന്തരവും ബാഹ്യവുമായ സ്രോതസ്സുകളിൽ നിന്നും വൻതോതിൽ കടം വാങ്ങുന്നു. ഇത് കൂടിയ അളവിൽ ജനങ്ങൾക്കു മേലുള്ള നികുതിഭാരം വർധിപ്പിച്ച് വിലക്കയറ്റം സൃഷ്ടിക്കുന്നു. 2014-15 നും 2018-19നും ഇടയിൽ പെട്രോളിനും ഡീസലിനും മേലുള്ള നികുതികളിലൂടെ സർക്കാർ പത്തു ലക്ഷം കോടി രൂപയിലധികം നേടിയെടുത്തു എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഭാരതീയ റിസർവ് ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള പൊതുപണം തട്ടിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. റിസർവ് ബാങ്കിന്റെ കൈവശം അധികമുള്ള കരുതൽ ധനം അവർ സർക്കാർ ഖജനാവിലേക്ക് കൈമാറണമത്രെ. പണത്തിന്റെ അഭാവം ചൂണ്ടിക്കാട്ടിക്കൊണ്ട് വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനുമുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നു. കൂടാതെ, ഈ രണ്ടു പ്രധാനമേഖലകളും വാണിജ്യാടിസ്ഥാനത്തിൽ നടത്തി, ജനത്തെ ഞെക്കിപ്പിഴിഞ്ഞ് അവിശ്വസനീയമാംവിധം ലാഭമുണ്ടാക്കുവാനായി സ്വകാര്യനടത്തിപ്പുകാർക്ക് സർക്കാർ കൈമാറുന്നു. വരൾച്ചയും പ്രളയവും പോലെയുള്ള ദുരന്തങ്ങൾ തടയാൻ സർക്കാർ യാതൊരു പ്രയത്‌നവും നടത്തുന്നില്ലെന്നുമാത്രമല്ല, ജലസേചനസൗകര്യങ്ങളോ കുടിവെള്ളലഭ്യതയോ മെച്ചപ്പെടുത്താനും യാതൊരു നടപടിയും എടുക്കുന്നുമില്ല. മറുവശത്ത്, 10.25 ലക്ഷം കോടി രൂപയോളം ബാങ്ക് വായ്പയുടെ പേരിൽ തട്ടിയെടുക്കാൻ കുത്തകകളെയും കോർപ്പറേറ്റ് ഭീമന്മാരെയും അവർ അനുവദിച്ചു. അതു മാത്രമല്ല. ഈ കുത്തകകൾക്കും കോർപ്പറേറ്റ് ഭീമന്മാർക്കും 2.72 ലക്ഷം കോടി രൂപയുടെ വൻ നികുതിയിളവാണ് നൽകിയത്. ഇതുവരെയും നൂറു ലക്ഷം കോടി രൂപയുടെ കള്ളപ്പണം അതിസമ്പന്നരുടെ കൈവശമെത്താൻ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതാണ് ചിത്രത്തിന്റെ മറുവശം.

രണ്ട് ഇന്ത്യകൾ

അപ്പോൾ രണ്ട് ഇന്ത്യകളുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ സമ്പത്ത് ഇരട്ടിപ്പിക്കുന്ന കുത്തകഭീമന്മാരുടെയും വൻവ്യവസായികളുടെയും ഒരു ഇന്ത്യ. മറ്റേ ഇന്ത്യയാകട്ടെ, പട്ടിണി കിടന്ന് മരിക്കുന്ന, ആത്മഹത്യ ചെയ്യേണ്ടിവരുന്ന, തുച്ഛമായ തുകകൾക്ക് മക്കളെപ്പോലും വിൽക്കേണ്ടിവരുന്ന, തകർന്ന, വിശന്ന, തൊഴിൽരഹിതരായ-അധ്വാനിക്കുന്ന ദശലക്ഷങ്ങളുടെ സഞ്ചയത്തിന്റേതാണ്. ഇതിൽ ഏതു ഭാഗത്തെയാണ്, വോട്ട് അധിഷ്ഠിത, ദേശീയ-പ്രാദേശിക ബൂർഷ്വാ കക്ഷികൾ പ്രതിനിധീകരിക്കുന്നതെന്ന് നിങ്ങൾ പരിശോധിക്കണം. തഴയ്ക്കുന്ന അതിസമ്പന്നരെയോ അതോ, ദുരിതവും കഷ്ടപ്പാടുംകൊണ്ട് വശംകെട്ട അസംഖ്യം സാധാരണജനങ്ങളെയോ?

ഇതിനൊക്കെ പുറമേ മറ്റു ചില വെളിപ്പെടുത്തലുകൾകൂടി ഉണ്ട്. ഇന്നത്തെ പത്രത്തിൽ വന്നതനുസരിച്ച്, വിദേശത്തുനിന്നും തിരിച്ചെത്തിച്ച കള്ളപ്പണത്തിന്റെ കണക്കിനെ സംബന്ധിക്കുന്ന വിവരങ്ങൾ പങ്കുവെക്കാനുള്ള വിവരാവകാശ കമ്മീഷന്റെ ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസ് നിരാകരിച്ചിരിക്കുന്നു. അത്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെയും കുറ്റവാളികളുടെ പ്രോസിക്യൂഷനെയും തടസ്സപ്പെടുത്തുമത്രേ. അതേപോലെ, കേന്ദ്രമന്ത്രിമാരുടെ അഴിമതിക്ക് എതിരെ ഉയർന്നിട്ടുള്ള പരാതികളെ സംബന്ധിച്ച വിവരങ്ങൾ നൽകുവാനും പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചു. അത്തരം വിവരം നൽകുന്നത്, ഭാവനാത്മകവും ക്ലേശകരവുമായ പ്രക്രിയയാണത്രെ. ബാങ്ക് വായ്പകളിൽ വൻകുടിശ്ശിക വരുത്തിയ വ്യവസായികളുടെ പേരുകൾ പുറത്തുവിടാനുള്ള ആവശ്യവും സമാനമായ രീതിയിൽ പിഎംഒ നിരാകരിച്ചിരുന്നു. കാരണം വ്യക്തമാണ്. പിടികിട്ടാപ്പുള്ളികളായ, കുടിശ്ശികക്കാരായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി തുടങ്ങി ബിജെപിയുടെ അടുപ്പക്കാരുടെയും മറ്റു പല വമ്പന്മാരുടെയും പേരുകൾ ആ പട്ടികയിൽ ഉണ്ടാകും. അതുകൊണ്ട്, ആ പട്ടിക പരസ്യപ്പെടുത്താൻ സർക്കാരിന് താൽപര്യമില്ല. അപ്പോൾ ആരുടെ താൽപര്യമാണ് സർക്കാർ സംരക്ഷിക്കുന്നത്? തീർച്ചയായും നിങ്ങൾക്കത് മനസ്സിലാക്കാൻ സാധിക്കും.

വർധിക്കുന്ന തൊഴിലില്ലായ്മയുടെയും  ദുരിതത്തിന്റെയും  ദാരിദ്ര്യത്തിന്റെയും ഇന്ത്യ

ഇന്ന്, ദശലക്ഷങ്ങളാണ് തൊഴിൽരഹിതരായി രാജ്യത്തുള്ളത്. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്നു. പുതിയ തൊഴിലവസരങ്ങളൊന്നുംതന്നെ സൃഷ്ടിക്കപ്പെടുന്നില്ല. വ്യവസായങ്ങൾ അടച്ചുപൂട്ടുന്നു. ഫാക്ടറികൾ അടച്ചുപൂട്ടുന്നത് വിപണിയില്ലാത്തതുകൊണ്ടാണെന്ന് ഭരണകർത്താക്കൾ വാദിക്കുന്നു. എവിടെയെങ്കിലും അൽപ്പം തൊഴിൽശക്തി വിനിയോഗിക്കപ്പെടുന്നുണ്ടെങ്കിൽ അത് സ്ഥിരം തൊഴിൽ അല്ല, കരാർ അടിസ്ഥാനത്തിലാണ്. ജോലിയെടുക്കുന്നതിന് നിശ്ചിതസമയമില്ല, നിശ്ചിത കൂലിയില്ല. കരാർ തൊഴിൽ എന്ന പുതിയ സംവിധാനം പ്രാവർത്തികമാക്കിയിരിക്കുന്നു. തൊഴിൽ നിയമങ്ങളില്ല, തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് യാതൊരു അവകാശങ്ങളുമില്ല. ഗ്രാമങ്ങളിലേക്കു നോക്കൂ, അവ മരുഭൂമികളായി മാറിയിരിക്കുന്നു.യുവാക്കളോ യുവതികളോ ഗ്രാമീണമേഖലകളിലില്ല; കാരണം ഗ്രാമങ്ങളിൽ തൊഴിലില്ല, ജീവിതമാർഗമില്ല. അതുകൊണ്ട് അവർ ഏതെങ്കിലുമൊക്കെ നഗരങ്ങളിലേക്കോ, ചിലപ്പോൾ വിദേശത്തേക്കോ കുടിയേറ്റ തൊഴിലാളികളായി ജോലി തേടി പോവുകയാണ്. ഒരിടത്തും അവർക്ക് സ്ഥിരം ജോലികളില്ല. നിങ്ങൾ ഒരുപക്ഷേ അറിയണമെന്നില്ല, ഈ രാജ്യത്തെ 30 ദശലക്ഷത്തോളം (മൂന്നു കോടി) ചെറുപ്പക്കാരെയാണ് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ച്, അടിമപ്പണിക്കാരാക്കി സ്ഥാപിതതാൽപ്പര്യക്കാരായ ഏജന്റുമാർ വിദേശത്ത് വിറ്റിരിക്കുന്നത്. ഈ അടിമപ്പണിക്കാരെ തിരികെ വീട്ടിലേക്ക് മടങ്ങാൻകൂടി അനുവദിക്കുന്നില്ല. രാപകൽ അവരെക്കൊണ്ട് പണിയെടുപ്പിക്കുന്നു. കഷ്ടിച്ച് ജീവൻ നിലനിർത്താനുള്ള ഭക്ഷണമേ അവർക്ക് നൽകുന്നുള്ളു. എന്തെങ്കിലും കൂലി കിട്ടുന്നത് സംബന്ധിച്ച് യാതൊരു ഉറപ്പുമില്ല. താമസിക്കുന്ന സ്ഥലത്തുനിന്നും പുറത്തുപോകാൻകൂടി അവർക്ക് അനുവാദമില്ല. ഒരു വിദേശരാജ്യത്ത് അടിമകളായി പണിയെടുക്കുവാൻ ഈ രാജ്യത്തെ മൂന്നു കോടിയോളം ചെറുപ്പക്കാരെ നിർബന്ധിതരാക്കിയ അസഹനീയമായ ദാരിദ്ര്യത്തെക്കുറിച്ച് നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ. ജോലി നൽകാം, വിവാഹം നടത്തിത്തരാം, എന്നിങ്ങനെ വാഗ്ദാനങ്ങൾ നൽകി ഒരു സംഘം കച്ചവടക്കാർ ഗ്രാമങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് പെൺകുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുന്നു. എന്നിട്ട് ഈ നിസ്സഹായരായ പെൺകുട്ടികളെ രാജ്യത്തിനകത്തും പുറത്തുമുള്ള മാംസക്കച്ചവട കേന്ദ്രങ്ങളിൽ വിൽക്കുന്നു. സ്ത്രീശരീരം വിൽപ്പനച്ചരക്കാവുന്ന അവസ്ഥ ഓരോ ദിവസവും വർധിക്കുന്നു. ഇതാണ് നമ്മുടെ രാജ്യത്തെ വികസനത്തിന്റെ മറ്റൊരു ഭയാനകമായ ചിത്രം. ജനുവരി 26, റിപ്പബ്ലിക് ദിനം അടുത്തെത്തിയിരിക്കുന്നു. വളരെയധികം ആർഭാടവും പ്രതാപവും പ്രദർശിപ്പിക്കപ്പെടും. ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളോടെ നേതാക്കൾ നീണ്ട പ്രഭാഷണങ്ങൾ നടത്തും. കരിമരുന്ന് പ്രയോഗത്തോടെ പഞ്ചനക്ഷത്ര-സപ്തനക്ഷത്ര ഹോട്ടലുകളിൽ സുന്ദരമായ വിനോദപ്രദർശനങ്ങളും തുടർന്ന് വിഭവസമൃദ്ധമായ അത്താഴങ്ങളും ഉണ്ടാവും. അതിന്റെ അവശിഷ്ടങ്ങൾ കുപ്പയിലെറിയുമ്പോൾ, ആ കൂനയിൽ നിന്നും കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്നു തിരയുന്ന തെരുവു കുട്ടികളെ കാണാം. ഈ കുട്ടികളെല്ലാം മനുഷ്യരാണ്. ലക്ഷക്കണക്കിന് കുട്ടികളാണ് തെരുവിൽ ജനിക്കുകയും മരിക്കുകയും ചെയ്യുന്നത്. ആരും അവരെക്കുറിച്ച് ഓർത്ത് വിഷമിക്കാറില്ല. ഈ അഗതികളായ കുട്ടികൾക്ക് തങ്ങളുടെ മാതാപിതാക്കൾ ആരെന്നുകൂടി അറിവുണ്ടാകില്ല. ഇരുൾ വീഴുമ്പോൾ നമ്മുടെ സഹോദരിമാരിലും പെൺമക്കളിലും വലിയ ഒരു സംഖ്യക്ക് നഗരങ്ങളിലെയും പട്ടണങ്ങളിലെയും റെയിൽവേ സ്റ്റേഷനുകളിലേക്കും, ബസ് സ്റ്റാൻഡുകളിലേക്കും, ചന്തകളിലേക്കും, തെരുവുമൂലകളിലേക്കും ശരീരം വിൽക്കുവാനായി ഇറങ്ങേണ്ടി വരുന്നു. തങ്ങളുടെ വിശക്കുന്ന കുഞ്ഞുങ്ങളെയും രോഗബാധിതരായ ഭർത്താക്കന്മാരെയും ഊട്ടാൻ അവർക്കു വേറേ യാതൊരു വഴിയുമില്ല. ഈ തരം വികസനമാണ് ഇക്കാലംകൊണ്ട് നമ്മുടെ രാജ്യം നേടിയെടുത്തത്. കോൺഗ്രസ് വളരെക്കാലം ഭരിച്ചു. ഇപ്പോൾ ബിജെപി അധികാരത്തിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നു. ഈ രണ്ടു കൂട്ടരും ഈ വികസനമാണ് ജനങ്ങൾക്കു സംഭാവന ചെയ്തത്. അടിച്ചമർത്തപ്പെടുന്ന ജനങ്ങളുടെ അവസാനതുള്ളി ചോരയും ഞെക്കിപ്പിഴിഞ്ഞെടുത്ത,് ലാഭം കുന്നുകൂട്ടുന്ന വൻവ്യവസായികളുടെയും വാണിജ്യഭീമന്മാരുടെയും പുഷ്ടിപ്പെടലാണ് അവർ ഉറപ്പാക്കിയത്. ഇങ്ങനെയുള്ള ഒരു സ്വാതന്ത്ര്യത്തിന് വേണ്ടിയാണോ ഭഗത്‌സിങ് തന്റെ ജീവൻ ത്യജിച്ചത്? ഈ സ്വാതന്ത്ര്യത്തിനു വേണ്ടിയാണോ നേതാജി സുഭാഷ് ചന്ദ്രബോസ് പൊരുതിയത്?

രാഷ്ട്രീയത്തിൽ  രണ്ട് ശക്തികളേയുള്ളൂ

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനുപകരം ഒരു മർദ്ദക മുതലാളിത്ത ഭരണമാണ് രാജ്യത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഇതാണ് നമ്മുടെ ആദരണീയനായ നേതാവും ആചാര്യനുമായ സഖാവ് ശിബ്ദാസ് ഘോഷ് കാട്ടിത്തന്നത്. ജനങ്ങൾ സ്വാതന്ത്ര്യം നേടിയിട്ടില്ല, പക്ഷേ ഒരുപിടി മുതലാളിമാർ തന്നിഷ്ടപ്രകാരം പിടിച്ചുപറിക്കാനും കൊള്ളയടിക്കാനും ചൂഷണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം നേടിയിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ സമൂഹം വർഗവിഭജിതമാണെന്ന് അദ്ദേഹം കാണിച്ചുതന്നു. ഒരു ഭാഗത്ത്, പരമാവധി ചൂഷണത്തിലൂടെ പരമാവധി ലാഭമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമുള്ള ഭരണമുതലാളി വർഗം. മറുവശത്ത് അങ്ങേയറ്റം ചൂഷിതരും അടിച്ചമർച്ചപ്പെട്ടവരുമായ ദരിദ്രജനകോടികൾ, തൊഴിലാളികൾ-കർഷകർ-മധ്യവർഗം. രാഷ്ട്രീയത്തിൽ അനവധി വിരുദ്ധശക്തികൾ നിലനിൽക്കുന്നതായി പുറമേക്ക് തോന്നാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ യഥാർത്ഥത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് ശക്തികളേ രാഷ്ട്രീയത്തിലുള്ളൂ. ഒന്ന്, വിശ്വസ്തതയോടെ വൻവ്യവസായികളേയും കച്ചവടക്കാരെയും സേവിക്കുന്ന, അനിയന്ത്രിതമായ കൊള്ളക്കും ചൂഷണത്തിനും കുടപിടിക്കുന്ന, അടിച്ചമർത്തുന്നവരെയും കൊള്ളയടിക്കുന്നവരെയും സംരക്ഷിക്കുന്നത്. കോൺഗ്രസും ബിജെപിയും മറ്റെല്ലാ പ്രാദേശികകക്ഷികളും ഇതേ രാഷ്ട്രീയമാണ് പുലർത്തുന്നത്. രണ്ടാമത്തേത്, നിർദയമായ മുതലാളിത്ത ചൂഷണത്തിനെതിരെ ജനകീയസമരങ്ങൾ വളർത്തിയെടുക്കുന്ന രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നു. മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിന് വഴിയൊരുക്കുന്ന, ഉയർന്ന സൈദ്ധാന്തിക-സാംസ്‌കാരിക-നൈതിക അടിത്തറയുള്ള രാഷ്ട്രീയം. ഈ മണ്ണിലെ യഥാർത്ഥ വിപ്ലവ പാർട്ടിയായ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ആ രാഷ്ട്രീയത്തിന്റെ ദീപശിഖ വഹിക്കുന്നവരാണ്. ഈ ലക്ഷ്യത്തോടെയാണ് നാം നമ്മുടെ പോരാട്ടം നടത്തുന്നത്.

വിവേചനശക്തിയെ  നശിപ്പിച്ച് അന്ധത  വളർത്തുന്ന മുതലാളിത്തം

ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ഇന്ന് മുതലാളിത്തം ആക്രമണത്തിന് വിധേയമാക്കുന്നു. വിദ്യാഭ്യാസത്തിനും വിജ്ഞാനസമ്പാദനത്തിനുമുള്ള അവസരങ്ങൾ വർധിതമായി വെട്ടിച്ചുരുക്കുന്നു. മതവിദ്യാഭ്യാസത്തിലേക്കും ആത്മീയതയിലേക്കും പഠന സിലബസിനെ തിരിച്ചുവെക്കുന്നു. പക്ഷേ, രാജാ റാംമോഹൻ റായിയെയും ഈശ്വർചന്ദ്ര വിദ്യാസാഗറെയും പോലെ, ഇന്ത്യൻ നവോത്ഥാനത്തിന്റെ തലതൊട്ടപ്പന്മാരായവർ കൃത്യമായും പറഞ്ഞത്, വേദങ്ങളും വേദാന്തവും സംസ്‌കൃത ഭാഷയുമല്ല, ശാസ്ത്രവും യുക്തിയും ശാസ്ത്രീയചിന്തയുമാണ് നമുക്ക് പാഠ്യപദ്ധതിയിൽ വേണ്ടതെന്നാണ്. ഈ തരത്തിലുള്ള മതേതര-ജനാധിപത്യ വിദ്യാഭ്യാസമാണ് യോഗ്യനായ മനുഷ്യനെ സൃഷ്ടിക്കാനായി അവതരിപ്പിക്കേണ്ടത്. ഈ മഹത്തുക്കളുടെ വീക്ഷണത്തിനും, മതേതര-ശാസ്ത്രീയ-ജനാധിപത്യ വിദ്യാഭ്യാസത്തിനായുള്ള അവരുടെ സമീപനത്തിനുമെതിരെയുള്ള ആക്രമണം ആദ്യം വന്നത് കോൺഗ്രസിൽ നിന്നുമാണ്. ബിജെപി, ഒരു ചുവടു കൂടി മുന്നോട്ട് വെച്ചുകൊണ്ട്, മനസ്സിന്റെ ശാസ്ത്രീയചായ്‌വിനെ ഇല്ലാതാക്കി, യുക്തിസഹമായ കാഴ്ചപ്പാടിനെ നശിപ്പിച്ചു, ചർച്ചകൾ അവസാനിപ്പിച്ചു. തന്മൂലം, ആരുംതന്നെ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ, ചോദ്യങ്ങൾ ഉന്നയിക്കുകയോ, ഏതെങ്കിലും വിഷയത്തിൽ വാദത്തിന് മുതിരുകയോ ചെയ്യാതെ, നേതാക്കൾ പറയുന്നതു മാത്രം അന്ധമായി പിന്തുടരുന്നു. അതുകൊണ്ട്, അന്ധവും യുക്തിരഹിതവുമായ വിശ്വാസത്തെ വളർത്തുകയെന്ന ലക്ഷ്യത്തോടെ അവർ മതപരമായ വിദ്യാഭ്യാസത്തെ അവതരിപ്പിക്കുന്നു. വർഗീയഭ്രാന്തിനും അവർ തിരികൊളുത്തുന്നു.

രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കത്തെ സംബന്ധിച്ച്

ഇപ്പോൾ രാമനെ ചുറ്റിപ്പറ്റി ഒരു വടംവലി തന്നെ നടക്കുന്നുണ്ട്. രാമന്റെ യഥാർത്ഥപിന്തുടർച്ച ആരാണ് വഹിക്കുന്നത് എന്നതിനെപ്പറ്റിയുള്ള അവകാശവാദങ്ങളും മറുവാദങ്ങളും ഉണ്ടാകുന്നു. രാമൻ എന്നത് ഒരു പുരാണകഥാപാത്രമാണ്, ചരിത്രപുരുഷനല്ല. ചരിത്രത്താളുകളിൽ രാമനെ സംബന്ധിക്കുന്ന സൂചനകളൊന്നും നിങ്ങൾ കണ്ടെത്തില്ല. ബുദ്ധന്റെയും മഹാവീരന്റെയും ശങ്കരാചാര്യരുടെയും പേരുകളാണ് നിങ്ങൾ ചരിത്രത്തിൽ കണ്ടെത്തുക. രാമൻ ഒരു ഭാവനാസൃഷ്ടമായ കഥാപാത്രമാണ്. നാല് വേദങ്ങളിലും ഉപനിഷത്തുകളിലും ഗീതയിലും, ശങ്കരാചാര്യരുടെ അദ്വൈതവേദാന്തത്തിലും രാമനെ സംബന്ധിക്കുന്ന പരാമർശമില്ല. ഇപ്പോൾ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട്, രാമനെ കേന്ദ്രമാക്കി ഒരു കോലാഹലമുയർത്തുകയാണ്. രാമന്റെ ഈ സ്വയംപ്രഖ്യാപിത അനുയായികളെ യഥാർത്ഥ ഹിന്ദുക്കളെന്ന് വിളിക്കാൻ സാധിക്കുമോ? രാമന്റെ ജനനത്തിനുംമുമ്പേ വാൽമീകി രാമായണം എഴുതിയിരുന്നതായും, ഭാവിയിൽ എന്തു നടക്കുമെന്നു പ്രവചിച്ചതായും പറയപ്പെടുന്നുണ്ട്. പക്ഷേ, അയോധ്യയിലെ രാമക്ഷേത്രം നശിപ്പിച്ചുകൊണ്ട്, ബാബറി മസ്ജിദ് പണിയുമെന്ന് അദ്ദേഹം എവിടെയും പരാമർശിച്ചിട്ടില്ല. തുളസീദാസ് രചിച്ച രാമചരിതമാനസ് ഒരു ആധികാരികകൃതിയായി പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. തുളസീദാസ് ഈ കൃതി രചിക്കുന്ന കാലത്ത് ബാബറി മസ്ജിദ് നിലനിൽക്കുന്നുണ്ടായിരുന്നു. രാമൻ ജനിച്ച സ്ഥലത്താണ് ബാബറി മസ്ജിദ് പണിതതെന്ന് തുളസീദാസ് എവിടെയെങ്കിലും പറയുന്നുണ്ടോ? എനിക്ക് മറ്റൊരു ചോദ്യം ഉന്നയിക്കാനുണ്ട്. ശ്രീചൈതന്യ, രാമകൃഷ്ണ പരമഹംസർ, വിവേകാനന്ദൻ തുടങ്ങി ഹിന്ദുമതത്തിന്റെ കേന്ദ്രബിന്ദുക്കളായിക്കണ്ട് ഹിന്ദുക്കൾ പിന്തുടരുന്ന മഹാന്മാരും ബാബറി മസ്ജിദ് കണ്ടിട്ടുണ്ട്. പക്ഷേ, അവരിൽ ആരും തന്നെ രാമന്റെ ജന്മസ്ഥലത്താണ് ബാബറി മസ്ജിദ് നിൽക്കുന്നതെന്ന് പറഞ്ഞിട്ടില്ല. അവരൊക്കെയും ഭീരുക്കളാണെന്നാണോ നമ്മൾ കരുതേണ്ടത്? രാമജന്മഭൂമി-ബാബറി മസ്ജിദ് വിവാദം ആദ്യം സൃഷ്ടിച്ചത് കോൺഗ്രസാണ്. മുൻ കോൺഗ്രസ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് വർഗീയവികാരത്തിന് തിരികൊളുത്തി ഹിന്ദുവോട്ടുകൾ നേടിയെടുക്കാനായി, 1986-ൽ ബാബറി മസ്ജിദിന്റെ പൂട്ടുതുറന്ന്, അവിടെ രാംലാലയെ ആരാധിക്കുന്നതിന് തുടക്കമിട്ടത്. ഹിന്ദു വോട്ടുകൾ കൈക്കലാക്കാൻ കോൺഗ്രസ് രാമനെ ഉപയോഗിക്കാൻ പോകുന്നു എന്ന തന്ത്രത്തിനുപിന്നിലെ അപകടം ബിജെപി മനസ്സിലാക്കി. ഉടൻതന്നെ അവർ ഒരു രഥയാത്ര ആരംഭിച്ചു. രാജ്യമെങ്ങും വർഗീയകലാപങ്ങൾ സംഘടിപ്പിച്ചുകൊണ്ട്, ബാബറി മസ്ജിദ് തകർക്കുവാൻ അവർ ആഹ്വാനം ചെയ്തു. അങ്ങനെ, വർഗീയവിഭജനങ്ങൾക്കുമേലുള്ള കൃത്രിമമായ ധ്രുവീകരണം ഉപയോഗപ്പെടുത്തിക്കൊണ്ട് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകൾക്ക് തിളക്കം കൂട്ടാൻ അവർ ശ്രമിച്ചു. പിന്നീട് 1992-ൽ അന്നത്തെ കോൺഗ്രസ് പ്രധാനമന്ത്രിയുടെ നിഷ്‌ക്രിയത്വത്തെ മുതലെടുത്തുകൊണ്ട്, ആർഎസ്എസ്സിന്റെയും ബിജെപിയുടെയും ഉന്മത്തരായ കാലാൾപ്പടയാളികൾ, ബാബറി മസ്ജിദ് എന്ന ചരിത്രസ്മാരകത്തെ, തങ്ങളുടെ ഉന്നതനേതാക്കളുടെ സാന്നിധ്യത്തിൽ തകർത്തു തരിപ്പണമാക്കി. ഇത്തവണയും തെരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയിലെ രാമക്ഷേത്രനിർമ്മാണത്തിന്റെ പേരിൽ മതഭ്രാന്ത് ആളിക്കത്തിക്കുന്ന വൃത്തികെട്ട കളികൾ ആരംഭിച്ചിട്ടുണ്ട്.

ആർഎസ്എസ്സും ബിജെപിയും ഹിന്ദുമതത്തിന്റെ യഥാർത്ഥ അനുയായികളാണോ
ഞങ്ങൾ മാർക്‌സിസ്റ്റുകൾ നിരീശ്വരവാദികളാണ്. പക്ഷേ എനിക്ക് പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കാനുണ്ട്. ആർഎസ്എസ്സും ബിജെപിയും യഥാർത്ഥത്തിൽ ഹിന്ദുമതത്തിൽ വിശ്വസിക്കുന്നുണ്ടോ? വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞു -‘വിശക്കുന്നവന് ആദ്യം ഭക്ഷണം നൽകൂ, പിന്നെ മതത്തെപ്പറ്റി പറയാം. പട്ടിണി കിടക്കുന്നവർക്കായി സ്വയംപ്രഖ്യാപിത ഹിന്ദുക്കൾ എന്ത് ചെയ്യുന്നു എന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ പണം ചെലവാക്കി ക്ഷേത്രം പണിയുന്നതിനെയും അദ്ദേഹം എതിർത്തിരുന്നു. തനിക്ക് ഒരു പുത്രനുണ്ടായിരുന്നെങ്കിൽ അയാൾ ഒരു ബുദ്ധിസ്റ്റും, പുത്രവധു ക്രിസ്ത്യാനിയും താൻ സ്വയമൊരു മുസൽമാനും ആയിരുന്നിരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അതിൽ എന്താണ് ദോഷമുള്ളത്? ബൈബിളും ഖുറാനും വേദങ്ങളും ഒരുമിക്കുന്ന ഒറ്റമതം ഉണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഒരു മതവും മറ്റൊരു മതത്തെയും ആക്രമിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.5 വിവേകാനന്ദന്റെ ഗുരുവായ രാമകൃഷ്ണനാകട്ടെ, മസ്ജിദുകളിൽ നമസ്‌കാരവും പള്ളികളിൽ പ്രാർത്ഥനയും നടത്തുന്നതിനോടൊപ്പമാണ് കാളീദേവിയെ ആരാധിച്ചതും. ഇവരായിരുന്നോ ഹിന്ദുമതത്തിന്റെ പ്രതിനിധികൾ, അതോ ഇന്നത്തെ ആർഎസ്എസ്-ബിജെപി നേതാക്കളാണോ ഹിന്ദുമതത്തിന്റെ അനുയായികൾ? എന്തിനാണ് ഹിന്ദുത്വത്തിന്റെ പേരിൽ മതഭ്രാന്തും വെറിയും വളർത്തുന്നതെന്ന് ആർഎസ്എസ്സിനോടും ബിജെപിയോടും ചോദിക്കൂ. തെരഞ്ഞെടുപ്പ് നേട്ടങ്ങൾ കൊയ്യാനുള്ള സങ്കുചിത-വിഭാഗീയ താൽപ്പര്യം മറച്ചുപിടിക്കാനല്ലേ ഇത്? എപ്പോഴെല്ലാം തെരഞ്ഞെടുപ്പുവന്ന് വാതിലിൽ മുട്ടുന്നുവോ, അപ്പോഴെല്ലാം രാമക്ഷേത്രത്തിന്റെ പ്രശ്‌നം കുത്തിപ്പുറത്തിട്ട് വർഗീയവിഷം ചീറ്റുന്നു. അത് അപകടകരമായ നിലയിലേക്ക് വളരുകയാണ്.

ആർഎസ്എസ്സിന്റെയും  ബിജെപിയുടെയും ഹിന്ദുത്വ മുറവിളികൾക്ക് പിന്നിലെ യഥാർത്ഥലക്ഷ്യമെന്ത് ?

തങ്ങളുടെ ഹിന്ദുത്വസിദ്ധാന്തം ഉയർത്തിക്കാട്ടുന്നതിന് പിന്നിൽ ആർഎസ്എസ്സിനും ബിജെപിക്കും ഇരട്ടലക്ഷ്യങ്ങളാണ്. ഒന്നാമത്തേത് തീർച്ചയായും ഹിന്ദു വോട്ടുകൾ ധ്രുവീകരിച്ച് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകൾ സഫലമാക്കുക. ഇപ്പോൾ നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും തമ്മിൽ ക്ഷേത്രദർശനത്തിനുമേലുള്ള ഒരു മൽസരം തന്നെ നടന്നുകൊണ്ടിരിക്കുകയാണ് – ആരാകും ഒരു ക്ഷേത്രത്തിൽ ആദ്യം പോവുക, അതിലൂടെ കൂടുതൽ ഭക്തനായ ഹിന്ദുവെന്ന് തെളിയിക്കുക എന്നതാണ് മൽസരം. രണ്ടാമത്തെ ലക്ഷ്യം, അടിച്ചമർത്തപ്പെടുന്ന ജനതയുടെ ഐക്യം തകർക്കുകയെന്നതാണ്. ദരിദ്രരാക്കപ്പെട്ട തൊഴിലാളികളും കർഷകരും മധ്യവർഗക്കാരും പരസ്പരം വിദ്വേഷം വളർത്തട്ടെ. ഞാൻ ഹിന്ദു, നീ മുസ്ലിം. ഞാൻ ഉയർന്ന ജാതി, നീ താണജാതി. നീ ദളിതനാണ്, അവൻ ഗോത്രവർഗക്കാരനാണ്, അങ്ങനെയങ്ങനെ. ഭരിക്കുന്ന മുതലാളിവർഗത്തിനും അവരുടെ സേവകരായ മുതലാളിത്ത സർക്കാരുകൾക്കും എതിരെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ ഒറ്റക്കെട്ടായിനിന്ന് പൊരുതാതിരിക്കാൻ, ഇതുപോലെ അവരിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വിഭജനം അടിച്ചേൽപ്പിക്കുന്നു. അതുകൊണ്ടാണ്, വർഗീയ-ജാതീയ-വംശീയ ഭ്രാന്തിന്റെ തീ ആസൂത്രിതമായ രീതിയിൽ ആളിക്കത്തിക്കുന്നത്.
ജനങ്ങളിൽ അന്ധമായ മതവിശ്വാസം വളർത്തിയെടുക്കുക എന്നതാണ് മറ്റൊരു ഉദ്ദേശ്യം. ആർഎസ്എസ്സിനെയും ബിജെപിയേയും പോലെയുള്ള മതമൗലികശക്തികൾ ചെകുത്താന്റെ രൂപത്തിൽവന്ന് സാധാരണ ജനങ്ങളോട് പറയുന്നു – എന്തുകൊണ്ടാണ് നിങ്ങൾ ദരിദ്രരും തൊഴിൽരഹിതരുമായിരിക്കുന്നത്? എല്ലാം നിങ്ങളുടെ മോശപ്പെട്ട വിധി കാരണമാണ്. മുജ്ജന്മത്തിൽ നിങ്ങൾ ചെയ്ത പാപത്തിന്റെ ഫലമാണ് ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്നത്. അംബാനിമാരെയും അദാനിമാരെയുംപോലെ ജനങ്ങളെ നിർദയം ചൂഷണം ചെയ്ത് കോടിക്കണക്കിന് രൂപ കൊള്ളയടിക്കുന്ന കുത്തകകൾ , മുജ്ജന്മത്തിൽ വളരെയധികം പുണ്യപ്രവൃത്തികൾ ചെയ്തതിനാൽ ഇപ്പോൾ മതിമറന്ന് ജനത്തിന്റെ ചോരയൂറ്റിക്കുടിക്കാനായി ദൈവം അവരെ അയച്ചിരിക്കുകയാണ്. അപ്പോൾ നിങ്ങൾ, പാവപ്പെട്ടവരും ദുരിതമനുഭവിക്കുന്നവരും, വിശപ്പുകൊണ്ടും ചികിത്സ കിട്ടാതെയും സന്തോഷത്തോടെ മരിക്കുക. പ്രതിഷേധിക്കാതെ സന്തോഷത്തോടെ നിങ്ങൾ മരണം ഏറ്റുവാങ്ങിയാൽ, നിങ്ങൾക്ക് മുക്തി ലഭിക്കുകയും അടുത്ത ജന്മത്തിൽ ആശ്വാസം കിട്ടുകയും ചെയ്യും. അതുകൊണ്ട് ഒരിക്കലും ചോദ്യം ചെയ്യരുത്, തർക്കിക്കരുത്. നിങ്ങൾക്കുമേൽ പതിക്കുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും കാരണം തിരക്കരുത്. എന്തെന്നാൽ, എല്ലാം ദൈവഹിതമാണ്, എല്ലാം അദ്ദേഹത്തിന്റെ ചിന്തയാണ.് അതുകൊണ്ടുതന്നെ വിധിഹിതവുമാണ്. മനുഷ്യൻ ആഗ്രഹിക്കുന്നു, ദൈവം നിശ്ചയിക്കുന്നു എന്നാണല്ലോ പറയുന്നത്-ഹൃദയത്തിന്റെ ആഗ്രഹം, വിധിയുടെ കളി. അപ്പോൾ നിങ്ങളുടെ ദാരിദ്ര്യത്തിനും ദുഃഖത്തിനും മറ്റാരെയും ഉത്തരവാദിയായി കാണരുത്. മുജ്ജന്മത്തിൽ നിങ്ങൾ ചെയ്ത പാപത്തെയും നിങ്ങളുടെ വിധിയെയും ശപിക്കുക.’ഈ രീതിയിലുള്ള വഞ്ചന നിറഞ്ഞ പ്രവൃത്തികളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതേക്കുറിച്ച് ജനങ്ങൾ ജാഗ്രത പുലർത്തണം.

യുവാക്കളുടെ ധാർമിക നട്ടെല്ല് തകർക്കാൻ അശ്ലീലതയും  ആഭാസവും കൂസലില്ലാതെ പ്രചരിപ്പിക്കുന്നു

മറ്റൊരു കൊടിയ ഗൂഢാലോചനയുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വം അധികാരത്തിലിരുന്നപ്പോൾ രാജ്യത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും കൂലി അടിമകളാക്കാൻ അവർക്ക് താൽപ്പര്യമുണ്ടായിരുന്നു. പക്ഷേ, അതു വെറുതെയായി. എണ്ണമറ്റ വിദ്യാർത്ഥികളും യുവാക്കളും സന്തോഷത്തോടെ തങ്ങളുടെ വിദ്യാഭ്യാസം ഉപേക്ഷിച്ച്, എന്തെങ്കിലും ഭൗതികനേട്ടങ്ങൾക്കോ കുടുംബജീവിതത്തിന്റെ സുഖങ്ങൾക്കോ പ്രാധാന്യം കൽപ്പിക്കാതെ, തൊഴിൽ വാഗ്ദാനങ്ങൾ അവഗണിച്ച് സ്വാതന്ത്ര്യസമരത്തിന് ഒപ്പം ചേർന്നു. അവർ ജയിലിൽ പോയി, സാമ്രാജ്യത്വ ഭരണകൂടത്തിന്റെ വെടിയുണ്ടകളെയും ലാത്തികളെയും നേരിട്ടു, രക്തസാക്ഷിത്വം വരിച്ചു. യഥാർത്ഥ തീക്ഷ്ണ യുവത്വത്തിന്റെ അടയാളമായിരുന്നു അത്. ഇന്ന്, ഭരണമുതലാളിത്തവും അതിന്റെ സേവകരും യുവത്വത്തിന്റെ സത്തയെ തകർക്കുകയാണ്. അവർ യുവാക്കളോട് തിന്ന്, കുടിച്ച്, ആഘോഷിക്കുവാനും, ചൂതാട്ടകേന്ദ്രങ്ങളിൽ പോകുവാനും, ലഹരിക്ക് അടിമകളാകാനും, സ്ത്രീശരീരങ്ങളെക്കുറിച്ചുള്ള അശ്ലീലചർച്ചകളിൽ ഏർപ്പെടാനുമാണ് പ്രേരിപ്പിക്കുന്നത്. ഇന്റർനെറ്റ് അടക്കമുള്ള മാധ്യമങ്ങളിലൂടെ നീലച്ചിത്രങ്ങളും കാമോദ്ദീപകമായ കാര്യങ്ങളും തടസ്സമില്ലാതെ പ്രചരിപ്പിക്കുന്നതിലൂടെ, കരുതലില്ലാതെ അശ്ലീലതയും ലൈംഗിക അരാജകത്വവുമാണ് അവർ പടർത്തുന്നത്. ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനോ 100 വയസ്സായ മുത്തശ്ശിക്കോ പോലും ക്രൂരമായി ബലാൽസംഗം ചെയ്യപ്പെടുന്നതിൽ നിന്നും രക്ഷ കിട്ടുന്നില്ലെങ്കിൽ, എത്രത്തോളം കാര്യങ്ങൾ അധഃപതിച്ചിരിക്കുന്നു എന്ന് ചിന്തിക്കുക. മകൾ അച്ഛനു മേൽ ബലാൽസംഗകുറ്റം ചാർത്തുന്നു. വിദ്യാർത്ഥിനി അധ്യാപകനുമേൽ ബലാൽസംഗത്തിനും പീഡനത്തിനും കുറ്റം ചുമത്തുന്നു. എന്തൊരു ഭീകരമായ അവസ്ഥ. സ്വത്തുക്കൾ കൈക്കലാക്കുന്നതിനുവേണ്ടി മാത്രം വയസ്സായ മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കുന്ന, ചിലപ്പോൾ കൊല്ലാൻ കൂടി തയ്യാറാകുന്ന മക്കൾ. കുടുംബജീവിതത്തിൽ പോലും സ്‌നേഹമില്ല, വാൽസല്യമില്ല, മൃദുലവികാരങ്ങളൊന്നുമില്ല. എന്തൊരു രാജ്യത്താണ് നാം ജീവിക്കുന്നത്! ഇത്തരം പുരോഗതിയെക്കുറിച്ചാണ് ഭരണവർഗവും അതിന്റെ പിണിയാളുകളും പൊങ്ങച്ചം പറയുന്നത്. മൃഗങ്ങളുടെ ലോകത്തുപോലും ബലാൽസംഗമോ കൂട്ടബലാൽസംഗമോ നടക്കാറില്ല. രാജ്യത്തെ യുവത്വത്തെ ജീർണ്ണതയുടെ അഗാധഗർത്തത്തിലേക്ക് തള്ളിയിടുകയാണ് മുതലാളിവർഗം. തന്മൂലം മനുഷ്യസത്തയും മനഃസാക്ഷിയും മനുഷ്യസഹജമായ എല്ലാ ഗുണങ്ങളും നഷ്ടപ്പെടുന്ന അവർ, ഉള്ളിൽനിന്നുതന്നെ ഷണ്ഡരാക്കപ്പെടുന്നു. യുവത്വത്തെ തരംതാഴ്ത്തുകയും അധഃപതിപ്പിക്കുകയും ചെയ്താൽ, അവരുടെ ധാർമിക നട്ടെല്ലു തകർത്താൽ, അവരെ എളുപ്പത്തിൽ വിലയ്‌ക്കെടുക്കാനും, പണത്തിനുവേണ്ടി എന്തുതരം കുറ്റകൃത്യത്തിലും ഏർപ്പെടുത്താനും സാധിക്കും. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്നു. തൊഴിലില്ലാത്ത, സാംസ്‌കാരികമായി മലിനീകരിക്കപ്പെട്ട ഈ യുവാക്കൾ ബിജെപിയുടെയോ കോൺഗ്രസിന്റെയോ മറ്റേതെങ്കിലും ബൂർഷ്വാ പാർട്ടിയുടെയോ വോളന്റിയർമാരായി ഇറങ്ങിവരുന്നതു നമുക്ക് കാണാം, മദ്യം വാങ്ങാനോ ലഹരി നേടാനോ ആഘോഷിക്കാനോ ഉള്ള പണം നേടുന്നതിനായി. സമൂഹത്തിലെ എന്തെങ്കിലും തെറ്റിനോ അനീതിക്കോ എതിരെ അവർ ശബ്ദമുയർത്തില്ലെന്ന് മാത്രമല്ല, പോരാട്ടത്തിന്റെ പാതയിൽ അവർ അണിചേരുകയുമില്ല. ഈ ലക്ഷ്യം നേടുന്നതിനായി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഖുദിറാം ബോസ്, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, അഷ്ഫഖുള്ള ഖാൻ തുടങ്ങിയവരുടെ ജീവിതവും ചിന്തകളും മറച്ചുവയ്ക്കുന്നു. നിരവധി ജനങ്ങൾ വിശേഷിച്ചും ചെറുപ്പക്കാർ, രാജാ റാംമോഹൻ റായ്, വിദ്യാസാഗർ, വിവേകാനന്ദൻ, രബീന്ദ്രനാഥ്, ശരത്ചന്ദ്ര, പ്രേംചന്ദ്, ജ്യോതിബാ ഫൂലെ, സുബ്രമണ്യ ഭാരതി, ജ്യോതിപ്രസാദ്, ഗോപബന്ധുദാസ് തുടങ്ങി ഈ രാജ്യം സൃഷ്ടിച്ച പല മഹാന്മാരെയും അറിയണമെന്നില്ല. ഈ മഹാത്മാക്കളെ മറച്ചുവയ്ക്കുന്നതുവഴി മനുഷ്യത്വപരമായ ഗുണങ്ങൾ നഷ്ടപ്പെട്ട്, മനുഷ്യഗുണമില്ലാത്ത ജന്തുക്കളാക്കി അവരെ മാറ്റുവാൻ വേണ്ടി, തങ്ങളുടെ ആയുധങ്ങളെല്ലാം ഭരണവർഗം പുറത്തെടുക്കുകയാണ്. അങ്ങനെ വരുമ്പോൾ, ഭരിക്കുന്ന ചൂഷകമുതലാളിവർഗത്തിന് യാതൊരു അപകടഭീഷണിയുമുണ്ടാകില്ല. ഇതാണ് മുതലാളിത്ത ചൂഷണത്തിന്റെയും ഗൂഢാലോചനയുടെയും സ്വഭാവവും മൂർധന്യവും. ഈ നിർദ്ദയ മുതലാളിത്ത ചൂഷണത്തെയും ഉപജാപത്തെയും കുറിച്ച് ജനങ്ങൾക്ക് ധാരണയും മുന്നറിയിപ്പും കൊടുക്കുവാനും, യഥാർത്ഥ യുവത്വത്തെ പുതിയതായി ഉണർത്തിയെടുക്കാനുമാണ് നമ്മുടെ പാർട്ടി ആഗ്രഹിക്കുന്നത്.
ആലോചിച്ചു നോക്കൂ, വിദ്യാസാഗർ, ജ്യോതിബാ ഫൂലേ, സുഭാഷ് ചന്ദ്രബോസ്, വിവേകാനന്ദൻ, ഭഗത് സിങ്, ദേശബന്ധു ചിത്തരഞ്ജൻ, ലാലാ ലജ്പത് റായ്, സുബ്രമണ്യ ഭാരതി എന്നിവരിലാരെങ്കിലും ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ, അവർ ഇന്ന് രാജ്യത്ത് നടമാടുന്നത് കണ്ടിരുന്നുവെങ്കിൽ, അവരെന്താകും ജനങ്ങളോട് പറയുക. ബിജെപിയുടേയോ കോൺഗ്രസിന്റെയോ കീഴിലെ അടിമത്തത്തിൽ ചെന്നു ചേരാനോ, അതല്ലെങ്കിൽ മസ്ജിദ് പൊളിച്ച് അമ്പലം പണിയാനോ ആകുമോ അവർ ആവശ്യപ്പെടുക. മദ്യത്തിന് അടിമയാകാനോ, മ്ലേച്ഛമായ ഉപഭോഗസംസ്‌ക്കാരത്തിൽ മുങ്ങാനോ, സ്ത്രീകളോട് മോശമായി പെരുമാറാനോ ആണോ അവർ ഉപദേശിക്കുക. അതോ ഈ തിന്മകൾക്കും ജീർണ്ണതയ്ക്കുമെതിരെ പൊരുതാനും, മനുഷ്യത്വത്തിൽ അധിഷ്ഠിതമായി ചുവടുറപ്പിച്ച് നിൽക്കാനും, തെറ്റിനും അന്യായത്തിനുമെതിരായി വാളോങ്ങാനുമാണോ അവർ ആവശ്യപ്പെടുക. മാർക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്തകളാൽ നയിക്കപ്പെടുന്ന നമ്മുടെ പാർട്ടി മാത്രമാണ്, ഭരണമുതലാളിവർഗം മറവിയുടെ താഴ്‌വരയിലേക്ക് തള്ളിയിടുമ്പോളും, ഗതകാലത്തിലെ മഹാന്മാരുടെയും രക്തസാക്ഷികളുടെയും മഹത്തായ ജീവിതത്തെയും സംഭാവനകളെയും ഉയർത്തിപ്പിടിക്കുന്നത്. ആ തീക്ഷ്ണ യുവത്വത്തെ ഉയിർത്തെഴുന്നേൽപ്പിക്കുവാനും മനുഷ്യത്വഗുണങ്ങൾ വളർത്തുന്നതിനും, ഉയർന്ന സംസ്‌ക്കാരവും മൂല്യബോധവും നൈതികതയും ധാർമികതയും പരിപോഷിപ്പിക്കുന്നതിനുമാണ് നമ്മുടെ പാർട്ടി ശ്രമിക്കുന്നത്.

കപടമാർക്‌സിസ്റ്റുകളുടെ  അവസരവാദവും ചതിയും

നമ്മളും തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കും, പക്ഷേ അത് ഇടത് രാഷ്ട്രീയവും വിപ്ലവ സിദ്ധാന്തവും ഉപേക്ഷിച്ചുകൊണ്ടല്ല. സിപിഐഎമ്മിനെയോ സിപിഐയെയോ പോലെയല്ല. കോൺഗ്രസിനെ നമ്മൾ മതേതരമായി കാണുന്നില്ല. മതേതരത്വം എന്ന വാക്കിന് കൃത്യമായ ഒരു അർത്ഥമുണ്ട്. സൈദ്ധാന്തികമായി, മതേതരത്വമെന്നാൽ ഒരു പ്രകൃത്യാതീതശക്തിയെയും അംഗീകരിക്കാതിരിക്കുകയും, ഭൗതികലോകത്തെമാത്രം വസ്തുനിഷ്ഠ യാഥാർത്ഥ്യമായി സ്വീകരിക്കുകയും ചെയ്യുകയെന്നതാണ്. രാഷ്ട്രീയമായി, സുഭാഷ്ചന്ദ്രയുടെ വാക്കുകളിൽ പറഞ്ഞാൽ, രാഷ്ട്രീയകാര്യങ്ങളിൽ മതത്തിന് യാതൊരു പങ്കുമുണ്ടാകില്ല. സാമ്പത്തിക-രാഷ്ട്രീയ-ശാസ്ത്രീയ യുക്തിയാകും രാഷ്ട്രീയത്തെ ഭരിക്കുക. ഈ മതേതരത്വത്തെയാണ് ഭഗത്‌സിങ് സ്വീകരിച്ചത്. രബീന്ദ്രനാഥ്-ശരത്ചന്ദ്ര-പ്രേംചന്ദ്-നസ്രുൾ എന്നിവർ ഈ മതേതരത്വത്തെക്കുറിച്ചാണ് പറഞ്ഞത്. എന്നാൽ, കോൺഗ്രസ് അതിന്റെ തുടക്കംതൊട്ടുതന്നെ, മതാധിഷ്ഠിത ദേശീയതയാണ് പ്രചരിപ്പിച്ചത്. ശാസ്ത്രീയവീക്ഷണം അസ്വീകാര്യമായിരുന്ന ഇന്ത്യൻ മുതലാളിത്തത്തിന്റെ താൽപ്പര്യാർത്ഥം, ഗാന്ധിജിയും ഇതാണ് വാദിച്ചത്. ഈ മതാധിഷ്ഠിത ദേശീയതതന്നെ അവസാനം ഹിന്ദുമതാധിഷ്ഠിത ദേശീയതയായി മാറി. പിന്നീട്, ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണാധികാരികൾ പിന്നിൽനിന്ന് ചരടുവലിച്ച്, മുസ്ലീം സമൂഹത്തെ സ്വാതന്ത്ര്യസമരത്തിൽനിന്നും അന്യവൽക്കരിച്ചു. അങ്ങനെ, ഹിന്ദു-മുസ്ലിം വിഭജനം ഉണ്ടാക്കുകയും അവസാനം പാക്കിസ്ഥാൻ രൂപീകരിക്കുകയും ചെയ്തു. അല്ലായിരുന്നുവെങ്കിൽ രാജ്യത്തിന്റെ വിഭജനംപോലെയൊരു ദുരന്തം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. അപ്പോൾ കോൺഗ്രസ് ഒരിക്കലും മതേതരമായിരുന്നില്ല. ഇപ്പോഴും അത് അങ്ങനെയല്ല. തെരഞ്ഞെടുപ്പുരംഗത്ത് അവർ ബിജെപിയെ എതിർക്കുന്നു, അതുകൊണ്ട് അവർ മതേതരമാണ് എന്നുപറയുന്നത്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി കരുതിക്കൂട്ടിയുള്ള തികഞ്ഞ കള്ളമാണ്. കുറച്ചു സീറ്റുകൾ കിട്ടുക എന്ന തെരഞ്ഞെടുപ്പ് താൽപ്പര്യത്തിനായി മാത്രം കോൺഗ്രസിന്റെ വാലായി മാറാൻ ശ്രമിക്കുകയാണ് സിപിഐയും സിപിഐഎമ്മും. അത്തരം അവസരവാദപരമായ രാഷ്ട്രീയം നമ്മൾ പുലർത്താറില്ല. അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതും, സിവിൽ-ജനാധിപത്യ അവകാശങ്ങൾ റദ്ദുചെയ്തതും, എതിർപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തിയതും പത്രസ്വാതന്ത്ര്യത്തെ വെട്ടിച്ചുരുക്കിയതും ടാഡ(TADA), മിസ(MISA), എസ്മ(ESMA) പോലെയുള്ള കരിനിയമങ്ങൾ കൊണ്ടുവന്നതുമൊക്കെ കോൺഗ്രസാണ്. തുടർച്ചയായി കലാപങ്ങളും വംശഹത്യകളും ബിജെപി ആസൂത്രണം ചെയ്ത് നടപ്പാക്കി ഭ്രാതൃഹത്യാപരമായ രക്തച്ചൊരിച്ചിൽ സൃഷ്ടിക്കുന്നതുപോലെ, റൂർക്കല (ഒഡീഷ), ഭഗൽപ്പൂർ (ബീഹാർ), നെല്ലി (അസം), ഡൽഹി എന്നിടങ്ങളിലൊക്കെ കോൺഗ്രസും വർഗീയത ആളിക്കത്തിച്ചിട്ടുണ്ട്. ഇതേ കോൺഗ്രസിനെയാണ് സിപിഐയും സിപിഐഎമ്മും മതേതരം, ജനാധിപത്യപരം, എന്നൊക്കെ വിളിക്കുന്നത്. വോട്ടിനുവേണ്ടി മാത്രമുള്ള ഇത്തരം കള്ളത്തരത്തിന് നമ്മൾ തുനിയാറില്ല. സിപിഐയും സിപിഐഎമ്മും മാർക്‌സിസത്തെക്കുറിച്ച് വാചകമടിക്കുമെങ്കിലും അവർ മാർക്‌സിസ്റ്റുകളല്ല എന്നതാണ് നമ്മൾ എപ്പോഴും പറയുന്നത്. അവരുടെ മുൻകാല ചരിത്രവും ഇത് ശരിവയ്ക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത്, ഗാന്ധിജിയെ മുന്നിൽ നിർത്തിക്കൊണ്ട്, അനുരഞ്ജനത്തിന്റെ പാതയിലൂടെ അധികാരം നേടിയെടുക്കാൻ ദേശീയ ബൂർഷ്വാസി ശ്രമിച്ചു. അതുകൊണ്ടുതന്നെ, മതേതര-ശാസ്ത്രീയ ചിന്ത മുൻനിരയിലേക്ക് വരാൻ കോൺഗ്രസ് ഒരിക്കലും അനുവദിച്ചില്ല. വിപ്ലവപോരാട്ടങ്ങളെ എതിർക്കുകയും ചെയ്തു. പകരം അവർ മതചിന്തകളെ പ്രോൽസാഹിപ്പിച്ചു. അഹിംസയെ പിന്തുടരുന്നു എന്ന പേരിൽ, വിപ്ലവമുന്നേറ്റങ്ങളുടെ തരംഗത്തെ തകിടംമറിക്കാനാണ് അവർ ശ്രമിച്ചത്. ഇവിടെ പരാമർശിക്കേണ്ട പ്രസക്തമായ കാര്യം, സ്വാതന്ത്ര്യസമരത്തിൽ സുഭാഷ്ചന്ദ്രബോസ്, ഭഗത്‌സിങ്, സൂര്യസെൻ, ഖുദിറാം, ചന്ദ്രശേഖർ ആസാദ് തുടങ്ങിയവർ പ്രതിനിധീകരിച്ച അനനുരഞ്ജനധാരയുമുണ്ടായിരുന്നു എന്ന കാര്യമാണ്. ഈ ധാരയുടെ മുഖ്യപോരാളികൾ സായുധപോരാട്ടത്തിലാണ് വിശ്വസിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വവും ഇന്ത്യൻ ദേശീയ ബൂർഷ്വാസിയും ഈ വിപ്ലവധാരയെ ഭയന്നിരുന്നു. അതുകൊണ്ട്, സുഭാഷ്ചന്ദ്രയെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും രാജിവെപ്പിക്കാനും, സസ്‌പെൻഷനിലൂടെ അദ്ദേഹത്തെ ഏറെക്കുറേ പുറത്താക്കാനും അവർ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ആ ചരിത്രം പലർക്കും അറിയില്ല. ഇപ്പോൾ എല്ലാവരും സുഭാഷ്ചന്ദ്രയുടെ ആരാധകരായി നടിക്കുകയാണ്. ബിജെപിപോലും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യസമരത്തെ കുറിച്ച് ആർഎസ്എസ്സിന്റെയും ബിജെപിയുടെയും ആശയാചാര്യനായ എം.എസ്.ഗോൾവാൾക്കർ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് നിങ്ങൾക്കറിയാമോ? ബ്രിട്ടീഷുകാർക്കെതിരെയും, പ്രദേശാധിഷ്ഠിതമായ ദേശീയതയേയുംകുറിച്ച് പറയുന്നവർ പിന്തിരിപ്പന്മാരാണ് എന്നായിരുന്നു അദ്ദേത്തിന്റെ നിലപാട്. ഈ സിദ്ധാന്തത്തെ പിന്തുണക്കുകയാണെങ്കിൽ, സുഭാഷ്ചന്ദ്രയിൽ തുടങ്ങി, ദേശബന്ധു, ലാലാലജ്പത് റായ്, ഭഗത്‌സിങ് എന്നിങ്ങനെ ഗാന്ധിജിയെയും നെഹ്രുവിനെയും വരെ ദേശസ്‌നേഹികളായല്ല, പിന്തിരപ്പന്മാരായാണ് കാണേണ്ടിവരിക. ഇതൊക്കെയായിരുന്നു ഗോൾവാൾക്കറുടെ വീക്ഷണങ്ങൾ. അദ്ദേഹം ഒരു ഹിന്ദുരാഷ്ട്രത്തിനായി, ഹിന്ദുഭാരതത്തിനായാണ് നിലകൊണ്ടത്. ഇപ്പോൾ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറയുന്നത്, ഗോൾവാൾക്കറുടെ ഈ നിരീക്ഷണങ്ങളുള്ള ഭാഗം, അതുൾപ്പെടുത്തിയിരുന്ന പുസ്തകത്തിൽ നിന്നും അവർ നീക്കം ചെയ്തു എന്നാണ്. എന്തുകൊണ്ടാണ് ആർഎസ്എസ് മേധാവി അങ്ങനെ പറയുന്നത്? അത്തരം സംജ്ഞകൾ കാരണം ഇപ്പോൾ അവർ ബുദ്ധിമുട്ടുകൾ നേരിടുന്നു. പക്ഷേ ഇപ്പോൾ അതുകൊണ്ടൊക്കെ എന്തു കാര്യം? സ്വാതന്ത്ര്യസമരകാലത്ത് ഇതായിരുന്നു ആർഎസ്എസ്സിന്റെ നിലപാട്. ചരിത്രമെങ്ങനെ തുടച്ചുനീക്കാൻ സാധിക്കും? സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ് എപ്പോളെങ്കിലും പങ്കാളിയായിരുന്നോ? ഇല്ല, ഒരിക്കലുമില്ല. സ്വാതന്ത്ര്യസമരത്തെ എതിർക്കുകയല്ലാതെ മറ്റൊരു പങ്കും ആർഎസ്എസ്സിനുണ്ടായിരുന്നില്ല. ഫാസിസ്റ്റ് ഹിറ്റ്‌ലറെ ആർഎസ്എസ് ആരാധിക്കുകകൂടി ചെയ്തിരുന്നു. ഇതാണ് അവരുടെ ചരിത്രം.

ആ സമയത്ത്, മഹാനായ സ്റ്റാലിൻ അവിഭജിത സിപിഐയുടെ നേതാക്കളോട്, അനുരഞ്ജനത്തിന്റെയും പരിഷ്‌ക്കരണത്തിന്റെയും പ്രതിനിധികളായ വൻകിട ദേശീയ ബൂർഷ്വാസിക്കുപകരം വിപ്ലവകാരികളെ പിന്തുണക്കാൻ ഉപദേശിച്ചിരുന്നു. പക്ഷേ, സിപിഎമ്മിന്റെ നേതാക്കൾ കൂടി ഉൾപ്പെട്ടിരുന്ന അന്നത്തെ അവിഭജിത സിപിഐ, സ്റ്റാലിന്റെ ഉപദേശം ചെവിക്കൊണ്ടില്ല. സിപിഐ നേതാക്കൾ പകരം സുഭാഷ്ചന്ദ്രയെ എതിർക്കുകയും ഗാന്ധിജിയെ പിന്തുണയ്ക്കുകയും ചെയ്തു. ഇതാണ് വസ്തുത. സ്പഷ്ടമായ മാർക്‌സിസ്റ്റ്-വിരുദ്ധ സമീപനവും പ്രവൃത്തിയുമാണ് പലപ്പോഴും സിപിഐയും സിപിഐഎമ്മും സ്വീകരിച്ചത്. ആ വിശദമായ ചർച്ചയിലേക്ക് ഞാൻ ഇന്ന് കടക്കുന്നില്ല. ഒരു കാര്യം മാത്രം ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാം, 1942 നും വളരെ മുമ്പേതന്നെ അവിഭജിത സിപിഐ സ്വാതന്ത്ര്യസമരത്തെ എതിർത്തിരുന്നു. നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി ജപ്പാൻ സാമ്രാജ്യത്വത്തിന്റെ ശിങ്കിടിയാണെന്നായിരുന്നു അവരുടെ പക്ഷം. അവിഭജിത സിപിഐ മറ്റൊരു വിചിത്രസിദ്ധാന്തവും മുന്നോട്ടുവെച്ചിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് വ്യത്യസ്ത ദേശീയതകളാണ്. അതുവഴി ഹിന്ദുമഹാസഭക്കും ആർഎസ്എസ്സിനും മുസ്ലിം ലീഗിനും ഒപ്പം സിപിഐയും രാജ്യത്തിന്റെ വിഭജനത്തെ പിന്തുണച്ചിരുന്നു.

ഇടതു-ജനാധിപത്യ മുന്നേറ്റത്തിന് സിപിഐഎമ്മും സിപിഐയും കൊടിയ  ദ്രോഹമാണ് വരുത്തിയത്

ഇടതു-ജനാധിപത്യ മുന്നേറ്റത്തിന്റെ സിരാകേന്ദ്രമായിരുന്നു ഒരിക്കൽ പശ്ചിമബംഗാൾ. അവിഭജിത ബംഗാളും, വിഭജനത്തിനുശേഷം പശ്ചിമബംഗാളും സുഭാഷ്ചന്ദ്രയുടെയും മറ്റ് വിപ്ലവകാരികളുടെയും പൈതൃകം മുന്നോട്ടുകൊണ്ടുപോയി. കോൺഗ്രസിന് ഇവിടെ വാസ്തവത്തിൽ യാതൊരു സ്വാധീനവുമില്ലായിരുന്നു. തങ്ങളുടെ 34 വർഷത്തെ തുടർച്ചയായ ഭരണകാലത്ത്, ചൂഷകമുതലാളിത്തത്തിന്റെ താൽപ്പര്യസംരക്ഷണാർത്ഥം, സിപിഐ(എം) ജനങ്ങളെ വളരെയധികം അടിച്ചമർത്തുകയും പീഡിപ്പിക്കുകയും ചെയ്തു. തന്മൂലം അതേ പശ്ചിമബംഗാളിൽ സിപിഐമ്മിനെതിരെയുള്ള വികാരത്തിന്റെ ഫലമായി ഇന്ന് ഇടത് രാഷ്ട്രീയത്തോടുതന്നെ ജനങ്ങൾ വിദ്വേഷം വെച്ചുപുലർത്തുന്നു. അങ്ങനെ മാർക്‌സിസത്തിനും ഇടതുരാഷ്ട്രീയത്തിനും കടുത്ത ദ്രോഹമാണ് സിപിഐ(എം) ചെയ്തു കൂട്ടിയത്. അത്ര നിന്ദ്യമായ പങ്കായിരുന്നു അവരുടേത്. സിപിഐഎമ്മും സിപിഐയും സമരത്തിന്റെ പാത എന്നേ ഉപേക്ഷിച്ചിരിക്കുന്നു. ഇന്ന് അവരുടെ ഒരേയൊരു ലക്ഷ്യം തെരഞ്ഞെടുപ്പ് താൽപ്പര്യങ്ങളെ പിന്തുടരുകയെന്നതായിരിക്കുന്നു. തെരഞ്ഞെടുപ്പ് നേട്ടത്തിനായിമാത്രം 1977ൽ സിപിഐ(എം), അന്ന് ആർഎസ്എസ് കൂടി ഉൾപ്പെട്ട ജനതാ പാർട്ടിയുമായി ഐക്യമുണ്ടാക്കുകയുണ്ടായി. വോട്ടിനു വേണ്ടി മാത്രം, ജ്യോതിബസുവും അടൽ ബിഹാരി വാജ്‌പേയ്‌യും ചേർന്ന് 1980കളിൽ കൊൽക്കത്ത മൈതാനിയിൽ സമ്മേളനം നടത്തുകയുണ്ടായി. ഇപ്പോൾ അതേ സിപിഐ(എം) തന്നെ, തെരഞ്ഞെടുപ്പ് നേട്ടത്തിനായി കോൺഗ്രസിനൊപ്പം കൈകോർക്കുന്നു. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പേരിൽ നമ്മൾ ഇത്തരം അവസാരവാദരാഷ്ട്രീയം വച്ചുപുലർത്താറില്ല. ഇതേക്കുറിച്ചെല്ലാം ചിന്തിക്കുവാൻ സിപിഐഎമ്മിന്റെയും സിപിഐയുടെയും ആത്മാർത്ഥതയുള്ള, ഇടതു മനസ്സുള്ള പ്രവർത്തകരോടും അനുഭാവികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്.
സാമ്പത്തികതാൽപ്പര്യങ്ങൾക്കുമേലുള്ള ഭിന്നതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ വമ്പൻ മുതലാളിത്തത്തിന്റെ ചേരി വിഭജിതമാണ്. പാർലമെന്ററി രാഷ്ട്രീയത്തിൽ ഒരു വിഭാഗം ബിജെപിയെയും മറുഭാഗം കോൺഗ്രസിനെയും പിന്തുണക്കുന്നു. കൂടാതെ, ദേശീയ-പ്രാദേശിക മൂലധനങ്ങൾ തമ്മിലുള്ള വൈരുദ്ധ്യത്തിന് മൂർച്ച കൂടുകയും, തദ്ഫലമായി പ്രാദേശികകക്ഷികളുടെ ശബ്ദം ശക്തമാവുകയും ചെയ്തിട്ടുണ്ട്. സിപിഐ-സിപിഐ(എം) നേതൃത്വങ്ങൾക്ക് വർഗസമരത്തോടും ബഹുജനമുന്നേറ്റങ്ങളോടും ഏറ്റവും ചുരുങ്ങിയ അനുഭാവമെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ മുതലാളിത്തചേരിയിലെ ഈ വിഭജനത്തെ അവർ ഉപയോഗപ്പെടുത്തിയേനെ. പകരം അവർ കോൺഗ്രസിനും മറ്റ് മുതലാളിത്ത കക്ഷികൾക്കും പിന്നാലെചെന്ന് അവരെയും കർഷകറാലികളിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് ഭരണത്തിനുകീഴിൽ കർഷക ആത്മഹത്യകൾ ഉണ്ടായിട്ടേയില്ല, കോൺഗ്രസ് സർക്കാരുകൾ കർഷകർക്കുമേൽ നിറയൊഴിച്ചിട്ടേയില്ല എന്നുതോന്നും ഇതുകണ്ടാൽ. അവരുടെ കൂട്ടുകക്ഷിയായ സിപിഐ (എംഎൽ) ലിബറേഷൻ, അവരുടെ പാട്‌ന യോഗത്തിൽ, അഴിമതിക്കുറ്റത്തിന് തടവുശിക്ഷ അനുഭവിക്കുന്ന ലാലുപ്രസാദിന്റെ മകനെയും ക്ഷണിക്കുകയും, അദ്ദേഹം യോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള അവസരവാദ രാഷ്ട്രീയം രണ്ടോ മൂന്നോ എംഎൽഎ, എംപി സ്ഥാനങ്ങൾ നേടാൻ സഹായിച്ചേക്കാം. പക്ഷേ, ഇപ്പോൾതന്നെ മുടന്തുന്ന ഇടതുമുന്നേറ്റത്തെ അത് കൂടുതൽ ദുർബലമാക്കും. ഇത്തരം അവസരവാദരാഷ്ട്രീയം നമ്മുടെ പാർട്ടി അനുവർത്തിക്കാറില്ല.

ലോകസാമ്രാജ്യത്വ- മുതലാളിത്തത്തിന്റെ  അപരിഹാര്യമായ പ്രതിസന്ധി

ലോകസാമ്രാജ്യത്വ-മുതലാളിത്തം കടുത്ത, അപരിഹാര്യ പ്രതിസന്ധിയിൽ മുങ്ങിയിരിക്കുകയാണ്. അടിച്ചമർത്തപ്പെടുന്ന, തകർന്ന ജനങ്ങൾക്ക് യാതൊരു ക്രയശേഷിയുമില്ല. അതുകൊണ്ട് മുതലാളിത്തകമ്പോളം തുടർച്ചയായി ചുരുങ്ങുകയാണ്. ലോകസാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ ചാലകശക്തിയായി അറിയപ്പെടുന്ന യുഎസ്എ പസഫിക്കിൽ മുങ്ങിത്താഴുകയാണ്. യുഎസ് ആയിരുന്നു ഒരിക്കൽ ആഗോളവൽക്കരണത്തിനായി വാദിച്ചത്. ഇപ്പോൾ അവർ പറയുന്നു ആഗോളവൽക്കരണത്തെ തള്ളിക്കളയണമെന്ന്. പകരം, അമേരിക്കൻ നേതാക്കൾ ഇന്ന് അമേരിക്ക ഫസ്റ്റ് (ആദ്യം അമേരിക്ക) എന്നതിനെക്കുറിച്ചാണ് പറയുന്നത്. അതായത്, അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് മറ്റെല്ലാത്തിലുമുപരി പ്രാധാന്യം നൽകുക. തൊഴിലില്ലായ്മ രൂക്ഷമാണ് ഇന്ന് അമേരിക്കയിൽ, എന്നതാണ് കാരണം. അമേരിക്കയിലെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല. വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ മുന്നേറ്റം രാജ്യത്തെ പിടിച്ചുകുലുക്കിയിട്ട് അധികം കാലം ആയിട്ടില്ല. ഇപ്പോൾ പ്രതിവിപ്ലവത്തിലൂടെ സോഷ്യലിസത്തെമാറ്റി മുതലാളിത്തം തിരിച്ചുകൊണ്ടുവന്ന സാമ്രാജ്യത്വ ചൈനയും, കരുത്തരായ സാമ്രാജ്യത്വ മത്സരാർത്ഥിയായി വന്നിരിക്കുകയാണ്. ചൈനയോടൊപ്പം, സാമ്രാജ്യത്വ റഷ്യ, സാമ്രാജ്യത്വ ജപ്പാൻ, യൂറോപ്യൻ സാമ്രാജ്യത്വശക്തികളുടെ ഐക്യനിര എന്നിവരും യുഎസ് മേധാവിത്വത്തിന് വെല്ലുവിളി ഉയർത്തുന്നു. അമേരിക്ക, യൂറോപ്പ്, ചൈന, ജപ്പാൻ, റഷ്യ എല്ലാംതന്നെ മുതലാളിത്തവ്യവസ്ഥിതിയുടെ മാറാവ്യാധിയായ, അപരിഹാര്യമായ പ്രതിസന്ധിയിൽ മുങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ പരസ്പരം കമ്പോളം പിടിച്ചെടുക്കാൻ അവർ ശ്രമിക്കുകയാണ്.

എല്ലാവരുംതന്നെ മറ്റുള്ളവരുടെ കമ്പോളങ്ങളിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയാണെങ്കിലും, അവരെല്ലാം തന്നെ തങ്ങളുടെ ആഭ്യന്തരവിപണികളിൽ മറ്റുള്ളവർക്ക് പ്രവേശനം തടയുകയാണ്. വിപണി അടിസ്ഥാനമാക്കി വൻതോതിൽ സംഘർഷം ആരംഭിച്ചിരിക്കുകയാണ്. അവരെല്ലാംതന്നെ തങ്ങളുടെ സൈനികശക്തി വർധിപ്പിക്കുകയാണ്. കമ്പോളം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് സാമ്രാജ്യത്വശക്തികൾക്കിടയിലെ വൈരുദ്ധ്യമാണ് ഒന്നാമത്തെയും രണ്ടാമത്തെയും ലോകയുദ്ധങ്ങളെ സൃഷ്ടിച്ചത്. സാമ്രാജ്യത്വശക്തികൾക്കിടയിലെ ഇപ്പോഴത്തെ ഈ വ്യാപാരയുദ്ധം എങ്ങോട്ടാണ് നയിക്കുക എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. മറ്റൊരു കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്. വ്യവസായവിപ്ലവത്തിന്റെ നാളുകളിൽ, ദേശീയ കമ്പോളങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ദേശീയതാൽപ്പര്യമെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മുതലാളിത്തം മുന്നോട്ടു നീങ്ങിയത്. ഇപ്പോൾ, അതേ മുതലാളിത്തംതന്നെ കുത്തകവൽക്കരണത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഘട്ടത്തിലെത്തി, ബഹുരാഷ്ട്ര സ്ഥാപനങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു. ദേശീയതാൽപ്പര്യം ഉപേക്ഷിച്ച്, ബഹുരാഷ്ട്രസ്ഥാപനങ്ങൾ, തുച്ഛമായ തൊഴിൽശക്തിയും അസംസ്‌കൃതവസ്തുക്കളും ചൂഷണം ചെയ്ത് ലാഭം വർധിപ്പിക്കാൻ സാധിക്കുന്ന ഏതുരാജ്യത്തും മൂലധനം നിക്ഷേപിക്കുവാനായി ഓടിക്കൊണ്ടിരിക്കുന്നു. കൂടാതെ, വിദേശത്ത് കുറഞ്ഞ ചിലവിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ സ്വന്തം ആഭ്യന്തരകമ്പോളത്തിൽ വിറ്റഴിച്ച് അവർ ലാഭമുണ്ടാക്കുന്നു. അപ്പോൾ, ലോകത്തെവിടെയും ഉത്പാദനകേന്ദ്രങ്ങൾ സ്ഥാപിച്ച് ലാഭം വർധിപ്പിക്കാൻ ശ്രമിക്കുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെയും യുഎസ് സാമ്രാജ്യത്വരാഷ്ട്രത്തിന്റെയും താൽപ്പര്യങ്ങൾ തമ്മിൽ വൈരുദ്ധ്യം ഉടലെടുത്തിരിക്കുന്നു. അതുമൂലം, യുഎസ് സാമ്രാജ്യത്വ രാഷ്ട്രം ആഗോളവൽക്കരണത്തെ എതിർക്കുമ്പോൾ, യുഎസ് ബഹുരാഷ്ട്രസ്ഥാപനങ്ങൾ അതിനെ പിന്തുണക്കുകയാണ്. മറ്റ് സാമ്രാജ്യത്വ മുതലാളിത്ത രാജ്യങ്ങളുടെ അവസ്ഥയും സമാനമാണ്. ഇന്ത്യൻ സാമ്രാജ്യത്വ രാഷ്ട്രത്തിലെ ബഹുരാഷ്ട്രസ്ഥാപനങ്ങളും കോർപ്പറേറ്റുകളും, ഇന്ത്യക്കുപുറമേ വിദേശത്ത് മൂലധനം മുടക്കുന്നുണ്ട്. ഇന്നത്തെ മുതലാളിത്തം ജനങ്ങളെയോ രാജ്യത്തെയോ ദേശത്തെയോ കണക്കിലെടുക്കുന്നില്ല. എവിടെയാണോ ലാഭം വർധിപ്പിക്കാൻ സാധിക്കുക, അവർ അവിടേക്കു പോകുന്നു. അതേസമയം തന്നെ, തങ്ങളുടെ താൽപ്പര്യങ്ങൾക്കായി തങ്ങളുടെ സ്വന്തം രാജ്യത്തെ ഉപയോഗിക്കുകയും ചെയ്യുന്നു. ലോക മുതലാളിത്ത സാമ്രാജ്യത്വ ലോകമൊന്നാകെ സാമ്പത്തികപ്രതിസന്ധിയെ നേരിടുകയാണ്. ഇന്ത്യയും അതിൽ നിന്നും ഭിന്നമല്ല. അപ്പോൾ മുതലാളിത്തം അധികാരത്തിൽ തുടരുന്നിടത്തോളം കാലം ഈ മാന്ദ്യത്തിന്റെ വലയത്തിൽ നിന്നും രക്ഷയുണ്ടാകില്ല. കാരണം, മുതലാളിത്ത കമ്പോള സാമ്പത്തികഘടന, അതിന്റെ തന്നെ നിയമമനുസരിച്ച് ക്രമേണ ചുരുങ്ങുകയും കമ്പോളത്തെത്തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് മുതലാളിത്തത്തിൽ ഒഴിവാക്കാനാകാത്തതാണ്. അതിന്റെ ഫലമായി ദശലക്ഷങ്ങളുടെ ജീവിതത്തിൽ തൊഴിലില്ലായ്മയും തൊഴിൽനഷ്ടവും ദുരിതം വിതയ്ക്കുകയാണ്. ജനങ്ങൾ പാപ്പരാക്കപ്പെടുന്നു, തകരുന്നു, നശിക്കുന്നു. അവർക്ക് ക്രയശേഷി ഉണ്ടാകുന്നില്ല. അപ്പോൾ മുതലാളിത്തം പരമാവധി ലാഭത്തിനുപിന്നാലെ പായുമ്പോൾ മാന്ദ്യം വർധിക്കുകയേ ഉള്ളൂ. അപ്പോൾ, തൊഴിലെടുക്കുന്ന ജനങ്ങൾക്കുമേൽ അങ്ങേയറ്റത്തെ, അനിയന്ത്രിതമായ അടിച്ചമർത്തൽ അവർക്ക് ആവശ്യമായി വരും.

സോഷ്യലിസം  സ്ഥാപിക്കുന്നതിലൂടെ  മാത്രമേ വിമോചനം  സാദ്ധ്യമാകൂ

മുതലാളിത്തത്തെ കടപുഴക്കി സോഷ്യലിസം സ്ഥാപിക്കുക മാത്രമേ പോംവഴിയുള്ളൂ. 1917ലെ മഹത്തായ റഷ്യൻ വിപ്ലവം ആ പാതയാണ് കാണിച്ചുതന്നത്. സോവിയറ്റ് സോഷ്യലിസം 70 വർഷക്കാലം നിലനിന്നു. സോവിയറ്റ് യൂണിയനിൽ തൊഴിലില്ലായ്മയോ പിരിച്ചുവിടലോ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും സൗജന്യമായിരുന്നു. നിസ്സാര വാടകയ്ക്ക് വീടുകൾ ലഭ്യമായിരുന്നു. തൊഴിലാളികൾക്കും കർഷകർക്കും മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുമായിരുന്നുള്ളൂ. വളരെ കുറഞ്ഞൊരു കാലയളവിൽ സമസ്ത മേഖലകളിലും പ്രകടമായ വളർച്ചയും വികാസവും സോവിയറ്റ് യൂണിയൻ നേടിയെടുത്തു. മാർക്‌സിസവും സോഷ്യലിസവും ജനങ്ങൾക്ക് എന്താണ് നൽകുകയെന്ന് അത് കാണിച്ചുതന്നു. അതുകൊണ്ടാണ് റൊമെയ്ൻ റോളണ്ട്, ബർണാഡ്ഷാ, ഐൻസ്റ്റീൻ, രവീന്ദ്രനാഥ്, ശരത്ചന്ദ്ര, പ്രേംചന്ദ്, നസ്രുൾ, സുബ്രഹ്മണ്യ ഭാരതി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ഉജ്ജ്വല വ്യക്തിത്വങ്ങളൊക്കെ സോവിയറ്റ് സോഷ്യലിസത്തെ മുക്തകണ്ഠം പ്രശംസിച്ചത്. അവരെല്ലാം ഈ പുതിയ സോവിയറ്റ് നാഗരികതയെ പിന്തുണച്ചു. ഭഗത്‌സിംഗാകട്ടെ താൻ കമ്മ്യൂണിസ്റ്റാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഉള്ളിൽനിന്നുള്ള തിരുത്തൽവാദ ഗൂഢാലോചനയും പരാജയപ്പെട്ട മുതലാളിത്തത്തിന്റെ കരുനീക്കങ്ങളും, അതിന് പുറമേനിന്ന് മുതലാളിത്ത-സാമ്രാജ്യത്വം നൽകിയ പിന്തുണയും ഒത്താശയും മൂലമാണ് സോവിയറ്റ് വ്യവസ്ഥ തകർന്നുപോയത്. മതം ആവിർഭവിച്ചത് അടിമത്ത സമൂഹത്തിലാണെന്ന് നമുക്കറിയാം. അന്ന് അടിച്ചമർത്തപ്പെട്ട അടിമകളോടൊപ്പം നിലകൊണ്ട മതം പുരോഗമനപരമായ പങ്കാണ് നിർവ്വഹിച്ചത്. ദൈവ നിയോഗവുമായി വന്നവരാണ് എന്നാണ് എല്ലാ മതങ്ങളും അവകാശപ്പെടുന്നത്. എന്നിട്ടും ഹിന്ദു, ബുദ്ധ, ക്രിസ്തു, ഇസ്ലാം മതങ്ങൾക്കൊക്കെ തുടക്കത്തിൽ പല പരാജയങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. തുടർന്നും ജയപരാജയങ്ങളിലൂടെയാണ് അവയൊക്കെ കടന്നുപോയത്. നവോത്ഥാനകാലം മുതൽ പാർലമെന്ററി വ്യവസ്ഥ സ്ഥാപിതമാകുന്നതുവരെയുള്ള കാലഘട്ടം പരിഗണിച്ചാൽ ബൂർഷ്വാ ജനാധിപത്യത്തിന് 350 വർഷത്തെ ചരിത്രമാണുള്ളത്. ബൂർഷ്വാ ജനാധിപത്യത്തിനും വിജയങ്ങളും തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. സോഷ്യലിസത്തിന്റെ കാര്യമെടുത്താൽ ഓർത്തിരിക്കേണ്ട കാര്യം അടിമത്തകാലത്തും തുടർന്ന് ജന്മിത്തത്തിലും അതിനുശേഷം മുതലാളിത്ത ഘട്ടത്തിലുമായി ആയിരക്കണക്കിന് വർഷങ്ങൾ നിലനിന്ന വർഗചൂഷണത്തിന് അറുതിവരുത്താൻ വേണ്ടിയാണ് അത് പൊരുതിയത് എന്ന വസ്തുതയാണ്. ഈ ഭാരിച്ച കർത്തവ്യം മുൻനിർത്തി നോക്കിയാൽ, സോഷ്യലിസം നിലനിന്ന 70 വർഷം തീരെച്ചെറിയൊരു കാലയളവ് മാത്രമായിരുന്നു എന്ന് കാണാം. എന്നാൽ, വിമോചനം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ സോഷ്യലിസത്തിനുമാത്രമേ കഴിയൂ എന്ന ഉറച്ച ബോദ്ധ്യം നമുക്കുണ്ട്.
ഫ്രഞ്ചുവിപ്ലവകാലത്ത് ബൂർഷ്വാസി ഉയർത്തിപ്പിടിച്ച ‘സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം’ എന്ന മുദ്രാവാക്യം ഇന്ന് ബൂർഷ്വാസിതന്നെ ചവുട്ടി മെതിക്കുകയാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ട് അത് ഫാസിസ്റ്റ് സ്വേച്ഛാധിപത്യമായി പരിണമിച്ചിരിക്കുന്നു. മുതലാളിത്തമിന്ന് നാഗരികതയുടെതന്നെ കൊടിയ ശത്രുവായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ, തൊഴിലാളി – മുതലാളി ഉല്പാദന ബന്ധം, മുതലാളിത്ത ഭരണകൂടം, തൊഴിലാളികളെ പരമാവധി ചൂഷണംചെയ്ത് ലാഭം പരമാവധി വർദ്ധിപ്പിക്കുന്ന രീതി, തെരഞ്ഞെടുപ്പിലൂടെ ഗവണ്മെന്റുകൾ മാറുന്ന സമ്പ്രദായം എന്നിവയൊക്കെ നിലനിൽക്കുവോളം സാധാരണ ജനങ്ങളുടെ ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഒരു ശമനവുമുണ്ടാകില്ല. മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവം മാത്രമാണ് പരിഹാരം.

ബൂർഷ്വാ തെരഞ്ഞെടുപ്പുകൾ  വൻതട്ടിപ്പ്

തെരഞ്ഞെടുപ്പ് ഫലങ്ങൾ ജനേച്ഛയെ പ്രതിഫലിപ്പിക്കുന്നുണ്ടോ? ഇത് ”ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടിയുള്ള, ജനങ്ങളുടെ ഭരണ”മാണോ? കോടിക്കണക്കിന് രൂപയാണ് തെരഞ്ഞെടുപ്പുകൾക്കുവേണ്ടി ധൂർത്തടിക്കുന്നത്. ആരാണീ പണം നൽകുന്നത്? മുതലാളിമാരും വൻകിട ബിസിനസുകാരുമല്ലാതെ മറ്റാരുമല്ല. ബിജെപിയും കോൺഗ്രസ്സും അവരുടെ ദാസന്മാരാണ്. അധികാരത്തിലെത്തിയാൽ ഇവർ ഈ മുതലാളിമാരുടെ ഭൃത്യന്മാരെപ്പോലെ, അവരുടെ ആജ്ഞാനുസരണം പ്രവർത്തിക്കുന്നു. ഈ രണ്ട് പാർട്ടികളും വൻതുകകളാണ് ചെലവഴിക്കുന്നത്. അവർ, മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, ടി.വി, സൈക്കിൾ തുടങ്ങിയവയൊക്കെ ജനങ്ങൾക്ക് സമ്മാനിക്കുന്നു. വോട്ട് കിട്ടാൻ ചന്ദ്രനെ പിടിച്ചുകൊടുക്കാമെന്നുപോലും അവർ പറയും. ഇവരുടെയൊക്കെ ഭരണംവഴി യാതൊരു ഗുണവുമുണ്ടാകില്ല എന്ന് മനസ്സിലാക്കുന്ന സാധാരണ ജനങ്ങൾ തെരഞ്ഞെടുപ്പ് വേളയിൽ കിട്ടുന്നതൊക്കെ മേടിച്ചെടുക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇവർ വച്ചുനീട്ടുന്ന ഈ നക്കാപ്പിച്ചകളൊന്നും സമ്മാനങ്ങളല്ല, കൈക്കൂലി മാത്രമാണ്. ആരാണിതിനൊക്കെ പണം മുടക്കുന്നത്? മുതലാളിമാർതന്നെ. നൽകുന്നതിന്റെ എത്രയോ ഇരട്ടി വിലക്കയറ്റത്തിലൂടെയും നികുതി വർദ്ധനവിലൂടെയുമൊക്കെ കവർന്നെടുക്കുകയാണ് അവർ ചെയ്യുന്നത്. ഇതാണ് പതിയിരിക്കുന്ന അപകടം. തെരഞ്ഞെടുപ്പുകൾ ജനങ്ങളെ തീർത്തും വഞ്ചിക്കുകയാണ്. ഇതിന്റെ പൊള്ളത്തരം വെളിവാക്കാനും ഒരു അടിസ്ഥാന പ്രശ്‌നവും തെരഞ്ഞെടുപ്പിലൂടെ പരിഹരിക്കപ്പെടില്ല എന്ന് ബോദ്ധ്യപ്പെടുത്താനുമാണ് നമ്മൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജനങ്ങൾ വിപ്ലവത്തിന് സജ്ജമാകുന്നതുവരെ വ്യതിരിക്തമായ നമ്മുടെ അടിസ്ഥാന രാഷ്ട്രീയ ലൈൻ ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടിവരും. മഹാനായ ലെനിന്റെ പാഠമാണിത്. ഒരു വിപ്ലവ പാർട്ടി എന്നനിലയിൽ നമ്മുടെ എല്ലാ ശക്തിയും സമാഹരിച്ചുകൊണ്ട് നീറുന്ന ജീവിത പ്രശ്‌നങ്ങളിന്മേൽ വർഗ-ബഹുജന സമരങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുന്നതോടൊപ്പം ആ സമരത്തിന്റെ ഭാഗമായിത്തന്നെ തെരഞ്ഞെടുപ്പ് പോരാട്ടത്തിലും നമുക്ക് ഏർപ്പെടേണ്ടതായുണ്ട്. സിപിഐ(എം), സിപിഐ പാർട്ടികളാകട്ടെ അവസരവാദപരമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുൻനിർത്തി ദേശീയ-പ്രാദേശിക ബൂർഷ്വാ പാർട്ടികളുമായും ജാതി പാർട്ടികളുമായുമൊക്കെ കൈകോർത്തുകൊണ്ട് ജനങ്ങളെ വഞ്ചിക്കുകയാണ്. എന്നാൽ നമ്മുടെ പാർട്ടി പ്രത്യയശാസ്ത്രത്തിന്റെയും നിയതമായ തത്വങ്ങളുടെയും അടിസ്ഥാനത്തിൽ ഇടതു-ജനാധിപത്യ പാർട്ടികളുടെയും ശക്തികളുടെയും ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് വർഗ-ബഹുജന പ്രക്ഷോഭങ്ങൾ വികസിപ്പിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. നമ്മളൊരിക്കലും അവസരവാദപരമായ നിലപാടുകളുമായി ജനങ്ങളെ വഞ്ചിക്കില്ല.

ജനങ്ങൾ രാഷ്ട്രീയ  പ്രബുദ്ധത നേടണം ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയണം

ഒരു കാര്യം ആത്മാർത്ഥമായി പറയട്ടെ. സ്വാതന്ത്ര്യ സമരകാലത്ത് സാധാരണക്കാരും ഇടത്തരക്കാരുമായ അനേകംപേർ ജീവൻ ബലിയർപ്പിച്ചു. പക്ഷേ അധികാരം മുതലാളിവർഗ്ഗം കരസ്ഥമാക്കി. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു? ജനങ്ങൾ രാഷ്ട്രീയം മനസ്സിലാക്കാൻ കാര്യമായ ശ്രമം നടത്തിയില്ല എന്നതുതന്നെ പ്രധാന കാരണം. സന്ധിമനോഭാവക്കാരായ നേതാക്കളാകട്ടെ ജനങ്ങളെ അജ്ഞതയിലും അന്ധതയിലും തളച്ചിടാനാണ് ശ്രമിച്ചത്. രാഷ്ട്രീയത്തിന്റെ സങ്കീർണതകളും ഗതിവിഗതികളുമൊന്നും മനസ്സിലാക്കാൻ കഴിവില്ലാത്തതുകൊണ്ട് നേതാക്കൾ കാര്യങ്ങളൊക്കെ തീരുമാനിക്കട്ടെ എന്ന് ജനങ്ങളും കരുതി. സന്ധിമനോഭാവക്കാരായ നേതൃത്വം ഇത് മുതലെടുത്തു. ഗാന്ധിജിയുടെ ലൈനും സുഭാഷ് ചന്ദ്രബോസിന്റെ ലൈനും തമ്മിലുള്ള വ്യത്യാസമൊന്നും അന്ന് ജനങ്ങൾക്കറിയില്ലായിരുന്നു. സുഭാഷ് ചന്ദ്രബോസിനെ കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തുനിന്നും തുടർന്ന് പാർട്ടിയിൽനിന്നും പുറത്താക്കിയതെന്തിനെന്നൊന്നും അവർക്ക് മനസ്സിലായില്ല. ജനങ്ങൾ ഇനിയും അറിവില്ലാത്തവരായി തുടർന്നാൽ, ബൂർഷ്വാ മാദ്ധ്യമങ്ങളുടെ പ്രചാരണത്തിന്റെയും പാർട്ടിക്കാർ നൽകുന്ന പണത്തിന്റെയും സൗജന്യങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിൽ വോട്ടുചെയ്യാൻ അവർ തീരുമാനിച്ചാൽ, ഇനിയുമവർ വഞ്ചിക്കപ്പെടുകതന്നെ ചെയ്യും. ‘ലങ്കയിലേയ്ക്ക് പോകുന്നവരൊക്കെ രാവണന്മാരാകുന്നു’ എന്നൊരു ചൊല്ലുണ്ട്. ഇത് ശരിയല്ല. രാമായണത്തിൽ രാമനും ലക്ഷ്മണനും സീതയും ഹനുമാനുമൊക്കെ ലങ്കയിൽ പോയതായി പറയുന്നുണ്ട്. അവരാരും രാവണന്മാരായില്ല. എന്നുമാത്രമല്ല, സന്യാസിവേഷത്തിൽ വന്ന രാവണനെ തിരിച്ചറിയാൻ സീതയ്ക്ക് കഴിഞ്ഞിരുന്നെങ്കിൽ വലിയൊരു ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നതാണ് രാമായണം നൽകുന്ന പാഠം. ലക്ഷ്മണ രേഖ ലംഘിച്ചതുകൊണ്ടാണ് സീതയ്ക്ക് ദുരനുഭവമുണ്ടായത്. ഇന്ന് വോട്ട് വിലയ്ക്കുവാങ്ങാനായി വിമാനത്തിലും ഹെലികോപ്റ്ററുകളിലുമൊക്കെ ഗ്രാമങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കുമൊക്കെ കൂപ്പുകയ്യുകളുമായി നേതാക്കളെത്തുന്നു. അവർക്ക് ഒരവസരം നൽകാൻ കെഞ്ചുന്നു. ജനസേവകരായി അവർ ഭാവിക്കുന്നു. എന്നാൽ, പണച്ചാക്കുകളുടെ പിന്തുണയുള്ള ഇവർ അധികാരത്തിലെത്തിയാൽ തനിനിറം കാണിക്കും. ദയവായി ഇവരുടെ കപട വാഗ്ദാനങ്ങളിലും വഞ്ചനയിലും കുടുങ്ങാതിരിക്കുക.
സാധാരണ ജനങ്ങൾ രാഷ്ട്രീയം മനസ്സിലാക്കണം. ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാൻ അവർക്ക് കഴിയണം. അടിച്ചമർത്തുന്നവർക്കുവേണ്ടിയും അടിച്ചമർത്തപ്പെടുന്നവരോടൊപ്പവും നിലകൊള്ളുന്ന പാർട്ടികളെ തിരിച്ചറിയാനുള്ള രാഷ്ട്രീയ പ്രബുദ്ധത നേടണം. ജനങ്ങൾ പട്ടിണികൊണ്ട് മരിക്കുന്നു, തൊഴിലില്ലായ്മ മൂലം വലയുന്നു. കുടുംബ ബന്ധങ്ങൾ തകരുകയാണ്. പ്രായമായ അച്ഛനമ്മമാരെ മക്കൾ തെരുവിൽ തള്ളുകയാണ്. സ്ത്രീധനത്തിനുവേണ്ടി ഭാര്യയെ കൊല്ലുന്നു, ആയിരക്കണക്കിന് പെൺകുട്ടികൾ ബലാൽസംഗം ചെയ്യപ്പെടുന്നു, പെൺവാണിഭവും പെരുകുന്നു. ഇതെല്ലാം നിർബാധം തുടരണമോ? അതോ ഈ ദുരിതങ്ങൾക്കും തിന്മകൾക്കും വഞ്ചനയ്ക്കും കുറ്റകൃത്യങ്ങൾക്കുമൊക്കെ അറുതിയുണ്ടാകണമോ? മുതലാളിത്ത-വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ മാത്രമേ ഇതിനൊക്കെ പരിഹാരമുണ്ടാക്കാൻ കഴിയൂ. മാർക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്തയുടെ അടിസ്ഥാനത്തിലുള്ള ആ വിപ്ലവത്തിന്റെ കൊടിക്കൂറയാണ് നമ്മുടെ പാർട്ടി ഉയർത്തിപ്പിടിക്കുന്നത്. ജനങ്ങൾ സംഘടിതരും രാഷ്ട്രീയ പ്രബുദ്ധരും ശരിയായ വിപ്ലവ നേതൃത്വം സ്വീകരിക്കുന്നവരുമാകണം. മാദ്ധ്യമ പ്രചാരണങ്ങളിൽ കുടുങ്ങരുത്. ഈ സമ്മേളനത്തിന്റെ വലിയ വാർത്തയൊന്നും മാദ്ധ്യമങ്ങളിൽ കാണില്ല. ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ നമ്മൾ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ, കുത്തകകൾ നിയന്ത്രിക്കുന്ന മാദ്ധ്യമങ്ങൾ അവയൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) മാത്രമാണ് ഭരണവർഗ്ഗത്തിന്റെ ശത്രുവെന്ന് അവർക്കറിയാം. എന്നാൽ മാദ്ധ്യമ പിന്തുണയില്ലാതെതന്നെ നമ്മൾ വളരുന്നു. 25 സംസ്ഥാനങ്ങളിൽ നിന്നുള്ള സമരഭടന്മാർ ഇവിടെ അണിനിരന്നിട്ടുണ്ട്. നമുക്ക് എംഎൽഎയും എംപിയും മാദ്ധ്യമ പിന്തുണയും ഇല്ല. എല്ലാ പ്രതികൂലാവസ്ഥകളെയും തരണം ചെയ്തുകൊണ്ടാണ് നമ്മുടെ സഖാക്കൾ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഉന്നതമായ വിപ്ലവ ദർശനത്തിന്റെ, ശിബ്ദാസ് ഘോഷ് ചിന്തയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ പ്രചോദിപ്പിച്ച് സമരങ്ങളിൽ അണിനിരത്തുന്നത്. വരുംനാളുകളിൽ കൂടുതൽ ശക്തവും തീവ്രവുമായ സമരങ്ങൾക്ക് നേതൃത്വം നൽകാൻ പാകത്തിൽ ഈ പാർട്ടിയെ ശക്തിപ്പെടുത്തുകയും ദൃഢീകരിക്കുകയും ചെയ്യുക.

മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പതാകയുമായി മുന്നേറുന്ന ഖുദിറാം, സൂര്യസെൻ, ചന്ദ്രശേഖർ ആസാദ്, ഭഗത് സിംഗ്, അസഫാഖുള്ള ഖാൻ, പ്രീതിലത എന്നിവരെപ്പോലുള്ള, ആയിരക്കണക്കിന് ഉജ്ജ്വല വ്യക്തിത്വങ്ങളെ നമുക്കിന്നാവശ്യമുണ്ട്. ഈ ലക്ഷ്യത്തോടെയാണ്, മർദ്ദിത ജനതയെ, വിശേഷിച്ച് വിദ്യാർത്ഥികളെയും യുവാക്കളെയും ഈ യുഗത്തിന്റെ മഹോന്നത ദർശനമായ മാർക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്തയാൽ സ്വാധീനിക്കാനും, തൊഴിലാളികളെയും കർഷകരെയും വിദ്യാർത്ഥികളെയും യുവാക്കളെയും വനിതകളെയുമൊക്കെ ന്യായമായ ജീവിത പ്രശ്‌നങ്ങളെ മുൻനിർത്തി സംഘടിപ്പിച്ചുകൊണ്ട് വർഗ-ബഹുജന പ്രക്ഷോഭങ്ങൾ വികസിപ്പിച്ചെടുക്കാനും നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സമരങ്ങളിൽ മറ്റ് ഇടതുപക്ഷ പാർട്ടികളെയും അവരുടെ പ്രവർത്തകരെയും പങ്കെടുപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നമ്മൾ നടത്തുന്നുണ്ട്. നമ്മുടെ പാർട്ടിയെ ശക്തിപ്പെടുത്തുക, പാർട്ടിയുടെ നേതൃത്വത്തിൻകീഴിൽ അണിനിരക്കുക, ഭാവിയിൽ കൂടുതൽ ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ അതിലൂടെ സാധിക്കും. അക്ഷീണമായ ഈ പോരാട്ടത്തിന്റെ ഭാഗമായിട്ടായിരിക്കും നമ്മൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. തെരഞ്ഞെടുപ്പിനുശേഷവും ഈ പോരാട്ടം തുടരുകയുംചെയ്യും. ഈ വാക്കുകളോടെ ഞാൻ പ്രസംഗം അവസാനിപ്പിക്കുന്നു.

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) നീണാൾ വാഴട്ടെ!
വിപ്ലവം നീണാൾ വാഴട്ടെ!
മാർക്‌സിസം-ലെനിനിസം-
ശിബ്ദാസ് ഘോഷ് ചിന്തകൾ നീണാൾ വാഴട്ടെ!
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത
നീണാൾ വാഴട്ടെ!
നമ്മുടെ നേതാവും ഗുരുനാഥനും മാർഗദർശിയുമായ
സഖാവ് ശിബ്ദാസ് ഘോഷിന് ലാൽസലാം!

Share this post

scroll to top