അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്: ഒരു വിശകലനം

indian-parliament-express7591.jpg

Parliament house in New Delhi on July 24th 2015. Express photo by Ravi Kanojia.

Share

അടുത്തയിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, പതിവിൽനിന്നും വ്യത്യസ്തമായൊരു ഫലമാണുണ്ടാക്കിയിരിക്കുന്നത്. ദേശീയതലത്തിലിപ്പോൾ പ്രതിപക്ഷത്തുളള പ്രധാനപ്പെട്ട ബൂർഷാപ്രസ്ഥാനമായ കോൺഗ്രസ്, ഛത്തീസ്ഘട്ടിൽ വൻ ഭൂരിപക്ഷത്തോടെയും മധ്യപ്രദേശിലും രാജസ്ഥാനിലും ഏറ്റവും വലിയ ഒറ്റകക്ഷിയായും ഉയർന്നുവന്നിരിക്കുകയാണ്. ഇവിടെയെല്ലാം ബിജെപി അധികാരത്തിൽനിന്ന് പുറത്തായി.

രാജസ്ഥാനിൽ കോൺഗ്രസ് സഖ്യം ഒരൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും മുന്നിലെത്തിയിട്ടുണ്ട്. മധ്യപ്രദേശിൽ അവർ ബിജെപിയെക്കാൾ വ്യക്തമായ മാർജിനിൽ മുന്നിലെത്തി. തെലുങ്കാനയിൽ പ്രാദേശിക ബൂർഷ്വാ പാർട്ടിയായ തെലുങ്കാന രാഷ്ട്രസമിതി കോൺഗ്രസിനെ പിന്നിലാക്കിക്കൊണ്ട് അധികാരം നിലനിർത്തിയപ്പോൾ മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ട് എന്ന പ്രാദേശിക പാർട്ടി കോൺഗ്രസിൽനിന്നും അധികാരം പിടിച്ചെടുത്തു. സൂക്ഷ്മാംശത്തിലുളള വിവരങ്ങൾ ഇവിടെ ശ്രദ്ധേയമായ ചില വസ്തുതകൾ വ്യക്തമാക്കുന്നുണ്ട്. അതിൽ പ്രധാനം ഈ അഞ്ച് സംസ്ഥാനങ്ങളും ബിജെപിയെ കൈവെടിഞ്ഞിരിക്കുന്നുവെന്നതാണ്. ചത്തീസ്ഘട്ടിൽ 15 വർഷം നീണ്ടുനിന്ന ബിജെപി വാഴ്ചയ്ക്കാണ് തിരശ്ശീല വീണിരിക്കുന്നത്. രാജസ്ഥാനിൽ സഖ്യകക്ഷികളുടെയും ഇതര പാർട്ടികളുടെയും പിന്തുണയോടെയാണ് കോൺഗ്രസ് ഭരണം പിടിച്ചത്. മധ്യപ്രദേശിലാകട്ടെ ബിജെപിക്ക് നഷ്ടമായതിന് തുല്യമായ സീറ്റുകൾ കോൺഗ്രസ് നേടിയിട്ടുണ്ട്. കോൺഗ്രസിന്റെ വിന്ധ്യ പ്രദേശത്തെ ഏതാനും സീറ്റുകൾ ബിജെപിക്ക് ലഭിച്ചുവെങ്കിൽപോലും കസേര പിടിക്കാൻ കോൺഗ്രസിനായി. തെലുങ്കാനയിലും മിസോറാമിലും ഓരോ സീറ്റുകൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടിവന്നു.
ഈ ഫലങ്ങൾ വിലയിരുത്തുമ്പോൾ, ഏതൊരു സാഹചര്യത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നതെന്ന് പ്രാഥമികമായി പരിശോധിക്കേണ്ടതായുണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ, മാധ്യമങ്ങളിലും സാമൂഹിക-രാഷ്ട്രീയ രംഗത്തും പ്രകടമായ ബിജെപി-ആർഎസ്എസ് വിരുദ്ധ വികാരം ആഞ്ഞടിച്ച സമയത്താണ് ജനങ്ങൾ പോളിംഗ് ബൂത്തിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാചാടോപങ്ങൾ സൃഷ്ടിച്ച മാന്ത്രികവലയത്തിൽനിന്നും ജനങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നുവെന്ന് തോന്നിക്കുന്ന സാഹചര്യമാണ്. നാലരവർഷത്തെ കേന്ദ്ര ഭരണവും വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത കാലങ്ങളിലെ ബിജെപി ഭരണവുമെല്ലാമിതിന് കാരണമായി.

2014ൽ തന്റെ പാർട്ടി ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയിച്ച അവസരത്തിൽ ആഘോഷപൂർവ്വം പാർലമെന്റ് കവാടത്തിൽ സാഷ്ടാംഗം വണങ്ങി പ്രവേശിക്കവെ, ജനാധിപത്യത്തിന്റെ പരിശുദ്ധമായ കോട്ടയെന്നാണ് നരേന്ദ്രമോദി പാർലമെന്റിനെ നാടകീയമായി വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പിനുമുമ്പും അതിനുശേഷമുള്ള തൊട്ടടുത്ത് നാളുകളിലും ജനങ്ങൾക്ക് വാഗ്ദാനപ്പെരുമഴ നൽകുന്ന നാടകത്തിൽ മുഴുകിയിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ‘അച്ഛേ ദിൻ’ അഥവാ നല്ല നാളുകൾ നല്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. ഓരോ ദരിദ്ര ഭാരതീയന്റെയും ബാങ്ക് അക്കൗണ്ടിൽ വൻ തുകകൾ എത്തുമെന്ന മോഹനസ്വപ്‌നം നൽകി. പ്രതിസന്ധി ഗ്രസ്തമായ വ്യവസായങ്ങളെ ഉണർത്താനെന്ന നിലയിൽ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പൊങ്ങച്ചത്തോടെ പ്രഖ്യാപിച്ചു. അതിലൂടെത്തന്നെ തൊഴിൽ രഹിതരുടെ വൻപടയ്ക്ക് ധാരാളം തൊഴിലവസരങ്ങൾ ലഭിക്കുമെന്ന ദിവാസ്വപ്‌നവും നൽകി. ഇനിയുമെത്ര വാഗ്ദാനങ്ങൾ! എന്നാൽ ദിവസങ്ങൾ പിന്നീട് പ്രസിഡന്റ് അമിത് ഷാ ഉൾപ്പെടെയുള്ള എല്ലാ ബിജെപി നേതാക്കൻമാരും ഇപ്പറഞ്ഞതെല്ലാം വെറും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മാത്രമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ചു. വാനോളം കുതിച്ചുയർന്ന വിലക്കയറ്റം ജീവിതം കൂടുതൽ ദുരിതങ്ങളിലേക്കെടുത്തെറിയുന്നതനുസരിച്ച് ‘അച്ഛേ ദിൻ’ വായുവിലലിഞ്ഞില്ലാതാകുന്നത് ജനങ്ങൾ അറിഞ്ഞു. അതേ സമയം കോർപ്പറേറ്റുകളുടെയും കുത്തകകളുടെയും ലാഭക്കൂനയിലേക്ക് കൂടുതൽ സമ്പത്ത് ചേർക്കപ്പെട്ടു.

കള്ളപ്പണത്തിനും തീവ്രവാദത്തിനുമെതിരെ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ഒരു അർദ്ധരാത്രിയിൽ നാടകീയമായി അവതരിപ്പിക്കപ്പെട്ട നോട്ടുനിരോധനം ഒരൊറ്റ ലക്ഷ്യം പോലും നേടിയില്ല. അതേസമയം സാധാരണക്കാരന്റെയും മധ്യവർഗ്ഗത്തിൽപ്പെട്ടവരുടെയും മാത്രമല്ല, താരതമ്യേന ചെറുതല്ലാത്ത ബിസിനസ്സുകാരുടെവരെ അക്കൗണ്ടുകൾ വരണ്ടുപോകുന്ന സാഹചര്യമുണ്ടാക്കി. ‘ഒറ്റ രാഷ്ട്രം, ഒരു നികുതി’ എന്ന മുദ്രാവാക്യവുമായി വന്ന ജിഎസ്ടിയാകട്ടെ, വിവിധതലങ്ങളിലെ വിവിധതരം നികുതിയായി മാറുകവഴി ബിസിനസ് രംഗത്തെ ദുരിതങ്ങൾ വർദ്ധിപ്പിക്കുന്ന ഇന്ധനമായി പരിണമിച്ചു. മാത്രമല്ല വൻ വിലവർധനവും നൂലാമാലകളും ജനങ്ങൾക്ക് നേരിടേണ്ടതായും വന്നു. പ്രതിസന്ധിഗ്രസ്തമായ വിപണി വീണ്ടും കൂടുതൽ രൂക്ഷമായ പ്രതിസന്ധികൡലേക്ക് നിപതിച്ചു. തൊഴിലാളികളും തൊഴിലുള്ളവരും ഇല്ലാത്തവരുമായ യുവാക്കളുമുൾപ്പടെ ഏവരും ഈ ദുർഘടസന്ധിയിൽ നിന്നുള്ള രക്ഷാമാർഗ്ഗങ്ങൾ പരതിത്തുടങ്ങി. സാമ്പത്തിക വിപണിയിലെ ഈ പ്രതിസന്ധി കർഷകരെയും നിലയില്ലാക്കയങ്ങളിേലക്കെടുത്തെറിഞ്ഞു. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മുടക്കുമുതലിന്റെ ഒരംശംപോലും വില ലഭിക്കാതെ കർഷകർ വായ്പാക്കെണിയിലകപ്പെടുകയും പതിനായിരങ്ങളായി ആത്മഹത്യയിലഭയം തേടുകയുമാണ്.
ആകമാനം നോക്കിയാൽ ബിജെപി ഭരണത്തിൻകീഴിൽ ജനങ്ങളുടെ സാമ്പത്തികസ്ഥിതി ഒട്ടാകെ തകർന്നുചിതറിപ്പോയിരിക്കുന്നു. അതേ സമയം, ധനികരെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര തലത്തിൽ നേതൃസ്ഥാനങ്ങൡലേക്ക് ഉയരാൻ കഴിഞ്ഞ സ്വർഗ്ഗസമാനമായ ഘട്ടമാണിത്. പരിശുദ്ധമായ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം, സംഘപരിവാർ ശക്തികളുടെ അഴിഞ്ഞാട്ടത്തിലൂടെ നടൊട്ടുക്ക് വർഗ്ഗീയഭ്രാന്തും ഭയവും പടർത്താനായ ഘട്ടവുമാണിത്. പശുവിന്റെ പേരിലുള്ള നരനായാട്ട്, ന്യൂനപക്ഷ സമുദായങ്ങൾക്കും ദളിതുകൾക്കും നേരെയുള്ള ആക്രമണവും ആൾക്കൂട്ടകൊലപാതകവും, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ദയാരഹിതമായ ആക്രമണങ്ങൾ, ബുദ്ധിജീവികളുടെ അരുംകൊല, ദേശീയതയുടെയും തീവ്രവാദവിരുദ്ധതയുടെയും വികസനത്തിന്റെയും പേരുപറഞ്ഞ് എല്ലാ എതിരഭിപ്രായങ്ങളെയും അടിച്ചമർത്തുന്നത്, എല്ലാ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ എന്തിന് നിയമസംവിധാനങ്ങളെപോലും തകർത്തുകൊണ്ട് അവിടെയെല്ലാം ബിജെപി-ആർഎസ്എസ് പ്രവർത്തകരെയോ അനുഭാവികളെയോ കുത്തിനിറയ്ക്കൽ, അവേശഷിക്കുന്ന ശാസ്ത്രീയ-മതേതര ധാരണകളെ പോലും തകർത്തുകൊണ്ട് വിദ്യാഭ്യാസത്തിന്റെ കാവിവത്ക്കരണം, അന്ധവിശ്വാസങ്ങളുടെ വ്യാപനം, ചരിത്രത്തിന്റെ എന്തിന് ചരിത്രപാഠപുസ്തകങ്ങളുടെപോലും വളച്ചൊടിക്കൽ തുടങ്ങി ജനമനസ്സുകളിൽ അന്ധതയും വർഗ്ഗീയവിഷവുംപടർത്തി മനുഷ്യത്വരഹിതമാക്കി തീർക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഇക്കാലയളവിൽ നിർബാധം നടക്കുന്നു. ഛിന്നഭിന്നവും അരക്ഷിതവുമായ സാമ്പത്തിക-സാമൂഹിക പശ്ചാത്തലത്തിൽ ജനങ്ങൾ ജീവിതത്തിനായി ഊർധ്വശ്വാസം വലിക്കുമ്പോഴും അധികാരികൾ സാമൂഹ്യ-രാഷ്ട്രീയരംഗങ്ങളിലെ ഇത്തരം ഇടപെടലുകളിലൂടെ രാഷ്ട്രത്തെയൊന്നാകെ തങ്ങളുടെ വരുതിയിൽ നിർത്താനുള്ള പരിശ്രമത്തിലാണ്.
സ്വാഭാവികമായും ഇന്നുവരെ, മോദി-ഷാ ദ്വയങ്ങളുടെ മാദ്ധ്യമ ഹൈപ്പിൽ ഭ്രമിച്ചിരുന്ന ജനങ്ങൾ, പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും പാതയിേലക്ക് നടന്നടുക്കുവാൻ ആരംഭിച്ചു. കർഷകർ പുനരാവർത്തി തലകുനിക്കാൻ തയ്യാറായില്ല. പ്രതിഷേധിക്കുന്ന കർഷകരെ വധിക്കുകവരെയുണ്ടായിട്ടും, അവർ പതിനായിരങ്ങളായി തെരുവിലണിനിരന്നു. തൊഴിലാളികൾ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തതുറകളിലുമുള്ള ജനങ്ങൾ ആവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ ഉപാധികളും തേടി. വിദ്യാഭ്യാസത്തിന്റെ കാവിവത്ക്കരണത്തിനെതിരെയും എല്ലാവരെയും ജയിപ്പിച്ച് സ്‌കൂൾ വിദ്യാഭ്യാസത്തെ തകർക്കുന്നതിനെതിരെയും വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്‌കാരിക സ്ഥാപനങ്ങളുടെ സ്വയംഭരണം തകർക്കുന്നതിനെതിരെയുമെല്ലാം പൊതുഅഭിപ്രായം രൂപപ്പെട്ടു. ഭീമമായ വിലക്കയറ്റത്തിനും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ നാണംകെട്ട തിരസ്‌കരണത്തിനുമെതിരെയും, മൻകിബാത്തിലൂടെ തങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുണ്ടാകുന്ന അതിദാരുണവും ഗൗരവതരവുമായ അതിക്രമങ്ങളുടെ അവസരത്തിൽ നിശബ്ദനാകുന്നതിനെതിരെയും ജനങ്ങൾ ശബ്ദമുയർത്തി. നോട്ടുനിരോധനവും ജിഎസ്ടിയും സമാനമായ നയങ്ങളും സൃഷ്ടിച്ച കെടുതികളെ സംബന്ധിച്ചും ജനങ്ങൾ സംസാരിക്കുവാൻ തുടങ്ങി. ഇതിന്റെയിടയിലാണ് ഈ അസംബ്ലി തെരഞ്ഞെടുപ്പുകൾ നടന്നത്. സമീപകാലത്തായി നമ്മുടെ നാട്ടിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളുംപോലെ ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പുകളും ഒരു പ്രഹസനമായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച് യാതൊരു പരിചിന്തനങ്ങളും ഈ തെരഞ്ഞെടുപ്പിലുമുണ്ടായില്ല, ഗൗരവതരമായ ഒരു രാഷ്ട്രീയചർച്ചയും നടന്നതുമില്ല.

പകരം കുത്തകകളാൽ നിയന്ത്രിതമായ മാധ്യമങ്ങൾ, ഇതര ഭരണസംവിധാനങ്ങളോടൊപ്പം ചേർന്നുകൊണ്ട്, ഭരണകക്ഷിയായ ബിജെപി -ആർഎസ്എസ് പ്രസ്ഥാനങ്ങൾക്കെതിരായി ഉയരുന്ന ജനവികാരത്തെ വഴിതെറ്റിക്കാനുളള വിവാദമായതിനെ മാറ്റിത്തീർത്തു. ജനങ്ങളുടെ ഈ ഭരണവിരുദ്ധ വികാരം ആത്യന്തികമായി മുതലാളിത്ത ചൂഷണക്രമത്തെ ചോദ്യം ചെയ്യുന്നിടത്തോളം വളരുമോയെന്നവർ ഭയപ്പെട്ടിരുന്നു. അതിനാലവർ കർഷകർക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കി. അതിനെക്കാൾ പ്രധാനമായി അവിടങ്ങളിൽ പണം നിർബാധമായൊഴുക്കി. അതോടൊപ്പം പരസ്പരം ചെളിവാരിയെറിയുകയും വിദ്വേഷപ്രചരണങ്ങൾ അഴിച്ചു വിടുകയും ചെയ്തു. പ്രത്യേകിച്ചും ബിജെപിയും കോൺഗ്രസ്സും തരംതാഴ്ന്ന വ്യക്തിഹത്യ നടത്തുന്നതിലും കിടമത്സരം തന്നെ കാഴ്ചവെച്ചു. ജനവിരുദ്ധവും കുത്തകാനുകൂലവുമായ നയങ്ങൾ മൂലം ജനങ്ങൾ തിരസ്‌കരിക്കുകയും അധികാരത്തിൽനിന്നും പുറത്താകുകയും ചെയ്ത പ്രസ്ഥാനമാണ് കോൺഗ്രസ്. ബിജെപി അധികാരത്തിലേറാൻ കാരണമായത് കോൺഗ്രസിന്റെ ജനവിരുദ്ധ നടപടികളാണ്. എന്നാലിപ്പോൾ അതേ കോൺഗ്രസ് ജനങ്ങളുടെയിടയിൽ വർദ്ധിച്ചുവരുന്ന ബിജെപി-ആർഎസ്എസ് വിരുദ്ധ വികാരം മണത്തറിഞ്ഞ് അവസരം മുതലാക്കുവാൻ ചാടിവീണിരിക്കയാണ്. ഭരണവർഗ്ഗത്തിനും, കുത്തകകൾക്കും ഇത് മനസ്സിലായിട്ടുണ്ട്. പണവും മാധ്യമങ്ങളും മറ്റ് സഹായങ്ങളുമായി കോൺഗ്രസിനെ ഉയർത്തിക്കൊണ്ടുവരുവാൻ അവർ സജ്ജരായി അണിനിരന്നുതുടങ്ങി. ഇതിന്റെ ഫലമാണ് മുകളിൽ വിവരിച്ച തെരഞ്ഞെടുപ്പ് ഫലങ്ങൾ. എന്നിരുന്നാലും ബിജെപിയുടെ സമ്പൂർണ പരാജയം ഉറപ്പാക്കാനായിട്ടില്ല. ചിലയിടത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. എന്നിരുന്നാലും തിരസ്‌കരിക്കപ്പെട്ട കോൺഗ്രസിനെ, കുത്തകാനുകൂല മാധ്യമങ്ങൾ പ്രതാപിയായ, പാരമ്പര്യംപേറുന്ന പ്രസ്ഥാനമെന്ന ചെല്ലപ്പേര് അരുമയായി ചാർത്തിക്കൊണ്ട് അധികാരത്തിന്റെ ട്രോജൻ കുതിരപ്പുറത്തേറ്റി, മൂന്നു പ്രധാന സംസ്ഥാനങ്ങളിലെ ഭരണം ഏൽപ്പിച്ചുകൊടുത്തിരിക്കുകയാണ്.

ഈ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോഴുളള രണ്ടാമത്തെ ചോദ്യം, എങ്ങനെ ഇത് സംഭവിക്കുന്നുവെന്നതാണ്. എങ്ങനെയാണ് ജീവിതദുരിതങ്ങളാൽ ഛിന്നഭിന്നമായ ഒരു ജനതയെ വീണ്ടും വീണ്ടും ബൂർഷ്വാസിയുടെ വിശ്വസ്തരായ രണ്ട് പാർട്ടികളായ കോൺഗ്രസിന്റെയും ബിജെപിയുടെയും ഇടയിൽ തട്ടിക്കളിക്കാനും അതുവഴി ദ്വികക്ഷി പാർലമെന്ററി സംവിധാനത്തെ ഇവ്വിധത്തിൽ എണ്ണയിട്ട് നിലനിർത്താനുമാകുന്നത് എന്നതാണ്. ഉത്തരം പകൽ വെളിച്ചം പോലെ വ്യക്തമാണ്. ജനങ്ങൾ മറ്റൊരു പരിഹാരവും കാണുന്നില്ല. ഈ കളിക്ക് മുൻപ് മറ്റൊന്നും ചിന്തിക്കാനുള്ള അവസരം കുത്തകകളും മാധ്യമങ്ങൾ ഉൾപ്പെടെയുളള അവരുടെ കുഴലൂത്തുകാരും ജനങ്ങൾക്ക് നല്കുന്നില്ല. ബിജെപി-ആർഎസ്എസ് കക്ഷികളുടെ ഫാസിസ്റ്റ് ആക്രമണങ്ങൾക്കെതിരായുളള ശരിയായ ഇടതു ജനാധിപത്യ-സഖ്യമാണ് ജനങ്ങൾക്ക് മുന്നിലുണ്ടാകേണ്ട ഒരു ബദൽ. ഇത്തരമൊരു ഇടതുബദലിന് മാത്രമേ ജനങ്ങളുടെ ജീവനും ജീവിതത്തിനുംതന്നെ ഭീഷണിയായ ബിജെപി-ആർഎസ്എസ് കക്ഷികൾ സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിൽ എന്തിന്, സാമൂഹികവും കുടുംബപരവുമായ മേഖലകളിൽപോലും സൃഷ്ടിക്കുന്ന ആക്രമണങ്ങൾക്കെതിരെയുള്ള ജനരോഷത്തെ കൃത്യമായ ദിശയിൽ ഏകോപിപ്പിക്കാനാകുകയുളളൂ. ഈയൊരു പ്രക്രിയയുടെ ഇടയിൽ ഒരു തെരഞ്ഞെടുപ്പ് ആസന്നമായാൽ, ഈ ഇടതു-ജനാധിപത്യ സമരൈക്യത്തിൽത്തന്നെ ജനങ്ങൾ നേതൃത്വത്തെ കണ്ടെത്തുകയും ആ നേതൃത്വത്തിന് കീഴിൽ ആ തെരഞ്ഞെടുപ്പിനെയും നേരിടുകയും ചെയ്യുമായിരുന്നു. ഒരിക്കൽ തിരസ്‌കരിച്ച പ്രസ്ഥാനങ്ങളിൽ അവർ വീണ്ടും ഭാഗ്യപരീക്ഷണം നടത്തുമായിരുന്നില്ല. എന്നാൽ ചൂഷിതരായ ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഖേദകരമായ വസ്തുതയെന്തെന്നാൽ, ഇടതെന്ന പേരിൽ അവർ അറിയുന്ന കക്ഷികളൊന്നും, പ്രബലരായവർ പോലും ഒരു ഇടതുപക്ഷ സമരബദൽ സൃഷ്ടിക്കുന്നതിൽ തൽപ്പരരേയല്ല എന്നതാണ്. പകരം, എന്തെങ്കിലും പാർലമെന്ററി നേട്ടമുണ്ടാക്കാമെന്ന വ്യാമോഹംമൂലം, സിപിഐയും സിപിഐ(എം)ഉം അവരുടെ സഖ്യകക്ഷികളും കോൺഗ്രസിന്റെ പിന്നാലെ നടക്കുകയാണ്. അവിടെയുമിവിടെയുമായി ചില സീറ്റുകൾ ഉറപ്പാക്കാൻ അധികാരത്തിന്റെ ഇടനാഴികളിൽ കയറിപ്പറ്റുകയെന്നത് മാത്രമാണിവരുടെ ലക്ഷ്യം. ഈ പരക്കം പാച്ചിലിനിടയിൽ ബിജെപി-ആർഎസ്എസ് കക്ഷികൾ പരത്തുന്ന ആപത്കരമായ പ്രത്യയശാസ്ത്രത്തെ ചെറുക്കുകയെന്ന പ്രധാനമായ കടമ അവർ ശ്രദ്ധിക്കുന്നേയില്ല. ഭാവിയിലും ഇവരിത് ചെയ്യുമെന്ന് പ്രതീക്ഷിക്കവയ്യ. എന്നാലിന്ന് ബിജെപിയെയും ആർഎസ്എസിനെയും തടയുവാനെന്ന പേരിൽ കോൺഗ്രസിന് മതേതര കക്ഷിയെന്ന പേര് ചാർത്തിക്കൊടുക്കുകയാണ് ഇവർ. വോട്ട് നേടുവാനായി ആവശ്യമുളളപ്പോഴെല്ലാം വർഗ്ഗീയത കളിച്ചിട്ടുളള പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന വസ്തുത അവർ സൗകര്യപൂർവം തമസ്‌കരിക്കുന്നു.

ജനങ്ങളുടെ ദുരിതങ്ങളെ സംബന്ധിച്ച് ആത്മാർത്ഥമായ ആകുലതയുളളവർ ഒരു വസ്തുത തിരിച്ചറിയണം. ഇത്തരത്തിലുള്ള രാഷ്ട്രീയത്തിൽനിന്നും ഈയൊരു ഫലമേ പ്രതീക്ഷിക്കാനാകൂ. പണത്തിന്റെയും മാധ്യമങ്ങളുടെയും കയ്യൂക്കിന്റെയും തരംതാണൊരു കളിയായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പും. ബൂർഷ്വാ പാർലമെന്ററി സംവിധാനത്തിന്റെ കുഴലൂത്തുകാരെയെല്ലാം ഉപയോഗിച്ചുകൊണ്ട് മറ്റൊരു തെരഞ്ഞെടുപ്പ് നാടകംകൂടി ഇന്ത്യൻ മുതലാളിത്തഭരണകൂടം ആടിത്തകർത്തു. പൊതുജനങ്ങളെ വിഭ്രമിപ്പിക്കുവാനുളള എല്ലാ ഉപാധികളും ഇത്തവണയും പ്രയോഗിച്ചു. എല്ലാ കരുക്കളും സസൂക്ഷ്മം നിരത്തി, ഇതേ മുതലാളിത്ത ചൂഷണവ്യവസ്ഥ നിർബാധമായി തുടരുവാനുളള അവസരമൊരുക്കാൻ ഉതകുന്ന കക്ഷിയെതന്നെ അധികാരത്തിലേറ്റി. വസ്തുതകളും കണക്കുകളും എന്തു തന്നെയായാലും ഈ തെരഞ്ഞെടുപ്പ് ഫലത്തിന് ചില അപകടകരമായ പരിമിതികൾകൂടി സൃഷ്ടിക്കാനാകും. ജനവിരുദ്ധ നയങ്ങളുടെതന്നെ നടത്തിപ്പിന്റെ പേരിൽ വിശ്വാസ്യത നഷ്ടപ്പെട്ട ഒരു കക്ഷിയുടെ തിരിച്ചുവരവ് മാത്രമല്ലത്. ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കോൺഗ്രസിന് മുഖംമിനുക്കാനും പൊതുസ്വീകാര്യത നേടാനുമായി. ബിജെപി-ആർഎസ്എസ് സഖ്യത്തെയും ഇതര സംഘപരിവാർ സംഘടനകളെയും ഒറ്റപ്പെടുത്തിയതുകൊണ്ട് മാത്രമായില്ല. സമാന്തരമായി ജനങ്ങളുടെ സമരബദൽ, ഇടതു-ജാധിപത്യ ബദൽ വളർന്നുവരാതെ, ബൂർഷ്വാ ദ്വികക്ഷി സമ്പ്രദായത്തിന്റെ പങ്കാളികളെ ശരിയായ അർത്ഥത്തിൽ പരാജയപ്പെടുത്താനാവില്ല. അല്ലാത്തിടത്തോളംകാലം ജനങ്ങൾ ഒരേ ഇരുട്ടറയിൽ തന്നെയായിരിക്കും. സ്വാത്രന്ത്യലബ്ധി മുതലിങ്ങോളം ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ അതേ കോൺഗ്രസിനെ ഇന്നത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാനുതകുന്ന രാഷ്ട്രീയ ബദലായി ഉയർത്തിക്കൊണ്ട് വരുന്നത് കേവലം അടുത്ത തെരഞ്ഞെടുപ്പിലേക്കുളള ഒരുക്കം മാത്രമാണ്. അതേ സമയം ഹിന്ദുത്വത്തിന്റെയും മതത്തിന്റെയും പേരിൽ ബിജെപി നടത്തുന്ന കുടിലപ്രചരണങ്ങൾക്കെതിരായി ശരിയായ ആശയസമരം ശക്തിപ്പെടുത്തുകയെന്ന അടിയന്തര പ്രാധാന്യമുള്ള ദൗത്യം ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.

ഇത്തരത്തിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചു. ഇനി ഈ ഫലമുയർത്തിപ്പിടിച്ചുകൊണ്ട്, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജനങ്ങളെ കബളിപ്പിക്കുകയാണ് ലക്ഷ്യം. കുത്തകകളുടെ വിശ്വസ്ത സേവകരായ ബൂർഷ്വ-പെറ്റി ബൂർഷ്വാ പ്രസ്ഥാനങ്ങളും ഇടതെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുമെല്ലാം അധികാരത്തിന്റെ ഇടനാഴികളിൽ സ്ഥാനം ഉറപ്പാക്കുവാനായി അനുഭാവപൂർവം ഈ കുഴലൂത്ത് സംഘത്തിൽ അണിനിരന്നിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഒരൊറ്റ ലക്ഷ്യംമാത്രമേയുള്ളൂ. ബിജെപി-ആർഎസ്എസ് സംഘത്തിനെതിരായ ജനരോഷം നിലനിൽക്കുന്ന സംവിധാനത്തെ ചോദ്യം ചെയ്യുന്നത്ര, അപായപ്പെടുത്താൻ പോന്നത്ര വിധത്തിൽ വളരരുത്. ഇത്തരമൊരു മാനം ലഭിക്കുന്ന ആഴവും പരപ്പും ഈ വികാരങ്ങൾക്കുണ്ടാവരുത്. പകരം, നിഷ്ഫലവും പൊളളയുമായ വോട്ടുരാഷ്ട്രീയത്തിൽത്തന്നെ രോഷാകുലരായ ജനങ്ങൾ അഭയം തേടണം. അതിനുള്ള എല്ലാ മാർഗങ്ങളും ബൂർഷ്വാസി കണ്ടെത്തും. അതിനാൽ ജനങ്ങൾ നേരിടേണ്ട ശരിയായ ചോദ്യം എങ്ങനെ ഈ നിത്യ ദുരിതങ്ങൾക്ക് അവസാനം കാണാമെന്നതാണ്. എന്താണ് സാഹചര്യം ആവശ്യപ്പെടുന്നതെന്നും എങ്ങനെയത് സഫലീകരിക്കുമെന്നതുമാണ്.
ശക്തമായ സമരങ്ങൾ വളർത്തിയെടുക്കാതെ നിർദ്ദയമായ ഈ മുതലാളിത്ത ചൂഷണത്തിൽനിന്നും ചെറിയൊരാശ്വാസം പോലും ലഭിക്കില്ല. ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടമല്ലാതെ മറ്റൊരു രക്ഷാമാർഗവുമില്ലെന്ന് ഈ നാടിന്റെ തന്നെ ഭൂതകാലാനുഭവങ്ങൾ പേർത്തും പേർത്തും നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്, ഇത് മറക്കരുത്. കുത്തക സ്വഭാവം ആർജ്ജിച്ചു കഴിഞ്ഞ മുതലാളിത്ത ഭരണവർഗ്ഗം ചൂഷണ വാഴ്ച തുടരുവാനായി പുതിയ പുതിയ കൗശലങ്ങൾ പ്രയോഗിച്ചുകൊണ്ടേയിരിക്കും. തങ്ങളുടെ ജീവനും ജീവിതവും തകർക്കുന്ന നയങ്ങൾക്കെതിരെ പ്രക്ഷോഭമല്ലാതെ ജനങ്ങൾക്ക് മറ്റൊരു മാർഗ്ഗമില്ല. അത്തരം സമരങ്ങൾ ഒന്നോ രണ്ടോ പണിമുടക്കുകൊണ്ടോ ഏതാനും വമ്പൻ പ്രകടനങ്ങൾകൊണ്ടോ അവസാനിക്കുന്നതല്ല. ചൂഷിതരായ ജനവിഭാഗങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള നിരന്തരമായ സമരങ്ങളതിന് ആവശ്യമാണ്. ശരിയായ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ ഐക്യവും ധാരണയുമതിനാവശ്യമാണ്. ശരിയായ ഇടതുപക്ഷ രാഷ്ട്രീയമല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രത്തിനും ഇന്ന് ഇത്തരം സമരങ്ങളെ മുന്നോട്ടു നയിക്കാനാവില്ല. ഇടതുപക്ഷ ആദർശത്തിലധിഷ്ഠിതമായ ഐക്യത്തിനും സംഘടനയ്ക്കും ജനക്ഷേമത്തിനുവേണ്ടി വിവിധതലത്തിൽ പ്രവർത്തിക്കുവാനാകും. ബിജെപി-ആർഎസ്എസ് സഖ്യമുയർത്തുന്ന ഭീഷണികൾക്കെതിരായ രക്ഷാകവചമായി വർത്തിക്കുവാനും ശരിയായ ഇടതുപക്ഷീയതയുടെ അടിസ്ഥാനത്തിലുള്ള സമരൈക്യത്തിനുമാത്രമേ സാധ്യമാകുകയുള്ളു. ശരിയായ സമരരാഷ്ട്രീയത്താൽ സായുധരായവർക്ക് മാത്രമേ മുതലാളിത്ത ഭരണകൂടം സൃഷ്ടിക്കുന്ന പാർലമെന്ററി രാഷ്ട്രീയത്തിന്റെ ചുഴിയിലകപ്പെട്ട് ദിശാബോധം നഷ്ടപ്പെടുന്നതിൽ നിന്നും ജനങ്ങളെ തടയുവാൻ കഴിയൂ. ഇന്നത്തെ ഇന്ത്യയുടെ സാഹചര്യത്തിൽ കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട്, ഭരണവർഗ്ഗം കൗശലപൂർവം സൃഷ്ടിക്കുന്ന ദ്വികക്ഷി പാർലമെന്ററി സമ്പ്രദായമെന്ന പ്രചാരണത്തിൽ വീണുപോകാതെ ജനങ്ങളെ പ്രബുദ്ധരാക്കുവാനും ശരിയായ ഇടതുപക്ഷ രാഷ്ട്രീയത്തിനേ സാധ്യമാകൂ. ഇത്തരമൊരു പ്രത്യശാസ്ത്രത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയബോധം ഒരിക്കൽ സ്ഥാപിക്കുകയും ഉന്നതമായ സാംസ്‌കാരിക-നൈതിക ധാരണകളുടെ അടിസ്ഥാനത്തിൽ വികസിപ്പിക്കുകയും ചെയ്താൽ ജനകീയമായൊരു സമരബദൽ മാത്രമല്ല രൂപപ്പെടുക; വർഗ്ഗീയ-വിഭാഗീയ പ്രവണതകളാൽ ജനമനസ്സുകളെ മലീമസമാകുന്ന ഇന്നത്തെ അപകടകരമായ സാഹചര്യത്തെയും തടയാനാകും. ബിജെപി-ആർഎസ്എസ് സംഘടനകളുയർത്തുന്ന ഫാസിസ്റ്റ് ഭീഷണികളെ ചെറുത്തു തോൽപ്പിക്കുംവിധമൊരു സമരൈക്യം ജനങ്ങൾ പടുത്തുയർത്തേണ്ടത് അടിയന്തരാവശ്യകതയായ ഘട്ടമാണിത്. ഇത്തരമൊരു ഐക്യം ജനങ്ങൾ സൃഷ്ടിച്ചാൽ, ഇന്ന് മടിച്ചു നിൽക്കുന്ന രാഷ്ട്രീയശക്തികൾക്കും അതോടൊപ്പം ചേരേണ്ടിവരും. തെരഞ്ഞെടുപ്പിലടക്കം ഏത് സാഹചര്യത്തിലും അവർക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവരും. എന്ത് വിലകൊടുത്തും ഈ ഭീഷണി തകർത്തെറിയേണ്ടത് രാജ്യത്തിന്റെയും ഇവിടുത്തെ ചൂഷിതജനതയുടെയും ആവശ്യമാണ്.

Share this post

scroll to top