രാമക്ഷേത്ര – ബാബ്‌റി മസ്ജിദ് തർക്കത്തിന്മേലുള്ള സുപ്രീം കോടതി വിധിയെപ്പറ്റി പരാമർശിച്ചുകൊണ്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ് പുറപ്പെടുവിച്ച  പ്രസ്താവന

Share
          10-11-2019
  (പ്രസിദ്ധീകരണത്തിന്)
 ക്ഷേത്ര-മസ്ജിദ് തർക്കത്തെ സംബന്ധിച്ച് കോടതി വിധിയടയക്കമുള്ള ഏതൊരു നടപടിയേയും വസ്തുതകളെയും കൃത്യമായി വിലയിരുത്തുകയും തീർപ്പുകൽപ്പിക്കുകയും ചെയ്യണമെങ്കിൽ, വികാരങ്ങൾക്കടിമപ്പെടാതെ ചരിത്രത്തെ ആധാരമാക്കി, ശാസ്ത്രബോധത്തിലും യുക്തിചിന്തയിലും അധിഷ്ഠിതമായ വീക്ഷണത്തിലൂടെ വിലയിരുത്തപ്പെടേണ്ടതാവശ്യമാണ്.
ഒരു നിഗമനത്തിലെത്തുന്നതിന് മുൻപ് ചില വിഷയങ്ങൾ ഗൗരവതരമായി പരിശോധിക്കേണ്ടതുണ്ട്.
1. പുരാതനകാലത്തെ പുകൾപെറ്റ ഒരു ഇതിഹാസകാരനായ മഹർഷി വാൽമീകി ദൈവത്തിന്റെ ഒരു അവതാരമായാണ് രാമനെ തന്റെ കൃതികളിൽ അവതരിപ്പിച്ചത്. രാമന്റെ ജനനത്തിനും വളരെ മുൻപാണ് ആ കഥയുടെ രചന നടത്തിയതെന്ന് പറയപ്പെടുന്നു. അയോദ്ധ്യയിലെ ദശരഥരാജാവിന്റെ കൊട്ടാരത്തിലാണ് രാമൻ ജനിച്ചതെന്നാണ് അതിൽ പറയുന്നത്. അല്ലാതെ
പിൽക്കാലത്ത് നിർമ്മിക്കപ്പെട്ട ബാബറിമസ്ജിദ് നിലനിന്നസ്ഥാനത്തായിരുന്നില്ല.
2. 1528-ലാണ് ബാബ്‌റി മസ്ജിദ് നിർമ്മിക്കപ്പെട്ടത്. അവിടെയാണ് രാമന്റെ ജന്മസ്ഥലമെന്ന് അവകാശപ്പെട്ടുകൊണ്ട് ആരും തന്നെ അക്കാലത്ത് തർക്കമുന്നയിച്ചിരുന്നില്ല. 1574-75 വർഷങ്ങളിൽ ‘രാമചരിതമാനസം’ രചിക്കുകയും ഹിന്ദുക്കളുടെയിടയിൽ രാമനെ ജനകീയമാക്കുകയും ചെയ്ത കവി തുളസിദാസ് പോലും രാമന്റെ ജന്മസ്ഥലത്താണ് മസ്ജിദ് പണിതതെന്ന് സൂചിപ്പിച്ചതേയില്ല.
3. കൃഷ്ണചൈതന്യൻ, രാമകൃഷ്ണപരമഹംസൻ, വിവേകാനന്ദൻ തുടങ്ങി ആദരിക്കപ്പെടുന്ന ഹിന്ദുമതപ്രയോക്താക്കളാരും തന്നെ രാമൻ ജനിച്ച സ്ഥലത്താണ് മസ്ജിദ് പണിതതെന്ന വാദം ഒരിക്കലും ഉയർത്തിയിരുന്നില്ല. രാമനെ ഒരു ചരിത്രപുരുഷനെന്ന് കരുതുന്നതിന്റെ
ആധികാരികതയെപ്പോലും വിവേകാനന്ദൻ ചോദ്യം ചെയ്തിട്ടുണ്ട്.
4. ബാബ്‌റി മസ്ജിദിന്റെ മൂന്ന് നൂറ്റാണ്ട് കാലത്തെ ചോദ്യം ചെയ്യപ്പെടാത്ത നിലനില്പിന് ശേഷം ബ്രിട്ടീഷ് ഭരണകാലത്ത്, 1885-ൽ ചില ഹിന്ദു പുരോഹിതന്മാർ ഇക്കാര്യത്തിൽ ഒരു തർക്കമുന്നയിച്ചു. പക്ഷെ അവരുടെ വാദം തെളിയിക്കുന്ന മൂർത്തവും ഗണനീയവുമായ തെളിവുകളൊന്നും തന്നെ അവർ മുന്നോട്ടു വച്ചില്ല. എന്നാൽ, ശിപായി ലഹളയ്ക്ക് ശേഷമുള്ള അസ്വാസ്ഥ്യം നിറഞ്ഞ കാലത്ത് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ വിള്ളലുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണാധികാരികൾ ഈ
തർക്കമുയർത്തുന്നതിനെ പ്രോൽസാഹിപ്പിച്ചു.
5. നിസ്‌ക്കാര പ്രാർത്ഥനകൾ നിർത്തിവയ്പ്പിക്കുകയെന്ന ഉദ്ദേശത്തോടെ 1949-ൽ രാത്രിയുടെ മറവിൽ മസ്ജിദ് കോമ്പൗണ്ടിനുള്ളിൽ രഹസ്യമായി രാമപ്രതിമ കൊണ്ടുവച്ചു. 1986-ൽ ഹിന്ദു വോട്ടുകൾ നേടിയെടുക്കുകയെന്ന ഉദ്ദേശത്തോടെ കോൺഗ്രസ് നേതാവും അന്ന് പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി പള്ളിയുടെ പിൻവശത്തെ വാതിൽ രാമപൂജയ്ക്കു വേണ്ടി തുറന്നുകൊടുത്തു. ഈ നടപടിക്ക് ബദലായി ഹിന്ദുവോട്ടിൻമേൽ പരിപൂർണ്ണ നിയന്ത്രണം സ്ഥാപിക്കാനായി ബിജെപി- സംഘപരിവാർ ശക്തികൾ, തുടക്കത്തിൽ, വർഗ്ഗീയ കലാപങ്ങൾ ആളിക്കത്തിച്ചുകൊണ്ട് രാമരഥയാത്ര ആരംഭിച്ചു. തുടർന്ന് ഒരു ചരിത്രസ്മാരകമായ ബാബ്‌റി മസ്ജിദ് തകർത്തു.
6. ഇന്നത്തെ അയോദ്ധ്യയുടെ പുരാവസ്തുപരമായ ഭൂതകാലത്തെ സംബന്ധിച്ച കണ്ടെത്തലുകളെ ചൊല്ലി ആർക്കിയോളജിസ്റ്റുകൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. തങ്ങളുടെ വിധി പ്രസ്താവിക്കുന്നതിന് സുപ്രീം കോടതി അവലംബിച്ചതായി പറയപ്പെടുന്ന ASI (ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ)യുടെ പ്രത്യേക കണ്ടെത്തലുകളെയും വ്യാഖ്യാനങ്ങളെയും അംഗീകരിക്കുകയാണെങ്കിൽതന്നെ ആരോപിക്കപ്പെടുന്നതുപോലെ രാമന്റെ ജന്മസ്ഥലത്താണ് മസ്ജിദ് പണിതതെന്ന് അത് തെളിയിക്കുന്നില്ല. പുരാതനകാലത്ത് അവിടെയുമിവിടെയുമൊക്കെ പല നിർമ്മിതികളും ഉണ്ടായിരുന്നു. അവയെല്ലാം ഇപ്പോൾ ഭൂമിക്കടിയിലാണ്. പരിവേക്ഷണം നടത്തുമ്പോൾ ഇവയിൽ ചിലതൊക്കെ കണ്ടെത്താറുണ്ട്. അവയെ സംബന്ധിച്ച് പരസ്പരവിരുദ്ധങ്ങളായ പുരാവസ്തുശാസ്ത്ര വ്യാഖ്യാനങ്ങൾ മുന്നോട്ടുവയ്ക്കാറുമുണ്ട്. പല ബുദ്ധക്ഷേത്രങ്ങളും സ്തൂപങ്ങളും തകർക്കപ്പെടുകയും അവയുടെ സ്ഥാനത്ത് ഹൈന്ദവ ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പോലും തെളിവുകളുണ്ട്. ഈ ഹൈന്ദവക്ഷേത്രങ്ങളൊക്കെ ഇന്നിപ്പോൾ പൊളിച്ചു കളയണമെന്നും ആ സ്ഥാനത്ത് ബുദ്ധക്ഷേത്രങ്ങൾ പണിയണമെന്നും ആവശ്യപ്പെട്ടാൽ അത് ന്യായീകരിക്കാനാവുമോ?
7. 1949-ൽ രാമന്റെ പ്രതിമകൊണ്ടുവച്ച നടപടിയെയും 1992-ൽ ബാബ്‌റിമസ്ജിദ് തകർത്തതിനെയും നിയമവിരുദ്ധപ്രവർത്തി എന്ന് പറഞ്ഞ് വിമർശിക്കുകയും, ക്ഷേത്രം തകർത്തല്ല ബാബ്‌റി മസ്ജിദ് പണിതതെന്ന വാദം സ്വീകരിക്കുകയും ”മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങൾക്ക് അസംഖ്യം അനുമാനങ്ങളിലേക്ക് വഴിപ്പെടാൻ സാധിക്കും”  അംഗീകരിക്കുമ്പോൾ തന്നെ, വിചിത്രമെന്ന് പറയട്ടെ, ”വിശ്വാസവും ഭക്തിയും യഥാർത്ഥമാണെന്നും നാട്യമല്ലെന്നും മനസ്സിലാക്കാൻ കോടതിക്ക് അകൃത്രിമമായ രേഖകൾ ലഭ്യമായിക്കഴിഞ്ഞാൽ ആരാധിക്കുന്നവന്റെ വിശ്വാസത്തിന്റെ പക്ഷത്തേയ്ക്ക് ചാഞ്ഞെ മതിയാകൂ” എന്ന നിഗമനത്തിലെത്തിക്കൊണ്ട്, അതിന്റെ അടിസ്ഥാനത്തിൽ രാമക്ഷേത്രം പണിയാനുള്ള ഒരു ട്രസ്റ്റ് രൂപീകരിച്ച് തർക്കവസ്തു ഒന്നാകെ അവർക്ക് കൈമാറണമെന്നും മുസ്ലിങ്ങൾക്ക് ഒരു പള്ളി പണിയാനായി അഞ്ചേക്കർ സ്ഥലം നൽകണമെന്നുമുള്ള വിധി പ്രസ്താവിക്കുകയാണുണ്ടായത്. സംഘപരിവാറിന് ഇതൊരു പാരിതോഷികവും ന്യൂനപക്ഷസമുദായത്തോടുള്ള സഹതാപപ്രദർശനവുമെന്നാണ് മനസ്സിലാക്കാവുന്നത്.
സ്വാഭാവികമായും ബിജെപിയും സംഘപരിവാറും തങ്ങൾക്ക് ലഭിച്ച വിജയത്താൽ ഉല്ലാസഭരിതരാകുകയും ഒരു ചരിത്രസ്മാരകത്തെ തകർത്ത അവരുടെ കുറ്റകൃത്യത്തെ ജൂഡിഷ്യറി സാധുവാക്കിയതായി കണ്ടെത്തുകയും ചെയ്തു. പക്ഷെ, ഇത് രാജ്യത്തെ ജനാധിപത്യമതേതര വിശ്വാസികളിലും വിവേകമതികളായ ജനങ്ങളിലും ഉത്ക്കണ്ഠയും വേദനയും സൃഷ്ടിക്കുകയും ജുഡീഷ്യറിയുടെ നിഷ്പക്ഷതയിലും നീതിനിഷ്ഠയിലും സംശയം ജനിപ്പിക്കുകയും ചെയ്തു.
എല്ലാ നിയമ തത്വങ്ങളും, നീതിശാസ്ത്ര പാഠങ്ങളും, നൈതികതയും അവഗണിച്ചു കൊണ്ടുള്ള, ഫലത്തിലുള്ള  പരമമായ നീതി നിഷേധമായിക്കൂടിയാണ് പരമോന്നത കോടതിയുടെ വിധിയെ ഞങ്ങൾ കണക്കാക്കുന്നത്. ഇതേവരെ ജനാധിപത്യ നീതിശാസ്ത്രത്തിന്റെ ചരിത്രത്തിലെവിടെയും മതവിശ്വാസത്തെ നിയമത്തിനും ചരിത്രത്തിലധിഷ്ഠിതമായ തെളിവിനും മുകളിലായി പ്രതിഷ്ഠിച്ചിട്ടില്ല. അതിനാൽ തന്നെ മത ഉന്മത്തത ഉത്തേജിപ്പിക്കുന്ന വിധത്തിൽ, ദൂരവ്യാപകമായ ഫലമുളവാക്കുന്ന, ഗൗരവതരമായ കീഴ്‌വഴക്കം ഇതുവഴി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.
ഈ അഭിപ്രായങ്ങൾ പരിശോധിക്കണമെന്നും ജനാധിപത്യാവകാശങ്ങൾക്കും മതേതരമൂല്യങ്ങൾക്കും ജൂഡിഷ്യറിയുടെ നിഷ്പക്ഷതയ്ക്കുമെതിരെയുള്ള ആക്രമണങ്ങളെ ചെറുക്കണമെന്നും ജനങ്ങളുടെ ഐക്യം കാത്തു സൂക്ഷിക്കണമെന്നും ഞങ്ങൾ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.

Share this post

scroll to top