പിണറായി സർക്കാരിന്റെ ഭീകരമായ പോലീസ് അടിച്ചമർത്തലിനെ നേരിട്ടും കോവിഡ് മഹാമാരിയെ അതിജീവിച്ചും ആലപ്പുഴയുടെ തീരത്ത് കരിമണൽ ഖനനവിരുദ്ധ സമരം മുന്നേറുകയാണ്. തീരവും തീരവാസികളുടെ ജീവിതവും തകർക്കുന്ന, തികച്ചും അശാസ്ത്രീയമായ ഖനനവും സാമൂഹ്യ വിരുദ്ധമായ മണൽകടത്തും തടഞ്ഞ സമരസമിതി പ്രവർത്തകരെ ക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്.
ക്രൂരമർദ്ദനത്തിനിരയായ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) നേതാവും കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി വൈസ് ചെയർമാനുമായ ബി.ഭദ്രനെയും സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജു വേലായിലിനെയും ആലപ്പുഴ മെഡിക്കൽ കോളേജ് ട്രോമാകെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. വിപിൻ വിശ്വംഭരൻ, പ്രണവ്, പ്രിൻസ് എന്നിവരെ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയരാക്കി. സമിതി ചെയർമാൻ എസ്.സുരേഷ് കുമാര്‍ അടക്കമുള്ള ജനനേതാക്കളെ പോലീസ് കൈകാര്യം ചെയ്ത രീതി തീരദേശമേഖലയിലും സംസ്ഥാനത്തുടനീളവും കടുത്ത പ്രതിഷേധത്തിനിടയാക്കി യിട്ടുണ്ട്. സമരം അടിച്ചമർത്താമെന്ന സർക്കാരിന്റെ വ്യാമോഹം നടപ്പിലായില്ലെന്ന് മാത്രമല്ല കൂടുതൽ പങ്കാളിത്തത്തോടെ മുന്നേറുകയുമാണ്.
ജൂലൈ 29ന് സമരത്തിന്റെ അമ്പതാം ദിവസമാചരിച്ചുകൊണ്ട് 50 സത്യാഗ്രഹികളെയും സമരത്തിൽ പൊലീസ് മർദ്ദനമേറ്റവരെയും ആദരിച്ചു. തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തെ തുടർന്ന് തകർന്നുപോയ കുട്ടികളുടെ പാർക്ക് വൃത്തിയാക്കി അതിലാണ് അനുമോദന ചടങ്ങ് നടന്നത്. അത് പോലീസ് മർദ്ദനത്തിനെതിരായ ശക്തമായ താക്കീതായി മാറി. സത്യാഗ്രഹികളും സമര സേനാനികളും കുടുംബാംഗങ്ങളും എത്തിച്ചേർന്ന പ്രൗഢ സദസ്സ് സമരത്തിന്റെ തീവ്രത ഏറ്റുവാങ്ങുന്ന ഒന്നായിരുന്നു. എഐഡിഎസ്ഒ നേതാക്കളായ ആർ.ജതിൻ, വി.പി.വിദ്യ, ആർ.മീനാക്ഷി എന്നിവരുടെ നേതൃത്വത്തിലെത്തിയ വിദ്യാർഥിസംഘം സമരത്തെ അഭിവാദ്യം ചെയ്തത് കൗതുകകരവും ആവേശകരവുമായിരുന്നു. ഗായത്രി സ്വാമി നാഥന്റെ ഗാനാലാപനത്തോടെയാണ് ചടങ്ങ് തുടങ്ങിയത്.
കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ്.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ആർ.അർജുനൻ സ്വാഗതം പറഞ്ഞു. സ്ട്രീറ്റ് ബാൻഡ് ഗായികയും എഐഡിഎസ്ഒ നേതാവുമായ അനാമിക എസ്.ഗോപാലിന്റെ ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
വിളപ്പിൽശാല സമരനായകൻ എസ്.ബുർഹാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കരിമണൽ ഖനന വിരുദ്ധ സമരം ക്രമേണ ആർജിക്കുന്ന ബഹുജന പിന്തുണയും ശക്തിയും വിളപ്പിൽശാല സമരത്തിലെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ വിശദീകരിച്ചത് ആവേശമുണർത്തി. ആർ.പാർത്ഥസാരഥി വർമ്മ സത്യാഗ്രഹികളെയും മർദ്ദനമേറ്റവരെയും പോരാളികളെയും വേദിയിലേക്കാനയിച്ചു പരിചയപ്പെടുത്തി. ജി.ഗോമതി ഷാളണിയിച്ചും പതക്കങ്ങൾ കഴുത്തിലണിഞ്ഞും പൂച്ചെണ്ടുകൾ നൽകിയും ആദരിച്ചു. ബി. ഭദ്രൻ, എസ്.സുധിലാൽ, എം.എച്ച്.ഉവൈസ്, നാസർ ആറാട്ടുപുഴ, ഷിബു പ്രകാശ് എന്നിവർ പ്രസംഗിച്ചു. എം.സ്വരാജ് കൃതജ്ഞത പറഞ്ഞു. പാനൂരിൽനിന്ന് എത്തിയ കുട്ടികൾ ചെയ്ത സമര നൃത്തശില്പം സമരത്തിന്റെ തീവ്രതയും നൃത്തത്തിന്റെ ചടുലതയും സംഗീതത്തിന്റെ മനോഹാരിതയും സമ്മേളിപ്പിക്കുന്നതായിരുന്നു.
ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് 9ന് കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഉജ്ജ്വലമായ സെക്രട്ടേറിയറ്റ് മാർച്ച് നടന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എസ്.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.വിൻസന്റ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നടൻ പ്രേംകുമാർ, കെ. എ.ഷെഫീഖ്, ആർ.കുമാർ, എം.ഷാജർഖാൻ, മാഗ്ലിൻ ഫിലോമിന, അജിത് ശംഖുമുഖം, സുധിലാൽ തൃക്കുന്നപ്പുഴ, ആർ.അർജുനൻ, നാസർ ആറാട്ടുപുഴ, ആർ.പാർത്ഥസാരഥി വർമ്മ, ബി.ഭദ്രൻ, പി.കെ.സുഭദ്രാമണി, ആശാ രുദ്രാണി, ഹെൻറി, കെ.ജെ.ഷീല, എസ്.മധു, പോൾ എന്നിവർ പ്രസംഗിച്ചു.