അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളിൽ അത്യധികം ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് പുറപ്പെടുവിച്ച പ്രസ്താവന.

Share

യു എസ്സിൽ തന്നെയുള്ള അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും, യു എസ് സാമ്രാജ്യത്വവാദികളുടെ യുദ്ധവെറിപൂണ്ട നടപടികൾക്കെതിരെ സ്വജനതയിൽ നിന്നുയരുന്ന ശക്തമായ രോഷവും അതോടൊപ്പം, ജനങ്ങളാൽ വെറുക്കപ്പെട്ടവരും അഴിമതിയിൽ മുങ്ങിയതുമായ അഫ്ഗാനിലെ അമേരിക്കൻ പാവ സർക്കാറിനെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യവും നേരിടുന്ന യു എസ് സാമ്രാജ്യത്വം, സമകാലിക ലോകത്തെ ഏറ്റവും പിന്തിരിപ്പൻ ഇസ്ലാമിക മതമൗലികവാദ ശക്തികളായ താലിബാനുമായി രഹസ്യകരാർ ഉണ്ടാക്കിക്കൊണ്ട് അധികാരം അവർക്ക് വിട്ടു കൊടുത്തിരിക്കുന്നു.

അഫ്ഗാനിസ്ഥാനിൽ ഒരിക്കൽ ഉയർന്നു വന്ന ജനാധിപത്യ പ്രസ്ഥാനത്തെ തകർക്കുവാനായി ഇതേ താലിബാൻ നയിച്ച പ്രതിലോമ മതമൗലിക ശക്തികളെ പാലൂട്ടിവളർത്തിയതും അമേരിക്കൻ സാമ്രാജ്യത്വം തന്നെയായിരുന്നു. ഇന്നുമതിനെ പിൻതുണക്കുന്നത് സാമ്രാജ്യത്വത്തിന്റെ സ്വന്തം താല്പര്യം സംരക്ഷിക്കാൻ വേണ്ടിത്തന്നെയാണ്. അത്തരമൊരു ചെയ്തിയിലൂടെ സ്വാതന്ത്ര്യ കാംക്ഷികളായ അഫ്ഗാൻ ജനതയെ മൃഗീയ ശക്തി ഉപയോഗിച്ച് ഭയവിഹ്വലരാക്കി വേട്ടയാടുന്ന അങ്ങേയറ്റം മധ്യയുഗീനമായ ഭീകര ശക്തികളുടെ കീഴിലേക്ക് എറിഞ്ഞു കൊടുത്തുവെന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ്.

അധികാരം കൈയടക്കാൻ താലിബാന് അവസരം ഒരുക്കികൊടുത്തതിലൂടെ അവർക്ക് ഏറ്റവും അപരിഷകൃതമായ മധ്യകാല ഇസ്ലാമിക രാഷ്ട്രം പടുത്തുയർത്താനും അഫ്ഗാൻ ജനതയുടെ എല്ലാ വിധത്തിലുമുള്ള ജനാധിപത്യാഭിലാഷങ്ങളെ ചവിട്ടി മെതിക്കാനും ഇട നൽകിയിരിക്കുന്നു. എന്നു മാത്രമല്ല, ശക്തമായ മുൻകാല സോഷ്യലിസ്റ്റ് ചേരിയുടേയും തൊളിലാളിവർഗ്ഗ സമരങ്ങളുടെയും സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങളുടെയും അഭാവത്തെ മുതലെടുത്തു കൊണ്ടും സാമ്രാജ്യത്വ -ഫാസിസ്റ്റ് ശക്തികളുടെ രക്ഷാകർത്തൃത്വത്തോടെയും, ആഗോള മത മൗലിക ശക്തികളെ ഊട്ടി വളർത്തി ശാസ്ത്രീയ ജനാധിപത്യ മതേതര ചിന്തകളെ തടയാൻ ഇത് വഴിയൊരുക്കുമെന്നു ഞങ്ങൾ ആശങ്കപ്പെടുന്നു.
ഈ സാഹചര്യത്തിൽ, അഫ്ഗാനിസ്ഥാനിലെ പുരോഗമന ജനാധിപത്യ ശക്തികൾ ജനാധിപത്യാശയങ്ങളുടെ പാത സ്വീകരിച്ചു കൊണ്ട് തങ്ങളുടെ സ്വന്തം രാജ്യത്ത് വിപ്ലവ മുന്നേറ്റങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പിന്തിരിപ്പൻ താലിബാൻ ഭരണകൂടത്തെ പരാജയപ്പെടുത്താനായി സംഘടിതമായി ഉയർന്നു വരുമെന്നും മുന്നേറുമെന്നും ഞങ്ങൾ പ്രത്യാശിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ നാളുകളിൽ അഫ്ഗാനിലെ ജനങ്ങളോടൊപ്പം നിലകൊള്ളണമെന്ന് ലോകമെമ്പാടുമുള്ള നേർദിശയിൽ ചിന്തിക്കുന്ന ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

സ്വപൻ ഘോഷ്,
ഓഫീസ് സെക്രട്ടറി,
കേന്ദ്രക്കമ്മിറ്റി,
എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌)

Share this post

scroll to top