ജനാധിപത്യവാഴ്ചയുടെ അവശേഷിപ്പുകളെ വകവരുത്തിക്കൊണ്ട്, പാര്‍ലമെന്ററി രാഷ്ട്രീയ ചതുരംഗത്തട്ടില്‍ സംസ്ഥാന മുഖ്യമന്ത്രിയും സിപിഐ(എം) നേതാക്കളും നടത്തുന്ന സമീപകാല കരുനീക്കങ്ങള്‍ കേരളത്തിന്റെ ഇടതുപക്ഷ മനഃസാക്ഷിയെ ഞെട്ടിക്കുകയാണ്. ആദര്‍ശത്തിന്റെയും സംസ്‌കാരത്തിന്റെയും കരുത്തുകൊണ്ട് ഇടതുപക്ഷ രാഷ്ട്രീയം ഏറ്റവും പ്രബലമായി കാലുറപ്പിച്ച്, ശിരസ്സുയര്‍ത്തി നിലകൊള്ളേണ്ടുന്ന ഈ ഇരുട്ടിന്റെ നാളുകളില്‍, അഹന്തയും അധികാരഗര്‍വ്വും വിവേകരാഹിത്യവും ജനാധിപത്യവിരുദ്ധതയും മുഖമുദ്രയാക്കി സിപിഐ(എം) മുതലാളിത്ത വലതുരാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നു.
ഗൗരവവും മഹിമയും ചോർത്തിക്കളഞ്ഞ് സിപിഐ(എം) ഇടതുരാഷട്രീയത്തെ ഉദരപൂരണത്തിന്റെ നാണംകെട്ട മാർഗ്ഗമാക്കി അധഃപതിപ്പിച്ചിരിക്കുന്നു. ക്രിമിനൽ മൂലധന നിക്ഷേപത്തിന്റെ അടിയുറച്ച നടത്തിപ്പുകാരായിക്കൊണ്ട് കോർപ്പറേറ്റ് ശക്തികൾക്കുവേണ്ടി ഉളുപ്പില്ലാതെ വിടുപണി ചെയ്യുന്നു. ചരിത്രത്തിലില്ലാത്തവിധം രാജ്യം ഒന്നടങ്കം ജനകീയ പ്രക്ഷോഭങ്ങൾക്കായി അദമ്യമായി ദാഹിക്കുമ്പോൾ, അവർ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തെ പടിയടച്ച് പിണ്ഡംവച്ചിരിക്കുന്നു. യഥാർത്ഥ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുക മാത്രമല്ല, പുലഭ്യം പറഞ്ഞ് സ്വയം നാറുന്നു.
മന്ത്രിമാരും പാർട്ടി നേതാക്കളും നിത്യേനയെന്നോണം നടത്തുന്ന വിടുവായൻ വർത്തമാനങ്ങളും മൂന്നാംകിട നിലപാടുകളും സാമൂഹ്യാന്തരീക്ഷത്തെ മലീമസമാക്കുന്നു. ഉന്നത സർക്കാർ വൃത്തങ്ങൾ നേരിട്ടും അല്ലാതെയും നടത്തുന്ന ധൂർത്തിന്റെയും അഴിമതിയുടെയും കഥകൾ, ചുരളഴിയുന്ന വിവിധതല നേതാക്കളുടെ മാഫിയ ബന്ധങ്ങൾ, തട്ടിപ്പുകളിലും കള്ളക്കടത്തിലും മറ്റുമൊക്കെയുള്ള ഉന്നതതലബന്ധത്തെ സംബന്ധിച്ച ആരോപണങ്ങൾ, സഹകരണമേഖലയിലെ അഴിമതിയിലൂടെ കുത്തിച്ചോർത്തുന്ന കോടികൾ ഒക്കെയും ഗൗരവമുള്ളവയാണ്. സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന സാക്ഷാൽ മുഖ്യമന്ത്രിക്കെതിരെയും നിരവധി ഗുരുതര ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞു. സ്വർണ്ണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട് എന്നതുൾപ്പടെയുള്ള ഗുരുതര സ്വഭാവത്തിലുള്ള ആരോപണങ്ങളെ തള്ളിക്കളയാനാവില്ല. പ്രത്യേകിച്ചും മുഖ്യമന്തിയുടെ വലംകൈയും ഇടംകൈയുമായി പ്രവർത്തിച്ചിരുന്ന സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിതന്നെ അറസ്റ്റുചെയ്യപ്പെട്ട്, മാസങ്ങളോളം ജയിലിലടയ്ക്കപ്പെട്ട സാഹചര്യത്തിൽ.
സ്വർണ്ണക്കള്ളക്കടത്തും ഡോളർക്കടത്തും പോലെയുള്ള അധോലോക വ്യാപാരങ്ങളിൽ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സമുന്നത നേതാക്കൾക്കും മുഖ്യമന്ത്രിക്ക് തന്നെയും നേരിട്ട് ബന്ധമുണ്ടെന്ന ഗൗരവാവഹമായ ആരോപണത്തെ ചുറ്റിപ്പറ്റി മാസങ്ങളായി മാദ്ധ്യമങ്ങൾ നിരവധി ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി. കള്ളക്കടത്ത് കേസ്സിലെ കൂട്ടുകച്ചവടക്കാരും പ്രതികളും പരസ്പരം വാരിയെറിയുന്ന സംഭ്രമജനകമായ ആരോപണ-പ്രത്യാരോപണങ്ങളിൽ നേരും നെറിയും ഉറപ്പിക്കാനാവില്ല. എന്നാൽ, ഡോളർ കടത്തുകേസിൽ 2021, മാർച്ച് 4ന് അക്കാലത്തെ കസ്റ്റംസ് കമ്മീഷണർ സുമിത്കുമാർ ഹൈക്കോടതിയിൽ നൽകിയ പതിനഞ്ച് പേജുള്ള പ്രസ്താവനയിൽ, പ്രസ്തുത കേസിൽ മന്ത്രിമാർക്കും ഉന്നതോദ്യോഗസ്ഥർക്കും പങ്കുള്ളതായി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കും പേഴ്‍സണൽ സ്റ്റാഫിലെ ചിലർക്കും പങ്കുണ്ടെന്നും പറഞ്ഞിരുന്നു. സംസ്ഥാനം ഭരിക്കുന്ന ഉന്നത നേതൃസ്ഥാനീയരെ പരാമർശിക്കുന്ന അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നാൽ അതിന്റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപെടുത്താൻ ഇടതുപക്ഷ നേതാക്കൾക്ക് കഴിയേണ്ടതല്ലേ?
കോവിഡ് കാലത്ത് ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഡാറ്റ ബേസ് സ്പ്രിംഗ്‌ളർ എന്ന അമേരിക്കൻ കമ്പനിക്ക് വിൽക്കുന്ന ഇടപാട് നടന്നുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ രംഗത്ത്, പിപിഇ കിറ്റ് വാങ്ങിയതിൽ ഉൾപ്പെടെ കോടികളുടെ കമ്മിഷൻ ഇടപാട് നടന്നതിനെ സംബന്ധിച്ച ആരോപണം, മുഖ്യമന്ത്രിയുടെ മകൾ വീണക്ക് കുപ്രസിദ്ധമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കരിമ്പട്ടികയിൽപ്പെടേണ്ട സ്ഥാപനവുമായുള്ള ബന്ധവും അവർ നേടിയെടുത്ത വിദേശ കരാറുകളും, ഷാർജ സുൽത്താന് ബിരുദദാനം നൽകാനുള്ള കോഴിക്കോട് സർവകലാശാലയുടെ ചടങ്ങ് ഹൈജാക്ക് ചെയ്ത് തിരുവനന്തപുരത്ത് നടത്തിയതും ക്ലിഫ് ഹൗസിൽ അവർക്ക് മുഖ്യമന്ത്രിയും കുടുംബവും ആഥിത്യമരുളിയതും ഉണർത്തിയ ദുരൂഹത, കരുവന്നൂർ ബാങ്ക് ഉൾപ്പെടെയുള്ള അനവധി സഹകരണ ബാങ്കുകളിൽ നടന്ന കോടികളുടെ തട്ടിപ്പുകളിൽ സിപിഐ(എം)ന്റെ ജില്ലാ പ്രാദേശിക നേതാക്കൾക്കുള്ള അനിഷേധ്യമായ പങ്ക് തുടങ്ങി നൂറു കണക്കിന് കേസുകൾ ഉണ്ട്. അവയൊക്കെ പുറത്തുവന്ന സംഭവങ്ങളിൽ ചിലത് മാത്രം. മ്യൂച്വൽ ഫണ്ട് ഉൾപ്പടെയുള്ള ആധുനിക ധനകാര്യ ഇടപാടുകളിലൂടെ സംസ്ഥാന പ്രാദേശിക നേതാക്കൾ ധനസമാഹരണത്തിൽ ഏർപ്പെടുന്ന അധാർമിക ഇടപാടുകളെക്കുറിച്ചും നിരന്തരം വാർത്തകൾ സംസ്ഥാനമെമ്പാടും കേട്ടുകൊണ്ടിരിക്കുന്നു. മദ്യ-മയക്കുമരുന്ന് മാഫിയ സംഘങ്ങൾക്ക് സിപിഐ(എം) നേതാക്കൾ പരസ്യമായി ഒത്താശ ചെയ്തു കൊടുക്കുന്നുവെന്നതും ഇടതുപക്ഷത്തെ നെഞ്ചോട് ചേർത്ത് പിടുക്കുന്നവർക്ക് കനത്ത ആഘാതമാണ് സമ്മാനിക്കുന്നത്.
ഭരണം, പണാപഹരണ വഴിയായി കാണുന്ന ഒരു വലിയ വിഭാഗം ഉദയം ചെയ്തിരിക്കുന്നു. അവർ പരസ്പരം മത്സരിച്ച്, അധാർമിക വഴികളിലൂടെ സമ്പാദിക്കുന്നത് ജനങ്ങളുടെ അധ്വാനംകൊണ്ട് സൃഷ്ടിക്കുന്ന പണമാണെന്ന പ്രാഥമിക ധാർമ്മികബോധം പോലും അവരെ അലോസരപ്പെടുത്തുന്നില്ലയെന്നതാണ് ദുഃഖകരം.
അങ്ങനെ, നേതൃനിരയിൽ ഒരു സംഘം ഇവ്വിധം പൊതുപണം കൊള്ളയടിക്കുമ്പോൾ, മറുഭാഗത്ത്, സ്വന്തം പാർട്ടിക്കാർ ഉൾപ്പടെയുള്ള സാധാരണ ജനങ്ങളുടെ ജീവിത സ്ഥിതിയെന്താണ്? നിത്യനിദാന ചെലവുകൾക്കുപോലും പണം കണ്ടെത്താനാകാതെ ദുരിതക്കയത്തിലാണ് സംസ്ഥാനത്തെ സാധാരണ ജനങ്ങൾ. കേന്ദ്ര ബിജെപി സർക്കാരിന്റെ സാമ്പത്തികാതിക്രമങ്ങൾക്കു പുറമേ, സംസ്ഥാന ഇടതു സർക്കാർ ഏർപ്പെടുത്തുന്ന ചാർജ് വർദ്ധനവുകളുടെയും നികുതി വർദ്ധനവുകളുടെയും ഭാരത്താൽ നട്ടം തിരിയുകയാണ് ജനങ്ങൾ. എന്നിട്ടും, ഭക്ഷ്യധാന്യങ്ങൾക്ക് അഞ്ചു ശതമാനം ജിഎസ്്ടി വർധിപ്പിക്കാനുള്ള തീരുമാനം എടുക്കുന്ന കേന്ദ്ര ധനകാര്യ യോഗത്തിൽ കേരളത്തിന്റെ ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ സന്നിഹിതനായിരുന്നുവെന്ന് മാത്രമല്ല ആ ജനദ്രോഹ തീരുമാനത്തിന് അദ്ദേഹം കൂട്ടുനിൽക്കുകയും ചെയ്തുവെന്നത് മാപ്പർഹിക്കാത്ത കുറ്റംതന്നെ.
സർവരംഗത്തും ജന രോഷം നീറിപ്പിടിക്കുകയാണ്. എന്നാൽ, ജനശ്രദ്ധയകറ്റുന്നതിൽ വിദഗ്ദ്ധരാണവർ. കുതന്ത്രങ്ങൾ പയറ്റുന്നതിലും കൃത്രിമ പ്രശ്‌നങ്ങൾ കുത്തിപ്പൊക്കുന്നതിലും ആധുനിക വലതുപക്ഷ ബൂർഷ്വാ രാഷ്ട്രീയക്കാരെ വെല്ലുന്ന വിധത്തിലാണ് സംസ്ഥാന സിപിഐ(എം) നേതാക്കൾ പെരുമാറുന്നത്. കെ റെയിലിനെതിരെ പ്രക്ഷോഭം ആളിക്കത്തുന്ന സന്ദർഭത്തിൽ അപ്രധാന വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ സംസ്ഥാന സർക്കാർ പരിശ്രമിച്ചിരുന്നു. രാഷ്ട്രീയ അശ്ലീലമായ പി.സി.ജോർജിന്റെ വർഗീയ വിഷം ചീറ്റുന്ന പ്രസംഗത്തിന്റെ പേരിൽ സർക്കാർ നടത്തിയ അറസ്റ്റ് എന്ന നാടകവും തുടർന്ന് നടന്ന ആഭാസങ്ങളും ശ്രദ്ധ തിരിക്കൽ മാത്രമായിരുന്നു ലക്ഷ്യമിട്ടത്.
നിയമസഭയിലെ സാമാജികർ, വിശേഷിച്ചും സിപിഐ(എം) പാർട്ടിയിലെ മുതിർന്ന നേതാക്കളായ എം.എം.മണിയപ്പോലുള്ളവർ നടത്തിയ മനുഷ്യത്വ ഹീനമായ വഷളൻ പ്രയോഗങ്ങൾ പ്രബുദ്ധ കേരളത്തെ ലജ്ജിപ്പിക്കുന്നു. വിശേഷിച്ചും വനിതാ ജനപ്രതിനിധി കൂടിയായ കെ.കെ.രമയുടെ വൈധവ്യം അവരുടെ വിധിയാണെന്ന എം.എം.മണിയുടെ സഭാതല പ്രസംഗം കേട്ട് ഭരണപക്ഷ എംഎൽഎമാർ ആർത്തു ചിരിച്ചത് കേരള രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. ഒരു ഇടതുപക്ഷ രാഷ്ട്രീയ നേതാവിനെ നിഷ്ഠുരമാംവിധം കൊലപ്പെടുത്തുക, എന്നിട്ട്, അദ്ദേഹത്തിന്റെ പത്‌നിയും പാർട്ടി നേതാവും ജനപ്രതിനിധിയുമായ ഒരു വ്യക്തിയെ വഷളൻ ഭാഷയിൽ പരസ്യമായി സഭയിൽ അപമാനിക്കുക, അതിനെ മുഖ്യമന്ത്രിതന്നെ ന്യായീകരിക്കുക; നീചമനസ്സിന് ഉടമകളായവർക്ക് മാത്രമേ ഈ വിധത്തിൽ പെരുമാറാനാകൂ.
കേവലമായ പ്രതിപക്ഷ രാഷ്ട്രീയ പ്രതിഷേധം മാത്രമാണെങ്കിലും, കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ കൊടി ഉയർത്തി പ്രതിഷേധിച്ചതിന് തത്സമയം അവരെ കായികമായി ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്ത എൽഡിഎഫ് കൺവീനറും പാർട്ടി നേതാവുമായ ഇ.പി.ജയരാജന്റെ നടപടി ഗുണ്ടായിസത്തിന്റെ പട്ടികയിലാണ് വരുന്നത്. എല്ലാ ജനാധിപത്യ പ്രതിഷേധങ്ങളോടും അസ്സഹിഷ്ണുത കാട്ടുകയും പാർട്ടി നേതാക്കളുടെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മഹത്വവും യശസ്സും കെടുത്തിക്കളയുക മാത്രമല്ല ജീർണ്ണമായ വലതുപക്ഷ രാഷ്ട്രീയത്തെ പോലും ലജ്ജിപ്പിക്കുകയാണ്.
ഓരോ വിവാദങ്ങൾ മുറുകുമ്പോഴും ഇടതു നേതാക്കൾ കൂടുതൽ തുറന്നു കാട്ടപ്പെടുകയോ അപഹാസ്യരാകുകയോ ചെയ്യപ്പെടുന്നു എന്നതാണ് എടുത്തു പറയേണ്ട പൊതുസ്ഥിതി. വയനാട്ടിലെ പാർലമെന്റ് അംഗവും കോൺഗ്രസ്സിന്റെ ദേശീയ നേതാവുമായ രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്‌ഐയുടെ ഒരു സംഘം നടത്തിയ ആക്രമണം സിപിഐ(എം)ന്റെ രാഷ്ട്രീയ പാപ്പരത്തം വിളിച്ചോതുന്ന ഒരു സംഭവമായിരുന്നു. ഒരു രാഷ്ട്രീയപാർട്ടിയുടെ നേതാവിന് നേരെയോ ഓഫീസിന് നേരെയോ ഒരു സമരത്തിന്റെ പേരിൽ മറ്റൊരു രാഷ്ട്രീയ കക്ഷിയോ സംഘടനകളോ ഇത്തരം ആക്രമണം നടത്തുന്നത് കേരളത്തിൽ അസാധാരണമാണ്. അത് ഇടതുപക്ഷ രീതിയല്ല; മറിച്ച് ഫാസിസ്റ്റ് രീതിയാണ്. വിദ്യാഭ്യാസ മേഖല നേരിടുന്ന ഏതെങ്കിലും വിഷയങ്ങളോ വിദ്യാർത്ഥി സമൂഹത്തിന്റെ ഏതെങ്കിലും പ്രശ്‌നങ്ങളോ ഉന്നയിച്ചു സമരം നടത്തിക്കൊണ്ടിരിക്കുന്നവരല്ല ഇപ്പോൾ എസ്എഫ്‌ഐക്കാർ എന്ന് എല്ലാവർക്കും അറിയാം. കേന്ദ്ര സർക്കാരും എൽഡിഎഫ് നയിക്കുന്ന സംസ്ഥാന സർക്കാരും ചേർന്ന് വനസംരക്ഷണത്തിന്റെ പേരിൽ നടപ്പാക്കുന്ന ബഫർ സോണിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് ഇക്കൂട്ടർ, കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തിരിക്കുന്ന ഒരു പാർട്ടിയുടെ എംപിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയത്! ഓഫീസ് കൈയേറി അക്രമം നടത്തുക മാത്രമല്ല ‘കൃഷി സ്‌നേഹികളും കർഷക സംരക്ഷകരും’ ആയ അവർ രാഹുൽഗാന്ധി ഇരിക്കേണ്ട കസേരയിൽ ഒരു വാഴ കൊണ്ടുവച്ച് ‘ജനകീയ ജനാധിപത്യ വിപ്ലവ’ത്തിലേക്ക് ഒരു ചുവടു കൂടി മുന്നേറി! കോൺഗ്രസ് ബഫർസോണിനെ പിന്തുണയ്ക്കുന്നു എന്ന് പരോക്ഷമായി സ്ഥാപിച്ചുകൊണ്ട്, സ്വന്തം മുഖം രക്ഷിക്കുക എന്ന സിപിഐ(എം) തന്ത്രമായിരുന്നു അതിനു പിന്നിൽ. ഒടുവിൽ, വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് മനസിലാക്കിയ സിപിഐ(എം) നേതൃത്വം എസ്എഫ്‌ഐയെ തള്ളിപ്പറയുകയും വയനാട് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. 2019ൽ കേരള നിയമസഭ ബഫർ സോണിനെ അനുകൂലിച്ച് പാസാക്കിയ പ്രമേയത്തിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ അക്ഷരാർത്ഥത്തിൽ ഈ കൂട്ടർ ഇളിഭ്യരായി മാറി.
ഈ പ്രതിസന്ധികളിൽനിന്ന് മുഖം രക്ഷിക്കാനുള്ള സമ്മർദ്ദം ശക്തമായപ്പോഴാണ് എകെജി സെന്ററിനു നേരെയുള്ള ‘ബോംബേറ് സംഭവം’ ഉണ്ടാകുന്നത്. എകെജി സെന്ററിനു നേരെ ബോംബേറ് എന്ന പേരിൽ നടന്ന നാടകത്തെ സംബന്ധിച്ച് എഴുതി യൂണിറ്റിയുടെ വിലപ്പെട്ട ഇടം നഷ്ടപ്പടുത്തരുതെന്ന് യഥാർത്ഥത്തിൽ ആഗ്രഹമുണ്ട്. എങ്കിലും പ്രതികരിക്കേണ്ടി വരുന്നത് വളരെ ഗൗരവമുള്ള ചില സാമൂഹ്യഘടകങ്ങൾ ഇതിൽ ഉൾപെട്ടിരിക്കുന്നു എന്നതിനാൽമാത്രമാണ്. തീർത്തും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കൃത്രിമമായി പടച്ചുണ്ടാക്കിയ ഒരു തിരക്കഥ മാത്രമായിരുന്നു ഈ ബോംബേറെന്ന് കേരളമൊന്നായി ഇന്ന് വിശ്വസിക്കുന്നു. പരമനുണയെന്ന് പൂർണ്ണബോധ്യത്തോടെ പി.കെ.ശ്രീമതി ടീച്ചർ ഉൾപ്പടെയുള്ള നേതാക്കൾ നടത്തിയ ദൃക്‌സാക്ഷി വിവരണം അവരെ അടിമുടി അപഹാസ്യരാക്കി. ക്യാമറയ്ക്ക് മുന്നിൽ അതിഭാവുകത്വം നിറഞ്ഞ പ്രകടനങ്ങൾ നടത്തുന്നതിൽ നേതാക്കൾ മത്സരിക്കുകയായിരുന്നു! പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തിയിട്ടും സ്‌ഫോടനം നടന്നതായി പറയപ്പെടുന്ന സ്ഥലത്ത് കിടക്കുന്ന കടലാസ് പോലും കരിഞ്ഞതായി കാണാൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങൾ നൽകുന്ന സൂചനകൾ വച്ചുകൊണ്ട് നടത്തിയ അന്വേഷണങ്ങൾ എല്ലാം അവിടെയുമിവിടെയും ‘തട്ടി’ വഴിമുട്ടി. ഒടുവിൽ കുപ്രസിദ്ധമായ സുകുമാര കുറുപ്പിന്റെ കേസിനോടൊപ്പം ഇതുകൂടി ചേർത്ത് വെച്ച് എൽഡിഎഫ് കൺവീനർ സ്വയം തടിതപ്പി. പക്ഷേ ഈ ബോംബ് കഥയുടെ തുടക്കത്തിൽതന്നെ ബോംബറിഞ്ഞത് കോൺഗ്രസുകാരാണെന്ന് സംശയ രഹിതമായി പ്രഖ്യാപിക്കാൻ ഈ നേതാവിന് മടിയുണ്ടായില്ല എന്നതാണ് വിചിത്രം!
ഇതിന്റെ പേരിൽ പ്രതിഷേധമെന്ന പേരിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകളും അക്രമങ്ങളും ജനങ്ങളിൽ ഉണർത്തിയത് പരമപുഛത്തിന്റെ വികാരം മാത്രം. സിപിഐ(എം) തങ്ങളെ വിഢ്ഢികളാക്കി, അപമാനിക്കുകയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. നേതാക്കൾ സ്വയം വിലകെടുത്തി, ജനങ്ങളുടെ മുമ്പിൽ നഗ്നരാക്കപ്പെടുകയാണെന്നത് തിരിച്ചറിയാൻ പോലുമാകാത്തവിധം അധഃപതിച്ചുപോയിരിക്കുന്നു ഈ പ്രസ്ഥാനം. നെറിവിനും സത്യസന്ധതയ്ക്കും ഒരു വിലയുമില്ലാതാക്കിയ ഈ നേതാക്കളെ വിശ്വാസത്തിലെടുക്കാൻ ഒരാളുപോലുമില്ല. നാലാൾകൂടുന്നിടത്ത് എവിടെയും പരിഹസിക്കപ്പെടുകയാണ് സിപിഐ(എം) എന്ന പാർട്ടി.
ഈ സാഹചര്യം സാമൂഹ്യമനസ്സാക്ഷിയിൽ ആഴത്തിലുള്ള മരവിപ്പാണ് സൃഷ്ടിക്കുന്നത്. നേതാക്കളുടെ ആക്രോശങ്ങളും പ്രതിഷേധമെന്ന പേരിലുള്ള വികാരപ്രകടനങ്ങളുമെല്ലാം നാട്യം മാത്രം. ജനങ്ങളെ വിഢ്ഢികളാക്കാനുള്ള ഇരട്ടത്താപ്പുമാത്രം. കേരളത്തിന്റെ സാമൂഹ്യമനോഘടനയിൽ ഇത് സൃഷ്ടിക്കുന്ന ആഘാതം അത്ര ചെറുതല്ല. ഒന്നിലും വിശ്വാസമില്ലാത്ത സിനിക്കുകളെ വളർത്തി, ശരിയായ മുന്നേറ്റങ്ങളെയും ഇരട്ടത്താപ്പായി കാണാൻ ജനങ്ങളെ പരിശീലിപ്പിക്കുകയാണിവർ. ഒരുതരത്തിലുമുള്ള സംഘടിതപ്രവർത്തനത്തേയും വിശ്വാസത്തിലെടുക്കാൻ ആർക്കും കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ഒരിടതുപക്ഷ പ്രസ്ഥാനം ഇത്രമേൽ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത്, ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷയും തല്ലിക്കൊഴിക്കുന്നു. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ വ്യതിരിക്തതയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന എത്രയോ നല്ല മനുഷ്യർ ഈ മണ്ണിലുണ്ട്. അവരെയെല്ലാം നിരായുധരാക്കുകയാണ് സിപിഐ(എം)ന്റെ അറുവഷളായ ഈ അധമരാഷ്ട്രീയം.
പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്തുനിന്നും പ്രതിഷേധ പരിപാടികൾ ഉണ്ടാകുന്നത് ജനാധിപത്യത്തിൽ അസാധാരണ കാര്യമല്ല. പക്ഷേ അതിന്റെ പേരിൽ പ്രതിഷേധിക്കുന്നവരെ തല്ലിച്ചതച്ചും റിമാന്റു ചെയ്തും കറുത്ത മാസ്‌ക്ക് പോലും ധരിക്കാൻ ജനങ്ങളെ അനുവദിക്കാതെയും നഗരങ്ങളിൽ വൻ ഗതാഗതകുരുക്കുകൾ സൃഷ്ടിച്ച് മുഖ്യമന്ത്രിക്ക് വീഥി ഒരുക്കിയും കെ.കരുണകാരനെ വെല്ലുന്ന വിധത്തിൽ സംസ്ഥാനത്ത് പോലീ സ് ജനങ്ങളുടെ സൈ്വര്യ ജീവിതം തകർക്കുകയുമാണ് ചെയ്തത്.
കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോയുടെ വിമാനത്തിനുള്ളിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്ത രണ്ട് യുവാക്കൾ തിരുവനന്തപുരം എത്തി മുഖ്യമന്ത്രി പുറത്തിറങ്ങിയശേഷം വിമാനത്തിനുള്ളിൽ വച്ച് ‘പ്രതിഷേധം പ്രതിഷേധം’, ‘ മുഖ്യമന്ത്രി രാജി വയ്ക്കുക’ എന്നീ രണ്ടു മുദ്രാവാക്യങ്ങൾ വിളിക്കുകയും എൽഡിഎഫ് കൺവീനർ നിയമം കൈയിലെടുത്ത് അവരെ ആക്രമിച്ചതും തള്ളി മറിച്ചിടുകയും ചെയ്തത് മാധ്യമങ്ങൾ വഴി ജനങ്ങൾ വ്യക്തമായി കണ്ടതാണ്. പക്ഷേ, ആ ചെറുപ്പക്കാർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന ആരോപണം ഉന്നയിച്ച് വധശ്രമത്തിന്റെ വകുപ്പുകൾ ചേർത്ത് കേസ് എടുത്ത് ജയിലിലടച്ചു. മുദ്രാവാക്യം വിളിച്ച് മനുഷ്യരെ വധിക്കുന്ന പുതിയ സമ്പ്രദായം വല്ലതും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല; അതോ, ചെറിയ മുദ്രാവാക്യം വിളി കേട്ടാൽ പോലും മരിച്ചു പോകുന്ന അവസ്ഥയിൽ മുഖ്യമന്ത്രി ദുർബ്ബലനായി മാറിയതാണോ എന്നും സന്ദേഹിക്കേണ്ടിയിരിക്കുന്നു! ഈ സംഭവത്തെപ്പോലും വലിയ ഗൂഢാലോചനയായി ചിത്രീകരിക്കുന്നുവെന്നതാണ് രസകരം. അത്ര ഭീകരമായ ഒരു ഗൂഢാലോചനക്ക് നേതൃത്വം നല്കിയതായി ആരോപിച്ച് പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവ് ശബരീനാഥിനെ അറസ്റ്റ് ചെയ്തു സർക്കാർ വീണ്ടും പുതിയ വിവാദം സൃഷ്ടിച്ചു. എന്നാൽ, അവിടംകൊണ്ട് വിവാദങ്ങൾ അവസാനിച്ചില്ല! ഇൻഡിഗോ വിമാന കമ്പനി വിമാനത്തിലെ സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തി മുഖ്യമന്ത്രിയുടെ ‘രക്ഷകനായ’ ഇ.പി.ജയരാജനെ മൂന്ന് ആഴ്ചത്തേയ്ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി. അതിന്റെ പേരിൽ വിമാന കമ്പനിക്കെതിരെ വിലക്ക് പ്രഖ്യാപിക്കുകയും ട്രെയിനിൽ യാത്ര ചെയ്ത് അവരെ പാഠം പഠിപ്പിക്കുകയും ചെയ്തതാണ് ഈ രാഷ്ട്രീയ കോമഡിയുടെ ആന്റി-ക്ലൈമാക്‌സ്!
കേരള ചരിത്രത്തിൽ ഇതിനുമുമ്പ് ഒരിക്കലും ഇത്രമേൽ വലതുപക്ഷ വൽക്കരിക്കപ്പെട്ട, ഇത്രയും ഇടതുപക്ഷ വിരുദ്ധ പ്രവണതകൾ പ്രകടിപ്പിച്ചിട്ടുള്ള, ഇത്രയേറെ തരംതാണ രാഷ്ട്രീയ നിലവാരം പുലർത്തുന്ന മറ്റൊരു ഇടതുമുന്നണി ഭരണം ഉണ്ടായിട്ടില്ല. ജനജീവിതത്തിന്റെ താളം തെറ്റിക്കുന്ന നിർണായകമായ നടപടികൾ എല്ലാ മേഖലകളിലും നടപ്പാക്കപ്പെട്ടു കൊണ്ടിരിക്കുമ്പോഴും അവയൊന്നും ജനങ്ങൾക്കിടയിൽ ഗൗരവമേറിയ ചർച്ചകൾക്ക് വിഷയം ആകരുത് എന്ന നിർബന്ധ ബുദ്ധിയോടെ അന്തസാര ശൂന്യമായ വിഷയങ്ങൾ ഈ വിധത്തിൽ സജീവമായി ഇവർ കത്തിച്ചു നിർത്തുന്നു.
സെൻസേഷണലിസത്തിന്റെ പിന്നാലെ പായുന്ന കമ്പോളവൽക്കരിക്കപ്പെട്ട കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ അതിന് ഒത്താശ ചെയ്ത് കൊടുക്കുകയും ചെയ്യുന്നു. 3,30,000 കോടി രൂപയുടെ കടക്കെണിയിൽ അകപ്പെട്ട് അതിഗുരുതരമായ സാമ്പത്തിക കുഴപ്പത്തിൽ ഉഴലുന്ന കേരളത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്തെന്നും അതിന്റെ കാരണക്കാർ ആരെന്നും പ്രതിസന്ധിയിൽ നിന്നുമുള്ള മോചനത്തിന്റെ മാർഗ്ഗമെന്തന്നെതും ഒരു രാഷ്ട്രീയ വിഷയമായി ഇന്നും ചർച്ച ചെയ്യപ്പെടുന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 24,919 കോടി രൂപയാണ് കടമെടുത്തത്. അതിൽ 23,105 കോടി രൂപ പലിശ കൊടുക്കാൻ മാത്രം ചെലവാക്കി. ഈ വർഷം കടമെടുക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല എന്ന മുറവിളി ഉയർത്തുകയാണ് ധനമന്ത്രി. ഈ ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം മാത്രം വരുത്തിയ കടം 1,75,000 കോടി രൂപയാണ്. ഇത് ഇക്കാലമത്രയും ഭരിച്ച സർക്കാരുകൾ എല്ലാം ചേർന്നുവരുത്തിയ ആകെ ബാധ്യതയെക്കാൾ ഏറെയാണ്. അതിഭീമമായ കറണ്ട് ചാർജ് വർദ്ധനവ്, ബസ്ചാർജ് വർദ്ധനവ്, ഗവൺമെന്റ് തലത്തിലുള്ള എല്ലാ ഫീസുകളുടെയും ചാർജ്ജുകളുടെയും വർദ്ധനവ്, ആവശ്യവസ്തുക്കളുടെ എല്ലാം വില വർദ്ധനവ് എന്നിങ്ങനെ എല്ലാ രീതിയിലും ജനങ്ങൾക്കെതിരെ കടുത്ത നടപടികൾ ഗവൺമെന്റ് നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഇതിനേക്കാൾ ശക്തമായ ആക്രമണങ്ങൾ കേന്ദ്ര ഗവൺമെന്റിന്റെ നേതൃത്വത്തിൽ ദേശീയ തലത്തിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
മുതലാളിത്ത ചൂഷണത്തിനെതിരെ, അടിച്ചമർത്തലുകൾക്കെതിരെ, അതിശക്തമായ ജനകീയ പ്രക്ഷോഭം വളർത്തിയെടുക്കുവാൻ പാകത്തിന് ജനങ്ങളെ സംഘടിത രാഷ്ട്രീയ ശക്തിയാക്കി ഏകോപിപ്പിക്കുക എന്ന ഉത്തരവാദിത്തം അടിയന്തരമായി നിർവഹിക്കേണ്ട ഈ കാലഘട്ടത്തിൽ ഭരണവർഗ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നുകൊണ്ട് ഏറ്റവും ജീർണ്ണമായ രാഷ്ട്രീയ നീക്കങ്ങൾ നടത്തി ജനങ്ങളെ വഞ്ചിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഐ(എം)ന്റെ നേതൃത്വത്തിൽ വ്യവസ്ഥാപിത ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ചൂഷിതരായ ജനങ്ങളുടെ വിമോചന സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കുന്ന മഹത്തായ വിപ്ലവങ്ങൾ നടത്തി തൊഴിലാളി വർഗ്ഗത്തിന് വിമോചനത്തിന്റെ പാത കാട്ടിക്കൊടുത്ത മഹാന്മാരായ ആചാര്യന്മാരുടെ നാമവും തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ മഹത്വവും ദുരുപയോഗം ചെയ്തുകൊണ്ട് അധമമായ ബൂർഷ്വാ പാർലമെന്ററി രാഷ്ട്രീയത്തിന്റെ അഴുക്കുചാലിൽ മുതലാളിത്ത സേവയുടെ നല്ല മാതൃകകളായി നിലകൊള്ളുന്ന സിപിഐ(എം)ഉം മറ്റ് വ്യവസ്ഥാപിത ഇടതുപക്ഷ പാർട്ടികളും ഏറ്റവും തൊഴിലാളി വിരുദ്ധമായ നടപടികളാണ് ഇന്ന് കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്.
ആകെത്തുകയിൽ, കേരളത്തിന്റെ സംസ്‌കാരികവും രാഷ്ട്രീയവുമായ മണ്ഡലങ്ങളാകെ മലിനപ്പെട്ടിരിക്കുന്നു. അപഹാസ്യമായ സംഭവങ്ങൾ ഓരോന്നും ഇടതുപക്ഷ മനസ്സിൽ ആഴത്തിലുള്ള മുറിവാണ് ഏൽപ്പിക്കുന്നത്. പ്രബുദ്ധമായ ഇടതുപക്ഷ രാഷ്ട്രീയ യശസ്സിനാണ് കളങ്കമേല്‍ക്കുന്നത്. ഇടതുപക്ഷം കെടാതെ കാത്തുസൂക്ഷിക്കേണ്ട രാഷ്ട്രീയ ധാർമികതയെയാണ് അവർ കുഴിച്ചു മൂടുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പതനപാതയിലേക്ക് അവർ സ്വയം നിലംപതിക്കുന്നു. ഒപ്പം, കേരള സമൂഹത്തെയും വലതുപക്ഷ പാളയത്തേക്ക് തള്ളിവിടുന്നു. സിപിഐ(എം) ഉന്നത നേതാക്കളുടെ അധാർമികവും അസൻമാർഗികവുമായ ചെയ്തികൾ ഇടതുപക്ഷ പ്രവർത്തകരിൽപോലും അവമതിപ്പ് സൃഷ്ടിക്കുന്നുണ്ട്. വലതുപക്ഷ ശക്തികൾ സിപിഐ(എം)ന്റെ ചെയ്തികളെ കമ്മ്യൂണിസത്തിനും മാർക്‌സിസത്തിനും എതിരായ ആയുധമായി ഉപയോഗിക്കുന്നുവെന്നതാണ് ഏറെ വേദനാകരം.
ജീർണമായ ബൂർഷ്വാ രാഷ്ട്രീയ പാതയിൽ സഞ്ചരിക്കുന്ന പാർട്ടികൾക്ക് സംഭവിക്കാവുന്ന പതനത്തിന്റ ഉത്തമ ദൃഷ്ടാന്തമാണ് സിപിഐ(എം)ന്റെ സമകാലിക ധാർമിക തകർച്ചയെന്ന് തിരിച്ചറിയാൻ കഴിയും. നന്മ കാംഷിക്കുന്ന ആർക്കും ആ പാർട്ടിയിൽ പ്രതീക്ഷ അർപ്പിക്കാൻ കഴിയാതെ വന്നിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പതാകയേന്തുന്ന എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി സംസ്ഥാനത്ത് വളർത്തിയെടുക്കാൻ ശ്രമിക്കുന്ന സമരരാഷ്ട്രീയമാണ് പ്രതീക്ഷാ നിർഭരമായി മുന്നേറുന്നത്. ജനാധിപത്യ ബഹുജന പ്രക്ഷോഭങ്ങൾ സൃഷ്ടിക്കുന്ന സാംസ്‌കാരികാന്തരീക്ഷം യഥാർത്ഥ ഇടതുപക്ഷ മുന്നേറ്റത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കും. കെ റെയിലിനെതിരെ പ്രക്ഷോഭം വളർത്തിയെടുക്കുവാൻ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി അക്ഷീണം പരിശ്രമിച്ചത് ഒരു ഉദാഹരണം. സംസ്ഥാനമെമ്പാടും ചെറുതും വലുതുമായി അനേകം പ്രക്ഷോഭങ്ങൾ ഇടതുപക്ഷ സമര രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ശക്തിപ്പെട്ടു വരും. സിപിഐ(എം), സിപിഐ പാർട്ടികളിൽ വിശ്വാസം നഷ്ടപ്പെട്ട ആത്മാർത്ഥതയും സത്യസന്ധതയും കൈമുതലായുള്ള പ്രവർത്തകർ ഈ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് കടന്നു വരണം. സിപിഐ, സിപിഐ(എം) പാർട്ടികൾക്ക് കമ്മ്യൂണിസ്റ്റ് ആദർശം ജീവിതത്തിൽ പകർത്താൻ കഴിയാതെ പോയതിനാൽ അവർ പരാജയപ്പെട്ടു. പക്ഷേ, വിപ്ലവ മുന്നേറ്റ പാതയിൽ, കമ്മ്യൂണിസ്റ്റ് ധാർമികതയിലും നൈതികതയിലും അടിയുറച്ചു പൊരുതുന്ന എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) മുന്നേറുകയാണ്, ഇന്ത്യയിൽ എവിടെയും നമുക്ക് അത് കാണാനാകും. കമ്മ്യൂണിസ്റ്റ് വിശ്വാസികൾക്കും യഥാർത്ഥ ഇടതുപക്ഷ പ്രവർത്തകർക്കും എസ്‌യുസിഐഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ പരിശ്രമങ്ങൾക്ക് ഒപ്പം ചേരാം. കേരളത്തിലെ ഇടത് ജനാധിപത്യ മുന്നേറ്റങ്ങൾക്ക് ശക്തിപകരാം.