പെട്രോളിയം മേഖല കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുന്നു

petrol-diesel.jpg
Share

ഡിസംബർ 1നും 15നുമായി പാചക വാതക വില നൂറു രൂപയാണ് വർദ്ധിപ്പിച്ചത്. ഗാർഹിക സിലിണ്ടറിന് 2020 സെപ്തംബർ 1ന് 594 രൂപ ആയിരുന്നത് ഇപ്പോള്‍ 700 രൂപയിലധികമായി. സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന സംവിധാനവും കഴിഞ്ഞ 4 മാസമായി നിർത്തലാക്കിയിരിക്കുകയാണ്. പാചക വാതകത്തിനും മണ്ണെണ്ണയ്ക്കും ഇപ്പോൾ ഫലത്തിൽ സബ്‌സിഡി ഇല്ല.

അതിലൂടെ സർക്കാരിന്റെ ചെലവിൽ 2020-21 സാമ്പത്തിക വർഷത്തിൽ കുറവു വന്നതു് 20,000 കോടി രൂപയാണ്. സാമ്പത്തിക വർഷത്തിനായി ബജറ്റിൽ അനുവദിച്ച എൽ.പി.ജി സബ്സിഡിയാകട്ടെ 37,256.21 കോടി രൂപയാണ്. ഇതിൽ 1,900കോടി രൂപ മാത്രം അനുവദിച്ച് കൊടിയ ജന വഞ്ചനയാണ് കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്.
2013ൽ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ PAHAL (പ്രത്യക്ഷ് ഹൻസ് തന്ത്രിത്ത് ലാഭ്) എന്ന പദ്ധതിയിലൂടെയുള്ള Direct Benefit Transfer of LPG (BDTL) എന്ന പദ്ധതി മോദി സർക്കാർ ദുഷ്ടലാക്കോടെ അട്ടിമറിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി ഉജ്ജ്വല യോജന(PMUY) എന്ന പേരിൽ അടുപ്പും മൂന്നു കുറ്റിയും സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ അതിൽ 35 ലക്ഷം പേരെ ബാങ്ക് അക്കൗണ്ടിന്റെ പ്രശ്നമുയർത്തി ഒഴിവാക്കുകയാണുണ്ടായത്. ചേർന്നവരാകട്ടെ, സൗജന്യമായി ഫോണും ഇന്റർനെറ്റും നൽകിത്തുടങ്ങിയ ജിയോ ഫോൺ സർവ്വീസിനു സമാനമായ കുരുക്കിലകപ്പെട്ടു. മൂന്നു സിലിണ്ടറിനുശേഷം ഈ പാവങ്ങളും 700 രൂപയിലേറെ നൽകി എൽപിജി സിലിണ്ടർ വാങ്ങേണ്ടിവരും. വാഗ്ദാനങ്ങളൊക്കെ പട്ടാപ്പകൽ അട്ടിമറിക്കപ്പെടുകയാണ്.
ബിപിസിഎല്ലിനെപ്പോലെ പതിനായിരക്കണക്കിന് കോടി രൂപ ലാഭമുണ്ടാക്കുന്ന എണ്ണ കമ്പനികള്‍ കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കപ്പെട്ടാൽ ഇന്ത്യയിലെ സാധാരണ ജനങ്ങൾ ഏതവസ്ഥയിലാകും എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഉൽപ്പന്നങ്ങളുടെ വിലയുടെ കാര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ എടുത്തു മാറ്റിയതോടെ തോന്നിയപോലെ കമ്പനികൾ വില വർദ്ധിപ്പിക്കുകയാണ്. അന്തർദ്ദേശീയ കമ്പോളത്തിൽ ഇന്ധന വില കുറഞ്ഞപ്പോൾ സർക്കാർ നികുതി കൂട്ടി. വില കൂടിയപ്പോൾ അത് സാധാരണക്കാരന്റെ തലയിൽ കെട്ടിവച്ചു. വീണ്ടും വിലകുറയുന്നതിന് മുമ്പ് പരമാവധി പണം പോക്കറ്റിലാക്കാനായി കമ്പനികളുടെ കൊണ്ടുപിടിച്ച ശ്രമം. പെട്രോളിയം ഉൽപാദക രാജ്യങ്ങളെല്ലാം കനത്ത നഷ്ടം നേരിടുമ്പോൾ ഇറക്കുമതിചെയ്യുന്ന പെട്രോളിയത്തിന്റെ പേരിൽ കോർപ്പറേറ്റുകൾക്കും സർക്കാരുകൾക്കും പകൽക്കൊള്ള നടത്താനുള്ള ഉപാധിയാവുകയാണ് ഇന്ധന കച്ചവടം.
രാജ്യാന്തര വിപണിയിൽ ക്രൂഡിന്റെ വില കുത്തനെ ഇടിഞ്ഞപ്പോൾ ആദ്യ ദിവസങ്ങളിൽ സർക്കാർ കണ്ണടച്ചു. വിപണി വിലയ്ക്കനുസരിച്ച് വില കൂട്ടുന്ന എണ്ണ കമ്പനികൾ അതോടെ വൻവിലയിടിവുണ്ടായിട്ടും അതിന്റെ ആനുകൂല്യം സാധാരണക്കാരന് കൈമാറിയില്ല. വില കുറച്ചില്ല. പിന്നാലെ സർക്കാർ രണ്ട് തവണയായി എക്‌സൈസ് തീരുവ കൂട്ടി. എണ്ണ കമ്പനികൾക്ക് ലഭിച്ചിരുന്ന കോടികൾ അങ്ങനെ സർക്കാരിന്റെ കീശയിലായി. സാധാരണക്കാരൻ പഴയ വില നൽകി പെട്രോളും ഡീസലും വാങ്ങി. സർക്കാരിന്റെ നടപടിക്കെതിരെ ഉയർന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചു. വില കൂട്ടിയില്ലെന്ന ന്യായം പറഞ്ഞ് അവരെ സർക്കാർ പരിഹസിച്ചു.
ലോക്ഡൗണിൽ ഇളവ് വന്നതോടെ ലോകത്താകെ പെട്രോൾ ഡീസൽ ഉപയോഗം വർധിച്ചു. ക്രൂഡിന് ആവശ്യക്കാർ കൂടി. സ്വാഭാവികമായും രാജ്യാന്തര വിപണിയിൽ വിലയും കൂടി. ക്രൂഡിന്റെ വില കുറഞ്ഞിരുന്നപ്പോൾ ചെയ്തതും പറഞ്ഞതുമെല്ലാം സർക്കാരും എണ്ണകമ്പനികളും മറന്നു. കൂടിയ വില ചൂടോടെ ഉപഭോക്താവിന് കൈമാറി. ആറു ദിവസം കൊണ്ട് പെട്രോളിന് ലിറ്ററിന് മൂന്ന് രൂപ മുപ്പത്തിയൊന്ന് പൈസ വർധിപ്പിച്ചു. ഡീസലിന് ലിറ്ററിന് മൂന്ന് രൂപ നാൽപത്തി രണ്ട് പൈസയും. ക്രൂഡിന് വില കുറഞ്ഞപ്പോൾ നികുതികൂട്ടി കോടികൾ കൊയ്ത സർക്കാർ, വില കൂടിയപ്പോൾ അത് സാധാരണക്കാരന്റെ തലയിൽ അടിച്ചേൽപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 55 ഡോളറായിരുന്നു. മാർച്ച് ആദ്യം അത് 35ലേക്കും പിന്നീട് 20 ഡോളറിലേക്കും വീണു. ഈ വീഴ്ചയുടെ ഗുണം സാധാരണക്കാരന് കൈമാറാതെയാണ് നികുതി കൂട്ടി സർക്കാർ കോടികൾ കൊയ്തത്. ലോക്ഡൗൺ പ്രഖ്യാപിച്ച തോടെ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുത്തനെ കുറഞ്ഞു. എണ്ണ കമ്പനികളുടെ ലാഭവും കുറഞ്ഞു. ഇത് തിരിച്ചു പിടിക്കാനാണ് അൻപതും അറുപതും പൈസ നിരക്കിൽ ദിവസേന വിലകൂട്ടുന്നത്. ഇതാണ് ലോകത്താകെ വിലകുറയുമ്പോഴും ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കൂടാൻ കാരണം. ജനജീവിതം ദിനംപ്രതി ദുരിതക്കയത്തിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുമ്പോൾ തുടർച്ചയായി എല്ലാ ദിവസവും ഇന്ധനവില വർധിപ്പിച്ചുകൊണ്ട് കേന്ദ്ര മോദിസർക്കാർ ജനങ്ങൾക്കെതിരെ യുദ്ധസന്നാഹം ഒരുക്കുകയാണ്.
ഡൈനാമിക് ഫ്യൂവൽ പ്രൈസിംഗ് രീതി അവലംബിച്ചുകൊണ്ട് നിത്യവും പെട്രോളിനും ഡീസലിനും വില കൂട്ടുകയാണ്. ഇത് എഴുതി മഷി ഉണങ്ങുന്നതിന് മുമ്പ് വീണ്ടും ചാർജ്ജ് കൂട്ടിക്കഴിഞ്ഞി രിക്കും. ആഗോളവിപണിയിൽ ക്രൂഡോയിൽ വില എത്രകണ്ട് കുറയുന്നുവോ അത്രകണ്ട് വില കൂടുന്ന ലോകത്തെ ഏക വിചിത്ര രാജ്യമാണ് ഇന്ത്യ. രാജ്യാന്തര വിപണിയിൽ വില വർദ്ധിച്ചു എന്ന് ന്യായം പറഞ്ഞുകൊണ്ടാണ് ജൂൺ 7-ാം തീയതി മുതൽ കൊള്ളയടി ആരംഭിക്കുന്നത്. ജൂൺ 6 ന് അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില ബാരലിന് 42 ഡോളറായിരുന്നു. എന്നാൽ, ജൂൺ 12 ന് അത് 38 ഡോളറായി കുറഞ്ഞു. പക്ഷേ ഇന്ത്യയിൽ വില കുറഞ്ഞില്ലായെന്ന് മാത്രമല്ല വില ഭീമമായി കൂട്ടുകയാണ് ചെയ്തത.് ഒരു തവണയല്ല എല്ലാദിവസവും വിലകൂട്ടി ജനങ്ങളെ വെല്ലുവിളിച്ചു. ഇത് ജൂൺ മാസത്തെ കഥ. തൊട്ടുമുമ്പ് മെയ് മാസം എണ്ണവില ലോകവിപണിയിൽ കേവലം 20 ഡോളർ മാത്രമായിരുന്നല്ലോ. രാജ്യം ലോക്ഡൗണിൽ കഴിയവെ, കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് കാൽനടയായി യാത്ര ചെയ്ത് വഴിയിൽ മരിച്ചുവീണുകൊണ്ടിരുന്ന സമയം. ലോകരാജ്യങ്ങളിൽ പലതും ഇന്ധനവില അന്താരാഷ്ട്ര വിലയിലെ കുറവിന് ആനുപാതികമായി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകിയപ്പോൾ മോദി സർക്കാർ ഒരു രൂപ പോലും കുറയ്ക്കാൻ തയ്യാറായില്ല. ജനങ്ങളുടെ വരുമാന മാർഗ്ഗങ്ങൾ എല്ലാം അടഞ്ഞ് മനുഷ്യർ മരിച്ചുവീണാലും മനുഷ്യത്വം കാട്ടില്ല എന്ന കാട്ടാള നയമാണ് കേന്ദ്രസർക്കാരിനുള്ളത്. ആഗോള തലത്തിൽ അസംസ്‌കൃത എണ്ണവില ഇടിയുമ്പോഴും കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ വർധിപ്പിച്ചതുകൊണ്ടാണ് വില നിയന്ത്രണാതീത മായി തുടരുന്നത.്
പെട്രോളിയം ഉൽപന്നങ്ങളുടെ ചില്ലറ വിൽപ്പനയും വിലയും നിയന്ത്രിക്കുന്നതിന് സ്വകാര്യ പെട്രോളിയം കമ്പനികൾക്ക് 2010ൽ കോൺഗ്രസ് നയിച്ച മൻമോഹൻസിംഗ് സർക്കാർ അധികാരം തീറെഴുതിയല്ലോ. അക്കാലംവരെ പെട്രോളിയം ഉൽപന്നങ്ങളുടെ വില സർക്കാരായിരുന്നു നിയന്ത്രിച്ചിരുന്നത്. ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും കടന്നുകയറ്റത്തോടെ അന്താരാഷ്ട്ര കമ്പോളത്തിലെ കയറ്റിറങ്ങൾക്ക് അനുസരിച്ച് മാത്രമേ വില നിയന്ത്രണം ഇന്ത്യയിൽ സാധ്യമാകൂ എന്ന ന്യായമാണ് അന്ന് മൻമോഹൻസിങ് സർക്കാർ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, ആഗോളമാർക്കറ്റിൽ വില കൂടുമ്പോൾ ഇന്ത്യയിൽ വില കൂട്ടുകയും അവിടെ വില കുറയുമ്പോൾ ആനുപാതികമായി ഇവിടെ വില കുറയ്ക്കാതെയുമുള്ള നഗ്നമായ ജനദ്രോഹമാണ് അവർ തുടർന്നത്. 2014-ൽ ബിജെപിയുടെ മോദി സർക്കാർ തങ്ങളുടെ ബിസിനസ്സ് സൗഹൃദ നയങ്ങളുടെ ഭാഗമായി ഡീസൽ വിലനിയന്ത്രണാധികാരം കൂടി തീറെഴുതി തങ്ങളുടെ കുത്തക സേവ എത്രത്തോളമെന്ന് തെളിയിച്ചു കൊടുത്തു. എന്ന് മാത്രമല്ല, 2017 മുതൽ ദിനംപ്രതി ഇന്ധനവിലയിൽ മാറ്റം വരുത്താൻ കമ്പനികൾക്ക് അനുമതി നൽകി മോദി സർക്കാർ തങ്ങളുടെ ‘രാജ്യസ്‌നേഹം’ വീണ്ടും തെളിയിച്ചു. അതിലൂടെ അന്താരാഷ്ട്ര മാർക്കറ്റിലെ വിലക്കുറവിന്റെ ഒരു ഗുണവും ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിക്കില്ലെന്ന് അവർ ഉറപ്പുവരുത്തി. അപ്പോൾ ജൂൺ മാസം, തുടർച്ചയായി 22 ദിവസം നിത്യവും വില വർധിപ്പിച്ചതിന് പിന്നിൽ ആരെന്ന് വ്യക്തമല്ലേ?
റിലയൻസ് ഉൾപ്പെടെയുള്ള കുത്തക പെട്രോളിയം കമ്പനികൾക്ക് വൻലാഭം കൊയ്യാൻ അവസരം ഒരുക്കികൊടുക്കുക മാത്രമല്ല സർക്കാർ ചെയ്തത്. സർക്കാർ നിയന്ത്രണത്തിലുള്ള ഓയിൽ കമ്പനികൾ ആണ് വില വർദ്ധനവിന് നേതൃത്വം നൽകിയത്. മുഖ്യമായും, നികുതി വർധനവുകളിലൂടെയാണ് പെട്രോൾ ഡീസൽ വില 80 രൂപയ്ക്ക് മുകളിൽ കൊണ്ടെത്തിക്കുന്നതിന് മോദി സർക്കാർ കളമൊരുക്കിയത്. പൊതുമേഖലയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ ഉപയോഗിച്ച് നിത്യവും വില കൂട്ടാനുള്ള ക്രമീകരണവും സർക്കാർ ഉറപ്പാക്കി.

ഇന്ധന നികുതി വർദ്ധനവിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്.

2020 ഫെബ്രുവരിയിൽ എക്‌സൈസ് നികുതി വർധിപ്പിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പെട്രോളിന് 107 ശതമാനവും ഡീസലിന് 69 ശതമാനവും നികുതി ഏർപ്പെടുത്തിയിരുന്നു. എക്‌സൈസ് നികുതിയും വാറ്റും ഉൾപ്പെടെയാണിത്. മാർച്ച് മാസത്തോടെ സർക്കാർ തീരുവ വർദ്ധിപ്പിച്ചപ്പോൾ ഇത് 134 ശതമാനവും 88 ശതമാനവും ആയി ഉയർന്നു. എക്‌സൈസ് നികുതി വർദ്ധനവിനെ തുടർന്ന് ആകെ നികുതി പെട്രോളിന്റെ അടിസ്ഥാന വിലയുടെ 269 ശതമാനവും ഡീസലിന്റേത് 256 ശതമാനവുമായി ഉയർന്നു.
അതായത് ഒരു ലിറ്റർ എണ്ണയുടെ അടിസ്ഥാന വിലയുടെ ഇരട്ടിയെക്കാൾ കൂടുതൽ തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നികുതിയാണത്രേ! ഈ ജനദ്രോഹത്തെ ഏത് ഭാഷയിലാണ് വിശേഷിപ്പിക്കേണ്ടത്? പൊതുമേഖലയിലെ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള കണക്കുകൾ പ്രകാരം ഒരു ലിറ്റർ പെട്രോളിന് 18.78 രൂപയാണ് ജൂണിലെ അടിസ്ഥാന വില. എന്നാൽ ഉപഭോക്താവ് ഒരു ലിറ്റർ പെട്രോൾ വാങ്ങാൻ 73.16 രൂപ കൊടുക്കേണ്ടി വരുന്ന സന്ദർഭത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതിയായി മാത്രം ഈടാക്കുന്ന തുക ഏകദേശം 50 രൂപയാണ് എന്നർത്ഥം. 2014ൽ പെട്രോളിന്റെ ആകെ നികുതി ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു. ഇപ്പോൾ അത് യഥാക്രമം 49.42 രൂപയും 48.42 രൂപയുമാണ്.
ആഗോള മാർക്കറ്റിൽ അസംസ്‌കൃത എണ്ണ വില 41 ഡോളറിൽ താഴെ നിൽക്കുന്ന സമയത്ത് കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 80 രൂപയും മുംബൈയിൽ 80 രൂപയ്ക്കുമേലും കൊടുക്കേണ്ടിവരുന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചു മോദി ഭരണം. മെയ് 6-ാം തീയതിയാണ് റോഡ് സെസ്സും എക്‌സൈസ് തീരുവയുമായി പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർദ്ധിപ്പിച്ചത്. 2014 മുതൽ എക്‌സൈസ് തീരുവയിൽ നിരന്തരം വർധന വരുത്തിയാണ് ഇന്ധന വില അതിഭീമമായ തലത്തിൽ കൊണ്ടെത്തിച്ചത്. ലോക്ഡൗൺ സമയം ഉപയോഗിച്ച് ദിനംപ്രതി വില കൂട്ടിയാൽ ജനങ്ങൾക്ക് പ്രതിഷേധിക്കാൻ കഴിയില്ലല്ലോ എന്ന കുടിലബുദ്ധിയാണ് ഇതിനുപിന്നില്‍.
ഇപ്പോൾ ഇന്ത്യൻ മാർക്കറ്റിൽ ഒരു ലിറ്റർ പെട്രോളിന് ശരാശരി 83 രൂപയാണ് കൊടുക്കേണ്ടിവരുന്നത്. അതിൽ 269 ശതമാനം തുകയും ടാക്‌സ്, വാറ്റ്, സെസ് എന്നീ പേരുകളിൽ ജനങ്ങളിൽ നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിഴിഞ്ഞെടുക്കുന്ന നികുതിയാണെന്നറിയുക. ഇന്ത്യയിൽ ഇന്ധനത്തിന് ഏറ്റവും കൂടിയ വാറ്റ് നികുതി ഏർപ്പെടുത്തുന്ന സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നു. 30 ശതമാനത്തോളമാണ് ഇവിടെ വാറ്റ് നികുതി. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പെട്രോളിയം രംഗത്ത് കേന്ദ്ര -സംസ്ഥാനങ്ങളുടെ സംയുക്ത നികുതി വിഹിതം 3.48 ലക്ഷം കോടി രൂപയാണ്, അതിൽ 2.27 ലക്ഷം കോടി രൂപയും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുള്ളതാണ.് അങ്ങനെ ലോകത്ത് ഏറ്റവുമധികം നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. പാകിസ്ഥാനെക്കാളും ശ്രീലങ്കയെ ക്കാളും ഭൂട്ടാനെക്കാളും നേപ്പാളിനെക്കാളും ഉയർന്ന നിരക്കാണ് ഇന്ത്യയിൽ ഈടാക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ പങ്ക്.

ഓരോ തവണ ഇന്ധന വില വർദ്ധിക്കുമ്പോഴും കൊള്ളമുതലിന്റെ ഒരുഭാഗം സംസ്ഥാന സർക്കാരിന്റെ ഖജനാവിലേയ്ക്ക് പോകും. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് കേരളത്തിലെ വിൽപ്പന നികുതി. സെസ്സും അധിക നികുതിയും ഇതോടൊപ്പം വേറെ ഈടാക്കുന്നുണ്ട.് അപ്പോൾ ഒരു ലിറ്റർ പെട്രോൾ പമ്പിൽ വിൽക്കുമ്പോൾ നികുതിയിനത്തിൽ കേരളത്തിന് കിട്ടുന്നത് 21 രൂപയിലേറെയാണ്. ഡീസലിന്റെ കാര്യത്തിൽ 16 രൂപയും സംസ്ഥാന വിഹിതമായി ലഭിക്കുന്നുണ്ട്. കേരളത്തിൽ ഒരു മാസം പെട്രോൾ ഡീസൽ വിൽപ്പനയിലൂടെ മാത്രം 670 കോടി രൂപ വീതമാണ് നികുതിയായി സംസ്ഥാന സർക്കാർ പിടിച്ചുപറിക്കുന്നത്. കോവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നികുതി ഒഴിവാക്കിയിരുന്നെങ്കിൽ ജനങ്ങൾക്ക് അത്രയും ആശ്വാസം ആകുമായിരുന്നു. എന്നാൽ കേന്ദ്രം കുറയ്ക്കട്ടെ, ഞങ്ങൾ കൊള്ളമുതൽ വിഹിതം വിട്ടുകൊടുക്കില്ല എന്ന ജനദ്രോഹ രാഷ്ട്രീയം തുടരുകയാണ് ഇടതുപക്ഷ ബോർഡ് വെച്ച് ഭരണം നടത്തുന്ന പിണറായി സർക്കാർ. പെട്രോളിയം വിൽപ്പന നികുതിയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2014-15 വർഷത്തിൽ 1378 കോടി രൂപയായിരുന്നുവെങ്കിൽ 2019ൽ അത് 8000 കോടിയായി ഉയർന്നിരിക്കുന്നു.
പെട്രോൾ ഡീസൽ വില തുടർച്ചയായി ഉയർത്തിയതിലൂടെയും കേന്ദ്ര എക്‌സൈസ് തീരുവ വർദ്ധിപ്പിച്ചതിലൂടെയും പെട്രോളിന് ലിറ്ററിന് 85.72 രൂപയും ഡീസലിന് 78.71 രൂപയുമായി വില ഉയർന്നിരിക്കുന്നു. കേന്ദ്ര എക്‌സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും എന്ന നിരക്കിലാണ് മോദി സർക്കാർ ഉയർത്തിയത്. അതിനെത്തുടർന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പെട്രോൾ വില അനിയന്ത്രിതമായി കൂടുകയും ജനങ്ങളുടെ ജീവിതം സങ്കൽപ്പിക്കാൻ ആകാത്ത ദുരിതങ്ങളിലേക്ക് വീഴുകയും ചെയ്തു. നിത്യോപയോഗ സാധനങ്ങൾക്ക് തീവിലയായി. എല്ലാ വരുമാനമാർഗ്ഗങ്ങളും അടഞ്ഞ് ദുരിതത്തിലായ ജനങ്ങൾക്ക് ജീവിക്കാനാകാതെ ശ്വാസം മുട്ടുന്ന അവസ്ഥയിലാണ്.

പെട്രോളിയം മേഖല പൂർണമായും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കുന്നു.

നമ്മുടെ രാജ്യത്തെ 85 ശതമാനം പെട്രോളിയം ആവശ്യകതകൾക്കും ഇപ്പോൾ ഇറക്കുമതിയെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു എന്നതാണ് അവസ്ഥ. എന്തുകൊണ്ടാണിത്? എഴുപതുകളിൽ, ആഭ്യന്തര ആവശ്യകതയുടെ 70 ശതമാനവും ആഭ്യന്തരമായി ഉൽപാദിപ്പിക്കാൻ നമുക്ക് കഴിഞ്ഞിരുന്നു. 1991 വരെ പൊതുമേഖലാസ്ഥാപനമായിരുന്ന ഒ.എൻ.ജി.സി വഴി എണ്ണഖനനവും വിതരണവും വിജയകരമായി നടത്തിപ്പോന്നു. പിന്നീടും ആവശ്യകതയുടെ 40 ശതമാനം ഇന്ത്യയിൽ തന്നെയാണ് ഉൽപാദിപ്പിച്ചത്. എന്നാൽ ആഗോളീകരണത്തിന് ശേഷം, സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ഉൽപാദനം കുറഞ്ഞ് കുറഞ്ഞ് വന്നു. തൽസ്ഥാനത്ത് 23 ഇന്ധനോൽപാദന മേഖലകൾ സ്വദേശത്തെയും വിദേശത്തെയും മൾട്ടിനാഷണൽ കോർപ്പറേറ്റുകൾക്ക് കൈമാറുകയാണ് സർക്കാർ ചെയ്തത്. പുതിയ ഓയിൽ പാടങ്ങൾ കണ്ടെത്തി ഉൽപാദനം നടത്താനായി നീക്കിവെയ്ക്കപ്പെട്ടിരുന്ന ബജറ്റ്തുക പോലും 1100 കോടിയായി വെട്ടിക്കുറയ്ക്കുകയുണ്ടായി. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ വളരെ ആസൂത്രിതമായി എണ്ണയുടെ ആഭ്യന്തര ഉൽപാദനം വീണ്ടും വെട്ടിക്കുറയ്ക്കുകയാണ്. അതോടെ ഓയിൽ കമ്പനികൾക്ക് ശതകോടികളുടെ ലാഭം കൊയ്യാൻ വഴിയൊരുക്കികൊടുത്തു. കൂടാതെ, ബിജെപി യുടെ കാർമ്മികത്വത്തിൽ ബിപിസിഎല്ലും എച്ച്.പി.സി.എല്ലും ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. അതുകൂടി നടപ്പാകുന്നതോടെ ഇന്ധനവില നിയന്ത്രണം പൂർണമായും കോർപ്പറേറ്റുകളുടെ കൈകളിൽ എത്തിച്ചേരുമെന്ന കാര്യത്തിൽ സംശയമില്ല.

പ്രത്യേകം സ്വരൂപിച്ച എണ്ണ ഫണ്ട് എവിടെ?

1975-ൽ ഗവൺമെന്റ് മുൻകൈയെടുത്ത് ഓയിൽപൂൾ അക്കൗണ്ട് സംവിധാനം ആരംഭിച്ചത് അന്തർദേശീയ മാർക്കറ്റിലെ വില വ്യതിയാനം ദേശീയ എണ്ണ ഉൽപാദനത്തെയും അവയുടെ ചെറുകിട വിൽപ്പനയെയും ബാധിക്കാതെ എകീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയായിരുന്നു. 1989 വരെ ഈ അക്കൗണ്ടിൽ ഫണ്ട് എപ്പോഴും മിച്ചമുണ്ടാകുമായിരുന്നു. എന്നാ ൽ, അതിനുശേഷം അധികാരത്തിൽ വന്ന എല്ലാ കേന്ദ്ര സർക്കാരുകളും ഈ സംവിധാനത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് പകരം അവയിൽ കൃത്രിമം കാട്ടി കമ്മി ബജറ്റ് നികത്താനായി ആ ഫണ്ട് ഉപയോഗിക്കുകയും അങ്ങനെ ആ സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്തു. ഇതുകൂടാതെ 1975 മുതൽ തന്നെ, എണ്ണ വ്യവസായം വികസിപ്പിക്കാനെന്ന പേരിൽ ആഭ്യന്തര എണ്ണ ഉല്പാദനത്തിന് മേൽ ചുമത്തിയ പ്രത്യേക നികുതിയിലൂടെ ഒരു ലക്ഷം കോടി രൂപയോളം സമാഹരിച്ചിരുന്നു. ആ ഫണ്ടിന് എന്ത് സംഭവിച്ചു? ഇക്കാലമത്രയും രാജ്യം മാറിമാറി ഭരിച്ച സർക്കാരുകൾ എല്ലാ മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളും തകിടം മറിക്കുകയായിരുന്നില്ലേ?

പെട്രോളിയം വിലവർദ്ധനവ് സമ്പന്നരെ മാത്രമേ ബാധിക്കൂ എന്ന നുണ പ്രചാരണം.

കേന്ദ്ര പെട്രോളിയം മന്ത്രി നടത്തുന്ന ഒരു നുണ പ്രചാരണം ഇങ്ങനെയാണ്. പെട്രോൾ-ഡീസൽ വിലവർദ്ധനവ് സാധാരണക്കാരായ ജനങ്ങളെ ബാധിക്കില്ലത്രെ. പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് സ്വാഭാവികമായും അത്യാവശ്യ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്നും വിലക്കയറ്റം രൂക്ഷമാക്കുമെന്നും എതൊരാൾക്കും അറിയുന്ന കാര്യമാണ്. വൻ തോതിലുള്ള പണപ്പെരുപ്പത്തിനും അത് വഴിയൊരുക്കും. കൂടാ തെ, ഇന്ധനവില വർദ്ധനവിനോടൊപ്പം പാചക വാതകത്തിനും സർക്കാർ വില കുത്തനെ ഉയർത്തിയിരിക്കുന്നു. മണ്ണെണ്ണയ്ക്കും 55 ശതമാനം വർദ്ധനവാണ് സർക്കാർ ഏർപ്പെടുത്തിയത്. അങ്ങനെ സർവ്വതലത്തിലും വിലക്കയറ്റത്തിലൂടെ ജനജീവിതം അസാദ്ധ്യമാക്കിതീർക്കുകയാണ് മോദിസർക്കാർ.
ജനങ്ങളുടെ മുന്നിൽ ഇനി സംഘടിതമായ പ്രക്ഷോഭമല്ലാതെ മറ്റ് വഴികളില്ല. ജനദ്രോഹത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരപാതയിൽ ഒന്നിക്കുക മാത്രമാണ് ശ്വാസം മുട്ടുന്ന ഇന്നത്തെ സ്ഥിതിയിൽ ഓരോ പൗരന്റെയും മുന്നിൽ അവശേഷിക്കുന്ന വഴി.

Share this post

scroll to top