ക്രിമിനൽ മൂലധനത്തിന് വീഥിയൊരുക്കുന്ന പിണറായി സർക്കാരിന്റെ രണ്ടുവർഷത്തെ ഭരണം

kerala-police-students-ksu-attack.jpg
Share

ബിസിനസ് സംബന്ധമായ വൈഷമ്യങ്ങള്‍ കുറച്ചുകൊടുക്കപ്പെടും എന്ന് പ്രഖ്യാപിക്കുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നകോര്‍പറേറ്റ് അനുകൂല പരിപാടിയുമായാണ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണം ആരംഭിച്ചത്. ഇക്കാര്യത്തില്‍ കുത്തകകളുടെ പ്രിയങ്കരരാകുക; ഈ നയം നടപ്പാക്കുന്നവരുടെ പട്ടികയില്‍ കഴിയുന്നത്ര മുന്നിലെത്തുക എന്നതാണ് തങ്ങളുടെ പരിപാടി എന്നത് അസന്നിഗ്ദ്ധമായി വ്യക്തമാക്കും വിധം എല്‍ഡിഎഫ് കുത്തകളോടൊപ്പം നിലയുറപ്പിച്ചു കഴിഞ്ഞു.

പിണറായി വിജയന്‍ നയിക്കുന്ന രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ഖജനാവില്‍നിന്ന് കോടികള്‍ പൊടിച്ച് ആഘോഷിക്കുകയാണ്. സംസ്ഥാനത്തിന്റെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കൂറ്റന്‍ പ്രദര്‍ശനമേളകള്‍, ഓരോ വകുപ്പും പ്രത്യേകം സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍, സിനിമാശാലകളില്‍ പരസ്യഡോക്കുമെന്ററികള്‍, തെരുവുകളില്‍ ഹോര്‍ഡിംഗുകള്‍, സര്‍വ്വ പൊതുസ്ഥലങ്ങളിലും പ്രക്ഷേപണങ്ങള്‍, പ്രിന്റ് മീഡിയയില്‍ ഫുള്‍ പേജ് പരസ്യങ്ങള്‍ അങ്ങിനെ നിത്യച്ചെലവുകള്‍ക്ക് കടംവാങ്ങി മുടിയുന്ന സംസ്ഥാനത്ത് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ കോടികള്‍ മുടിക്കുകയാണ്. ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ അടിമുടി പ്രവര്‍ത്തിച്ചുകൊണ്ടി രിക്കുകയാണെന്നാണ് ഈ പ്രചാരണഘോഷങ്ങളിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
ഒരു സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളും ജനപക്ഷനിലപാടുകളും പ്രചാരണം നടത്തിയാല്‍ മാത്രമേ നാട്ടുകാര്‍ക്കു മനസ്സിലാകൂ എന്നുവരുന്നതെന്തുകൊണ്ടാണ്? പരിപൂര്‍ണ്ണമായും ജനതാല്‍പ്പര്യം മുന്‍നിര്‍ത്തി, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കപ്പെടാതെ തന്നെ ജനങ്ങള്‍ ദിനേനയുള്ള ജീവിതാനുഭവങ്ങള്‍കൊണ്ട് അറിയേണ്ടതല്ലേ. ജനങ്ങള്‍ അവ അറിയുന്നില്ലെങ്കില്‍ അവരുടെ അനുഭവങ്ങള്‍ വ്യത്യസ്തമാണെന്നല്ലേ തെളിയുന്നത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ജീവിതാനുഭവങ്ങള്‍ മുഴുവന്‍ കയ്‌പേറിയവയാണെന്നതിനാല്‍ മാത്രമാണ് ഈ പ്രചാരണപ്രളയം വേണ്ടിവരുന്നത്. സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ മാത്രമല്ല, പ്രതിവര്‍ഷം 1600 കോടി രൂപ മുടിച്ച് പരസ്യപ്രചാരണം സംഘടിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരും ഇതര സംസ്ഥാന സര്‍ക്കാരുകളും ഈ മാര്‍ഗ്ഗംതന്നെയാണ് ആശ്രയിക്കുന്നത്.


ജനദ്രോഹം മറയ്ക്കാനായി പ്രചാരണമാമാങ്കം


ഈ വരികള്‍ കുറിക്കുമ്പോഴും നെല്‍കര്‍ഷകര്‍ സര്‍ക്കാരിനു വിറ്റ നെല്ലിന്റെ വില മാസം നാലു പിന്നിട്ടിട്ടും അവര്‍ക്ക് ലഭിച്ചിട്ടില്ല. 800 കോടി രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. കൃഷി ചെയ്താല്‍ മാത്രം പോര, അതിന്റെ വില ലഭിക്കാന്‍ എല്ലാ വര്‍ഷവും തെരുവില്‍ കുത്തിയിരിക്കേണ്ടുന്ന നിസ്സഹായതയിലാണ് കര്‍ഷകര്‍. ഇത്തരം ജീവിതാനുഭവമുള്ള കര്‍ഷകര്‍ക്കിടയില്‍ ഈ സര്‍ക്കാര്‍ 24 മണിക്കൂറും ജനങ്ങള്‍ക്കുവേണ്ടി കര്‍മ്മനിരതമാണെന്ന് ബോധ്യപ്പെടുത്തണമെങ്കില്‍ പ്രചാരണമല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. ശമ്പളമില്ലാതെ 12 മണിക്കൂര്‍ ജോലിചെയ്യേണ്ട കെഎസ്‌ആര്‍റ്റിസി തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ തൊഴിലാളി സ്‌നേഹം മനസ്സിലാകണമെങ്കില്‍ പരസ്യബോര്‍ഡ് കാണുകയേ മാര്‍ഗ്ഗമുള്ളൂ. സഹകരണബാങ്കുകളിലെ കൊള്ളയും പിന്‍വാതില്‍ നിയമനവും നാണംകെട്ട സ്വജനപക്ഷപാതവും വ്യാജരേഖ ചമയ്ക്കലും വാര്‍ത്തയേ അല്ലാതായ സംസ്ഥാനത്ത്, സര്‍ക്കാര്‍ അഴിമതിരഹിതമാണെന്ന് സ്ഥാപിക്കാന്‍ പരസ്യം നിരന്തരം ആവര്‍ത്തിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. ജനങ്ങളോടുള്ള സര്‍ക്കാരിന്റെ ദ്രോഹം വര്‍ദ്ധിക്കുന്നതനുസരിച്ച് പരസ്യപ്രചാരണവും പൊടിപൊടിക്കുന്നു. അതാണ് നാമിപ്പോള്‍ കാണുന്ന ‘എന്റെ കേരളം, നമ്പര്‍ വണ്‍ കേരളം’ പ്രചാരണമാമാങ്കം.


അഴിമതിയുടെയും അഹന്തയുടെയും പ്രതിരൂപമായ
പിണറായി ഭരണം


പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഭരണം ജനദ്രോഹത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും അഴിമതിയുടെയും പര്യായമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ദുസ്സഹമായ ഭരണമെന്ന് എല്‍ഡിഎഫ് അണികള്‍പോലും ആത്മരോഷം കൊള്ളുന്നത് സംസ്ഥാനത്തെവിടെയും കാണാം. സിപിഐ(എം) ചങ്ങാത്തത്തിലുള്ള മുതലാളിമാരും കരാറുകാരും ഇടനിലക്കാരും കണ്‍സള്‍ട്ടന്‍സികളും കമ്മീഷന്‍ ഏജന്റുമാരും ചേരുന്ന ഒരു ഗൂഢസംഘം ഭരണത്തിന്റെ നയങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുന്നുവെന്നത് സന്ദേഹരഹിതമായ ഒരു വസ്തുത മാത്രമാണ്. പോലീസും ബ്യൂറോക്രസിയും സമ്പൂര്‍ണ്ണമായും സിപിഐ(എം)ന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്നു. ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥര്‍ സേനയെ ആകെ ഭരിക്കുന്നു. ഭരണനയങ്ങള്‍ക്കിരയാകുന്ന സാധാരണമനുഷ്യര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന എല്ലാ പ്രതിഷേധശബ്ദങ്ങളെയും നിര്‍ദ്ദാക്ഷിണ്യം അടിച്ചമര്‍ത്തുന്നു. പതിനായിരക്കണക്കിന് നിരപരാധികളെ കള്ളക്കേസ്സുകളില്‍ അകപ്പെടുത്തി സംസ്ഥാനമെമ്പാടും വേട്ടയാടുന്നു. സിപിഐ(എം)ന്റെ യുവജനനേതാക്കളും വിദ്യാര്‍ത്ഥിനേതാക്കളും ഭരണത്തണലില്‍ ചെയ്തുകൂട്ടുന്ന അഴിമതിയും അധാര്‍മ്മികതയും എല്ലാ സീമകളും ലംഘിക്കുകയാണ്. അവയെ ചോദ്യം ചെയ്യാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ അധികാരമുഷ്‌ക്കുകൊണ്ട് ഒരിക്കലും ശിരസ്സുയര്‍ത്താനാവാത്തവിധം ആ വ്യക്തി തകര്‍ക്കപ്പടും. ജനകീയസമരനേതാക്കള്‍ മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ വരെ ഈ വേട്ടയാടലിന് ഇരകളാണ്.
സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസം അളക്കാനാകാത്തവിധമുള്ള തകര്‍ച്ചയെയാണ് നേരിടുന്നത്. കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന വിജയത്തിന്റെ വായ്ത്താരികൊണ്ട് മറച്ചുവയ്ക്കപ്പെടുന്നത് അക്ഷരത്തെറ്റുകൂടാതെ എഴുതാനറിയാത്ത ഭൂരിപക്ഷം കുട്ടികളുടെ ഇരുളടഞ്ഞ ഭാവിയാണ്. സംസ്ഥാന വിദ്യാഭ്യാസരംഗത്തെ പൊളിച്ചെഴുത്തിന്റെ അടിസ്ഥാനവീക്ഷണം കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസനയം തന്നെ. അത് പാഠ്യപദ്ധതി മുതല്‍ വിദ്യാലയ നടത്തിപ്പ് വരെയുള്ള എല്ലാ മണ്ഡലത്തിലും. വിജ്ഞാനം വിപണനം ചെയ്യപ്പെടേണ്ട ഒരു ഉല്‍പ്പന്നം മാത്രമാണെന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കുമിടയിലുള്ള സമവായം അങ്ങേയറ്റം ദൃഢമാണ്. കേരളത്തെ വിജ്ഞാനത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വിദ്യാഭ്യാസ കച്ചവടത്തിന്റെ അനന്തസാധ്യതയുടെ സ്വപ്‌നമാണ്. സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി കുരുതി കഴിക്കപ്പെടുന്ന സര്‍വ്വകലാശാലകളുടെ ജനാധിപത്യവും സ്വയംഭരണവും ഉന്നതവിദ്യാഭ്യാസ മണ്ഡലത്തെ കുത്തഴിഞ്ഞതാക്കിയിരിക്കുന്നു. വിജ്ഞാനാര്‍ജ്ജനത്തിന് വിരുദ്ധമായ നയങ്ങളുടെ ആഘാതമേറ്റ് തകരുന്ന ഉന്നതവിദ്യാഭ്യാസത്തിന്റെ കാഴ്ച കേരളത്തെ സംബന്ധിച്ച് ഹൃദയഭേദകം തന്നെ.


പിടിച്ചുപറിയുടെ നമ്പര്‍ വണ്‍ കേരളം


അതിരൂക്ഷമായ വിലക്കയറ്റവും വരുമാനത്തകര്‍ച്ചയും ജനങ്ങളെ നിലയില്ലാക്കയങ്ങളിലേയ്ക്ക് തള്ളിവിടുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ദിനംപ്രതി ഉയരുന്ന വിലവര്‍ദ്ധനവില്‍നിന്നും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സംസ്ഥാനത്തിന്റെ നികുതി കുറയ്ക്കണമെന്ന ആവശ്യത്തെ തള്ളിക്കളയുന്നുവെന്നു മാത്രമല്ല, ഇക്കഴിഞ്ഞ ബജറ്റില്‍ പെട്രോളിന് 2 രൂപ അധിക സെസ്സ് ധിക്കാരപൂര്‍വ്വം ഏര്‍പ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തിന്റെ ബസ്സ് ചാര്‍ജ്ജ് ഏകീകൃതമായ ഒരു വ്യവസ്ഥയ്ക്കും നിരക്കാത്ത ഒന്നായി മാറിയിട്ടുണ്ട്. പലയിനത്തില്‍പ്പെടുന്ന ഭീമമായ നിരക്കുകളാക്കി യാത്രാക്കൂലിയെ മാറ്റിയത് ഇടതുസര്‍ക്കാരാണ്. വൈദ്യുതി ചാര്‍ജ്ജ് വീണ്ടും വര്‍ദ്ധിപ്പിച്ചു. ദിനംപ്രതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ മേശപ്പുറത്തുണ്ട്. എല്ലാത്തരം ചാര്‍ജ്ജുകളും നികുതികളും കരങ്ങളും കുത്തനെ കൂട്ടിക്കഴിഞ്ഞു. കെട്ടിട നികുതി കൂട്ടി. ഭൂമിയുടെ ഫെയര്‍ വാല്യു 20 ശതമാനം വര്‍ദ്ധിപ്പിച്ചു. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഉയര്‍ത്തി. പഞ്ചായത്ത് പരിധിയില്‍ 150 സ്‌ക്വയര്‍ മീറ്ററില്‍ താഴെ വിസ്തൃതിയുള്ള വീടുപണിയാന്‍ ഒടുക്കേണ്ടിയിരുന്ന പെര്‍മിറ്റ് ഫീസ് 525 രൂപയായിരുന്നത് 7500 രൂപയാക്കി ഉയര്‍ത്തി. വര്‍ദ്ധനവ് 1300 ശതമാനം! 250 സ്‌ക്വയര്‍ മീറ്ററില്‍ അധികം വിസ്തൃതിയുള്ളവയുടെ നഗരങ്ങളിലെ പെര്‍മിറ്റ് ഫീസ് 2500 രൂപയില്‍നിന്നും 37,500 രൂപയായി വര്‍ദ്ധിപ്പിച്ചു. വര്‍ദ്ധനവ് 1700 ശതമാനമാണ്! ദേശീയ പാതകളെല്ലാം അതീഭീമമായ ടോള്‍ പിരിക്കുന്ന കുത്തിക്കവര്‍ച്ചാകേന്ദ്രങ്ങളാക്കി മാറ്റി. ജനങ്ങളില്‍നിന്ന് ചാര്‍ജ്ജുകള്‍, നികുതികള്‍, പിഴ തുടങ്ങി ഒട്ടനവധി പേരിലുള്ള പിടിച്ചുപറിയിലാണ് കേരളം നമ്പര്‍ വണ്‍ ആയിരിക്കുന്നത്.


സ്വകാര്യമുതലാളിമാരുടെ ലാഭവേട്ടയ്ക്ക് പശ്ചാത്തലമൊരുക്കുന്ന ‘വികസനം’


സംസ്ഥാനത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ ആകമാനപ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു സ്വകാര്യ മൂലധനത്തിന് നിക്ഷേപസാധ്യതകള്‍ വികസിപ്പിക്കുക എന്നതാണ്. രാജ്യത്തും എല്ലാ സംസ്ഥാനങ്ങളിലും വികസനം എന്ന പേരില്‍ നടക്കുന്ന ഭരണനടപടി അടിസ്ഥാനസൗകര്യമേഖലയില്‍ കൂറ്റന്‍ മൂലധന നിക്ഷേപത്തിന് വഴിതുറക്കുക എന്നതാണ്. നരേന്ദ്ര മോദിയുടെ കേന്ദ്രഭരണവും സംസ്ഥാനത്തെ ഇടതുഭരണവും അവതരിപ്പിക്കുന്ന ‘വികസന’പരിപാടികള്‍ തമ്മില്‍ എന്താണ് വ്യത്യാസം എന്ന ചോദ്യത്തിന് ഇടതുസുഹൃത്തക്കള്‍ മറുപടി പറയണം. കേന്ദ്രത്തിന്റെ ഗതിശക്തി ബജറ്റ്, രാജ്യത്തിന്റെ 21 നഗരങ്ങളിലെ മെട്രോ പദ്ധതികള്‍, മുംബൈ കടല്‍പ്പാലം, കാശ്മീരിലെ തുരങ്കപ്പാത, മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ തുടങ്ങിയവയും കേരളത്തിന്റെ സില്‍വര്‍ലൈനും റോഡ് നിര്‍മ്മാണവും തമ്മില്‍ എന്താണ് വ്യത്യാസം? വികസനമെന്നാല്‍ അടിസ്ഥാനസൗകര്യമേഖലയില്‍ കൂറ്റന്‍ നിര്‍മ്മാണങ്ങള്‍ എന്ന സമീപനം ജനജീവിതത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങളെ എന്തിനെയെങ്കിലും അഭിസംബോധനം ചെയ്യുന്നുണ്ടോ? അവ എത്രത്തോളം സൃഷ്ടിപരമാണ്, ഉല്‍പ്പാദനപരമാണ് ഇതൊന്നും പരിഗണനാ വിഷയമേയല്ല.
എണ്ണമറ്റ സൗകര്യങ്ങളും ഇളവുകളും നല്‍കി എവ്വിധവും സ്വകാര്യമൂലധന നിക്ഷേപത്തിന് വഴിയൊരുക്കുക എന്നതുമാത്രമാണ് ലക്ഷ്യം. ഈ പുതിയ ഇനം വികസനത്തിന്റെ ഉത്തമദൃഷ്ടാന്തമാണ് വല്ലാര്‍പാടം. കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസനസാധ്യതകളുടെ വര്‍ണ്ണശബളമായ എത്രയോ സ്വപ്‌നങ്ങള്‍ വരച്ചിട്ടതാണ്. ദുബായ് പോര്‍ട്ട് വേള്‍ഡ് എന്ന സ്വകാര്യ കമ്പനിക്ക് മൂലധനനിക്ഷേപം നടത്താന്‍ ലാഭകരവും കാര്യക്ഷമമവുമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് എന്ന പെതുമേഖലാ സംരംഭത്തെ കഴുത്തുഞെരിച്ചുകൊന്നു. 326 കുടുംബങ്ങളെ അവരുടെ കിടപ്പാടങ്ങളില്‍ നിന്നും ചവിട്ടിപ്പുറത്താക്കി. റോഡ്-റെയില്‍ കണക്റ്റിവിറ്റി ഉള്‍പ്പടെയുള്ള ചെലവുകള്‍ക്കായി 1900 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ചു. പോര്‍ട്ട് ട്രസ്റ്റിന്റെ 250 ഏക്കര്‍ സ്ഥലം പ്രതിവര്‍ഷം ഒരു രൂപ പാട്ടത്തിന് ഡി.പി.വേള്‍ഡിനു നല്‍കി. ദുബായ് മുതലാളിക്ക് ഇങ്ങിനെ വാരിക്കോരി നല്‍കിയിട്ട് എന്തുനേട്ടമാണ് സംസ്ഥാനത്തിനും ജനങ്ങള്‍ക്കും വല്ലാര്‍പാടം പദ്ധതി നല്‍കിയത്? പ്രതിവര്‍ഷം 55 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന്റെ സ്ഥാനത്ത് അതിന്റെ പത്തിലൊന്നുപോലും ഇന്ന് വല്ലാര്‍പാടം കൈകാര്യം ചെയ്യുന്നില്ല.
വല്ലാര്‍പാടത്തിന്റെ ജനുസ്സില്‍പ്പെടുന്ന പദ്ധതി മാത്രമാണ് കെ റെയില്‍ സില്‍വര്‍ലൈന്‍ പാതയെന്ന് സംശയലേശമെന്യേ പറ യാം. ഒരു ലക്ഷത്തി ഇരുപത്തിയാറായിരം കോടി രൂപ ചെലവഴിക്കേണ്ടി വരുന്ന, ഇരുപതിനായിരം കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതി കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യാര്‍ത്ഥം രൂപകല്‍പ്പന ചെയ്ത ഒന്നു മാത്രമായിരുന്നു.
ജനങ്ങളുടെ നികുതിപ്പണം സ്വകാര്യമുതലാളിമാര്‍ക്ക് നിര്‍ലോഭം നല്‍കി അവരുടെ ബിസിനസ്സ് കൊള്ള കൊഴുപ്പിക്കുന്നതിന്റെ പേരാണ് വികസനം. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സ്വകാര്യ മുതല്‍മുടക്കുള്ള എല്ലാ ‘വികസനപ്രവര്‍ത്തനങ്ങള്‍’ക്കും പശ്ചാത്തലമൊരുക്കുന്നതിനായി ഖജനാവില്‍നിന്ന് ആയിരക്കണക്കിന് കോടി രൂപയാണ് ചെലവഴിക്കുന്നത്. ദേശീയപാത വികസനമെന്ന പേരില്‍ മുതലാളിമാര്‍ക്ക് ചുങ്കപ്പാതകള്‍ പണിയാന്‍ പശ്ചാത്തലമൊരുക്കിയും അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിന്റെ റോഡ് കണക്റ്റിവിറ്റിക്ക് ആയിരം കോടി രൂപ ബജറ്റില്‍ വകയിരുത്തിയും ഇടതുസര്‍ക്കാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫ്രണ്ട്‌ലി ആകാന്‍ മല്‍സരിക്കുകയാണ്. കേരളത്തില്‍ മൂലധനം നിക്ഷേപിക്കാന്‍ സന്മനസ്സ് കാട്ടുന്ന യൂസഫലി സംസ്ഥാനത്തിന്റെ അനൗദ്യോഗിക അംബാസഡറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നിടംവരെ എത്തിയിരിക്കുന്നു ചങ്ങാത്തമുതലാളിത്തത്തിന്റെ സ്വാധീനം.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് റാങ്കിംഗില്‍ 28-ാം സ്ഥാനത്തുനിന്ന് 15-ാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവെന്നത് വലിയ നേട്ടമായി പരസ്യം അവകാശപ്പെടുമ്പോള്‍, നിലവിലുള്ള വ്യവസ്ഥകള്‍ ഇല്ലാതാക്കി മുതലാളിമാര്‍ക്ക് ബിസിനസ്സ് നടത്താന്‍ കൂടുതല്‍ ആയാസരഹിതമായ വഴി തുറന്നുവെന്നാണ് നാം മനസ്സിലാക്കേണ്ടത്. 50 കോടി രൂപയില്‍ താഴെ മുതല്‍മുടക്കുള്ള ഒരു ഉല്‍പ്പാദനസംരംഭം ആരംഭിക്കാന്‍ ലൈസന്‍സ് വേണ്ട എന്ന ഇളവ് നിക്ഷേപകര്‍ക്ക് നല്‍കിയപ്പോഴാണ് കേരളത്തിന്റെ റാങ്ക് ഉയര്‍ന്നത്. തൊഴിലാളികള്‍ക്ക് കൂച്ചുവിലങ്ങിട്ടും ഫിക്‌സഡ് ടേം എപ്ലോയ്‌മെന്റിന്റെ കെസ്വിഫ്റ്റ് മാതൃക നടപ്പാക്കിയും പിണറായി സര്‍ക്കാര്‍ നമ്മുടെ സംസ്ഥാനത്തിന്റെ ‘പദവി’ ഉയര്‍ത്തുകയാണ്. പിണറായി സര്‍ക്കാര്‍ പരസ്യങ്ങളിലൂടെ വരച്ചുകാട്ടുന്ന വികസനത്തിന്റെ യഥാര്‍ത്ഥ ചിത്രമിതാണ്.


കെ സ്വിഫ്റ്റ്: വലതുപക്ഷ സര്‍ക്കാരുകള്‍പോലും
ചെയ്യാന്‍ മടിക്കുന്ന തൊഴിലാളിവഞ്ചന


കെഎസ്ആര്‍റ്റിസി നേരിടുന്ന സമ്പൂര്‍ണ്ണമായ തകര്‍ച്ച പിണറായി സര്‍ക്കാരിന്റെ സൃഷ്ടിയാണ്. സംസ്ഥാനത്തിന്റെ അഭിമാനമായ ഈ സ്ഥാപനത്തെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ സഹായകരമായ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം അതിവിദഗ്ദ്ധമായി പൊളിച്ചടുക്കുന്നതിവേണ്ടി കെസ്വിഫ്റ്റ് എന്ന മറ്റൊരു കമ്പനി കെഎസ്ആര്‍റ്റിസിക്കുള്ളില്‍ രൂപീകരിച്ചു. കെഎസ്ആര്‍റ്റിസി തൊഴിലാളികള്‍ക്ക് നിലവില്‍ ലഭിക്കുന്ന ശമ്പളവും പെന്‍ഷനും മറ്റവകാശങ്ങളും നല്‍കേണ്ടതില്ലാത്ത തൊഴിലാളികളെ സൃഷ്ടിക്കാന്‍വേണ്ടി മാത്രമാണ് കെ സ്വിഫ്റ്റ് രൂപീകരിച്ചത്. സ്ഥിരനിയമനം നേടിയ ഒരാള്‍പോലും സ്വിഫ്റ്റില്‍ പണിയെടുക്കുന്നില്ല. അടിമുടിയുള്ള കരാര്‍വല്‍ക്കരണമാണ് പുതിയ കമ്പനിയുടെ മാനേജുമെന്റ് ലക്ഷ്യം. പുതിയതായി വാങ്ങുന്ന മുഴുവന്‍ ബസ്സുകളും കെഎസ്ആര്‍റ്റിസിയുടെ ദീര്‍ഘദൂര പെര്‍മിറ്റുകളും സ്വിഫ്റ്റിന് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകള്‍ കാലപ്പഴക്കംകൊണ്ട് ഉപയോഗശൂന്യമാവുകയും ദീര്‍ഘദൂരസര്‍വ്വീസുകള്‍ അസ്തമിക്കുകയും ചെയ്യുന്നതോടെ ക്രമേണ കെഎസ്ആര്‍റ്റിസി സ്വാഭാവിക മരണം വരിക്കും. സ്വിഫ്റ്റും അതിലെ കരാര്‍തൊഴിലാളികളും അവശേഷിക്കും. നിയമപ്രകാരമുള്ള അവകാശങ്ങള്‍ ലഭിക്കുന്ന ഒരു തൊഴിലാളിപോലും അവശേഷിക്കില്ല. ഇത് തൊഴിലാളിവഞ്ചനയല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? ഒരു പൊതുമേഖലാ സ്ഥാപനത്തെയും അവകാശങ്ങള്‍ അനുഭവിക്കുന്ന ഒരു തൊഴില്‍വിഭാഗത്തെയും ഇല്ലാതാക്കാന്‍ കാട്ടിയ ഈ കുടിലബുദ്ധിയുടെ പ്രയോഗത്തില്‍ വലതുപക്ഷ സര്‍ക്കാരുകളെപ്പോലും പിണറായി സര്‍ക്കാര്‍ പരാജയപ്പെടുത്തി.
ആധുനിക സമൂഹത്തില്‍ സ്ഥാപിച്ചുറപ്പിക്കപ്പെട്ട തൊഴിലവകാശങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നതിനായി ഒരു കമ്പനി തന്നെ രൂപീകരിക്കാന്‍ ഒരിടതുസര്‍ക്കാര്‍ കാട്ടിയ ധാര്‍ഷ്ട്യം സൃഷ്ടിക്കുന്ന പ്രത്യാഘാതം എത്ര കനത്തതായിരിക്കുമെന്ന് ഇക്കൂട്ടര്‍ ചിന്തിച്ചിട്ടുണ്ടോ. ഈ നടപടി ഒരു കീഴ്‌വഴക്കമായി സ്വീകരിച്ചുകൊണ്ട് നാളെകളില്‍ തൊഴില്‍ നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന് ഈ സംസ്ഥാനത്തെ മുതലാളിമാര്‍ തീരുമാനിച്ചാല്‍ ഇന്നാട്ടിലെ പണിയെടുത്തു ജീവിക്കുന്നവരുടെ സ്ഥിതി എന്താകും? മുതലാളിത്തത്തിന്റെ കഴുത്തറപ്പന്‍ നയങ്ങള്‍ ഒരു വിഘ്‌നവും കൂടാതെ നടപ്പാക്കിക്കൊടുക്കുന്ന വഞ്ചനയുടെ രാഷ്ട്രീയമാണ് സിപിഐ(എം) പയറ്റുന്നത്. മറുവശത്ത് കെഎസ്ആര്‍റ്റിസി തൊഴിലാളിയുടെ അവകാശങ്ങള്‍ ഒന്നൊന്നായി നിര്‍ദ്ദാക്ഷിണ്യം ഇല്ലാതാക്കി. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കി തൊഴിലാളികളുടെ പ്രവൃത്തിസമയം 12 മണിക്കൂറിനുമുകളിലാക്കി. ശമ്പളം തവണകളാക്കി. വരുമാനം ഉറപ്പാക്കിയാല്‍മാത്രം ശമ്പളം എന്നും പ്രഖ്യാപിച്ചു. ഇതിനെല്ലം പുറമെ, തൊഴിലാളികളുടെ ശമ്പളം സര്‍ക്കാരിന്റെ ബാധ്യതയല്ലെന്നും കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചു.


കെഎസ്ആര്‍റ്റിസിയിലെ സ്വിഫ്റ്റിന്റെ വിജയംകണ്ട് കെഎസ്ഇബിയിലും നടപ്പാക്കുകയാണ് കെപരിഷ്‌കാരം. അവിടെയും കരാര്‍നിയമനത്തിനായി കെപിഎസ്‌ഐസി എന്നൊരു സ്ഥാപനം സൃഷ്ടിക്കാന്‍ ഇടതുഭരണം തീരുമാനിച്ചുകഴിഞ്ഞു. ഭയാനകമായ നിലയില്‍ തൊഴിലില്ലായ്മ പെരുകുന്ന സാഹചര്യത്തില്‍ ഈ നയങ്ങള്‍ കൂടുതല്‍ ഗൗരവതരമായ ആഘാതങ്ങള്‍ സൃഷ്ടിക്കുകയാണ്. തസ്തിക വെട്ടിക്കുറയ്ക്കലും സ്ഥിരനിയമനങ്ങള്‍ക്കുമേലുള്ള മോറട്ടോറിയവും വ്യാപകമായ കരാര്‍ നിയമനങ്ങളും തൊഴില്‍ലഭ്യതയുടെ അവസാനസാധ്യതയെയും കെടുത്തിക്കളഞ്ഞിരിക്കുന്നു. യൂറോപ്പിലേയ്ക്കും ഇതര ഭൂഖണ്ഡങ്ങളിലേയ്ക്കും കേരളത്തിലെ പതിനായിരക്കണക്കിന് യുവതീയുവാക്കള്‍ കേരളം ഉപേക്ഷിച്ചുകൊണ്ട് തൊഴിലിനായി കുടിയേറുമ്പോള്‍ യുവതയുടെ കേരളം എന്ന പ്രചാരണം നടത്തി പിണറായി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ യുവാക്കളെ കൊഞ്ഞനംകുത്തുകയാണ്.


സംസ്ഥാനത്തിന്റെ പൊതുകടം പെരുകുന്നു


കഴിഞ്ഞ യുഡിഎഫ് ഭരണം അവസാനിക്കുന്ന കാലത്തെ കണക്ക് പ്രകാരം അതുവരെയുള്ള എല്ലാ സര്‍ക്കാരുകളും കൂടി വരുത്തി വെച്ച കടം ഒന്നരലക്ഷം കോടി രൂപയോളം ആയിരുന്നു. എന്നാല്‍ ഒന്നും രണ്ടും പിണറായി ഭരണ കാലയളവില്‍ മാത്രം രണ്ടര ലക്ഷം കോടിയോളം രൂപ കടം വീണ്ടും വര്‍ദ്ധിച്ചു. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ പൊതുകടം 144 ശതമാനമാണ് വര്‍ദ്ധിച്ചിട്ടുള്ളത്. മൂന്നരലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്ന ആകെ കടം, ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 40 ശതമാനമാണ്. റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും അധികം കടം വാങ്ങിക്കൂട്ടിയിട്ടുള്ള അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്തിന്റെ ധനക്കമ്മി, ദേശീയ ശരാശരിയായ 2.5നേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കായ 4.1ല്‍ എത്തിയിരിക്കുന്നു. ഈ വായ്പാധിഷ്ഠിത സാമ്പത്തിക ഘടന വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. ബജറ്റിനു പുറത്ത് കടമെടുക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന പുതിയ സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്. അതിപ്പോള്‍ പൂര്‍വ്വാധികം ശക്തമാവുകയാണ്. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കുനേരെയുള്ള ഒരു വെല്ലുവിളിയാണ്. തങ്ങളുടെ ജനദ്രോഹ-കോര്‍പ്പറേറ്റ് നയങ്ങള്‍ തുടരുമെന്ന ധിക്കാരപൂര്‍വ്വമുള്ള പ്രഖ്യാപനമാണത്. ജനങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള ഈ ദുഷ്ടവാഴ്ചയ്ക്കെതിരെ ആത്മാഭിമാനത്തോടെയുള്ള സമരപ്രഖ്യാപനമായിരിക്കണം ഇതിനുള്ള മറുപടി.

Share this post

scroll to top