പാര്‍ലമെന്റ് കെട്ടിട ഉദ്ഘാടനം; മതേതര ജനാധിപത്യമൂല്യങ്ങളോടുള്ള വെല്ലുവിളി

Modi-Parliament.jpg
Share

അല്പത്തപൂര്‍ണമായ ഒരു ‘വണ്‍മാന്‍ഷോ’യിലൂടെ പാര്‍ലമെന്റിന്റെ പുതിയ കെട്ടിടം കഴിഞ്ഞ മെയ് 28ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. കട്ടബൊമ്മന്‍ സിനിമാ ശൈലിയില്‍ തയ്യാര്‍ ചെയ്യപ്പെട്ട തിരക്കഥ അനുസരിച്ച് രൂപംകൊണ്ട മുഴുനീള അസംബന്ധ നാടകം. ചോളകഥകളില്‍നിന്ന് പൊട്ടിമുളച്ച ‘ഷെങ്കോല്‍’, അതിന്റെ മുമ്പിലെ പ്രധാനമന്ത്രിയുടെ സാഷ്ടാംഗപ്രണാമം, ഗുഹാജീവിതം മുതല്‍ മധ്യകാലംവരെയുള്ള മനുഷ്യപരിണാമം പ്രദര്‍ശിപ്പിക്കുന്ന വേഷഭൂഷാദികളോടെ സവര്‍ണ്ണ പുരോഹിതര്‍, രാജസൂയയാഗത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങുകള്‍. മതേതര ജനാധിപത്യ സങ്കല്പങ്ങളുടെമേല്‍ മാലിന്യവര്‍ഷം നടന്ന പ്രതീതി.

വുമ്മുടി ചെട്ടിയാര്‍ എന്ന സ്വര്‍ണപ്പണിക്കാരന്‍ നിര്‍മ്മിച്ച, സ്വര്‍ണ്ണം പൂശിയ ഒരു അലങ്കാരവടി വാങ്ങി മൗണ്ട്ബാറ്റന്‍ നെഹ്‌റുവിന് കൈമാറിയതോടെ കിട്ടിയതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന മട്ടിലാണ് ഈ ശുംഭന്മാര്‍ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് കൊള്ളക്കാരെ തുരത്താന്‍ ജീവന്‍ നല്‍കിയ ഭഗത് സിംഗ്, ഖുദിറാം, നേതാജി തുടങ്ങിയ എണ്ണമറ്റ ധീരദേശാഭിമാനികളെ അവമതിക്കുകയാണിവിടെ. ബ്രിട്ടീഷ് പാദപൂജയില്‍ സായൂജ്യം കണ്ടെത്തിയിരുന്ന, ഇന്ത്യക്കാരെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് ഭരണകാലം നീട്ടിയ ബ്രിട്ടീഷുകാരുടെ ചട്ടുകമായി പ്രവര്‍ത്തിച്ച പാരമ്പര്യം പേറുന്നവരാണ് ഇപ്പോഴീ ചെങ്കോല്‍ ബാലെ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ ചരിത്രം തമസ്‌കരിച്ച് സംഘപരിവാര്‍ തങ്ങള്‍ക്കിണങ്ങുംവിധം പുതിയ പുതിയ ചരിത്രത്തെ ഉല്‍പ്പാദിപ്പിക്കുന്നതെങ്ങനെ എന്നതിന്റെ നല്ല ഉദാഹരണമാണിത്. കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് രാഷ്ട്രപതിയാണോ, അവര്‍ ദളിതും വിധവയും ആയതുകൊണ്ടാണോ ഒഴിവാക്കിയത് എന്നൊക്കെയുള്ള തര്‍ക്കത്തില്‍ ഒതുക്കി നിര്‍ത്തേണ്ടതല്ല ഈ വിഷയം. സ്വാതന്ത്ര്യലബ്‌ധിയുടെ 75-ാം വര്‍ഷമായ ഈ ‘അമൃത’കാലത്ത് കൃത്യമായ വോട്ട് രാഷ്ട്രീയ അജണ്ടകളോടെ അരങ്ങേറിയ കാവിവര്‍ണ്ണ എപ്പിസോഡില്‍ ഉയര്‍ന്നുവന്ന രണ്ടു സുപ്രധാന വിഷയങ്ങളാണ് പരിശോധിക്കേണ്ടത്.
ഒരു ‘പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്ന് മനോഹരമായ ലിപികളാല്‍ എഴുതി വച്ചിരിക്കുന്ന ഭരണഘടനയുള്ള ഒരു രാജ്യത്ത്, ഒരു മതാധിഷ്ഠിത രാഷ്ട്രത്തിനുമാത്രം യോജിച്ച മതാനുഷ്ഠാനങ്ങള്‍ സര്‍ക്കാര്‍ നേരിട്ടു നടത്തുന്നത് എത്രമേല്‍ ആപല്‍ക്കരമാണ് എന്നതാണ് ഗൗരവമുള്ള ഒരു വിഷയം.


ജനാധിപത്യ ആശയസംഹിതയുടെ അടിസ്ഥാനതത്വങ്ങളിലൊന്നാണ് മതേതരത്വം. അത് മതവിരുദ്ധതയുമല്ല, മതപ്രോല്‍സാഹനവുമല്ല. മതത്തെ വ്യക്തിയുടെ വിശ്വാസത്തിന്റെ പ്രശ്‌നമായി മാത്രം കാണുകയും രാഷ്ട്രീയ -ഭരണ-സാമൂഹ്യരംഗങ്ങളിലെ നയങ്ങള്‍ ആധുനിക സാമ്പത്തിക-സാമൂഹ്യശാസ്ത്ര പരികല്‍പ്പനകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് യഥാര്‍ത്ഥത്തില്‍ മതേതരത്വത്തിന്റെ അര്‍ത്ഥം. ഈ കാഴ്ചപ്പാടാണ് ദേശീയ നേതാക്കളില്‍ അടിയുറച്ച ജനാധിപത്യവാദികളായിരുന്ന നേതാജിയുള്‍പ്പടെയുള്ളവര്‍ പുലര്‍ത്തിയിരുന്നത്. ഒരു മതേതര രാഷ്ട്രഘടനയില്‍ ഔദ്യോഗിക പദവിയിലുള്ള ഒരു വ്യക്തിക്ക് വ്യക്തിപരമായി മതവിശ്വാസമുണ്ടാകാം. എന്നാല്‍ അയാള്‍ തന്റെ പദവി ഏതെങ്കിലും മതവിശ്വാസത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിക്കൂടാ. ഇതിന്റെ നഗ്നമായ ലംഘനമാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉല്‍ഘാടനവേളയില്‍ നടന്നത്.


സിംഗപ്പൂരിലെ ദന്തായുധപാണിക്ഷേത്രം സന്ദര്‍ശിക്കാനും വലിയൊരു തുക സംഭാവന സ്വീകരിക്കാനുമായി ലഭിച്ച അഭ്യര്‍ത്ഥനയോട് പ്രതികരിച്ചുകൊണ്ട് നേതാജി മുന്നോട്ടുവച്ച വ്യവസ്ഥ ഇവിടെ സ്മരിക്കേണ്ടിയിരിക്കുന്നു. സുഭാഷ് ചന്ദ്രബോസ് എന്ന വ്യക്തിയായിട്ടല്ല, സ്വതന്ത്ര ഇന്‍ഡ്യയുടെ താല്‍ക്കാലിക ഗവണ്‍മെന്റിന്റെ തലവനായിട്ടാണ് താന്‍ വരുന്നതെങ്കില്‍ സൈനികയൂണിഫോമില്‍, വ്യത്യസ്ത മതവിശ്വാസികളായ തന്റെ സഹപ്രവര്‍ത്തകരോടൊപ്പമായിരിക്കും വരിക. ആചാരത്തിന്റെ ഭാഗമായി അവര്‍ക്ക് പ്രവേശനമില്ലെങ്കില്‍ തനിക്ക് ക്ഷേത്രം സന്ദര്‍ശിക്കാനാവില്ല എന്നാണ് അദ്ദേഹം അറിയിച്ചത്. ക്ഷേത്ര ഭാരവാഹികള്‍ ഈ വ്യവസ്ഥ അംഗീകരിച്ചതോടെ നേതാജി, ഹബീബുര്‍ റഹ്മാന്‍, എം.ഇസഡ്.കിയാനി എന്നിവരുള്‍പ്പടെയുള്ള സഹപ്രവര്‍ത്തകരോടൊപ്പം അവിടെയെത്തുകയും സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു (മുന്‍ ഹൈക്കമ്മീഷണര്‍ റ്റി.സി.എ രാഘവന്റെ സ്മരണക്കുറിപ്പില്‍ നിന്ന്) ആസാദ് ഹിന്ദ് താല്‍ക്കാലിക ഗവണ്‍മെന്റിന്റെ തലവനായിരിക്കുന്ന താന്‍ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ പ്രതിനിധിയല്ല എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയാണ് ചെയ്തത്. നേതാജിയുടെ നാമം ഉപയോഗപ്പെടുത്തി രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന മോദിയും കൂട്ടരും യഥാര്‍ത്ഥത്തില്‍ നേതാജി പ്രതിനിധാനം ചെയ്ത ഉജ്വലമായ മതേതരപാരമ്പര്യത്തെ കശാപ്പ് നടത്തുകയാണ് ചെയ്യുന്നത്.
വിവിധ ഘട്ടങ്ങളിലൂടെയുള്ള സാമൂഹിക വികാസത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ ജന്മിത്ത വ്യവസ്ഥിതിക്കെതിരെ ബൂര്‍ഷ്വാസി അഥവാ മുതലാളിത്തം നടത്തിയ ജനാധിപത്യ വിപ്ലവത്തിലൂടെയാണ് ബൂര്‍ഷ്വാ പാര്‍ലമെന്ററി സംവിധാനം നിലവില്‍ വന്നത്. മതേതര സങ്കല്‍പ്പത്തിലധിഷ്ഠിതമായ ബൂര്‍ഷ്വാ മാനവവാദമാണ് അതിനെ നയിച്ച ദര്‍ശനം. ഗോത്രത്തലവന്മാരെ തെരഞ്ഞെടുത്തിരുന്നതിന്റെ സൂചനകള്‍ വേദങ്ങളിലുണ്ട് എന്നത് ചൂണ്ടിക്കാട്ടി ‘ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ’ എന്നൊക്കെ ചിലര്‍ വീമ്പിളക്കുന്നുണ്ട്. ഗോത്ര യുദ്ധങ്ങളില്‍ തങ്ങളെ നയിക്കാന്‍ ഏറ്റവും കരുത്തുള്ളയാളെ തെരഞ്ഞെടുത്തിരുന്ന സമ്പ്രദായം ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ ലോകമെങ്ങും നിലവിലുണ്ടായിരുന്നതാണ്. ആധുനിക ജനാധിപത്യ സങ്കല്പവുമായി പുലബന്ധം പോലുമില്ലാത്തതാണത്. സമൂഹത്തിലെ ബഹുഭൂരിപക്ഷത്തെയും ചാതുര്‍വര്‍ണ്യത്തിന് പുറത്ത് മനുഷ്യരായി പോലും കണക്കാക്കാതിരുന്ന ഇന്ത്യന്‍ അവസ്ഥയില്‍ ജനങ്ങളുടെ ആധിപത്യം എന്നത് കെട്ടുകഥയായി മാത്രമേ കാണാനാവു.


ആഗോളതലത്തില്‍ മുതലാളിത്തത്തിന്റെ വികസ്വര കാലഘട്ടം കഴിഞ്ഞ് കമ്പോള പ്രതിസന്ധികള്‍ മൂലം ഒരു വ്യവസ്ഥിതി എന്ന നിലയില്‍ മുതലാളിത്തം ജീര്‍ണിച്ച് തുടങ്ങിയ ഘട്ടത്തിലാണ് ഇന്ത്യയില്‍ മുതലാളിത്തം വികസിച്ചു വരുന്നത്. അതേസമയം ലോകമെങ്ങും തൊഴിലാളി വര്‍ഗ്ഗ വിപ്ലവങ്ങളുടെ അലകള്‍ ഉയര്‍ന്നുവരികയും ചെയ്ത കാലം. അതുകൊണ്ടുതന്നെ ഒരേസമയം ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് വീടുതല്‍ നേടി ഇന്ത്യന്‍ ജനതയെ യഥേഷ്ടം സ്വതന്ത്രമായി ചൂഷണം ചെയ്യാനുള്ള അഭിലാഷവും തൊഴിലാളിവര്‍ഗ്ഗ വിപ്ലവപ്പേടി കാരണം സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തെ മുരടിപ്പിക്കുന്നതിന്റെ ആവശ്യകതയുമാണ് ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ നയിച്ചത്. അതിനാല്‍ത്തന്നെ ജന്മിത്തത്തിന്റെ അവശിഷ്ടങ്ങളായ എല്ലാത്തരം മതാന്ധതകളോടും അവര്‍ സന്ധിചെയ്തു. നേതാജിയുടെ നേതൃത്വത്തിലുള്ള പുരോഗമനോന്മുഖമായ സന്ധിയില്ലാ സമരധാരയെ ഒതുക്കിമാറ്റി ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ചേരി സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേയ്ക്ക് വന്നു. അതുവഴി ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലൂടെ ഇന്ത്യന്‍ സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന പ്രക്രിയ പൂര്‍ത്തീകരിക്കാനാവാതെ വന്നു. ശരിയായ മതേതര മൂല്യങ്ങള്‍ക്ക് പകരം ഹിന്ദുമത ദര്‍ശനങ്ങളിലൂന്നിയ പരിഷ്‌കരണവാദ പരിശ്രമങ്ങളാണ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്നത്. അതുകൊണ്ടുതന്നെ, സ്വതന്ത്ര ഇന്ത്യയില്‍ മതേതരത്വത്തെ പറ്റിയുള്ള വികലമായ കാഴ്ചപ്പാടാണ് സാമൂഹികരംഗത്തും ഭരണതലത്തിലും നിലവില്‍ വന്നത്. അതിന്റെ തുടര്‍ച്ചയായാണ്, ഇന്ത്യന്‍ മുതലാളിത്തം അങ്ങേയറ്റം ജീര്‍ണ്ണിച്ച ഇന്നത്തെ സാഹചര്യത്തില്‍ മുരച്ച വര്‍ഗീയവാദികള്‍ അധികാരം കൈക്കലാക്കിക്കൊണ്ട് സാമൂഹിക രംഗത്തും ഭരണ തലത്തിലും ശരിയായ മതേതരത്വ സങ്കല്‍പ്പങ്ങളെ കുഴിച്ചുമൂടുന്ന അവസ്ഥയിലേയ്ക്ക് ചെന്നെത്തിയത്.
സഖാവ് ശിബ്‌ദാസ് ഘോഷ് പറഞ്ഞു :’ഒരു യഥാര്‍ത്ഥ മതേതര രാഷ്ട്രം മതത്തെ പൗരന്മാരുടെ സ്വകാര്യ വിശ്വാസപ്രശ്‌നമായി പരിഗണിക്കുകയും അതിനാല്‍ വ്യക്തികളുടെ മതവിശ്വാസത്തിലും മതപ്രചാരണത്തിലും പ്രോത്സാഹന ത്തിന്റെ രീതിയിലായാലും എതിര്‍പ്പിന്റെ രീതിയിലായാലും യാതൊരു വിധത്തിലും കൈകടത്താതിരിക്കുകയും ചെയ്യുന്നു. അത് മറിച്ച്, വിശ്വാസികള്‍ക്ക് എന്നതുപോലെ അവിശ്വാസികള്‍ക്കും ഏതൊരു വിശ്വാസവും വച്ചുപുലര്‍ത്താനും പ്രചരിപ്പിക്കാ നുമുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നു. ഒരു മതേതര രാഷ്ട്രം സാമൂഹ്യ സാംസ്‌കാരിക വിപ്ലവങ്ങള്‍ പൂര്‍ത്തീകരിച്ച് സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുകയും ഭരണകൂടതലത്തിലും വ്യക്തിയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളവും മതപരമായ സ്വാധീനങ്ങളും കൈകടത്തലുകളും ഇല്ലാതാക്കുകയും ചെയ്യുന്നു
മതത്തിന്റെ സ്വാധീനവും ഇടപെടലുകളും ഭരണരംഗത്തും സാമൂഹിക ജീവിതത്തിലും പൂര്‍ണമായി ഒഴിവാക്കുക എന്നതുതന്നെയാണ് ശരിയായ മതേതരത്വം വിവക്ഷിക്കുന്നത്. മതേതരത്വത്തിന്റെ കാവലാളുകളായി നിലകൊള്ളേണ്ടുന്ന ഭരണാധികാരികള്‍ പ്രകടമായിത്തന്നെ മതാനുഷ്ഠാനങ്ങള്‍ ഭരണ വ്യവഹാരത്തില്‍ പലപ്പോഴും ഉള്‍പ്പെടുത്തുന്നത് സ്വതന്ത്ര ഇന്ത്യയുടെ ആരംഭകാലം മുതല്‍ നമ്മള്‍ കണ്ടുവരുന്ന കാര്യമാണ്. കോണ്‍ഗ്രസ് മുതല്‍ കമ്മ്യൂണിസ്റ്റുകളെന്ന് അവകാശപ്പെടുന്നവര്‍വരെയുള്ള ഭരണകക്ഷികള്‍ അതുതന്നെയാണ് ചെയ്തു വരുന്നത്. റോക്കറ്റ് വിക്ഷേപണത്തിനു മുന്‍പ് പൂജ നടത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കാണേണ്ടി വരുന്നത് അതിനാലാണ്. മതേതരത്വ സങ്കല്പത്തിന്റെ സകല ധാരണകളെയും വലിച്ചെറിഞ്ഞുകൊണ്ട് ബിജെപി ഒരു ഹിന്ദുമത രാഷ്ട്രമാണ് ഇന്ത്യ എന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലാണ് മതാനുഷ്ഠാനങ്ങള്‍ ഭരണരംഗത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ലക്ഷണമാണ് മന്ത്രവാദവും ഹോമവുമൊക്കെ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ നടത്തിയതില്‍നിന്നും കാണുന്നത്.


പാര്‍ലമെന്ററി സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് പാര്‍ലമെന്റ് എന്നത് ഒരു കെട്ടിടം മാത്രമാണോ, അതൊ, അതിനുള്ളില്‍ നടക്കുന്ന പാര്‍ലമെന്ററി വ്യവഹാരം ഉയര്‍ന്ന ജനാധിപത്യമൂല്യങ്ങളും ജനകീയാഭിലാഷങ്ങളും പരിപാലിക്കുന്നുണ്ടോ എന്നതാണ് മറ്റൊരു ഗൗരവതരമായ വിഷയം.
പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് ‘പാര്‍ലമെന്റ് വെറുമൊരു കെട്ടിടമല്ല, 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളും സ്വപ്‌നങ്ങളും പ്രതിഫലിക്കുന്ന വേദിയാണിത്’ എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത് ഒരു തരം താണ തമാശയായാണ് ജനാധിപത്യലോകം എടുത്തത്. ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ പാര്‍ലമെന്റിനെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തയാളാണ് നരേന്ദ്ര മോദി എന്ന് പരക്കെ ആക്ഷേപമുണ്ട്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ദ്രോഹിക്കുന്നതും ദോഷകരമായി ബാധിക്കുന്നതുമായ വിഷയങ്ങള്‍ പലതും പാര്‍ലമെന്റ് അറിയാതെയാണ് നടപ്പാക്കിയത്. ഒരു ടെലിവിഷന്‍ പ്രക്ഷേപണത്തിലൂടെ നടപ്പിലാക്കിയ, രാജ്യത്തെ ബഹുകാതം പിന്നോട്ടടിച്ച നോട്ട് നിരോധനം നീറുന്ന ഒരു ഉദാഹരണമാണ്. ജനങ്ങളുടെ നെഞ്ചില്‍ ചവിട്ടിനിന്നുകൊണ്ട് നടത്തിയ ആ പ്രഖ്യാപനത്തെപ്പറ്റി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ച് വായും പൂട്ടി തുറിച്ചു നോക്കിയിരുന്ന മോഡിയുടെ ചിത്രം ലോകം കണ്ടതാണ്. കോവിഡ് കാലത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തെ മുഴുവന്‍ പൂട്ടിയിട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപനം നടത്തിയതും പാര്‍ലമെന്റിനെ കണക്കിലെടുത്തുകൊണ്ടല്ല. വിദ്യാഭ്യാസത്തിന്റെ സകല നന്മകളും ഇല്ലാതാക്കുന്ന, തലമുറകളെ നശിപ്പിക്കുന്ന, വിജ്ഞാനത്തിന്റെ മേഖലയില്‍ പ്രാകൃത അന്ധകാരം വ്യാപിപ്പിക്കുന്ന, ചുരുക്കത്തില്‍, ഫാസ്സിസ്റ്റ് മനുഷ്യനെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പുതിയ വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ചതും പാര്‍ലമെന്റ് അറിയാതെയാണ്.
കര്‍ഷക ജനതയെ കുത്തകകള്‍ക്ക് ദാസ്യപ്പെടുത്തുന്ന കാര്‍ഷിക നിയമം, കാശ്മീര്‍ ജനതയെ മുച്ചൂടും ദ്രോഹിക്കുന്ന ഭരണഘടന ഭേദഗതി, മത വിവേചനത്തോടെ പൗരാവകാശങ്ങളെ ഇല്ലാതാക്കുന്ന പൗരാവകാശ ഭേദഗതി നിയമം, രാജ്യത്തെ ജനങ്ങളുടെ സമ്പത്തായ പൊതുമേഖലയെ ആകെ വിറ്റു തുലയ്ക്കുന്നത്, തുടങ്ങിയവ മതിയായ ചര്‍ച്ചയോ പരിശോധനയോ അനുവദിക്കാതെ ഝടുതിയില്‍ പാസാക്കിയെടുത്തത് നമ്മള്‍ കണ്ടതാണ്. പ്രവര്‍ത്തനസമയവും ചര്‍ച്ചകളും വെട്ടിക്കുറയ്ക്കുകയും ബില്ലുകള്‍ ഒരു ചര്‍ച്ചയുമില്ലാതെ പാസാക്കുകയും ചെയ്യുന്നതാണ് ഇപ്പോള്‍ പാര്‍ലമെന്റിന്റെ അവസ്ഥ. പ്രതിപക്ഷ ത്തിന് സംസാരിക്കാനവസരം കൊടുക്കാതിരിക്കുകയും ആസൂത്രിതമായി പ്രതിപക്ഷത്തെ ഉന്നത നേതാവിനെ പുറത്താക്കുകയും ചെയ്തതും നാം കണ്ടതാണ്. പാര്‍ലമെന്റ് വെറുമൊരു കെട്ടിടം മാത്രമാണ് എന്നതാണ് ഇതെല്ലാം അസന്നിഗ്ധമായി കാണിക്കുന്നത്. കോവിഡ് കാലത്ത് ജനങ്ങളുടെ നികുതി പണമെടുത്ത് നിര്‍മ്മിച്ച വെറുമൊരു ധൂര്‍ത്ത മന്ദിരം.
‘ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍’ പൂജയും ഹോമവും നടക്കും. രാജ്യത്തിന്റെ വിധി കോര്‍പറേറ്റുകളുടെ ഉപശാലകളില്‍ രൂപീകരിക്കും എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ.

Share this post

scroll to top