ദ്വിദിന ദേശീയ പണിമുടക്ക്; മാർച്ച് 28 29 വൻവിജയമാക്കുക

download-3.jpg
Share

കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത വേദിയുടെ മുൻകയ്യിൽ 2021 നവംബർ 11ന് ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ തൊഴിലാളികളുടെ ഒരു ദേശീയ കൺവെൻഷൻ ചേർന്നു. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും സമ്പദ്‌വ്യവസ്ഥയെയും തകർത്ത് സർവ്വനാശത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നതരത്തിൽ കേന്ദ്ര ഗവണ്മെന്റ് പിന്തുടരുന്ന, കോർപ്പറേറ്റ് അനുകൂലവും തൊഴിലാളിവിരുദ്ധവും കർഷകവിരുദ്ധവും രാജ്യദ്രോഹപരവുമായ നയങ്ങൾക്കെതിരെ രാജ്യത്ത് നടന്നു വരുന്ന പ്രക്ഷോഭങ്ങൾക്ക് ആക്കം വർദ്ധിപ്പിച്ച് പ്രതിരോധിക്കുവാൻ കൺവൻഷൻ തൊഴിലാളിളോട് ആഹ്വാനം ചെയ്തു. അധികാരത്തിലിരിക്കുന്ന സ്വേച്ഛാധിപത്യ ശക്തികൾ സ്വദേശ-വിദേശ സ്വകാര്യ കോർപ്പറേറ്റ് ശക്തികളുമായി ചേർന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും എല്ലാ ജനാധിപത്യ സാമൂഹിക സംവിധാനങ്ങളേയും തകർക്കുന്നതിൽനിന്നും രാജ്യത്തെ രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഈ പ്രക്ഷോഭത്തിനുള്ളത്.
സാഹചര്യങ്ങൾ കൂടുതൽ കൂടുതൽ മോശമായി വരികയാണ്. വർദ്ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയാലും, നിലവിലുള്ള തൊഴിലുകളും ജീവനോപാധികളും ശീഘ്രഗതിയിൽ മുച്ചൂടും തകരുന്നതുകൊണ്ടും വൻതോതിലുണ്ടാകുന്ന തൊഴിൽ നഷ്ടവും ചേർന്ന് ഗ്രാമീണ മേഖലയിലും നഗരങ്ങളിലുമുളള തൊഴിലാളികളുടെയും, യുവാക്കളും വിദ്യാർത്ഥികളും അടങ്ങുന്ന മുഴുവൻ തലമുറയുടെയും ഭാവി അനിശ്ചിതത്വത്തിലേക്കും നിരാശയിലേക്കും എടുത്തെറിയപ്പെട്ടിരിക്കുകയാണ്. മഹാഭൂരിപക്ഷം ജനങ്ങളുടെയും വരുമാനം മനുഷ്യന് നിലനില്ക്കാൻ ആവശ്യമായ മിനിമം പരിധിയിൽനിന്ന് എത്രയോ താഴേക്ക് തള്ളപ്പെട്ടിരിക്കുകയാണ്.


നിയമപരമായ മിനിമം വേതനംതന്നെ ഇതിനകം അപര്യാപ്തമായിക്കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഫലമായി, പട്ടിണിയുടെ തീവ്രത, അതും തൊഴിലെടുക്കുന്നവരുടെ ഇടയിലുള്ള പട്ടിണിയുടെ തീവ്രത, ഭയാനകമായി വർദ്ധിക്കുവാനും 107 രാജ്യങ്ങൾ അടങ്ങുന്ന ലോക പട്ടിണി സൂചികയിൽ ഇന്ത്യ 101-ാം സ്ഥാനത്തേക്ക് തള്ളപ്പെടുവാനും ഇടവരുത്തിയിരിക്കുകയാണ്. ഇക്കാര്യത്തിൽ നമ്മുടെ അയൽ രാജ്യങ്ങളെക്കാളും പുറകിലായിരിക്കുകയാണ് ഇന്ത്യ.


കേന്ദ്രത്തിൽ ഇപ്പോഴുള്ള ഗവണ്മെന്റിന്റെ നയപരമായ എല്ലാ നീക്കങ്ങളും നടപടികളും ജനങ്ങളുടെ നിലനില്പിനുള്ള എല്ലാ അവകാശങ്ങളേയും സ്വദേശ വിദേശ സ്വകാര്യ കോർപ്പറേറ്റുകളുടെ താല്പര്യാർത്ഥം നിരന്തരം തിരിച്ചുപിടിക്കുക കയെന്ന ലക്ഷ്യം വച്ചുള്ളതാണ്. ആരോഗ്യ സേവനത്തിനുള്ള ജനങ്ങളുടെ അവകാശത്തെപ്പോലും സ്വകാര്യവൽക്കരണത്തിലൂടെ ഇല്ലാതാക്കുന്നു. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെക്കാളും വേഗത്തിൽ സാധാരണ ജനങ്ങൾ, ഓക്സിജന്റെയും ആശുപത്രി കിടക്കകളുടെയും മരുന്നുകളുടെയും അഭാവത്താൽ കൊല്ലപ്പെട്ടപ്പോൾ അത് നമ്മൾ കണ്ടതാണ്. ജനങ്ങൾക്ക് കോവിഡ് പ്രതിരോധവാക്സിൻ നൽകുന്നതും ആരംഭഘട്ടത്തിൽ സ്വകാര്യ വിപണിക്ക് തുറന്നുകൊടുക്കുകയാണ് ഗവണ്മെന്റ് ചെയ്തത്. എന്നാൽ പിന്നീട് പൊതുജനാഭിപ്രായത്തിന്റെ സമ്മർദ്ദത്തിലാണ് ഗവണ്മെന്റ് അതിൽനിന്ന് പിന്തിരിഞ്ഞത്. എന്നിരുന്നാലും കുത്തിവെയ്പിനുള്ള മരുന്നിന്റെ 25 ശതമാനവും സ്വകാര്യ മേഖലക്ക് സംഭരിക്കുവാനും ലാഭമടിക്കാനും ഇപ്പോഴും വിട്ടുകൊടുത്തിരിക്കുകയാണ്. രാജ്യത്തെ ജനസംഖ്യയിലെ 50 ശതമാനവും ദാരിദ്ര്യ രേഖക്ക് താഴെയാണ്. അവർ പരിതാപകരമായ അരക്ഷിതാവസ്ഥയിലും പട്ടിണിയിലും ദാരിദ്ര്യത്തിലും നരകിക്കുമ്പോൾ അവശ്യ സാധനങ്ങളുടെ വില അസഹനീയമായ തലത്തിലേക്ക് വാണംപോലെ കുതിച്ചുയരുകയാണ്. വിലക്കയറ്റം വെറുതെയങ്ങനെ ഉണ്ടാകുകയല്ല. മറിച്ച് സമൂഹത്തിലെ ഒരു ചെറുന്യൂനപക്ഷം വരുന്ന വൻകിടക്കാരായ ബിസ്സിനസ്സുകാരുടെ, കച്ചവടക്കാരുടെ,കോർപ്പറേറ്റുകളുടെ നേട്ടത്തിനുവേണ്ടി ഗവണ്മെന്റ് സാധാരണക്കാരിൽനിന്ന് നടത്തുന്ന ഭീകരവും വിവേചനപരവുമായ നികുതി പിരിവും മറ്റ് നയങ്ങളുംമൂലം സൃഷ്ടിക്കപ്പെട്ടതാണ്. പെട്രോളിന്റെയും, ഡീസലിന്റെയും, പാചക വാതകത്തിന്റെയും അതുപോലെ മറ്റ് ഇന്ധനങ്ങളുടെയും വിലകൾ, നിലവിലെ ക്രൂരമായ നികുതിഘടനവഴി ഏറെക്കുറെ ദിവസംതോറുമുള്ള വർദ്ധനവിനിടയാക്കുന്നു. തൽഫലമായി മറ്റു ചരക്കുകളുടെ വിലയും അതുപോലെ പൊതുഗതാഗതത്തിനും മറ്റുസേവനങ്ങൾക്കുമുള്ള ചാർജുകളും നിരന്തരം വർദ്ധിക്കുന്നതിനും ഇടവരുത്തിയിരിക്കുകയാണ്.

ഗവണ്മെന്റിന്റെ വരുമാനത്തിൽ ഏറെക്കുറെ പകുതി ഭാഗവും ഇന്ധനത്തിന് ചുമത്തുന്ന നികുതിയിൽനിന്നാണ് വരുന്നത്. അവശ്യ സാധനങ്ങളുടെമേൽ ഉയർന്ന നിരക്കിൽ ജിഎസ്‌ടിയിലൂടെ ചുമത്തുന്ന പരോക്ഷ നികുതിയും, വിദ്യാഭ്യാസം, ആരോഗ്യം, മരുന്നുകൾ ഉൾപ്പെടെയുള്ള ഏറെക്കുറെ എല്ലാ പൊതുസേവനങ്ങൾക്കും നൽകേണ്ട വർദ്ധിച്ച യൂസർ ചാർജുകളുമെല്ലാം എരിതീയിൽ വീണ്ടും വീണ്ടും എണ്ണ ഒഴിക്കുകയാണ്.


ഇതെല്ലാം കൂടിച്ചേർന്ന് ജനങ്ങളുടെ അരക്ഷിതാവസ്ഥയും പട്ടിണിയും വൻതോതിൽ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതി നോടൊപ്പം യാതൊരു ഉളുപ്പുമില്ലാതെ, നിലവിലെ ഗവണ്മെന്റ് കോർപ്പറേറ്റ് ടാക്സ് നിരന്തരം കുറക്കുകയും, വെൽത്ത് ടാക്സ് നിർത്തലാക്കുകയും, കോർപ്പറേറ്റുകൾ നൽകേണ്ട ചാർജുകൾക്കും നികുതികൾക്കും മൊറോട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, കടബാധ്യത തിരിച്ചടവിന് മനഃപൂർവ്വം വീഴ്ച വരുത്തുന്നവർക്ക് തിരിച്ചടവിനും മൊറോട്ടോറിയം പ്രഖ്യാപിച്ചിരിക്കുക യാണ്.

യഥാർത്ഥത്തിൽ, പ്രതിസന്ധി നിറഞ്ഞ ഈ മഹാമാരിയുടെ കാലത്ത് ഈ കോർപ്പറേറ്റുകൾ അവരുടെ സമ്പത്തില്‍ 40 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടാക്കിയിരിക്കുകയാണ്. അദ്ധ്വാനിച്ച് ജീവിക്കുന്ന ഭൂരിപക്ഷം ജനങ്ങളും നേരിട്ട ദൗർഭാഗ്യത്തിന്റെയും ദുരിതത്തിന്റെയും ചെലവിലാണ് അവർ ഇതുണ്ടാക്കിയിരിക്കുന്നത്.

അദ്ധ്വാനിക്കുന്ന ജനങ്ങൾ സൃഷ്ടിക്കുന്ന മൊത്തം അഭ്യന്തര ഉൽപ്പാദനത്തിന്റെ(ജിഡിപി) 70 ശതമാനവും ഒരു ശതമാനം വരുന്ന അതി സമ്പന്നർ കയ്യടക്കുമ്പോൾ ജനസംഖ്യയിലെ ഏറ്റവും താഴെയുള്ള 50 ശതമാനത്തിനു് ജിഡിപിയുടെ വെറും പത്ത് ശതമാനം മാത്രമാണ് ലഭിക്കുന്നത്. ഗവണ്മെന്റ് യഥാർത്ഥത്തിൽ കോർപ്പറേറ്റ് യജമാനന്മാർക്കുവേണ്ടി സാധാരണ ജനങ്ങൾക്കു നേരെ ഒരു യുദ്ധം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
സാധാരണക്കാർക്ക് നിലനില്ക്കുവാനുള്ള അടിസ്ഥാന ആവശ്യകത എന്ന നിലയിൽ സൗജന്യ റേഷനും 7500 രൂപ പ്രതിമാസ വരുമാന സഹായവും വരുമാന നികുതിയുടെ പരിധിയിൽ ഉൾപ്പെടാത്ത എല്ലാ കുടുംബങ്ങൾക്കും അനുവദിക്കണം എന്ന സംയുക്ത ട്രേഡ് യൂണിയൻ പ്രക്ഷോഭത്തിന്റെ ആവശ്യം അംഗീകരിക്കുവാൻ ഗവണ്‍മെന്റ് തയാറായിട്ടില്ല. സാമൂഹിക സുരക്ഷാ ഫണ്ട് കാലിയാണെന്ന പേരിൽ തൊഴിലുറപ്പ് ഫണ്ട്, സമഗ്ര ബാല വികസന പദ്ധതി(ഐസിഡിഎസ്) ഫണ്ട് എന്നിവയുെട വിഹിതം കുത്തനെ വെട്ടിക്കുറച്ചതുമെല്ലാം ഈ ഗവണ്മെന്റിന്റെ അഹങ്കാരത്തിന്റെയും കുറ്റകരവും മനുഷ്യത്വരഹിതവുമായ സമീപനത്തിന്റെയും പ്രതിഫലനങ്ങളാണ്.


രാജ്യവും ജനങ്ങളും ഈ ഭയാനകമായ സാഹചര്യത്തെ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിൽ കേന്ദ്ര ഗവണ്മെന്റ്, വളരെ ധൃതി പിടിച്ച് അതിന്റെ സ്വകാര്യ വൽക്കരണ പരിപാടികള്‍ വിവിധ മാർഗ്ഗങ്ങളിലൂടെ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്.

ഖനിജങ്ങൾ, ബാങ്ക്, ഇൻഷൂറൻസ് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങൾ, സുരക്ഷാപ്രധാന മേഖലകളായ പ്രതിരോധ വ്യവസായങ്ങൾ, വൻകിട തുറമുഖങ്ങൾ, പെട്രോളിയവും പ്രകൃതി വാതകവും, റയിൽവേ, വ്യോമയാനവും വിമാനത്താവളങ്ങളും, വൈദ്യുതി, സ്റ്റീൽ, എഞ്ചിനിയറിംഗ്, ഹൈവേകൾ, ടെലി കോം, തപാൽ സർവീസ്, കൽക്കരി ബ്ലോക്കുകൾ, തുടങ്ങി എല്ലാ ദേശീയ ഉൽപ്പാദന ആസ്തികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും വിറ്റ് തുലയ്ക്കുകയാണ്.

കൂടാതെ, സ്വകാര്യവൽക്കരണത്തെ സഹായിക്കുന്നതിനോടൊപ്പം കടം തിരിച്ചടവിൽ വീഴ്ച വരുത്തിയ കോർപ്പറേറ്റുകളെ സഹായിക്കുന്നതിനുവേണ്ടി ബാങ്ക് പാപ്പരത്വ കോഡ് 2016 വീണ്ടും ഭേദഗതി ചെയ്തു. കോർപ്പറേറ്റ് കുത്തകകൾ വായ്പയിലൂടെ ചോർത്തിയെടുത്ത ബാങ്ക് ഫണ്ടിന്റെ സിംഹഭാഗവും എഴുതിത്തള്ളാൻ അനുവദിക്കുന്ന തരത്തിലാണ് ഈ ഭേദഗതി. അതേസമയം വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ തൊഴിലാളികൾക്ക് ഈ തീരുമാനമെടുക്കൽ പ്രക്രിയയിൽ പ്രതിനിധീകരിക്കുവാൻ യാതൊരു അവസരവും നൽകിയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട താണ്. വായ്പാ തിരിച്ചടവ് വീഴ്ച വരുത്തിയ അതേ കോർപ്പറേറ്റുകൾക്ക് അനുകൂലമായി ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്നതിനുവേണ്ടി ബാങ്ക് ദേശസാൽക്കരണ നിയമം ഭേദഗതി ചെയ്യുവാനുള്ള ബില്ല് പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുവാനാണ് ഗവണ്മെന്റിന്റെ ഏറ്റവും ഒടുവിലത്തെ ശ്രമം.


സ്വകാര്യവൽക്കരണത്തിനായി ഗവണ്മെന്റ്കാട്ടിയ ഈ എടുത്തുചാട്ടം എത്രത്തോളം വിനാശകരമായി എന്നത് ഗവണ്മെന്റിന്റെ ഏറ്റവും ഒടുവിലത്തെ നീക്കത്തിൽനിന്നും മനസ്സിലാക്കാം. കഴിഞ്ഞ ഏഴര ദശാബ്ദക്കാലത്തിനുള്ളിൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച ഏറെക്കുറെ എല്ലാ അടിസ്ഥാന ആസ്തികളും സ്വകാര്യ വ്യക്തികൾക്ക് ലാഭംകൊയ്യുവാൻവേണ്ടി ഗവണ്മെന്റ് സൗജന്യമായി വിട്ടുകൊടുക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഗവണ്മെന്റിന് പകരമായി കിട്ടുന്നതാകട്ടെ, അവരുടെ കൈവശമുള്ള ന്യൂനപക്ഷം ഷെയറുകളും. ഇതിനെയാണു ദേശീയ ധനസമാഹരണ പൈപ് ലൈൻ പദ്ധതി(എന്‍എംപി) എന്ന് വിളിക്കുന്നത്. ഈ അടിസ്ഥാന ആസ്തികൾ ജനങ്ങൾക്ക് നഷ്ടപ്പെടുമെന്ന് മാത്രമല്ല, കോർപ്പറേറ്റുകൾ അനിവാര്യമായും യാതൊരു നിയന്ത്രണവുമില്ലാതെ യൂസർ ചാർജുകൾ വർദ്ധിപ്പിച്ച് അതിന്റെ ഭാരവും ജനങ്ങളുടെമേൽ ചുമത്തും. സ്വകാര്യ കോർപ്പറേറ്റുകൾക്ക് യാതൊരു നിക്ഷേപവും നടത്താതെതന്നെ യഥേഷ്ടം ലാഭമടിക്കാനുള്ള അവസരം ലഭിക്കും. തികഞ്ഞ കുറ്റകൃത്യമാണിത്. അല്ലെങ്കിൽ നമ്മുടെ ദേശീയ ആസ്തികൾ ഇപ്രകാരം കുത്തിക്കവരാൻ അനുവദിക്കാൻ പറ്റുമോ ? സമൂഹത്തിലെ അവശ വിഭാഗങ്ങളിൽപെടുന്ന ദളിതർ, ആദിവാസികൾ മറ്റു പിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് ഗവണ്മെന്റ് ജോലികൾക്കുള്ള സംവരണം എന്ന ഭരണഘടനാപരമായ അവകാശത്തേയുംകൂടി ഈ പ്രക്രിയ എടുത്തുകളയും.


സ്വകാര്യവൽക്കരണത്തിന്റെ നടപടികൾ ഉല്പാദന മേഖലയിലും സേവന മേഖലയിലും മാത്രമായി ഒതുക്കി നിർത്തുന്നില്ല. ഗവണ്മെന്റിന്റെ കീഴിലുള്ള എല്ലാ വകുപ്പുകളുടെയും ഭരണ സംവിധാനങ്ങളെ മുഴുവൻ വൻതോതിലുള്ള കരാർ വൽക്കരണത്തിലൂടെയും പുറം തൊഴിലിലൂടെയും സ്വകാര്യവൽക്കരിക്കാനുള്ള പ്ലാനുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ, മോദി ഗവണ്മെന്റിന്റെ ‘മിനിമം ഗവണ്മെന്റ്, മാക്സിമം ഭരണം’ എന്ന മുദ്രാവാക്യം ഗവണ്മെന്റിന്റെ എല്ലാ സംവിധാനങ്ങളെയും സ്വകാര്യവൽക്കരിച്ച് മൊത്തം ഭരണവും കോർപ്പറേറ്റുകളുടെ കൈപ്പിടിയിൽ ഒതുക്കുക എന്ന നിലയിലാണ് നടപ്പിലാക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അതുപോലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലുമുള്ള നഗരസഭാ ജീവനക്കാരും ഈ ആക്രമണം നേരിടുകയാണ്. ജീവനക്കാരുടെ പെൻഷൻ/സാമൂഹിക സുരക്ഷാ കരുതൽ നിക്ഷേപങ്ങൾ എന്നിവയെപ്പോലും സ്വകാര്യ കോർപ്പറേറ്റുകളുടെ കൊള്ളയടിയിൽനിന്നും ഒഴിവാക്കിയിട്ടില്ല.


കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് ജീവനക്കാർ ദേശീയ പെൻഷൻ സംവിധാനത്തിലൂടെ(എന്‍പിഎസ്) വൻ തോതിലുള്ള വരുമാന നഷ്ടത്തിന് വിധേയരായിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾക്കും വിഹിതമടക്കേണ്ട ഈ സംവിധാനം തന്നെയാണ് ബാധകമാക്കിയിരിക്കുന്നത്. ഇപ്പോൾ ദേശീയ പെൻഷൻ പദ്ധതിയിലുള്ള ഗവണ്മെന്റ് ജീവനക്കാരുടെയും ജനങ്ങളുടെയും മുഴുവൻ ഫണ്ടും പിഎഫ്ആര്‍ഡിഎ മേൽനോട്ടത്തിൽനിന്നും നിയന്ത്രണങ്ങളിൽനിന്നും എടുത്തു മാറ്റിയിരിക്കുകയാണ്. ദേശീയ പെൻഷൻ സ്കീമിലെ മുഴുവൻ ഫണ്ടും യഥാർത്ഥത്തിൽ, ഗവണ്മെന്റിന്റെ യാതൊരുവിധ നിയന്ത്രണവുമില്ലാത്ത ഒരു കോർപ്പറേറ്റ് സംവിധാനത്തിന്റെ കീഴിലോ അല്ലെങ്കിൽ സൊസൈറ്റി നിയമ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സൊസൈറ്റിയുടെ കീഴിലോ ആക്കുന്നതിനുവേണ്ടി പിഎഫ്ആര്‍ഡിഎ നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുകയാണ്. അതുവഴി ജീവനക്കാരുടെയും ജനങ്ങളുടെയും പെൻഷൻ സ്കീമിലും സാമൂഹിക സുരക്ഷ കരുതലിലുമുള്ള വൻതുക അതിരുവിട്ട ഊഹക്കച്ചവടത്തിനും അതുവഴി നാമമാത്രമായി മാത്രം ലഭിക്കുന്ന എന്‍പിഎസ് പെൻഷൻ ഇല്ലാതാക്കുവാനും ഇട വരുത്തും. നവലിബറൽ നയങ്ങൾക്ക് കീഴിൽ ജനങ്ങളെ കൊള്ളയടിക്കുന്ന നീചമായ പ്രവൃത്തി ഏതറ്റം വരെയും പോകും. ഇതേ രീതിയിലാണ് ജനസംഖ്യയിലെ 60 ശതമാനത്തിന്റെയും ജീവിത മാർഗ്ഗമായ കാർഷിക മേഖലയെ ഒരു പിടി വരുന്ന കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കുവാൻ അനുവദിക്കുന്ന മൂന്ന് കാർഷിക നിയമങ്ങൾ ഗവണ്മെന്റ് പാസ്സാക്കിയത്.
ഈ ക്രൂരവും വിനാശകരവുമായ നയങ്ങളെക്കുറിച്ച് മുഴുവനായി അറിവുള്ളതിനാൽ ഇതിന്നെതിരെ തുടക്കം മുതൽക്കുതന്നെ തൊഴിലാളി വർഗ്ഗം തുടർച്ചയായി പ്രക്ഷോഭം നടത്തിവരികയായിരുന്നു. രാജ്യത്തിനുവേണ്ടി നമ്മുടെ ദൗത്യം “ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ” എന്ന കാഹളം മുഴക്കിക്കൊണ്ടായിരിക്കണം. തൊഴിലാളിവർഗ്ഗ പ്രക്ഷോഭത്തിന് വലിയ വെല്ലുവിളികൾ നേരിടേണ്ടിവരും എന്നതിന് യാതൊരു തർക്കവുമില്ല. എന്നാൽ ഈ വെല്ലുവിളികളെയെല്ലാം നേരിട്ടുകൊണ്ടാണ് നമ്മുടെ യോജിച്ച പ്രക്ഷോഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.


സാമ്പത്തിക മേഖലയിൽ വിനാശകരമായ ഈ നയങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം, അടിസ്ഥാനപരമായി ഭരണഘടനാപരമായ ജനാധിപത്യ ഭരണ സംവിധാനങ്ങളെയും, പാർലമെന്റിന്റെ അവകാശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെയും ഗവണ്മെന്റ് ക്രമേണ ചവിട്ടിമെതിക്കുകയാണ്.

ഗവണ്മെന്റിന്റെ നയങ്ങൾക്കെതിരെയുള്ള അഭിപ്രായ പ്രകടനങ്ങളെ അടിച്ചമർത്തുന്നതിനുവേണ്ടി സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ദേശീയ കുറ്റാന്വേഷണ ഏജൻസി തുടങ്ങിയവയെ ഉപയോഗിച്ച് ആരെയും അറസ്റ്റുചെയ്യുവാനും രാജ്യദ്രോഹ വകുപ്പുകൾ ചേർത്ത് തടവിലിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനുംവേണ്ടി ഗവണ്മെന്റ് ഏറ്റവും പിന്തിരിപ്പനായ യുഎപിഎ നിയമം പാസ്സാക്കിയിരിക്കുകയാണ്.

ഇതോടൊപ്പംതന്നെ, ഗവണ്മെന്റിന്റെ ഒത്താശയോടെ, വർഗ്ഗീയ വിഭാഗീയ ശക്തികൾ, യഥാർത്ഥ വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനുവേണ്ടി, ജനങ്ങളെ വർഗ്ഗീയമായും-ജാതീയമായും ചേരിതിരിവ് സൃഷ്ടിച്ച് വിഭജിക്കുന്നതിന് തീവ്രമായി പരിശ്രമിക്കുകയാണ്.


നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ റദ്ദാക്കി നാല് ലേബർ കോഡുകള്‍ പാസ്സാക്കിയിരിക്കുകയാണ്. ഈ കോഡുകളാകട്ടെ, തൊഴിലുടമാവർഗ്ഗത്തിനുവേണ്ടി, മുഴുവൻ തൊഴിൽ സാഹചര്യങ്ങളും തൊഴിൽ-ട്രേഡ് യൂണിയൻ അവകാശങ്ങളും തകർത്തുകളയുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഗവണ്മെന്റ് ഒരു പടികൂടി കടന്ന് പ്രതിരോധ ഉൽപ്പാദന രംഗത്ത് കൂട്ടായ പ്രക്ഷോഭങ്ങളും പണിമുടക്ക് സമരങ്ങളും തടയുന്നതിനുവേണ്ടി പ്രതിരോധ വ്യവസായത്തെ ആവശ്യ സർവ്വീസായി പ്രഖ്യാപിക്കുകയും ഇത്തരത്തിലുള്ള നിരോധനങ്ങൾ പ്രതിരോധ ഉൽപ്പാദനവുമായി ബന്ധപ്പെട്ട വ്യവസായം എന്ന പേരുപറഞ്ഞ് ഏതു വിഭാഗം വ്യവസായങ്ങളിലേക്കും വ്യാപിപ്പിക്കുവാൻ ഗവണ്മെന്റിനെ അധികാരപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇത് യഥാർത്ഥത്തിൽ, അവരുടെ സ്വദേശ വിദേശ കോർപ്പറേറ്റ് യജമാനന്മാർക്ക് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനു വേണ്ടി(ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്) അദ്ധ്വാനിക്കുന്ന തൊഴിലാളികൾക്കുമേല്‍ യഥാർത്ഥ അടിമത്തത്തിന്റെ സാഹചര്യം അടിച്ചേൽപ്പിക്കലല്ലാതെ മറ്റൊന്നുമല്ല. ട്രേഡ് യൂണിയനുകൾ ഉയർത്തിയ എതിർപ്പുകളെയെല്ലാം അവഗണിച്ച് ഏകപക്ഷീയമായിട്ടാണ് ഗവണ്മെന്റ് ലേബർ കോഡുകളുടെ ചട്ടങ്ങൾ തീരുമാനിച്ചത്. തൊഴിലവകാശങ്ങൾ ഹനിക്കുന്ന കാര്യത്തിൽ കേന്ദ്ര ഗവണ്മെന്റും പല സംസ്ഥാന ഗവണ്മെന്റുകളും കോഡുകളെപോലും കടത്തിവെട്ടുന്ന വിധത്തിലാണ് ചട്ടങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.


ഇത്തരത്തിൽ സ്വേച്ഛാധിപത്യപരമായ കുതന്ത്രങ്ങളുമായി സാമ്പത്തികരംഗവും രാഷ്ട്രീയവ്യവസ്ഥയും ഭരണ സംവിധാനങ്ങളുമെല്ലാം മുന്നേറുമ്പോൾ, അദ്ധ്വാനിക്കുന്ന ജനങ്ങൾ അവരുടെ യോജിച്ച ഇടപെടലുകൾക്ക് ആക്കം വർദ്ധിപ്പിച്ച് ജീവിത ഉപാധികൾക്കും തൊഴിലിനും നേരെയുള്ള ഈ ആക്രമണങ്ങളെയും, ഭയാനകമായ വിധത്തിൽ വർദ്ധിച്ചുവരുന്ന പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുവാനും, ജനാധിപത്യത്തിനും ജനങ്ങളുടെ ഐക്യത്തിനും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുവാനും അതുവഴി നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ നാശത്തിൽനിന്ന് രക്ഷിക്കുവാനും മുന്നോട്ടുവരണം. കോർപ്പറേറ്റുകൾ ചലിപ്പിക്കുന്ന ഈ വിനാശകരമായ ഭരണത്തിന്നെതിരെയുള്ള സമരത്തില്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നിർണ്ണായകവും നേതൃത്വപരവുമായ പങ്ക് വഹിക്കണം. 2022ൽ നടക്കുന്ന അസംബ്ലി തെരെഞ്ഞെടുപ്പിലും, 2024ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിലും മത്സരിക്കുന്ന രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും, എല്ലാ പൗരന്മാർക്കും തൊഴിലും ജീവിക്കുവാനുള്ള വേതനവും, സൗജന്യമായ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനമുള്ള അവകാശവും ഭരണഘടനാപരമായ അവകാശമാക്കുമെന്ന് അവരുടെ മാനിഫെസ്റ്റോവിൽ ഉൾപ്പെടുത്തുവാനും അവർ അധികാരത്തിൽ വരുമ്പോൾ അത് നിറവേറ്റുമെന്ന് ജനങ്ങളുടെ മുമ്പാകെ പ്രതിജ്ഞയെടുക്കുവാനും നമ്മൾ ആവശ്യപ്പെടണം. ജനങ്ങളുടെ പ്രതിസന്ധിയേക്കാൾ അടുത്ത കാലത്ത് നടന്ന ഉപതെരെഞ്ഞെടുപ്പുകളിൽ ഭരണകക്ഷിക്കേറ്റ തിരിച്ചടിയാണ് പെട്രോൾ ഡീസൽ വില പെട്ടെന്ന് കുറക്കുവാനുള്ള കാരണം. നമ്മുടെ ഡിമാന്റുകൾ വിശേഷിച്ചും താഴെ പറയുന്നവ ഉയർത്തിയുള്ള നമ്മുടെ പ്രക്ഷോഭങ്ങൾക്ക് ആക്കം വർദ്ധിപ്പിക്കണം.

  1. ലേബർ കോഡുകൾ റദ്ദാക്കുക
  2. കാർഷിക നിയമങ്ങളോടൊപ്പം വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കുക.
  3. ദേശീയ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതി റദ്ദാക്കുക; ഒരു തരത്തിലുമുള്ള സ്വകാര്യവൽക്കരണവും അരുത്.
  4. ആദായ നികുതിയുടെ പരിധിയിൽ പെടാത്ത മുഴുവൻ കുടുംബങ്ങൾക്കും ആശ്വാസധനമായി പ്രതിമാസം 7500 രൂപ യും ഭക്ഷണവും അനുവദിക്കുക.
  5. തൊഴിലുറപ്പ് പദ്ധതി വിഹിതം വർദ്ധിപ്പിക്കുക; പദ്ധതി നഗര പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക.
  6. സാർവ്വത്രിക സാമൂഹിക സുരക്ഷ എല്ലാ അനൗപചാരിക തൊഴിലാളികൾക്കും ഏർപ്പെടുത്തുക.
  7. ആശ, അംഗൻവാടി, ഉച്ചഭക്ഷണ തൊഴിലാളികള്‍ക്ക് നിയമപരമായ മിനിമം വേതനവും സാമൂഹിക സുരക്ഷയും അനുവദിക്കുക.
  8. മഹാവ്യാധിയിൽ ജനങ്ങൾക്ക് മുൻനിര സേവനങ്ങൾ നല്കുന്ന തൊഴിലാളികൾക്ക് മതിയായ സംരക്ഷണവും ഇൻഷൂറൻസ് സുരക്ഷയും ഏർപ്പെടുത്തുക.
  9. ദേശീയ സമ്പദ്ഘടനയെ പുനഃരുജ്ജീവിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുംവേണ്ടി സമ്പന്നരുടെമേൽ നികുതി (സ്വത്ത് നികുതി) ചുമത്തി കൃഷി, വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള പൊതുസേവന രംഗങ്ങൾക്കുള്ള പൊതുനിക്ഷേപം വർദ്ധിപ്പിക്കുക.
  10. പെട്രോളിയം ഉൽപ്പന്നങ്ങളുടെമേലുള്ള കേന്ദ്ര എക്സൈസ് നികുതി കുറക്കുവാനും വില വർദ്ധനവ് തടയുവാനുമുള്ള പരിഹാര നടപടികൾ സ്വീകരിക്കുക.
    ഇവയോടൊപ്പം, കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും/അസോസിയേഷനുകളുടെയും സംയുക്ത വേദി മുൻപ് ഉയർത്തിയിട്ടുള്ള ഡിമാന്റുകളുംകൂടി ഉയര്‍ത്തിക്കൊണ്ട് 2022 മാര്‍ച്ച് 28, 29 തീയതികളിൽ രാജ്യവ്യാപകമായി ദ്വിദിന പൊതുപണിമുടക്ക് നടക്കുകയാണ്. പൊതുപണിമുടക്ക് ഒരു വൻ വിജയമാക്കുവാൻ പണിയെടുക്കുന്ന മുഴുവൻ തൊഴിലാളികളും പൊതുജനങ്ങളും മുന്നോട്ടുവരണമെന്നും, ഇപ്പോൾ നടന്നുവരുന്ന യോജിച്ച പ്രക്ഷോഭത്തിന് ആക്കം വർദ്ധിപ്പിച്ച് ജനങ്ങളെയും രാജ്യത്തെയും രക്ഷിക്കണമെന്നും തൊഴിലാളികളുടെ ദേശീയ കൺവൻഷൻ ആഹ്വാനം ചെയ്തു.

Share this post

scroll to top