ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ
ആവശ്യപ്പെട്ടതു പ്രകാരം എസ്യുസിഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് സമര്പ്പിച്ച നിവേദനം.
മാർക്സിസ്റ്റുകൾ എന്ന നിലയിൽ, എല്ലാവർക്കും ബാധകമായ ഏകീകൃത സിവിൽ നിയമം ഉണ്ടാകണമെന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. സമൂഹത്തെ ജനാധിപത്യവൽക്കരിക്കുക എന്ന ശാസ്ത്രീയ പ്രക്രിയയിലൂടെ എല്ലാ ജനവിഭാഗങ്ങളുടെയും അനുമതി ലഭ്യമാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞു വരുമ്പോൾ മാത്രമാണ് അത് സാധ്യമാക്കുക. യഥാർത്ഥ മതേതര ജനാധിപത്യ സംവിധാനം അതാണ് ആവശ്യപ്പെടുന്നത്. അനുകൂലമായ ഒരു സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് ഇന്ത്യയിൽ നിലവിലുള്ള സാഹചര്യം ഏകീകൃത സിവിൽ നിയമം നടപ്പിലാക്കാൻ പാകത്തിലുള്ളതാണോ ? അല്ല എന്നതാണ് യാഥാർത്ഥ്യം. ബഹുമത-വംശ-ദേശീയത രാഷ്ട്രമായ ഇന്ത്യയിൽ സാമൂഹ്യ-സാംസ്കാരിക വൈജാത്യങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. വിവാഹം, വിവാഹമോചനം, ദത്ത്, പിന്തുടർച്ച എന്നിവയ്ക്കൊക്കെ മതാഭിമുഖ്യവും വംശീയതയും പരിഗണിച്ചുള്ള വ്യത്യസ്ത നിയമങ്ങൾ ഇവിടെ നിലവിലുണ്ട്. മതം, ജാതി, വിശ്വാസം എന്നിവയുടെയൊക്കെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് മാർഗ്ഗനിർദേശം നൽകുന്ന വ്യക്തി നിയമങ്ങളും ഉണ്ട്. മതഗ്രന്ഥങ്ങളെയും ആചാരങ്ങളെയും ഒക്കെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിന്ദു മാര്യേജ് ആക്ട്, മുസ്ലിം വ്യക്തിനിയമം എന്നിവയൊക്കെ ഇത്തരത്തിലുള്ളതാണ്. വിവാഹം വിവാഹമോചനം ദത്ത് പിന്തുടർച്ച പാരമ്പര്യ സ്വത്തിനുള്ള അവകാശം എന്നിവയുടെയൊക്കെ കാര്യത്തിൽ ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, പാഴ്സികൾ, ഹിന്ദുക്കൾ, ആദിവാസികൾ എന്നിവരൊക്കെ വ്യത്യസ്തമായ കുടുംബ നിയമങ്ങളും ആചാരങ്ങളുമാണ് പിന്തുടരുന്നത്. വിവാഹം, വിവാഹമോചനം എന്നീ കാര്യങ്ങളിൽ ഹിന്ദുമതത്തിൽപ്പെട്ട വ്യത്യസ്ത ജാതിക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ രീതികളാണ് പിന്തുടരുന്നത്. ആദിവാസികൾക്കും ഇക്കാര്യങ്ങളിൽ വ്യത്യസ്ത നിയമങ്ങളുണ്ട്. കേന്ദ്ര നിയമമായ ക്രിമിനൽ നടപടിക്രമം 1973ലെ ചില വകുപ്പുകൾ വടക്ക് കിഴക്കൻ മേഖലയ്ക്ക് ബാധകമല്ല. ഗോവയിൽ മുസ്ലീങ്ങൾ പിന്തുടരുന്നത് മുസ്ലിം വ്യക്തി നിയമമല്ല, പോർച്ചുഗീസ് നിയമവും ശാസ്ത്രങ്ങളെ ആധാരമാക്കിയുള്ള ഹിന്ദു നിയമങ്ങളും ആണ്. മേഘാലയിലും നാഗാലാൻഡിലും ഇതുപോലുള്ള വ്യതിയാനങ്ങൾ കാണാം. ജമ്മു കാശ്മീരിൽപോലും ഹിന്ദുക്കൾ പാലിക്കേണ്ട നിയമം കേന്ദ്രനിയമത്തിൽ നിന്ന് വ്യത്യസ്തമാണ്. അതായത് പ്രസക്തമായ ഈ സവിശേഷ വശങ്ങൾ പരിഗണിക്കാതെ രാജ്യത്തിന് ആകെ ബാധകമായ ഒരു പൊതുനിയമം അടിച്ചേൽപ്പിക്കാനാകില്ല എന്നർത്ഥം. ഇത്തരം നിർണായക പ്രാധാന്യമുള്ള വിഷയങ്ങളിൽ എന്ത് പരിഷ്കാരം കൊണ്ടുവരണമെങ്കിലും ജനങ്ങൾക്കിടയിലുള്ള സാമൂഹ്യ സാംസ്കാരിക വൈജാത്യങ്ങൾ കണക്കിലെടുത്തുകൊണ്ടേ സാധ്യമാകൂ. ജനങ്ങളുടെ അനുമതിയും പൂർണസമ്മതവും ഒഴിവാക്കുന്ന ഏതൊരു നിർണായക പരിഷ്കാരവും ജനാധിപത്യത്തിന് അന്യമായിട്ടുള്ളതാണ്.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ട് ജനങ്ങൾക്കിടയിൽ ഇത്തരം ഭിന്നതകളും വൈജാത്യങ്ങളും മതം, വംശം, പ്രദേശം എന്നിവയുമായി ബന്ധപ്പെട്ട വ്യത്യസ്ത ആചാരങ്ങളും നിലനിൽക്കുന്നു എന്നതാണ് ഗൗരവപ്പെട്ട ചോദ്യം. സാമൂഹികവും ചരിത്രപരവുമായ കൃത്യമായ കാരണങ്ങൾ ഇതിന്റെ പിന്നിലുണ്ട് എന്നതാണ് വസ്തുത. നമ്മുടെ സ്വാതന്ത്ര്യ സമരം, മതത്തിന്റെ, വിശിഷ്യ ഹിന്ദുമതത്തിന്റെ സ്വാധീനത്തിൽനിന്ന് മുക്തമായിരുന്നില്ലെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മതാഭിമുഖ്യം പുലർത്തിയ ഈ ദേശീയവാദം മുസ്ലിങ്ങളുടെ വിശാല വിഭാഗങ്ങളെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ നിന്ന് അകറ്റി. ഒരു മതേതര ജനാധിപത്യ സമൂഹത്തിന് നിരക്കാത്ത തരത്തിലുള്ള ഇസ്ലാമിക ആചാരങ്ങൾ മുറുകെപ്പിടിക്കാൻ ഇത് അവർക്ക് പ്രേരകമായി.
ദേശീയവാദികളും മുസ്ലീങ്ങളും തമ്മിലുള്ള വിടവ് വർദ്ധിക്കാൻ ഇത് ഇടയാക്കി. മാത്രമല്ല, സ്വാതന്ത്ര്യസമര നേതൃത്വത്തിൽ ഉയർന്ന ജാതി ഹിന്ദുക്കളുടെ മേധാവിത്വം നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ, ഹിന്ദുക്കളിലെ താഴ്ന്ന ജാതിക്കാരെന്നു വിളിക്കപ്പെട്ടിരുന്ന, ഇന്ന് ദളിതരെന്നറിയപ്പെടുന്ന വലിയൊരു വിഭാഗവും ആദിവാസി വിഭാഗങ്ങളും ക്രിസ്തുമതത്തിലും മറ്റും പെട്ട വിശേഷ അവകാശങ്ങൾ ഒന്നും ഇല്ലാതിരുന്ന വിഭാഗങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയിൽനിന്ന് അകന്നുനിന്നു. രണ്ടാമതായി, വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന വൈജാത്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഒക്കെ ദൂരീകരിച്ച് ഏകാത്മകമായ ഒരു ഇന്ത്യൻ ദേശീയ സ്വത്വം ഉയർന്നു വരാൻ സഹായകമാകുമായിരുന്ന, സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം നടന്നതുമില്ല. നമ്മുടെ സ്വാതന്ത്ര്യസമരം വൈകല്യങ്ങളോടെയും പാതിവെന്ത നിലയിലുമാണ് പര്യവസാനിച്ചത്. സാമൂഹ്യ- സാംസ്കാരിക പരിഷ്കാരങ്ങൾ ഒന്നും അതിന് ഏറ്റെടുക്കാനായില്ല. അതുകൊണ്ടുതന്നെ ജന്മിത്ത യാഥാസ്ഥിതികത്വത്തിൽ ഉടലെടുക്കുന്നതും ഊട്ടി വളർത്തപ്പെട്ടതുമായ കാലഹരണപ്പെട്ട ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, മതശാസനകൾ, മതപരമായ പിന്നാക്കാവസ്ഥ, അന്ധവിശ്വാസങ്ങൾ എന്നിവയിൽനിന്നൊന്നും മുക്തരാകാൻ ഇന്ത്യൻ ജനസാമാന്യത്തിന് അവസരം ലഭിച്ചതുമില്ല.
ഈ ഭിന്നതകളും വൈരുദ്ധ്യങ്ങളും അന്ധവിശ്വാസങ്ങളും മുൻവിധികളുമൊക്കെ ഇന്നും നിലനിൽക്കുന്നു. ജനമനസ്സിൽ അവ ആഴത്തിൽ വേരോടിയിരിക്കുന്നു. ഇവയെ ഉന്മൂലനം ചെയ്യാനുള്ള ഒരു സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനത്തിന് സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളും മുൻകൈ എടുത്തില്ല എന്നതുതന്നെ കാരണം. എന്നുമാത്രമല്ല ഖേദകരമെന്നു പറയട്ടെ, ഈ പിന്നാക്കവും കാലഹരണപ്പെട്ടതും പിന്തിരിപ്പനുമായ ചിന്താഗതികൾ ജനമനസ്സുകളിൽ രൂഢമൂലം ആക്കാൻ ആണ് കക്ഷിഭേദമെന്യേ എല്ലാ ഭരണകർത്താക്കളും ശ്രമിച്ചത്. അതിനാൽ രാഷ്ട്രീയമായി നമ്മൾ ഒറ്റ രാഷ്ട്രമായി എങ്കിലും മതം, ജാതി ,ഭാഷ, വംശം തുടങ്ങിയവയുടെ കാര്യത്തിൽ ജനങ്ങൾക്കിടയിലുള്ള അനൈക്യം തുടരുക തന്നെ ചെയ്തു. അതായത്, പലതരത്തിലുള്ള വിശ്വാസങ്ങൾ വച്ചുപുലർത്തുന്നവരും വിവിധങ്ങളായ ആചാരങ്ങൾ പിന്തുടരുന്നവരുമായ വ്യത്യസ്ത ജനവിഭാഗങ്ങളെ ഒരു ഏകാത്മക സമൂഹമായി ഉദ്ധരിച്ചെടുക്കുക എന്ന പരമപ്രധാനമായ കർത്തവ്യം നിറവേറ്റപ്പെടാതെ പോയി. സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള ഒരു സാമൂഹ്യ-സാംസ്കാരിക വിപ്ലവത്തിന്റെ അഭാവമാണ് ഇതിനു കാരണമായത്. ഇന്നത്തെ ഭരണകർത്താക്കളുടെ വികലമായ നയങ്ങളും പരിപാടികളും മൂലം ജാതി-മത-വംശീയ ഭിന്നതകൾ ശമിക്കുന്നതിന് പകരം അവ തീവ്രതരമാകുന്നതാണ് അടുത്തിടെയായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
ഇതുമാത്രമല്ല, എല്ലാത്തരം മതപരമായ സങ്കീർണതകൾക്കും ഉപരിയായി, എല്ലാ വിഭാഗീയതകൾക്കും അതീതമായി നിലകൊള്ളേണ്ടതിനു പകരം സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികൾ ഹിന്ദുമത മൂല്യങ്ങളുടെ പ്രചാരകരാകുകയും ഇന്ത്യൻ ദേശീയതയ്ക്ക് ഒരു ആത്മീയാടിത്തറ പ്രദാനം ചെയ്യുന്നതിനായി ഇതിഹാസങ്ങളെയും പുരാണങ്ങളെയുമൊക്കെ ഉയർത്തി കാണിക്കുകയും ചെയ്തു. ഈ പരിമിതി മൂലം നമ്മുടെ ദേശീയത ഫലത്തിൽ ഒരു ഹിന്ദു ദേശീയതയായി പരിണമിക്കുന്ന സാഹചര്യമുണ്ടായി.
ഹിന്ദുക്കളാകെ ഒരു വ്യക്തി നിയമമാണ് പിന്തുടരുന്നത് എന്നൊരു മിഥ്യാധാരണ സ്ഥാപിതതാല്പര്യക്കാർ പടച്ചുവിട്ടിട്ടുണ്ട്. ഇത് സത്യമേയല്ല. ഹിന്ദു ലോ കമ്മിറ്റി 1947ൽ തയ്യാറാക്കിയ ഹിന്ദു കോഡ് ബില്ലിലൂടെ പല പരിഷ്കാരങ്ങളും കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ബഹുഭാര്യാത്വം, പെൺമക്കൾക്ക് സ്വത്തിലുള്ള അവകാശം തുടങ്ങി പല കാര്യങ്ങളിലും നിലവിലെ സമ്പ്രദായങ്ങളിൽ മാറ്റം വരുത്താൻ കഴിഞ്ഞു. ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്തില്ലെങ്കിലും വിവാഹത്തിന് നിയമസാധുതയുണ്ട്. ഒരു അഗ്നികുണ്ഡത്തിന് ചുറ്റും വധൂവരന്മാർ ഏഴ് വലത്തു വെച്ചാൽ മതിയായിരുന്നു. ഈ ചടങ്ങുകളിൽ ചിലത് ഒഴിവാക്കി വിവാഹം നടത്തിയാൽ അയാൾക്ക് വീണ്ടും വിവാഹം കഴിക്കാം. നിയമത്തെ കബളിപ്പിക്കാനും സാമൂഹികമായ അംഗീകാരം രണ്ടാം വിവാഹത്തിന് നേടിയെടുക്കാനും ഇതിലൂടെ കഴിയുന്നു. അതുകൊണ്ടാണ് ബഹുഭാര്യാത്വം ഹിന്ദുമതത്തിൽ നിരോധിച്ചിട്ടുള്ളതാണെങ്കിലും ഒരു വിഭാഗം ഹിന്ദുക്കളുടെ ഇടയിൽ ഇത് നിലനിൽക്കുന്നത്. അതുപോലെതന്നെ, പല ഹിന്ദുക്കളും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള നിയമമല്ല, ആചാരപരമായ നിയമങ്ങളാണ് പിന്തുടരുന്നത്. ഉദാഹരണത്തിന്, അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം ഉത്തരേന്ത്യയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ ചില സ്ഥലങ്ങളിൽ നിലവിലുണ്ട്. മുസ്ലീങ്ങൾക്കിടയിലും ഇത് കാണാം. ഹിന്ദുമതത്തിന്റെ ശുദ്ധി കാത്തു പുലർത്താനും പാരമ്പര്യവും സംസ്കാരവും നിലനിർത്താനും എന്നൊക്കെപ്പറഞ്ഞ് അനുഷ്ഠിക്കുന്ന പല കാര്യങ്ങളും, പുരുഷാധിപത്യവും സ്ത്രീകൾക്കുമേലുള്ള അടിച്ചമർത്തലും മതവിശ്വാസത്തോട് അന്ധമായ കൂറ്പുലർത്തു ന്നതുമൊക്കെ ന്യായീകരിക്കുന്നതിനുള്ള ഉപാധികളാണ്. ഹിന്ദുമതം എന്ന പേരിൽ ഇന്ന് ആനയിക്കുന്ന ഹിന്ദുത്വ ആശയങ്ങളും അനിഷേധ്യവും പരമവുമാണെന്നും ഇക്കൂട്ടർ വാദിക്കുന്നു.
മറുവശത്ത്, മുസ്ലിം വ്യക്തിനിയമം പരിപാവനമെന്ന് വാദിക്കുന്ന ഇസ്ലാമിക മൗലികവാദികളുടെ സ്വരത്തിലും ഇതിന് സമാനമായ നിലപാട് ദർശിക്കാനാകും. മുസ്ലിം വ്യക്തിനിയമം പരിശുദ്ധ ഖുർആനിൽ രേഖപ്പെടുത്തിയിട്ടുള്ളതാണോ, അതോ ശരീഅത്തിൽ നിന്ന് രൂപം നൽകിയതാണോ ? ശരീഅത്തും പരിശുദ്ധ ഖുർആനും ഒന്നു തന്നെയാണോ ? അല്ല. ശരീഅത്ത് ‘ദൈവിക പരിവേഷം’ അവകാശപ്പെടാവുന്നതേ അല്ല. ഇസ്ലാം മതം അറേബ്യൻ മണ്ണിൽനിന്ന് മറ്റ് ഇടങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങിയതോടെ പ്രത്യക്ഷപ്പെട്ട പുതിയ സാമൂഹ്യ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടി വന്നു. വിശുദ്ധ ഗ്രന്ഥത്തിൽ അവകാശവും ധാർമിക ശേഷിയുമുള്ള വ്യക്തിത്വങ്ങളെ ഉപദേശങ്ങൾക്കായി ജനങ്ങൾ സമീപിച്ചു. സ്വന്തം ധാരണയ്ക്ക് അനുസരിച്ച് ഈ പണ്ഡിതന്മാർ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. ഇവ ക്രോഡീകരിച്ചുണ്ടാക്കിയതാണ് ശരീഅത്ത്. ഷിയാ, സുന്നി വിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്.
മതശാസനങ്ങളെയും ആചാരങ്ങളെയും ‘ദൈവഹിതം’ എന്ന് ശഠിക്കുന്ന, മതസംരക്ഷകരായി ഭാവിക്കുന്നവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ഇവരെല്ലാം ഒരേ സമീപനം വച്ചുപുലർത്തുന്നവരാണ് എന്നത് ശ്രദ്ധേയമാണ്.
ഏകീകൃത സിവിൽ കോഡ് എന്നത് സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന്റെ അഭാവത്തിൽ സാധ്യമായ ഒരു ശ്രമം എന്ന നിലയിൽ സദുദ്ദേശത്തോടെ കാര്യങ്ങൾ വീക്ഷിക്കുന്നവരുടെ ചുവടുവെപ്പാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുക. ഒരു യഥാർത്ഥ മതേതര രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് ഒരേപോലെ ബാധകമായ നിയമങ്ങളാണ് ഉണ്ടാകേണ്ടത്. മതം വ്യക്തിയുടെ വിശ്വാസത്തിന്റെ വിഷയമായേ നീതിന്യായ സംവിധാനത്തിന് കാണാനാകൂ. മതവിശ്വാസികളായാലും അവിശ്വാസികളായാലും സ്ത്രീകളെയും പുരുഷന്മാരെയും വിവേചിച്ച് കാണാനാകില്ല. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സാമൂഹികമായ ബന്ധത്തെയാണ് വിവാഹം കുറിക്കുന്നത്. ജീവിതത്തെ കുറിച്ചുള്ള ജനാധിപത്യപരമായ വീക്ഷണം അതാണ്. പരസ്പരം മൂല്യങ്ങളെയും അന്തസ്സിനെയും മാനിച്ചുകൊണ്ടുള്ളതാകും ആ ബന്ധം. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിവാഹബന്ധത്തിന്റെ അടിസ്ഥാനമായിരിക്കണം. മതം, ജാതി, വംശം എന്നിവയൊന്നും അവിടെ വിലങ്ങു തടിയാകാൻ പാടില്ല. എന്നാൽ, വ്യത്യസ്ത വിഭാഗക്കാർ തമ്മിലുള്ള വിവാഹം, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, മത ശാസനങ്ങളുടെ ബാധ്യത പേറാതെ ജീവിക്കാനുള്ള അവസരം, പരസ്പരം അന്തസ്സിനെ മാനിച്ചുകൊണ്ട് ജീവിക്കൽ, സ്ത്രീ-പുരുഷ ഭേദമില്ലാതിരിക്കൽ, വിവിധ വിശ്വാസക്കാർക്ക് ഒരേ പരിഗണന എന്നിവയൊക്കെ ഉറപ്പാക്കാൻ കഴിയണമെങ്കിൽ, എല്ലാ വിഭാഗം ജനങ്ങളുടെയും സ്വമേധയായുള്ള സമ്മതവും അംഗീകാരവും നേടി രൂപീകരിക്കുന്ന പൊതുവായ നിയമങ്ങളും ചട്ടങ്ങളും നിലവിൽ വരേണ്ടതുണ്ട്.
ഇന്നത്തെ ഇന്ത്യൻ സമൂഹം ഈ മുന്നുപാധികള് പൂർത്തീകരിച്ചിട്ടുണ്ടോ ? ഏകീകൃത സിവിൽ കോഡിന്റെ സത്ത ശരിയായി മനസ്സിലാക്കിയിരുന്നെങ്കിൽ, ‘ലൗ ജിഹാദ് ‘ പോലുള്ള വിഡ്ഢിത്തങ്ങള് എഴുന്നള്ളിക്കല്, ദുരഭിമാനക്കൊല, വ്യത്യസ്ത മതക്കാരുടെ വിവാഹം ഭരണകൂടം തന്നെ തടയൽ, പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾ എന്നിവയൊക്കെ ഇങ്ങനെ നിർബാധം നടക്കുമായിരുന്നോ? ജാതി, മതം, വംശം, ലിംഗം എന്നിവയൊന്നും പരിഗണിക്കാതെ ഒരു രാജ്യത്തെ പൗരന്മാർക്ക് മുഴുവൻ ഒറ്റ നിയമം ബാധകമാക്കണമെന്ന് ആവശ്യപ്പെടുമ്പോൾ തന്നെ ന്യൂനപക്ഷങ്ങൾക്കു മേലുള്ള പരസ്യമായ വിദ്വേഷ പ്രചാരണങ്ങളും കൊലപാതകങ്ങളും അരങ്ങേറുമായിരുന്നോ? അങ്ങനെ നോക്കുമ്പോൾ, വിവാഹം, വിവാഹമോചനം, ദത്ത്, പിന്തുടർച്ചാവകാശം എന്നിവയുടെയൊക്കെ കാര്യത്തിൽ എല്ലാ മതവിശ്വാസികൾക്കും ഒരുപോലെ ബാധകമാകുന്ന ഒറ്റ നിയമം ഈ സന്ദർഭത്തിൽ സാധ്യമാണോ? ഒരു നല്ല നിർദ്ദേശം എന്ന് കരുതാനുള്ള എന്തെങ്കിലും സാധ്യത അതിനുണ്ടോ ? ഞങ്ങൾ ഏതായാലും അങ്ങനെ കരുതുന്നില്ല. മണിപ്പൂർ രക്തരൂക്ഷിതമായ വംശീയ കലാപങ്ങൾക്കും രാജ്യമാകെ ജാതിയുടെയും മതത്തിന്റെയുമൊക്കെ പേരിലുള്ള സംഘർഷങ്ങൾക്കും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുമ്പോൾ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ പക്വമായ സാഹചര്യമാണോ?
ഏകീകൃത സിവിൽ കോഡ് വരുന്നതോടെ വ്യക്തി നിയമങ്ങൾ അപ്രസക്തമാകും എന്നാണ് പൊതുവേ കരുതുന്നത്. വർഗീയശക്തികളും മതമൗലികവാദികളും ജാതി കോമരങ്ങളും യാഥാസ്ഥിതികത്വവും ഒക്കെ അരങ്ങുവാഴുന്ന ഇന്നത്തെ ഇന്ത്യയിൽ ഇത് സംഭവിക്കുമോ? ജനാധിപത്യവൽക്കരണ പ്രക്രിയയിലൂടെ ഇത്തരം ആകുലതകളും പിടിവാശികളും ആദ്യം നീക്കം ചെയ്യേണ്ടതില്ലേ? ബലപ്രയോഗത്തിലൂടെ ഏകതാനത കൈവരിക്കാനാവില്ല. അതിന് ജനാധിപത്യ മൂല്യങ്ങളിലും ധാർമികതയിലും സദാചാരബോധത്തിലും അടിസ്ഥാനപ്പെടുത്തിയ നിരന്തരമായ പ്രേരണ ആവശ്യമുണ്ട്. അതിന് ഭരണകൂടം ആദ്യം യഥാർത്ഥ മതേതര സങ്കൽപ്പങ്ങളെ മാനിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഭരണം നടത്തുകയും വേണം.
അനൈക്യം വളർന്നുകൊണ്ടിരിക്കുമ്പോൾ ഐക്യത്തിന്റെ നിയമങ്ങൾ കുത്തിവയ്ക്കാൻ കഴിയുന്നതെങ്ങനെ? അത് വിവേകപൂർവ്വമായ നടപടിയാകുമോ? ഏകീകൃത സിവിൽ കോഡിന്റെ ന്യായയുക്തതയും അത് നടപ്പിലാക്കേണ്ടതിന്റെ സാമൂഹ്യ ആവശ്യകതയും പിന്തിരിപ്പൻ ശക്തികളുടെ സങ്കുചിതവും വിഭാഗീയവുമായ താല്പര്യങ്ങൾക്കെല്ലാം അതീതമായാണ് നടപ്പിലാക്കുക എന്നതും ആദ്യം ബോധ്യപ്പെടണം. അല്ലാതെ ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാൻ തുനിഞ്ഞാൽ രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന അനൈക്യവും അവിശ്വാസവും സ്വരച്ചേർച്ച ഇല്ലായ്മയുമൊക്കെ അധികരിക്കാനേ അതിടയാക്കൂ.
ഭരണഘടന നിർമ്മാണ സമിതിയിൽ ഏകീകൃത സിവിൽ കോഡ് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച വന്നെങ്കിലും കേവലം ചർച്ചയും വോട്ടിംഗുംകൊണ്ട് നടപ്പിലാക്കാൻ കഴിയുന്നതല്ല അതെന്നും രാജ്യത്തെ സാഹചര്യം അതിന് പാകമായിട്ടില്ലെന്നുമാണ് വിലയിരുത്തപ്പെട്ടത്. അതായത് ഏകീകൃത സിവിൽ കോഡ് ഫലപ്രദമാകില്ലെന്ന അവരുടെ ആശങ്ക വളരെ ശരിയായിരുന്നു. അതുകൊണ്ടാണ് അത് ‘നിർദ്ദേശക തത്വങ്ങളി ‘ൽ ഉൾപ്പെടുത്തിയത്. ഒരു ഏകീകൃത സിവിൽ കോഡ് രാജ്യത്ത് ആകെ ബാധകമാക്കുന്നത് അഭികാമ്യമാണെങ്കിലും അതിന് ആദ്യം വേണ്ടത് ദുർബല വിഭാഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുകയും വിവിധ മത-ജാതി-വംശ വിഭാഗങ്ങൾക്കിടയിൽ ശരിയായ പ്രക്രിയയിലൂടെ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുകയും ആണെന്ന് സമിതി അധ്യക്ഷൻ ഡോ.ബി.ആർ.അംബേദ്കർ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. തുല്യ പൗരത്വം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ 44 ഉൾപ്പെടുത്തിയെങ്കിലും അത് സ്വമേധയാ പാലിക്കേണ്ടത് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. അത് നിർബന്ധമാക്കുന്നതുവരെ അപ്പോൾ സമീപനം എന്തായിരിക്കണം? ഇവിടെയാണ് ആർട്ടിക്കിൾ 35 കടന്നുവരുന്നത്. നിയമങ്ങൾ നിർമ്മിക്കാനും പ്രത്യേകമായ ചില മൗലികാവകാശങ്ങൾക്ക് രൂപംനൽകാനും സംസ്ഥാന നിയമസഭകൾക്കല്ല പാർലമെന്റിനു മാത്രമാണ് അധികാരം എന്ന് ഈ വകുപ്പ് പറയുന്നു.
2016ൽ രൂപീകരിച്ച 22-ാം ലോ കമ്മീഷൻ അഭിപ്രായപ്പെട്ടത് “എകീകൃത സിവിൽ നിയമം അത്യാവശ്യമോ അഭികാമ്യമോ അല്ല” എന്നാണ്. ലിംഗപരമായ വിവേചനവും അസമത്വവും അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്ന് ശുപാർശ ചെയ്യുകയും ഉണ്ടായി എന്നതും പ്രധാനമാണ്. കമ്മീഷന്റെ നിരീക്ഷണം ഇപ്രകാരമായിരുന്നു: “ഒരു ഏകീകൃത സിവിൽ കോഡ് എന്നതിനേക്കാൾ, അത് ഈ ഘട്ടത്തിൽ അത്യാവശ്യമോ അഭികാമ്യമോ അല്ല, വിവേചനപരമായ നിയമങ്ങളുടെ കാര്യമാണ് ഈ കമ്മീഷൻ കൈകാര്യം ചെയ്തത്. മിക്ക രാജ്യങ്ങളും ഇപ്പോൾ വ്യത്യസ്തതകളെ അംഗീകരിക്കാൻ തയ്യാറാവുകയാണ്. വ്യത്യസ്തതകൾ നിലനിൽക്കുന്നു എന്നതിനർത്ഥം വിവേചനമുണ്ട് എന്നല്ല, അതൊരു ബലിഷ്ഠമായ ജനാധിപത്യത്തിന്റെ സൂചനയാണ്. ” കൺസൾട്ടേഷൻ പേപ്പറിന്റെ ഒന്നാം പേജിൽ തന്നെ കമ്മീഷൻ പറയുന്നത് ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിൽ ഏക അഭിപ്രായം ഉണ്ടായില്ലെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ ചെയ്യേണ്ടത് മൗലികാവകാശങ്ങൾക്ക് വിരുദ്ധമാകാത്തവണ്ണം “വൈവിധ്യങ്ങൾ നിലനിർത്തുക”യാണെന്നുമത്രേ. കൺസൾട്ടേഷൻ പേപ്പർ പറയുന്നു: “ഏകീകൃത സിവിൽ നിയമത്തിന്റെ കാര്യത്തിൽ ഏക അഭിപ്രായം ഉണ്ടാകാത്തിടത്തോളം അവലംബിക്കാവുന്ന ഏറ്റവും നല്ല കാര്യം വ്യക്തിനിയമത്തിലെ വൈവിധ്യം നിലനിർത്തുകയും എന്നാൽ അത് ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമാകില്ലെന്ന് ഉറപ്പുവരുത്തുകയും ആണെന്ന് കമ്മീഷൻ കരുതുന്നു.”
21-ാം ലോ കമ്മീഷന്റെ നിരീക്ഷണം വസ്തുനിഷ്ഠമാണെന്ന് ഞങ്ങൾ കരുതുന്നു. ആ നിരീക്ഷണത്തെ സംബന്ധിച്ച് ഒരു ചർച്ച ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ് ? എന്നാൽ മൂന്നുവർഷം കഴിഞ്ഞു എന്ന ഒറ്റ കാരണം പറഞ്ഞ് അത് പാടെ അവഗണിക്കുകയും പുതിയൊരു കമ്മീഷൻ രൂപീകരിക്കുകയും ചെയ്തതിന്റെ അടിയന്തര സാഹചര്യം എന്തായിരുന്നു ? 21-ാം കമ്മീഷന്റെ നിഗമനം തെറ്റായിരുന്നു എന്ന് യുക്തിഭദ്രമായി സമർപ്പിക്കുന്നതിൽനിന്ന് ഗവൺമെന്റിനെ തടഞ്ഞത് എന്താണ് ? അത് മൂടിവയ്ക്കുകയും പുതിയൊരു കമ്മീഷന് രൂപം കൊടുക്കുകയും ആ കമ്മീഷൻ അതേ വിഷയംതന്നെ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന തരത്തിൽ കാര്യങ്ങൾ നീക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിച്ചത് എന്താണ് ?
വൈവിധ്യങ്ങളുടെയും മതസംബന്ധമായ പ്രശ്നങ്ങളുടെയും കാര്യത്തിൽ നിയമപരമായി പരിഹാരം കണ്ടെത്താമെന്നാണ് ചിലർ കരുതുന്നത്. ഏതെങ്കിലും മതപരമോ വംശീയമോ ആയ സ്വത്വം സംരക്ഷിക്കുന്നതിന്റെ പ്രശ്നം എന്ന നിലയിൽ അല്ലാതെ ഈ വിഷയത്തെ സമീപിക്കേണ്ടതുണ്ട്. അതൊരു നിയമ യുദ്ധത്തിന്റെ പ്രശ്നം മാത്രവുമല്ല. എന്തെങ്കിലും തരത്തിലുള്ള ഒരു അടിച്ചേൽപ്പിക്കല്, അത് നിയമനിർമാണത്തിന്റെ രൂപത്തിലായാലും, ഉണ്ടായാൽ അത് മൗലികവാദ ശക്തികളുടെ കൈയിൽ വടിവെച്ചു കൊടുക്കുന്നതിന് സമമായിരിക്കും. മതവിശ്വാസത്തിനുള്ള അവകാശത്തിനുമേൽ കൈകടത്തിയതായി ചിത്രീകരിച്ചുകൊണ്ട് മതവിശ്വാസം മുതലെടുത്ത് അവർ ജനങ്ങളെ ഇളക്കിവിടും. മാറ്റത്തിനായുള്ള ആവശ്യം ദുരിതമനുഭവിക്കുന്നവരിൽനിന്ന് ബോധപൂർവ്വം ഉയർന്നുവരേണ്ടതുണ്ട്. നിയമപരം എന്നതിനേക്കാൾ നീതിയുക്തതയ്ക്കാണ് പ്രാധാന്യം എന്ന കാര്യം നാം എപ്പോഴും ഓർക്കണം. എല്ലാ നിയമങ്ങളും മനുഷ്യൻ ഉണ്ടാക്കിയതാണ്. സാമൂഹ്യപുരോഗതിക്കായുള്ള മനുഷ്യന്റെ മുന്നേറ്റത്തിന് ഇടയിൽ സാമൂഹ്യ ആവശ്യകതകളെ മുൻനിർത്തിയാണ് ഓരോ നിയമങ്ങൾ നിലവിൽ വന്നത്. കാലം ചെല്ലുംതോറും ഈ നിയമങ്ങളിൽ പലതും മാറ്റി, പലതും ഉപേക്ഷിച്ചു. മാറിയ സാഹചര്യത്തെ അഭിമുഖീകരിക്കുന്നതിനാണ് അങ്ങനെ ചെയ്തത്. നീതിയുക്തമായി അനുഭവപ്പെട്ടതിന് നിയമരൂപം നൽകി എന്ന് പറയാം. അതുകൊണ്ടുതന്നെ ഏതെങ്കിലും നിയമം പാവനമെന്നോ മാറ്റാനാവാത്തതെന്നോ കരുതേണ്ട ആവശ്യമെന്താണ് ?
മേൽപ്പറഞ്ഞതിൽനിന്ന്, അന്ധവിശ്വാസം, മതപരമോ വംശീയമോ ആയ അയവില്ലായ്മ, സ്പർദ്ധ, അവിശ്വാസം തുടങ്ങിയവയോടുള്ള ആഭിമുഖ്യം ക്രമേണ ഇല്ലായ്മ ചെയ്യാൻ ഉതകുന്ന ഒരു ശാസ്ത്രീയ പ്രക്രിയ അവലംബിച്ചതിനു ശേഷം മാത്രമേ ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ചിന്തിക്കാനാകൂ എന്ന് വ്യക്തമാണ്. വ്യാപകമായ ചർച്ചകൾ, പ്രേരണകൾ, ശരിയായ സമീപനം സ്വീകരിക്കാൻ മനസ്സുകളെ പ്രാപ്തമാക്കുന്ന വിധമുള്ള യുക്തിപരമായ സമീപനങ്ങൾ തുടങ്ങിയ ശ്രമകരമായ മാർഗങ്ങൾ ഒന്നും ഒഴിവാക്കാൻ പാടില്ല. സമൂഹത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനത്തിന്റെ ബന്ധനങ്ങളിൽനിന്ന് പുറത്തു വരാനും ശരിയായ നിലപാട് സ്വീകരിക്കാനും അഭിപ്രായവ്യത്യാസങ്ങൾ ഉപേക്ഷിക്കാനും ജനങ്ങളെ പ്രാപ്തരാക്കാനും അങ്ങനെ എല്ലാ വിഭാഗങ്ങളുടെയും സ്വമേധയായുള്ള അംഗീകാരവും അനുമതിയും നേടിയെടുക്കാനും കഴിഞ്ഞെങ്കിൽ മാത്രമേ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാകു. ഇന്ന് മുസ്ലീങ്ങളും ക്രിസ്ത്യാനികളും മാത്രമല്ല ജൈനന്മാർ, പാർസികൾ, സിഖുകാർ, ആദിവാസികൾ എന്നിവരൊക്കെ ഏകീകൃത സിവിൽ കോ ഡിനെ ശക്തമായി എതിർക്കുകയാണ്.
ജാതി, സമുദായം, മതം, ലിംഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിലോ ,വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവയുടെ കാര്യത്തിലോ വ്യക്തികൾ തമ്മിൽ ഒരുവിധ വിവേചനവും നിലനിൽക്കുന്നില്ല എന്നുമാത്രമല്ല, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക കാര്യങ്ങളിൽ തുല്യവകാശം ഉറപ്പു കൊടുക്കാനും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ സാധിക്കണം എന്ന കാര്യം ഞങ്ങൾ ആവർത്തിച്ചു പറയുകയാണ്. ഏറ്റവും സുഗമമായും അംഗീകൃതമായും നിയമം നടപ്പിലാക്കാൻ ആവശ്യമായ എല്ലാ മുന്നുപാധികളും പൂർത്തീകരിക്കുകയും വേണം. ജനങ്ങളുടെ ഐക്യം, ജാതി-മത-വംശ-സൗഹാർദ്ദം, മതസഹിഷ്ണുത, ഭാഷാപരവും പ്രാദേശികവുമായ സങ്കുചിതത്വത്തിന് അറുതി വരുത്തൽ എന്നിവയാണ് ആവശ്യം പൂർത്തീകരിക്കേണ്ട മുന്നുപാധികൾ. ജനങ്ങളെ ബലമായി ഉദ്ഗ്രഥിച്ചുകൊണ്ട് അത് സാധ്യമാകില്ല. ചരിത്രപരമായി സ്ഥാപിതമായ പ്രക്രിയയെ മുറുകെപ്പിടിച്ചു കൊണ്ടേ ആ സംയോജനം യാഥാർത്ഥ്യമാക്കാൻ കഴിയു.
കടുത്ത ഹിന്ദു വർഗീയവാദികളുടെ അജണ്ട നടപ്പിലാക്കുന്നതിനായി, അതിന് ന്യായീകരണം എന്നോണം ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കരുതെന്നാണ് അവസാനമായി ഞങ്ങൾക്ക് പറയാനുള്ളത്. വർഗീയവാദികൾ ജനങ്ങൾക്കിടയിൽ സമത്വവും സൗഹാർദവും ഏകതാനതയും സ്ഥാപിച്ച എടുക്കുക എന്ന സദുദ്ദേശത്തോടെ അല്ല മുന്നോട്ടു വരുന്നത്. അവരുടെ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായാണ്. “ഒരു രാജ്യം, ഒരു ഭാഷ, ഒരു നിയമം” എന്ന മുദ്രാവാക്യം ഉയർത്തുന്നതും ‘ഹിന്ദു രാഷ്ട്രം’ എന്ന കുടില പദ്ധതി നടപ്പിലാക്കുന്നതും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഒക്കെ ഹൈന്ദവവൽക്കരിക്കുന്നതും ഈ ലക്ഷ്യം വെച്ചുകൊണ്ടാണ്. 22-ാം ലോ കമ്മീഷനിലെ ബഹുമാനപ്പെട്ട അംഗങ്ങൾ രാജ്യത്ത് ഇന്ന് നിലവിലുള്ള സാഹചര്യത്തെ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തണമെന്നും, അതിനായി പ്രസക്തമായ എല്ലാ ഘടകങ്ങളും വിലക്കുകളും കണക്കിലെടുക്കണമെന്നും, വൈകാരികതയുടെ സ്വാധീനത്തിൽപ്പെടാതെ സത്യത്തിന്റെയും കാലം തെളിയിച്ച യുക്തിയുടെയും അടിസ്ഥാനത്തിൽ മുകളിൽ അവതരിപ്പിച്ച വാദഗതികളെ പരിശോധിക്കണമെന്നും, ഒരു ബാഹ്യശക്തിയുടെയും ഒരുതരത്തിലുള്ള സ്വാധീനത്തിനും വിധേയമാകാതെ യുക്തിസഹമായ ഒരു നിഗമനത്തിലെത്തണമെന്നും താല്പര്യപ്പെടുന്നു.