ആദിവാസി ഊരുകളെ കാഴ്ചവസ്തുവാക്കുന്ന പാസ്സ് ഏർപ്പെടുത്തൽ ഉത്തരവ് പിൻവലിക്കുക

Share

ആദിവാസി ഊരുകളിൽ പുറത്തുള്ളവർക്ക് പ്രവേശിക്കുവാൻ മുൻകൂർ പാസ്സ് ഏർപ്പെടുത്തിക്കൊണ്ടുള്ള പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഉത്തരവ്, ആദിവാസി സമൂഹത്തെ കാഴ്ചവസ്തുവാക്കി മാറ്റുന്നതും, ജനാധിപത്യ-നിയമവാഴ്ചയുടെ ലംഘനവുമാണെന്നും ഉടൻ പിൻവലിക്കണമെന്നും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) വയനാട് ജില്ലാ കമ്മിറ്റി ജൂണ്‍ 2ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആദിവാസികളുമായി ഇടപെടാൻ പാസ്സ് ഏർപ്പെടുത്തുന്നതിലൂടെ സർക്കാർ വിവേചനം സൃഷ്ടിക്കുകയാണ്. ഇത് ഭരണഘടനയുടെ ലംഘനമാണ്.
ആദിവാസികൾ കടുത്ത അവകാശ നിഷേധങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധേയമാകുന്നതും, മനുഷ്യോചിതമല്ലാത്ത ഭൗതിക സാഹചര്യത്തിൽ ജീവിക്കേണ്ടി വരുന്നതും മാദ്ധ്യമങ്ങളും സാമൂഹ്യ പ്രവർത്തകരുമാണ് പുറംലോകത്തെ അറിയിക്കുന്നത്. ഇത് തടയാനും ഈ ഉത്തരവ് ലക്ഷ്യമിടുന്നുണ്ട്. ആദിവാസികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുകയും, നിലവിലുള്ള സ്കീമുകളും ഫണ്ടുകളും ഇച്ഛാശക്തിയോടെ ഉപയോഗപ്പെടുത്തുകയുമാണ് സർക്കാർ ചെയ്യേണ്ടത്. ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച വരുത്തുന്ന സർക്കാർ, അവരുടെ സാമൂഹ്യ ജീവിതത്തെ പാടെ നിയന്ത്രിക്കുന്ന വിധത്തിലുള്ള രക്ഷാകർതൃത്വം ചമയുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് നിരക്കുന്നതല്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

Share this post

scroll to top