ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ പടയൊരുക്കം വിളംബരം ചെയ്ത പൊതുപണിമുടക്ക്‌

Nov-20-Strike-6.jpeg
Share

ജനങ്ങൾ കോവിഡിനേയും വറുതിയേയും നേരിടുന്ന നാളുകളിലും ജനവിരുദ്ധ നയങ്ങളുടെ ആഘോഷം നടത്തുന്ന നരേന്ദ്രമോദി സർക്കാറിന് ശക്തമായ മുന്നറിയിപ്പ് നൽകുന്നതായിരുന്നു നവംബർ 26 ന്റെ അഖിലേന്ത്യാ പൊതുപണിമുടക്ക്. ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തോടൊപ്പം കർഷകരും കർഷക തൊഴിലാളികളും അണി നിരന്നപ്പോൾ അത് ബി.ജെ.പി സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ വൻ പടയൊരുക്കമായി മാറി.

ആർ.എസ്.എസ് രാഷ്ട്രീയനേതൃത്വം നൽകുന്ന ബി.എം.എസ് ഒഴികെയുള്ള 10 കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ സ്വതന്ത്ര ഫെഡറേഷനുകളും ചേർന്ന് സംയുക്തമായി ആഹ്വാനം ചെയ്ത ഈ പൊതുപണിമുടക്ക് മോദി സർക്കാരിനെതിരെ നടക്കുന്ന ആറാമത്തെ പൊതുപണിമുടക്കാണ.് 25 കോടിയിൽപരം തൊഴിലാളികൾ ഈ പണിമുടക്കിൽ പങ്കുകൊണ്ടതായാണ് റിപ്പോർട്ടുകൾ. കൂടാതെ, രാജ്യത്തെ കർഷകരും പണിമുക്കിന് ഐക്യദാർഢ്യവുമായി രംഗത്തിറങ്ങിയത് അഭൂതപൂർവ്വമായ സംഭവമായി മാറി. നഗരത്തിലേയും ഗ്രാമത്തിലേയും തൊഴിൽരംഗം ഒരുപോലെ നിശ്ചലമായി.
സംയുക്ത ട്രേഡ് യൂണിയൻ സമിതി പണിമുടക്കിന് ആധാരമായി മുമ്പോട്ട് വച്ച ഏഴ് ഡിമാന്റുകളും ജനങ്ങൾ ഒന്നടങ്കം ഏറ്റുവിളിക്കുന്ന അവസ്ഥയുണ്ടായി. കാരണം, അത് അവരുടെ ജീവിതപ്രയാസങ്ങളെ പ്രതിനിധാനം ചെയ്യുന്നവയായിരുന്നു. വിവിധ തൊഴിൽ മേഖലകളികളിൽ പണിയെടുക്കുന്ന തൊഴിലാളികൾ സ്വമേധയാ പണിമുടക്കാൻ തയ്യാറായി.
പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്ര, തെലങ്കാന, കർണ്ണാടക, കേരളം, തമിഴ്‌നാട്, പോണ്ടിേച്ചരി, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, ഡൽഹി, യു.പി, തൃപുര, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പണിമുടക്ക് സമ്പൂർണ്ണമായിരുന്നു. കൽക്കരി, എണ്ണ, സ്റ്റീൽ, സിമന്റ്, ടെലികോം, വൈദ്യുതി, മോട്ടോർ ട്രാൻസ്‌പോർട്ട്, ബാങ്ക്, ഇൻഷ്വറൻസ്, പോസ്റ്റൽ തുടങ്ങിയ മേഖലകളെല്ലാം രാജ്യത്ത് സ്തംഭിക്കുകയുണ്ടായി. സർക്കാർ ഓഫീസ്സുകളും ഡിപ്പാർട്ട്‌മെന്റുകളും അടഞ്ഞുകിടന്നു.
കേരളത്തിൽ, കെഎസ്ഇബി, കെഎസ്ആര്‍ടിസി, ബിപിസിഎല്‍, കെഎംഎംഎല്‍, എച്ച്എംടി, ഐആര്‍ഇ, എഫ്എസിടി തുടങ്ങിയവയും പാലക്കാട്ടെ വ്യവസായ മേഖലയും സമ്പൂർണ്ണ പണിമുടക്കിലായിരുന്നു. കശുവണ്ടി, മത്സ്യം, കയർ, കൈത്തറി, തുടങ്ങിയ പരമ്പരാഗത മേഖലയും പൂർണ്ണമായും സ്തംഭിച്ചു. തോട്ടം തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കി. നിർമ്മാണം, ഷോപ്‌സ്, മോട്ടോർ ട്രാൻസ്‌പോർട്ട്, സ്‌കീം വർക്കേഴ്‌സ്, ഗാർഹിക തൊഴിൽ, തൊഴിലുറപ്പ്, തെരുവ് കച്ചവടം തുടങ്ങിയ അസംഘടിത മേഖലകളും ഒറ്റക്കെട്ടായി പണിമുടക്കിൽ അണിനിരക്കുകയുണ്ടായി. സംസ്ഥാനത്തെ കർഷകരും കർഷകതൊഴിലാളികളും ഈ പണിമുടക്കിനെ സ്വന്തം പ്രക്ഷോഭണമായി ഏറ്റെടുത്തു. കേന്ദ്ര-സംസ്ഥാന ജീവനക്കാർ, ബാങ്ക്-ഇൻഷ്വറൻസ് ജീവനക്കാർ, അദ്ധ്യാപകർ എന്നിവരെല്ലാം പണിമുടക്ക് വിജയിപ്പിക്കുവാൻ വളരെ മുമ്പുതന്നെ തയ്യാറെടുപ്പ് നടത്തിയിരുന്നു.

സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി യോഗം തീരുമാനിച്ചതുപോലെ സംസ്ഥാന-ജില്ലാ-മണ്ഡലം കൺവൻഷനുകൾ ഓൺ ലൈൻ ആയി നടന്നു. തിരുവനന്തപുരം, ഏറണാകുളം, കോഴിക്കോട്ട് എന്നിവിടങ്ങളിൽ സംസ്ഥാന സംയുക്ത സമിതി പത്രസമ്മേളനങ്ങൾ നടത്തുകയുണ്ടായി. സംയുക്തമായി പണിമുടക്ക് നോട്ടീസ്സ് നൽകുകയും തൊഴിൽ സ്ഥാപനങ്ങളിൽ പ്രകടനങ്ങളും പ്രചാരണങ്ങളും നടത്തുകയും ചെയ്തു. 25ന് സംസ്ഥാനത്തുടനീളം പന്തം കൊളുത്തി പ്രകടനം നടത്തുകയുണ്ടായി.
സംയുക്ത ട്രേഡ് യൂണിയൻ സമിതിയിലെ അഞ്ചാമത്തെ കേന്ദ്ര ട്രേഡ് യൂണിയൻ എന്ന നിലയിൽ എ.ഐ.യു.ടി.യു.സി സംയുക്ത പ്രചാരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തുടനീളം സജീവമായ പങ്കു വഹിച്ചു. കൂടാതെ, തനതായ പ്രചരണ പ്രവർത്തനങ്ങളും വ്യാപകമായി നടത്തുകയുണ്ടായി. എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയും എ.ഐ.യു.ടി.യു.സി യും സംയുക്തമായി ചിട്ടയോടെയുള്ള പണിമുടക്ക് പ്രചരണമാണ് നടത്തിയത്. വ്യാപകമായ ചുമരെഴുത്ത്, പോസ്റ്റർ പ്രചരണം, സംയുക്ത പ്രഖ്യാപനത്തിന്റെയും ഡിമാന്റുകളുടെയും ലഘുലേഖ പ്രചരണം തുടങ്ങിയവ ഒരു മാസം മുമ്പുതന്നെ ആരംഭിച്ചിരുന്നു. പണിമുടക്കിനു ആഴ്ചകൾക്കു മുമ്പു ആരംഭിച്ച പണിമുടക്ക് പ്രചാരണ പൊതുയോഗങ്ങളും കവലയോഗങ്ങളും സംസ്ഥാനത്തുടനീളം നവംബർ 25 വരെ നടത്തുകയുണ്ടായി. മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ രാജ്യദ്രോഹനയങ്ങളെ തൊഴിലാളിവർഗ്ഗ വീക്ഷണത്തിൽ വിശകലനം ചെയ്ത് നൂറുക്കണക്കിനു യോഗങ്ങളിൽ അവതരിപ്പിക്കുകയുണ്ടായി.
ബി.ജെ.പി യുടെ കോർപ്പറേറ്റ് അനുകൂല ഭരണത്തിനെതിരെ ഒരു ജനകീയ മുന്നേറ്റം വളർന്നു വരുന്നതിൽ ജനങ്ങൾക്കുള്ള അദമ്യമായ താല്പര്യത്തെ എവിടെയും കാണാൻ കഴിഞ്ഞു. ട്രേഡ് യൂണിയൻ അഫിലിയേഷനുകൾക്കും കക്ഷി ബന്ധങ്ങൾക്കും അതീതമായി തൊഴിലാളികൾ പണിമുടക്കിനോട് ആഭിമുഖ്യം കാണിക്കുന്നതും ദൃശ്യമായിരുന്നു.ആർ.എസ്.എസ് രാഷ്ട്രീയ നേതൃത്വം നൽകുന്ന ട്രേഡ് യൂണിയനായ ബി.എം.എസ് സംയുക്ത ട്രേഡ് യൂണിയൻ സമിതിയിൽനിന്നും പണിമുടക്കിൽനിന്നും വിട്ടു നിന്നിട്ടും അതിലെ തൊഴിലാളികൾ പണിമുടക്കിന് ഒപ്പം നിന്നത് അതുകൊണ്ടാണ്.

പണിമുടക്ക് പ്രവർത്തനത്തി ലേർപ്പെട്ട ട്രേഡ് യൂണിയൻ നേതാക്കളെയും പ്രവർത്തകരെയും പല സംസ്ഥാനങ്ങളിലും എന്‍എസ് എ, എസ്മപോലുള്ള കരിനിയമങ്ങൾ ഉപയോഗിച്ച് തടങ്കലിലാക്കി. കൽക്കട്ടയിൽ മാത്രം എ.ഐ.യു.ടി.യു.സി യുടെ 124 പ്രവർത്തകരെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വെക്കുകയുണ്ടായി.
പൊതുവിൽ തൊഴിലാളി സമരങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന കുത്തക വാർത്താമാധ്യമങ്ങൾ ഇത്തവണ പണിമുടക്കിനെ മൗനത്തിൽ മുക്കിക്കൊല്ലുകയാണുണ്ടായത്. വർക്കിംഗ് ജേർണലിസ്റ്റുകളുടെയും ന്യൂസ് പേപ്പർ ജീവനക്കാരുടെയും അവകാശങ്ങൾ ഉൾപ്പെടെ കവർന്നെടുക്കുന്ന ലേബർ കോഡുകള്‍ക്കെതിരെ നടന്ന പണിമുടക്കിനോട് വാർത്താ മാധ്യമങ്ങളിൽനിന്നുണ്ടായ നിസ്സംഗത കാണിക്കുന്നത്, മാധ്യമ കുത്തകകളുടെ വർഗ്ഗ താല്പര്യങ്ങൾക്കപ്പുറം സ്വതന്ത്രമായി ചലിക്കാൻ കഴിയാത്തത്ര സുഘടിത സംവിധാനമാണ് ഈ മേഖലയിൽ ഇന്ന് നിലനില്ക്കുന്നത് എന്നതാണ്.
2014 ൽ നരേന്ദ്രമോദി അധികാരത്തിൽ വന്ന ശേഷം നടന്ന നാല് പൊതു പണിമുടക്കുകളിൽനിന്നും കുറെയേറെ വ്യത്യസ്ഥ സാഹചര്യത്തിലായിരുന്നു ഈ പണിമുടക്ക്. ഈ വർഷം ജനുവരി അവസാനം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 മഹാമാരിയെ നേരിടാൻ ജനങ്ങൾക്ക് എല്ലാ സഹായവും എത്തിക്കുന്നതിനാണ് സർക്കാർ എറ്റവും മുൻഗണന നൽകേണ്ടിയിരുന്നത്. എന്നാൽ മോദി സർക്കാരാകട്ടെ, അതുവരെ തുടർന്നുവന്ന ജനവിരുദ്ധ-കോർപ്പറേറ്റ് അനുകൂല നയങ്ങൾ കൂടുതൽ കാർക്കശ്യത്തിലും കൂടുതൽ വേഗതയിലും നടപ്പാക്കുവാൻ ഈ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു.
രോഗവ്യാപനത്തിനെതിരെ കരുതൽ നടപടികൾ കൈക്കൊള്ളേണ്ട സമയത്താണ് “നമസ്‌തേ ട്രംപ്” ആഘോഷം അരങ്ങേറിയത്. രാജ്യത്തെ തൊഴിൽ സേനയുടെ 92 ശതമാനവും അസംഘടിത തൊഴിലാളികളാണെന്നോ, 14 കോടി മനുഷ്യർ ഉപജീവനത്തിനായി ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിൽ ചേക്കേറി പണിയെടുക്കുന്ന കുടിയേറ്റ തൊഴിലാളികളാണെന്നോ ഉള്ള പരിഗണനപോലും ഇല്ലാതെ പൊടുന്നനെ പ്രഖ്യാപിച്ച ലോക് ഡൗണുകൾ ഈ തൊഴിലാളികളെ അന്തമറ്റ ദുരിതങ്ങളിലേക്ക് തള്ളിവിടുകയുണ്ടായി. അസംഘടിത തൊഴിലാളികൾക്ക് കോവിഡ് കാലത്ത് തൊഴിലും കൂലിയും ഉറപ്പാക്കാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. ആദ്യം സർക്കാർ ഇറക്കിയ ഒരു ഉത്തരവ് മുതലാളിമാർ കോടതിയിൽ ചോദ്യം ചെയ്തപ്പോൾ, ഉത്തരവ് തന്നെ പിൻവലിച്ച് സർക്കാർ കോർപ്പറേറ്റുകൾക്ക് ഒപ്പം നിന്നു. കരാർ-കാഷ്വൽ തൊഴിലാളികൾക്ക് കോവിഡിനു മുമ്പ് ചെയ്ത ജോലിയുടെ വേതനം പോലും ലഭിച്ചില്ല.
ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും കോവിഡ് കാലം മുഴുവൻ പ്രതിമാസം 7500 രൂപ അവരുടെ അക്കൗണ്ടുകളിലൂടെ നൽകണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി സർക്കാറിനോട് നേരത്തെത്തന്നെ ആവശ്യപ്പെട്ടതാണ്. സർക്കാർ ഇത് പരിഗണിച്ചില്ലെന്ന് മാത്രമല്ല, കോർപ്പറേറ്റുകൾക്ക് സഹായ പാക്കേജുകളും ഇളവുകളും നൽകുന്നതിനാണ് താൽപ്പര്യം കാണിച്ചത്.

മൂന്ന് കർഷക വിരുദ്ധ കാർഷിക നിയമങ്ങളും മൂന്ന് തൊഴിലാളിവിരുദ്ധ തൊഴിൽ കോഡുകളും മണിക്കൂറുകൾക്കുള്ളിൽ പാർലമെന്റിൽ പാസ്സാക്കിയെടുക്കാൻ രാജ്യത്ത് കോവിഡ് വ്യാപനം മൂർധന്യത്തിലെത്തിയ സമയംതന്നെ സർക്കാർ തെരഞ്ഞെടുത്തു. കോർപ്പറേറ്റുകളുടെ ആവശ്യങ്ങളെ തടർന്ന് ഇത്തരം നിയമനിർമ്മാണത്തിന് സർക്കാർ തയ്യാറെടുക്കുകയായിരുന്നു. കോവിഡിനെ പ്രതിയുള്ള സർക്കാറിന്റെ നിയന്ത്രണ-നിരോധനങ്ങൾ കാരണം ജനങ്ങൾക്ക് തെരുവിലിറങ്ങാനും കൂടിച്ചേരാനും അസാദ്ധ്യമായ സമയം തന്നെയാണ് ഈ ജനവിരുദ്ധ നയങ്ങൾ പാസ്സാക്കുവാൻ അനുയോജ്യമെന്ന സർക്കാറിന്റെ കണ്ടെത്തൽ തികച്ചും അധാർമ്മികമാണ്. എന്നാൽ, ഭരണാധികാരികളുടെ ഇത്തരം കുബുദ്ധിക്ക് പലപ്പോഴും സംഭവിക്കാറുള്ള തിരിച്ചടിയാണ് ഇന്ത്യയിലും ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ സ്വതന്ത്ര ഫെഡറേഷനുകളും ചേർന്ന് നവംബർ 26 ന്റെ പൊതു പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന്, 250 ഓളം കർഷക സംഘടനകൾ ചേർന്ന് രൂപം കൊടുത്ത ആൾ ഇന്ത്യ കിസ്സാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി നവംബർ 26, 27 തിയ്യതികളിലായി ഗ്രാമീണ ബന്ദും ചലോ ദില്ലി മാർച്ചും ആഹ്വാനം ചെയ്തു. രാജ്യത്തെ തൊഴിലാളികളും കർഷകരും തോളോട് തോൾ ചേർന്ന് ഒരു സമരനിര രൂപപ്പെടുകയാണ്. 25 കോടിയിലേറെ തൊഴിലാളികൾ പങ്കെടുത്ത ഈ പൊതു പണിമുടക്ക് ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. തൊഴിലാളിവർഗ്ഗ പക്ഷമുള്ള അന്തർദേശീയ ട്രേഡ് യൂണിയൻ പ്രസ്ഥാനമായ വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് ഈ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക യുണ്ടായി. പണിമുടക്കിനൊപ്പം നടന്ന കർഷകരുടെ ഗ്രാമീണ ഹർത്താലും “ചലോ ദില്ലി” മാർച്ചും രാജ്യത്തിനകത്തും പുറത്തും വൻ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്.
രാജ്യത്തെ തൊഴിലാളികളും കർഷകരും യുവാക്കളും പോരാട്ടത്തിനിറങ്ങേണ്ട ആവശ്യകത നാൾക്കുനാൾ തിരിച്ചറിയുകയാണ്. കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾ മാത്രം പരിഗണിക്കുന്ന, ഫാസിസ്റ്റ് നയങ്ങൾ നടപ്പാക്കുന്ന, ഒരു സർക്കാറിൽനിന്നും ജനാനുകൂല നയം പ്രതീക്ഷിക്കുവാൻ വയ്യ. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഇടതടവില്ലാത്ത പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നത്. നവംബർ 26 ന്റെ പൊതു പണിമുടക്ക് ഇത്തരം പ്രക്ഷോഭണത്തിന്റെ തുടക്കമാകുകയാണ്. ആഴ്ചകളും മാസങ്ങളും നീണ്ടു നില്ക്കുന്ന തൊഴിലാളി-കർഷക സമരങ്ങളിലേക്കാണ് ഇത് നീളുന്നത്. അത്തരം ഉശിരൻ പോരാട്ടങ്ങൾക്ക് ഇന്ത്യൻ തെരുവുകൾ താമസിയാതെ സാക്ഷിയാകും.

Share this post

scroll to top