കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക -കര്‍ഷക പ്രതിരോധ സമിതി

Share

രാജ്യത്തെ കർഷകരുടെ വൻ പ്രതിഷേധത്തെ വകവെക്കാതെ കേന്ദ്ര സർക്കാർ ഇപ്പോൾ കൊണ്ടുവന്ന, 1955 ലെ ഭക്ഷ്യ വസ്തു നിയമത്തിന്റെ ഭേദഗതി ബിൽ, കാർഷിക ഉല്പന്ന വ്യാപാര – വാണിജ്യ നിയമം, കർഷക ശാക്തീകരണ സംരക്ഷണ നിയമം (കരാർകൃഷി പ്രോത്സാഹന നിയമം) എന്നീ കടുത്ത കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷക പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.ഈ മൂന്ന് നിയമങ്ങളും നടപ്പിലായാൽ ഇന്ത്യയിലെ കർഷകർക്ക് നിലവിൽ ലഭിക്കുന്ന എല്ലാ നിയമ സംരക്ഷണങ്ങളും ഇല്ലാതാകും. കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ കാർഷിക രംഗം സമ്പൂർണ്ണമായി കയ്യടക്കുവാൻ മാത്രമാണ് ഈ നിയമങ്ങൾ സഹായിക്കുക. മിനിമം താങ്ങു വിലയും സർക്കാർ സംഭരണവും ഇല്ലാതാകുന്നതോടെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നെൽ കർഷകരടക്കം കൃഷിയിടം വിട്ടൊഴിയേണ്ടിവരും. അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വൻ വിലക്കറ്റത്തിനും ഇത് ഇടയാക്കും. ഇപ്പോൾ തന്നെ കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചയിലും കടക്കെണിയിലും പെട്ട് ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്ന കർഷകരുടെ സമ്പൂർണ്ണ നാശമാണ് ഈ നിയമങ്ങൾ മൂലം ഉണ്ടാകുകയെന്നും കർഷക പ്രതിരോധ സമിതി ചൂണ്ടിക്കാട്ടി.ഈ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന സെപ്റ്റംബർ 25 ന്റെ ഭാരത് ബന്ദിന് പൂർണ്ണ പിന്തുണ നൽകുവാനും ഇന്ന് ചേർന്ന സമിതിയുടെ ഓൺലൈൻ യോഗം തീരുമാനിച്ചു.കർഷക പ്രതിരോധ സമിതി സംസ്ഥാന പ്രസിഡണ്ട് ജോർജ്ജ് മാത്യു കൊടുമൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരികളായ ഡോ.ഡി.സുരേന്ദ്രനാഥ്, അഡ്വ. കെ. അബ്ദുൾ റഹ്മാൻ കാതിരി, സി.എ. ഫെലിക്സ്, സെക്രട്ടറി എൻ.വിനോദ് കുമാർ, പ്രേംരാജ് ചെറുകര, വി.കെ. ഹംസ മാസ്റ്റർ (വയനാട് ), എസ്.രാജീവൻ (പത്തനംതിട്ട), ഫ്രാൻസിസ് കളത്തിങ്കൽ (ഏറണാകുളം), എ. ശേഖർ (കോഴിക്കോട്), കെ. അബ്ദുൾ അസീസ് (പാലക്കാട്), ജി.ധ്രുവകുമാർ (അഞ്ചൽ) പി.ആർ. സതീശൻ (കുട്ടനാട് ), കെ.പി വിജയൻ ( കുറവിലങ്ങാട്) സെബാസ്റ്റ്യൻ എബ്രഹാം (ഇടുക്കി), കെ.ഹരി (തിരുവനന്തപുരം), അനൂപ് ജോൺ (കണ്ണൂർ), ബി. ഇമാമുദ്ദീൻ, വി.കെ. സദാനന്ദൻ എന്നിവർ സംസാരിച്ചു.

Share this post

scroll to top