കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കുക;സമര ഭടന്മാര്‍ക്കുനേരെ ചുമത്തിയിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക

K-Rail-KTM-500.jpeg
Share

കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കുക;
സമര ഭടന്മാര്‍ക്കുനേരെ ചുമത്തിയിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക

ജനങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കുന്ന സർക്കാരിന് താക്കീതായി കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സെപ്തംബർ 1ന് കോട്ടയം നഗരത്തിൽ പോരാളികളുടെ സംഗമം സംഘടിപ്പിച്ചു. കെറെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോട്ടയം ജില്ലയിലെ മാടപ്പള്ളിയില്‍ സമരം ചെയ്ത സ്ത്രീകളും കുട്ടികളും വയോധികരും രോഗികളുമടക്കമുള്ളവര്‍ക്കുനേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധച്ച് 2022 ഏപ്രില്‍ 20ന് ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം 500 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചാണ് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ പോരാളികളുടെ സംഗമം നടന്നത്. അനധികൃത കല്ലിടലിനെ തടഞ്ഞതിന്റെ പേരിൽ പോലീസിന്റെ ക്രൂരമായ അതിക്രമങ്ങൾക്കിരയായ വീട്ടമ്മമാരും വൃദ്ധരും ഉൾപ്പടെ നിരവധി പേർ പോരാളികളുടെ സംഗമത്തിൽ അണിനിരന്നു. ആസന്നമായ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് എവ്വിധവും അനുമതി നേടിയെടുക്കാൻ സർക്കാർ കഠിന ശ്രമം തുടരുകയാണ്. ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്താൻ തീരുമാനിച്ച സമരസമിതി സമര കലണ്ടർ പ്രഖ്യാപിച്ച് പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്.


കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ല ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ച പോരാളികളുടെ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ആന്റോ ആന്റണി എംപി, ജെബി മേത്തർ എംപി, മോൻസ് ജോസഫ് എംഎൽഎ, മുൻ എംഎൽഎമാരായ അഡ്വ. ഫ്രാൻസിസ് ജോർജ്ജ്, അഡ്വ. ജോയി എബ്രഹാം, ജോസഫ് എം.പുതുശേരി, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സഖാവ് ജയ്സൺ ജോസഫ്, സമിതി സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ, എം.പി.ജോസഫ് ഐഎഎസ്, സമിതി രക്ഷാധികാരികളായ പ്രൊഫ. കുസുമം ജോസഫ്, കെ. ശൈവപ്രസാദ്, എം.ടി.തോമസ്, ജില്ലാ രക്ഷാധികാരികളായ വി.ജെ.ലാലി, മിനി കെ.ഫിലിപ്പ്, മാടായിപ്പാറ സംരക്ഷണ സമിതി നേതാവ് ചന്ദ്രാംഗദൻ മാടായി, തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നേതാവ് ആർ.അർജ്ജുനൻ, സാധുജന വിമോചന സംയുക്ത വേദി രക്ഷാധികാരി അജികുമാർ കറ്റാനം, എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്. അലീന, എഐഡിവൈഒ സംസ്ഥാന കമ്മിറ്റി അംഗം അജിത് മാത്യു, ഡോ. സെബിൻ എസ്. കൊട്ടാരം, സമിതി നേതാക്കളായ ശിവദാസ് മഠത്തിൽ, വിനു കുര്യാക്കോസ് അരുൺ ബാബു, രാമാനുജൻ തമ്പി, ഫിലിപ്പ് വർഗീസ്, ടി.ജെ.പീറ്റർ, നസീറ സുലൈമാൻ, രാമചന്ദ്രൻ വരപ്പുറത്ത്, നജീബ് പല്ലാർ, ഗീരീശൻ മാസ്റ്റർ, ശരണ്യരാജ്, റോസ്‌ലിൻ ഫിലിപ്പ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നൂറ് കണക്കിന് നേതാക്കളും പ്രവർത്തകരും സംഗമത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കുന്നതുവരെയും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ കോട്ടയത്ത് യോഗം ചേര്‍ന്ന് കെറെയില്‍ സില്‍വര്‍ലൈന്‍വിരുദ്ധ സംസ്ഥാന സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

Share this post

scroll to top